വളരെ സാധാരണയായി തുടങ്ങി സാധാരണമായി കഥ പറഞ്ഞ് ഗംഭീരമായി അവസാനിക്കുന്ന സിനിമാനുഭവമാണ് നേര്. അതിൽ കുറവായി ഒന്നുമില്ല, കൂടുതലുമില്ല.
കോർട്ട് റൂം ഡ്രാമയാണ് ചിത്രം. ക്രൈം സീനിൽ നിന്ന് നേരിട്ട് കഥ തുടങ്ങുകയാണ്. കാഴ്ചശേഷിയില്ലാത്ത പെൺകുട്ടിയാണ് സാറ(അനശ്വര രാജന്‍). സ്കൾപ്ചറിസ്റ്റ് ആണ്. ഒരു ദിവസം സാറക്കു നേരെ ലൈംഗികാതിക്രമം നടക്കുന്നു. തുടർന്ന് സാറ നടത്തുന്ന നിയമപോരാട്ടമാണ് പ്രമേയം.
വളരെ ഡയറക്ടായി, മിനിമലിസ്റ്റിക്കായാണ് ജീത്തു ജോസഫ് കഥ പറഞ്ഞുപോവുന്നത്. ചിത്രത്തിൽ ഏറെക്കുറേ സ്ഥലത്ത് ഈ രീതി രസകരവും ആവശ്യവും തന്നെയായിരുന്നു. എന്നാൽ സിനിമാറ്റിക് എലവേഷൻ കൊടുക്കാമായിരുന്ന ചില സ്ഥലങ്ങളിൽ അത് ഉപയോഗിക്കാത്തതു കാരണം കുറച്ച് ഹൈ മൊമെന്റുകൾ നഷ്ടമാവുന്നുണ്ട്.
കോർട്ട് റൂം സീനുകൾ അടുത്തകാലത്തായി ഒരുപാട് തവണ സിനിമയിൽ വന്നിട്ടുണ്ട്. അതിൽ പലതും റിയലിസ്റ്റിക്കായി അവതരിപ്പിക്കപ്പെട്ടതിന്റെ പേരിൽ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. നേരിലെ കോർട്ട് റൂം രംഗങ്ങളും രസകരമാണ്. മോഹൻലാലും (അഡ്വ. വിജയ മോഹൻ) സിദ്ദീഖും (അഡ്വ. രാജശേഖർ) തമ്മിലുള്ള എൻകൗണ്ടർ രംഗങ്ങളും മാത്യു വർഗീസ് ചെയ്ത ജഡ്ജിയുടെ കഥാപാത്രത്തിന്റെ ഇടപെടലും കോർട്ട് റൂമിനെ എൻഗേജിംഗ് ആക്കുന്നുണ്ട്.
എന്നാൽ കോർട്ട് റൂം പ്രൊസീജ്യർ എത്രത്തോളം യാഥാർഥ്യത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് സംശയമാണ്. തുടരെ തുടരെ മുന്നറിയിപ്പില്ലാതെ വാദത്തിനിടയ്ക്ക് പുതിയ പുതിയ തെളിവുകളും സാക്ഷികളെയും ഹാജരാക്കുന്നതും വളരെ വേഗ് ആയ ചില വാദങ്ങളിൽ ജഡ്ജി കൺവിൻസഡ് ആവുന്നതും പ്രേക്ഷകർക്ക് അത്ര ബോധ്യമായെന്നുവരില്ല.
കോർട്ട് റൂമിൽ നടക്കുന്നതെന്താണ് എന്ന് പ്രേക്ഷകർക്ക് മനസിലാകാൻ സഹായിക്കും വിധം സപ്പോർട്ടിംഗ് ക്യാരക്ടേഴ്‌സിനെ വളരെ സ്വാഭാവികമായി ഉപയോഗിച്ചിരിക്കുന്നതും ജീത്തു ജോസഫിന്റെ മിടുക്കാണ്. പബ്ലിക് പ്രോസിക്യൂട്ടറിന്റെ ജൂനിയർ ചോദിക്കുന്ന സംശയങ്ങളിലൂടെ പ്രേക്ഷകരുടെ സംശയങ്ങൾ അപ്പപ്പോൾ ദൂരീകരിക്കപ്പെടുന്നുണ്ട്. എന്നാൽ എല്ലായ്‌പ്പോഴും ഇതേ കഥാപാത്രത്തെ ഉപയോഗിക്കാതെ, കോർട്ട് റൂമിലെയും പുറത്തെയും സ്വാഭാവിക സംസാരങ്ങൾ ഇക്കാര്യത്തിനായി ഏച്ചുകെട്ടൽ തോന്നിക്കാത്ത വിധത്തിൽ ഉൾപ്പെടുത്തിയത് നല്ല ആശയമായിരുന്നു.
ശ്രദ്ധിക്കേണ്ടിയിരുന്നത് ഡയലോഗുകളിലായിരുന്നു. സിനിമയുടെ മിനിമലിസത്തിന് ചേരുന്ന സംഭാഷണം ചിലയിടങ്ങളിൽ ബ്രേക്ക് ആവുന്നുണ്ട്, പ്രധാന കഥാപാത്രങ്ങളായ മോഹൻലാലിന്റെയും അനശ്വരയുടെയും ഡയലോഗുകളിൽ ഈ പ്രശ്‌നം ഇടയ്ക്ക് വന്ന് പോവുന്നുണ്ട്; ഒരു പ്രീച്ചിംഗ് പോലെ, എല്ലായ്‌പ്പോഴും കേൾക്കുന്ന മുദ്രാവാക്യം പോലെ.
