എം.ടി സിനിമയും എം.ടി സാഹിത്യവും കൃത്യമായി രണ്ടു കള്ളികളിൽ ഒതുക്കിപ്പറയാവുന്ന രണ്ടു വിരുദ്ധ സംഗതികൾ അല്ല. എം.ടിയുടെ സാഹിത്യത്തിൽ കടൽ വെള്ളത്തിൽ ഉപ്പ് എന്നപോലെ സിനിമ ലയിച്ചുകിടപ്പാണ്. അദ്ദേഹത്തിന്റെ ആഖ്യാനങ്ങളിൽ നിറയുന്ന വാങ്ങ്മയചിത്രങ്ങൾ ഇതിന്റെ വലിയ തെളിവുകളാണ്. ദൃശ്യസമ്പന്നതയാൽ എം.ടിയുടെ കൃതികൾ മലയാളത്തിലെ മികച്ച സംവിധായകരുടെ അക്ഷയഖനിയായിരുന്നു. മലയാളത്തിലെ എല്ലാകാലത്തേയും കവിത്രയം എന്നമട്ടിൽ ആശാൻ, ഇടശ്ശേരി, വൈലോപ്പിള്ളി എന്നീ മൂന്നുകവികളെ വിശേഷിപ്പിക്കാറുണ്ട് ചിലകാവ്യാസ്വാദകർ. അതേപോലെ മലയാള ചെറുകഥയിൽ എക്കാലത്തെയും മികച്ച ചെറുകഥാകൃത്തുക്കളുടെ ത്രയം എന്ന് പറയാവുന്നവരാണ് ബഷീറും മാധവിക്കുട്ടിയും എം.ടിയും.
നിർമാല്യം (1973), ബന്ധനം (1978), വാരിക്കുഴി (1982), മഞ്ഞ് (1983), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നിങ്ങനെ ആറു സിനിമകളാണ് എം.ടി സംവിധാനം ചെയ്തത്. ഇതിൽ ‘പള്ളിവാളും കാൽച്ചിലമ്പും’ എന്ന എം.ടി യുടെ തന്നെ കഥയാണ് ‘നിർമാല്യം’ എന്ന സിനിമയായത്. ‘ബന്ധനവും വാരിക്കുഴിയും’ അദ്ദേഹത്തിന്റെ അതേപേരിലുള്ള കഥകളാണ്. ‘മഞ്ഞ്’ എന്ന നോവൽ അദ്ദേഹം അതേപേരിൽ സിനിമയാക്കുകയായിരുന്നു. എസ്.കെ പൊറ്റക്കാടിന്റെ ‘കടത്തുതോണി’ എന്ന കഥയാണ് ‘കടവ്’ എന്ന ചിത്രത്തിന് ആധാരമാക്കിയത്. ‘ഒരു ചെറുപുഞ്ചിരി’യാവട്ടെ തെലുങ്ക് എഴുത്തുകാരൻ ശ്രീരമണയുടെ ‘മിഥുനം’ എന്ന കഥയെ ആസ്പദമാക്കിയും നിർമിച്ച ചലച്ചിത്രമാണ്. ഇതിനുപുറമെ മോഹിനിയാട്ടത്തെക്കുറിച്ചും തകഴിയെക്കുറിച്ചും ഉള്ള രണ്ട് ഡോക്യുമെന്ററികളും അമ്പത്തിനാല് തിരക്കഥകളും എം.ടി യുടേതായിട്ടുണ്ട്.

ഏഴ് ദേശീയ ചലച്ചിത്ര അവാർഡുകളും ഇരുപത്തിയൊന്ന് സംസ്ഥാന ചലച്ചിത്ര അവാർഡുകളും എം.ടി നേടിയിട്ടുണ്ട്. നിർമാല്യം ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള പ്രസിഡന്റിന്റെ സുവർണകമലം നേടിയപ്പോൾ, പരിണയം, സദയം, കടവ്, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങൾ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡിന് അർഹമായി. ‘ഒരു ചെറുപുഞ്ചിരി’ പരിസ്ഥിതി സംരക്ഷണം പ്രമേയമായ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ‘നിർമാല്യം’, ‘ബന്ധനം’ ‘കടവ്’ എന്നീചിത്രങ്ങൾ ഏറ്റവും നല്ല ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ‘ഓളവും തീരവും’ മുതൽ ‘പഴശ്ശിരാജ’ വരെയുള്ള ചിത്രങ്ങളിലൂടെ പതിനൊന്ന് അവാർഡുകളാണ് തിരക്കഥയ്ക്ക് അദ്ദേഹം കരസ്ഥമാക്കിയത്. ‘ഓപ്പോളും’ ‘ആരൂഢ’വും ‘സുകൃത’വും മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹമായി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ‘നിർമാല്യം’, ‘കടവ്’, ‘ഒരു ചെറുപുഞ്ചിരി’ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹത്തെ തേടിയെത്തി.
