‘നൻപകലി’ലെ LJP എന്ന ബ്രാൻഡും മമ്മൂട്ടി എന്ന കമ്പനിയും

ലിജോ ​ജോസ്​ പെല്ലിശ്ശേരിയുടെ മുൻ ചിത്രങ്ങളിലെല്ലാം, പൊതുവേ നടീനടന്മാർ ഉപയോഗിക്കപ്പെടുന്ന ‘ടൂളുകൾ ' എന്നതിൽ കവിഞ്ഞ് താരശരീരങ്ങളെ സ്വാംശീകരിക്കാത്തവരാണ്. എന്നാൽ മമ്മൂട്ടി എന്ന താരശരീരത്തെ അവഗണിക്കാൻ ലിജോയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് വ്യക്തം. പ്രമേയത്തിലൂന്നി തന്റെ ദൃശ്യഭാഷയിൽ വിശ്വസിച്ച് മുന്നോട്ടുപോയിരുന്ന ലിജോയുടെ രീതിയിൽ നിന്ന് വ്യത്യസ്തമായി ‘നൻപകൽ നേരത്ത് മയക്ക'ത്തിൽ മമ്മൂട്ടി എന്ന നടന് പെർഫോം ചെയ്യാനുള്ള പ്ലാറ്റ്ഫോം ഒരുക്കലായി മാറുന്നുണ്ട് പല രംഗങ്ങളും. മമ്മൂട്ടി എത്രയോ സിനിമകളിൽ ആവർത്തിച്ച ഭാവങ്ങളിലേക്കും ഭാവ വ്യതിയാനങ്ങളിലേക്കും വീണുപോകുന്നത് ചില രംഗങ്ങളിലെങ്കിലും നിസ്സഹായതയോടെ നോക്കി നിന്നിട്ടുണ്ടാകണം ലിജോ.

ഖ്യാനഭാഷയെയും പ്രമേയത്തെയും സിനിമാസങ്കൽപ്പങ്ങളെയും നിരന്തരം നവീകരിക്കുന്ന സംവിധായകൻ എന്ന നിലയിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ പുതിയ ചിത്രവും പ്രേക്ഷകരുടെ വലിയ പ്രതീക്ഷയാണ്. കാലസ്ഥലികളുടെ പരിമിതികൾക്ക് പുറത്തുനിൽക്കുന്ന "ലിജോ സിനിമകൾ' നിലനിൽക്കുന്ന ജോണറുകൾക്ക് വഴങ്ങാതിരിക്കുകയും ഒരു "ലിജോ ജോണർ ' ആയി പരിണമിക്കുകയും ചെയ്യുന്നു. ആ ശ്രേണിയിലെ ഏറ്റവും പുതിയ ചിത്രമാണ് "നൻപകൽ നേരത്ത് മയക്കം.' മുൻനിശ്ചിതങ്ങളും, നിരന്തരമായ ഉപയോഗത്തിലൂടെ സുതാര്യമായിത്തീർന്നതുമായ ജനപ്രിയ സിനിമകളുടെ കോഡുകൾ തന്നെയാണ് "നൻപകൽ നേരത്ത് മയക്ക'വും പിന്തുടരുന്നത്.

