അതിർത്തിയിൽ പങ്കുവെക്കുന്ന സ്‌നേഹം; പാങ് ഗോങ് സോയിൽ ത്രീ ഇഡിയറ്റ്‌സ് ഷൂട്ട് ചെയ്ത ക്യാമറമാൻ എഴുതുന്നു

ഇന്ത്യ - ചൈന അതിർത്തിയിൽ സംഘർഷം പുകയുമ്പോൾ, അതേ അതിർത്തി ഗ്രാമമായ പാങ്ങ് ഗൊങ്ങ് സോയിൽ വെച്ച് ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തതിൻറെ അനുഭവം പങ്കുവെയ്ക്കുകയാണ് മലയാളി ക്യാമറാമാൻ മുരളീധരൻ സി.കെ. അതിർത്തി ഗ്രാമങ്ങളിലെ മനുഷ്യരെക്കുറിച്ച്, അതിരുകളെ അപ്രസക്തമാക്കി പട്ടാളക്കാർ പങ്കിടുന്ന സ്നേഹത്തേയും ഭക്ഷണത്തെയും കുറിച്ച് അദ്ദേഹം എഴുതുന്നു. ആർക്കു വേണ്ടിയാണ് രാജ്യങ്ങൾ അതിർത്തിയ്ക്കുമേൽ പോരാടുന്നത് എന്ന് ചോദിക്കുകയാണ് ലേഖകൻ.

അത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജാ
കെ. ഇ. കോളേജിലെ മലയാളം ക്ലസ്സിലാണ് ആദ്യം ഹിമാലയത്തെക്കുറിച്ചുള്ള കാളിദാസവർണ്ണന കേൾക്കുന്നത്. വായിൽക്കൊള്ളാത്ത ഒരു സംസ്‌കൃത വർണ്ണന എന്നേ അന്നു മനസ്സിലാക്കിയുള്ളൂ. 2008 ൽ ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിന്റെ ലൊക്കേഷൻ കാഴ്ചയുടെ ഭാഗമായി ഹിമാലയത്തിലെത്തിയപ്പോഴാണ് കാളിദാസനെ വായിൽ കൊള്ളാഞ്ഞതെന്താണെന്നു മനസ്സിലായത്. വാക്കിനും നോക്കിനും മെരുങ്ങാതെ കിടക്കുന്ന വിസ്മയം. മനുഷ്യൻ എത്ര നിസ്സാരനാണെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന നോക്കെത്താദൂരത്തെ പർവത ശൃംഖല.
2008 സെപ്തംബർ 17, ത്രീ ഇഡിയറ്റ്‌സ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാൻ ഞങ്ങൾ "ത്സു മോ രി രി' എന്ന തടാകക്കരയിലെത്തി. നവംബർ മാസത്തോടെ ഹിമാലയത്തിൽ മഞ്ഞു വീഴ്ച തുടങ്ങും. അതിനു മുൻപ് നല്ല കലാവസ്ഥ കിട്ടുന്ന ഒരു ഇടവേളയാണ് സെപ്തംബർ.

സൂര്യന്റെ സുവർണ സായാഹ്ന കിരണങ്ങളിൽ കുളിച്ചു കിടക്കുന്ന തടാകം ഒരു മനോഹര ദൃശ്യമായിരുന്നു. കരയോടു ചേർന്ന് ഒരു ചെറിയ ഗ്രാമം. അതിനു മുൻപിലായി, പാറക്കല്ലുകൾക്കിടയിലെ ഒരു തുണ്ടുഭൂമിയിൽ വളർന്നു നിൽക്കുന്ന നെൽച്ചെടികൾ. ആ ചെറിയ വയലിലേക്ക് നോക്കി നിന്ന എന്നോട് ഗ്രാമവാസികളിലൊരാൾ പറഞ്ഞു:

ഒരു മൂന്നാഴ്ച കൂടി കഴിഞ്ഞാൽ കൊയ്യാം. മഞ്ഞു കാലം വരും മുൻപ് കൊയ്‌തെടുക്കണം. ഞങ്ങളുടെ അടുത്ത ആറു മാസത്തെ ഭക്ഷണമാണ്. അയാളുടെ മുഖത്തെ നിറഞ്ഞ ചിരിയിൽ അവിടെ ആ വരണ്ട ഭൂമിയിൽ വിളയിച്ചുണ്ടാക്കിയതിന്റെ അഭിമാനം മുഴുവനുണ്ടായിരുന്നു.
200 പേരോളം വരുന്ന ഞങ്ങളുടെ ടീം ചുറ്റുവട്ടത്തുള്ള ചെറിയ കെട്ടിടങളിലും അടുത്ത ഗ്രാമത്തിലെ വീടുകളിലും കുറേ ടെന്റുകളിലും ഒക്കെയായി തമ്പടിച്ചു..
രണ്ടു ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ടീം, പത്തിലേറെ പേരുള്ള കുക്കിങ് ടീം, നൂറോളം പേരുടെ ഷൂട്ടിങ് ടീം, നടീ നടന്മാർ, ജനറേറ്ററുകൾക്കാവശ്യമായ രണ്ടു ഡീസൽ ട്രക്ക് അങ്ങനെ വണ്ടികളുടേയും മനുഷ്യരുടേയും ഒരു വലിയ സംഘം.
രാവിലെ തന്നെ ഞങ്ങൾ തടാകക്കരയിലെത്തി. റാഞ്ചോ (ആമീർ ഖാൻ) ഒരു ചെറിയ വിമാനം പറത്തുന്നതാണു സീൻ. പത്തിരുപത് കുട്ടികളുമുണ്ട്. ഞാൻ ഫ്രെയിം സെറ്റ് ചെയ്തു. പക്ഷേ കാണാൻ ഒരു ഭംഗി ഇല്ല. അന്തരീക്ഷം മേഘാവൃതമാണ്. ഞാൻ പറഞ്ഞു നമുക്ക് കുറച്ച് വെയിറ്റ് ചെയ്യാം. സൂര്യൻ വെളിയിൽ വരട്ടെ. തടാകത്തിലെ വെള്ളത്തിനടിയിലേക്ക് സൂര്യരശ്മി പതിച്ചാലേ വെള്ളത്തിനു നിറം ഉണ്ടാവൂ. ആ വെയ്റ്റിങ് ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു. കുട്ടികൾ അക്ഷമരാകാൻ തുടങ്ങി. പക്ഷേ സൂര്യൻ പുറത്തുവന്നില്ല.