എം.ടിയുടെ തിരക്കഥയിൽ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’ മുതൽ ‘ഏഴാമത്തെ വരവ്’ വരെയുള്ള പന്ത്രണ്ട് ചിത്രങ്ങളാണ് ഹരിഹരൻ സംവിധാനം ചെയ്തത്. ഇവയിൽ ‘പഞ്ചാഗ്നി’, ‘നഖക്ഷതങ്ങൾ’, ‘ഒരു വടക്കൻ വീരഗാഥ’, ‘കേരള വർമ പഴശ്ശി രാജ’ എന്നീ ചിത്രങ്ങൾ എക്കാലത്തെയും മികച്ച ചിത്രങ്ങളായി ചലച്ചിത്രാസ്വാദകർ കണക്കാക്കുന്നു. ഐ.വി ശശി എം.ടിയുടെ സ്ക്രിപ്റ്റിൽ ‘തൃഷ്ണ’ മുതൽ പതിനൊന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. ഇവയിൽ ‘ആരൂഢം’, ‘ആൾക്കൂട്ടത്തിൽ തനിയെ’, ‘രംഗം’ എന്നിവ മികച്ച നിലവാരം പുലർത്തിയ ചിത്രങ്ങളാണ്. എ വിൻസെന്റും പി ഭാസ്കരനും പി.എൻ. മേനോനും യൂസഫലി കേച്ചേരിയും കെ.എസ് സേതുമാധവനും ആസാദും ഭരതനും അജയനും എം.ടിയുടെ തിരക്കഥകൾ ചലച്ചിത്രമാക്കിയവരിൽ ഉൾപ്പെടും.
എം.ടി സിനിമകളുടെ പ്രമേയ പരിസരം
സാഹിത്യ ഗ്രന്ഥങ്ങൾപോലെ വ്യക്തികളോടല്ല ചലച്ചിത്രം സംവദിക്കുന്നത്. അത് ആൾക്കൂട്ടത്തെയാണ് അഭിസംബോധന ചെയ്യുന്നത്. യന്ത്രസഹായത്താലും ഒരുകൂട്ടം ആളുകളുടെ പ്രയത്നത്താലുമാണ് ഒരു ചലച്ചിത്രം സാധ്യമാവുന്നത്. എങ്കിലും ഏതു കലാരൂപവും ലക്ഷ്യംവെക്കുന്ന സൗന്ദര്യാനുഭൂതിയും, സംസ്കാരത്തിന്റെ രേഖപ്പെടുത്തലും സാമൂഹിക വിമർശനവും മാനസികവിമലീകരണവും കാഴ്ച്ചക്കാർക്കു സമ്മാനിക്കാൻ എല്ലാ നല്ല ചലച്ചിത്രങ്ങൾക്കും കഴിയുന്നു. ജനമനസ്സുകളെ സ്വാധീനിക്കുന്ന കാര്യത്തിലാവട്ടെ സാഹിത്യത്തേക്കാൾ വളരെ ഉയരെയാണ് സിനിമയുടെ സ്ഥാനം. അതുകൊണ്ടുതന്നെ ചലച്ചിത്ര ആസ്വാദനം ദൃശ്യബിംബങ്ങൾ സൃഷ്ടിക്കുന്ന അർഥോത്പാദനത്തെ മാത്രം ആശ്രയിച്ചല്ല നടത്തേണ്ടത്. സിനിമ അറിഞ്ഞോ അറിയാതെയോ സംവേദനം ചെയ്യുന്ന ചരിത്രപരവും സാമൂഹികവും സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ എല്ലാ മൂല്യവിചാരങ്ങളെയും വിശകലന വിധേയമാക്കുമ്പോൾ മാത്രമേ ചലച്ചിത്രാസ്വാദനം പൂർണാർഥത്തിൽ സംഭവിക്കുന്നുള്ളൂ.

