ഒ.ടി.ടി പ്ലാറ്റ്ഫോമായ നീ സ്ട്രീം പുറത്തിറക്കിയ മുടി,കോവിഡുകാലത്തെ ഒരു ബാർബറുടെ കുടുംബ- സാമൂഹിക ജീവിതം പകർത്തുന്ന ചിത്രമാണ്. യാസിർ മുഹമ്മദ് , ഹാഷിർ മുഹമ്മദ് എന്നിവർ രചന നിർവഹിച്ച് യാസിർ മുഹമ്മദ് സംവിധാനം ചെയ്ത ഈ സിനിമ, മധ്യ കേരളത്തിലെ "കോങ്ങാട്' എന്ന കായലുകളാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപിൽ സംഭവിക്കുന്ന തനിമയാർന്ന പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.
ഒരു നാട്ടിൻ പുറത്ത് ജീവിക്കുന്ന ബാർബറുടെ സാമൂഹിക ജീവിതത്തെയും പരിതാപകരമായ സാമ്പത്തികാവസ്ഥയെയും മുടി വരച്ചു കാട്ടുന്നു. സാമൂഹികമായി എത്ര വികാസം പ്രാപിച്ചാലും നമ്മുടെ നാട്ടിലെ ജാതി വിവേചനങ്ങൾക്ക് ഇന്നും കുറവില്ലെന്ന് സംവിധായകൻ പറഞ്ഞുവെക്കുന്നു.
ആനന്ദ് ബാൽ, മഞ്ജു സുനിച്ചൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാസർ കറുത്തേനി, എം നിവ്യ, അവിസെന്ന എന്നിവർ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ദ്വീപിന്റെ സ്വഭാവിക ഭംഗി പകർത്തിയ കാമറാമാനും എഡിറ്ററുമായ അഹമ്മദ് നസീബ് പ്രത്യേക പരാമർശം അർഹിക്കുന്നു . മെഹ്ദ് മക്ബൂൽ രചന നിർവഹിച്ച് വിമൽ, റനീഷ് എന്നിവർ സംഗീതം നൽകിയ ഗാനങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്. സിനിമയുടെ നീ സ്ട്രീം റിലീസുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ ഒരുക്കിയ വ്യത്യസ്തമായ പ്രൊമോഷൻ സ്ട്രാറ്റജിയും മലയാളത്തിൽ പുതുമയുള്ള അനുഭവമായി. സെൻട്രൽ ബ്യൂറോ ഗ്രൂപ്പ് ഗ്ലോബലിന്റെ ബാനറിൽ ഹംസം പാടൂർ ആണ് നിർമാണം.
ഒ.ടി.ടികളിലെ ഉള്ളടക്കം
കേരളത്തിലെ കാഴ്ചക്കാർക്കായി രാജ്യാന്തര ഒ.ടി.ടി ഭീമന്മാർ വിതരണം ചെയ്യുന്ന ഉള്ളടക്കം ഏതൊക്കെ നിലയിൽ പ്രേക്ഷക മനസ്സിൽ സ്വാധീനം ചെലുത്തുന്നു എന്ന കാര്യത്തിൽ ചർച്ച നടക്കേണ്ടതുണ്ട്. ഇന്ത്യയിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോഡ് സൃഷ്ടിച്ച "സ്‌ക്വിഡ് ഗെയിം' വയലൻസ് അതിപ്രസരമുള്ള ഉള്ളടക്കം മുൻ നിർത്തി ആഗോള തലത്തിൽ വിമർശനം നേരിട്ട് കൊണ്ടിരിക്കുകയാണ്. തികച്ചും ഫാന്റസി നിറഞ്ഞ ഒരു ലോകത്തെ കുറിച്ച്, തങ്ങൾക്ക് അപ്രാപ്യമായ ഒരു സാഹചര്യത്തെ കുറിച്ചുള്ള ആരാധനയാണ് ‘സ്‌ക്വിഡ് ഗെയി’മിന് ഇന്ത്യയിൽ ലഭിച്ച ജനപ്രീതിക്ക് കാരണമെന്നാണ് പൊതുവെയുള്ള നിരീക്ഷണം. ഇന്ത്യയിൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ നിർമിക്കുന്നതും വിതരണം ചെയ്യുന്നതുമായ കണ്ടന്റുകളുടെ പൊതു സ്വഭാവത്തിൽ ഫാന്റസി, വയലൻസ്, ലൈംഗികത എന്നിവയുടെ അതിപ്രസരം നിരീക്ഷണ വിധേയമാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ തദ്ദേശീയ പ്രൊഡക്ഷൻ ഹൗസുകൾ തങ്ങളുടെ അനുവാചകർക്ക് നൽകുന്ന വിഭവങ്ങളിലെ ഉള്ളടക്കങ്ങളിലും അപരിചിതവും പ്രവചനാധീതവുമായ ഒരു പൊതു സ്വഭാവം കാണാൻ കഴിയും. ഇന്ത്യക്കാർ പൊതുവെ പ്രാചീന രാജവംശങ്ങളുടെ ചരിത്രവും, രാജ്യത്തെ മഹാനഗരങ്ങളിലെ ചേരിയിലരങ്ങേറുന്ന വയലൻസും, പ്രണയവും, അധോലോകവുമുൾപ്പെടെയുള്ള കണ്ടന്റുകൾ മാത്രം ഇഷ്ടപ്പെടുന്നവരാണ് എന്ന ബോധ്യമാണ് ഒ.ടി. ടി കളുടെ സിനിമ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നത്.
