ജീവിതത്തിന്റെ രാഷ്​ട്രീയം സംസാരിക്കുന്നു,
കോവിഡിനൊപ്പമുള്ള മലയാള സിനിമ

പ്രമേയപരമായും ആഖ്യാനപരമായും മലയാള സിനിമ മുൻപുള്ളതിനേക്കാൻ വ്യത്യസ്​തമായും എക്​സ്​പിരിമെന്റലായും മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്, പ്രത്യേകിച്ചും കോവിഡിനൊപ്പമുള്ള മലയാളം സിനിമകൾ.

‘സിനിമ കാണാനുള്ള ആർത്തി ഭ്രാന്തിനു തുല്യമാണ്. അതൃപ്തിയിൽ നിന്നാണ് ആ ഭ്രാന്തുണ്ടാകുന്നത്. ജീവിതം നമ്മെ തൃപ്തരാക്കുന്നില്ല. നാം സിനിമയ്ക്ക് പോവുന്നു’ - ത്രൂഫോ .

സിനിമ എന്ന മാധ്യമം ജനങ്ങളെ സ്വാധീനിക്കുന്നതിൽ എപ്പോഴും മുന്നിലാണ്. ഒരു പുസ്തകം വായിച്ച് ചർച്ച ചെയ്യപ്പെടുന്നതിനേക്കാൾ പതിന്മടങ്ങ് ഒരു ദൃശ്യം ഒരു വ്യക്തിയെ സ്വാധീനിക്കും.‘I read a book one day and my whole life was changed' എന്ന ഒർഹാൻ പാമുക്കിന്റെ The New Life എന്ന പുസ്തകത്തിലെ വരികൾ ഉദ്ധരിക്കുന്ന ‘കയ്യൊപ്പി’ലെ ബാലചന്ദ്രനെ ഓർക്കുന്നുണ്ടോ? ഇതേ കാര്യം ഒരു ദൃശ്യത്തിനും സാധിക്കും. നാഗ് രാജ് മഞ്ജുളെയുടെ ഫാൻഡ്രി സിനിമയിലെ അവസാന രംഗമാണ് ഓർമ വരുന്നത്. സിനിമയുടെ അവസാന ഫ്രെയിമും തകർത്ത് വരുന്നൊരു കല്ല് ചെന്നുകൊള്ളുന്നത് ജാതി ഇന്ത്യയുടെ നേർക്കാണ്. മറാത്ത സിനിമയുടെ പതിവ് വാർപ്പുമാതൃകകളെ തകർത്തുകളയാൻ അതിന് സാധിച്ചിട്ടുണ്ട്. വളരെ കൃത്യമായി രാഷ്ട്രീയം സംസാരിച്ച ഫാൻഡ്രി, മറാത്ത സിനിമയിലെ ഒരു ബെഞ്ച്മാർക്കാണ് എന്ന് നിസ്സംശയം പറയാം.

ജയൻ കെ. ചെറിയാന്റെ ‘പാപ്പിലിയോ ബുദ്ധ'  സിനിമയിൽ നിന്ന്
ജയൻ കെ. ചെറിയാന്റെ ‘പാപ്പിലിയോ ബുദ്ധ' സിനിമയിൽ നിന്ന്

മലയാളത്തിലേക്കുവന്നാൽ അധികം ചർച്ച ചെയ്യപ്പെടാതെ പോയ ഒരു സിനിമയായ ജയൻ കെ. ചെറിയാന്റെ ‘പാപ്പിലിയോ ബുദ്ധ' യാണ് ആദ്യം ഓർമ വരുന്നത്. സിനിമയിൽ ഇ.എം.എസിന്റെ ചിത്രം മാറ്റി പകരം ബുദ്ധന്റെ ചിത്രം ചുവരിൽ തൂക്കുന്നുണ്ട് കണ്ടൽ കരിയൻ (കല്ലൻ പൊക്കുടൻ) എന്ന ആദിവാസി കർഷകൻ. അയാളെ സംബന്ധിച്ച്​ അതൊരു തിരിച്ചറിവിന്റെ നിമിഷമാണ്. വെറും 15 സെക്കൻറ്​ മാത്രമുള്ള ആ ഒരു ദൃശ്യത്തിലൂടെ വളരെ കൃത്യവും ഉച്ചത്തിലുമാണ് സംവിധായകൻ രാഷ്ട്രീയം പറയുന്നത്. അതുകൊണ്ടുതന്നെ ദൃശ്യത്തിന്റെ സ്വാധീന ശക്തി ഊഹിക്കാവുന്നതിലും അപ്പുറമാണ്.