പ്രത്യയശാസ്ത്ര വിശകലനത്തിന്റെയും (Ideological Analysis) ഏറ്റവും ശക്തമായ പ്രയോഗമണ്ഡലമായി ചലച്ചിത്രം മാറിയിരിക്കുകയാണിന്ന്. ചിഹ്നവിജ്ഞാനീയവും, മനഃശാസ്ത്രവിശകലനവും, പ്രത്യയശാസ്ത്ര വിശകലനവും ചലച്ചിത്രത്തെ മുൻനിർത്തി സാധ്യമായി. സാഹിത്യ വിമർശന സിദ്ധാന്തങ്ങൾ (Critical Theory) ചലച്ചിത്രത്തെയും ഒരു പാഠം (Text) എന്ന നിലയിലാണ് കാണുന്നത്. ഈ പുതിയ സമീപനങ്ങൾ ചലച്ചിത്രത്തെക്കുറിച്ചുള്ള സർവസമ്മതമായ വിധിപ്രസ്താവങ്ങളാണ് നടത്തുന്നത് എന്നല്ല പറഞ്ഞുവരുന്നത്. ചലച്ചിത്രത്തെ ഒരു ഭാഷ എന്ന നിലയ്ക്ക് വിശകലനം ചെയ്യുന്നതിലും ചലച്ചിത്രവും യാഥാർഥ്യവും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതിലും പുതിയ പരിഗണനാവിഷയങ്ങൾ അവതരിപ്പിക്കാൻ ഇത്തരം സമീപനങ്ങൾക്ക് കഴിഞ്ഞു എന്നുമാത്രമേ അവകാശപ്പെടാൻ കഴിയൂ. കൂടാതെ ചലച്ചിത്രം നിർമിക്കപ്പെടുന്ന സാംസ്കാരിക മണ്ഡലത്തിൽ അന്തർലീനമായ സാമൂഹിക വീക്ഷണത്തെയും പ്രത്യയശാസ്ത്ര ബോധത്തെയും അവ വെളിപ്പെടുത്തുകയും ചെയ്യുന്നു. പ്രേക്ഷകന്റെ വിശ്വാസ സംഹിതകളെ ചലച്ചിത്രം ഏതെല്ലാം തരത്തിൽ വക്രീകരിക്കുന്നു എന്നും അവരുടെ ആഗ്രഹങ്ങളെ അവ എങ്ങിനെയൊക്കെ ഉദ്പാദിപ്പിക്കുന്നു, ചൂഷണം ചെയ്യുന്നു, ശമിപ്പിക്കാൻ ശ്രമിക്കുന്നു എന്നും ഇന്ന് വിശകലനം ചെയ്യപ്പെടുന്നു.
കാലം എന്ന മഹാസാക്ഷി ശക്തമായ ഒരു സാന്നിധ്യമായി എം.ടി. സിനിമകളിലും കഥകളിലും നിറഞ്ഞുനിൽക്കുന്നത് കാണാം. കാലത്തിന്റെ ചരിത്ര രേഖയാണ് ഓരോ ചലച്ചിത്രവും. അതത് കാലത്തെ ചിന്തകളെ, വേഷത്തെ, ആഹാരത്തെ, വിശ്വാസത്തെ, പരിസ്ഥിതിയെ, നാട്ടിൻപുറത്തെ, നഗരത്തെ ഒക്കെ ഒരു സിനിമ ചരിത്രരേഖപോലെ അടയാളപ്പെടുത്തുന്നു. മലയാള സിനിമയിലെ ചായക്കടകൾ എന്ന സി. എസ്. വെങ്കിടേശ്വരന്റെ ലേഖനം ഇത്തരം രേഖപ്പെടുത്തലുകളെ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. “ചായക്കട ഒരു ഭക്ഷണശാല എന്നതിനോടൊപ്പം ഒരു പ്രാദേശിക വാർത്താകേന്ദ്രം കൂടിയായിരുന്നു. രാവിലെത്ത ചായയ്ക്കും ബീഡിക്കുമൊപ്പം ചായക്കടകളിൽ ഉണ്ടായിരുന്ന മറ്റൊരു വിഭവം ദിനപത്രമായിരുന്നു. ചായയടിക്കലിന്റെയും ദോശ ചുടലിന്റെയും തീറ്റയുടെയും ചർച്ചകളുടെയും എല്ലാം ബഹളത്തിനുള്ള ശ്രുതിയായി റേഡിയോ പ്രക്ഷേപണവും മിക്കവാറും എല്ലായിടത്തുമുണ്ടായിരുന്നു. അങ്ങിനെ അന്നന്നത്തെ ഗ്രാമവർത്തമാനങ്ങൾക്കൊപ്പം ലോകവാർത്തകളും അവിടന്നു പ്രസരിച്ചു. ‘ഓളവും തീരവും’ (രചന: എം. ടി. വാസുദേവൻ നായർ, സംവിധാനം: പി.എൻ. മേനോൻ, 1970) എന്ന ചിത്രത്തിലെ വരത്തനായ നായകൻ ബാപ്പുട്ടി തന്റെ സുഹൃത്തിന്റെ കുടുംബെത്ത അധിക്ഷേപിക്കുന്നവരെ വെല്ലുവിളിക്കുന്നത് പുഴക്കടവിലുള്ള കുട്ടൻ നായരുടെ ചായക്കടയിലാണ്”.

