ഉണർവിനും ഉറക്കത്തിനുമിടയിലെ നൻപകൽ നേരം

പൊതുവേ സംഘർഷഭരിതമായ എൽജെപി പടങ്ങളുടെ സ്വഭാവമല്ല നൻ പകലിൽ ഉള്ളത്. മറിച്ച് ആ സംഘർഷങ്ങളൊക്കെയും ജയിംസിന്റെ ഉള്ളിലാണ്. അയാളുടെ ആത്മസംഘർഷങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ മമ്മൂട്ടി വിജയിച്ചിട്ടുമുണ്ട്. എൽജിപി പടങ്ങളുടെ ആരാധിക എന്ന നിലയിൽ അദ്ദേഹത്തിൻറെ ഇന്നോളം ഇറങ്ങിയതിൽ മികച്ച വർക്കാണ് നൻപകൽ എന്ന് അഭിപ്രായമില്ല. എങ്കിലും ഓരോ തവണയും പുതിയ ഒരു കാഴ്ചാനുഭവം ഒരുക്കുന്നതിൽ എൽജെപി പരാജയപ്പെടാറില്ല എന്ന് നൻപകലും തെളിയിക്കുന്നു.

കാത്തിരുന്ന് കാത്തിരുന്ന് ബുക്ക് ചെയ്ത, "നൻപകൽ' നേരത്തെ വെയിലും കൊണ്ട് ക്യൂ നിന്ന് 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ കണ്ട ലിജോ ജോസ് പല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കത്തിനെ സിനിമയിൽ തന്നെ ഇടയ്ക്ക് കേൾക്കുന്ന ഈ പഴയ തമിഴ് പാട്ടിന്റെ മൂന്നു വരിയിൽ ചുരുക്കി എഴുതാം.

"മയക്കമാ... കലക്കമാ
മനതിലെ കുഴപ്പമാ
വാഴ്‌കയിൽ നടുക്കമാ...'

വേളാങ്കണ്ണിയിൽ നിന്നും തിരിച്ചു വരുന്ന ഒരു ബസിലെ എല്ലാവരും ഉറങ്ങുകയാണ്. ഇടയിൽ വെച്ച് ജെയിംസ്(മമ്മൂട്ടി) മാത്രം ഉണരുന്നു. വണ്ടി വഴിയിൽ ഒതുക്കാൻ പറഞ്ഞിട്ട് അയാൾ ഇറങ്ങി നടക്കുകയാണ്.

പൊതുവേ എൽ.ജെ.പി. പടങ്ങളിലെ പോലെ ക്യാമറാമാൻ അയാൾക്കൊപ്പം നടക്കുകയല്ല മറിച്ച് നിശ്ചലമായ ഫ്രയിമിനുള്ളിലേക്ക് ജെയിംസ് എത്തി ചേരുകയാണ്. ഈ നിശ്ചലത സിനിമയിൽ ഉടനീളം ഉണ്ട്. ഓരോ ഫ്രയിമിനെയും അരങ്ങ് പോലെ കാണാം. കഥാപാത്രങ്ങളുടെ കെട്ടും മട്ടും അരങ്ങിലേത് പോലെ തന്നെ തോന്നിപ്പിക്കുമാറാണ്.

ഉറക്കം മരണം പോലെയും ഉണരുന്നത് ജനനവും ആണെന്ന തിരുക്കുറലിന്റെ സന്ദേശത്തോടു കൂടിയാണ് സിനിമ ആരംഭിക്കുന്നത് തന്നെ. ഉറക്കം ഉണരുന്ന ജയിംസ് മറ്റൊരാളായി പുനർജനിക്കുകയാണ്. ജെയിംസ് എത്തി ചേരുന്ന ഗ്രാമത്തിൽ അയാളെ ആർക്കും മുൻ പരിചയമില്ല. പക്ഷേ അയാൾ അവിടെ എത്തുമ്പോൾ മുതൽ അവിടുത്തുകാരനായ സുന്ദരം ആണ്. വേഷത്തിലും നടപ്പിലും ഭാവത്തിലും സുന്ദരത്തെ മാത്രമേ അവിടുത്തെ ആളുകൾക്കും കാണാൻ കഴിയുന്നുള്ളു. കൂടുതൽ കഥയിലേക്ക് കടന്നാൽ സ്പോയിലർ ആയി പോയേക്കും.

