നിള എന്ന സിനിമ,
നിള എന്ന പുഴ,
നിള എന്ന സ്വപ്നം

'ആടോപത്തോടിവള്‍ പേമഴയി-
ലാകെത്തടംകുത്തിപ്പാഞ്ഞു നിന്നു,
ഒരു തോണി പോലും വിലങ്ങിടാതെ
ഗരുഢനും മേലെപ്പറന്നിടാതെ,
ഇനിയും നിളേ നീയിരച്ചുപൊന്തും,
ഇനിയും തടംതല്ലിപ്പാഞ്ഞണയും..'
(‘കുറ്റിപ്പുറം പാലം’ - ഇടശ്ശേരി)

ചില സിനിമകള്‍ കാണുമ്പോള്‍ ക്ലൈമാക്‌സ് അഥവാ മൂര്‍ദ്ധന്യ നിമിഷങ്ങള്‍ നമുക്ക് മൂര്‍ച്ഛ നല്‍കാറുണ്ട്. ഇന്ദുലക്ഷ്മിയുടെ നിള മലയാളിയുടെ സിനിമാചരിത്രത്തിലേക്ക് കടന്നിരിക്കുന്ന ഒരു വാതില്‍, അതാവണം. എലിപ്പത്തായം, നിര്‍മ്മാല്യം, നവംബറിന്റെ നഷ്ടം, ഒഴിവുദിവസത്തെ കളി തുടങ്ങിയവ പല മാനങ്ങളോടെ നമ്മുടെ ക്ലൈമാക്‌സ് പുസ്തകത്തിലെ പല പുറങ്ങളാണ്. അതുപോലെ ഒരു പുറമാകുന്നുണ്ട് നിളയും.

‘നിള’ എന്ന സിനിമയിൽ ശാന്തി കൃഷ്​ണ
‘നിള’ എന്ന സിനിമയിൽ ശാന്തി കൃഷ്​ണ

കൊടുമുടിയുടെ അഗ്രമൂര്‍ച്ചയിലേക്ക് പലവഴിയേ കയറുംപോലെ ഡോ. മാലതി തനിച്ചും റഹ്മാന്‍, നിള എന്നിവരോട് ചേര്‍ന്നും നമ്മളെല്ലാമായി ചേര്‍ന്നും കയറിയിറങ്ങുന്ന ചിത്രാഗ്രം. ബിജിബാലിന്റെ സംഗീതം, സംഗീതമിശ്രിതത്തില്‍ ലയിക്കുന്ന മാലതിയുടെയും ഉടയുന്ന ചില്ലിന്റെയും നിളയുടെയും പിറന്ന വാവയുടെയും കരയലുകള്‍ എന്നിവ ചേരുന്ന ശബ്ദാഗ്രവും ആ നിമിഷങ്ങളിലുണ്ട്. ഒരുപക്ഷേ, അത് സംഭവിക്കുന്നുണ്ട് എന്ന ഉറപ്പോടെ ആ കുത്തൊഴുക്കില്‍ പെടുന്ന ഒരേയൊരാള്‍ അനന്യ വേഷമിടുന്ന നിള മാത്രമാവും. '
ഞാന്‍ ഉള്ളതാണോ തോന്നലാണോ എന്നുപോലും അമ്മയ്ക്കറിയില്ലായിരുന്നു. എന്നിട്ടും അമ്മ വന്നു' എന്ന് നിള മഹിയോടും റഹ്മാനോടും നമ്മോടും പറയുന്നുണ്ട്.

ശാന്തികൃഷ്ണയുടെ കൗമാര, യൗവ്വന കുസൃതികള്‍ നമുക്കറിയാവുന്നതുകൊണ്ട്, മാലതിയുടെ പൂര്‍വ്വകാലം അവര്‍ മകനായ മഹിയോടൊപ്പം ഓര്‍ത്തെടുക്കുമ്പോള്‍ മലയാള പ്രേക്ഷകര്‍ക്ക് കൂട്ടിരിക്കാന്‍ കഴിയും.

നിള എന്ന നമ്മുടെ എഴുത്തുകാരുടെ നദി, ഒരു നദിയെന്ന നിറഞ്ഞൊഴുകുന്ന ഉണ്മയായി നമ്മള്‍ അറിയാറുള്ളത് വര്‍ഷം തികയുന്ന മൂന്നാല് ദിനങ്ങളിലാണ്. മണല്‍പ്പുറത്തിന് പുഴയായി ഒഴുകാനുള്ള വര്‍ഷത്തെ, വര്‍ഷം മുഴുക്കെ കാത്തിരിക്കുന്ന നിള. കാത്തിരിക്കുന്ന മനുഷ്യര്‍ക്കു വേണ്ടി ഒഴുകാതെയും ഒഴുകിയും നിള. എഴുത്തുകാരിലൂടെയാണ് നിള കേരളം മുഴുവന്‍ ഒഴുകുന്ന പുഴയായത്. അതോ പുഴയെന്ന സ്വപ്നമോ? കണ്ണൂരുകാരനായ നിളയുടെ അച്ഛന്‍ എം.ടിയെ വായിച്ചാണ് അവള്‍ക്ക് പേരിട്ടത്. ആലപ്പുഴക്കാര്‍ക്കോ തിരുവനന്തപുരത്തുകാര്‍ക്കോ അതിലല്‍ഭുതമില്ല.