ഒരു മാനേജ്മെൻറ്- കോർപറേറ്റ് മനഃസ്ഥിതിയിൽ നിന്ന് പുറത്ത് കടക്കുന്നതാണ് ഇന്ത്യൻ ഒ.ടി.ടികളുടെ ഭാവിക്ക് നല്ലതെന്ന് കരുതുന്ന ഒട്ടേറെ നിരീക്ഷണങ്ങളും പുറത്തുവരുന്നുണ്ട്. തദ്ദേശീയ വിഭവങ്ങളെ അതിഭാവുകത്വം ഒഴിവാക്കി തനിമയോടെ അവതരിപ്പിക്കണമെന്ന വാദവും അവതരിപ്പിക്കപ്പെടുന്നുണ്ട്.
ബാർബർ എന്ന നായകൻ
ബാർബർ സമുദായം ഏതു മത വിഭാഗത്തിൽ പെട്ടവരായാലും കടുത്ത സാമൂഹിക മാറ്റിനിർത്തലുകൾക്ക് വിധേയമാവുന്നവരാണ്. ബാർബർ വിഭാഗം സംഘടിത തീരുമാനങ്ങളെടുക്കാൻ ഒത്തുകൂടുന്നതും, സമരം ചെയ്യുന്നതും അതിന് അവർ സഹിക്കേണ്ടി വരുന്ന പ്രയാസങ്ങളും ഈ ചിത്രം എടുത്തു പറഞ്ഞിട്ടുണ്ട്. ശ്രീനിവാസന്റെ "കഥ പറയുമ്പോൾ' എന്ന സിനിമ മുന്നോട്ട് വെക്കുന്ന തികഞ്ഞ അരാഷ്ട്രീയ കാഴ്ചപ്പാടിനെ പൊളിച്ചടുക്കുന്ന കൃത്യതയുള്ള രചനയാണിത്. ഹ്രസ്വ ചിത്രത്തിലെ മണി എന്ന നായകൻ എത്ര മികച്ച ബാർബർ ആണെങ്കിലും അദ്ദേഹം സ്വയം അപകർഷതാ ബോധം പേറുന്നവനും വ്യക്തിപരമായി പണ്ടെങ്ങോ നടന്ന ഒരു കാര്യത്തിന്റെ പേരിൽ ബാല്യ കാല സുഹൃത്തായ പലചരക്ക് കടക്കാരനോട് വർഷങ്ങളായി മിണ്ടാതെ നടക്കുന്നവനുമാണ്. കോവിഡ് മൂലം പൊടുന്നനെ പ്രഖ്യാപിച്ച അടച്ചുപൂട്ടലിൽ മണിയുടെ എല്ലാ കണക്കു കൂട്ടലും തെറ്റുന്നു. അദ്ദേഹം ദ്വീപിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും പൊലീസുകാരുടെ മർദ്ദനത്തിനും ക്രൂര പരിഹാസത്തിനും ഇരയാവുകയാണ്.
സുഹൃത്തിന്റെ കടയിൽ പോയി സാധനം വാങ്ങാൻ മടിയായതിനാൽ അദ്ദേഹം നിത്യോപയാഗ സാധനം മോഷ്ടിക്കാനിറങ്ങുന്നതും അതിന്റെ പേരിൽ ഭാര്യയുടെയും മകളുടെയും പരിഹാസമേറ്റു വാങ്ങേണ്ടി വരുന്നതുമെല്ലാം ചിത്രത്തിൽ വിശദീകരിക്കുന്നു. ആർത്തവ നാളുകളിൽ മകൾക്ക് സാനിറ്ററി നാപ്കിൻ വാങ്ങാൻ പോലും സുഹൃത്തിന്റെ കടയിൽ പോകാൻ അയാൾക്കുകഴിയുന്നില്ല.