ചെറിയ മുടക്കുമുതലിൽ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാതെ ഒരുപിടി നല്ല സിനിമകൾ നമുക്ക് ലഭിച്ചു. തിയേറ്റർ- ഒ.ടി.ടി ബൈനറിയിൽ നിന്നുകൊണ്ട് നിരവധി ചർച്ചകൾ രൂപപ്പെട്ടെങ്കിലും എല്ലാം സിനിമയാണ് എന്ന തിരിച്ചറിവ് അവസാനം സന്തോഷം നൽകുന്നതാണ്.

പ്രമേയപരമായും ആഖ്യാനപരമായും മലയാള സിനിമ മുൻപുള്ളതിനേക്കാൻ വ്യത്യസ്​തവും എക്​സ്​പിരിമെന്റലായും മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്, പ്രത്യേകിച്ചും കോവിഡിനൊപ്പമുള്ള മലയാളം സിനിമകൾ. കോവിഡ് പോലെയൊരു പാൻഡെമിക് അവസ്ഥയിൽ ഏതൊരു മേഖലയെയും പോലെ സിനിമ മേഖലയും നിലച്ചുപോയിരുന്നു. തിയേറ്ററിലിരുന്ന് പഴയ പോലെ എന്നാണിനി സിനിമ കാണാൻ പറ്റുകയെന്ന തോന്നൽ ഓരോ സിനിമ പ്രേക്ഷകനും സ്വയം ചോദിച്ചും മറ്റും മടുത്ത ഒരു കാര്യമാണ്. ‘Hope is a good thing' എന്ന Shawshank Redemption ലെ വരികൾ പോലെ, വിഷാദഭാവത്തെ ഇല്ലാതെയാക്കി സിനിമ വീണ്ടും സജീവമായി. ആളുകൾ തിയേറ്ററിൽ പോയി സിനിമ കാണാൻ തുടങ്ങി. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും മലയാള സിനിമകൾ വന്നു തുടങ്ങി. അതൊരു വലിയ മാറ്റം തന്നെയാണ്. ചെറിയ മുടക്കുമുതലിൽ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാതെ ഒരുപിടി നല്ല സിനിമകൾ നമുക്ക് ലഭിച്ചു. തിയേറ്റർ- ഒ.ടി.ടി ബൈനറിയിൽ നിന്നുകൊണ്ട് നിരവധി ചർച്ചകൾ രൂപപ്പെട്ടെങ്കിലും എല്ലാം സിനിമയാണ് എന്ന തിരിച്ചറിവ് അവസാനം സന്തോഷം നൽകുന്നതാണ്.

ജിയോ ബേബി. / Photo : Muhammed Hanan Ak
ജിയോ ബേബി. / Photo : Muhammed Hanan Ak

ജിയോ ബേബി സംവിധാനം ചെയ്ത് 2021 ൽ നീ സ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്ത സിനിമയാണ് ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. ഇന്നോളം നമ്മൾ സിനിമകളിൽ കണ്ട അടുക്കളകളെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീകളുടെ ശമ്പളമില്ലാത്ത തൊഴിലിനെ കാല്പനികവത്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് ഇന്നും തുടരുന്നുണ്ട്. എന്നാൽ അടുക്കളയെന്നാൽ നിങ്ങളീ കണ്ടതൊന്നുമല്ലെന്നും, പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയിൽ നിന്ന്​പുറത്തേക്കു വന്ന് നോക്കിയാൽ മാത്രമേ അതിന്റെ ഭീകരത മനസിലാവൂ എന്നും സിനിമയിൽ കൃത്യമായി പറയുന്നുണ്ട്. മലയാള സിനിമയ്ക്ക് സംഭവിച്ച വിപ്ലവത്തിന്റെ തീച്ചൂട്​ കൂടിയാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. ‘എന്റെ സിനിമ കണ്ടിട്ട് മിനിമം ഒരു അഞ്ച് വിവാഹമോചനങ്ങളെങ്കിലും നടന്നാൽ ഞാൻ അത്രയും സന്തോഷവാനാണ്’ എന്നാണ് ജിയോ ബേബി പറഞ്ഞത്. അതെ, അതുതന്നെയാണ് അതിന്റെ രാഷ്ട്രീയം.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് 2022 ൽ റിലീസ് ചെയ്ത സിനിമയാണ് ‘ഭൂതകാലം’. മനുഷ്യന്റെ മാനസികാവസ്ഥയെ/മാനസികാരോഗ്യത്തെ ഏതൊക്കെ തരത്തിലാണ് നമ്മുടെ സിനിമകൾ കാലകാലങ്ങളായി കൈകാര്യം ചെയ്തത് എന്ന് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ വല്ലാത്തൊരു വിഷമത്തിലൂടെ മാത്രമേ ഓർമിക്കാൻ കഴിയൂ. മാനസികാരോഗ്യത്തെ പറ്റി ഗൗരവമായി ചർച്ച ചെയ്ത സിനിമകളുടെ കൂട്ടത്തിൽ ‘ഭൂതകാല’ത്തിന് നല്ലൊരു സ്ഥാനം തീർച്ചയായും ഉണ്ടാവും. ഹൊറർ എലമെന്റുകളുടെ കൂടിചേരലുകളിലൂടെ സിനിമ നൽകുന്ന അനുഭവം നമ്മളെ വേട്ടയാടുന്നുണ്ട്, ചിന്തിപ്പിക്കുന്നുണ്ട്. ‘ഭൂതകാലം’ മികച്ച ഒരു സിനിമാനുഭവം തന്നെയായിരുന്നു.