പാങ്‌ഗോങ് സോയിലെ ത്രീ ഇഡിയറ്റ്‌സിന്റെ ലൊക്കേഷൻ
പാങ്‌ഗോങ് സോയിലെ ത്രീ ഇഡിയറ്റ്‌സിന്റെ ലൊക്കേഷൻ

കുറെ ദൂരെ ആകാശച്ചെരുവിൽ ഒരു താഴ് വരയിലേക്ക് താഴ്ന്ന് ഇറങ്ങുന്ന ചാരനിറത്തിലുള്ള ഒരു മേഘം. ഹിമാലയ തീരത്ത് ജനിച്ചു വളർന്ന "കാക്കു' എന്ന എന്റെ അസിസ്റ്റന്റിനെ ഞാൻ വിളിച്ചു.

ആ കാണുന്നത് എന്താണ്?

അത് മഞ്ഞു പെയ്യുന്നതാണ്

അത് ഇങ്ങോട്ട് വരുമോ.

വരാം... വരാതിരിക്കാം. ഞാനെങ്ങനെ പറയും?

കുട്ടികളെ ഞങ്ങൾ ഡൈനിങ് ടെന്റിലേക്ക് മാറ്റി. വീണ്ടും ഒരു മണിക്കൂർ കൂടി കഴിഞ്ഞു. കാലാവസ്ഥ ഇരുണ്ടു തുടങ്ങി. പതുക്കെപ്പതുക്കെ എല്ലാവരും ഡൈനിങ് ടെന്റിലേക്കു മാറി. ഇരുണ്ടു വരുന്ന ആകാശത്തേക്ക് നോക്കി ഞാൻ നിന്നു. പതുക്കെപ്പതുക്കെ മഞ്ഞു പെയ്തു തുടങ്ങി... ആകാശത്തു നിന്നും സാവധാനത്തിൽ താഴേക്ക് വീഴുന്ന വെളുത്ത ഇലഞ്ഞിപ്പൂക്കൾ. ഇത്രയും മനോഹരമായ ഒരു ദൃശ്യം എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. അഞ്ച് ഇതളുകൾ ഉള്ള ചെറിയ മഞ്ഞുപൂക്കൾ എന്റെ മുഖത്താകെ വീണു കൊണ്ടിരുന്നു. സുഹൃത്തുക്കൾ ടെന്റിലേക്കു വിളിച്ചു.

അവിടെ നിൽക്കേണ്ട, അസുഖം ഉണ്ടാകും

ഞാൻ പോയില്ല. ഹിമാലയത്തിനു മുകളിൽ ആദ്യത്തെ മഞ്ഞു വീഴ്ച അനുഭവിക്കാൻ ഇനിയെന്ന് യോഗം ഉണ്ടാവാൻ.

ഉച്ച കഴിഞ്ഞു. കാലാവസ്ഥ അതേപടി തുടരുന്നു. ഇപ്പോൾ എല്ലാം ധവള വർണ്ണം. തണുപ്പ് പൂജ്യത്തിനു താഴേക്കെത്തിയെന്നു തോന്നുന്നു. ഞാൻ എന്റെ മുറിയിലേക്കു വലിഞ്ഞു. അതിരാവിലെ എണീറ്റതാണ്. കണ്ണിലേക്ക് മയക്കം കയറി വന്നപ്പോഴേക്കും വാക്കിടോക്കി ചിലച്ചു. അസിസ്റ്റന്റ് കാക്കു ആണ് അങ്ങേത്തലയ്ക്കൽ.

"ഞാൻ കുറെ നേരമായി ട്രൈ ചെയ്യുന്നു. ഇപ്പോൾതന്നെ ഒരു രണ്ടടി മഞ്ഞു ഉണ്ടാവും പുറത്ത്. ഈ രാത്രി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റിയെന്നു വരില്ല. നാളെ രാവിലെ സൂര്യനുദിച്ചാൽ മുകളിലത്തെ പാളി ഉറച്ചു പോകും. പിന്നെ പുറത്തിറങ്ങാനേ പറ്റില്ല. ചിലപ്പോൾ മാസങ്ങളോളം ഇവിടെ കുടുങ്ങി പോയേക്കാം. എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെട്ടേ പറ്റൂ.

