ഞാൻ എന്നെ കാണുന്നത്

പരസ്പരം വെറുക്കാൻ ആഹ്വാനം ചെയ്യുന്ന ആഖ്യാനങ്ങൾ കൂടുതലുള്ള സമയത്ത്, അപരവൽക്കരണത്തിനെതിരെ നിൽക്കുന്ന ആഖ്യാനങ്ങൾ കൂടുതൽ സജീവമായി ഉൽപാദിപ്പിക്കപ്പെടേണ്ടതുണ്ട്

പൊളിറ്റിക്കൽ ടെക്‌സ്റ്റ് ആയി,

പൊളിറ്റിക്കൽ വോയ്‌സ് ആയല്ല

മുഹ്സിൻ പരാരി

ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?

മുഹ്‌സിൻ പരാരി: ഞാനൊരു ‘നെയന്റീസ് കിഡ്' ആണ്. അതുകൊണ്ടുതന്നെ, സിനിമ ഒരു പുതിയ മാധ്യമമാണ് എന്ന തരത്തിലല്ല, വളർന്നുവരുമ്പോൾ ഞാനുമായി ആദ്യമായി സംവദിക്കുന്ന ഒരു മാധ്യമം എന്ന നിലയ്ക്കാണ് സിനിമയുമായി ബന്ധപ്പെടുന്നത്. നാടകമൊക്കെ വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് എന്നിലേക്ക് കടന്നുവന്നത്. ഒരു കലാവിഷ്‌കാരം എന്ന നിലയ്ക്ക് ആദ്യം പങ്കാളിയാകാൻ കഴിഞ്ഞത് സ്‌കൂളിലും മറ്റുമുണ്ടായിരുന്ന അമച്വർ നാടകങ്ങളിലാണെന്നുമാത്രം. സംഗീതം അടക്കമുള്ള മാധ്യമങ്ങൾ ഞാൻ സിനിമയിലൂടെയാണ് അനുഭവിക്കുന്നത്.

തല്ലുമാല സിനിമയുടെ ചിത്രീകരണത്തിനിടെ

പാർശ്വവൽകൃതരുടെയും വ്യവസ്ഥാപിതമായി അപരവൽക്കരിക്കപ്പെട്ടിരുന്നവരുടെയും ആഖ്യാനങ്ങൾ ശക്തമായ രീതിയിൽ ഉൽപാദിപ്പിക്കാൻ കഴിയുന്ന ഒരു കാലഘട്ടമായി ഇക്കാലം മാറിയിട്ടുണ്ട്. അത് മലയാളസിനിമയിലും പ്രതിഫലിക്കുന്നു.

സിനിമയുടെ സാമൂഹികദൗത്യത്തെക്കുറിച്ച് പറയുക എന്നത് കൺഫ്യൂസിങ്ങായ ഒരു കാര്യമാണ്. സിനിമക്ക്, അതായത്, ഒരു കലാരൂപത്തിനുമാത്രമായി സാമൂഹികദൗത്യമുണ്ടോ? വ്യക്തിപരമായി, സ്പിരിച്വലായി, അതായത്, പ്രപഞ്ചത്തെക്കുറിച്ചുള്ള എന്റെ അണ്ടർസ്റ്റാൻഡിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇക്കാര്യത്തെ കാണുന്നത്. സഹമനുഷ്യരോടും ഇതര സൃഷ്ടിജാലങ്ങളോടും ഒരു മനുഷ്യജീവി എന്ന നിലക്ക് എനിക്ക് ഉത്തരവാദിത്തമുണ്ട്, അതായത്, എല്ലാവരുടെയും അവകാശത്തെയും അഭിമാനത്തെയും തുല്യമായി മാനിക്കുക തുടങ്ങിയ കാര്യങ്ങൾ. ഏത് ആവിഷ്‌കാരങ്ങളിൽ ഏർപ്പെടുന്നവർക്കും- സൗന്ദര്യാത്മകമായതും അല്ലാത്തതും- ഈ ബാധ്യതയുണ്ട്. കുറച്ചുകൂടി മൂർത്തമായും പ്രായോഗികമായും ഈ ഉത്തരവാദിത്തത്തെ ഇങ്ങനെ വിശദീകരിക്കാം: നിലവിലെ സാഹചര്യത്തിൽ വെറുപ്പ് ഉൽപ്പാദിപ്പിക്കാൻ ഈ മാധ്യമങ്ങളെ നന്നായി ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിൽ, വെറുപ്പിനെതിരെയുള്ള കൂടുതൽ ആഖ്യാനങ്ങൾ ഉൽപാദിപ്പിക്കാനുള്ള ശ്രമം സജീവമാക്കുക എന്നത് ഒരു രാഷ്ട്രീയദൗത്യമായി ഞാൻ മനസ്സിലാക്കുന്നു. പരസ്പരം വെറുക്കാൻ ആഹ്വാനം ചെയ്യുന്ന ആഖ്യാനങ്ങൾ കൂടുതലുള്ള സമയത്ത്, അപരവൽക്കരണത്തിനെതിരെ നിൽക്കുന്ന ആഖ്യാനങ്ങൾ കൂടുതൽ സജീവമായി ഉൽപാദിപ്പിക്കപ്പെടേണ്ടതുണ്ട് എന്ന വിശ്വാസം ഞാൻ പുലർത്തുന്നു.

