ഒരു പ്രത്യേക ലോകത്ത് മനുഷ്യനെ ട്രാവൽ ചെയ്യിക്കുന്ന ഫിലിം, പെയ്സ് കൂടുന്ന ലോകത്തെ പെയ്സ് കുറഞ്ഞ മനുഷ്യരുടെ കഥ പറയുന്ന സിനിമ; മെയ്യഴകൻ
ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ക്യാരക്ടറുള്ള, പറയാതെ തന്നെ അവരുടെ പാസ്റ്റ് ലൈഫിനെ കുറിച്ച് നമുക്ക് മനസിലാകുന്ന സിനിമ. കാരണം, നമുക്കുചുറ്റും ഇത്തരം ആളുകളെ നമ്മൾ കാണുന്നുണ്ട്. അഥവാ കാണാത്തവർക്ക് അത് കാണാൻ സമയവും താൽപര്യവുമില്ല എന്നതാവും ശരി. അവർ ഒരിക്കലും അത് കാണാനും പോകുന്നില്ല, കാരണം അത് ഒരുതരം പ്രാക്ടീസ് ആണ്, ചെറുപ്പം മുതലേ വേണ്ട പ്രാക്ടീസ്.
രണ്ടു തലത്തിൽ നിൽക്കുന്ന രണ്ടു കഥാപാത്രങ്ങൾ പരസ്പരം കാണുമ്പോൾ, ബ്രേക്കിംഗ് സംഭവിക്കുന്നത് കാഴ്ചക്കാരിലാണ്. ആ ലോകത്തിലൂടെ, അവരുടെ സ്നേഹബന്ധങ്ങളിലൂടെ നമ്മൾ അറിയാതെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഇടക്ക് എപ്പോഴോ സിനിമയിലെ കാർത്തിയെ പോലെയാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നു. ആദ്യം കാണുന്ന കല്യാണവീട്ടിലെ കാഴ്ചകൾ മുതൽ കാര്യങ്ങൾ നമുക്ക് വ്യക്തമാണ്. ഏതു ലോകത്തേക്കാണ് പോകുന്നത്, എന്ത് കാഴ്ചകളാണ് കാണുന്നത് എന്ന് വ്യക്തമാണ്. സിനിമയിലെ മറ്റു രാഷ്ട്രീയ- സോഷ്യൽ തലങ്ങളെക്കാൾ എന്നെ അടുപ്പിച്ചുനിർത്തിയത് അതിലെ മനുഷ്യരാണ്. മെയ്യഴകനും അരുളും കാലമേറെ കഴിഞ്ഞാലും നമ്മുടെ മനസ്സിൽ എന്നും ഒരു ഓർമപ്പെടുത്തലായി കിടക്കുക തന്നെ ചെയ്യും.
നിസ്വാർത്ഥമായി ചിന്തിക്കുന്ന, മനസ്സ് തുറന്നു സ്നേഹിക്കുന്ന, ജീവിതത്തിന്റെ കയറ്റിറക്കങ്ങൾ ആസ്വദിക്കുന്ന മെയ്യഴകനും ചെറുപ്പത്തിലേ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ മൂലം ഒതുങ്ങി ജീവിക്കുന്ന അരുളും നമ്മുടെ തന്നെ രണ്ടു വശങ്ങളായി ചിലപ്പോൾ തോന്നിപ്പോകും. അവരുടെ കൂടെ കൂടിയപ്പോൾ മുതൽ, ആ രാത്രി തീർന്നുപോകരുതെന്നും ഇനിയും ഇവർക്കൊപ്പം കുറച്ചുകൂടി സമയം ഇരിക്കണമെന്നും മനസ്സ് വല്ലാതെ ആഗ്രഹിച്ചു.