വരൂ, സിനിമയ്​ക്കു പുറത്തേക്കുപോകാം, സിനിമയിലൂടെ

""മനുഷ്യന് ഏറ്റവും ആനന്ദം ലഭിക്കുന്നത് ആവർത്തനങ്ങളിലാണ്. ശരിയായ ആവർത്തനങ്ങൾ ആയിരിക്കണമെന്നു മാത്രം. ആവർത്തനം കൃത്യമായി മുന്നോട്ട് പോകുന്നതിനെയാണു നാം ജീവിതം എന്നു വിളിക്കുന്നത്. എല്ലാ ദിവസവും ട്രെയിനും ബസും സമയത്ത് വരണം, കൃത്യം സമയം ട്രാഫിക് വിളക്കുകൾ തെളിയണം. എന്നും കൃത്യം ജോലി സമയമാകണം... ''

- മൂന്നു കല്ലുകൾ, അജയ് പി. മങ്ങാട്ട്

ശരിയാണ് ഏറെക്കുറെ ആവർത്തനങ്ങളിലൂടെയാണ് ജീവിതത്തിലെ ഒട്ടുമിക്ക ദിവസങ്ങളും കടന്നു പോകുന്നത്. ചിലപ്പോൾ സുഖകരമായും ചിലപ്പോൾ വിരസമായും തോന്നുന്ന ആവർത്തനങ്ങൾ. ഈ ആവർത്തനങ്ങൾക്കിടയിൽ ഒരിക്കലെങ്കിലും മറ്റൊരാളുടെ ജീവിതം ജീവിക്കാൻ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകുമോ? മറ്റൊരു നാട്ടിൽ, മറ്റൊരു കാലത്ത്, മറ്റൊരു ജീവിതം ജീവിക്കുക. അത്തരത്തിലൊരു സ്വപ്‌നത്തിലേയ്ക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി, നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ.

എന്നാൽ സ്വപ്‌നം എന്ന ഒറ്റവാക്കിൽ സിനിമയുടെ കാഴ്ചാനുഭവത്തെ ഒതുക്കാനുമാവില്ല. മനസ്സിന്റെ ഉള്ളിൽ, അവരവർ തന്നെ കെട്ടുന്ന സ്‌റ്റേജിൽ നമ്മുടെ പരിചയപരിസരങ്ങളിലുള്ളവരെയൊക്കെ, (ഇല്ലാത്തവരെയും) ഓരോ കഥാപാത്രങ്ങളായി സങ്കൽപ്പിച്ച് നമ്മൾ സ്വയം മെനയുന്ന ചില നാടകങ്ങളില്ലേ? നമ്മുക്കല്ലാതെ മറ്റാർക്കും കാണാനാവാത്തത്... അത്തരത്തിലൊരു നാടകമായും വേണമെങ്കിൽ ഈ സിനിമയെ കാണാം. ജെയിംസ് എന്ന മലയാളി സുന്ദരം എന്ന കഥാപാത്രത്തിന്റെ വേഷമണിഞ്ഞ് സ്വയം ആടിതീർത്ത നാടകം. സ്റ്റേജോ കാണികളോ ഇല്ലാത്ത ആ സങ്കൽപ നാടകത്തിലേയ്ക്ക് പ്രേക്ഷകനെയും വലിച്ചിടാനായി എന്നതാണ് സിനിമയുടെ വിജയം.

രണ്ട് സംസ്ഥാനങ്ങൾ, രണ്ടു ജീവിതരീതികൾ, അതിർത്തിക്കപ്പുറമുള്ള അപരനെ കുറിച്ച് നമ്മുടെ ഉള്ളിലുള്ള മുൻധാരണകൾ, എത്രമേൽ വ്യത്യസ്തരെങ്കിലും എല്ലാ മനുഷ്യരും മനുഷ്യൻ മാത്രമാകുന്ന ചില സന്ദർഭങ്ങൾ ഒക്കെ കാട്ടിത്തരുന്നു ഈ സിനിമ. അല്പം ദൂരെ മാറിനിന്നു കാണുന്ന പ്രേക്ഷകർ പോലും ഏതോ നിമിഷത്തിൽ സിനിമയുടെ ഒപ്പം സഞ്ചരിച്ചു തുടങ്ങും. തമിഴ്‌നാട്ടിലെ ആ ഗ്രാമം, ജീവിതരീതികൾ, അവിടെ ജീവിച്ചിരുന്ന സുന്ദരത്തെ പോലെ തന്നെ സിനിമ കണ്ടിറങ്ങിയവർക്കൊക്കെയും ഇപ്പോൾ പരിചിതമാണ്. അല്ലെങ്കിൽ ഈ സിനിമയ്ക്കും മുൻപേ ആ ഗ്രാമം എനിക്കറിയാമായിരുന്നു എന്നൊരു തോന്നൽ സിനിമ സൃഷ്ടിക്കുന്നുണ്ട്.