വേളാങ്കണ്ണിയിൽനിന്ന് മൂവാറ്റുപുഴയിലേക്ക് മടങ്ങിവരുന്ന തീർത്ഥാടക സംഘത്തിന്റെ നേതാവാണ് ജെയിംസ്. മറ്റുള്ളവർക്ക് വലിയ പരിഗണന നൽകാത്ത, അവരുടെ അഭിപ്രായങ്ങൾക്ക് വേണ്ടത്ര വിലകൽപ്പിക്കാത്ത, ഒരാൾ. തമിഴ് ഗ്രാമീണതയോടും ഭക്ഷണത്തോടും ആ സംസ്കൃതിയോടുമൊന്നും അയാൾക്ക് വേണ്ടത്ര മതിപ്പില്ല. മടക്കയാത്രയിലെ ആ ഉച്ചയിൽ, ബസിലെ ഏറെക്കുറെ എല്ലാവരും ഉറങ്ങിപ്പോകുന്ന സമയത്ത് ജയിംസ് ഉറക്കമുണരുകയും, വണ്ടി നിർത്തി തൊട്ടടുത്തുകണ്ട ഗ്രാമത്തിലേക്ക് നടന്നുപോവുകയും ചെയ്യുന്നു. അവിടെയെത്തിയ ജയിംസ് രണ്ടുവർഷം മുമ്പ് മറഞ്ഞുപോയ കർഷകനും പാൽക്കാരനുമായ സുന്ദരം എന്ന വ്യക്തിയായി ജീവിച്ചുതുടങ്ങുന്നു. തുടർന്ന് സുന്ദരത്തിന്റെ വീട്ടുകാർക്കും, നാട്ടുകാർക്കും, ജെയിംസിന്റെ വീട്ടുകാർക്കും, കൂടെയുള്ളവർക്കും ഉണ്ടാകുന്ന ആഭ്യന്തരവും ബാഹ്യവുമായ സംഘർഷങ്ങളും അതിന്റെ പരിണതിയുമാണ് പ്രമേയം.

ആദ്യന്തം നാടകീയമായ ആഖ്യാനമാണ് ചിത്രത്തിന്റേത്. ആദ്യ പതിനഞ്ചു മിനിറ്റിൽ ഇതൊരു ലിജോ സിനിമ തന്നെയാണോ എന്ന് പ്രേക്ഷകർക്ക്​തോന്നിത്തുടങ്ങുന്നിടത്ത് ഉച്ചമയക്കത്തിൽ, പടം ഒരു ഷിഫ്റ്റ് എടുക്കുന്നു. പിന്നീടങ്ങോട്ട് ചിരിയെ കൂട്ടുപിടിച്ച് വേഗത്തിൽ നീങ്ങുന്ന ചിത്രം, അനിവാര്യമായ ടേണുകൾ എടുക്കുകയും പ്രേക്ഷകർ കരുതുന്നിടത്തേക്ക് തന്നെ പോവുകയും ചെയ്യുന്നു. മനുഷ്യബന്ധങ്ങളുടെ ആഴങ്ങളെയും വൈവിധ്യങ്ങളെയും അടയാളപ്പെടുത്തി നീങ്ങുന്ന ചിത്രം ട്രാക്ക് തെറ്റാതെ തിരികെയെത്തുന്നു എന്ന് പ്രേക്ഷകനെ തോന്നിപ്പിക്കുന്നു. അതിതീവ്രമായി പ്രേക്ഷകരെ ഉലച്ചുകളയുന്ന ക്ലൈമാക്സൊന്നുമല്ല ചിത്രത്തിന്റേത്. ക്ലൈമാക്സ് ആയി എന്ന് പ്രേക്ഷകർക്ക്​ തോന്നുന്നിടത്ത് ചിത്രം പുതിയ ഒരു കൺഫ്യൂഷനിലേക്ക് മാറുകയും ചെയ്യുന്നു.

ഇന്ത്യൻ മധ്യവർഗ സിനിമകളിലെ "കുടുംബം'എന്ന യാഥാർഥ്യത്തിന് ലിജോ തന്റെ സിനിമകളിൽ വലിയ പ്രാധാന്യമൊന്നും നൽകാറില്ല. എന്നാൽ നൻപകലിൽ സ്ഥിതി കുറച്ചു വ്യത്യസ്തമാണ്. ഇതിൽ രണ്ടു കുടുംബങ്ങൾ പ്രധാനമാണ്. സുന്ദരത്തിന്റെ കുടുംബം മനഃപൂർവം മറക്കാൻ ശ്രമിക്കുന്ന ഓർമകൾക്കുമീതെയാണ് ജയിംസ് എണ്ണ കോരിയൊഴിക്കുന്നത്. സുന്ദരത്തിന്റെ ഭാര്യയാകട്ടെ സ്വീകരണ- തിരസ്കാരങ്ങൾക്കിടയിൽ പകച്ചുനിൽക്കുകയാണ്. എന്നാൽ ഉരുകി നിൽക്കുന്ന ജയിംസിന്റെ ഭാര്യയെയും മകനെയും ആശ്വസിപ്പിക്കാൻ അവർക്ക് കഴിയും. സുന്ദരത്തിന്റെ അച്ഛനും അതിരുകളില്ലാത്ത കാരുണ്യത്തോടെയാണ് അവരോട് പെരുമാറുന്നത്. എന്നാൽ കാഴ്ചയില്ലാത്ത, സ്പർശിച്ചും കേട്ടും മാത്രം മനസ്സിലാക്കുന്ന അമ്മയ്ക്ക് അയാൾ ജയിംസ് അല്ല, അമ്മയ്ക്ക്, അയാൾ വെറ്റിലയും പാക്കും നൽകുന്ന, അമ്മയുടെ മടിയിൽ തലചായ്ച്ചുറങ്ങുന്ന സുന്ദരം തന്നെയാണ്.