കാലത്തിന്റെ രേഖപ്പെടുത്തൽ ആവുമ്പോഴും എം.ടി എഴുത്തിലും സിനിമയിലും പുറം കാഴ്ചകളുടെ കഥാകാരൻ മാത്രമായി മാറുന്നില്ല. വീടകങ്ങളിലും അമ്പലങ്ങളുടെ മതിൽക്കെട്ടുകൾക്കകത്തും തന്റെ കഥാപാത്രങ്ങളെ അദ്ദേഹം പ്രതിഷ്ഠിച്ചു. മാത്രമല്ല കഥാപാത്രങ്ങളുടെ അകം ആണ് അദ്ദേഹം അനുവാചകർക്ക് അനിതരസാധാരണമായ മിടുക്കോടെ കാട്ടിത്തന്നത്. കേരളത്തിന്റെ രാഷ്ട്രീയ - സാമൂഹിക ജീവിതത്തിന്റെ പലമട്ടിലുള്ള ആവിഷ്കാരങ്ങൾ എം.ടി. സിനിമകളിലുണ്ട്. 1950-60 കൾ കേരളം വലിയ മാറ്റത്തിനു വിധേയമായ ഒരു കാലഘട്ടമായിരുന്നു. തറവാടുകൾ തകർന്നു. കൂട്ടുകുടുംബങ്ങൾ ചിതറിപ്പോയി. അണുകുടുംബങ്ങൾ ഉയർന്നുവന്നു. ഗൾഫ് സ്വപ്നം ആ നാടുകളിലേക്കുള്ള യുവാക്കളുടെ വൻതോതിലുള്ള കുടിയേറ്റത്തിന് നാന്ദി കുറിച്ചു. മുതിർന്ന പൗരർ പലരും വീടകങ്ങളിൽ ഒറ്റപ്പെട്ട് ഭൂതകാല ഓർമകളുമായി കഴിയേണ്ടിവന്നു. ഭൂപരിഷ്കരണ നിയമങ്ങൾ കർഷകരുടെ ജീവിതം മാറ്റിമറിച്ചു. കൃഷി അപ്രധാനമായി മാറി. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ വലിയ സാമൂഹ്യ പ്രശ്നമായി മാറി. ക്ഷുഭിത യൌവ്വനം അരാജക ജീവിതത്തിലേക്ക് കൂപ്പുകുത്തിവീണു. ഈ സാഹചര്യം എം.ടി. വാസുദേവൻ നായരുടെ കഥകളിലും ചലച്ചിത്രങ്ങളിലും കൃത്യമായി പ്രതിഫലിച്ചിട്ടുണ്ട് എന്ന് നമുക്ക് അദ്ദേഹത്തിന്റെ സൃഷ്ടികൾ പരിശോധിച്ചാൽ മനസ്സിലാവും. തന്റെ ഗ്രാമ ജീവിതത്തിലെ മാറ്റങ്ങൾ വ്യക്തികളുടെ ആത്മസംഘർഷങ്ങളായി, സ്വപ്നങ്ങളും നിരാശകളും നിറഞ്ഞ ആകുലതകളായി അദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞുനിന്നു. ഇതിൽനിന്നു വിഭിന്നമായി മിത്തുകളെ പുനർവ്യാഖ്യാനം ചെയ്യാൻ എം.ടി ബോധപൂർവം ശ്രമിച്ചതായും കാണാം. രണ്ടാമൂഴത്തിൽ തുടങ്ങിയ ഈ രീതി ‘പെരുന്തച്ചനി’ലും, ‘ഒരു വടക്കൻ വീരഗാഥ’യിലും അദ്ദേഹം തുടരുന്നുണ്ട്.
