നരിവേട്ടക്കുള്ളിൽ മറ്റൊരു ‘നര’വേട്ടയുണ്ട്. അത് മുത്തങ്ങാസംഭവത്തിനും അപ്പുറത്തുള്ള ഒന്നാണ്. സിനിമയിലെ ‘നരിവേട്ട’ ആദിവാസി ജനതയുടെ മിത്തിന്റെയും പ്രതിരോധത്തിന്റെയും ഭാഗമാണെങ്കിൽ നരവേട്ട ഇന്നും പലപേരുകളിൽ ജനതയുടെമേൽ ചാർത്തപ്പെടുന്ന അധികാരപ്രയോഗമാണ്. അതിന് പുരാവൃത്തമില്ല, അധികാരം നിലനിർത്താനുള്ള സ്റ്റേറ്റിന്റെ കാലാകാലങ്ങളിലുള്ള (State Apparatus) പരിഷ്ക്കാരങ്ങളാണവ. നരിവേട്ട, ഒരു മിലൻ കുന്ദേര പടമാണ്. അധികാരത്തിനെതിരെയുള്ള സമരം മറവിക്കെതിരെ ഓർമ്മയെ/ചരിത്രത്തെ ഉണർത്താനുള്ളതാണ് എന്നതാണ് സിനിമയുടെ ആശയ ലോഗോ. ഈയർത്ഥത്തിൽ, എല്ലാവരും സമ്മതിച്ചപോലെ ‘മുത്തങ്ങ’ മറവിയുടെ മൂടുപടം നീക്കി വീണ്ടും ഇറയംപുറത്തുനിന്ന് ചരിത്രത്തിന്റെ മുന്നാംപുറത്തേക്ക് കയറിവരുന്നു. എമ്പുരാനിലൂടെ ഗോധ്ര സംഭവം മറനീക്കി പുറത്തുവന്നപോലെ. പുതിയ തലമുറക്കും ഇനിയിവയൊന്നും കണ്ടില്ലെന്ന് നടിക്കാനാവില്ല.
അതേസമയം നരിവേട്ടക്കുള്ളിൽ ഇന്ത്യയിലുടനീളം തീപ്പിടിച്ചു കൊണ്ടിരിക്കുന്ന ഒരു സബ് പ്ലോട്ട് ഉണ്ട്. മുഖ്യ ഇതിവൃത്തത്തേക്കാൾ കാലികവും ഭീതിജനകവുമായ ഒന്ന്. അധികാര പക്ഷത്ത് നിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം എമ്പുരാനേക്കാൾ അപകടകാരിയാണ് ഈ സിനിമ. ഇരപക്ഷത്ത് നിൽക്കുന്നവരെ സംബന്ധിച്ച് കൂടുതൽ വിമോചനപരവും. എമ്പുരാനിൽ നിന്നും ഭിന്നമായി ഒരുസെൻസറിങ് കോലാഹലമില്ലാതെ ഈ സിനിമയെങ്ങനെ കുതറിച്ചാടി?! ‘മുത്തങ്ങ’ പുതിയ ഇന്ത്യൻ അവസ്ഥയോട് തട്ടിച്ചു നോക്കുമ്പോൾ രണ്ടു ദശകം മുമ്പ് മുമ്പ് നടന്ന ഒരു പഴങ്കഥയാണിന്ന്. നക്സൽ/മാവോയിസ്റ്റ് എന്നൊക്കെ ഇന്നുച്ചരിക്കപെടുന്നത് അന്നത്തേതിനേക്കാൾ അർത്ഥവിഛേദം വന്ന മട്ടിലാണ്. മനുഷ്യാവകാശമൊന്നുമില്ലാതെ ഭൂമിയിൽ നിന്നും നിഷ്കാസനം ചെയ്യേണ്ട ഒരു വംശീയ ഗ്രൂപ്പായി ഇന്നവർ മാറിയിരിക്കുന്നു. ഭീകരവാദത്തിന്റെ ‘നാമരൂപ’ങ്ങളിൽ ഒന്ന്. കേരളത്തിലും സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്. അധികാരം ഇച്ഛിക്കുന്നതും കൽപ്പിച്ചു കൊണ്ടിരിക്കുന്നതും പാൽ തന്നെ!