ജയിംസിന്റെയും സുന്ദരത്തിന്റെയും ഉച്ചയുറക്കങ്ങൾക്കിടയിലെ 24 മണിക്കൂർ ദൂരമാണ് ചിത്രം. സുന്ദരത്തിന്റെ പുനർജന്മത്തിലെ 24 മണിക്കൂർ എന്ന് മാത്രവും പറയാം. ഏത് നിമിഷവും ആരുടെയും ജീവിതത്തിന്റെ സന്തുലനം നഷ്ടമായേക്കാം. ചുറ്റുമുള്ളവരുടെ കണ്ണുകളിൽ നാം വ്യത്യസ്തരായി മാറുമ്പോൾ അവർ എങ്ങനെ പ്രതികരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ സിനിമ തുറന്നിടുന്നു. കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളും നീറ്റലുമെല്ലാം പ്രേക്ഷകരിലേക്ക് പകരുന്ന ഒരു ദൃശ്യഭാഷ ലിജോ ഈ ചിത്രത്തിൽ പിന്തുടരുന്നുണ്ട്.

സമയസ്ഥലികളിൽ പ്രേക്ഷകരുടെ ധാരണയുമായി ഏറ്റുമുട്ടുന്ന ആമേൻ, ജെല്ലിക്കെട്ട് , ചുരുളി തുടങ്ങിയ ചിത്രങ്ങളുടെ ആത്യന്തിക പ്രമേയ പരിസരവുമായി "നൻപകലിനും' സാമ്യമുണ്ടെന്ന് സൂക്ഷ്മദൃഷ്ടിയിൽ കാണാം. ചുറ്റുമുള്ളവരുടെ സമയസ്ഥല സൂചികയിൽ നിന്ന് അകന്നുപോയ നായകന് സംഭവിക്കുന്ന അന്യവൽക്കരണവും ഒരു ഘട്ടത്തിൽ ആ സൂചികയിലേക്കുള്ള തിരിച്ചു കയറ്റവുമാണല്ലോ ഇതിന്റെയും പ്രമേയം. അവിശ്വസനീയം എന്ന് പറയാവുന്ന ഒരു ഇതിവൃത്തത്തെ പ്രേക്ഷകരിലേക്ക് സ്വാഭാവികം എന്നു തോന്നുന്ന തരത്തിൽ പകരാൻ ലിജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തമിഴ് സംസ്കാരത്തിലേക്കും ഗ്രാമീണക്കാഴ്ചകളിലേക്കും ചിത്രം പ്രേക്ഷകരെ കൈപിടിച്ചു കൊണ്ടുപോകുന്നു. ഒരുവേള നൻപകൽ ഒരു തമിഴ് ചിത്രം പോലുമായി മാറുന്നു.