സിനിമയിലെ പ്രധാന ക്രൈം റേപ്പായിരുന്നിട്ട് കൂടി അതിനെ ഭയങ്കരമായി ബ്രൂട്ടലൈസ് ചെയ്ത് വിഷ്വലൈസ് ചെയ്യാതിരിക്കാൻ കാണിച്ച സംവിധായകന്റെ ഡിസ്‌ക്രീഷൻ അഭിനന്ദനം അർഹിക്കുന്നു. മലയാളത്തിൽ ഈയിടെ വന്ന പല ചിത്രത്തിലും ഈയൊരു ഡിസ്‌ക്രീഷൻ കാണാൻ കഴിഞ്ഞിരുന്നില്ല.
അഴിച്ചുവിട്ട അഭിനയം എന്നാണ് സാധാരണ കമേഴ്സ്യൽ ചിത്രങ്ങളിൽ മോഹൻലാലിനെക്കുറിച്ച് പറയാറ്. എന്നാൽ നേരിൽ വളരെ നിയന്ത്രിതമായ, മിനിമലായ മോഹൻലാൽ പ്രകടനമാണ് കാണാനാവുക. 'അളന്ന് മുറിച്ചുള്ള' എന്ന പ്രയോഗത്തെപ്പോലെ കഥാപാത്രത്തിന് വേണ്ടത് മാത്രം കൊടുത്തുള്ള വളരെ പുതിയ ഒരു മോഹൻലാൽ. ശരിക്ക് മോഹൻലാലിന്റെ തിരിച്ച് വരവ് എന്നതിനേക്കാൾ ഒരു എമർജൻസ് ആണ് ആഘോഷിക്കപ്പെടേണ്ടതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഏത് നിലയിലേക്കും കത്തിപ്പടരാൻ പാകത്തിൽ, എന്നാൽ നിയന്ത്രിച്ചു നിർത്തിയ ഒരു പുതിയ ലാലിസം എന്ന ഫീലാണ് സ്‌ക്രീനിൽ മോഹൻലാൽ നൽകുന്നത്.
അനശ്വരയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. സിനിമയുടെ മൊത്തം ഇമോഷൻസും അനശ്വരയുടെ കഥാപാത്രത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്. മോഹൻലാൽ, സിദ്ദീഖ്, ജഗദീഷ് തുടങ്ങിയവരുടെ പ്രകടനത്തോട് കിടപിടിച്ചുതന്നെ ആ ഇമോഷനൽ ബാക്കപ്പ് നൽകാൻ അനശ്വരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മോഹൻലാലിനൊത്തെ എതിരാളിയായി മാറാൻ സിദ്ദീഖിന് അധികമൊന്നും കഷ്ടപ്പെടേണ്ടി വരില്ലല്ലോ. ആ പവർ ബാലൻസ് ഒത്ത ക്യാരക്ടർ തന്നെയായിരുന്നു സിദ്ദീഖിന്റേത്. ഫാലിമിക്ക് ശേഷം നേരിലും ജഗദീഷ് തന്റെ കഥാപാത്രം ഗംഭീരമാക്കിയിരിക്കുന്നു.
നല്ല തിരക്കഥയ്‌ക്കൊപ്പം നല്ല സംവിധാനത്തിന്റെ മികവ് കൂടി വ്യക്തമാക്കുന്ന ചിത്രമാണ് നേര്. ദൃശ്യം പോലെ ഭയങ്കര പ്ലോട്ട് ട്വിസ്റ്റ് ഇല്ലാത്ത കഥയെ, അതും ഒരു കോർട്ട് റൂം ഡ്രാമയെ എൻഗേജ് ചെയ്ത് കൊണ്ടുപോവാൻ മികച്ച കയ്യടക്കം അത്യാവശ്യമാണ്. ജീത്തു ജോസഫിൽ അത് ഭദ്രമായിരുന്നു. കേസിന് സമാന്തരമായി ഒരുപാട് കാര്യങ്ങൾ പുറത്ത് നടക്കുന്നുണ്ട്, കേസിൽ തന്നെ സാങ്കേതികമായ കുറേ കാര്യങ്ങൾ നടക്കുന്നുണ്ട്. ഇതൊക്കെ കണട്ക് ചെയ്ത് പ്രേക്ഷകർക്ക് എന്റർടൈനിംഗ് ആയി പായ്ക്ക് ചെയ്ത് നൽകുക എന്നിടത്താണ് സംവിധായകൻ സ്‌കോർ ചെയ്തത്. കോടതിയിൽ നടക്കുന്ന കാര്യങ്ങൾ ഹീറോയ്ക്ക് അനുകൂലമാണോ, പ്രതികൂലമാണോ എന്ന് 'മാസ് ബി.ജി.യമോ', Akward ഷോട്ടുകളോ ഇല്ലാതെ തന്നെ പ്രേക്ഷരിലേക്ക് എത്തിക്കാനാവുന്നുണ്ട്.
നേരത്തെ പറഞ്ഞ മിനിമലിസം തന്നെയാണ് മ്യൂസിക്കിന്റെയും ശക്തി. വളരെ ആവശ്യത്തിന് മാത്രം, സിനിമയിൽ നിന്ന് വേർതിരിച്ച് കേൾക്കാത്ത വണ്ണം സിനിമയിലുടനീളം അദൃശ്യമായി തന്നെ വിഷ്ണു ശ്യാം തന്റെ മ്യൂസിക് ഒളിച്ചുവച്ചിരിക്കുന്നു.