2003-ൽ ഗോത്ര മഹാസഭയുടെ ബാനറിൽ ജാനുവും ഗീതാനന്ദനും വയനാട്ടിലെ മുത്തങ്ങക്കാട്ടിൽ നയിച്ച ഭൂമിയവകാശത്തിനായുള്ള കുടിൽകെട്ടി സമരവും അവകാശ സമ്മർദ്ദവും അവയ്ക്കുമേലുള്ള സ്റ്റേറ്റിന്റെയും പോലീസിന്റെയും അധികാര പ്രയോഗവും വഞ്ചനയുമാണ് ഈ സിനിമയുടെ മുഖ്യ കഥയെന്നു സമ്മതിച്ചാൽ അത് പൂർണ്ണമാകില്ല. 2003-ലെ മുത്തങ്ങ സംഭവത്തോടെ നടന്ന അടിച്ചമർത്തലിന്റെ ക്രൂര കഥകൾ ക്രമേണയാണ് പുറത്തുവന്നത്. അരുന്ധതി റോയിയുടെ ജയിൽ സന്ദർശനാനന്തരമാണ് കുറച്ചെങ്കിലും ഈ സംഭവം മാധ്യമശ്രദ്ധ നേടിയത് എന്ന് സി.കെ. ജാനു തന്നെ തുറന്നെഴുതിയതാണ്. അന്നത്തെ ഏഷ്യ നെറ്റ് ലേഖകനായ രാംദാസിന്റെ തുറന്നു പറച്ചിൽ ഒരുപക്ഷേ ആദിവാസി ജീവിതത്തിന്റെ വേരിൽത്തന്നെ അള്ളിപ്പിടിച്ചു നിൽക്കുന്ന കെടുതികളിലേക്ക് തുറന്നുവെക്കുന്ന സത്യസന്ധമായ ആർക്കൈവ് ആണ്. ഗ്രോ വാസുവിന്റെ ആദ്യ സന്ദർശനം തൊട്ട് സമരത്തിന് കിട്ടിക്കൊണ്ടിരുന്ന സപ്പോർട്ട് മുത്തങ്ങ സംഭവത്തെ വലിയൊരു മനുഷ്യാവകാശ ലംഘന രാഷ്ട്രീയ പ്രശ്നമാക്കി മാറ്റുകയുണ്ടായി. ഇവയൊന്നും സിനിമയുടെ മുഖ്യ ഫോക്കസ് അല്ല. അതുകൊണ്ടുതന്നെയാവണം, ഈ സിനിമയുണ്ടാക്കിയ പോസിറ്റിവായ എല്ലാ ഘടകങ്ങളും അംഗീകരിച്ചു കൊണ്ടുതന്നെ ‘മുത്തങ്ങ’യെ സിനിമ ഉചിതമായി ചരിത്രവൽക്കരിച്ചിട്ടില്ല എന്ന് ഗീതാനന്ദൻ പറഞ്ഞുകളഞ്ഞത്. ജാനുവും ഗീതനന്ദനും ജോഗിയുമായി അഭിനയിച്ചവർ രൂപസാദൃശ്യം കൊണ്ടുതന്നെ ആ ചരിത്രത്തെ സംവഹിക്കുന്നതായി നമുക്ക് തോന്നാമെങ്കിലും ഗീതാനന്ദൻ എടുത്തു പറഞ്ഞപോലെ, നാലഞ്ച് ഗ്രാമങ്ങൾ അടക്കിവാണ സമരത്തിന്റെ ഭൗമ- ജനവാസ അവസ്ഥ (Geography & Topography) കാണിയെ ബോധ്യപ്പെടുത്താൻ സിനിമക്കായിട്ടില്ല.
സിനിമയിൽ, കേരള പോലീസിന്റെ കണ്ണുവെട്ടിച്ചാണോ എന്നു സംശയമുണർത്തും രീതിയിൽ കയറി വരുന്നൊരു (കേന്ദ്ര) മിലിറ്ററി ഓപ്പറേഷൻ ഉണ്ട്. മുത്തങ്ങ സമരത്തിന്റെ കഥയും തിരക്കഥയും അവിടെ വെച്ചുമാറുകയാണ്.