എന്റെ ഉറക്കം പമ്പ കടന്നു. ഞാൻ പുറത്തിറങ്ങി നോക്കി. എല്ലായിടത്തും ഒരു നരച്ച വെളുപ്പു നിറം. ഒരു പതിനഞ്ചടി അപ്പുറത്തേക്ക് ഒന്നും കാണാനില്ല.

ഞാൻ ഡൈനിംഗ് ടെന്റിൽ എത്തിയപ്പോഴേക്കും സംവിധായകൻ രാജു ഹിറാനിയും മറ്റ് യൂണിറ്റ് അംഗങ്ങളും അവിടെ എത്തിക്കഴിഞ്ഞിരുന്നു. അധികം ചർച്ച ചെയ്യാൻ സമയം ഉണ്ടായിരുന്നില്ല എത്രയും പെട്ടെന്ന് തടാകക്കര വിട്ടു "ലേ' യിലെ ക്ക് മടങ്ങുവാൻ ഞങ്ങൾ തീരുമാനിച്ചു. യൂണിറ്റിൽ ഉള്ള എല്ലാവരോടും എത്രയും പെട്ടെന്ന് സ്ഥലം വിടാൻ ഉള്ള നിർദ്ദേശങ്ങൾ കൊടുത്തു.

ഞാനും രാജുവും കൂടി ഒരു വണ്ടിയിൽ കയറി യാത്ര തുടങ്ങുമ്പോഴേക്കും സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു. ഗ്രാമവാസികളോട് യാത്ര പറയാൻ പുറത്തേക്ക് നോക്കി. അവരെല്ലാവരും നെൽ വയലിനു ചുറ്റുമായി മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന നെൽകതിരുകളിലേക്ക് നോക്കി നില്പുണ്ടായിരുന്നു.

മുരളീധരൻ.സി.കെ.
മുരളീധരൻ.സി.കെ.

കാറിന്റെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ മുൻപിൽ പോകുന്ന വാനിന്റെ ടയറുകൾ മഞ്ഞിൽ പുതഞ്ഞ് കൊക്കയുടെ സൈഡിലേക്ക് തെന്നി മാറുന്നത് കാണാമായിരുന്നു. യാത്രയിലുടനീളം ആരും ഒന്നും സംസാരിച്ചില്ല. രാത്രി രണ്ടു മണിയോടെ ഞങ്ങൾ "ലെ' യിലെ ഹോട്ടലിലെത്തി. പിറ്റേന്ന് രാവിലത്തെ ഫ്‌ളൈറ്റിൽ സിംലയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. അടുത്ത ഷെഡ്യൂൾ സിംലയിൽ ആണ്. അതേ ഫ്‌ളൈറ്റിൽ തന്നെ എന്റെ രണ്ട് അസിസ്റ്റന്റ് മാരെ കൂടി കയറ്റിവിടാൻ പ്രൊഡക്ഷനു നിർദ്ദേശം കൊടുത്തു ഞാൻ ഉറങ്ങാൻ കിടന്നു. അതിരാവിലെ ആറുമണിക്ക് ഞാനും രാജുവും എയർപോർട്ടിലെത്തി. എന്റെ അസിസ്റ്റന്റ്‌സ്‌നെ അവിടെ കണ്ടില്ല. രാത്രിയിൽ താമസിച്ചെത്തി രാവിലെ ഉണരാത്തതാവുമെന്ന് എനിക്കു ഉറപ്പായിരുന്നു. മൊബൈലിൽ ഒന്നും അവരെ കിട്ടുന്നുണ്ടായിരുന്നില്ല. ഏഴുമണിയോടെ കാലാവസ്ഥ മോശമായ കാരണം ഫ്‌ളൈറ്റ് പുറപ്പെടുന്നതല്ല എന്ന അനൗൺസ്‌മെന്റ് വന്നു. എന്റെ അസിസ്റ്റന്റ് മാരെ വിളിച്ചുണർത്തി എന്റെ ഹോട്ടലിൽ എത്തിക്കാൻ നിർദ്ദേശം കൊടുത്തു ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.

ബ്രേക്ഫാസ്റ്റ് ഓർഡർ കൊടുത്തപ്പോഴേക്കും പ്രൊഡക്ഷൻ മാനേജർ തിരിച്ചെത്തി.

സാറിന്റെ ടീമിലുള്ള ഉള്ള അഞ്ചുപേർ നമ്മുടെ യൂണിറ്റ് താമസിക്കുന്ന ഒരു ഹോട്ടലിലും ചെക്ക് ഇൻ ചെയ്തിട്ടില്ല. എന്റെ രണ്ട് അസിസ്റ്റൻസ്, ഫോക്കസ് പുള്ളർ, ഗാഫർ, ഗ്രിപ്പ് എന്നിവരായിരുന്നു ആ അഞ്ചു പേർ.

ഏതാണ്ട് ആറ് ട്രക്കുകൾ, പത്തോളം കാറുകൾ, 25 ൽ ഏറെപ്പേർ ഇപ്പോഴും തടാകക്കരയിൽ തന്നെയുണ്ട്. അവർക്ക് ഇന്നലെ രാത്രി പുറപ്പെടാൻ കഴിഞ്ഞില്ല. ഒരുപക്ഷേ ഈ ടീം അവരോടൊപ്പം ഉണ്ടാവും. പ്രൊഡക്ഷന്റെ കയ്യിൽ ഒരു സാറ്റ് ഫോൺ ഉണ്ട്. നമുക്ക് അങ്ങോട്ട് വിളിക്കാനാവില്ല. ഉച്ചയ്ക്ക് മുൻപ് അവർ നമ്മളെ വിളിച്ചേക്കും.