'KL പത്ത്' എന്ന സിനിമയിൽ നിന്ന്

​മലയാള സിനിമ ജീവിതനിറവിലാണിപ്പോൾ. നിറയെ സിനിമകൾ, നിറയെ ഫിലിം മേക്കേഴ്‌സ്, നിറയെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാവുന്നു. അതിനകത്തെ ആക്ടീവായ ഒരാൾ എന്ന നിലയിൽ ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഇത് മലയാള സിനിമയുടെ മാത്രം സവിശേഷതയല്ല, ലോകമാകമാനം, ഡിജിറ്റൽ റവലൂഷനുശേഷം ഇങ്ങനെയൊരു സാധ്യത രൂപപ്പെട്ടുവന്നിട്ടുണ്ട്. അധീശത്വങ്ങളെ വെല്ലുവിളിക്കാൻ സാധിക്കുന്ന ആഖ്യാനങ്ങൾ ഒരുപാടുണ്ടാകുന്നുണ്ട്. പാർശ്വവൽകൃതരുടെയും വ്യവസ്ഥാപിതമായി അപരവൽക്കരിക്കപ്പെട്ടിരുന്നവരുടെയും ആഖ്യാനങ്ങൾ ശക്തമായ രീതിയിൽ ഉൽപാദിപ്പിക്കാൻ കഴിയുന്ന ഒരു കാലഘട്ടമായി ഇക്കാലം മാറിയിട്ടുണ്ട്. അത് മലയാളസിനിമയിലും പ്രതിഫലിക്കുന്നു. വിമർശനമടക്കം, സിനിമയോടുള്ള ഫീഡ്ബാക്കിലും ഈ റവല്യൂഷൻ സ്വാധീനം ചെലുത്തുന്നു. സിനിമ ഉൽപാദിപ്പിക്കുക എന്നതുപോലെ തന്നെ, ചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട വിമർശന പഠനങ്ങൾക്കും സാംസ്‌കാരിക പഠനങ്ങൾക്കുള്ള സാധ്യതകൾ കൂടുതൽ വിപുലമായിട്ടുണ്ട്. പുതിയൊരു പൊതുമണ്ഡലം രൂപീകരിക്കാനുള്ള കലക്ടീവ് പരിശ്രമം കാണാനാകുന്നു, ഒരുപക്ഷെ, എല്ലാവരും അത് തിരിച്ചറിയുന്നില്ലെങ്കിൽ പോലും. പരസ്പരം ശത്രുവാക്കിക്കൊണ്ടും, നിരന്തര സംവാദത്തിലേർപ്പെട്ടും ഒരു പുതിയ പൊതുമണ്ഡലം രൂപപ്പെട്ടുവരുന്നതിന് നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയുന്നുണ്ട്.

വെറുപ്പിനെതിരെയുള്ള കൂടുതൽ ആഖ്യാനങ്ങൾ ഉൽപാദിപ്പിക്കാനുള്ള ശ്രമം സജീവമാക്കുക എന്നത് ഒരു രാഷ്ട്രീയദൗത്യമായി ഞാൻ മനസ്സിലാക്കുന്നു. 'തല്ലുമാല' സിനിമയിൽ നിന്ന്

ഹ്യൂമറും രാഷ്ട്രീയശരിയും പരസ്പരവിരുദ്ധമാണ് എന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നു പോവും എന്നു കരുതുന്നുണ്ടോ?

