പെരിയ ഉലകത്തോട് നെൽസൻ്റെ ഹുക്കും

നെൽസൻ്റെ അഞ്ചാമത്തെ സിനിമ, ജയിലറിന് ശേഷം മൂന്ന് വർഷത്തെ ഗ്യാപ്പ് എടുത്ത് നെൽസൺ ചെയ്ത സിനിമ. തിയേറ്റർ അനുഭവം ഗംഭീരമായിരുന്നു. പതിറ്റാണ്ടുകൾക്കിപ്പുറവും സൂപ്പർ സ്റ്റാറായി രജനീകാന്തിനെ നിലനിർത്തുന്ന എല്ലാ ഘടകങ്ങളും കൂട്ടിയിണക്കാൻ നെൽസണ് സാധിച്ചിട്ടുണ്ട്. Movie Review by ഹേമന്ദ് അയ്യപ്പൻമല.

"ഏൻ പിന്നാടി ഒരു പെരിയ ഉലകമേ ഇരിക്ക് ജയിലർ"

തന്നെ കൊന്നതിന് ശേഷവും ജയിലറിനെ, അയാളുടെ ജീവിതത്തെ വേട്ടയാടാൻ സാധ്യതയുള്ള നെറ്റ്‌വർക്കിനെ പറ്റി സൂചിപ്പിച്ചാണ് വിനായകൻ്റെ വർമ്മൻ എന്ന കഥാപാത്രം ജയിലറിൻ്റെ ഒന്നാം ഭാഗത്തിൽ ഇല്ലാതാവുന്നത്.

വർഷം മൂന്ന് കഴിഞ്ഞു, ‘ബാഷ’യും, ‘പേട്ട’യും അങ്ങനെ സാധ്യമായ രണ്ടാം ഭാഗങ്ങൾ പലതും വേണ്ടെന്നുവെച്ച, അതേ രജനികാന്ത് സംവിധായകനോട് അങ്ങോട്ട് പറഞ്ഞെടുത്ത ഒരു രണ്ടാം ഭാഗം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുന്നു. 2023-ൽ നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവഹിച്ച വലിയ വിജയങ്ങളിലൊന്നായ ജയിലറിൻ്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ റിലീസായി.

നെൽസൻ്റെ അഞ്ചാമത്തെ സിനിമ, ജയിലറിന് ശേഷം മൂന്ന് വർഷത്തെ ഗ്യാപ്പ് എടുത്ത് നെൽസൺ ചെയ്ത സിനിമ. തിയേറ്റർ അനുഭവം ഗംഭീരമായിരുന്നു, ഒരു മാസ് കൊമേഷ്യൽ സിനിമയ്ക്ക് വേണ്ട എല്ലാവിധ എലമെൻ്റുകളും ചേർന്ന ഒരു സിനിമയെന്ന് തന്നെ പറയാം. ഒന്നാം ഭാഗത്തിൻ്റെ അതേ ടെംപ്ലേറ്റിൽ കഥ പറഞ്ഞു പോകുന്ന രീതി തന്നെയാണ് രണ്ടാം ഭാഗത്തിലും സംവിധായകൻ ഏറെക്കുറെ അവലംബിച്ചിരിക്കുന്നത്.

ജയിലര്‍ 2 സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറും  രജനികാന്തും
ജയിലര്‍ 2 സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറും രജനികാന്തും

കൃത്യമായ ഇടങ്ങളിൽ കാണുന്നവരെ കണക്ട് ചെയ്യുന്ന, ചിരിപ്പിക്കാൻ കഴിയുന്ന നെൽസൺ എന്ന രചയിതാവിൻ്റെ കോമഡി പ്ലേസ്മെൻ്റ് ഈ സിനിമയിലും കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. ഒരുവിധം എല്ലാ കോമഡികളും കൃത്യമായി കണക്ട് ചെയ്യാൻ സാധിച്ചു എന്നത് ഒന്നാം പകുതിയെ നല്ല രീതിയിൽ ആസ്വാദ്യകരമാക്കുന്ന ഒന്നാക്കി മാറ്റുന്നുണ്ട്. രണ്ടാം പകുതിയുടെ തുടക്കം തൊട്ട് സിനിമയുടെ ഒഴുക്കിൽ ഒരു ചെറിയ വിരസത അനുഭവപ്പെടാൻ തുടങ്ങിയെങ്കിലും, അതിനെ അധികം നീണ്ടുപോകാതെ രക്ഷിച്ചെടുക്കാൻ തിരക്കഥയ്ക്കും, അവതരിപ്പിച്ച രീതിക്കും കഴിഞ്ഞിട്ടുണ്ട്.

