പി ജെ ആന്റണി, എം ടി വാസുദേവൻ നായർ Image courtesy: DC Books

നിർമ്മാല്യത്തിലെ ഗ്രാമം, എം.ടിയുടെ എഴുത്ത്

‘നിർമ്മാല്യം’ എന്ന സിനിമയുടെ ലൊക്കേഷൻ അന്വേഷിച്ച് നടത്തിയ യാത്രയെക്കുറിച്ച് എഴുതുന്നു എം.ടി. വാസുദേവൻ നായർ. മലപ്പുറം ജില്ലയിലെ മൂക്കുതല എന്ന ഗ്രാമം മലയാള സിനിമയിലെ അവിസ്മരണീയ ദൃശ്യമായി മാറിയ അനുഭവം.

ക്ഷയിച്ച ക്ഷേത്രവും തെക്കെ മലബാറിന്റെയും തനിമയും ഒരുമിക്കുന്ന ഗ്രാമമാണ് ‘നിർമ്മാല്യ' ത്തിന് വേണ്ടിയിരുന്നത്. ഒരു മാസം ശനിയും ഞായറും ഇതിനുവേണ്ടി നോക്കി നടന്നു. പുതുക്കുടി ബാലേട്ടൻ എന്നപേരിൽ കോഴിക്കോട് എല്ലാവർക്കും പ്രിയങ്കരനായ സുഹൃത്താണ് കറോടിച്ച് കൂടെ വന്നിരുന്നത്. തിരുവേഗപ്പുറ, ഷൊർണൂർ, ചെറുതുരുത്തി എന്നീ ഭാഗങ്ങളിൽ അന്വേഷിച്ചു. അമ്പലം ശരിയാവുമ്പോൾ ഗ്രാമപ്രകൃതി ശരിയാവില്ല. അവസാനം മൂക്കുതലയും ചെന്നുകണ്ടു.

ഇതാ, എനിക്ക് പറ്റിയ സ്ഥലം.

ചെമ്മണ്ണുവഴികൾ. ഇരുവശത്തും വേലി. വഴികൾക്ക് നല്ല വീതിയു ള്ളതുകൊണ്ട് വാഹനങ്ങൾ സഞ്ചരിക്കും. അന്നുവരെ ക്ഷയിച്ചുകി ടന്നിരുന്ന അമ്പലം. അടുത്ത് പുഴകൂടിയുണ്ടായിരുന്നുവെങ്കിൽ പക്ഷേ, എല്ലാം ഒത്തുകിട്ടില്ലല്ലോ. പുഴ ഭാരതപ്പുഴ തന്നെയാക്കാം. സിനിമയിൽ അതിന് സൗകര്യമുണ്ട്. പുഴയിൽ നിന്ന് കയറിപ്പോകുന്നതും ഇറങ്ങിവരുന്നതും തിരുമിറ്റക്കോട്ട് നിന്നാണ് പിന്നീട് എടുത്തത്.