രാഷ്ട്രീയം എന്നത് നീതിയെ സംബന്ധിച്ച സംവാദങ്ങളാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതായത്, നീതിയെക്കുറിച്ചുള്ള ഏത് ആഖ്യാനവും രാഷ്ട്രീയ ആഖ്യാനമാകുന്നു. നീതിയെക്കുറിച്ച് ചോദ്യമുന്നയിക്കപ്പെടുന്ന എന്തും ഒരു രാഷ്ട്രീയ ആഖ്യാനമാണ്. അതിൽനിന്ന് ഒരാഖ്യാനവും മുക്തമല്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. അതുകൊണ്ട്, ഒരാളുടെ നീതിബോധം അയാളുടെ ആവിഷ്‌കാരങ്ങളിൽ പ്രതിഫലിക്കും. ഏന്ത് തമാശക്ക് ചിരിക്കണം, ഏത് തമാശക്ക് വേദനിക്കണം എന്നത് തങ്ങളുടെ നീതിബോധത്തിനനുസരിച്ചായിരിക്കും. ഇതൊരു ശരിയുടെ പ്രശ്‌നമല്ല, ലേണിങ്ങിന്റെയും അൺലേണിങ്ങിന്റെയും കാര്യമായിട്ടാണ് തോന്നുന്നത്. നമ്മളെല്ലാം ജനിച്ചുവീഴുന്നത് ഒരു കണ്ടീഷനിങ്ങിലേക്കാണല്ലോ. അതിൽനിന്ന് സ്വയം വിമോചിപ്പിക്കുക എന്നതാണല്ലോ നമ്മുടെ ജീവിതത്തിന്റെ ഒരു ലക്ഷ്യം. അത് നിരന്തരമായ ആവിഷ്‌കാരങ്ങളിലൂടെയും ആത്മവിമർശനങ്ങളിലൂടെയും മാത്രമേ സാധ്യമാകൂ. അതിലേക്കുള്ള യാത്രയിലാണ് എല്ലാ കലാകാരരും. അതിനുള്ള ഒരു വിദ്യാർഥിമനസ്സ് സൂക്ഷിക്കാനുള്ള വിനയമുണ്ടാകുക എന്നത് ഉറപ്പുവരുത്താൻ മാത്രമേ നമുക്ക് കഴിയൂ. അല്ലാതെ, പൂർണമായും എല്ലായ്‌പ്പോഴും ശരിയായിരിക്കാൻ, പ്രവാചകന്മാരെപ്പോലെ ശരിയായിരിക്കാൻ, നമുക്ക് സാധിക്കില്ല എന്നൊരു യാഥാർഥ്യവുമുണ്ട്.

സ്ത്രീകളെ സിനിമ ഏത് രീതിയിലാണ് ഉൾക്കൊണ്ടിരുന്നത്? ആശയത്തിൽ / തീമിൽ/ മേക്കിംങ്ങിൽ/ അഭിനേതാക്കൾ എന്ന നിലയിൽ / പ്രേക്ഷകർ എന്ന നിലയിൽ? ഈ ചോദ്യം പാസ്റ്റ് ടെൻസിലാണ്. പ്രസൻറ്​ ടെൻസിലും ഇതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണ്?