‘ഭൂതകാലം’ മികച്ച ഒരു സിനിമാനുഭവം തന്നെയായിരുന്നു.
‘ഭൂതകാലം’ മികച്ച ഒരു സിനിമാനുഭവം തന്നെയായിരുന്നു.

വിനോയ് തോമസിന്റെ ‘കളിഗമിനാറിലെ കുറ്റവാളികൾ' എന്ന ചെറുകഥയിൽ നിന്ന്​‘ചുരുളി' എന്ന സിനിമയിലേക്കുള്ള ദൂരമാണ്, സിനിമ എന്നത് എപ്പോഴും സംവിധായകന്റെ കലയാണ് എന്ന എന്റെ തിരിച്ചറിവിനെ ശരിയാണ് എന്ന് ബോധ്യപ്പെടുത്തുന്നത്. ചെറുകഥയുടെ വളരെ ചുരുങ്ങിയ ഭൂമികയെ സിനിമയിലേക്കെത്തുമ്പോൾ വിശാലമായൊരു ഇടത്തിലേക്കാണ് ലിജോ ജോസ് പെല്ലിശേരി പ്ലേസ് ചെയ്യുന്നത്. അവിടെയാണ് LJP എന്ന സംവിധായകന്റെ മികവും നമുക്ക് കാണാൻ കഴിയുന്നത്. കുറ്റവാളി- നിയമപാലകൻ എന്ന ബൈനറിയെ തന്നെ ചോദ്യം ചെയ്ത് മലയാളിയുടെ സദാചാരബോധത്തെയും തകർത്തു കളയാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.‘A good film usually begins after the last frame. It slows you down, it follows you around, it disturbs you, it wakes you up, it shows you more. More than you just saw.' ചുരുളി കണ്ടു കഴിഞ്ഞ് ഈയൊരു വാക്യം മാത്രമാണ് എന്റെ മനസിലേക്ക് വന്നത്. ശരിയാണ്, ഏറ്റവും നല്ല സിനിമകൾ അവസാന ഫ്രെയിമുകളിൽ നിന്നുമാണ് തുടങ്ങുന്നത്.

‘A good film usually begins after the last frame. It slows you down, it follows you around, it disturbs you, it wakes you up, it shows you more. More than you just saw.'  ചുരുളി കണ്ടു കഴിഞ്ഞ് ഈയൊരു വാക്യം മാത്രമാണ് എന്റെ മനസിലേക്ക് വന്നത്.
‘A good film usually begins after the last frame. It slows you down, it follows you around, it disturbs you, it wakes you up, it shows you more. More than you just saw.' ചുരുളി കണ്ടു കഴിഞ്ഞ് ഈയൊരു വാക്യം മാത്രമാണ് എന്റെ മനസിലേക്ക് വന്നത്.

കഴിഞ്ഞ കോവിഡ് ലോക്ക്ഡൗൺ കാലം ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയത് ഒരു പക്ഷെ മഹേഷ് നാരായണൻ ആയിരിക്കും. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും അതിൽ നിന്നെല്ലാം വേണമെങ്കിൽ പലതും ചെയ്യാൻ പറ്റുമെന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ ‘സീ യു സൂൺ’ എന്ന സിനിമ. ഏത് കെട്ടകാലത്താണെങ്കിലും സിനിമ നിലനിൽക്കും എന്നതിനുള്ള തെളിവാണീ സിനിമ. പരിമിതികൾക്കുള്ളിൽ നിന്നും ഏറ്റവും നല്ല സിനിമകൾ രൂപപ്പെടുന്നു എന്നത് തന്നെയാണ് ഈ സിനിമയെ ഓർക്കുമ്പോൾ ലഭിക്കുന്ന സന്തോഷം.