വെളിച്ചപ്പാടിന്റെ വീടായി മാരാരുടെ വീട് നിശ്ചയിച്ചു. അവിടെയാണ് പ്രധാനമായും ജോലി. ഞങ്ങളുടെ മെസ്സിൽനിന്ന് ആ കുടുംബത്തി നുവേണ്ട ഭക്ഷണം എത്തിക്കും. അപ്പോൾ മുഴുവൻ സമയവും ഞങ്ങൾക്ക് അകത്ത് പെരുമാറാം. അവർ സമ്മതിച്ചു. മൂക്കുതല ഒരു ലൊക്കേഷൻ എന്ന നിലക്ക് സൗകര്യമുണ്ടെങ്കിലും അമ്പത് പേരെ താമസിപ്പിക്കുന്നത് ഒരു പ്രശ്നമായിരുന്നു. കുട്ടൻ (പൊന്നുംകുഴിയിൽ നാരായണൻ നായർ) ശുകപുരത്ത് അപ്പോൾ പ്രവർത്തി ക്കാതെ കിടന്നിരുന്ന മില്ലിൽ ഏർപ്പാടു ചെയ്തു. - പി. ജെ. ആന്റണി, ക്യാമറാമാൻ ബാബു, അസിസ്റ്റന്റ് ഡയറക്ടർമാർ, അസോസിയറ്റ് ആസാദ്, രവിമേനോൻ തുടങ്ങിയവർ. അവിടെ നടികളെ താമസി പ്പിക്കുന്ന കാര്യം പല വീട്ടുകാരും ഏറ്റെടുത്തു. ഇത് ഗ്രാമക്കാരുടെ പൂർണ്ണപങ്കാളിത്തമുള്ള ഒരു സംരംഭമായി. ഒരു ദിവസം പകരാവൂർ മനക്കൽ ചിത്രൻ നമ്പൂതിരിപ്പാടിന്റെ വക ഞങ്ങൾക്കെല്ലാം സദ്യ. എന്നും ഷൂട്ടിംഗ് കാണാൻ കുറെ കുട്ടികൾ എത്തും. അവരെല്ലാം ഞങ്ങളുടെ സംഘത്തിലെ അംഗങ്ങളുമായി പരിചയപ്പെട്ടു. ഒരാൾ വന്നിട്ടില്ലെങ്കിൽ ഇന്ന് സരോജിനിയെ കണ്ടില്ലല്ലോ എന്ന് പറയാ വുന്ന അവസ്ഥ. പലരും ഷൂട്ടിംഗ് കാണാൻ വരുമ്പോൾ എന്തെ ങ്കിലും കൊണ്ടുവരും. ഒരു പൂവ്, ഒരു പലഹാരക്കഷണം, ഒരു മുട്ട, ഉത്സവത്തിന് ആൾക്കൂട്ടം വേണം. താലമെടുക്കാൻ കുട്ടികൾ വേണം. ഇന്നാണെങ്കിൽ യൂണിയൻ നിരക്കിൽ പ്രതിഫലം നിശ്ചയിച്ച് ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ടുവരണം. ഒരു ദിവസം താലമെടുക്കാൻ അവർ വരണമെന്ന് ഏൽപ്പിച്ചിരുന്നു. ആ ദിവസമായോ എന്നറിയാൻ കുട്ടികൾ ഇടക്കിടെ ചോദിക്കും. അവസാനം ദിവസം അടുത്തു. കുട്ടികൾ താലപ്പൊലിയുമായി രാവിലെത്തന്നെ നിരന്നു. പരിമിതമായ സൗകര്യങ്ങൾ. ഒന്നുരണ്ട് ഒഴിഞ്ഞ വീടുകളിലാണ് യൂണിറ്റുകാരെ താമസിപ്പിച്ചിരുന്നത്. ആർക്കും ആക്ഷേപമില്ലാതെ, അന്നത്തെ ഫിലിം മെയ്ക്കിംഗിൽ ഒരു കൂട്ടായ്മയുണ്ടായിരുന്നു. ഗ്രാമത്തിന്റെ മുഴുവൻ സഹകരണം.