(സത്യസന്ധനെന്ന് തോന്നിക്കുന്ന) ഡിഐജിയുടെ തിരക്കഥയും സത്യസന്ധമെന്ന് കാണിയെ കൊണ്ട് വിചാരിപ്പിക്കുന്ന കേരളപോലീസിന്റെയും തിരക്കഥ കൾക്കിടയിൽ വന്നുകയറുന്ന തിരക്കഥയിലെ ഗ്യാപ്പിലാണ് സിനിമയുടെ മറ്റൊരു ഫോക്കസ് കിടക്കുന്നത്. ആ ഗ്യാപ്പിൽ ആരൊക്കെ കൈയൊപ്പ് ചാർത്തി എന്നിടത്താണ്, സിനിമയുടെ രാഷ്ട്രീയ സസ്പെൻസ്. അന്നത്തെ മുഖ്യമന്ത്രിയും, പോലീസ് മന്ത്രിയും കൂടാതെ ഭൂമി കച്ചവടക്കാരും ടൂറിസം അധികാരികളും ഒക്കെ ചേർന്ന് ഒരു അവകാശ സമരത്തെ ഭീകരമായ ഒരു തീവ്രവാദ ആക്രമണം പോലുള്ള ആഖ്യാനമാക്കി രൂപപ്പടുത്തുകയുണ്ടായെങ്കിൽ ഇവയുടെയൊക്കെ അടിയൊപ്പ് ചാർത്തപ്പെട്ടത് എവിടെയായിരിക്കണം എന്നൊരു ചോദ്യത്തെ സിനിമ പരോക്ഷമായിട്ടെങ്കിലും അഭിമുഖീകരിക്കുന്നുണ്ടോ?ഈ സസ്പെൻസിനകത്താണ് മുഖ്യ കഥാപാത്രം വർഗീസ് (ടോവിനോ), സീനിയർ കോൺസ്റ്റബിൾ ബഷീറിന്റെ (സുരാജ് വെഞ്ഞാറമൂട്) വേറിട്ട ജീവിതത്തിലേക്ക് കയറിപ്പോകുന്നത്. അതാണ് നരിവേട്ടയിലെ യഥാർത്ഥ സിനിമ. ഇന്ന് ഛത്തീസ്‌ഗഡിലും മധ്യപ്രദേശിലും അസമിലും എന്തിനധികം മണിപ്പൂരിൽ പോലും സംഭവിച്ചുകൊണ്ടിരിക്കുന്ന നാക്സൽവേട്ടയുടെ രാഷ്ട്രീയത്തിലേക്ക് ചാരിവെക്കുന്ന ഒരു ഫ്യൂച്ചറിസ്റ്റിക് ഗോവണിയിലാണ് ഈ ചിത്രത്തിന്റെ അകം കാഴ്ച. രണ്ടു ദശകങ്ങൾക്ക് മുമ്പുള്ള ഒരാദിവാസി സമരത്തെ അതിനുകൂടിയുള്ള അവസരമാക്കി മാറ്റുകയാണ്.
ഡിഐജി കേശവദാസ് ഐപിഎസ്സിന്റെ (ചേരൻ) നിർദ്ദേശപ്രകാരം, കാട്ടിൽ വഴിപിരിയേണ്ടി വന്നപ്പോൾ തന്നെ എപ്പോഴും പരിഗണിച്ച ഏക പോലീസ് ഓഫീസർ ബഷീറിന്റെ പ്രവചനതുല്യമായ ഒരു സീക്വൻസ് ഉണ്ട്. എങ്ങനെയെങ്കിലും തനിക്ക് മടങ്ങിപ്പോയാൽ മതിയെന്ന് ആലോചിച്ച വർഗീസിന്റെ വിഷമം മനസ്സിലാക്കി, തങ്ങളെ നയിക്കുന്ന മിലിറ്ററി ആർമി ഓഫീസർമാരെ പരസ്പരം വെച്ചുമാറുന്ന ബഷീറിന്റെ മനസ്സിലാണ് ഈ സിനിമയുടെ യഥാർത്ഥ കഥാബീജം. ബഷീർ എന്ന കഥാപാത്രത്തിലൂടെ മുഴുനീളം ഇങ്ങനെയുള്ള ചില ചോദ്യങ്ങൾ സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. വർഗീസിനു കിട്ടിയ ഹിന്ദിക്കാരൻ ആർമി ഓഫീസറെയും തനിക്ക് കിട്ടിയ തമിഴനെയും, വർഗീസിന് ഹിന്ദി അറിയില്ല എന്ന് കാരണമോതി വച്ചുമാറുന്നു, ബഷീർ. തനിക്ക് ഇഷ്ടമില്ലാതെ കിട്ടിയ ജോലിയോടുള്ള അസംതൃപ്തി സിനിമയിൽ ഒരു രാഷ്ട്രീയ പ്രശ്നമായി മുളച്ചു പൊന്തുന്നത് പിന്നാലെയുണ്ടാവുന്ന സംഭവങ്ങൾ തൊട്ടാണ്. അതൊക്കെ അയാളുടെ മനസാക്ഷിയെ ഉണർത്തുന്നു. അതുവരെ അയാൾ സ്വാർത്ഥനും സ്നേഹസമ്പന്നനും കാര്യമായ രാഷ്ട്രീയ സാക്ഷരതയില്ലാത്ത ഒരു കാമുകനും മാത്രമായിരുന്നു. പിന്നെ സംഭവിക്കുന്നതെല്ലാം സിനിമ കണ്ടവർക്കറിയാം.
