മാധ്യമങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമകൾ ധാരാളം മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ന്യൂഡൽഹി, വാർത്ത, പത്രം, റൺ ബേബി റൺ, അഗ്നിദേവൻ, 24 X 7, സ്വലേ തുടങ്ങിയ സിനിമകൾ. പത്രങ്ങളുടെ ന്യൂസ് റൂമുകളായിരുന്നു മിക്കവയും കൈകാര്യം ചെയ്തിരുന്നത്. ജേണലിസ്റ്റുകൾ കഥാപാത്രമായി വരുന്ന ഒട്ടേറെ സിനിമകളും വന്നിട്ടുണ്ട്. ഡസ്കിലിരിക്കുന്ന എഡിറ്റേഴ്സ്, ഫീൽഡിൽപ്പോകുന്ന റിപ്പോട്ടേഴ്സ്, ബൈറ്റെടുക്കുന്നവർ, ന്യൂസ് പ്രസന്റേഴ്‌സ് എന്നിങ്ങനെ. എന്നാൽ പൂർണമായും സ്വകാര്യ ന്യൂസ്ചാനലുകളുടെ ന്യൂസ് റൂമുകളെ അടിസ്ഥാനമാക്കിയ സിനിമയാണ് നാരദൻ.
മൂന്ന് പതിറ്റാണ്ടാവുന്നു കേരളത്തിൽ ടെലിവിഷൻ ജേണലിസം എത്തിയിട്ട്. ആദ്യം ഏഷ്യാനെറ്റ്, രണ്ടാമത് സൂര്യ, പിന്നെ കൈരളി ടി.വി, അതിൽനിന്നൊക്കെ വ്യത്യസ്തമായി ഇന്ത്യാവിഷൻ. കേരളത്തിൽ ഇനിയുമൊരു ന്യൂസ് ചാനലിന് സ്കോപ്പുണ്ടോ എന്ന ചോദ്യം ചോദിച്ചു കൊണ്ടു തന്നെ മനോരമയും മാതൃഭൂമിയും പിന്നെ നിരവധിയനവധി ചാനലുകളും ഇവിടെ വരിവരിയായി വന്നു. ടെലിവിഷൻ പ്രൈം ടൈം കാഴ്ചാ സമയം ഇവർ പങ്കിട്ടു. ആദ്യകാലങ്ങളിൽ ബുള്ളറ്റിനുകൾക്ക് ഒരു ശൈലിയുണ്ടായിരുന്നു. കേരളത്തിലേയും ദേശീയ തലത്തിലേയും അന്താരാഷ്ട്ര തലത്തിലേയും വാർത്തകൾക്ക് കൃത്യമായ പ്രാതിനിധ്യം. സ്പോർട്സും കാലാവസ്ഥയും. ഹ്യൂമൺ ഇന്ററസ്റ്റ് സ്റ്റോറികൾ, പ്രാദേശിക വാർത്തകൾ അങ്ങനെയങ്ങനെ ബുള്ളറ്റിനുകൾ ഒരു സമഗ്ര പാക്കേജായിരുന്നു. പിന്നീടുള്ള പരിണാമം അതിവേഗത്തിൽ നടന്നു. ന്യൂസ് റീഡർ ന്യൂസ് പ്രസന്ററായി. സ്റ്റുഡിയോയിലിരിക്കുന്ന ആങ്കറും ഫീൽഡിൽ റിപ്പോർട്ടറും ഉണ്ടെങ്കിൽ ലൈവിൽ എത്ര നേരം വേണമെങ്കിലും വാർത്തകളെ നീട്ടിക്കൊണ്ടുപോകാമെന്നായി. ന്യൂസുകളൊക്കെയും ബ്രേക്കിംഗ് ന്യൂസുകളായി. അതു കൊണ്ടു തന്നെ ന്യൂസുകളൊക്കെയും അപ്രധാനവുമായി. മത്സരങ്ങൾ കടുത്തു. ന്യൂസ് റൂമുകൾ വാർ റൂമുകളായി.