സ്ഥലകാല നിയമങ്ങൾ ചുരുളിയിൽ അപ്രസക്തമായിരുന്നു. എന്നാൽ ചുരുളി യിൽ എല്ലാവരും ലൂപ്പിൽ പെട്ടു പോകുന്നുണ്ടെങ്കിൽ ഇവിടെ ജെയിംസ് മാത്രമാണ് ലൂപ്പിനുള്ളിൽപ്പെടുന്നത്. അയാൾക്ക് ചുറ്റുമുള്ളവർ വർത്തമാനകാലത്ത് നിന്നുകൊണ്ട് അയാളോട് സംവദിക്കാൻ ശ്രമിക്കുന്നവരാണ്. അതിൽ അവർ പരാജയപ്പെടുന്നുമുണ്ട്. അയാളുടെ ഭാഷ അവർക്ക് മനസ്സിലാക്കാൻ കഴിയുന്നതല്ല. അതിൽ ആനന്ദവും വേദനയും മിന്നിമറിയുന്നത് കാണാം.

സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്ന തമിഴ് പാട്ടുകൾ സിനിമയുടെ മൂഡിനെ സ്വാധീനിക്കുന്നുണ്ട്. വണ്ടിയിൽ വെച്ച് മലയാളം പാട്ട് വെക്കാൻ പറയുന്ന ജെയിംസ്, സുന്ദരം ആകുമ്പോൾ പാട്ടുകളും മാറുന്നു. "അതോ ഇന്ത പറവ പോലെ ആട വേണ്ടും' എന്ന് പാടി അയാൾ ഒരു ലൂണയിൽ ഗ്രാമത്തിൽ ഉടനീളം ചുറ്റി കറങ്ങുന്നത് കാണാം.

തുടക്കത്തിൽ നർമ്മങ്ങളോടെ പൊയ്ക്കൊണ്ടിരുന്ന സിനിമ പിന്നീട് മറ്റൊരു ട്രാക്കിൽ എത്തുകയാണ്. ജെയിംസിനൊപ്പം ആണ് സിനിമയുടെ മൂഡ് മാറുന്നത്. വളരെ ലളിതമായ എന്നാൽ സൂക്ഷ്മമായ അഭിനയ മുഹൂർത്തങ്ങളോടെ മമ്മൂട്ടി ജെയിംസിനെ മനോഹരമായി കാഴ്ചവച്ചിരിക്കുന്നു.

പൊതുവേ സംഘർഷഭരിതമായ എൽജെപി പടങ്ങളുടെ സ്വഭാവമല്ല നൻ പകലിൽ ഉള്ളത്. മറിച്ച് ആ സംഘർഷങ്ങളൊക്കെയും ജയിംസിന്റെ ഉള്ളിലാണ്. അയാളുടെ ആത്മസംഘർഷങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ മമ്മൂട്ടി വിജയിച്ചിട്ടുമുണ്ട്.

മമ്മൂട്ടിക്ക് പുറമേ രാജേഷ് ശർമ അശോകൻ നർത്തകിയായ രമ്യ സുവി എന്നിവരൊഴിച്ച് ബാക്കി എല്ലാവരും തന്നെ അധികം പരിചിതമല്ലാത്ത മുഖങ്ങളാണ്. എന്നാൽ എല്ലാവരും തങ്ങളുടെ ഭാഗം നന്നായി ചെയ്തിട്ടുമുണ്ട്.

എൽജിപി പടങ്ങളുടെ കടുത്ത ആരാധിക എന്ന നിലയിൽ അദ്ദേഹത്തിൻറെ ഇന്നോളം ഇറങ്ങിയതിൽ മികച്ച വർക്കാണ് നൻപകൽ എന്ന് അഭിപ്രായമില്ല. എങ്കിലും ഓരോ തവണയും പുതിയ ഒരു കാഴ്ച അനുഭവം ഒരുക്കുന്നതിൽ എൽജെപി പരാജയപ്പെടാറില്ല എന്ന് നൻപകലും പറഞ്ഞ് വെക്കുന്നു.

എസ്. ഹരീഷിന്റെ സ്ക്രിപ്റ്റ് കുറച്ച് കൂടി നന്നായിരുന്നുവെങ്കിൽ സിനിമ മറ്റൊരു തലത്തിലേക്ക് പോകുമായിരുന്നു.

സിനിമയിൽ ഉടനീളം ഒരു അരങ്ങിനെയും അതിലെ അഭിനേതാക്കളെയും ആണ് ഓർമ്മ വന്നത്. സിനിമയുടെ ഒടുക്കത്തിലും ഈ ചിന്തയോട് ചേർന്ന് നിൽക്കുന്ന ഒരു ഫ്രെയിം കാണാൻ കഴിയുന്നുണ്ട്. ഏതാണ് അരങ്ങെന്നും ഏതാണ് യാഥാർഥ്യമെന്നും പ്രേക്ഷകന് വായിച്ചെടുക്കാൻ വിട്ടു കൊടുത്തു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

Comments