ആമേൻ കഴിഞ്ഞാൽ ലിജോയുടെ സിനിമകളിൽ ഏറ്റവും കാവ്യാത്മകമായ ഒന്നാണ്, "നൻപകൽ നേരത്ത് മയക്കം.' മോശമല്ലാത്ത തിരക്കഥ തന്നെയാണ് ഹൈലൈറ്റ്. എന്നാൽ ഒരേ തിരക്കഥാകൃത്തിനൊപ്പം തുടർച്ചയായി പ്രവർത്തിക്കുമ്പോൾ പ്രമേയത്തിന്റെയോ സങ്കേതത്തിന്റെയോ അകകാമ്പിലെങ്കിലും സാമ്യതയ്ക്ക് സാധ്യതയുണ്ട്. മനുഷ്യന്റെ ആത്യന്തിക വാസനകളിലേക്ക് കാലസ്ഥലികളെ കടന്നുപോകുന്ന ജെല്ലിക്കെട്ടും, ധാർമിക ബോധത്തിന്റെ പാലം കടന്നുപോകുന്ന ചുരുളിയും പറയുന്ന അതേ സങ്കേതത്തിൽ തന്നെയാണ് നൻപകലും ആഖ്യാനമെടുക്കുന്നത്.

വ്യക്തിത്വരൂപീകരണത്തിന് മനുഷ്യനെ സഹായിക്കുന്ന വീട്, ചുറ്റുപാടുകൾ, ഭാഷ, പ്രകൃതി, ഭക്ഷണം, കല തുടങ്ങിയ സാംസ്കാരികമായ സവിശേഷതകൾക്കപ്പുറം മനുഷ്യന്റെ പെരുമാറ്റത്തെ സാധൂകരിക്കുന്ന മറ്റ് ഘടകങ്ങളുണ്ടോ എന്ന് ചിത്രം അന്വേഷിക്കുന്നു. വർഷങ്ങൾ നീണ്ട ഓർമകൾ, മുന്നനുഭവങ്ങൾ, ഭാവന തുടങ്ങിയവയെല്ലാം കൂട്ടിയിണക്കി പ്രവർത്തിക്കുന്ന മനുഷ്യമനസിന്റെ അബോധതലവും മനുഷ്യന്റെ പെരുമാറ്റത്തെ നിയന്ത്രിച്ചേക്കാം. ചിലരെ ആദ്യമായി കാണുമ്പോഴോ ചില സ്ഥലങ്ങളിലും സന്ദർഭങ്ങളിലും എത്തുമ്പോഴോ ഉണ്ടാകുന്ന ദേജാവു, ടെലിപ്പതി തുടങ്ങിയവയുടെയൊക്കെ സാക്ഷാത്കാരമായും പ്രമേയത്തെ കാണാം. അല്പം സങ്കീർണമായ ഈ വസ്തുത വലിയ തത്വചിന്താപരമായ അന്വേഷണങ്ങൾ ഒന്നുമില്ലാതെ ലളിതമായും കയ്യൊതുക്കത്തോടെയുമുള്ള ആഖ്യാനത്തിലൂടെ ഏറെ ആസ്വാദ്യമാക്കിത്തീർത്തു, ലിജോ.

അപ്രതീക്ഷിതത്വത്തിന്റെ ആനന്ദമാണ് ലിജോ സിനിമകളുടെ സൗന്ദര്യം. എന്നാൽ ഈ സിനിമയിലെ സങ്കീർണ്ണത തുടങ്ങുന്നതു മുതൽ, പ്രേക്ഷകർ പ്രതീക്ഷിക്കുന്ന പരിണാമഗുപ്തിയിലേക്ക് ഒരു ഫീൽ ഗുഡ് സിനിമയുടെ ജോണറിൽ തട്ടും തടവുമില്ലാതെ പോകുന്നത് അല്പം അമ്പരപ്പോടെ കണ്ടിരിക്കേണ്ടി വരും. സ്ഥിരംശൈലിയിൽ നിന്ന് വ്യത്യസ്തമായി ശാന്തമായ ആഖ്യാന ഭാഷയാണ് ചിത്രം പിന്തുടരുന്നത്. ഉന്മാദത്തിൽ നിന്ന് ശാന്തതയിലേക്കുള്ള ഒരു യാത്ര.

മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി

LJP ഒരു ബ്രാൻഡ് ആണ്. എന്നാൽ മമ്മൂട്ടിക്കമ്പനി നിർമാണത്തിലേക്ക് വരുമ്പോൾ എൽ. ജെ. പി ബ്രാൻറിന്റെ പ്രേക്ഷകരെ മാത്രം ലക്ഷ്യം വെക്കാൻ കഴിയില്ല. അതുകൊണ്ട് ദൃശ്യഭാഷയെ സങ്കീർണമാക്കാതെ ലളിതവും റിയലിസ്റ്റിക്കുമാക്കേണ്ടതുണ്ട്. പ്രേക്ഷകരെ ക്ലീൻ ബൗൾഡാക്കുന്ന ഒരു നിമിഷം പോലും സിനിമയിലില്ല. എന്നാൽ ഇതുവരെയുള്ള എൽ.ജെ.പി സിനിമകളിൽ ഏറ്റവും മികച്ചതാണോ ഇത് എന്ന് സംശയമാണ്.

മമ്മൂട്ടി എന്ന നടന്റെ അനിതര സാധാരണമായ പ്രകടനത്തെ കേന്ദ്രീകരിച്ച് തന്നെയാണ് സിനിമയുടെ പോക്ക്. മികച്ച ഒരു സ്​ക്രിപ്​റ്റിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് മമ്മൂട്ടി ഒരിക്കൽ കൂടി അടിവരയിടുന്നു. പെർഫോം ചെയ്യാനുള്ള സ്പേസ് തന്നെയാവണം മമ്മൂട്ടിയെ ഈ ഈ ചിത്രത്തിലേക്കെത്തിച്ചത്. തമിഴ് സാംസ്കാരികഭേദവും, സുന്ദരത്തിന്റെ നിസ്സഹായതയും, നിരാശയുമെല്ലാം മമ്മൂട്ടിയിൽ ഭദ്രമാണ്. രണ്ടാം പകുതിയിലെ പതിഞ്ഞ താളത്തിനിടയിലും സിനിമയെ എൻഗേജിംഗ് ആക്കി നിർത്തുന്നത് ഈ പ്രകടനമികവു തന്നെയാണ്. കവലയിലെ സൊറ പറച്ചിലും കള്ളുകുടിയിടത്തിലെ ഒറ്റ ഷോട്ട് പ്രകടനവുമെല്ലാം ഏറ്റവും മികച്ചത് തന്നെ. ജയിംസ് എന്ന മലയാളിയിൽ നിന്ന് സുന്ദരം എന്ന തമിഴന്റെ ശരീരഭാഷയിലേക്കുള്ള പകർന്നാട്ടം അൽഭുതകരമാണ്.

ലിജോയുടെ മുൻ ചിത്രങ്ങളിലെല്ലാം, പൊതുവേ നടീനടന്മാർ ഉപയോഗിക്കപ്പെടുന്ന ‘ടൂളുകൾ ' എന്നതിൽ കവിഞ്ഞ് താരശരീരങ്ങളെ സ്വാംശീകരിക്കാത്തവരാണ്. എന്നാൽ മമ്മൂട്ടി എന്ന താരശരീരത്തെ അവഗണിക്കാൻ ലിജോയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് വ്യക്തം. പ്രമേയത്തിലൂന്നി തന്റെ ദൃശ്യഭാഷയിൽ വിശ്വസിച്ച് മുന്നോട്ടുപോയിരുന്ന ലിജോയുടെ രീതിയിൽ നിന്ന് വ്യത്യസ്തമായി ‘നൻപകൽ നേരത്ത് മയക്ക'ത്തിൽ മമ്മൂട്ടി എന്ന നടന് പെർഫോം ചെയ്യാനുള്ള പ്ലാറ്റ്ഫോം ഒരുക്കലായി മാറുന്നുണ്ട് പല രംഗങ്ങളും. മമ്മൂട്ടി എത്രയോ സിനിമകളിൽ ആവർത്തിച്ച ഭാവങ്ങളിലേക്കും ഭാവ വ്യതിയാനങ്ങളിലേക്കും വീണുപോകുന്നത് ചില രംഗങ്ങളിലെങ്കിലും നിസ്സഹായതയോടെ നോക്കി നിന്നിട്ടുണ്ടാകണം ലിജോ. എന്നാൽ മമ്മൂട്ടിക്ക് മാത്രം കഴിയുന്ന അത്തരം സൂക്ഷ്മഭാവവ്യതിയാനങ്ങളെ മുൻകൂട്ടി കണ്ടു കൂടിയാകണം ഇതൊരു മമ്മൂട്ടി ചിത്രമായി പരിണമിച്ചത് എന്ന മറുവാദവുമുണ്ട്. മാത്രമല്ല, മമ്മൂട്ടിയെന്ന താരശരീരത്തെ മറികടക്കാൻ ലിജോ നടത്തിയ ശ്രമങ്ങൾ ആവർത്തിച്ചുള്ള കാഴ്ചയിൽ മാത്രം മനസ്സിലാക്കേണ്ടുന്നതുമാണ്.

