ബഷീറിയൻ ഓർമകളിലേക്കൊരു ഉഗ്രൻ ട്രിബ്യൂട്ട്

സംഭാഷണങ്ങളുടെ ബഷീറിയൻ നാടകീയതയിൽ, കിറുക്കൻ എഴുത്തുകാരനായി അഭിനയിച്ചുവിജയിച്ച ടോവിനോ വെള്ളിത്തരയിലെ ബഷീറായി മധുവിനും മമ്മൂട്ടിക്കുമൊപ്പം ഇരിപ്പിടമുറപ്പിക്കുന്നു. ഭാർഗ്ഗവിക്ക് റിമയുടേതിനേക്കാൾ മികച്ച കണ്ണുകൾ വേറെയുണ്ടാവില്ല.

വൈക്കം മുഹമ്മദ് ബഷീറിനെ അനുഭവിക്കാത്ത കേരളീയരുണ്ടാവില്ല! നമ്മുടെ ബഷീറിയൻ അനുഭവങ്ങളിലേക്കും ഓർമകളിലേക്കുമുള്ള അത്യുഗ്രൻ ട്രിബ്യൂട്ടാണ് ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം. മലയാളത്തിലധികമൊന്നും കണ്ടിട്ടില്ലാത്തത്രയും മികച്ച, അങ്ങേയറ്റം കാവ്യാത്മകമായ ദൃശ്യങ്ങളിലൂടെ ബഷീറിന്റെ സങ്കൽപലോകവും അതിലെ കഥാപാത്രങ്ങളും നീലവെളിച്ചമായി സ്‌ക്രീനിലെത്തുന്നു. സംഭാഷണങ്ങളുടെ ബഷീറിയൻ നാടകീയതയിൽ, കിറുക്കൻ എഴുത്തുകാരനായി അഭിനയിച്ചുവിജയിച്ച ടോവിനോ വെള്ളിത്തരയിലെ ബഷീറായി മധുവിനും മമ്മൂട്ടിക്കുമൊപ്പം ഇരിപ്പിടമുറപ്പിക്കുന്നു. ഭാർഗ്ഗവിക്ക് റിമയുടേതിനേക്കാൾ മികച്ച കണ്ണുകൾ വേറെയുണ്ടാവില്ല.

ഭാർഗവിക്ക് റിമയുടേതിനേക്കാൾ മികച്ച കണ്ണുകൾ വേറെയുണ്ടാവില്ല

ഇരുട്ടും നിഗൂഢതയും ഭയവും വേദനയും നിറഞ്ഞ ഭാർഗ്ഗവീനിലയത്തിന്റെ ഏകാന്തത, ബോഗൻവില്ലകൾ നിറഞ്ഞ മുറ്റം, വിശാലമായ നീലക്കടൽ, ഭൂതകാല തലശ്ശേരിയുടെ നാട്ടിടവഴികൾ, ചായക്കടകൾ, തപാലാപ്പീസ്, റാന്തൽവിളക്കുകൾ, വില്ലുവണ്ടികൾ, കൽക്കരിത്തീവണ്ടിയെത്തുന്ന തീവണ്ടിയാപ്പീസ്, ലോഡ്ജ് മുറികൾ, ഭാർഗ്ഗവിയുടെ അടങ്ങാത്ത വേദനകൾ, അവയോട് സംവദിക്കുന്ന എഴുത്തുകാരൻ, അവർക്കിടയിൽ രൂപപ്പെടുന്ന ലോകം ഇവയെല്ലാം ചേർത്ത് പുതിയ കാലത്തിന്റെ സങ്കേതങ്ങളിൽ നിന്ന് ദൃശ്യഭാഷയൊരുക്കുന്നതിൽ ആഷിഖ് അബു എന്ന സംവിധായകൻ വിജയിച്ചിരിക്കുന്നു.

