തമിഴരിലേക്ക്​ മുറിച്ചുകടക്കുന്ന മലയാളി

തമിഴനും മലയാളിയും പശ്ചിമഘട്ടത്താൽ വിഭജിക്കപ്പെട്ട് നിൽക്കുമ്പോൾ തന്നെ, ചുരങ്ങളിലൂടെയും തെക്കേ അറ്റത്ത്​ കന്യാകുമാരിയിലൂടെയും അവർ വിനിമയങ്ങൾ തുടർന്നുവരുന്നു. കാൽനടയായും കാളവണ്ടിയിലായും എഗ്​മോർ എക്​സ്​പ്രസിലായാലും കാല - ദേശങ്ങളെ മുറിച്ച കടന്ന്​ ആ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.

‘യാതും ഊരെ യാവരും കേളീർ’

ലോകത്തിലെ എല്ലാ ദേശങ്ങളും നമ്മുടെ ദേശം,
എല്ലാവരും നമ്മുടെ സഹോദരർ
- കനിയൻ പൂങ്കുട്രനാർ ( തമിഴ് കവി )

രോ ദേശത്തെയും വ്യത്യസ്തമാക്കുന്നത് അവയുടെ സവിശേഷമായ ഭാഷയോ രുചിഭേദങ്ങളോ ആചാരമര്യാദകളോ ഒക്കെയാണ്. ഒന്ന് വിശാലമായി പറഞ്ഞാൽ ഓരോ ദേശത്തിനും അതത് സംസ്‌കാരങ്ങൾ ഉണ്ടെന്നത് നമുക്ക് കാണാം. ഈ സംസ്‌കാരങ്ങൾ രൂപപ്പെടുന്നതോ, ആ ദേശം ഉൾപ്പെടുന്ന ദീർഘകാല ചരിത്രത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കൊണ്ട് കൂടിയാണ്. എൽ.ജെ.പി യുടെ സിനിമയും ഒരു ദേശത്തെ കുറിച്ചാണ്. നമുക്ക് വളരെ പരിചിതമായ തമിഴ്‌നാടിന്റെ "അപരിചിത' (familiarly strange) ഗ്രാമങ്ങളിൽ ഒന്നിലാണ് "ഉച്ചനേരത്തെ മയക്കം' സംഭവിക്കുന്നത്. ഈ സിനിമാ നമ്മെ ദേശത്തിലെ മനുഷ്യരെപ്പറ്റിയും ഓരോ ദേശങ്ങളാൽ സ്വാധീനിക്കപ്പെടുന്ന മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തെയും കുറിച്ച് കൂടുതൽ ഉണർന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

മനുഷ്യരെ ഒന്നിപ്പിക്കാനും വിഭജിക്കാനും ഉള്ള കഴിവ് ദേശങ്ങൾക്കുണ്ട്. പരദേശിയും സ്വദേശിയും ഉണ്ടാകുന്നത് ദേശങ്ങൾ നിർണയിക്കുന്ന സാങ്കല്പികവും ചിലപ്പോഴൊക്കെ മൂത്തവുമായ അതിർത്തികൾ കൊണ്ടാണല്ലോ. അന്യദേശകാരെ കുറിച്ച് നാം കേട്ടതും കണ്ടതും തമ്മിൽ പലപ്പോഴും വൈരുദ്ധങ്ങൾ പ്രകടമാവാറുണ്ട്. ബംഗാളിയെക്കുറിച്ചും തമിഴിനെക്കുറിച്ചും കേട്ടതും എന്നാൽ നമ്മൾ കണ്ടു പരിചയപ്പെട്ടു പരിചിതനായ ഒരു ബംഗാളിയോ തമിഴയോ പറ്റിയുള്ള നമ്മുടെ ധാരണയും തമ്മിലുള്ള വ്യത്യാസങ്ങളെ പറ്റി ആലോചിച്ചാൽ മതി. പശ്ചിമഘട്ടത്തിന്റെ തലയെടുപ്പിൽ നിൽക്കുന്ന കേരളവും തമിഴ്‌നാടും തമ്മിലുള്ള പൊക്കിൾകൊടി ബന്ധം ഭാഷയുടെ ചരിത്രത്തിൽ തുടങ്ങി രാഷ്ട്രീയബോധ്യങ്ങളിലുള്ള ഐക്യപ്പെടലുകളിൽ വരെ പരന്നു കിടക്കുന്നതാണ്.