ലിജോ സിനിമകളുടെ പ്രധാന പ്രത്യേകതയായി കണക്കാക്കുന്ന ക്യാമറയുടെ ഉപയോഗം, ദൃശ്യവിന്യാസം എന്നിവയ്ക്ക് നൻപകലിലും ഏറെ പ്രാധാന്യമുണ്ട്. തേനീശ്വറിന്റെതാണ് ചായാഗ്രഹണം .ഒരു നാടകത്തിന്റെ സ്റ്റേജ് പോലെ പ്രേക്ഷകർക്ക്​ തോന്നലുളവാക്കുന്ന മധ്യദൂര ദൃശ്യമാണ് സിനിമയിലേറെയും. നടീനടന്മാർ നിശ്ചലമായ ഫ്രെയിമിലേക്ക് കടന്നു വരികയും നാടകീയമായി പെരുമാറുകയും ചെയ്യുന്നു. രംഗങ്ങളെല്ലാം ഒരു സ്റ്റേജിൽ നിന്ന് പകർത്തിയ പോലെ അനുഭവപ്പെടുന്നു. ആഴമുള്ള ദൃശ്യങ്ങളെ നാടകീയമാക്കി പഴയ തമിഴ് സിനിമാഗാനങ്ങളും ഡയലോഗുകളും കടന്നു വരുന്നു. സമയ ദേശങ്ങളെ മറികടക്കാനുള്ള മറ്റൊരു ഉപാധിയായി വായിക്കാവുന്ന ഒന്ന്. ജെല്ലിക്കട്ടിൽ ഗിരീഷ് ഗംഗാധരനെ അത് ലറ്റും ചുരുളിയിൽ മധു നീലകണ്ഠനെ മജീഷ്യനുമാക്കിയ ലിജോ, പക്ഷേ തേനി ഈശ്വറിന് കുറച്ചൊക്കെ വിശ്രമം അനുവദിച്ചിരിക്കുന്നു. വിരലിലെണ്ണാവുന്ന സീനുകളിൽ മാത്രമാണ് ക്യാമറ ചലിക്കുന്നതുതന്നെ. ലിജോയുടെ സ്ഥിരം ആഖ്യാന സങ്കേതങ്ങൾ ഉപയോഗിച്ചുള്ള സങ്കീർണതകൾ ഒന്നുമില്ല. പെയിന്റിങ്ങുകളെ അനുസ്മരിപ്പിക്കുന്ന ഗഹനമായ ദൃശ്യങ്ങളുടെ ഒരു പരമ്പര തന്നെ ചിത്രത്തിലുണ്ട്.

