റഷ്യയിൽ ജനിച്ച ഇസ്രയേലി ഫിലിം മേക്കറാണ് ലിയോനിഡ് പ്രുഡോവ്സ്കി (Leonid Prudovsky). കൊളംബിയൻ ഗ്രാമത്തിൽ ജീവിക്കുന്ന പോൾസ്കി ( Polsky- played by David Hayman) എന്ന വൃദ്ധനായ പോളിഷ് ഹോളോകോസ്റ്റ് സർവൈവറുടെ മാനസികവ്യാപാരങ്ങളെ കേന്ദ്രമാക്കി അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് My neighbour Adolf. തന്റെ പുതിയ അയൽക്കാരൻ സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ ആണെന്നുള്ള പോൾസ്കിയുടെ ഭ്രമാത്മകമായ ചിന്തകളെ ബ്ലാക്ക് ഹ്യൂമറിന്റെ ചുവയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. വികാരഭരിതമായ ബന്ധങ്ങൾക്കൊപ്പം ബ്ലാക്ക് ഹ്യൂമർ ചാലിച്ചു ചാർത്തിയിരിക്കുന്ന ഒരു ചലച്ചിത്രം. കോമഡിയ്ക്കുള്ളിൽ നിശ്ശബ്ദമായി അടക്കം ചെയ്ത ദുഃഖത്തിന്റെ ഘനീഭവിച്ച അടരുകളുണ്ട് ചിത്രത്തിലുടനീളം. ഭൂതകാലത്തെ നിസ്സാരമായി സംസ്കരിച്ചുകളയുക എന്നത് മനുഷ്യർക്ക് എളുപ്പമല്ല. പ്രത്യേകിച്ചും ഇരകളാക്കപ്പെട്ട് യാതനകൾ അനുഭവിച്ച മനുഷ്യർക്ക്. ഈ വാസ്തവം പോൾസ്കിയുടെ വന്യമായ ഫാന്റസികളുടെ ചിത്രീകരണത്തിലൂടെ സംവിധായകൻ ആവിഷ്കരിക്കുന്നു. തങ്ങളുടെ ഭൂതകാലവുമായി, അതിന്റെ ഓർമകളുമായി മല്ലിടുന്ന രണ്ട് വൃദ്ധരുടെ വികാരഭരിതമായ പ്രവൃത്തികളിലാണ് സിനിമ ഊന്നുന്നത്. ലൊക്കാർണോ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം ഇക്കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഒരു ഇസ്രയേലി പോളിഷ് കൊളംബിയൻ കൂട്ടു നിർമാണ പ്രൊജക്ടാണിത്. ഒറിജിനാലിറ്റിയുള്ള ഒരു പ്ലോട്ട് ആസ്വാദനത്തിന്റെ വൈവിധ്യമാർന്ന തലത്തിലേക്ക് സാധ്യതയിടുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ.
ഹോളോകോസ്റ്റ് കാലത്തെ പോളണ്ടിൽ ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കുവേണ്ടി ഒരുമിക്കുന്ന ജൂതകുടുംബത്തിന്റെ ഗൃഹാതുരതയുണർത്തുന്ന ഒരു പ്രി ടൈറ്റിൽ രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. നാസി ക്രിമിനലും ഹോളോകോസ്റ്റിന്റെ ആസൂത്രകരിലൊരാളുമായ അഡോൾഫ് ഇച്ച്മാനെ (Adolf Eichmann) അർജന്റീനയിൽ വച്ച് മൊസാദ് ഏജന്റുമാർ തട്ടിക്കൊണ്ടുപോയതിനു ശേഷമുള്ള കൊളംബിയയിലാണ് കഥ നടക്കുന്നത്. 1960 മെയ് മാസത്തിലായിരുന്നു അത്. കുടുംബം മൊത്തം വംശഹത്യക്കിരയായി നഷ്ടപ്പെട്ട ശേഷം കൊളംബിയയിലെ ഉൾപ്രദേശത്ത് പുതിയ ഒരു ജീവിതം ആരംഭിക്കാൻ തീരമാനിച്ചാണ് പോൾസ്കി അവിടെ എത്തുന്നത്. ഒരു സഹകളിക്കാരൻ ഇല്ലാത്തതിനാൽ സ്വയം ചെസ്സ് കളിച്ചും യൂറോപ്പിൽ നിന്ന് കൊണ്ടുവന്ന ബ്ലാക്ക് റോസ് ചെടികളെ നട്ടുനനച്ച് ലാളിച്ചും കഴിയുകയായിരുന്നു അയാൾ. ശല്യക്കാരനെന്ന് തോന്നിപ്പിക്കുന്ന ഒരു അയൽക്കാരൻ എത്തുന്നതുവരെ അതു തുടർന്നു.