മഹേഷ് നാരായണൻ
മഹേഷ് നാരായണൻ

മാക്ബത്തിന്റെ അഡാപ്‌റ്റേഷനോട് നീതിപുലർത്തിയ സിനിമയാണ് ദിലീഷ് പോത്തന്റെ ‘ജോജി'. ഒരു പ്രേക്ഷകൻ എന്നതിലുപരി സിനിമ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു സ്റ്റഡി മെറ്റീരിയലാണ് ദിലീഷ് പോത്തന്റെ അവസാന രണ്ട് സിനിമകളും. ജോജിയും അതേ ലിസ്റ്റിലേക്ക് ചേർക്കാൻ കഴിയുന്ന ഒന്നാണ്. കഥാപാത്രങ്ങളുടെ വളർച്ചയാണ് സിനിമയിൽ എന്നെ അത്ഭുതപ്പെടുത്തിയത്. അതിനെ സംവിധായകൻ കൺസീവ് ചെയ്യിപ്പിച്ച വിധവും. കെ.ജി ജോർജിന്റെ ‘ഇരകൾ’ എന്ന സിനിമയോട്​ പലതരത്തിലും സിനിമയ്ക്ക് സാമ്യമുണ്ടെങ്കിലും അതൊരിക്കലും ആസ്വാദനത്തെ ബാധിക്കുന്നേയില്ല.

സനു ജോൺ വർഗീസ്
സനു ജോൺ വർഗീസ്

ഛായഗ്രഹകൻ സാനു ജോൺ വർഗീസിന്റെ ആദ്യ സിനിമയാണ് ‘ആർക്കറിയാം'. ഒരു ക്രൈസ്തവ കുടുബത്തിൽ നിന്നുകൊണ്ട് ആളുകളുടെ ഇമോഷണൽ ജേർണിയാണ് സംവിധായകൻ ചിത്രീകരിക്കുന്നത്. എല്ലാം മനുഷ്യരും ഉള്ളിൽ എന്തെങ്കിലുമൊക്കെ രഹസ്യങ്ങൾ കൊണ്ട് നടക്കുന്നവരാണ്. ബന്ധങ്ങളുടെ ആഴവും തീവ്രതയും കൃത്യമായി സിനിമയിൽ കാണാൻ കഴിയും.

ഭരണകൂടം എപ്പോഴും വലതുപക്ഷമായിരിക്കും, പൊലീസ് എന്നത് ഭരണകൂടത്തിന്റെ കേവലമൊരു മർദ്ദനോപകരണം മാത്രവും. മാർട്ടിൻ പ്രക്കാട്ടിന്റെ പോലീസ് സ്റ്റോറിയായ ‘നായാട്ട്' സാങ്കേതികപരമായും ആഖ്യാനപരമായും മുന്നിട്ടു നിൽക്കുമ്പോൾ തന്നെ കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടും അതിന്റെ രാഷ്ട്രീയം കൊണ്ടും രണ്ടാമതൊന്ന് ചിന്തിപ്പിക്കാൻ ഇടവരുത്തുന്നു. രാഷ്ട്രീയത്തെ വെറും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് ചുരുക്കുകയും അതിലെ പ്രബല ശക്തികളായി ഒരു ദലിത് രാഷ്ട്രീയ സംഘടനയെ ചിത്രീകരിക്കുകയും ചെയ്യുന്നതിലൂടെ ടി. ദാമോദരനും പ്രിയദർശനും ചെയ്തുവെച്ച അതേ അനീതി ഇന്നത്തെ കാലത്തും തുടരുന്നതായി കാണാൻ കഴിയും. സിനിമയുടെ ഇത്തരമൊരു വായന ഒഴിച്ചുനിർത്തിയാൽ കഥ പറയുന്ന രീതി കൊണ്ടും കഥാപാത്രങ്ങളുടെ ഇമോഷണൽ ഡെപ്ത് കൊണ്ടും ‘നായാട്ട്' ഒരു മികച്ച സിനിമ തന്നെയാണ്.

ജോജി സിനിമയിലെ ഒരു രംഗം.
ജോജി സിനിമയിലെ ഒരു രംഗം.

