കേന്ദ്രം കൈവശപ്പെടുത്തിയ ഫിലിം ആർക്കൈവിന് എന്തു സംഭവിക്കും?

സിനിമ ആർക്കൈവ്​ അടക്കമുള്ള മേഖലകളുടെ സ്വതന്ത്ര ചുമതല വഹിച്ചിരുന്ന ഫിലിംസ്​ ഡിവിഷൻ, നാഷണൽ ഫിലിം ആർക്കൈവ്​സ്​ ഓഫ്​ ഇന്ത്യ, ഡയറക്​ടറേറ്റ്​ ഓഫ്​ ഫിലിം​ ഫെസ്​റ്റിവൽസ്, ചിൽഡ്രൻസ്​ ഫിലിം​ സൊസൈറ്റി എന്നിവ ജനുവരി ഒന്നുമുതൽ നാഷണൽ ഫിലിം ഡെവലപ്‌മെൻറ്​ കോർപറേഷൻ ലിമിറ്റഡിന്റെ കീഴിലാക്കുകയാണ്​. ഇവ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാകുമ്പോൾ, ഇന്ത്യൻ സിനിമാ ചരിത്രത്തിന്റെ ഏറ്റവും വലിയ ശേഖരമായ ഫിലിം ആർക്കൈവിന്​ എന്തു സംഭവിക്കും എന്ന ചോദ്യം ആശങ്കയോടെ പങ്കുവക്കുകയാണ്​ ചലച്ചിത്രപ്രവർത്തകർ.

സിനിമകൾ, അവ നിർമിക്കപ്പെട്ട കാലത്തിന്റെ ചരിത്രം കൂടിയാണ്​. പല നാടുകളുടെ, നാളുകളുടെ, ഭാഷകളുടെ, സംസ്‌കാരങ്ങളുടെ കണ്ടറിയാവുന്ന രേഖകൾ. രേഖപ്പെടുത്തപ്പെട്ട ചരിത്രമൊക്കെ നശിപ്പിക്കുകയും പകരം പുതിയവ എഴുതിച്ചേർക്കുകയും തങ്ങൾക്കിഷ്ടമുള്ള ചരിത്രം നിർമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടം എങ്ങനെയാണ്​ ഈ നാടിന്റെ ചരിത്രവും കലയും കൈകാര്യം ചെയ്യുക? അതിന്​ ഒരു ‘ഉത്തമ’ ഉദാഹരണമാണ്​, നാഷണൽ ഫിലിം ആർക്കൈവ്​ അടക്കം സിനിമാമേഖലയിലെ നാല്​ സ്വതന്ത്ര സംവിധാനങ്ങളെ എൻ.എഫ്.ഡി.സിക്കുകീഴിൽ കൊണ്ടുവരാനുള്ള തീരുമാനം.

ആനന്ദ് പട്​വർധന്റെ രാം കെ നാം, ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ ചരിത്രം കൂടിയാണ്. മണിരത്‌നത്തിന്റെ ബോംബെ എന്ന പ്രണയകഥയുടെ പശ്ചാത്തലത്തിൽ, ബാബറി മസ്ജിദ് തകർക്കപ്പെട്ടശേഷം നടന്ന ബേംബെ കലാപത്തിന്റെ ചരിത്രമുണ്ട്. ഡോക്യുമെന്ററികളിൽ മാത്രമല്ല വാണിജ്യ സിനിമകളിൽ പോലും അത് ചിത്രീകരിക്കപ്പെട്ട കാലത്തെ ചരിത്രവും ജീവിതരീതികളും സംവിധായകൻ അറിഞ്ഞും അറിയാതെയും അടയാളപ്പെടുന്നുണ്ട്. ആ ചരിത്രം ചിലപ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിക്ക് പ്രതികൂലമാകാം. മറച്ചുപിടിക്കാനാഗ്രഹിക്കുന്ന സത്യങ്ങളുമാകാം. അത് എന്തു തന്നെയായാലും കലയിലൂടെ ആവിഷ്​കരിക്കപ്പെടുന്ന ചരിത്രം അതേപടി സംരക്ഷിക്കപ്പെടണം. ഇന്ത്യൻ സിനിമാ ചരിത്രത്തിന്റെയും അവ കൈകാര്യം ചെയ്​ത സാമൂഹിക പരിണാമങ്ങളുടെയും ഏറ്റവും വലിയ ശേഖരമായ ഫിലിം ആർക്കൈവ് ഇനി എങ്ങനെ കൈകാര്യം​ ചെയ്യപ്പെടും എന്ന ആശങ്ക ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ആനന്ദ് പട്​വർധന്റെ രാം കെ നാം, ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ ചരിത്രം കൂടിയാണ്.