മനസ്സിലെവിടെയോ കൊളുത്തിപ്പിടിക്കുന്ന കുറേ ആശങ്കകൾ.

സാറ്റ്‌ഫോണിന്റെ വിളി പ്രതീക്ഷിച്ചു ഞങ്ങളെല്ലവരും ആ വരാന്തയിൽ തന്നെ ഇരുന്നു.

11 മണിയോടെ സാറ്റ്‌ഫോൺ വിളിയെത്തി.

എന്റെ ടീം അവരൊടൊപ്പമില്ല. ഇന്നലെ രാത്രിയിൽ തന്നെ അവർ അഞ്ചു പേരും ഒരു വണ്ടിയിൽ കയറി പുറപ്പെടുന്നതു കണ്ടവരുണ്ട്.

പുറത്ത് 4-5 അടി കനത്തിൽ മഞ്ഞുണ്ട്. നടക്കാൻ ബുദ്ധിമുട്ടാണ്, എങ്കിലും അന്വേഷിച്ചു തിരിച്ചു വിളിക്കാം.

ആ നിമിഷം മുതൽ ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ആ വണ്ടിയും അതിലെ യാത്രക്കാരെയും എങ്ങനെ കണ്ടു പിടിക്കും എന്ന ഒരു ചിന്ത മാത്രമായിരുന്നു.

ഇരുട്ടിൽ കനത്ത മഞ്ഞു വീഴ്ച്ചയിൽ വഴി തെറ്റി പോയിരിക്കാം.

ആയിരക്കണക്കിനു അടി തഴ്ച്ചയുള്ള മലഞ്ചെരിവുകളിലൂടെയാണു യാത്ര. എന്തും സംഭവിക്കാം.

ITBP (Indo Tibetan Border Police) യെയും ലേ ആർമി കമാൻഡെറെയും വിവരമറിയിച്ചു.

കനത്ത മഞ്ഞു വീഴ്ച കാരണം റോഡു വഴിയുള്ള അന്വേഷണം സാദ്ധ്യമല്ലെന്നായിരുന്നു അവരുടെ മറുപടി.

ഡൽഹിയിൽ എയർ ഫോഴ്സുമായി ബന്ധപ്പെട്ടു. കോർഡിനേറ്റ്‌സ് തന്നാൽ ഹെലികോപ്റ്റർ അയക്കാം എന്നവർ പറഞ്ഞു.

പട്ടണത്തിലെ ഒരു സൈബർ കഫേ തുറപ്പിച്ച്, ഗൂഗിൾ എർത്ത് വഴി തടാകത്തിന്റെ കോർഡിനേറ്റ്‌സ് തപ്പിയെടുത്ത് അവരെ വിളിച്ചപ്പൊഴേക്കും രണ്ടു മണി കഴിഞ്ഞിരുന്നു. ഉച്ചയോടെ വിസിബിലിറ്റി വീണ്ടും കുറഞ്ഞതിനാൽ ഇന്ന് ഇനി ഒന്നും ചെയ്യാൻ പറ്റില്ലെന്നും നാളെയാവെട്ടെയെന്നും പറഞ്ഞ് അവർ കൈ മലർത്തി.

എന്റെ ടീം എനിക്കു വളരെ വേണ്ടപ്പെട്ടവരാണ്. പലരും പത്തിലേറെ വർഷങ്ങളായി എന്നോടൊപ്പം ജോലി ചെയ്യുന്നവർ. അവരുടെ കുടുംബത്തേയും കുട്ടികളേയും ഒക്കെ എനിക്കു നന്നായറിയാം.
ഞങ്ങളുടെ ആഹാരം മേശപ്പുറത്തു തണുത്തു മരവിച്ചിരുന്നു. ആരും ഒന്നും കഴിച്ചില്ല.

മൂന്നു മണിയൊടെ സാറ്റ്‌ഫോൺ വിളിയെത്തി.

അവർ സുരക്ഷിതരാണ്. രാത്രി വൈകി പുറപ്പെട്ട അവരുടെ വണ്ടി കുറെ ദൂരം പോയതിനു ശേഷം വഴിയറിയാതെ മഞ്ഞിൽ പുതഞ്ഞു നിന്നുപോവുകയും സമീപത്തുള്ള ഒരു ഗ്രാമത്തിൽ അവർ അഭയം തേടുകയും ചെയ്തു.

രാത്രി വളരെ വൈകി എല്ലാവരും "ലേ' യിൽ എത്തിച്ചേർന്നു.

ക്ലൈമാക്‌സിന്റെ ഒരു ഫ്രെയിം പോലും ഷൂട്ട് ചെയ്യാതെ ഞങ്ങൾ തിരികെ പോന്നു.

പത്തു മാസത്തിനു ശേഷം 2009 ജൂൺ 12ന് ഇതേ സീൻ ഷൂട്ട് ചെയ്യാൻ ഞങ്ങൾ വീണ്ടും ലഡാക്കിൽ തിരിച്ചെത്തി.

ദേശാടനപ്പക്ഷികളുടെ വരവു കാരണം ത്സു മൊ രി രി ക്കു പകരം ഞങ്ങൾ തിരഞ്ഞെടുത്തത് മറ്റൊരു ലൊക്കേഷൻ ആയിരുന്നു.