വെള്ളിത്തരയിലെ ബഷീറായി മധുവിനും മമ്മൂട്ടിക്കുമൊപ്പം ഇരിപ്പിടമുറപ്പിക്കുന്നു

നാട്ടുകാരെല്ലാം ഭയത്തോടെ മാത്രം നോക്കിക്കാണുന്ന, പ്രേതബാധയാൽ കുപ്രസിദ്ധിയാർജ്ജിച്ച ഒരു മാളികയിൽ കാര്യമൊന്നുമറിയാതെയെത്തിപ്പെട്ട ഒരെഴുത്തുകാരനും ആ വീട്ടിൽ മുമ്പ് താമസിച്ചിരുന്ന പെൺകുട്ടിയുടെ "പ്രേതവും' തമ്മിൽ രൂപപ്പെടുന്ന ആർദ്രമായ ആത്മബന്ധത്തിന്റെ കഥയാണ് ബഷീറിന്റെ നീലവെളിച്ചം. കഥാകൃത്തിന്റെ ജീവിതത്തിലെ അത്ഭുതസംഭവങ്ങളിൽ ഒന്ന് എന്ന ആമുഖത്തോടെ ബഷീറെഴുതിയ കഥ അന്നോളമുള്ള സാഹിത്യ യക്ഷിസങ്കൽപങ്ങളെ തിരുത്തിയെഴുതുകയായിരുന്നു. പാലമരച്ചുവട്ടിൽ വഴിപോക്കരെ കാത്തുനിൽക്കുന്ന നീളൻ ദ്രംഷ്ഠകളുള്ള ഭീകരിയായിരുന്നില്ല ബഷീറിന്റെ ഭാർഗ്ഗവിക്കുട്ടി. ചതിയേറ്റു വീണു മരിച്ച പ്രണയിയോടും ജീവിതത്തോടുമുള്ള അടങ്ങാത്ത വേദനകളായിരുന്നു ഭാർഗ്ഗവിക്കുട്ടി. ഭൂമിയിലെ സകല ചരാചരങ്ങളോടും അനുകമ്പയുള്ള നീതിമാനായ എഴുത്തുകാരന്റെ, 'ഒരു പ്രണയിനിക്കെന്നെ മനസ്സിലാകും' എന്ന മനോനിശ്ചയത്തിന്റെ തുടർച്ചകളിൽ ഭാർഗ്ഗവിക്കുട്ടിയും എഴുത്തുകാരനും തമ്മിൽ കണക്ട് ചെയ്യപ്പെടുന്നു.

ബഷീറെഴുതിയ കഥ അന്നോളമുള്ള സാഹിത്യ യക്ഷിസങ്കൽപങ്ങളെ തിരുത്തിയെഴുതുകയായിരുന്നു

'നീലവെളിച്ചം എന്ന ഈ കഥ എന്റെ ജീവിതത്തിലെ അത്ഭുത സംഭവങ്ങളിലൊന്നാണ്. സംഭവത്തെക്കാൾ നല്ലത് അത്ഭുതത്തിന്റെ ഒരു കുമിള എന്ന് പറയുന്നതായിരിക്കും. ശാസ്ത്രത്തിന്റെ സൂചികൊണ്ട് ഇതിനെ കുത്തിപ്പൊട്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എന്നെക്കൊണ്ട് പൊട്ടിക്കാൻ കഴിയുന്നില്ല. ഒരുപക്ഷെ നിങ്ങൾക്ക് കഴിഞ്ഞേക്കാം; വിശകലനം ചെയ്യുവാനും' ചെറുകഥയുടെ ആമുഖത്തിൽ ബഷീർ തന്നെ പറയുന്നു.

ഭാർഗ്ഗവീനിലയത്തിലെ എണ്ണയില്ലാതെ അണഞ്ഞുപോയ വിളക്ക് കൊളുത്തിയതാരാണെന്നും അവിടേക്ക് നീലവെളിച്ചം എവിടെ നിന്നു വന്നുവെന്നുമുള്ള അതിശയപ്പെടലിൽ അവസാനിച്ച കഥയിൽ നിന്ന് പിന്നീട് ബഷീർ തന്നെ വികസിപ്പിച്ച തിരക്കഥ. ബഷീറിന്റെ ഈ ആദ്യ തിരക്കഥ 'ഭാർഗ്ഗവീനിലയം' എന്ന പേരിൽ 1964 ൽ സിനിമയായി. സംവിധായകൻ എ. വിൻസെന്റിന്റെ ആദ്യ ചിത്രമായിരുന്നു അത്. മധു, പ്രേംനസീർ, വിജയ നിർമല എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങൾ. ഇവർക്കൊപ്പം പി.ഭാസ്‌കരന്റെയും എം.എസ്. ബാബുരാജിന്റെയും സംഗീതവും പി. ഭാസ്‌കര റാവുവിന്റെ ഛായാഗ്രഹണവുമെല്ലാമായി മലയാളത്തിലെ എക്കാലത്തെയും ജനപ്രിയചിത്രമായി ഭാർഗ്ഗവീനിലയം മാറി. ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകളെയെല്ലാം മലയാളികൾ പിന്നീട് ഭാർഗ്ഗവീനിലയം എന്ന് വിളിച്ചു.

ബഷീറിന്റെ തന്നെ തിരക്കഥയിൽ 58 വർഷങ്ങൾക്കിപ്പുറം അതേ സിനിമ വീണ്ടും ചിത്രീകരിക്കാൻ ആഷിഖ് അബു കാണിച്ച ധൈര്യവും സന്നദ്ധതയും പ്രശംസനീയമാണ്. ഭാർഗ്ഗവീനിലയത്തിന്റെ അതേ കാലത്തെ തന്നെ ചിത്രീകരിക്കുമ്പോഴും അതിന് ശേഷമുള്ള അര നൂറ്റാണ്ടുകാലത്തെ സാങ്കേതികക്കുതിപ്പുകളെ ബഷീറിയൻ ഭാവനാലോകത്തിന് വേണ്ടി വിനിയോഗിക്കുന്നതിലാണ് ആഷിഖ് അബു എന്ന സംവിധായകൻ ഉജ്വല വിജയം കൈവരിച്ചത്.