അയൽവാസിയായെത്തുന്ന ജർമൻകാരനായ ഹെർസോഗി (Herzog - played by Udo Kier) ന്റെ ചെയ്തികൾ പോൾസ്കിയെ സംബന്ധിച്ചിടത്തോളം അസാധാരണത്വം ഉള്ളതായി തോന്നി. ഹെർസോഗ് വളർത്തുന്ന അൾസേഷ്യൻ പട്ടി പോൾസ്കിക്ക് ശല്യമായി അനുഭവപ്പടുന്നു. പോൾസ്കിയുടെ ബ്ലാക്ക് റോസ് ചെടികൾ വളരുന്ന ഭാഗം ഹെർസോഗ് അവകാശവാദമുന്നയിക്കുന്നതായി അദ്ദേഹത്തിന്റെ ജർമ്മൻകാരിയായ വക്കീൽ ഫ്രേ കാൽറ്റെൻബ്രനർ (Frau Kaltenbrunner played by Olivia Silhavy) പോൾസ്കിയോട് പറയുന്നു. അതു സമ്മതിച്ചു കൊടുക്കേണ്ടിവന്നെങ്കിലും റോസ് പുഷ്പങ്ങളെ പോൾസ്കി പ്രിയത്തോടെയുള്ള നോട്ടങ്ങളാൽ പരിപാലിച്ചുപോന്നു. എന്നാൽ തന്റെ ജർമ്മൻകാരനായ അയൽപക്കത്തുകാരനെക്കുറിച്ചുള്ള സംശയ ചിന്ത അയാളെ വിടാതെ പിടികൂടുന്നു.
മൂത്രസംബന്ധമായ ചില്ലറ അസുഖങ്ങളോടെ ജീവിക്കുന്ന പോൾസ്കി ചെസ്സിനോട് തത്പരനും അതിൽ ആനന്ദം കണ്ടെത്തുന്ന ആളുമാണ്. കറുത്ത റോസ് പുഷ്പങ്ങളോട് പ്രത്യേക ഭ്രമമുണ്ട് അദ്ദേഹത്തിന്. നാട്ടിൽ നിന്ന് കൊണ്ടുവന്ന ഗൃഹാതുരതയുണർത്തുന്ന ഒന്നാണ് ആ റോസ് ചെടികൾ അദ്ദേഹത്തിന്. തന്റെ വിടപറഞ്ഞ പ്രിയതമയ്ക്ക് അതിനോടുണ്ടായിരുന്ന പ്രിയം ഓർമകളിൽ നിറഞ്ഞുനിൽക്കുന്നുണ്ടാവണം. നാസികൾ ഇല്ലാതാക്കിയ തന്റെ കുടുംബാംഗങ്ങളുടെ ഓർമകൾക്കിടെ ഈ റോസുകളുടെ സാമീപ്യം സന്തോഷത്തിനുള്ള ഒരേയൊരു ഉപാധിയായിത്തീരുന്നു. അതിനിടെ അതിന് അവകാശവുമായി ഒരു ജർമ്മൻകാരൻ വരുമ്പോൾ രോഷാകുലനാകുന്ന പോൾസ്കിയെ അതിനാൽ പ്രേക്ഷകർക്കു മനസ്സിലാവും. പോൾസ്കി പോസ്റ്റുമാനോടു മാത്രമേ ചെറുതായെങ്കിലും മിണ്ടൽ പതിവുള്ളൂ.