തമിഴനും മലയാളിയും പശ്ചിമഘട്ടത്താൽ വിഭജിക്കപ്പെട്ട് നിൽക്കുമ്പോൾ തന്നെ, ചുരങ്ങളിലൂടെയും തെക്കേ അറ്റത്ത്​ കന്യാകുമാരിയിലൂടെയും അവർ വിനിമയങ്ങൾ തുടർന്നുവരുന്നു. കാൽനടയായും കാളവണ്ടിയിലായും എഗ്​മോർ എക്​സ്​പ്രസിലായാലും കാല - ദേശങ്ങളെ മുറിച്ചുകടന്ന്​ ആ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു. ദേശകാലങ്ങളിലൂടെയുള്ള ഈ സഞ്ചാരത്തിൽ രണ്ടു സമൂഹങ്ങളും പരസ്പരം അറിയുകയും അതേസമയം തന്നെ ചില ധാരണകൾ അപരനെ കുറിച്ച് രൂപീകരിക്കുകയും ചെയ്യുന്നു .

"പാണ്ടിയായും' "മലയാളത്താനാ'യും അവർ അപരനെ തന്റെ നിത്യവ്യവഹാരങ്ങളിൽ പറഞ്ഞുകൊണ്ടും ഇരിക്കുന്നു. ഈ നിത്യമായ അപരിചിതത്വത്തിന്റെ ഭൂമികയിൽ നിന്നുകൊണ്ടാണ് കേരളത്തിൽ നിന്നും വേളാങ്കണ്ണി തീർഥാടനത്തിനുവന്ന അരസികനായ, പിശുക്കനായ, കള്ളുകുടിക്കാത്ത ജയിംസ്, കള്ളുകുടിയനായ വിടുവായനായ രസികനായ തമിഴനായ സുന്ദരമായി പരകായപ്രവേശനം ചെയ്യുന്നത്.

തന്റെ കുടുംബത്തിനും കൂടെ വന്ന മറ്റുള്ളവർക്കും തീർത്തും അപരിചിതനായ പുതിയ ഒരാളായി മാറുകയാണ് ജയിംസ്. ഒരു വ്യക്തിയുടെ ജീവിതപരിസരങ്ങൾ അയാളിൽ ആഴത്തിൽ ഉണ്ടാക്കുന്ന ചില ജീവിതമൂല്യങ്ങളെയും കാഴ്ചപ്പാടുകളെയും ശീലങ്ങളെയും സാമൂഹികശാസ്ത്രജ്ഞനായ പിയറി ബോർദ്യു (Pierre Bourdieu) ഹാബിറ്റസ് "habitus' എന്ന് വിളിക്കുന്നു. ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിൽ അയാൾ ജീവിക്കുന്ന നാട് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഒരു നിമിഷം കൊണ്ട് മറ്റൊരു "നാട്ടു'കാരനാവുന്ന ഈ നാടകം നമ്മെ ഇത് വരെ ആലോചിക്കാതെ ചില സാധ്യതകളിലേക്ക് കൊണ്ടുപോകുന്നുണ്ട്. നമ്മൾ ജീവിക്കുന്ന കുമിളജീവിതങ്ങളിൽ നിന്ന് പുറത്തു വരാൻ നമുക്കെല്ലാമുള്ള ഒരു ചോദനയുണ്ടല്ലോ, വേറൊരാളായി വേറെയിടത്ത്​ജീവിക്കാനുള്ള നമ്മളുടെ ആഗ്രഹത്തെ ജയിംസ് ഒരു തരത്തിൽ ആവിഷ്‌കരിക്കുന്നുണ്ട്.

ഈ സിനിമയുടെ മറ്റൊരു സവിശേഷത ഇതിന്റെ പശ്ചാത്തലത്തിൽ മുഴങ്ങുന്ന സൗണ്ട്​സ്കേ​പ്പ് (soundscape) ആണ്. കഥ നടക്കുന്ന ഗ്രാമം ഉൾപ്പെടുന്ന ചരിത്ര സന്ദർഭങ്ങളിലേക്ക്, ചരിത്രത്തിന്റെ വലിയ തുറവികളിലേക്ക് റേഡിയോവിലൂടെയും ടെലിവിഷനിലൂടെയും പുറത്തു വരുന്ന പാട്ടുകളും സിനിമ സംഭാഷണങ്ങളും നമ്മെ കൊണ്ടുപോകുന്നുണ്ട്. ജയിംസിൽ നിന്നും സുന്ദരം ആകുന്നതോടുകൂടി ആ സംഗീതം കൂടുതൽ ശ്രവ്യമാകുന്നുണ്ട്. ഭാഷയുടെ സാമൂഹികതയെ കുറിച്ചുള്ള സൂചനകൾ ഈ ശബ്ദത്തിന്റെ മാറുന്ന മുഴക്കങ്ങളിലൂടെ സൂചിപ്പിക്കുന്നുണ്ട്. സുന്ദരം ഉറക്കത്തിനുശേഷം ജയിംസ് ആകുമ്പോൾ പശ്ചാത്തലിൽ ഉണ്ടായിരുന്ന തമിഴ് പാട്ടുകൾ കുറച്ചുനേരത്തേക്ക് നിശ്ശബ്ദമാകുന്നത് ശ്രദ്ധേയമാണ്. നമ്മുടെ ശബ്ദവീചികളുടെ സാമൂഹികതയെ കുറിച്ചുള്ള സൂക്ഷ്മസൂചനകളായി കാണാവുന്നതാണ് ഈ മാറുന്ന മുഴക്കങ്ങളെ. സ്ഥലകാലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യർക്ക് അയാൾ ഉൾപ്പെടുന്ന വിശാലലോകത്തെ ഗ്രഹിക്കണമെങ്കിൽ പലതരം സാമാന്യവല്കരങ്ങൾ ആവശ്യമായിവരും.