പാങ്‌ഗൊങ് സൊ

ലേ യിൽ നിന്നും 157 കിമി ദൂരം. ചെങ്കുത്തായ മലഞ്ചെരുവുകളിലെ ഇടുങ്ങിയ പാതകളിലൂടെ ഓടിയെത്താൻ ആറു മണിക്കൂറെങ്കിലും വേണം. ലേയിൽ നിന്നും പുറപ്പെടുന്ന പാതയുടെ ഇരുവശങ്ങളിലും ആർമി ക്യാമ്പുകൾ. പല പേരിൽ പല ബറ്റാലിയനുകളിലായി കിലോമീറ്ററുകളോളം ആർമി മാത്രം.

സമുദ്ര നിരപ്പിൽ നിന്നും 14270 അടി ഉയരം.

134 കി മീ നീളത്തിൽ ഒരു ജലാശയം.

ഏറ്റവും കൂടിയ വീതി 5 കി മീ.

പകുതിയോളം ഇന്ത്യയുടെ കൈവശം. ബാക്കി ചൈനയുടെ കൈവശം.

ഇന്ത്യൻ സൈഡിൽ വെള്ളത്തിന് ഉപ്പു രസമാണു. മീനുകളൊന്നുമില്ല

ചൈനീസ് സൈഡിൽ വെള്ളത്തിന് ഉപ്പില്ല. ധാരാളം മീനുകളുണ്ടുതാനും.

തടകത്തിനിരുവശവുമായി പല വർണ്ണത്തിലുള്ള പർവതങ്ങൾ.

വെള്ളത്തിനു പച്ച കലർന്ന കടും നീല നിറം.

ഞാനും രാജുവും മറ്റു കുറച്ചു പേരും ഷൂട്ടിങ്ങിനു നാലഞ്ചു ദിവസം മുൻപേ എത്തി.

തടാകത്തിനടുത്തുള്ള ITBP സ്റ്റേഷനിലെ ജവാന്മാരുമായി കുറേ നേരം സംസാരിച്ചു.

ഈ വിജനതയിൽ വെറുതെ ഇരുന്നാൽ ബോറടിക്കില്ലെ?

എയ്, ഞങ്ങൾ പലപ്പോഴും ബോട്ടിൽ ചൈനീസ് സൈഡിലേക്കു പോകും. അവർ ഇങ്ങോട്ടും വരും. അവിടെ ചെന്നാൽ നല്ല മത്സ്യം കിട്ടും. നമുക്കൊരു ദിവസം അങ്ങോട്ടു പോകാം.

തീർച്ചയായും. ഷൂട്ടിങ് കഴിയുന്ന ദിവസം നമുക്കു പോകാം.

ഹിമാലയത്തിനു മുകലിലെ ജലാശയത്തിലൂടേ ഒരു ദീർഘയാത്ര.

ഷൂട്ടിങ്ങിന് ഇങ്ങനെ ചില ഗുണങ്ങളുണ്ട്. മറ്റാർക്കും പോകാനാവാത്ത പല സ്ഥലങ്ങളിലൂടെയും പോകാനാവും. ആ യാത്രയുടെ പ്രതീക്ഷയിൽ ഞാൻ തണുപ്പു മറന്നു.
ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഞങ്ങൾ താമസിച്ചിരുന്ന ഗ്രാമത്തിൽ ഫോൺ സൗകര്യം ഉണ്ടായിരുന്നില്ല. മൊബൈലിനൊന്നും അവിടെ കണക്ഷൻ ഇല്ല. അത്യാവശ്യമായി മുംബൈയിലേക്ക് ഒരു ഫോൺ ചെയ്യാനായി ഞാനും എന്റെ സുഹൃത്തും കൂടി അടുത്തുള്ള ആർമി ഹെഡ് ക്വാർടേർസിലേക്ക് പുറപ്പെട്ടു.

കുറച്ചു ദൂരം ചെന്നപ്പോൾ സ്‌കൂൾ ബാഗുമൊക്കെയായി ഒരു പെൺകുട്ടി ഞങ്ങളുടെ ജീപ്പിനു കൈ കാണിച്ചു. ആർമി ഓഫീസിനു മുൻപിൽ അവളെ ഇറക്കി വിട്ടു ഞങ്ങൾ ഉള്ളിലേക്കു പോയി. ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം ഞങ്ങൾ തിരികെ വരുമ്പോൾ അവൾ അവിടെത്തന്നെ നില്പുണ്ടായിരുന്നു. ഞങ്ങൾ വണ്ടി നിറുത്തി.

എന്നെ അവിടേത്തന്നെ തിരിച്ചു വിടാമൊ?

അവൾ ജീപ്പിൽ കയറി.

എന്തു പറ്റി?

വണ്ടിയൊന്നും കിട്ടിയില്ല. ഇനി വണ്ടി കിട്ടി എത്തുമ്പോഴേക്കും പരീക്ഷ കഴിയും.

പരീക്ഷയാണോ? എവിടെയാണ് സ്‌കൂൾ

ലേ യിൽ. രണ്ടു ദിവസമായി ബസ് വരുന്നില്ല. ഇന്നലത്തെ പരീക്ഷയും മുടങ്ങി.

ഇനിയെന്തു ചെയ്യും

ഒരു പഹാഡിക്കു മാത്രം സ്വതസിദ്ധമായ ശാന്തതയിൽ അവൾ പറഞ്ഞു.

അറിയില്ല. നാളെ നോക്കാം.