ആദിയും അന്തവുമില്ലാത്ത കാലപ്രവാഹത്തിന് മുന്നിൽ പകച്ച് നിൽക്കുക എന്നത് ചിന്താശീലരായ മനുഷ്യരുടെ ദുർവിധിയാണ്. മനസ്സിലാക്കാൻ ശ്രമിക്കുംതോറും വഴുതിപ്പോകുന്ന കാലം ഒരർഥത്തിൽ എം.ടി രചനകളുടെ കേന്ദ്രപ്രമേയാണ് എന്ന് നമുക്ക് കാണാൻ കഴിയും. കാലമെന്ന പിടിച്ചുനിറുത്താനാവാത്ത സങ്കൽപം അഥവാ പ്രവാഹം എം.ടി. തന്റെ കഥാപാത്രങ്ങളുടെ വിപര്യയങ്ങളെ നിർണയിക്കുന്ന ദശാസന്ധികളിൽ മുഖാമുഖം നിർത്തി. ‘മുറപ്പെണ്ണ്’ എന്ന എം.ടിയുടെ ആദ്യ തിരക്കഥയിലുള്ള ചലച്ചിത്രം അവസാനിക്കുന്നത് "ഇതിനൊക്കെ സാക്ഷ്യംവഹിച്ച പുഴ ഒഴുകിക്കൊണ്ടേയിരുന്നു" എന്ന് സ്ക്രീനിൽ എഴുതിക്കാണിച്ചുകൊണ്ടാണ്. മഞ്ഞ് അവസാനിക്കുന്നത് കാലത്തിന്റെ അനുസ്യൂതമായ ഒഴുക്കിനെ കുറിക്കുന്ന 'വരാതിരിക്കില്ല' എന്ന ലഘുവാക്യത്തിലാണ്. അസുരവിത്തിൽ നമ്മൾ കാണുന്നത് മറ്റൊരു ദേശത്തേക്ക് താൻ വിവാഹം കഴിച്ച പെൺകുട്ടിയുടെ അവിഹിത ഗർഭത്തിൽ ജനിച്ച കുഞ്ഞുമായി യാത്രതുടങ്ങുന്ന ഗോവിന്ദൻകുട്ടിയെയാണ്. കാലം അയാൾക്ക് കാത്തുവെച്ചത് എന്താണെന്ന് ആർക്കറിയാം? നിളയുടെ വൃദ്ധിക്ഷയങ്ങളാണ് കാലപ്രവാഹത്തിന്റെ അനിയന്ത്രിതവും അനിശ്ചിതവുമായ ദശാസന്ധികളിൽ അർത്ഥഗർഭമായ ചിഹ്നമായി എം.ടി പലപ്പോഴും ഉപയോഗിക്കുന്നത് എന്നും കാണാൻ കഴിയും.
എം.ടിയുടെ ഭാഷ
ഭാഷയാണ് എം.ടി സാഹിത്യത്തിന്റെയും ചലച്ചിത്രങ്ങളുടെയും ഏറ്റവും ആകർഷണീയമായ ഘടകം എന്ന് പൊതുവെ പറയാറുണ്ട്. അതിൽ വലിയ അളവിൽ ശരിയുമുണ്ട്. ഭാഷയെക്കുറിച്ചുള്ള എം.ടിയുടെ നിരീക്ഷണം നോക്കുക: "ഭാഷ കഠിനമായ പുറംതോട് പോലെയാകരുത്. അത് ശരീരത്തിലെ തൊലി പോലെയായിരിക്കണം, വായനക്കാർക്ക് വൈകാരിക സ്പന്ദനം അനുഭവിക്കാൻ കഴിയണം." പക്ഷേ ആ സ്തുതി വാക്യം പലപ്പോഴും എം.ടി തന്റെ എഴുത്തിലേക്ക് കൊണ്ടുവന്ന മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഉൾക്കാമ്പുള്ളതും പൊള്ളിക്കുന്നതുമായ ആഖ്യാന മികവിനെ മറച്ചുപിടിക്കുന്ന തരത്തിലായിപ്പോവാറുണ്ട് എന്നതാണ് സത്യം.

1965-ൽ എം.ടി ‘സ്നേഹത്തിന്റെ മുഖങ്ങൾ’ എന്ന തന്റെ ചെറുകഥയെ ‘മുറപ്പെണ്ണ്’ എന്ന പേരിൽ തിരക്കഥയാക്കി മാറ്റിയാണ് ചലച്ചിത്ര ലോകത്തിലേക്ക് പ്രവേശിക്കുന്നത്. മുറപ്പെണ്ണിന്റെ സംവിധായകനായ എ. വിൻസെന്റും നിർമ്മാതാവ് ശോഭന പരമേശ്വരൻ നായരും എം.ടി യുടെ ഭാഷ സിനിമയ്ക്ക് പറ്റുന്നതല്ല എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ കഴിഞ്ഞ 60 വർഷമായി ആ വള്ളുവനാടൻ ഭാഷയാണ് മലയാള സിനിമയുടെ മുഖ്യധാരാഭാഷ!