2021ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥയ്ക്കുമുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടിയ ചിത്രമാണ്, സെന്ന ഹെഗ്ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം'. സങ്കീർണ കുടുംബബന്ധങ്ങളെ, പുരുഷാധിപത്യ സമൂഹത്തെ, കാസർകോടൻ നാട്ടുഭാഷയുടെ ഭംഗികൊണ്ടും പുതുമുഖങ്ങളെ വെച്ചും അവതരിപ്പിച്ച് കയ്യടി നേടിയിരിക്കുകയാണ് സംവിധായകൻ. സങ്കീർണതയെ ലഘുവായി പ്രസൻറ്​ ചെയ്തു എന്നത് തന്നെയാണ് സിനിമയുടെ വിജയം. തിങ്കളാഴ്ച നിശ്ചയത്തിലൂടെ സെന്ന ഹെഗ്ഡെ മലയാള സിനിമയിലേക്ക് വലിച്ചിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ കസേര, അത് അവിടെ ഭദ്രമാണ്.

സെന്ന ഹെഗ്ഡെ. / Senna Hegde, Fb Page.
സെന്ന ഹെഗ്ഡെ. / Senna Hegde, Fb Page.

നിരന്തരം പരീക്ഷണങ്ങൾ കൊണ്ടും സ്വയം മാറ്റങ്ങൾ വരുത്തിയും മുന്നേറുന്ന ഒരു സംവിധായകനാണ് ഡോൺ പാലത്തറ. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ‘ശവം' തന്നെയാണ് അതിന്റെ ആദ്യത്തെ ഉദാഹരണം. ശവത്തിൽ നിന്ന്​ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തിലേക്ക്' എത്തി നിൽക്കുമ്പോൾ അദ്ദേഹം തീർച്ചയായും കയ്യടി അർഹിക്കുന്നുണ്ട്.

85 മിനുട്ട് സിംഗിൾ ഷോട്ടിലൂടെ മാത്രം ഒരു സിനിമ ചെയ്യുക എന്നത് തീർച്ചയായും വലിയ വെല്ലുവിളിയാണ്. കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടും രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ കൊണ്ടും സാങ്കേതികപരമായും
ആഖ്യാനപരമായും സിനിമ മികച്ച അനുഭവം തന്നെ പ്രേക്ഷകന് നൽകുന്നുണ്ട്. ഡോണിന്റെ മറ്റു രണ്ട് സിനിമകളായ 1956 മധ്യതിരുവിതാംകൂറും, Everything Is Cinema യും മലയാളത്തിൽ തീർച്ചയായും അംഗീകരിക്കപ്പെടേണ്ട സിനിമകൾ തന്നെയാണ്.

നായാട്ടിൽ നിമിഷ സജയനും കുഞ്ചാക്കോ ബോബനും
നായാട്ടിൽ നിമിഷ സജയനും കുഞ്ചാക്കോ ബോബനും

കമൽ കെ.എമ്മിന്റെ ‘പട' ഒരു ഗംഭീര സിനിമയാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ നടന്ന ഒരു പ്രധാനപ്പെട്ട സംഭവത്തെ സിനിമയാക്കുമ്പോൾ പൊതുവെ എല്ലാവരും ഭരണകൂടത്തെ വെള്ളപൂശാനോ, വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയെ ഗ്ലോറിഫൈ ചെയ്യാനോ ആണ് ശ്രമിക്കാറ്. അവിടെയാണ് ‘പട’ കൃത്യമായി അടിച്ചമർത്തപ്പെടുന്നവരുടെ പക്ഷത്തുനിന്ന്​ സംസാരിക്കുന്നത്.
1996 ഒക്ടോബർ നാലിന്, നായനാർ സർക്കാർ പാസാക്കിയ ആദിവാസി ഭൂസംരക്ഷണ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്​ പാലക്കാട് ജില്ല കലക്ടർ ഡബ്ല്യു.ആർ. റെഡ്ഡിയെ അയ്യങ്കാളി പട ബന്ദിയാക്കിയ സംഭവം കേരള ചരിത്രത്തിലെ തന്നെ ഒറ്റപ്പെട്ട സംഭവമാണ്​. 26 വർഷങ്ങൾക്കിപ്പുറം ഇന്നും ആദിവാസി- ദലിത് ഭൂ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല എന്നത് ഈ പ്രതിഷേധത്തിന്റെ ഇന്നത്തെ പ്രാധാന്യവും വിളിച്ചോതുന്നു.