നാടോടിക്കഥകളുടെ ഭംഗിയുള്ള ഫ്രെയിമുകൾക്ക് അകമ്പടിയായി ആദ്യന്തം പഴയ തമിഴ് ഗാനങ്ങളും സിനിമാ സംഭാഷണങ്ങളും കടന്നുവരുന്നു. ഇവ പലപ്പോഴും ദൃശ്യങ്ങൾ കൊണ്ട് ഉദ്ദേശിക്കാത്ത ഭാവങ്ങളെ ഉണർത്തുന്നുണ്ട്. ഈ ശബ്ദവിന്യാസം ചിലയിടങ്ങളിൽ അരോചകമായി മാറുന്നു.(തിയറ്റർ റിലീസിന് മുമ്പ് ഏറെ ശ്രദ്ധിക്കേണ്ട മേഖലയാണിത്) ഗ്രാമം, വീട്, കടകൾ എന്നിവിടങ്ങളിലെ ടെലിവിഷൻ സ്ക്രീനുകളിൽ നിന്നും, റേഡിയോയിൽ നിന്നും കടന്നുവരുന്ന ഈ ഡയലോഗുകൾക്ക് സിനിമയുടെ കഥപ്രവർത്തിക്കുന്ന സന്ദർഭങ്ങളുമായി ബന്ധിപ്പിക്കാം.
"മയക്കമാ ,കലക്കമാ
മനതിലെ കുഴപ്പമാ
വാഴ്കയിൽ നടുക്കമാ’
എന്നിങ്ങനെ പ്രേക്ഷകരുടെ അനുഭവത്തോട് ചേർന്നുപോകുന്ന ഗാനങ്ങളും സംഭാഷണങ്ങളും ധാരാളമുണ്ട്. സംഭാഷണങ്ങളുടെ പിന്തുണയില്ലാതെ നിശ്ചലമായി പോയ രംഗങ്ങളെ ജീവസുറ്റതാക്കാൻ ഇവയ്ക്ക് കഴിഞ്ഞു.

ചിത്രത്തിന്റെ കളറിംഗ് ആണ് എടുത്തു പറയേണ്ട മറ്റൊരു മേഖല. തമിഴ് ഗ്രാമീണാന്തരീക്ഷം, മയക്കം, വെയിൽ, എന്നിവയെ കൂടുതൽ ജീവസുറ്റതാക്കാൻ കളറിംഗിന് കഴിഞ്ഞിട്ടുണ്ട്. എഡിറ്റിംഗ് നിർവഹിച്ച ദീപു ജോസഫും പ്രത്യേക പരാമർശം അർഹിക്കുന്നു.

കാസ്റ്റിംഗ് പെർഫെക്ടാണ്. പുതുമുഖങ്ങളായ, സ്ക്രീൻ സ്പേസ് കുറഞ്ഞ കഥാപാത്രങ്ങളായി വന്നവർ പോലും ഓർമയിൽ തങ്ങിനിൽക്കത്തക്ക പ്രകടനമികവുള്ളവരായിരുന്നു. തിരക്കഥയുടെ ബലം കൊണ്ട് കൂടിയാണ് ഇത്.

അച്ഛൻ ജോസ് പെല്ലിശ്ശേരിക്കൊപ്പം നാടക ട്രൂപ്പിന്റെ വാഹനത്തിൽ വേളാങ്കണ്ണി യാത്ര നടത്തിയ ഓർമകളും ലിജോയുടെ ആഖ്യാനത്തിന് പിന്നിലുണ്ട്. ചിത്രത്തിന്റെ തുടക്കത്തിലെ തിരുക്കുറൽ വചനം വരാനിരിക്കുന്ന സംഭവങ്ങൾക്കുള്ള വഴികാട്ടിയാണ്. ഒറ്റക്കാഴ്ചയിൽ ചുരുളഴിയുന്നതല്ല ചിത്രത്തിന്റെ നറേഷൻ. ആവർത്തിച്ചുള്ള കാഴ്ചയിൽ കൂടുതൽ കൂടുതൽ ലെയറുകൾ ഉറപ്പായും വന്നുചേരും. ലിജോ, മമ്മൂട്ടി എന്ന മഹാനടനൊപ്പം ആദ്യമായി ചേർന്നപ്പോഴുണ്ടായ ചിത്രം കാഴ്ചാനുഭവം എന്ന നിലയിൽ എല്ലാക്കാലവും ഓർമിക്കപ്പെടും എന്നതിൽ സംശയമില്ല.

Comments