ഇന്ത്യയിൽ ചലിക്കുന്ന ചരിത്രം സൃഷ്ടിക്കുകയും, അവ സൂക്ഷിക്കുകയും, ജനങ്ങളിലെത്തിക്കുകയും ചെയ്ത നാല് സ്വതന്ത്ര ഗവൺമെൻറ്​ സ്ഥാപനങ്ങളായിരുന്നു ദ ഫിലിംസ്​ ഡിവിഷൻ (The Films Division), ദ നാഷണൽ ഫിലിം ആർക്കൈവ്​സ്​ ഓഫ്​ ഇന്ത്യ (The National Film Archives of India), ദ ഡയറക്​ടറേറ്റ്​ ഓഫ്​ ഫിലിം​ ഫെസ്​റ്റിവൽസ്​ (The Directorate of Film Festivals), ദ ചിൽഡ്രൻസ്​ ഫിലിം​ സൊസൈറ്റി (​The Children's Film Society) എന്നിവ. 2022 ഡിസംബർ 31 ന് സ്വതന്ത്രസ്ഥാപനം എന്ന നിലയിലുള്ള ഇവയുടെ പ്രവർത്തനവും ചരിത്രമായി. ജനുവരി ഒന്നുമുതൽ നാഷ്ണൽ ഫിലിം ഡെവലപ്‌മെൻറ്​ കോർപറേഷൻ ലിമിറ്റഡിന്റെ (NFDC) കീഴിലായിരിക്കും ഇവയുടെ പ്രവർത്തനം.

കലയുടെയും ചരിത്രത്തിന്റെയും മേഖലയിൽ ഈ നാലു സ്ഥാപനങ്ങളും എന്ത്​ സംഭാവനകളാണ്​ നൽകിയിരുന്നത്​ എന്നു നോക്കാം.

ഫിലിംസ്​ ഡിവിഷൻ ഓഫ്​ ഇന്ത്യ

1948 ലാണ് ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യയുടെ തുടക്കം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പതിറ്റാണ്ടുകൾ ദൃശ്യങ്ങളിലൂടെ രേഖപ്പെടുത്തിയതും സൂക്ഷിച്ചതും ഫിലിംസ് ഡിവിഷനാണ്. ചലച്ചിത്രപ്രദർശനത്തിനുമുൻപ് ഫിലിംസ് ഡിവിഷന്റെ ന്യൂസ് റീൽസുകളും ഷോർട്ട് ഫിലിമുകളും പ്രദർശിപ്പിച്ചിരുന്നു. വിഷ്വലുകൾക്ക് ആശ്രയിക്കാൻ മറ്റ് ഏജൻസികൾ നിലവില്ലാതിരുന്ന കാലത്തിന്റെ ചലിക്കുന്ന ചരിത്രം കൂടിയായിരുന്നു ഫിലിംസ് ഡിവിഷന്റെ ആദ്യകാല വിഷ്വലുകൾ.‘ഏക് ചിടിയ അനേക് ചിടിയ' പോലുള്ള എവർഗ്രീൻ ആനിമേറ്റഡ് വിഡിയോ തുടങ്ങി മണി കൗളിന്റെ സിദ്ധേശ്വരി (Siddheshwari), എം.എഫ്. ഹുസൈന്റെ ത്രൂ ദ ഐസ് ഓഫ് എ പെയ്ന്റർ (Through the Eyes of a Painter) എന്നിങ്ങനെ പകരം വയ്ക്കാനില്ലാത്ത ഡോക്യുമെന്ററികൾ വരെ നിർമിച്ചിട്ടുണ്ട് ഫിലിംസ് ഡിവിഷൻ.

ദ ചിൽഡ്രൻസ്​ ഫിലിം​ സൊസൈറ്റി

1955 ൽ സ്ഥാപിതമായി. പല ഇന്ത്യൻ ഭാഷകളിൽ കുട്ടികൾക്കായി സിനിമകളും ടെലിവിഷൻ പരിപാടികളും നിർമിച്ചു. കുട്ടികളിൽ അറിവും ചലച്ചിത്ര അഭിരുചിയും വളർത്തുക എന്ന ലക്ഷം മുൻനിർത്തി ജവഹർലാൽ നെഹ്‌റു മുന്നോട്ട് വെച്ച ആശയം.

ദ നാഷ്ണൽ ഫിലിം ആർക്കൈവ്​സ്​ ഓഫ്​ ഇന്ത്യ

ഇന്ത്യൻ സിനിമയുടെ, ചരിത്രത്തിന്റെ ഏറ്റവും വലിയ സൂക്ഷിപ്പുസ്ഥലം. വാർത്താവിതരണമന്ത്രാലയത്തിനു കീഴിൽ 1964 ൽ പ്രവർത്തനം ആരംഭിച്ചു. ചരിത്രത്തിൽ നിന്നുതന്നെ മാഞ്ഞുപോകുമായിരുന്ന പല സിനിമകൾക്കും പി.കെ. നായർ എന്ന ചലച്ചിത്രപ്രേമിയുടെ പ്രയത്‌നങ്ങൾ പുതുജീവൻ നൽകി. ദാദാസാഹിബ് ഫാൽക്കെയുടെ രാജാ ഹരിശ്ചന്ദ്ര, കാളിയമർദ്ദൻ, എസ്.എസ്. വാസന്റെ ചന്ദ്രലേഖ, ഉദയ് ശങ്കറിന്റെ കല്പന തുടങ്ങി മറ്റെങ്ങും ലഭ്യമല്ലാത്ത സിനിമകളുടെ അപൂർവ ശേഖരം. തിരക്കഥകൾ, പലഭാഷകളിലുള്ള ചലച്ചിത്ര സംബന്ധിയായ പഠനങ്ങൾ എന്നിവയെല്ലാം ഉൾച്ചേർന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫിലിം ആർക്കൈവുകളിൽ ഒന്ന്. പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ചലച്ചിത്രസംബന്ധിയായ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഫിലിം ആർക്കൈവ് അവസരം നൽകിയിരുന്നു.