സന്തോഷത്തിൻറെ ഒന്നാം രഹസ്യം സിനിമയിലെ രംഗം.
സന്തോഷത്തിൻറെ ഒന്നാം രഹസ്യം സിനിമയിലെ രംഗം.

‘ഞങ്ങളുടെ ആവശ്യങ്ങൾ വളരെ ചെറുതാണ്. നിങ്ങൾ നിങ്ങളുടെ ഭരണഘടനയോടും നിയമവ്യവസ്ഥയോടും നീതി പുലർത്തണം. മനുഷ്യാവകാശ ധാരണകൾക്കെതിരായ ആദിവാസി ഭൂമിസംരക്ഷണ നിയമ ഭേദഗതി റദ്ദാക്കണം. മർദിതരുടെ ഐക്യം തകർത്ത് നിങ്ങളുടെ വൃത്തികെട്ട വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ഈ നീക്കത്തെ സർവശക്തിയും ഉപയോഗിച്ച് ഞങ്ങൾ ചെറുക്കും. കേവലം ഒരു നൂലുണ്ട കൊണ്ടും പ്ലാസ്റ്റിക് പൈപ്പുകൾ കൊണ്ടും ഈ ഭരണകൂടത്തെ കഴിഞ്ഞ ആറ് മണിക്കൂറുകൾ ഞങ്ങൾ പിടിച്ചു നിർത്തി. ഇത് തെളിയിക്കുന്നത് എല്ലാ പിന്തിരിപ്പന്മാരും വെറും കടലാസ് പുലികളാണെന്നാണ്’- ചർച്ചകൾക്കുശേഷം അയ്യങ്കാളി പട ഇങ്ങനെയാണ് പറഞ്ഞത്. ഇത് എല്ലാ കാലത്തെയും ഭരണകൂടങ്ങൾക്കുനേരെയുള്ളതാണ്.
സിനിമ കഴിഞ്ഞിറങ്ങുമ്പോൾ യു.പി. ജയരാജിന്റെ കഥയിലെ വരികളാണ് ആദ്യം മനസിലേക്ക് വന്നത്: ‘വെയിൽ ചിന്നുന്നുണ്ട്. ഓർമകൾ ഉണരുന്നുണ്ട്. കാക്കകൾ കരയുന്നുണ്ട്. കാറ്റ് വീശുന്നുണ്ട്. മരങ്ങൾ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്. ചൂഷണം പെരുകുന്നുണ്ട്. അതുകൊണ്ടുതന്നെ സമരം തുടരുന്നുമുണ്ട്.'
ഭരണകൂടത്തെ വെള്ളപൂശാതെ, പ്രൊപ്പഗണ്ടകളില്ലാതെ സിനിമകൾ ഇനിയും അതിന്റെ രാഷ്ട്രീയം സംസാരിക്കട്ടെ.

പട സിനിമയിൽ നിന്ന്
പട സിനിമയിൽ നിന്ന്

രോഹിത് വി.എസിന്റെ ‘കള', ഖാലിദ് റഹ്മാന്റെ ‘Love', ചിദംബരത്തിന്റെ ‘ജാൻ എ മൻ' തുടങ്ങിയവയും കോവിഡുകാല മലയാളം സിനിമയിൽ പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും മികച്ചവ തന്നെയാണ്.
പത്മരാജന്റെ വരികളാണ് ഓർമയിൽ: ‘പകലന്തിയോളം പണിയെടുത്ത് ക്ഷീണിച്ചു വരുന്നവൻ കണ്ട് ആസ്വദിച്ചുപോകുന്ന ഒരു കലാരൂപമാണ് സിനിമയെന്ന സിദ്ധാന്തത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. സിനിമയുടെ ഉദ്ദേശ്യങ്ങളിൽ ഒന്നുമാത്രമാണത്. എന്റെ സിനിമ ഒരിക്കലും അത്തരത്തിലുള്ളതല്ല. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് എന്തെങ്കിലുമൊന്ന് കൂടെ കൊണ്ടുപോകാൻ കഴിയണം. ചിലപ്പോൾ അതൊരു സന്ദേശമായിരിക്കാം, അല്ലെങ്കിൽ ഒരു വികാരം. മറ്റുചിലപ്പോൾ പ്രേക്ഷകന്റെ വികാരങ്ങളെ ഉദ്ദീപിപ്പിച്ച് വീണ്ടും അവനെ ഒരു നല്ല മനുഷ്യനാക്കിയേക്കാം.'​▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​

Comments