നായകളെ സ്നേഹിക്കുന്ന ഒരു അമച്ച്വർ ആർടിസ്റ്റായിരുന്നു അയൽവാസിയായി എത്തിയ ഹെർസോഗ്. റോസ് ചെടികളുള്ള സ്ഥലം സംബന്ധിച്ച് അയാളുമായി നടന്ന വാക്കു തർക്കത്തിനിടെ ഒരിക്കൽ ആ കണ്ണുകൾ തൊട്ടടുത്തു നിന്നു നേരിട്ടു കണ്ടു പോൾസ്കി. ഹെർസോഗ് എപ്പോഴും ധരിക്കാറുള്ള കണ്ണട ഊരി തെറിച്ചുപോയ നിമിഷം ആയിരുന്നു അത്. അതയാളെ സന്ദേഹത്തിന്റെ ലോകത്തിലേക്ക് വലിച്ചടുപ്പിച്ചു. ഭൂതകാല സംഭവങ്ങൾ ഓർമിപ്പിച്ചു. മാനസികമായി വേട്ടയാടി. അയാളുടെ ഐഡന്റിറ്റി ഒരു ഒഴിയാബാധയായി ഏകാകിയും ക്ഷിപ്രകോപിയുമായ പോൾസ്കിയെ വരിഞ്ഞുമുറുക്കി. 1945 ൽ ബർലിനിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഹിറ്റ്ലറെക്കുറിച്ച് അയാൾ സംശയഗ്രസ്തനായിത്തീരുകയാണ്. അയാളുടേയും കൂടെയുള്ള ജർമ്മൻകാരുടേയും വരവും പോക്കും നിഗൂഢതകൾ നിറഞ്ഞതായി പോൾസ്കിക്ക് തോന്നിത്തുടങ്ങുന്നു.
ഇതോടെ ഒരു അമേച്ച്വർ ഡിറ്റക്ടീവിന്റെ റോളിലേക്ക് ഉയർത്തപ്പെടുന്നു പോൾസ്കി. ആശങ്കകളോടെ ചരിത്രപുസ്തകങ്ങളിൽ അയാൾ ആ സംഭവവും അന്ന് പ്രസിദ്ധീകരിച്ച ചിത്രങ്ങളും പരിശോധിക്കുന്നുണ്ട്. അതു ഹിറ്റ്ലറാണെന്ന തന്റെ അനുമാനത്തെ ഉറപ്പിക്കാനുള്ള തെളിവുകൾ ശേഖരിക്കുന്നതാനായി വിചിത്രമായ വഴികൾ അയാൾ പിന്തുടരുന്നു. വീടിന്റെ മുകളിലെ മുറിയിൽ രഹസ്യമായി സ്ഥാപിച്ച ടെലിഫോട്ടോ ലെൻസിലൂടെ ഹെർസോഗിന്റെ ചെയ്തികൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു അയാൾ. ഹിറ്റ്ലറാണെന്ന് തെളിയിക്കാനുള്ള യത്നത്തിൽ പൂച്ചയും എലിയും കളിക്കുന്ന ഇരുവരേയും നമുക്കു കാണാം.
ഹെർസോഗ് വരയ്ക്കുന്ന ഭൂപ്രകൃതി ദൃശ്യങ്ങൾക്ക് ഹിറ്റ്ലറുടെ പെയിന്റിങ്ങുകളോട് സാമ്യമുണ്ടോ എന്ന് പരിശോധിക്കുന്നു. അയൽവാസി ഇടങ്കയ്യനും വെജിറ്റേറിയനുമാണോ എന്ന് നിരീക്ഷിച്ചറിയുന്നു. തന്റെ നായയോടുള്ള ഹെർസോഗിന്റെ അതിരറ്റ സ്നേഹം ഹിറ്റ്ലറിന് തന്റെ നായയായ ബ്ലോണ്ടി (Blondi) യോട് തോന്നുന്നതുപോലെ ഒന്നല്ലേ അതെന്ന് സന്ദേഹപ്പെടുന്നു. ഹെർസോഗിന് ഒരു വൃഷണമാണോ ഉള്ളതെന്നുപോലും പോൾസ്കി തന്ത്രപൂർവ്വം പരിശോധിക്കുന്നു. ലോകത്തെ ഏറ്റവും വലിയ യുദ്ധക്കുറ്റവാളി തന്റെ വാതിലനപ്പുറം