സ്ത്രീകളെക്കുറിച്ചോ ഇതര ലിംഗങ്ങളെക്കുറിച്ചോ സംസാരിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന പ്രതിസന്ധിയുണ്ട്. ലിംഗാധികാരഘടനയിലെ ഏറ്റവുമുയർന്ന സ്ഥലത്താണ് ഞാൻ നിൽക്കുന്നത് എന്ന യാഥാർഥ്യം അംഗീകരിച്ച്, തീർത്തും ഒരു വിദ്യാർഥി എന്ന നിലയ്‌ക്കേ എന്നെ അവിടെ പ്ലേസ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഏത് വിമർശനം എവിടെനിന്നുവന്നാലും അത് തിരുത്താൻ സന്നദ്ധത കാണിക്കുക എന്നൊരു ആറ്റിറ്റിയൂഡാണ് ഞാനിപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അതിനനുയോജ്യമായ നിരന്തര പഠനങ്ങൾ, നിരന്തര ആത്മവിമർശനങ്ങൾ എന്നിവ സ്വീകരിക്കുക. എങ്ങനെ പറഞ്ഞാലും അത് വയലന്റാണ് എന്നൊരു സ്റ്റാറ്റസ്‌കോയാണ് ഇക്കാര്യത്തിൽ ഇപ്പോഴുള്ളത്. അതിനെ എങ്ങനെ കൈകാര്യം ചെയ്യണം? അത് സിനിമക്കുമാത്രം സാധിക്കുന്നതാണോ, അതോ, ഹോളിസ്റ്റിക്കായ ഒരു റവലൂഷനിലൂടെയാണോ സാധിക്കുക? സമൂഹത്തിൽ നടന്നുകഴിഞ്ഞശേഷമാണോ അത് സിനിമയിൽ സാധ്യമാകുക, അതോ സിനിമക്ക് ഈ റവലൂഷനെ നയിക്കാൻ കഴിയുമോ? തുടങ്ങിയവയൊക്കെ വളരെ കൺഫ്യൂസിങ്ങായ ചോദ്യങ്ങളാണ്. പക്ഷെ, ഏറ്റവും പ്രാഥമികമായി നടക്കേണ്ടത്, ഇതിനെ ആത്മവിമർശനപരമായി സമീപിക്കാനുള്ള സന്നദ്ധത, പുരുഷന്മാരിലുണ്ടാക്കിയെടുക്കുക എന്നതാണ്. പുരുഷന്മാർ എന്ന അർഥത്തിൽ മാത്രമല്ല, പുരുഷാധിപത്യത്തെ enhance ചെയ്യുന്നവരിൽ ആത്മവിമർശനപരമായ സമീപനം ഉൽപാദിപ്പിച്ചെടുക്കാൻ സിനിമക്ക് സാധിക്കുക എന്നതിലാണ് കാര്യം.

എന്നെ സ്വയം പ്ലേസ് ചെയ്യാനോ വിശദീകരിക്കാനോ സഹായകമായ ഭാഷ കണ്ടെത്താനാണ് ഞാനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ഭാഷ കണ്ടെത്താനുള്ള ശ്രമം തന്നെയാണ് എന്റെ കലാവിഷ്‌കാരങ്ങൾ.

എല്ലാ കലാരൂപങ്ങളും ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം മുന്നോട്ടു വെയ്ക്കും. ആ രാഷ്ട്രീയം എന്താണ് എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയിൽ ഫിലിം മേക്കർ സ്ഥാനപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതല്ല കെ.ജി. ജോർജിന്റെ സിനിമ. പത്മരാജന്റെ സിനിമയല്ല ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമ. സിനിമയ്ക്ക് മുഖ്യധാരയെന്നും സമാന്തര ധാരയെന്നും വേർതിരിവുണ്ടായിരുന്നു. പക്ഷേ ഈ തലമുറ ആ വേർതിരിവിനെ മനോഹരമായി ബ്രേക്ക് ചെയ്തു. ഈ ചരിത്രത്തെ മുൻനിർത്തി നിങ്ങളുടെ സ്വന്തം സിനിമ എവിടെയാണ് സ്വയം പ്ലേസ് ചെയ്യാൻ ആഗ്രഹിക്കുന്നത്?

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ നിന്ന്

എന്റെ സിനിമ എവിടെയാണ് പ്ലേസ് ചെയ്യപ്പെടുന്നത് എന്ന് സത്യസന്ധമായി എനിക്കറിയില്ല. നിലവിൽ വ്യാഖ്യാനിക്കപ്പെടുകയോ അല്ലെങ്കിൽ വിധി കൽപ്പിക്കപ്പെടാൻ ഇടയാക്കുകയോ ചെയ്യുന്ന ഭാഷകൾ എന്നെ സംബന്ധിച്ച് പരിമിതമാണ് എന്നതാണ് എന്റെ അനുഭവം. എന്നെ സ്വയം പ്ലേസ് ചെയ്യാനോ വിശദീകരിക്കാനോ സഹായകമായ ഭാഷ കണ്ടെത്താനാണ് ഞാനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ഭാഷ കണ്ടെത്താനുള്ള ശ്രമം തന്നെയാണ് എന്റെ കലാവിഷ്‌കാരങ്ങൾ. എന്നെ വിശദീകരിക്കാനോ കണ്ടെത്താനോ കഴിയുന്ന ഒരു ഭാഷയെ തേടിയാണ് ഞാൻ സിനിമയിലും അനുബന്ധ കലാവിഷ്‌കാരങ്ങളിലും ഏർപ്പെടുന്നത്. വ്യക്തിപരമായി ഞാൻ എന്നെ ഒരു പൊളിറ്റിക്കൽ ടെക്‌സ്റ്റ് ആയാണ്, ഒരു പൊളിറ്റിക്കൽ വോയ്‌സ് ആയല്ല കാണുന്നത്.