ജയിലറിൻ്റെ ഒന്നാം ഭാഗം ഏറെ ചർച്ച ചെയ്യപ്പെട്ടത് അതിൽ അവതരിപ്പിക്കപ്പെട്ട കാമിയോകളുടെ പേരിൽ കൂടെയായിരുന്നു. രണ്ടാം ഭാഗത്തിലും അതേ കാമിയോകളെ സിനിമയ്ക്കകത്തേക്ക് സംവിധായകൻ ഉൾപ്പെടുത്തുന്നുണ്ട്. വളരെ കുറഞ്ഞ സ്ക്രീൻ സ്പേസ് മാത്രമാണ് ഈ ഭാഗത്തിൽ കാമിയോകൾക്ക് നൽകിയിരിക്കുന്നത്. ഒന്നാം ഭാഗത്തിൽ ഇല്ലാത്ത മറ്റൊരു പ്രധാന കാമിയോ വളരെ ഗംഭീരമായി നെൽസൺ പ്രസൻ്റ് ചെയ്തിട്ടുമുണ്ട്. സിനിമയിലെ തന്നെ ഏറ്റവും ഹൈ മൊമെൻ്റുകളിൽ ഒന്നായും അത് മാറുന്നുണ്ട്. മറ്റെല്ലാ ഫാക്റ്റുകളും മാറ്റി നിർത്തിയാൽ, ഒരു പക്കാ രജനികാന്ത് സിനിമയാണ് ജയിലർ 2. രജനികാന്തിന് നൽകിയിരിക്കുന്ന എല്ലാ ഫ്രെയിമിലും ഒരു ഫാൻ ബോയ് ടച്ച് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. പതിറ്റാണ്ടുകൾക്കിപ്പുറവും സൂപ്പർ സ്റ്റാറായി രജനീകാന്തിനെ നിലനിർത്തുന്ന എല്ലാ ഘടകങ്ങളും കൂട്ടിയിണക്കാൻ നെൽസണ് സാധിച്ചിട്ടുണ്ട്.

രജനികാന്തിന് നൽകിയിരിക്കുന്ന എല്ലാ ഫ്രെയിമിലും ഒരു ഫാൻ ബോയ് ടച്ച് ഫീൽ ചെയ്യുന്നുണ്ടായിരുന്നു എന്ന് വേണം പറയാൻ.
രജനികാന്തിന് നൽകിയിരിക്കുന്ന എല്ലാ ഫ്രെയിമിലും ഒരു ഫാൻ ബോയ് ടച്ച് ഫീൽ ചെയ്യുന്നുണ്ടായിരുന്നു എന്ന് വേണം പറയാൻ.

മാസ് സീനുകൾക്ക് പുറമെ, നായക കഥാപാത്രത്തിൻ്റെ വൈകാരിക ഘടകങ്ങൾക്ക് കൂടെ പ്രാധാന്യം നൽകുന്ന സീനുകൾ നെൽസൺ കൃത്യമായി ഉപയോഗിച്ചതായി അനുഭവപ്പെട്ടു. ജയിലറിൻ്റെ ഒന്നാം ഭാഗത്തിലേത് പോലെ തന്നെ നായക കഥാപാത്രത്തിന് കുടുംബത്തോടുള്ള അടുപ്പം, കുടുംബാംഗങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധങ്ങൾ എന്നിവയുടെ ഇഴയടുപ്പം സിനിമയുടെ പല പ്രധാന പോയിൻ്റുകളിലും നെൽസൺ നന്നായി ഉപയോഗിച്ചിട്ടുണ്ട്. തൻ്റെ എല്ലാ സൂപ്പർ പവറുകൾക്കുമപ്പുറം ടൈഗർ മുത്തുവേൽ പാണ്ഡ്യനെ കൊച്ചുമകൻ്റെ സ്വന്തം മുത്തു ആക്കി നിർത്തുന്ന കണക്ഷൻ ഈ ഭാഗത്തിലും ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്.

സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്, നിരവധി ഗംഭീര ഫ്രെയിമുകൾ സിനിമയിലുടനീളം കാണാൻ കഴിയും. തമിഴ്നാടിന് പുറമേ കേരളം, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെയും വിവിധ ലൊക്കേഷനുകളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്. എഡിറ്റിങ് ആർ. നിർമ്മൽ, മോശമല്ലാത്ത വർക്കാണ് ചെയ്തിരിക്കുന്നത്.

സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണെന്നതാണ്. സമകാലിക തമിഴ് സിനിമകളിൽ പ്രത്യേകിച്ച് മാസ് സിനിമകളുടെ സുപ്രധാന ഘടകമായ അനിരുദ്ധ്, ഈ സിനിമയ്ക്ക് വേണ്ടി ഒരുക്കുന്ന സംഗീതം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും കാത്തിരുന്നത്. ഒന്നാം ഭാഗത്തിന് അനിരുദ്ധ് നൽകിയ സംഗീതം ഏറെ വൈറലായിരുന്നു. ഒന്നാം ഭാഗത്തിലുള്ളതിന് സമാനമായ രീതിയിൽ പലയിടത്തും ഹൈ മൊമെൻ്റുകൾ സൃഷ്ടിക്കാൻ നെൽസൺ അനിരുദ്ധിൻ്റെ സംഗീതത്തെ ഉപയോഗിച്ചിട്ടുണ്ട്. പല സീനുകളും എലിവേറ്റ് ചെയ്യുന്നതിൽ അദ്ദേഹത്തിൻ്റെ പശ്ചാത്തല സംഗീതത്തിന് സാധിക്കുന്നു. നെൽസൺ സിനിമകളുടെ സ്ഥിരം ചേരുവകളായ പാട്ടുകളും അധികം മടുപ്പിക്കാതെ അനിരുദ്ധ് അവതരിപ്പിച്ചിട്ടുണ്ട്.