ഇറങ്ങുമ്പോൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു, താഴെ ദൂരെ ഒരു പച്ചപ്പൊട്ടു പോലെ കാണുന്ന ഗ്രാമത്തിലേക്കു അവൾ പതുക്കെ നടന്നു പോയി.

നാലു ദിവസത്തിനു ശേഷം യൂണിറ്റ് മുഴുവൻ എത്തി. ഒന്നു രണ്ടൂ ലോഡ്ജുകളിലും വീടുകളിലും ടെന്റുകളിലുമൊക്കെയായി അവർ ഗ്രാമത്തെ സജീവമാക്കി.

പിടിവിടാതെ എന്നൊടൊപ്പം നിൽക്കുന്ന തലവേദന. ഇന്നു നാലു ദിവസമായി. ഞാൻ യൂണിറ്റ് ഡോക്റ്ററെ പോയി കണ്ടൂ.

നിങ്ങൾക്കു കുഴപ്പമൊന്നുമില്ല. ഇവിടുത്തെ അന്തരീക്ഷത്തിൽ ഓക്‌സിജൻ കുറവായതു കൊണ്ട് സംഭവിക്കുന്നതാണ്. പതുക്കെ മാറിക്കോളും. അധികം കടുപ്പമുള്ള പണിയൊന്നും ചെയ്യണ്ട.

ഷൂട്ടിങ് തുടങ്ങി.

രാവിലെ മൂന്നിന് എണീക്കണം.നാല് മണിക്കു പുറപ്പെട്ടാൽ 4.45 ഓടു കൂടി ലൊക്കേഷനിൽ എത്തും. അര മണിക്കൂർ ബ്രേക് ഫാസ്റ്റ്. ഷൂട്ടിങ് സ്ഥലത്തെത്തുമ്പോൾ 5.15

5.30നു സൂര്യോദയം.

ഉച്ചക്കത്തെ ഭക്ഷണം ഷൂട്ട് ചെയ്യുന്നിടത്തു തന്നെ. കാരണം ഡൈനിങ് ടെന്റ് വരെ പോയി വരാനുള്ള സമയം ഇല്ല, ആരോഗ്യവും.

അഞ്ചു മണിയോടെ സൂര്യാസതമനമാകും.

നാം സാധാരണ നടക്കുന്ന സ്പീഡിൽ നടന്നാൽ പത്തടി കഴിയുമ്പോൾ കിതക്കാൻ തുടങ്ങും.

അവിടത്തുകാരായ കുറേ പേരേ സാധനങ്ങൾ ചുമക്കാൻ ഞങ്ങൾ കൂടെ കൂട്ടിയിരുന്നു. അവർക്കു കുഴപ്പമൊന്നുമില്ല.

വൈകിട്ട് ഡൈനിങ് ടെന്റിൽ ഡോകടർ എന്റെ അടുത്തു വന്നു.

ഇന്നു പല പ്രാവശ്യം ഞാൻ നിങ്ങളുടെ അടുത്തു വന്നിരുന്നു. നിങ്ങളുടെ തിരക്കു കണ്ടു എനിക്കു ശല്യപ്പെടുത്താൻ തോന്നിയില്ല.

എന്തിന്?

നിങ്ങളുടെ ഓക്‌സിജൻ നില പരിശോധിക്കേണ്ടിയിരുന്നു. തലവേദന എങ്ങിനെയുണ്ട്?

അവർ എന്റെ വിരൽത്തുമ്പിൽ ഓക്‌സിമീറ്റർ ഘടിപ്പിച്ചു.

ഓക്‌സിജൻ കുറവാണ്, പക്ഷേ പേടിക്കേണ്ടാ.

നാളെ എന്നെ ശല്യപ്പെടുത്താൻ മടിക്കരുത്. ഞാൻ നേരേ നിന്നേ പറ്റൂ.

"ആൾറ്റിറ്റൂഡ് സിക്‌നെസ്സ്', സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.

ഞങ്ങളുടെ യൂണിറ്റിൽ നിന്നും ദിവസവും രണ്ടും മൂന്നും പേരായി വീണു തുടങ്ങി. വീഴുന്നവരെ മെഡിക്കൽ ടെന്റിലേക്കു മാറ്റും. പിറ്റേ ദിവസത്തേക്കും നേരെ ആയില്ലെങ്കിൽ രാവിലെ ലേ യിലെ ആശുപത്രിയിലേക്കു മാറ്റും.

നടീ നടന്മാരുടെ കാര്യമായിരുന്നു ഏറ്റവും കഷ്ടം. ഞങ്ങളൊക്കെ സ്വെറ്ററും ജാക്കറ്റും തൊപ്പിയും ഒക്കെയായി നിൽക്കുമ്പോൾ അവർ സാധാരണ ഡ്രെസ്സിൽ തന്നെ ഓടുകയും ചാടുകയും മല്ലടിക്കുകയുമൊക്കെ ചെയ്യേണ്ടി വന്നു. ആമീർ സ്ഥിരമായി ഓക്‌സിജൻ സിലിൻഡറിന്റെ അടുത്തു തന്നെ കൂടി. അവരിൽ ഏറ്റവും ശക്തയായി നിന്നത് കരീനയായിരുന്നു. സ്ഥിരമായ അവളുടെ യോഗാഭ്യാസമായിരിക്കാം അതിനു കാരണം. ഇടക്കു കരീനയുടെ അതിഥിയായെത്തിയ സയ്ഫ് അലിഖാൻ ലോഡ്ജിൽ നിന്നും ലൊകേഷൻ വരെ 25 കി മി നടന്നെത്തിയതും വലിയ വാർത്തയായിരുന്നു.