താമസിച്ചിട്ട് അതു സ്ഥാപിക്കാനുള്ള തെളിവുകൾ തേടുന്ന ഒരാളുടെ സംത്രാസം. യുദ്ധകാലത്തെ അതിക്രമങ്ങൾ നടത്തിയവരെ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലേർപ്പെട്ടിരിക്കുന്ന ജൂത ഉദ്യോഗസ്ഥരെ ഇക്കാര്യങ്ങളെല്ലാം പോൾസ്കി അറിയിക്കുന്നു. തന്റെ അന്വേഷണഫലങ്ങളും ഹാജരാക്കിയ തെളിവുകളും ഉദ്യോഗസ്ഥർ കാര്യമായെടുക്കുന്നില്ല എന്നു കാണുമ്പോൾ അയാൾ അവരോട് പൊട്ടിത്തെറിക്കുന്നു. വർഷങ്ങൾക്കപ്പുറം ബർലിനിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഹിറ്റ്ലറുടെ സാമീപ്യം നേരിട്ടറിഞ്ഞ പോൾസ്കി തന്റെ അനുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ നടത്തിയ ഹത്യകൾക്ക് മറുപടി പറയിപ്പിക്കാനുള്ള അയാളുടെ ആഗ്രഹം തീവ്രമായിരുന്നു. ഉദ്യോഗസ്ഥർ വേണ്ടപോലെ അന്വേഷിക്കാൻ തയ്യാറല്ലെന്നു മനസ്സിലായതോടെ രഹസ്യങ്ങൾ ചോർത്താൻ അയൽവാസിയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുന്നു അയാൾ. ദിവസങ്ങൾ കഴിയവേ അവർക്കിടയിൽ മഞ്ഞുരുകൽ സംഭവിക്കുകയും അവർ തമ്മിൽ അടുക്കുകയും ചെയ്യുന്നു. അതിന് പ്രധാനമായും കാരണമായത് ഇരുവരുടേയും പൊതു ഇഷ്ടവിനോദമായ ചെസ്സ് കളിയായിരുന്നു. (ഹിറ്റ്ലർ ചെസ്സ് പ്രണയി ആയിരുന്നു എന്നതിന് തെളിവുകളില്ലെന്നു തോന്നുന്നു). അതിനിടെ തന്നെയാണ് ബന്ധം വിരിഞ്ഞുവരുന്നതും. ചെസ്സിലുള്ള ഇരുവരുടേയും താത്പര്യം ആങ്കർ പോയിന്റായി ഇവിടെ വരുന്നുണ്ട്. തന്റെ അയൽവാസിയെക്കുറിച്ചുള്ള അന്വേഷണം ഇതിനിടയിലും പോൾസ്കി സജീവമായി തുടരുകയാണ്. ഇത് അനവധി ഹ്യൂമർ സീനുകൾ സൃഷ്ടിക്കുന്നുണ്ട്. ആ സമയത്തുതന്നെയാണ് ഹെർസോഗുമായി അയാൾ കൂടുതൽ അടുക്കുന്നതും. ഇരുവരും വോഡ്കയിൽ കൂട്ടാകുന്നു. പോൾസ്കിയുടെ ചാരപ്രവർത്തനം പ്രേക്ഷകരിൽ ചിരിയുണർത്തും. പക്ഷേ, പ്രേക്ഷകർക്ക് കണക്റ്റ് ചെയ്യാൻ പാകത്തിൽ തന്നെയാണ് ക്യാരക്ടറൈസേഷൻ നടത്തിയതെന്ന് കാണാം. അവരവരുടേതായ ടർഫുകളിൽ മുഷിഞ്ഞ് ജീവിക്കുന്ന രണ്ട് വയസ്സന്മാർക്ക് ഇടയിൽ രൂപപ്പെടുന്ന ബന്ധമാണ് ചിത്രത്തിന്റെ ജീവൻ. അവരു തമ്മിലുള്ള സൗഹൃദം സാവധാനം ദൃഢത കൈവരിക്കുന്ന സീനുകൾ മനോഹരങ്ങളാണ്. ഹൃദയസ്പർശിയും.