ഒരുപക്ഷെ, സാമാന്യവത്കരണത്തിലൂടെയാണ് നമ്മൾ നമ്മുടെ സ്ഥല-കാലങ്ങളിൽ ജനിച്ചു വീഴുന്നതിന്റെ പരിമിതികളെ മറികടന്നുപോകാൻ ശ്രമിക്കുന്നത്. തമിഴനും മലയാളിയും അയല്ക്കാരാകുമ്പോൾ തന്നെ അവർ തമ്മിലുള്ള പരിചയങ്ങൾക്കും ഒരുതരം അപരിചിതത്വമുണ്ട്. അവർ "പാണ്ടി' ആയും ‘മലയാളത്ത’നായും പരസ്പരം അപരനെ സംബോധന ചെയുന്നു.

ജയിംസിനെ തേടി ആ ഗ്രാമത്തിലിറങ്ങുന്ന സഹയാത്രികനോട് ഗ്രാമവാസിയായ ഒരാൾ ചോദിക്കുന്നുണ്ട്, കേരളവിൽ എൻകെ? ശബരിമല പക്കമേ? തമിഴന് ശബരിമല എന്നത് കേരളത്തിലെ ഏതൊരു സ്ഥലത്തെയും റഫർ ചെയ്യാനുള്ള റഫറൻസ് പോയിൻറ്​ ആയി മാറുന്നുണ്ട്. വേളാങ്കണ്ണിയും പഴനിയും എല്ലാം ഇത്തരത്തിൽ രണ്ടു സമൂഹങ്ങളുടെ പരസ്പരമുള്ള റഫറൻസ് പോയിന്റുകളായ മാറിട്ടുണ്ട്. ദൂരദേശങ്ങളെ കുറിച്ച മനുഷ്യർ എപ്പോഴും ഇത്തരം മുൻധാരണകൾ രൂപീകരിക്കാറുണ്ട്. ഒരുപക്ഷെ, നമ്മുടെ അനുഭവപരമായ പരിമിതികൾ കൊണ്ടാകാം, ചില സാമാന്യവത്കരങ്ങളിലൂടെയല്ലാതെ നമുക്ക്​ വടക്കേ ഇന്ത്യക്കാരെയോ അവർക്ക് തെക്കേ ഇന്ത്യക്കാരെയോ മനസിലാക്കാൻ പറ്റാത്തത്​. പക്ഷെ കുറച്ചധികം സമയം ഒരു പുതിയ ദേശത്തു ജീവിക്കുന്നതോടെ നമുക്ക്​ ആ ദേശത്തെ കുറിച്ചുള്ള ചില തിരിച്ചറിവുകൾ ലഭിക്കുന്നു. അന്യതയിൽ നിന്ന്​ അടുപ്പങ്ങളുടെ, പരിചയങ്ങളുടെ ഒരു പുതിയ ഇടമായി അവ പുനരാവിഷ്‌കരിക്കപ്പെടുന്നു. ഈ കോസ്‌മോപോളിറ്റനിസം അഥവാ വിശ്വമാനവികതയിലേക്ക് ഉയരാനുള്ള ഒരു ഉണർത്തുപാട്ടായാണ് ഈ സിനിമ എനിക്കനുഭവപ്പെട്ടത്. നമ്മുടെ പ്രാദേശികബോധ്യങ്ങളുടെ വ്യക്തി കേന്ദ്രീകൃതമായ സുഖമുള്ള ഉറക്കത്തിൽ നിന്നെഴുന്നേറ്റ്, കനിയൻ പൂങ്കുട്രനാർ പറഞ്ഞതുപോലെ, "ലോകത്തിലെ എല്ലാ ദേശവും എന്റെ ദേശം' എന്ന ഉണർവിലേക്കുയരാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു അനുഭവമായാണ് എനിക്ക് ‘നൻപകൽ നേരത്തെ മയക്കം’ മാറിയത്.

Comments