കഥാപാത്രനിർമിതിയിലെ എം.ടിത്തം
എം.ടി. വാസുദേവൻ നായരുടെ ആഖ്യാനകലയ്ക്ക് ഒരു അപൂർവതയുണ്ട്, അത് അദ്ദേഹത്തിനുമാത്രം അവകാശപ്പെടാവുന്ന ഒരു ആഖ്യാന വഴിയാണ്. കാല്പനികം എന്ന് തോന്നിപ്പിക്കുന്നിടത്ത് അത് ആധുനികതയുടെ വിഹ്വലതകളിലേക്കു വഴിമാറുന്നുണ്ടാവും. ഫ്യൂഡൽ കാലത്തിന്റെ ഹാങ് ഓവർ കാണിക്കുമ്പോൾ അത് നിസ്വരായ മനുഷ്യരുടെ ജീവിതയാതനകളിലേക്ക് തിരിയും. സവർണതയുടെ ബിംബങ്ങൾ ഉപയോഗിച്ചാലും അത് അങ്ങേയറ്റത്തെ മതേതര ബോധത്തെ ആഞ്ഞുപുൽകുന്നുണ്ടാവും. ഗൃഹാതുരത്വത്തെ ഒരു മൂല്യവിചാരമായി അല്ലാതെ ഓർമകളുടെ അക്ഷയഖനിയാക്കിമാറ്റുകയും ചെയ്യും ആ ആഖ്യാനമികവ്. എം.ടിയുടെ കഥാപാത്രങ്ങൾ ആ കാലഘട്ടത്തിന്റെ മധ്യവർത്തി മലയാളി ജീവിതപ്രതിരൂപങ്ങളായി മാറി. ‘ഇരുട്ടിന്റെ ആത്മാവി’ലെ ഭ്രാന്തൻ വേലായുധൻ ഭ്രാന്ത് എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നു. മലയാളികളുടെ വെളിച്ചപ്പാടിന് ഇന്നും നിർമാല്യത്തിൽ പി.ജെ. ആന്റണി അവതരിപ്പിച്ച വെളിച്ചപ്പാടിന്റെ രൂപവും ഭാവവുമാണ്. സൗന്ദര്യം കുറഞ്ഞ ധീരയായ പെൺകുട്ടിക്ക് കുട്ട്യേടത്തിയുടെ ഛായയാണ് ഇപ്പോഴും, കാത്തിരിപ്പിനും ധ്യാനസമാനമായ പ്രണയത്തിനും വിമല എന്നപ്രതീകമാണ് മലയാളസാഹിത്യത്തിലും ചലച്ചിത്രത്തിലും ലഭ്യമായ ഏക കഥാപാത്രം. മതേതര ജീവിതം എന്ന് കേൾക്കുമ്പോൾ അസുരവിതത്തിലെ ഗോവിന്ദൻകുട്ടിയിലേക്ക് പോകുന്നു നാം. ഹിന്ദുമുസ്ലീം സൗഹൃദത്തിന്റെ എല്ലുറപ്പുള്ള പ്രതീകം കുഞ്ഞരയ്ക്കാരല്ലാതെ മറ്റാരുമല്ല.
എം.ടിയുടെ തിരക്കഥകൾ
പത്മന രാമചന്ദ്രൻ നായർ എഡിറ്റ് ചെയ്ത 'ചലച്ചിത്ര പഠനങ്ങൾ' എന്ന ഗ്രന്ഥത്തിൽ എം.ടിയുടെ തിരക്കഥ എന്ന ലേഖനമാണ് ആദ്യത്തേത്. തിരക്കഥയെക്കുറിച്ചുള്ള എം.ടിയുടെ നിരീക്ഷണങ്ങൾ ഏറ്റവും പ്രസക്തവും നൂതനവുമാണ്. നോവൽ ആദ്യകാലത്തു കഥ പറയാനും കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാനുമുള്ള ഉപാധിയായിരുന്നു. രൂപഭംഗിയിലും അതിന്റെ സൗന്ദര്യാനുഭൂതിയിലും ശ്രദ്ധ പതിയുന്നത് കലാരൂപം വളരുമ്പോഴാണ്. സ്ക്രീൻപ്ലേയുടെ ആദ്യഘട്ടത്തിൽ പരസ്പരം ബന്ധപ്പെട്ട് കഥ കൊണ്ടുപോകാനുള്ള കുറിപ്പുകളുടെ സ്ഥാനമേ തിരക്കഥയ്ക്കുണ്ടായിരുന്നുള്ളൂ. സിനിമ വളർന്നപ്പോൾ സ്ക്രീൻപ്ലേയും വളർന്നു. ആത്യന്തിക വിശകലനത്തിൽ സംവിധായകന്റെ കലയാണെങ്കിൽക്കൂടി, സാഹിത്യം കൊണ്ട് മറ്റൊരാഴം നൽകുക എന്നതാണ് എഴുത്തുകാരൻ ചെയ്യുന്ന ജോലി.