ക്യാമറയുള്ള മൊബൈൽ ഫോണിന്റെ വരവിനുമുൻപ് വിഷ്വൽ ലാംഗ്വേജിൽ നടന്നിട്ടുള്ള ആവിഷ്‌കാരം സിനിമകളും ഡോക്യുമെന്ററികളും ആണ്. ടെലിവിഷനും ഫോട്ടോഗ്രാഫിയും ആ ഭാഷയിലെ മറ്റ് ധാരകളാണ്. വിഷ്വൽ ഭാഷയിൽ ഇപ്പോൾ ഇതൊന്നുമല്ലാത്ത ധാരാളം ആവിഷ്‌കാരങ്ങൾ നടക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെ സീരീസുകൾ, സോഷ്യൽ മീഡിയയിലെ റീലുകളും ഷോട്ട്‌സുകളും ഒക്കെ. ക്യാമറയോടുള്ള, പ്രൊഡക്ഷൻ രീതികളോടുള്ള മനുഷ്യരുടെ കൗതുകം ഇപ്പോൾ മറ്റൊരു തരത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ സിനിമാചിന്തകളെ എങ്ങനെയാണ് ബാധിക്കുന്നത്?

മുഹ്‌സിൻ പരാരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ഡോക്യുഫിലിം 'നേറ്റീവ് ബാപ്പ' യിൽ നിന്ന്

വിഷ്വൽ മീഡിയയിൽ നടന്ന റവലൂഷൻ സ്വഭാവികമായും സിനിമയെയും സ്വാധീനിക്കും. ഏത് സ്‌കെയിലിലും നമുക്ക് സിനിമയെ ആലോചിക്കാം. സാങ്കേതികവിദ്യയുടെ വികാസം എല്ലാ ഡൈമെൻഷനിലുമുണ്ട്, വളരെ വലിയ കാൻവാസിലും ചെറിയ കാൻവാസിലും. സിനിമ എന്ന സങ്കേതം ഇപ്പോൾ എല്ലാവർക്കും സാധ്യമാണ്. അതായത് കുറച്ച് ഫൂട്ടേജുകൾ ഷൂട്ട് ചെയ്യുന്നു, എഡിറ്റു ചെയ്യുന്നു, അതൊരു പ്ലാറ്റ്‌ഫോമിൽ പ്രസൻറ്​ ചെയ്യുന്നു, ശബ്ദ- ദൃശ്യ വിന്യാസങ്ങളിലൂടെ ആളുകൾക്ക് സംവേദനക്ഷമമായ സൃഷ്ടിയാക്കി മാറ്റുന്നു എന്ന പ്രക്രിയ ഇപ്പോൾ എല്ലാവർക്കും സാധ്യമാണ്, പല ഫോമുകളിലും. അതേസമയം, ഓരോ കാൻവാസിലും ഓരോ റപ്രസന്റേഷനാണ്, പ്രസക്തിയാണ് ഓരോ ആവിഷ്‌കാരങ്ങൾക്കുമുള്ളത്. വലിയ സ്‌കെയിലിലുള്ള സിനിമയും നമ്മൾ കാണുന്നുണ്ട്, സിക്‌സ് സെക്കൻഡ് വൈനും നമ്മൾ കാണുന്നുണ്ട്. എല്ലാം ആവിഷ്‌കാരങ്ങൾ തന്നെയാണ്, എല്ലാത്തിനും അതിന്റേതായ സ്വാധീനങ്ങളുമുണ്ട്. ഒന്ന് മറ്റൊന്നിനെ റീപ്ലേസ് ചെയ്യുന്നു എന്ന അർഥത്തിലല്ല, എല്ലാത്തിനും അതിന്റേമായ സ്ഥലം കണ്ടെത്താൻ കഴിയുന്നുമുണ്ട്.

സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?

അങ്ങനെ ചിന്തിക്കാൻ പോലും ആഗ്രഹിക്കുന്നില്ല, അവസാനപ്രത്യാശയും കൈവിടാൻ ആഗ്രഹമില്ല. ▮


മുഹ്‌സിൻ പരാരി

തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംവിധായകൻ. KL10 പത്ത്​ എന്ന സിനിമ സംവിധാനം ചെയ്​തു. സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാൽ ലൗ സ്റ്റോറി, തല്ലുമാല എന്നി സിനിമകളുടെ സഹതിരക്കഥാകൃത്ത്​.

Comments