പി.കെ. നായർ

ദ ഡയറക്​ടറേറ്റ്​ ഓഫ്​ ഫിലിം​ ഫെസ്​റ്റിവൽസ്

1973 - ൽ സ്ഥാപിതമായി. ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, നാഷ്ണൽ ഫിലിം അവാർഡ് എന്നിവയുടെ നടത്തിപ്പാണ് പ്രധാന ചുമതല.

ഈ സ്ഥാപനങ്ങളെ ‘ഒരു കുടക്കീഴിൽ എത്തിക്കുക’ എന്നത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണോ എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് India’s Film Society Movement: Its Journey and Impact, ചലച്ചിത്രവിചാരം എന്നീ പുസ്തകങ്ങളുടെ രചയിതാവ്​ വി.കെ. ചെറിയാൻ.

സിനിമയിലേക്ക്​ നുഴഞ്ഞുകയറാനുള്ള
സംഘ്​പരിവാർ തന്ത്രം - വി.കെ. ചെറിയാൻ

ലിബറൽ ഐഡിയോളജികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു നെഹ്രുവിന്റെ കാലം മുതൽ ഈ യൂണിറ്റുകൾ സ്ഥാപിക്കപ്പെട്ടത്. അവയ്‌ക്കൊക്കെയും കൃത്യമായ ഒരു ചരിത്രമുണ്ട്. ലെഫ്റ്റ് ലിബറലുകളും മുസ്​ലിംകളുമാണ്​ സിനിമാ മേഖലയിൽ മുന്നിട്ടു നിൽക്കുന്നത് എന്നൊരു ധാരണ സംഘപരിവാറിനുണ്ട്. സിനിമാ മേഖലയിൽ വ്യക്തമായ ആധിപത്യം ഉറപ്പിക്കുക എന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഇപ്പോഴുള്ള ലയനം. എല്ലാം ഒരു ബോഡിയുടെ കീഴിലായാൽ അവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. അവർക്ക് ഒരിടത്തുനിന്നു കൊണ്ട് ഇവയൊക്കെയും നിയന്ത്രിക്കാൻ പറ്റും.

ടെലിവിഷൻ പോലും ഇല്ലാതിരുന്ന ഒരു കാലത്ത് ഫിലിംസ് ഡിവിഷൻ അതിന്റെ ചരിത്രദൗത്യം ഭംഗിയായി നിർവഹിച്ചു. ഇന്ന് അതിന്റെ പ്രസക്തി കുറഞ്ഞിട്ടുണ്ട്. അത് മനസ്സിലാക്കാം. പക്ഷേ ആർക്കൈവ് ഒരു കോർപറേഷനു കീഴിൽ കൊണ്ടുവരിക എന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്. പി.കെ. നായർ അയാളുടെ ജീവിതം തന്നെ സമർപ്പിച്ച്, രാജാഹരിശ്ചന്ദ്ര മുതൽ മറ്റൊരിടത്തും ലഭ്യമല്ലാത്ത പല സിനിമകളുടെയും അവശേഷിച്ചിരുന്ന ഒരേഒരു കോപ്പിവരെ തിരഞ്ഞുപിടിച്ച് എത്തിച്ചു സൂക്ഷിച്ചിരിക്കുന്ന ഇടമാണത്. ഫിലിം ഡിജിറ്റലൈസ് എന്ന വലിയൊരു പ്രോസസ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. കുമ്മാട്ടി, തമ്പ് തുടങ്ങിയ സിനിമകളുടെ ഒക്കെ പ്രിൻറ്​ ഇപ്പോൾ ലഭ്യമാവുന്ന ഓരേയൊരു ഇടം ഈ ആർക്കൈവാണ്. മമ്മൂട്ടി ഒരിക്കൽ പൊന്തൻമാടയുടെയും, ഒരു വടക്കൻ വീരഗാഥയുടെയും, ന്യൂഡൽഹിയുടെയും പ്രിൻറ്​ ലഭ്യമാണോ എന്ന് തിരക്കി. പൊന്തൻമാട ആർക്കൈവിലുണ്ട്, ഒരു വടക്കൻ വീരഗാഥ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിലുണ്ട്, ന്യൂഡൽഹിയുടെ പ്രിൻറ്​ ഒരിടത്തുമില്ല, 40 കൊല്ലം മുൻപുള്ള ഒരു സിനിമയുടെ സ്ഥിതി ഇതാണ്. സിനിമകൾ സൂക്ഷിക്കപ്പെടുക എന്നതു തന്നെയാണ് പ്രധാനം.