എഴുത്തുകാരന് ആത്മാലാപങ്ങളുപയോഗിക്കാം. മനസ്സിന്റെ ഉള്ളിലേക്കു നോക്കി അവിടെ നടക്കുന്ന അന്തസ്സംഘർഷങ്ങൾ രേഖപ്പെടുത്താം. അന്യപ്രതിബിംബങ്ങളെ ഉപയോഗിച്ചു പരോക്ഷമായി പ്രസക്ത വികാരം സൃഷ്ടിക്കാം. “അയാൾ പടിഞ്ഞാറൻ മാനത്തേക്കു നോക്കി. ജീവനറ്റ സന്ധ്യ; കണ്ണീരൊതുക്കിയ കറുത്ത മേഘങ്ങൾ” എന്നെഴുതുമ്പോൾ കഥാപാത്രത്തിന്റെ മാനസികകാലാവസ്ഥ പ്രകടമാകുന്നു. സ്ക്രീൻപ്ലേ എഴുത്തുകാരനോ? ചെയ്യുന്ന കാര്യങ്ങളിലൂടെ, പറയുന്ന വാക്കുകളിലൂടെ, കാണുന്ന മൂർത്ത സംഭവങ്ങളിലൂടെ, കേൾക്കുന്ന ശബ്ദങ്ങളിലൂടെയാണ് കഥാപാത്രത്തിന്റെ മനസ്സു തുറന്നുകാട്ടേണ്ടത്.
തിരക്കഥാ രചനയിൽ ഏർപ്പെടുന്നവർ പാലിക്കേണ്ട ആറുകാര്യങ്ങൾ എം.ടി അക്കമിട്ടു പറയുന്നത് കാണുക:
1. താൻ എഴുതുന്നത് തന്റേതാവാം, മറ്റുള്ളവരുടേതാവാം - പ്രമേയത്തിന്റെ ചൈതന്യവും ആഴവും കണ്ടറിയുക.
2. തന്റെ കഥാപാത്രങ്ങൾക്കു തന്റേതായ ചില മാനങ്ങൾ (Dimensions) നൽകുക.
3. ഫോസ്റ്ററുടെ തരംതിരിവനുസരിച്ചുള്ള ഒഴുക്കൻ (Flat) കഥാപാത്രങ്ങളെ ത്രിമാന (Round) കഥാപാത്രങ്ങളാക്കുക.
4. വാക്കുകളെ മാത്രം ആശ്രയിക്കുന്ന കഥാപാത്രങ്ങൾ കുറേ കഴിയുമ്പോൾ സംസാരിക്കുന്ന യന്ത്രങ്ങളാവുന്നു. പറയാത്ത വാക്കുകളിലൂടെ ഒതുക്കിയ വികാരങ്ങളിലൂടെ അവരുടെ മനസ്സിന്റെ വാതിൽ തുറക്കുമ്പോൾ അവർ പ്രേക്ഷകരുടെ മുന്നിൽ ജ്വലിക്കുന്നുവെന്ന സത്യത്തിൽനിന്നു മുതലെടുക്കുക.
5. സംസാരിക്കുമ്പോൾ വാക്കുകൾക്കിടയിലെ ചെറിയ വിടവുകളിലൂടെയും സംസാരിക്കുക.
6. ഏറ്റവും പ്രധാനമായി സിനിമ എന്ന മാധ്യമത്തിനകത്തുനിന്ന് സംവിധായകനുമായി ആത്മൈക്യം വന്നു പ്രവർത്തിക്കുക.