ആ പരിണാമത്തിലെ മത്സരത്തിനിടയിൽ 2017 മാർച്ച് 26ന് മംഗളം ചാനൽ ലോഞ്ച് ചെയ്തു. കേരളത്തിലൊരിക്കലും സംഭവിക്കാൻ പാടില്ലാതിരുന്ന തരത്തിലൊരു ലോഞ്ച്. അത് ന്യൂസും പോണും തമ്മിലെ വിടവിനെ നികത്താൻ ശ്രമിച്ചു. ആഷിഖ് അബു സംവിധാനം ചെയ്ത, ഉണ്ണി. ആർ എഴുതിയ നാരദൻ, ന്യൂസ് ചാനലുകളിലേക്ക് പച്ചയ്ക്ക് പോൺ കടത്തിവിട്ട ആ സംഭവത്തെ വിശദമായി ഓർമിപ്പിക്കുന്നുണ്ട്. അത് മാത്രമല്ല, കോർപ്പറേറ്റുകൾ
മാധ്യമ മുതലാളിമാരായപ്പോൾ വാർത്തകൾ എന്താവണമെന്ന ചോദ്യത്തിന് എന്റർടെയ്ൻറ്മെന്റ് ആവണമെന്ന ഉത്തരങ്ങൾ ലഭിക്കുകയും വാർത്തകളിൽ മസാല വേണമെന്ന ഉത്തരവുകൾ പോളിസിയായി സ്ഥാപിക്കപ്പെടുകയും ചെയ്ത നടപ്പുകാലത്തെ ആക്രോശ വാർത്താവതരണങ്ങൾ സിനിമാസ്ക്രീനിനെ ടെലിവിഷൻ സ്ക്രീനാക്കി നാരദൻ കാണിച്ച് തരുന്നു.
നാരദനിൽ കേരളത്തിലെ ഏതാണ്ടെല്ലാ ടെലിവിഷൻ ചാനലുകളുടേയും പലതരം പ്രതിനിധാനങ്ങളുണ്ട്. കേരളത്തിലെ ചാനൽ ന്യൂസ് റൂമുകൾ ഒരിക്കലും എത്തിപ്പെടുമെന്ന് അതിന് തുടക്കമിട്ടവർ കരുതിയിട്ടില്ലാത്ത തീവ്രവലതുപക്ഷത്തിന്റെ കാവി രാഷ്ട്രീയത്തിലേക്ക് വലിയൊരു വിഭാഗം ജേണലിസ്റ്റുകൾ സ്വയം എടുത്തെറിയുന്നത് നടപ്പു ജേണലിസത്തിന്റെ കാഴ്ചയാണ്. ദേശീയ രാഷ്ട്രീയത്തിന്റെ കാവിയെടുത്ത് ദേശീയ മാധ്യമങ്ങൾ വിസിബിളായി ന്യൂസ് റൂമുകളെ പുതപ്പിച്ചപ്പോൾ അതിന് സമാന്തരമായി കേരളത്തിലെ ന്യൂസ് റൂമുകളിൽ ഇൻവിസിബിളായ കാവി പുതയ്ക്കൽ നടക്കുന്നുണ്ടായിരുന്നു. ആ രാഷ്ട്രീയം അങ്ങനെത്തന്നെ പറയാൻ ശ്രമിച്ചിട്ടുണ്ട് നാരദൻ.
ആ അർത്ഥത്തിൽ നാരദനിലെ ചന്ദ്ര പ്രകാശ് എന്ന ജേണലിസ്റ്റ് കേന്ദ്രകഥാപാത്രം ചാനൽ പരിണാമത്തിന്റെ പെർസോണിഫിക്കേഷനാണ്. ദേശീയ തലത്തിലേയും കേരളത്തിലേയും.
അർണാബ് ഗോസ്വാമിയെന്ന ഇന്ത്യൻ ജേണലിസ്റ്റ്, കോർപ്പറേറ്റിസത്തേയും വലതുപക്ഷ ഹിന്ദുത്വവർഗ്ഗീയതയെയും ദേശീയതയെയും നെറിയില്ലാത്ത ബിസിനസ്സിനേയും അയാളുണ്ടാക്കിയെടുത്ത അനുപാതത്തിൽ സമന്വയിപ്പിച്ച്, ചുരുങ്ങിയ കാലം കൊണ്ട് ടെലിവിഷനിൽ നിർമിച്ചെടുത്ത അപകടകരമായ മാതൃകയുണ്ട് നമ്മുടെ മുന്നിൽ. അത് ഇന്ത്യൻ മധ്യവർഗ്ഗത്തിന് പെട്ടെന്ന് സ്വീകാര്യമായ വഷളൻമാതൃകയായിരുന്നു.