വി.കെ. ചെറിയാൻ

സംഘപരിവാർ ഇപ്പോൾ ചെയ്യുന്നത് സാംസ്‌കാരിക രംഗത്ത് അവർക്ക് പിടിതരാതെ നിലനിൽക്കുന്ന മേഖലകളെയൊക്കെ ഒന്നു കശക്കിയെറിയുക, അവിടങ്ങളിൽ സംഘപരിവാർ അനുകൂലികളെ നിയമിക്കുക, ശേഷം പിടിമുറുക്കാൻ ഒന്നുകൂടി ശ്രമിക്കുക എന്നതാണ്. അതിന്റെ ഭാഗമാണ് ഈ തീരുമാനവും. ഫിലിംഫെസ്റ്റിവൽ നാഷ്ണൽ ജൂറി തന്നെ എടുത്തു നോക്കു, വിജി തമ്പിയുടെ യോഗ്യതകളിൽ സിനിമാപ്രവർത്തങ്ങളെക്കാൾ മുൻഗണന നൽകിയത് വിശ്വഹിന്ദു പരിഷത്തിന്റെ കേരളഘടകം നേതാവ് ആയിരുന്നു എന്നതിനായിരുന്നു. ഇതേ അജണ്ടയുടെ ഭാഗം തന്നെയാണ് ഇപ്പോൾ നടപ്പിലായിരിക്കുന്ന ഈ തീരുമാനവും. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക ഫിലിം ആർക്കൈവിനെ ആയിരിക്കും. ലോക ക്ലാസിക്കുകളിൽ പെടുന്ന പല ഇന്ത്യൻ സിനികളുടെയും പ്രിൻറ്​ സൂക്ഷിച്ചിരിക്കുന്ന ഇടമാണിത്. അതിനെ ഉൾക്കൊള്ളാനുള്ള വ്യാപ്തി എൻ.എഫ്.ഡി.സി.ക്ക് ഇല്ല എന്നതാണ് സത്യം. ഒരു ഇവൻറ്​ മാനേജ്‌മെൻറ്​ പോലെ പ്രവർത്തിക്കുന്ന ഒരു കോർപറേഷനാണത്. അവർക്ക് ഇത് എങ്ങനെ സാധിക്കും എന്നതാണ് ചോദ്യം?

എന്തു വിലകൊടുത്തും സംരക്ഷിക്കപ്പെടേണ്ട ചരിത്രം: ജോഷി ജോസഫ്

പ്രകാശ്​ ജാവ്​ദേക്കറുടെ കാലത്ത് ഫിലിം മീഡിയ യൂണിറ്റുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാം എന്നു പറഞ്ഞാണ് തുടങ്ങിയതെങ്കിലും ഇത് ലയനമായിരുന്നില്ല, അടച്ചുപൂട്ടൽ തന്നെയാണ് എന്നാണ് മനസ്സിലാകുന്നത് എന്ന്​ കൊൽക്കത്ത ഫിലിംസ് ഡിവിഷൻ മുൻ മേധാവിയും, ദേശീയ അവാർഡുനേടിയ സംവിധായകനുമായ ജോഷി ജോസഫ് അഭിപ്രായപ്പെട്ടു: ‘‘നാഷണൽ ഫിലിം കോർപറേഷനിൽ ലയിപ്പിച്ചു എന്നു പറയുന്നതുതന്നെ ഒരു ചതിപ്രയോഗമാണ്. ബിമൽ ജുൽക്ക കമ്മറ്റി റിപ്പോർട്ടിന്റെ തലക്കെട്ട് തന്നെ Report of the expert committee on the matter of Rationalization/Closure/Merger of Film Media Units എന്നാണ്. ഈ ഗവൺമെൻറ്​ യൂണിറ്റുകളെ എൻ.എഫ്​.ഡി.സി എന്ന Central Public Sector Undertaking (CPSU) - ൽ ഘടനാപരമായി ലയിപ്പിക്കാൻ കഴിയില്ല എന്നതാണ് ആശങ്കയുണർത്തുന്ന ഒരു കാര്യം. അവിടെയാണ് Merger എന്നത് Closure ആകുന്നത്.’’

‘‘ഫിലിംസ് ഡിവിഷനിലേക്ക് വേണമെങ്കിൽ മറ്റുരണ്ടു ഡിപ്പാർട്ട്‌മെന്റുകളെ ലയിപ്പിക്കാമായിരുന്നു. കാരണം മൂന്നും ഗവൺമെൻറ്​ ഡിപ്പാർട്ട്മെൻറുകളാണ്​. നാഷണൽ ഫിലിം ആർക്കൈവ്സിന്റെയും ഫിലിംസ് ഡിവിഷന്റെയും പ്രവർത്തനങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്​. കാരണം ഫിലിംസ് ഡിവിഷന്റെ തുടക്കം തൊട്ടുള്ള എല്ലാ ന്യൂസ് റീലുകളും സൂക്ഷിച്ചിരിക്കുന്നത് നാഷണൽ ഫിലിം ആർക്കൈവ്സിൽ തന്നെയാണ്. കൂടാതെ ഘടനാപരമായി ഇവ യോജിച്ചുപോകുന്നതുമാണ്, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഒഴികെ.’’