വലിയ പ്രശ്‌നങ്ങൊളൊന്നുമില്ലാതെ നല്ല വേഗത്തിൽ തന്നെ ഷൂട്ടിങ് പുരോഗമിച്ചു.

നാലാം ദിവസം ഉച്ച കഴിഞ്ഞു. ഇനി ഒരു ആങ്ഗിൾ മാത്രമേ ബാക്കിയുള്ളു. സൂര്യൻ പടിഞ്ഞാട്ടേക്കു തിരിഞ്ഞതിനാൽ എനിക്ക് അത് അപ്പോൾ ചെയ്യാൻ താല്പര്യമുണ്ടായിരുന്നില്ല. ബാക്കി നാളെയാവാമെന്നു ഞാൻ പറഞ്ഞു.

ഏതാണ്ട് 100 ഓളം വരുന്ന യൂണിറ്റ് അംഗങ്ങൾ എന്റെ ചുറ്റും കൂടി.

'സർ എങ്ങനെയെങ്കിലും തീർക്കണം. ആരുടേയും ആരോഗ്യസ്ഥിതി നല്ലതല്ല. എത്രയും പെട്ടെന്ന് ഇതു തീർത്ത് തിരികെ പോകണം.'

എന്റെ മനസ്സിൽ അടുത്ത ദിവസം ഉച്ച വരെ ഷൂട്ട് ചെയ്ത് ഉച്ചക്കു ശേഷം പാങ്‌ഗൊങ് തടാകത്തിലൂടെ ചൈന അതിർത്തി വരെ പോകാനുള്ള മോഹമായിരുന്നു മുൻപിട്ടു നിന്നത്.

അവസാനം എല്ലാരുടേയും നിർബന്ധത്തിനു വഴങ്ങി, ആ സീനിനു വേണ്ടി എന്റെ മനസ്സിലുണ്ടായിരുന്ന പദ്ധതികളിൽ ചില മാറ്റങ്ങളൊക്കെ വരുത്തി ഞാൻ അതു ഷൂട്ട് ചെയ്ത് തീർത്തു.

മാത്രമല്ല, എട്ടാമത്തെ ദിവസവും എന്റെ തലവേദന അതേപടി തുടരുന്നുണ്ടായിരുന്നു.

അന്നു രാത്രി തന്നെ ഞങ്ങൾ എല്ലാവരും പാങ്‌ഗൊങ് വിട്ടു.

പടം റിലീസ് ചെയ്ത് രണ്ടു മാസങ്ങൾക്കു ശേഷം ലഡാക് ലൊക്കേഷൻ കോർഡിനേറ്റർ ജോർജിന്റെ ഫോൺ വന്നു. അദ്ദേഹത്തിന് അവിടെ ഒരു ലോക്കൽ ടൂറിസ്റ്റ് ഓഫീസ് ഉണ്ട്.

സർ. നിങ്ങൾ കാരണം എനിക്കു വീട്ടിലിരിക്കാൻ വയ്യാണ്ടായിരിക്കുന്നു.

എന്തു പറ്റി?

ഇവിടം നിറയെ ടൂറിസ്റ്റുകളാണ്. ത്രീ ഇഡിയറ്റ്‌സ് കണ്ടവരൊക്കെ അടുത്ത വണ്ടി പിടിച്ച് ഇങ്ങോട്ടാണു വരവ്.

ആകാശത്തിൽ നിന്നും അനന്തമായി പെയ്യുന്ന ഇലഞ്ഞിപ്പൂക്കളൂം സപ്ത വർണ്ണമാർന്ന പർവത ശിഖരങ്ങളുമൊന്നും അവിടെ ജീവിക്കുന്നവരുടെ സ്വപ്നങ്ങളല്ല. മറ്റാരെയും പോലെയൊ അതിലുപരിയായോ അവരുടെ ജീവിതവും ഒരു സമരമാണ്. പ്രകൃതിക്കൊപ്പമുള്ള സമരം.

പരീക്ഷയെഴുതാൻ പറ്റാതെ പോയ പെൺകുട്ടിയുടെ മുഖവും, അടുത്ത ആറു മാസത്തേക്ക് ഭക്ഷണത്തിനെന്തു ചെയ്യും എന്നാലോചിച്ച്, മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന നെൽക്കതിരുകളിലേക്കു നോക്കിയിരിക്കുന്ന ഗ്രാമവാസികളുടെ മുഖവും എന്റെ മനസ്സിൽ പിന്നീട് പല പ്രാവശ്യം വന്നു പോയി.

ഇന്ന് പാങ്‌ഗൊംഗ് വീണ്ടും വാർത്തയാകുന്നു. കാരണം മഞ്ഞു വീഴ്ചയല്ല.

മനുഷ്യന്റെ സമരങ്ങൾ മനസ്സിലാവാത്ത, മനസ്സു മരവിച്ചു പോയ ഭരണകൂടങ്ങളുടെ കാർക്കശ്യങ്ങളുടെ അടുത്ത പടിയായി.