ഭാർഗ്ഗവീനിലയത്തിൽ മധു(എഴുത്തുകാരൻ), പ്രേം നസീർ (ശശികുമാർ), വിജയനിർമ്മല (ഭാർഗവി), പി.ജെ. ആന്റണി(നാണുക്കുട്ടി) എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ ടൊവിനോ തോമസ്, റോഷൻ മാത്യു, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ എന്നിവരാണ് നീലവെളിച്ചത്തിൽ അവതരിപ്പിച്ചത്.

ബഷീറിന്റെ ഭാർഗ്ഗവിയെ, ഭാർഗ്ഗവീനിലയത്തിൽ നിന്ന് കുറേക്കൂടി മുന്നോട്ടുകൊണ്ടുപോകാൻ റിമയ്ക്കും ആഷിഖ് അബുവിനും സാധിച്ചിട്ടുണ്ട്. ഭാർഗ്ഗവിയുടെ വേദനകളുടെ ആഴത്തെ പ്രതിഫലിപ്പിക്കാനാവുന്ന വിധത്തിൽ പരമാവധി പ്രണയാർദ്രമാകാൻ റോഷന് കഴിഞ്ഞു. സമീപകാലത്തെ ചില വില്ലൻ വേഷങ്ങളെ ഓർമിപ്പിച്ചെങ്കിലും നാണുക്കുട്ടനായി ഷൈൻ ടോം ചാക്കോയും ഗംഭീര പ്രകടനം കാഴ്ചവെച്ചു. കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രാജേഷ് മാധവനും അടൂർ ഭാസിയുടെ ചെറിയ പരീക്കണ്ണിയായെത്തിയ പ്രമോദ് വെള്ളിയനാടും അവരുടെ റോൾ ഭംഗിയായി നിർവഹിച്ചു.

ഭാർഗ്ഗവീനിലയത്തെ മലയാളികളുടെ നൊസ്റ്റാൾജിയകൾക്കൊപ്പം ചേർത്തുവെച്ച സുന്ദരമായ ഗാനങ്ങൾ ഒട്ടും ഭംഗി ചോരാതെ പുനരാവിഷ്‌കരിക്കപ്പെട്ടുവെന്നതാണ് നീലവെളിച്ചത്തിന്റെ മറ്റൊരു വിജയം. 'താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാരതീരം, വാസന്ത പഞ്ചമി നാളിൽ, പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു പട്ടുനൂലൂഞ്ഞാല് കെട്ടീ...' അനശ്വരമായ ഈ വരികളെ ബിജിബാലും റെക്‌സ് വിജയനും ഷഹബാസ് അമനും കെ.എസ്. ചിത്രയുമെല്ലാം ചേർന്ന് പതിറ്റാണ്ടുകൾ മുന്നിലേക്ക് കൊണ്ടുപോകുന്നു. റിഷികേഷ് ഭാസ്‌കരന്റെ അധിക തിരക്കഥയും ബഷീറിനോട് നീതിപുലർത്തുന്നു.

നീലവെളിച്ചത്തെ തീർച്ചയായും തിയ്യേറ്ററിൽ നിന്ന് തന്നെ കാണേണ്ട സിനിമയാക്കി മാറ്റിയത് ഗിരീഷ് ഗംഗാധരനാണ്. ഉന്മാദങ്ങളും ഭാവനകളും നിറഞ്ഞ ബഷീറിയൻ ലോകത്തെ കാവ്യാത്മതമായ ദൃശ്യഭാഷയിലൂടെ ഓരോ ഫ്രെയിമുകളിലേക്ക് പകർത്തിയ ഗരീഷ് ഗംഗാധരൻ മലയാളിക്ക് മുന്നിൽ പുതിയ അനുഭവലോകത്തെ തന്നെയാണ് തുറന്നുവെക്കുന്നത്. വി.എഫ്.എക്‌സ് അടക്കമുള്ള ഡിജിറ്റൽ സാങ്കേതികതകളും അത്രമേൽ കയ്യടക്കത്തോടെ ബഷീറിയൻ ഭാവുകത്വങ്ങളെ പോറലേൽപിക്കാതെ വിനിയോഗിക്കപ്പെട്ടിരിക്കുന്നു.

ഈ കാലത്ത് ജീവിക്കുന്ന ഏതൊരു മലയാളിയും ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ ഒരിക്കലെങ്കിലും ബഷീറിയൻ സ്പർശമേറ്റുകാണും. പുതിയ കാലത്തിനായി പുതിയ സങ്കേതങ്ങളിൽ നിന്ന് ആഷിഖ് വരച്ച ബഷീറിനെ കാണാം നീലവെളിച്ചത്തിൽ.

Comments