‘‘1948 മുതലുള്ള രേഖകളാണ് എഫ്.ഡിയിലുള്ളത്. അതിൽ ബഹുഭൂരിപക്ഷവും ഡോക്യുമെന്ററികളാണ്. രേഖപ്പെടുത്തിവയ്ക്കപ്പെട്ട ചരിത്രം. ഈ ചരിത്രത്തെയാണ് ഇപ്പോൾ നശിപ്പിക്കാൻ ശ്രമിക്കുന്നതും, നശിപ്പിച്ചുകൊണ്ടിരിക്കുന്നതും. കുറേയേറെ ഇപ്പോൾ തന്നെ ഇല്ലാതായി കഴിഞ്ഞു. എഫ്.ഡി.യുടെ പ്രോപ്പർട്ടി ഒഴിപ്പിച്ചെടുക്കുകയാണ്. ഈ പ്രോപ്പർട്ടി, മുബൈയിലാണുള്ളത്. അംബാനിയുടെ ആന്റിലിയ എന്ന നക്ഷത്രവസതിക്ക് സമീപം. ഈ നീക്കത്തിനുപിന്നിൽ റിയൽ എസ്റ്റേറ്റ് കണ്ണ് ഉണ്ടോ എന്ന് ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചിട്ടുണ്ട്.’’

‘‘നാഷണൽ ഫിലിം ആർക്കൈവ്സിൽ മറ്റൊരിടത്തും ലഭ്യമല്ലാത്ത ക്ലാസിക് സിനിമകളുണ്ട്. അവ പൗരരുടെ നികുതിപ്പണം ചെലവിട്ട് സംരക്ഷിക്കുന്നതാണ്. അത് എൻ.എഫ്.ഡി.സിയ്ക്ക് ലാഭമുണ്ടാക്കി കൊടുക്കില്ല. ആർക്കൈവ്‌സിനുവേണ്ടി അങ്ങോട്ട് പണം ചെലവഴിക്കണം. നാഷണൽ ഹെറിറ്റേജ് മിഷന്റെ കീഴിൽ 300 കോടിയിലധികം തുക സിനിമകളുടെ ഡിജിറ്റലൈസ് ചെയ്യുന്നതിനുവേണ്ടി​ വകയിരുത്തിയിട്ടുണ്ട്. 5000 ത്തോളം ക്ലാസിക് സിനിമകൾ റീ സ്‌റ്റോർ ചെയ്ത് സൂക്ഷിക്കാൻ നാഷണൽ ഹെറിറ്റേജ് മിഷൻ വഴി ഫിലിം ആർക്കെൈവിന് അനുവദിച്ചിട്ടുള്ള ഈ കോടികളും മുംബൈയിൽ ഫിലിംസ് ഡിവിഷന്റെ ഏക്കറുകളോളം വരുന്ന പ്രോപ്പർട്ടിയും ജനുവരി ഒന്നു മുതൽ എൻ.എഫ്.ഡി.സിയിൽ വന്നുചേരും. ഇതിൽ ആരോ കണ്ണ് വെച്ചിരിക്കുന്നു, എന്നാണ് ഞാൻ മനസിലാക്കുന്നത്.’’

ജോഷി ജോസഫ്

മൂന്ന് ചോദ്യങ്ങളാണ് എനിക്ക് ഉന്നയിക്കാനുള്ളത്, ജോഷി ജോസഫ്​ പറയുന്നു:

ഒന്ന്: നാഷണൽ ഹെറിറ്റേജ് മിഷൻ, വിപണി മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന സ്ഥാപനമല്ല. അതിന് അങ്ങോട്ട് പണം മുടക്കണം. അങ്ങനെയൊരു സ്ഥാപനത്തെ ലാഭം മുൻനിർത്തി പ്രവർത്തിക്കുന്ന എൻ.എഫ്​.ഡി.സിയിൽ എങ്ങനെ ലയിപ്പിക്കാൻ കഴിയും?

രണ്ട്:അടൂർ ഗോപാലകൃഷ്ണൻ, ആനന്ദ് പട്‌വർധൻ, ശ്യാം ബെനഗൽ, മൃണാൾ സെൻ തുടങ്ങിയ സംവിധായകർ മറ്റ് നിർമാതക്കൾക്കുവേണ്ടി ചെയ്ത സിനിമകൾ ആർക്കൈവ് ചെയ്യാൻ ഇന്ത്യ സർക്കാറിനു കൊടുത്തതാണ് ആർക്കൈവിൽ ഇപ്പോഴുള്ള പ്രിന്റുകൾ. ജനുവരി ഒന്നു മുതൽ ഇവ ഒരു കോർപറേഷന്റെ കയ്യിൽ എത്തിച്ചേർന്നിരിക്കുന്നു. ഇത് എങ്ങനെ ശരിയാകും? അതിനുവേണ്ടി ഈ സംവിധായകരുടെ സമ്മതപത്രം വാങ്ങിയിട്ടുണ്ടോ? ഗവൺമെന്റിന് എന്നു കരുതിയതുകൊണ്ടല്ലേ അവരത് സൗജന്യമായി നൽകിയിട്ടുണ്ടാവുക?