നിർമ്മാല്യത്തിൽ പി ജെ ആന്റണി
നിർമ്മാല്യത്തിൽ പി ജെ ആന്റണി

മൂക്കുതല പ്രദേശത്ത് വൈകുന്നേരം വോൾട്ടേജ് വളരെ കുറവാ യിരുന്നു. (ഇന്നും വലിയ വ്യത്യാസമുണ്ടാവില്ല എന്നാണ് തോന്നു ന്നത്) വൈകുന്നേരം ഞങ്ങൾ പിരിയുന്നു. പിന്നെ വോൾട്ടേജ് ഉയ രുന്നതും കാത്ത് രാത്രി പത്തുമണിക്ക് ഒത്തുകൂടുന്നു. ചിലപ്പോൾ പതിനൊന്നാവും വോൾട്ടേജ് ഉണ്ടാവാൻ. ഇന്നത് പ്രശ്നമല്ല. വലിയ ജനറേറ്ററുകൾ വെച്ചാണ് എല്ലാവരും ജോലിചെയ്യാറ്. ജനറേറ്റർ വാട കക്കെടുക്കാനുള്ള സാമ്പത്തികസ്ഥിതിയില്ല. ഏറ്റവും കുറഞ്ഞ ചെല വിലായിരുന്നു നിർമ്മാണം. രണ്ടു സുഹൃത്തുക്കൾ കടം തന്ന പണ മായിരുന്നുവല്ലോ എന്റെ മൂലധനം.

മൂക്കുതലയിൽ പിന്നെ ഞാൻ ഒരിക്കൽ പോയത് കുറച്ചുകൊല്ലം മുമ്പ് ഒരു കളരിയാശാനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാ യിരുന്നു. തിരക്കിലായതുകൊണ്ടു ചുറ്റിനടന്ന് ഗ്രാമത്തിനു വന്ന പരിവർത്തനം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

അമ്പലം നന്നായതറിഞ്ഞു. ഗ്രാമത്തിലെ നടവഴികൾ പക്കാ റോഡു കളായി മാറിയോ? അറിയില്ല. അന്ന് ഞങ്ങൾ ക്യാമറയും സന്നാഹ ങ്ങളുമായി രാവിലെ എത്തുമ്പോൾ പൂവും പലഹാരവുമൊക്കെ തന്നിരുന്ന കൊച്ചുകുട്ടികൾ മുതിർന്നവരായി മാറി. താലമെടുക്കാൻ നിരന്ന ബാലികമാർ ഇപ്പോൾ അമ്മമാരും കുടുംബിനികളുമായിത്തീർന്നിട്ടുണ്ടാവും.

ആ ഗ്രാമത്തിന്റെ ചാരുതയെപ്പറ്റി അന്ന് മറുനാട്ടുകാരെല്ലാം പറയുകയുണ്ടായി. വികസനം തടയാനാവില്ല. ഗ്രാമീണത നഷ്ടപ്പെടാത്ത മൂക്കുതല യെന്ന ഗ്രാമത്തിന്റെ ചിത്രം മനസ്സിൽ ഞാനിപ്പോഴും സൂക്ഷിക്കുന്നു. എന്നും ഞാൻ ആ ഗ്രാമത്തോടും ജനങ്ങളോടും കടപ്പെട്ടിരിക്കുന്നു.

(തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച കണ്ണാന്തളിപ്പൂക്കളുടെ കാലം എന്ന പുസ്തകത്തിൽനിന്ന്).


Summary: MT Vasudevan Nair writes about his journey in search of the location of the movie 'Nirmalyam' released in 1973


എം.ടി. വാസുദേവൻ നായർ

ഇന്ത്യയിലെ മുതിർന്ന എഴുത്തുകാരിൽ ഒരാൾ. കഥ, നോവൽ, തിരക്കഥ, സിനിമ സംവിധാനം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയൻ. നാലുകെട്ട്​, കാലം, മഞ്ഞ്​, അസുരവിത്ത്​, രണ്ടാമൂഴം എന്നിവ പ്രധാന നോവലുകൾ. ഇരുട്ടിന്റെ ആത്​മാവ്​, ​​​​​​​കുട്ട്യേടത്തി, വാരിക്കുഴി, ബന്ധനം, നിന്റെ ഓർമക്ക്​, വാനപ്രസ്ഥം, ദാർ-എസ്‌-സലാം,ഷെർലക്ക്‌ തുടങ്ങിയവ പ്രധാന കഥാ സമാഹാരങ്ങൾ. നി​ർമാല്യം, കടവ്​, ഒരു ചെറുപുഞ്ചിരി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്​തു. 1995ൽ ജ്ഞാനപീഠ പുരസ്കാരം നേടി.

Comments