എം.ടി വിമർശനങ്ങൾ
ഒരാളുടെ മരണ സന്ദർഭത്തിലെങ്കിലും സംസ്കാര സമ്പന്നർ പൊതുവെ വിമർശനം ഉണ്ടെങ്കിലും തൽക്കാലം മൗനം പാലിക്കുന്നത് കാണാറുണ്ട്. എന്നാൽ എം.ടിയുടെ മരണം സംഭവിച്ചപ്പോൾ സാധാരണയിൽനിന്നു വ്യത്യസ്തമായി എം.ടിയെ വിമർശനവിധേയമാക്കാനുള്ള വലിയ ആവേശം കാണിച്ച ചില ഗ്രൂപ്പുകൾ കേരളത്തിലുണ്ടായി എന്നത് അവരുടെ സാമൂഹിക രാഷ്ട്രീയ താത്പര്യങ്ങളിലേക്കു കൃത്യമായ ചില സൂചനകൾ നൽകുന്നതായി മാറി. എം.ടിക്കെതിരെ അണിനിരന്ന ഈ മുന്നണിയിലെ സഖ്യകക്ഷികൾ ഹിന്ദുത്വ ശക്തികളും സ്വത്വവാദികളും പോസ്റ്റ് മോഡേണിസ്റ്റുകളും ആണ് എന്നത് അവർ മുന്നോട്ടുവെക്കുന്ന പരസ്പര ശത്രുതാരാഷ്ട്രീയത്തിന്റെ പുറംപൂച്ചിനകത്തെ സമാന സ്വഭാവത്തെ വെളിച്ചത്ത് കൊണ്ടുവന്നു. ഈ ഐക്യമുന്നണിക്കാർ എം.ടിയുടെ നിലപാടിന്റെ കൃത്യത ഒന്നുകൂടെ ഉറപ്പിച്ചു എന്ന് പറയാം. സിവിക് പ്രശ്നത്തിൽ പൊറുക്കൽ നീതി തേടിയവർ എം.ടി ആദ്യഭാര്യയെ ഉപേക്ഷിച്ചതിനെ എതിർത്തുകൊണ്ടും എം.ടി സവർണ പക്ഷപാതിയാണ് എന്ന് ആരോപിച്ചുകൊണ്ടും രംഗത്തെത്തി.

എം.ടിയുടെ ജീവിതകാലത്ത് തന്നെ അദ്ദേഹത്തിന്റെ രചനകൾ മലയാളിക്ക് സംഭാവനചെയ്തത് എന്താണ് എന്ന അന്വേഷണം നടത്തിയ നിരൂപകനായിരുന്നു പ്രദീപൻ പാമ്പിരിക്കുന്ന്. പ്രദീപന്റെ നിരീക്ഷണത്തിൽ എം.ടിയുടെ സാഹിത്യലോകത്തിന്റെയും ചലച്ചിത്രങ്ങളുടെയും കേന്ദ്രമായ തറവാടും അതിനകത്തെ മനുഷ്യബന്ധങ്ങളും മഹത്വവത്കരിക്കപ്പെട്ടു. നായൻമാരുടെ സാമൂഹിക മര്യാദകളും ആചാരങ്ങളും പാരമ്പര്യ രീതികളും എല്ലാ സമുദായങ്ങൾക്കും ബാധകമാണ് എന്ന നില വന്നു. അവരുടെ ഭാഷയും കലാരൂപങ്ങളും മലയാളികളുടെ മൊത്തം ഭാഷയും കലയും എന്ന നിലവന്നു. തുളസിത്തറയും മുണ്ടും നേര്യതും പാടവും പട്ടുപാവാടയും തുളസിക്കതിർ ചൂടിയ പെൺകുട്ടിയും മലയാളിയുടെ പൊതു ഗൃഹാതുരത്വമായി മാറി. പക്ഷെ ഈ വിമർശനങ്ങൾ എഴുത്തുകാരന്റെ കുഴപ്പത്തേക്കാൾ ആസ്വാദകപക്ഷത്തെ പ്രശ്നങ്ങളെയാണ് കാണിക്കുന്നത് എന്ന് മനസ്സിലാക്കാൻ എളുപ്പം കഴിയും. മാത്രമല്ല എം.ടി ആവിഷ്കരിച്ചത് സമ്പന്നരുടെ പ്രശ്നങ്ങളല്ല എന്ന് നമ്മൾ മറന്നുകൂടാ. അശരണരും പലമട്ടിൽ കീഴാളത്വം അഭിമുഖീകരിക്കുന്നവരെയുമാണ് അദ്ദേഹത്തിന്റെ കൃതിയിൽ നമ്മൾ കാണുക. ജാതി എന്ന സ്വത്വം ഒഴിച്ചുനിർത്തിയാൽ അത് അടിസ്ഥാനവർഗ്ഗത്തിന്റെ ഗാഥകൾ ആണ് എന്ന് കാണാൻ പ്രയാസമുണ്ടാവില്ല. എം.ടി എന്ന വ്യക്തിയുടെയും എം.ടി എന്ന എഴുത്തുകാരന്റെയും അടിയുറച്ച മതേതര ബോധമാണ് ഹിന്ദുത്വ ശക്തികളെ അസ്വസ്ഥരാക്കുന്നത് എങ്കിൽ സാമൂഹ്യ രാഷ്ട്രീയ സിദ്ധാന്തങ്ങളെ അതേപടി സാഹിത്യത്തിൽ പ്രയോഗിക്കാൻ ശ്രമിക്കുന്നതാവാം സ്വത്വ പോസ്റ്റ് മോഡേണിസ്റ്റ് വിഭാഗങ്ങൾ എം.ടിയെ അനഭിമതനായി കാണാൻ കാരണം.