മൂന്ന്:ഇതുവരെ നാഷണൽ ഫിലിം അവാർഡുകൾ നടത്തിക്കൊണ്ടിരുന്നത് ഡയറക്​ടേഴ്​സ്​ ഓഫ് ഫിലിം ഫെസ്റ്റിവൽസാണ്. ഇനി മുതൽ അത് എൻ.എഫ്.ഡി.സിയുടെ കീഴിൽ വരും. പക്ഷേ എൻ.എഫ്.ഡി.സി പ്രൊഡക്ഷൻ ഹൗസ് കൂടിയാണ്. എൻ.എഫ്ഡി.സിയും മറ്റെല്ലാ പ്രൊഡ്യൂസേഴ്‌സിനെയും പോലെ അവരുടെ സിനിമകൾ മത്സരത്തിനയച്ചിരുന്നു. ഇനി മുതൽ ഇത് എങ്ങനെ സാധ്യമാകും? അവരുടെ സിനിമകൾക്ക് അവർ തന്നെ അവാർഡ് നൽകുമോ? അതോ എൻ.എഫ്.ഡി.സി നിർമിക്കുന്ന ചിത്രങ്ങൾ ഇനി അവാർഡിന് പരിഗണിക്കില്ലേ?

ബിമൽ ജുൽക്ക കമ്മിറ്റി റിപ്പോർട്ടും ലയനവും

കേന്ദ്ര സർക്കാറിനുകീഴിൽ ചലച്ചിത്രമേഖലയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പഠനം നടത്തുന്നതിനും പ്രകാശ് ജാവ്​ദേക്കർ ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രിയായിരുന്നപ്പോൾ രൂപീകരിച്ച കമ്മിറ്റിയാണ്​ ബിമൽ ജുൽക്ക കമ്മിറ്റി. മുൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് ചെയർമാനായിരുന്ന ബിമൽ ജുൽക്ക ആയിരുന്നു കമ്മിറ്റി അധ്യക്ഷൻ. സംവിധായകരായ ടി.എസ്. നാഗാഭരണ, ശ്യാമപ്രസാദ്, എ.കെ. ബീർ, രാഹുൽ റാവേൽ എന്നിവരും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രി അഡീഷനൽ സെക്രട്ടറി, ഫിനാൻസ് അഡ്വൈസർ തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളായിരുന്നു. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപ്പിലായ ലയനം.

ആർക്കൈവിനെക്കുറിച്ച് ആശങ്ക വേണ്ട- ശ്യാമപ്രസാദ്​

ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട് പല കാലങ്ങളിലായി ആരംഭിച്ച് ഇന്നും തുടരുന്ന സ്ഥാപനങ്ങളുടെ പ്രവർത്തന രീതിയിലുള്ള പുനപരിശോധനയായിരുന്നു കമ്മറ്റിയിൽ നടന്നതെന്ന്​, കമ്മിറ്റി അംഗം കൂടിയായിരുന്ന സംവിധായകൻ ശ്യാമപ്രസാദ് പറഞ്ഞു: ‘‘ഇതിൽ പലതും ഇപ്പോൾ അനാവശ്യമാണെന്നൊരു തോന്നൽ ചലച്ചിത്ര പ്രവർത്തകർക്കും, മിനിസ്ട്രിക്കും, ഫിനാൻസ് കമ്മിറ്റിക്കുമുണ്ടായിരുന്നു. ഉദാഹരണത്തിന് ഫിലിംസ് ഡിവിഷൻ, ദൂരദർശൻ കാലത്തിനു മുൻപ് വിഷ്വൽ ഡോക്യുമെന്റേഷനുള്ള സ്ഥാപനമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. അതുപോലെ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി കുട്ടികൾക്കുള്ള സിനിമകൾ നിർമിക്കാനും, കുട്ടികളിൽ എത്തിക്കാനുമായാണ് പ്രവർത്തിച്ചിരുന്നത്. ഇന്ന് ഇവയുടെ പ്രസക്തി നഷ്ടപ്പെട്ടു. ടെലിവിഷൻ കാലത്തോടെ വാർത്താവിഷ്വലുണ്ടാക്കി സൂക്ഷിക്കുക എന്നത് ഗവൺമെന്റിന്റെ ഉത്തരവാദിത്തം അല്ലാതായി. കുട്ടികൾ സിനിമ കാണാൻ ആശ്രയിക്കുന്ന മീഡിയം മാറി, സിനിമ എല്ലാർക്കും ലഭ്യമായി തുടങ്ങി. സാഹചര്യങ്ങൾ മാറിയിട്ടും ഈ സ്ഥാപനങ്ങൾ നിലനിന്നുപോരുകയാണ്. ഇതിനായി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഓഫീസുകൾ പ്രവർത്തിക്കണം, ഉദ്യോഗസ്ഥർക്ക് ശമ്പളത്തിന്​ പണം കണ്ടെത്തണം. അനാവശ്യ ചെലവു കുറച്ച്, കൂടുതൽ കാര്യക്ഷമമായി ഇവയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നായിരുന്നു കമ്മിറ്റി പഠിച്ചത്​.’’