അധികാരം അതിന്റെ ഇച്ഛക്കനുകൂലമായ മട്ടിൽ പൗരരെ പരിവർത്തനം നടത്തുന്ന ജാലവിദ്യ ഈ സിനിമയുടെ ഒരു താക്കോൽ ആശയമാണ്. ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിലെന്ന പോലെ അതിവിദഗ്ദദമായി ഈ സിനിമയിൽ അത് വായിച്ചെടുക്കാം. ഭരണകൂടങ്ങൾ നിർമിച്ചു കൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ നിഘണ്ടുക്കളുടെ വെളിച്ചത്തിൽ പൗരബോധം പലമട്ടിൽ ഇരുട്ടിലേക്ക് വഴിമാറുന്ന കാഴ്ച ഇന്ന് പച്ചവെള്ളം പോലെ സുപരിചിതമാണ്. അത് വായിച്ചെടുക്കാനുള്ള രാഷ്ട്രീയ ജാഗ്രത വേണമെന്നേയുള്ളൂ.
മുത്തങ്ങ ഭൂസമരം നടക്കുന്ന കാലത്തെ ഇന്ത്യയെ ഇന്ന് കണ്ടുപിടിക്കുക പോലും എളുപ്പമല്ല. അന്ന് മനുഷ്യർക്കിടയിൽ വാചാലമായിരുന്ന സിവിൽ സമൂഹം ഇന്ന് മൃതപ്രായത്തിലാണ്. കേവലം ഒരു വ്യാഴവട്ടക്കാലം കൊണ്ട് ഇന്ത്യയിൽ സംഭവിച്ച പൗരസമൂഹത്തിന്റെ നാശം നമ്മുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര ചോർച്ചയുടെ മാകുടോദാഹരണമാണ്. ഈ സിനിമാശില്പികൾ അത് ഉദ്ദേശിച്ചി ട്ടുണ്ടാകാമെന്നതിനുള്ള തെളിവാണ്, ഈ ചരിത്രത്തോടൊപ്പം തുന്നിചേർത്തിരിക്കുന്ന ഫിക്ഷൻ അഥവാ അതിയാഥാർഥ്യം. ചിത്രസംയോജനത്തിൽ വൈദഗ്ധ്യം പുലർത്തുന്നുവെങ്കിലും ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങിൽ ഇപ്പറഞ്ഞ ഘടകം വേണ്ടത്ര ദൃശ്യവൽക്കരണം നേടിയില്ല, എന്ന എളിയ അഭിപ്രായമുണ്ട്. ചിത്രം കൂടുതൽ ഫോക്കസ് ചെയ്തത് സത്യം തിരിച്ചറിഞ്ഞ പോലീസ് ഓഫീസറുടെ പീഡനത്തിലും ബന്ധപ്പെട്ട രംഗങ്ങളിലുമാണ്. എന്നാൽ ഡിഐജിയുടെ (ചേരൻ) മിടുക്ക് അരച്ചുചേർത്തുള്ള കൃത്യമായ ആശയ- ആഖ്യാന പ്രകാശനത്തിലൂടെ കുറച്ചെങ്കിലും ഈ പൊരുൾ കാണികൾക്ക് കിട്ടുന്നുണ്ട്. ഒരു പക്ഷെ, സിനിമയിലെ ഏറ്റവും വിജയിച്ച കഥാപാത്രമാണ് ചേരൻ അഭിനയിച്ചു തിമിർത്ത ഡിഐജി എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. ഈ ഡിഐജിയിലൂടെയാവാം സിനിമ ഏറെ ഓർമ്മിക്കപ്പെടുക.
സംവിധായകൻ അനുരാജ് മനോഹറിന് തന്റെ ‘ഇഷ്ഖ്’ സിനിമയിൽനിന്നൊക്കെ അതിവേഗം മുന്നേറാൻ സാധിച്ചു എന്ന് നരിവേട്ട തെളിയിച്ചു. വിജയിയുടെ സിനിമറ്റോഗ്രാഫി ചിത്രത്തിന്റെ പുറകെയോടി യത്നിച്ചിട്ടുണ്ട്. കഥയുടെയും തിരക്കഥയുടെയും ഉടമ അബിൻ ജോസഫിന്റെ കഥകൾ വേറിട്ട സംവേദനതലം കൊണ്ട് മലയാളത്തിൽ മുമ്പേ അടയാളപ്പെടുത്തപ്പെട്ടതാണ്. ഒരുപക്ഷേ, സിനിമയുടെ നിർമ്മാതാക്കളെയാണ് കൂടുതൽ തെളിഞ്ഞു കാണേണ്ടത്. ഏതായാലും, നരിവേട്ട നിർവഹിച്ച ചരിത്രപരമായ ഒരു റോളുണ്ട്. അത് സിനിമയേക്കാളേറെ, മുത്തങ്ങ സമരത്തെയും അതിന്റെ അധികാര പശ്ചാത്താലത്തെയും കുറിച്ച് നിലനിന്നിരുന്ന ആഖ്യാനങ്ങളെ ബഹുലമായ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിശകലനങ്ങൾ കൊണ്ട് പുതുക്കി നിർണയിക്കാൻ മുൻകൈയെടുത്തു എന്നതാണ്.