മറ്റു ഹോളൊകോസ്റ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി പോൾസ്കിയുടെ കോൺസൻട്രേഷൻ ക്യാമ്പ് ചരിത്രം പരോക്ഷമായി പറയുന്നതിൽ സിനിമ ഔചിത്യം കാണിച്ചിട്ടുണ്ട്. സ്റ്റാലിന്റെ പ്രചരണത്തിന്റെ ഒരു അടിസ്ഥാനം കൂടി ഹിറ്റ്ലറുടെ സാന്നിധ്യം സംശയിക്കുന്ന ഒരു പ്ലോട്ടിനുണ്ട്. ഹിറ്റ്ലർ ആത്മഹത്യ ചെയ്തിട്ടില്ലെന്നും തെക്കേ അമേരിക്കയിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നും സ്റ്റാലിൻ സംശയിച്ചതായി പറയപ്പെട്ടിരുന്നു. ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരാക്കാനായുള്ള തെളിവു ശേഖരിക്കലിന്റെ ഭാഗമായി ഹിറ്റ്ലറുടെ പ്രത്യേകതകൾ വായിച്ചു മനസ്സിലാക്കിയതിന്റെ വിചിത്രമായ പ്രയോഗങ്ങൾ പോൾസ്കി നടത്തുന്നുണ്ട്. കോമിക് സർവയലൻസ് നടപടികളിലൂടെ നടത്തുന്ന ഇത്തരം ദൃശ്യപ്പെടുത്തലിനൊപ്പമാണ് പ്രായമാകലിന്റെ കാലത്തെ സങ്കടങ്ങളുടേയും മനുഷ്യബന്ധങ്ങളുടെ രൂപപ്പെടലിന്റേയും കഥ സംവിധായകൻ പറയുന്നത്. വക്രിച്ച ഫലിതത്തോടൊപ്പം അത് മനശ്ശാസ്ത്രപരമായ ഒരു പരിണതിയിലേക്ക് നയിക്കുകയാണ് ചിത്രത്തിൽ.
പ്രമുഖ സ്കോട്ടിഷ് നാടക, സിനിമ നടനും സംവിധായകനുമായ ഡേവിഡ് ഹെയ്മാൻ (David Hayman) പോൾസ്കിയായി മികച്ച അഭിനയം കാഴ്ചചവച്ചു. ജർമൻ സ്വഭാവ നടൻ യുഡോ കീർ (Udo Kier) ഹോർസോഗായും ഒപ്പം നിന്നു. (മുമ്പ് അഡോൾഫ് ഹിറ്റ്ലർ ആയി അദ്ദേഹം സിനിമയിൽ വേഷമിട്ടിട്ടുണ്ട്, ഹിറ്റ്ലറെ അവതരിപ്പിക്കാൻ ജർമൻ നടന്മാരെ തെരഞ്ഞെടുക്കുന്ന ഒരു രീതി തന്നെ പതിവാണ്. കണ്ണുകൾക്കുള്ള സമാനതകൾ ആവാം അതിന് കാരണം). പരസ്പരം കോമ്പ്ലിമെന്റ് ചെയ്യുന്ന അഭിനയത്തിലൂടെ രംഗങ്ങൾ ഇരുവരും ജീവസ്സുറ്റതാക്കി നിർത്തി. ഇടയിലുള്ള വിനിമയങ്ങൾ സൂക്ഷ്മതയോടെ അവതരിപ്പിച്ചു. കൊളംബിയയിൽ വച്ച് ചിത്രീകരിച്ച ഈ സിനിമയിലെ സംഭാഷണങ്ങൾ ഒട്ടുമുക്കാലും ഇംഗ്ലീഷിലാണ്. എന്നാലും ഇസ്രയേലി, പോളിഷ്, കൊളംബിയൻ ഭാഷകൾ സിനിമയിലെ സംഭാഷണങ്ങളിൽ വരുന്നുണ്ട്.
2-Team Productions, Film Produkcja ഇവരുടെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. Estee Yacov-Mecklberg, Stanislaw Dziedzic, Klaudia Smieja-Rostworowska, Haim Mecklberg എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥ രചിച്ചത് സംവിധായകാനായ ലിയോൺ പ്രുഡോവ്സ്കി (Leon Prudovsky), ദിമിത്രി മലിൻസ്കി (Dmitry Malinsky) എന്നിവർ ചേർന്നാണ്. സിനിമാട്ടോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത് റെഡെക് ലാഡ്സക് (Radek Ladczuk) ആണ്. എഡിറ്റിംഗ് നിർവഹിച്ചത് ഹെർവ് ഷ്നീദ്(Herve Schneid). സംഗീതം ലുകാസ് റ്റർഗോസ് (Lukasz Targosz).