ശ്യാമപ്രസാദ്​

‘‘ഫിലിം ഡെവലപ്‌മെൻറ്​ കോർപറേഷൻ സിനിമയ്ക്ക് ക്രിയാത്മകമായ ഉത്തേജനം നൽകാൻ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് സർക്കാറിന്റെ ഇഷ്ടക്കാർക്ക് സിനിമയുണ്ടാക്കാനുള്ള പണം കൊടുക്കുന്ന ഒന്നായി മാറി. പണം ഇങ്ങനെ പാഴാകുകയാണ്. ഈ സ്​ഥാപനങ്ങളിൽ ആവശ്യമില്ലാത്തത് ഒഴിവാക്കുക, അനാവശ്യ തസ്തിക ഒഴിവാക്കുക, കാര്യക്ഷമമാക്കേണ്ടത് കൂടുതൽ കാര്യക്ഷമമാക്കുക എന്നിവക്കുള്ള നിർദേശങ്ങളടങ്ങിയ റി​പ്പോർട്ടാണ്​ ഞങ്ങൾ നൽകിയത്​.’’

‘‘ഫിലിം ആർക്കൈവും, ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റും സ്വതന്ത്ര സംവിധാനം തന്നെയാണ് അന്നും ഇന്നും. റിപ്പോർട്ടിലും അങ്ങനെത്തന്നെയാണ്. എൻ.എഫ്.ഡി.സി അല്ല ഇവയെ നിയന്തിക്കുക. ഒരു അംബ്രല്ലാ ബോഡിയായി പ്രവർത്തിക്കുക എന്നതുമാത്രമാണ് ഫിലിം ഡെവലപ്‌മെൻറ്​ കോർപ്പറേഷന്റെ ചുമതല. സർക്കാർ നടപ്പിലാക്കാൻ പോകുന്നത് എന്താണെന്ന് അറിയില്ല. തിരുവനന്തപുരത്ത് ഫിലിംസ് ഡിവിഷൻ ഓഫീസുണ്ടായിരുന്നു. പക്ഷേ എന്ത് പ്രവർത്തനമായിരുന്നു നടന്നിരുന്നത്? ഇത്തരം അനാവശ്യ തസ്തികകൾ ഒഴിവാക്കുക, ഉള്ള റിസോഴ്‌സസിനെ ഏകീകരിച്ച് ഫലപ്രദമായി ഉപയോഗിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ പഠന ലക്ഷ്യം. ഒരു മിനിസ്ട്രിയുടെ കീഴിൽ, ഒരേ കാര്യത്തിന്​ പ്രവർത്തിച്ചുകൊണ്ടിരുന്ന പലതിനെ ഒന്നാക്കി എന്നതല്ലാതെ, നയപരമായോ താത്വികമായോ വേറൊരു മാറ്റവും ഇതിലുണ്ടാവില്ല. നിർഭാഗ്യവശാൽ അടൂർ ഗോപാലകൃഷ്ണൻ സാർ പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വാർത്ത കൊടുത്തുകൊണ്ടിരിക്കുന്നത്.’’

‘‘ആർക്കൈവിനെ സംബന്ധിച്ച് ആശങ്ക വേണ്ട. ആർക്കൈവിന്റെ ഡിജിറ്റലൈസ് വർക്ക്​ പൂനയിൽ പുരോഗമിക്കുന്നു. എഫ്.ഡിയുടെ കയ്യിലുണ്ടായിരുന്ന പല സിനിമകളും ഇന്റർ ഡിപ്പാർട്ട്‌മെന്റൽ ബ്യൂറോക്രസി യുദ്ധത്തിനിടയിൽ പെട്ട് നശിച്ചുപോയി’’- ശ്യാമപ്രസാദ്​ പറയുന്നു.

ബി.ജെ.പി നീക്കം? ആരോപണത്തിന്​ ശ്യാമപ്രസാദിന്റെ മറുപടി

എൻ.എഫ്.ഡി.സി. സിനിമകൾ ഇനി ദേശീയ അവാർഡ്​ മത്സരത്തിനുണ്ടാകുമോ എന്നു ചോദിച്ചപ്പോൾ, അവാർഡിന് ആർക്കും സിനിമകൾ അയയ്ക്കാമെന്നും ജൂറിയ്ക്ക് അകത്തുള്ളവരുടെ ചലച്ചിത്രബോധവും രാഷ്ട്രീയ ബോധവും അനുസരിച്ചായിരിക്കും അവാർഡെന്നുമായിരുന്നു ശ്യാമപ്രസാദിന്റെ മറുപടി: ‘‘ചരിത്രം തിരുത്തിയെഴുതാനുള്ള ബി.ജെ.പി നീക്കമാണിതിനുപിന്നിലെന്ന ആരോപണത്തിന്​ വ്യക്തിപരമായോ രാഷ്ട്രീയമായോ മറുപടി പറയുന്നില്ല. പക്ഷേ, ബിമൽ ജുൽക്ക കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിൽ അങ്ങനെയൊരു ആശങ്ക വേണ്ട. കമ്മറ്റി അംഗങ്ങളാരും ബി.ജെ.പിക്കാരായിരുന്നില്ല. ഫിലിം മേക്കേഴ്‌സും ഫിലിം ഹിസ്റ്റോറിയൻസുമൊക്കെയാണ്​ കമ്മിറ്റിയിലുണ്ടായിരുന്നത്.’’