അതിന് ഏറ്റക്കുറച്ചിലുകളോടെ കേരളത്തിലും അനുകരണങ്ങളുണ്ടായി എന്നതാണ് വാസ്തവം. ആക്രോശിക്കുന്ന ആങ്കർമാർ, വർഗ്ഗീയതയ്ക്കും ലൈംഗികതയ്ക്കും കിട്ടുന്ന സ്വീകാര്യത, വ്യക്തികളുടെ സ്വകാര്യതയ്ക്കു മേൽ നടത്തുന്ന കടന്നുകയറ്റം, സദാചാര ഗുണ്ടായിസം തുടങ്ങി ജേണലിസം ക്ലാസുകളിൽ ചെയ്യരുത് എന്ന് പഠിപ്പിച്ചതെല്ലാം ചെയ്യാൻ പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്ത മുതലാളിത്ത കാലത്തേക്കുള്ള ട്രാൻസ്ഫർമേഷന്റെ ചിത്രണമാണ് നാരദൻ. സരിതാ എസ്.നായരുടേയും സ്വപ്ന സുരേഷിന്റേയും കാറിനു പിന്നാലെ പാഞ്ഞ ചാനൽ കാറുകളുടെ അശ്ലീലവും നാരദൻ പകർത്തിയിട്ടുണ്ട്.
ടെലിവിഷൻ ജേണലിസം മുമ്പില്ലാത്ത വിധം വിമർശനങ്ങൾ നേരിടുന്ന കാലത്താണ് നാരദൻ ഇറങ്ങുന്നത് എന്നതാണതിന്റെ സമകാലിക പ്രസക്തി. കല കാലത്തെ പ്രതിഫലിപ്പിക്കുമെന്നതാണ് കലയുടെ ഒരു വിചാരമെങ്കിൽ നാരദൻ ടെലിവിഷനു മുന്നിൽ പിടിച്ച സിനിമയുടെ കണ്ണാടിയാണ്.
ഇന്ത്യൻ ഭരണഘടന വ്യക്തിയ്ക്ക് നൽകുന്ന ആവിഷ്കാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും തന്നെയേ മാധ്യമങ്ങൾക്കും ഉള്ളൂ എന്ന് സിനിമ വിമർശനാത്മകമായി ജേണലിസത്തോട് പറയുന്നുണ്ട്. അത് ശരിയുമാണ്. അത് പക്ഷേ കോടതിയ്ക്കുള്ളിൽ നിന്നു കൊണ്ട്, കോടതിയെ കൂട്ടുപിടിച്ചു കൊണ്ട് പറയുമ്പോൾ അതിൽ പതിയിരിക്കുന്ന അപകടത്തെ സിനിമ തിരിച്ചറിയാതെ പോകുന്നുമുണ്ട്. സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.
പൂർണമായും റിയലിസ്റ്റിക്കായ ന്യൂസ് റൂം കാഴ്ചകളല്ല നാരദനിലുള്ളത്. എന്നാൽ ഒട്ടും റിയലിസ്റ്റിക്കല്ലാതിരുന്ന സ്ഥിരം സിനിമാ ന്യൂസ് റൂമുകളിൽ നിന്ന് അത് വളരെയേറെ വേറിട്ട് നിൽക്കുന്നുണ്ട്. സിനിമയിൽ അവതരിപ്പിച്ച പ്രൈം ടൈം ചർച്ചകൾ പലതും കൃത്രിമമായി തോന്നി. എല്ലാ ദിവസവും ടെലിവിഷൻ ചർച്ചകൾ കാണുന്ന പ്രേക്ഷകർക്ക് അത്തരം സീനുകളുടെ ജീവനില്ലായ്മ ഫീൽ ചെയ്യും.
പ്രമേയത്തിലുള്ള അത്യാവേശം കൊണ്ടാവാം, ന്യൂസ് റൂമുകൾ ജേണലിസം മറന്ന് സിനിമയാവുന്നതു പോലെത്തന്നെ, "നാരദൻ " പലപ്പോഴും സിനിമ എന്ന മാധ്യമത്തെ മറക്കുന്നുണ്ട്. സ്റ്റീരിയോടിപ്പിക്കൽ പ്രസ് ക്ലബ്ബ് സങ്കേതക്കാഴ്ചകൾ പോലെ ചിലതെല്ലാം ക്ലീഷേയിലേക്ക് വഴുതുന്നത് ആഷിഖ് അബുവും ഉണ്ണിയും കാണാതെ പോവുന്നുമുണ്ട്.
സിനിമയുടെ പ്രമേയമാണ് നാരദന്റെ ഹൈലൈറ്റ്. ടെലിവിഷൻ ജേണലിസം, നാരദൻ ഉയർത്തുന്ന ആ വിമർശനങ്ങൾ നൂറു ശതമാനവും അർഹിക്കുന്നുണ്ട്.