ദൃശ്യം വൈഡ് ആകുംതോറും കാഴ്ചകൾ സാധാരണ അകന്നകന്നുപോകാറാണ് പതിവ്. രണ്ട് വീടുകൾ, അതിനുള്ളിൽ രണ്ടു ജീവിതം ജീവിക്കുന്ന മനുഷ്യർ, അവരുടെ സംഘർഷങ്ങളെ ഒറ്റ ഫ്രയിമിൽ കൊണ്ടുവരുമ്പോഴും അത് പരമാവധി ക്ലോസായി കാണിക്കുന്ന വിഷ്വൽ മാജിക്ക് സിനിമയെ കൂടുതൽ മനോഹരമാകുന്നു. ഇത്തരം കാഴ്ചാനുഭവങ്ങൾക്ക് തേനീ ഈശ്വർ അഭിനന്ദനം അർഹിക്കുന്നു. പല വീടുകളിലെ ടിവിയിൽ നിന്നുയരുന്ന ശബ്ദമാണ് സിനിമയുടെ പശ്ചാതലത്തിൽ കൂടുതലും കേൾക്കുന്നത്. ഇത് കാലത്തെ അടയാളപ്പെടുത്തുകയും സിനിമ എന്ന കല എത്രത്തോളം തമിഴ് ജീവിതത്തിന്റെ ഭാഗമാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. വെള്ളമുണ്ട് മാറി കള്ളിമുണ്ട് ഉടുക്കുന്ന അതേ അനായസതയോടെ മമ്മൂട്ടി കഥാപാത്രമായും കഥാപാത്രത്തിനുള്ളിൽ നിന്ന് മറ്റൊരു കഥാപാത്രമായും മാറുന്നു. മലയാളത്തിനും തമിഴിനും തുല്ല്യ പ്രാധാന്യമുള്ള സംഭാഷണങ്ങൾ എടുത്തുപറയേണ്ടതില്ലാത്ത വിധം സിനിമതന്നെയായി മാറുന്നു. എസ്. ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ. ഇനിയും പലകാഴ്ചകൾക്കും പലവായനകൾക്കുമുള്ള സാധ്യതകൾ തുറന്നിടുന്നുണ്ട് ഈ സിനിമ.

സ്വപ്‌നങ്ങളിൽ നമ്മൾ മറ്റൊരു ജീവിതം ജീവിക്കുന്നു. മയക്കം വിട്ടുണരുന്നതോടെ പല സ്വപ്‌നങ്ങളും പിന്നീട് ഓർത്തെടുക്കാനാവാത്ത വിധം മറന്നുപോകുന്നു. എന്നാൽ വളരെക്കുറച്ച് സ്വപ്‌നങ്ങൾ, ചില ദൃശ്യങ്ങൾ ഒന്നു കണ്ടുകഴിഞ്ഞാൽ പിന്നെ എക്കാലത്തേയ്ക്കുമായി നമ്മുക്കൊപ്പം കൂടും. അത്തരത്തിലൊരു ദൃശ്യാനുഭവമാണ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമയും. തമിഴ് ഊരിലെ നീലംകൂട്ടി കുമ്മായം പൂശിയ ആ വീടുകളിലൊന്നിന്റെ ചുമരിൽ ചാരിനിന്ന് കണ്ടപോലെ ആ ദൃശ്യങ്ങളിനി കുറേകാലത്തേയ്‌ക്കെങ്കിലും കൂടെയുണ്ടാകും.

Comments