കമ്മിറ്റി റിപ്പോർട്ട് കേന്ദ്രം തിരുത്തിയോ?

ചലച്ചിത്രം എന്ന മാധ്യമം ഇത്രമേൽ സജീവമല്ലാതിരുന്ന ഒരു കാലത്ത് ഇന്ത്യ സർക്കാർ കുട്ടികൾക്കായി ചിത്രങ്ങൾ നിർമിച്ചു, അത് അവരിലെത്തിച്ചു. ഇന്ന് ചിൽഡ്രൻസ് ഫിലിം സൊസൈറ്റി അടയ്ക്കുമ്പോൾ നാളത്തെ തലമുറയ്ക്കായി ഇന്നത്തെ ഗവൺമെൻറ്​ എന്താണ് ചെയ്യാൻ പോകുന്നത് എന്നത് ഒരു മറു ചോദ്യമാണ്. ‘ഭാരതീയ സംസ്‌കാരവും ചരിത്രവും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡി.ഡി. കിഡ്‌സ് ചാനലുകൾ തുടങ്ങണ’മെന്ന് കേന്ദ്രവാർത്താ വിതരണ മന്ത്രാലയത്തിനു കീഴിൽ രൂപീകരിച്ച സമിതി ശുപാർശ ചെയ്​തിട്ടുണ്ട്. എന്താണ് കുട്ടികളെ പഠിപ്പിക്കാൻ പോകുന്ന ചരിത്രം എന്നതാണ് അടുത്ത ചോദ്യം. പുരാണങ്ങളിൽ നിന്നും ഐതിഹ്യങ്ങളിൽനിന്നും സ്വാധീനമുൾക്കൊള്ളുന്ന ഓൺലൈൻ- വീഡിയോ ഗെയിം തയ്യാറാക്കുക, മൂന്നുവർഷത്തിനുള്ളിൽ 70,000 സ്‌കൂൾ അധ്യാപകർക്ക് ഈ മേഖലയിൽ പരിശീലനം നൽകുക തുടങ്ങിയ ശുപാർശകളിൽ ഈ ചോദ്യത്തിന് ഉത്തരം ഉണ്ട്. അർഥശാസ്​ത്രവും ധർമശാസ്ത്രവും അധ്യാപകരെ പഠിപ്പിക്കാനുള്ള മാർഗരേഖയുമായി യു.ജി.സി.യും എത്തിക്കഴിഞ്ഞു. ഇനി പഠിപ്പിക്കാൻ പോകുന്ന, പ്രചരിപ്പിക്കാൻ പോകുന്ന ഇന്ത്യ ചരിത്രം എന്തെന്ന് ഇതിൽ നിന്ന്​ വ്യക്തം. വൈജ്​ഞാനിക മേഖലയിലേക്കുള്ള ഇത്തരമൊരു കടന്നാക്രമണത്തിന്റെ സാഹചര്യത്തിൽ ഫിലിം ആർക്കൈവിന്റെ സൂക്ഷിപ്പിനെകുറിച്ചുണ്ടാകുന്ന ആശങ്ക തള്ളിക്കളയാനാവില്ല. ചലച്ചിത്രമേഖല കാര്യക്ഷമമാക്കാനുള്ള നിർദ്ദേശമാണ് ബിമൽ ജുൽക്ക കമ്മറ്റി റിപ്പോർട്ടിലുള്ളതെന്ന് കമ്മറ്റി അംഗമായിരുന്ന ശ്യാമപ്രാദ് ഉറപ്പിച്ചു പറയുമ്പോഴും എന്താണ് പ്രാബല്യത്തിൽ വരിക എന്ന കാര്യത്തിൽ അദ്ദേഹത്തിനുതന്നെ ഉറപ്പില്ലാതിരിക്കുന്നത്​ ഈ ആശങ്കക്ക്​ അടിവരയിടുന്നു. അതുകൊണ്ടുതന്നെ, ബിമൽ ജുൽക്ക കമ്മിറ്റി റിപ്പോർട്ട് കേന്ദ്രം തിരുത്തിയിട്ടുണ്ടോ, ഉണ്ടെങ്കിൽ എന്തു തിരുത്തലാണ്​ എന്നതും ചർച്ചയാവേണ്ടതുണ്ട്.

ഈ വിഷയത്തിൽ പ്രതികരണം തേടി അടൂർ ഗോപാലകൃഷ്ണനെ ബന്ധപ്പെട്ടപ്പോൾ, തന്റെ എതിർപ്പ് മുൻപേ പറഞ്ഞു കഴിഞ്ഞു, പ്രാബല്യത്തിൽ വന്ന ഒന്നിൽ ഇനി താൻ എന്തു പറയാൻ എന്ന നിരാശയുടെ ശബ്ദമാണ് കേട്ടത്.

Comments