നിരവധി മലയാള അഭിനേതാക്കൾ രംഗത്തെത്തുന്നു എന്നൊരു പ്രത്യേകതയും സിനിമയ്ക്കുണ്ട്. സമീപകാലത്ത് തമിഴ് സിനിമകളിൽ മലയാള അഭിനേതാക്കൾ നിരവധി മികച്ച റോളുകൾ ചെയ്ത കാഴ്ച നമ്മൾ കണ്ടതാണ്. ഈ സിനിമയിൽ ഒരു കൂട്ടം അഭിനേതാക്കളെ നെൽസൺ ഉപയോഗിക്കുന്നു. മോഹൻലാലിൻ്റെ കാമിയോക്ക് പുറമേ, സുരാജ് വെഞ്ഞാറമൂട് മികച്ചതും ശക്തവുമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വിനായകൻ - സുരാജ് താരതമ്യ ചർച്ചകൾ സിനിമയുടെ അനൗൺസ്മെൻ്റ് തൊട്ട് തന്നെ ഉണ്ടായിരുന്നതാണ്. എല്ലാ സംശയങ്ങളും ഇല്ലാതാക്കി, സ്ക്രീനിൽ വരുന്ന സീനുകളിലെല്ലാം പ്രേക്ഷകരെ എൻ്റർടൈൻ ചെയ്യാൻ സുരാജിൻ്റെ ദിലീപിന് സാധിക്കുന്നു. ഹക്കീം ഷാ, കോട്ടയം നസീർ തുടങ്ങിയവരും സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

മോഹൻലാലിൻ്റെ കാമിയോക്ക് പുറമേ, സുരാജ് വെഞ്ഞാറമൂട് മികച്ചതും ശക്തവുമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
മോഹൻലാലിൻ്റെ കാമിയോക്ക് പുറമേ, സുരാജ് വെഞ്ഞാറമൂട് മികച്ചതും ശക്തവുമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

മറ്റ് കാമിയോകൾ, ശിവരാജ് കുമാർ, ജാക്കി ഷിറോഫ് തുടങ്ങിയവരും രമ്യ കൃഷ്ണൻ, മിർന, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു തുടങ്ങീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും മികച്ച പ്രകടനം തന്നെയായിരുന്നു. സിനിമയുടെ ഫസ്റ്റ് ഹാഫിൽ വന്ന് പോകുന്ന കഥാപാത്രങ്ങളെല്ലാം സിനിമയുടെ കോമഡി സൈഡിനെ നല്ല രീതിയിൽ അവതരിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്.

ജയിലറിൻ്റെ ഒന്നാം ഭാഗം ഇഷ്ടപ്പെട്ട പ്രേക്ഷകർക്ക് അതിൻ്റെ രണ്ടാം ഭാഗത്തിൽ നിന്നും ആഗ്രഹിക്കുന്ന ഒരു തുടർച്ച നൽകാൻ ഒരു പരിധി വരെ നെൽസണ് സാധിച്ചിട്ടുണ്ട്. പല രണ്ടാം ഭാഗങ്ങളും നിരാശപ്പെടുത്തിയ സമയത്തും തിയേറ്ററിൽ നിരാശപ്പെടുത്താത്ത അനുഭവമായി ഈ സിനിമ മാറുന്നു. ക്ലൈമാക്സ് എന്താണെന്ന് തീരുമാനിക്കാൻ ആവാതെ അടുത്ത ഭാഗത്തിലേക്ക് ഒരു ചെറിയ ഹിന്റ് നൽകി സിനിമകൾ അവസാനിപ്പിക്കുന്ന പ്രവണത നമ്മൾ പല സിനിമകളിലും അടുത്തിടെ കണ്ടതാണ്. രണ്ടാം ഭാഗം വന്ന സിനിമകളിൽ പലതും തീർത്തും നിരാശപ്പെടുത്തുകയും ചെയ്തു. വലിയ ഹിറ്റായ ഒരു സിനിമയ്ക്ക് രണ്ടാം ഭാഗം നല്ല രീതിയിൽ ഒരുക്കുക ചില്ലറ കാര്യമല്ല. പ്രത്യേകിച്ച് മാസ് സിനിമകൾ പല വിധത്തിൽ കീറിമുറിച്ച് ചർച്ച ചെയ്യുന്ന ഈ കാലത്ത്. അത്തരത്തിൽ ഇഴകീറിയുള്ള പരിശോധനകൾക്കെല്ലാം അപ്പുറത്ത്, തിയേറ്ററിൽ എല്ലാം മറന്ന് ആസ്വദിക്കാവുന്ന സിനിമാനുഭവം സൃഷ്ടിക്കാൻ നെൽസൺ ശ്രമിക്കുകയും ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

Comments