ആരൊക്കെയോ എവിടെയൊക്കെയോ വരച്ച വരകളെച്ചൊല്ലിയുള്ള വഴക്കിൽ എത്രയോ കുടുംബങ്ങൾ അനാഥമായി. ഒരു പുൽനാമ്പ് പോലും കിളിർക്കാത്ത വരണ്ട ഭൂപ്രദേശങ്ങ്ൾക്കു വേണ്ടി എത്ര കാലമായി നാം വഴക്കടിക്കുന്നു. അവയ്ക്കു കാവൽ നിൽക്കാൻ വേണ്ടി എത്ര കോടി രൂപയും എത്രയോ ജന്മങ്ങളും നാം പാഴാക്കുന്നു. ഒരു മേശക്കിരുപുറവുമിരുന്നു പറഞ്ഞു തിർക്കാൻ പറ്റാത്ത പ്രശ്‌നങ്ങളായി ഇവയെ വളർത്തിയത് ആരുടെയൊക്കെ താല്പര്യങ്ങളാണ്?

തീർച്ചയായും ബസ് കിട്ടാതെ പരീക്ഷയെഴുതാൻ പറ്റാതെ പോയ ആ പെൺകുട്ടിയുടെയോ മഞ്ഞു വീഴ്ചയിൽ അടുത്ത ആറു മാസത്തെ ഭക്ഷണം നഷട്ടപ്പെട്ടു പോയ ഗ്രാമവാസികളുടേയോ അല്ല.

അതിർത്തിയിൽ പട്ടാളക്കാർ കാവൽ നിൽക്കുന്നതുകൊണ്ടാണ് നമുക്കു ഭയമില്ലാതെ ഉറങ്ങാൻ കഴിയുന്നതെന്ന നുണ എല്ലാ ഭരണകൂടങ്ങളും എല്ലാ ജനതയോടും പറയുന്നതാണോ? ഈ ഭൂമിയിലെ പല രാജ്യങ്ങളുടെയും അതിർത്തികൾ കടന്നു പോകുന്നത് വീടിന്റെ പിന്നാമ്പുറങ്ങളിലൂടെയും ചായക്കടകളുടെ അടുക്കളകളിലൂടെയും മറ്റുമാണ്. അവിടെ ആരും വേലി കെട്ടുന്നില്ല. തോക്കുമായി പട്ടാളക്കാർ കാവൽ നിൽക്കുന്നില്ല. പട്ടാളത്തിനു ചിലവഴിക്കേണ്ട തുക അവർ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ജീവിത സൗകര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നു.

അതിർത്തികൾ തുറന്നു കിടന്നാൽ നമുക്കെന്താണു നഷ്ടപ്പെടുക? സംസ്‌കാരങ്ങളുടെ ഇടചേരലുകളെ നാമെന്തിനാണു ഭയപ്പെടുന്നത്? ഒരു മൺതിട്ട പോലും ഇല്ലാതിരുന്നിട്ടും പാങ്‌ഗൊംങ്ങിലെ ശുദ്ധ ജലവും ലവണജലവും ആയിരക്കണക്കിനു വർഷങ്ങളായിട്ടും തമ്മിൽ കലരുന്നില്ല.

ഒരു വൈറസിന് ലോകം മുഴുവൻ കീഴടക്കാൻ ഒരതിർത്തിയുടേയും കാവൽ തടസ്സമായില്ല.

പല രാജ്യങ്ങളും എത്ര വലിയ സംഖ്യകളാണ് സൈന്യത്തിനും യുദ്ധസന്നാഹങ്ങൾക്കും വേണ്ടി വകതിരിച്ചിരിക്കുന്നത്. അതു വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ജീവിതസൗകര്യങ്ങൾക്കും വേണ്ടി മാറ്റിവച്ചിരുന്നുവെങ്കിൽ സാധാരണ മനുഷ്യന്റെ ജീവിതത്തിൽ എത്രമാതം സമാധാനം അതെത്തിക്കുമായിരുന്നു.

നാമെന്നാണു അവിടേക്ക് ഉയരുക?

ഇന്നലെ വരെ മൽസ്യവും മധുരവും സ്വപ്നങ്ങളും കൈമാറിയവർ, ഇന്ന് ആരുടെയൊക്കെയോ നിർദ്ദേശത്താൽ അന്യോന്യം വെടിവച്ചു മരിക്കുന്നു. എത്ര യുവത്വങ്ങളാണ് മരിച്ച് വീട്ടിലേക്ക് തിരികെയെത്തുന്നത്. അവസാനം ബാക്കിയാവുന്നത് ഒരു കറുത്ത പെട്ടിയിൽ മടക്കി വച്ച തുണികളും കുടുംബത്തിന്റെ ഓർമകളും മാത്രം.

LOC, LAC, സിയാ ചെൻ, ആക്‌സൈ ചിൻ, ബാരാഹൊടി, ചുമാർ, സാൽതൊറൊ, ദെസ്പാങ്, കാലാപാനി, സർഭങ്, കബൊവ് വാലി തുടങ്ങിയ എത്രയോ സ്ഥലങ്ങളിൽ അതിർവരമ്പുകൾക്ക് ഇരുപുറവുമായി നമ്മുടെ സഹോദരങ്ങൾ നിൽക്കുന്നു, തോക്കുമായി. മുകളിൽ നിന്നുള്ള ആരുടെയൊ നിർദ്ദേശങ്ങൾക്കു ചെവിയോർത്ത്. ഒരു മേശക്കിരുപുറവുമിരുന്ന് സംസാരിക്കൻ തയ്യാറാവത്ത ആരുടെയോ.

നമുക്കെങ്ങനെ സമധാനമായി ഉറങ്ങാനാവും?

Comments