സഹായം ചോദിച്ച് മണി മുട്ടുന്ന വാതിൽ ആ ദ്വീപിലെ വാർഡ് മെമ്പറുടേതാണെങ്കിലും, കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് തന്നെയും പൊലീസ് അതിക്രൂരമായി നേരിട്ടതിനെ കുറിച്ച് വാർഡ് മെമ്പർ നിസ്സഹായതയോടെ വിവരിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് കോവിഡ് പ്രോട്ടോകോൾ നടപ്പിൽ വരുത്തിയതിന്റെ പേരിൽ അരങ്ങേറിയ പൊലീസ് ഭീകരത ഇതിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നുണ്ട്.
ഒടുവിൽ, കോവിഡ് ബാധിച്ച് മണിയുടെ ഭാര്യാ പിതാവ് മരിക്കുമ്പോൾ വർഷങ്ങളായി മിണ്ടാതെ ഇരുന്ന സുഹൃത്ത് അന്ത്യ കർമം ചെയ്യാനെത്തുന്നത് ഗ്രാമങ്ങളിലെ ഇനിയും നശിക്കാത്ത ഇഴയടുപ്പങ്ങൾക്ക് വെളിച്ചം പകരുന്നു. നിരന്തര പ്രയാസങ്ങൾക്കുശേഷം നല്ലൊരു നാളെയുണ്ടാവുമെന്ന ശുഭാപ്തി കാഴ്ചപ്പാട് കൂടിയാണ് കോവിഡ് മുഖ്യ പ്രമേയമായ സിനിമ അവസാനം കുറിക്കുന്നത്.
സിനിമയുടെ സ്ത്രീപക്ഷം
സിനിമയിൽ കേന്ദ്ര കഥാപാത്രമായ ആനന്ദബാലിനൊപ്പം മികച്ച പ്രകടനമാണ് പ്രധാന നടി മഞ്ജു സുനിച്ചൻ കാഴ്ചവെക്കുന്നത്. കോമഡി സീനുകളിൽ മാത്രം തളച്ചു നിർത്തപ്പെട്ട ഈ നടി താൻ മികച്ച ഒരു അഭിനേത്രി കൂടിയാണെന്ന് വെളിപ്പെടുത്തുന്നുണ്ട് ഈ സിനിമയിലൂടെ. ഒരു പക്ഷെ മലയാള സിനിമയിൽ ആർത്തവത്തെ കുറിച്ചെല്ലാം മറയില്ലാതെ സംസാരിക്കുന്ന ഉള്ളടക്കങ്ങൾ ഈയിടെയായി വളരെയധികം കണ്ടുവരുന്നത് ഒ.ടി.ടികൾ നൽകുന്ന ഉദാരമായ ദൃശ്യസ്വാതന്ത്രത്തിലൂടെയാണ്.
സിനിമയുടെ കേന്ദ്ര പ്രമേയം ബാർബറുടെ ജീവിതമാണെങ്കിലും അദ്ദേഹം സംരക്ഷിക്കാൻ ശ്രമിക്കുന്നത് തന്റെ സ്വന്തം കുടുംബത്തെ തന്നെയാണ്. വർഷങ്ങളായി പിണങ്ങിക്കഴിയുന്ന ഭർത്താവിന്റെ ഉറ്റ സുഹൃത്തിനോട് മിണ്ടാനും തർക്കങ്ങൾ അവസാനിപ്പിക്കാനുമാണ് ഭാര്യയുടെ കഥാപാത്രം ആവശ്യപ്പെടുന്നത്. ഇത്തരത്തിലുള്ള ഭാര്യ-ഭർതൃ സംഭാഷങ്ങൾ ‘നന്മ ചൊരിയുന്ന ഡയലോഗുകൾ’ മാത്രമല്ലാതെ നാടൻ ശൈലിയിൽ കുറിക്കു കൊള്ളുന്ന, പ്രേക്ഷകർക്ക് വിരസതയുണ്ടാക്കാത്ത വിനിമയങ്ങളാക്കി മാറ്റാൻ സിനിമയുടെ എഴുത്തുകാർക്ക് സാധിച്ചിട്ടുണ്ട്.
സിനിമയിലുടനീളം കോവിഡ് സൃഷ്ടിച്ച ഭയപ്പാട് പ്രതിഫലിക്കുന്നത് വീടകങ്ങളിലും അവിടുത്തെ സ്ത്രീകളിലുമാണ്. കോവിഡ് നമ്മുടെ സാമ്പത്തിക വ്യവസ്ഥയിൽ ഏല്പിച്ച പരിക്ക് പരിശോധിക്കാൻ സാധിക്കുന്ന മാനദണ്ഡങ്ങൾ നമുക്കുണ്ടെങ്കിലും അതിനെല്ലാം മുകളിൽ വീടുകളിലെ സ്ത്രീകൾ ഈ ദുരിത കാലത്ത് അനുഭവിച്ച മാനസിക സംഘർഷം വ്യക്തമായി ചിത്രീകരിക്കുന്നുണ്ട് ‘മുടി' എന്ന സിനിമ. വറുതിക്കാലത്തും ഒറ്റ മകളുടെ വിദ്യാഭ്യാസത്തിനും അവളുടെ പരിപാലനത്തിനുമാണ് മണി ഏറ്റവും പ്രാമുഖ്യം നൽകുന്നത്.
സിനിമയുടെ രാഷ്ട്രീയം
തമിഴിൽ ഈയിടെ സൂര്യ നായകനായ "ജയ് ഭീം' സിനിമ റിലീസ് ആയപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട കാര്യമാണ് കേരളത്തിൽ ഇത്തരത്തിൽ ഒരു സിനിമ എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്നത്. എന്നാൽ, "മുടി' അടിമുടി രാഷ്ട്രീയ സിനിമയാണ്. ലോക്ക്ഡൗൺ സൃഷ്ടിച്ച സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളോടൊപ്പം മുടി വെട്ടിക്കളയുന്നത് ജനതയെ ഇത്തരം അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയുന്ന രാഷ്ട്രീയ സമ്പ്രദായത്തെ കൂടിയാണ്. അടച്ചുപൂട്ടലിൽ അവശേഷിക്കുന്നത് ഭരണകൂടത്തിന്റെ പൊലീസ് രാജ് മാത്രമാണ്. അരക്ഷിതാവസ്ഥ വരുമ്പോൾ ജുഡീഷ്യറിയും മാധ്യമങ്ങളും മൗനികളാവുകയും അധികാര കേന്ദ്രങ്ങളിലിരിക്കുന്നവരുടെ തിട്ടൂരങ്ങൾ മാത്രം നടപ്പിൽ വരികയും ചെയ്യുന്നു.
കോവിഡ് കാലത്തുണ്ടായ ക്വാറൻറയിൻ, അടച്ചുപൂട്ടൽ, കണ്ടൈൻമെൻറ് സോൺ, യാത്രാ നിരോധം, ആൾക്കൂട്ട നിയന്ത്രണനം എന്നിവയെ പ്രശ്നവൽക്കരിക്കുകയാണ് ഈ ചിത്രം. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ കോങ്ങാട് എന്ന ദ്വീപിൽ ഒറ്റ കോവിഡ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും ആ ദ്വീപ് അടങ്ങുന്ന പഞ്ചായത്ത് പ്രദേശം മുഴുവൻ അടച്ചിടുകയാണ്. അടച്ചുപൂട്ടൽ കാലത്ത് സ്വയം ചുരുങ്ങേണ്ടിവരുന്ന മനുഷ്യരുടെ നിസ്സഹായത തീവ്രമായി അവതരിപ്പിക്കുന്നതിൽ എഴുത്തുകാരായ കെ. ഹാഷിർ, സംവിധായകൻ യാസിർ മുഹമ്മദ് എന്നിവർ വിജയിച്ചിട്ടുണ്ട്.
കേരളത്തിൽ സ്വത്വ രാഷ്ട്രീയത്തിനും ജാതി പ്രശ്‌നങ്ങൾക്കും ഇന്ധനമാകാവുന്ന നിരവധി വിഷയങ്ങളുണ്ട് എങ്കിലും മുഖ്യധാരാ സിനിമാക്കാർ അത്തരം വിഷയങ്ങളെ അവഗണിക്കുകയാണ് പതിവ്. ജാതി രാഷ്ട്രീയം പറഞ്ഞ്കേരളത്തിലെ പ്രമുഖ രാഷ്ട്രീയ മുന്നണികളെ വെറുതെ എന്തിന് പിണക്കണം എന്ന ‘കംഫർട്ട് സോൺ’ ചിന്തയാണ് മുഖ്യധാരാ സിനിമാക്കാരെ പിന്നോട്ട് വലിക്കുന്നത്. ഇത്തരുണത്തിലാണ് മുടി എന്ന സിനിമയിലൂടനീളം നേരിട്ടും അല്ലാതെയും രാഷ്ട്രീയ വിഷയങ്ങൾ കടന്നുവരുന്നത്.
നമ്മുടെ നാട്ടിൽ ബാർബർ എന്നത് ജാതി അടിസ്ഥാനത്തിൽ മാത്രമുള്ള തൊഴിലല്ലെങ്കിലും ആ മേഖലയിൽ പ്രവർത്തിക്കുന്നവരോട് സാമൂഹികമായ തൊട്ടുകൂടായ്മ ഇപ്പോഴും നില നിൽക്കുന്ന യാഥാർഥ്യമാണ്. പരിമിത ബജറ്റിൽ ഒരുങ്ങിയ ‘മുടി' അതു കൊണ്ടുതന്നെ മുഖ്യധാരാ സിനിമകൾക്ക് ഒരു മാതൃക സമ്മാനിക്കുന്നുണ്ടെന്ന് പറയാം.