മാമുക്കോയ, വിനീത്​
മാമുക്കോയ, വിനീത്​

ശാന്തികൃഷ്ണയുടെ കൗമാര, യൗവ്വന കുസൃതികള്‍ നമുക്കറിയാവുന്നതുകൊണ്ട്, മാലതിയുടെ പൂര്‍വ്വകാലം അവര്‍ മകനായ മഹിയോടൊപ്പം ഓര്‍ത്തെടുക്കുമ്പോള്‍ മലയാള പ്രേക്ഷകര്‍ക്ക് കൂട്ടിരിക്കാന്‍ കഴിയും. ഭിത്തിയിലിരുന്ന് ഭരത് മുരളിയും ഓര്‍മ്മച്ചിരി ചിരിക്കുന്നുണ്ട്.

ഡോക്ടര്‍ രോഗികളെ നോക്കി നോക്കിയിരിക്കെ മകനെ മറന്നുപോയിരുന്നോ? ഗാന്ധി മക്കളെ മറന്നോ? രണ്ടിലൊന്ന് തിരഞ്ഞെടുക്കേണ്ടി വരുമോ? പുഴ നിറഞ്ഞൊഴുകുന്നത് കടലിന് വേണ്ടിയോ തീരത്തെ മരങ്ങള്‍ക്കും ജീവികള്‍ക്കും മനുഷ്യര്‍ക്കും വേണ്ടിയോ? അമ്മയും മകനുമെന്നതും ഒരു പ്രമേയമാകാമെന്ന് ആരാണ് ഇന്ദുലക്ഷ്മിക്ക് പറഞ്ഞു കൊടുത്തത്?

ഒരൊഴുക്ക് തീരുമ്പോള്‍ നിളയും കുഞ്ഞുവാവയും ഒരൊഴുക്ക് തുടങ്ങുന്നുണ്ട്.

സംവിധായിക ഇന്ദുലക്ഷ്മി
സംവിധായിക ഇന്ദുലക്ഷ്മി

ഈ ചിത്രം നിരഞ്ജന്‍, നന്ദന എന്നിവര്‍ക്കാണ് എന്ന് ഇന്ദുലക്ഷ്മി ആദ്യം എഴുതി വയ്ക്കുന്നുണ്ട്. അവര്‍ അവരുടെ കുട്ടികളാവണം.

പെണ്ണുങ്ങള്‍ തമ്മിലെ കൂട്ട് പുതിയ വ്യാകരണങ്ങള്‍ നിര്‍മ്മിക്കുന്ന കേരളകാലമാണിത്. ആഗോള കാലവുമാകാം.മതിലിനപ്പുറവും ഇപ്പുറവുമുള്ള രണ്ട് ശബ്ദങ്ങള്‍ കൂട്ടിമുട്ടുന്നു. പല ഋതുക്കളെ അവരാവാഹിക്കുന്നത് പാട്ടുകളിലൂടെ. അവരോടൊപ്പം ഓര്‍മ്മരോഗം പിടിപെടുന്ന നമ്മള്‍. അതൊക്കെ എഴുതിത്തുടങ്ങാന്‍ പെണ്ണല്ലാതാരൊരുമ്പെടാന്‍! പെണ്‍, ക്യുയര്‍ സിനിമകള്‍ ഇതുവരയില്ലാത്ത സിനിമകളുടെ കാലത്തേക്കാണ് നടക്കുന്നത്.

മാമുക്കോയയുടെ മുഖപേശികളും ഉച്ചാരണങ്ങളും അദ്ദേഹത്തോട് നമുക്കുള്ള വാല്‍സല്യമേറ്റുന്ന വിട പറയലാകുന്നു.

സിനിമ എന്നാല്‍ പറഞ്ഞു തുടങ്ങി, മുന്നേറി അവസാനിപ്പിക്കേണ്ട കഥകള്‍ മാത്രമല്ല, നിമിഷങ്ങളിലെ ജീവിതവുമാവാം എന്ന് ചലച്ചിത്രോത്സവങ്ങളിലൂടെ പഠിച്ചു കഴിഞ്ഞ മലയാളിയാണ് ഇന്ദുലക്ഷ്മിയുടെ നിള കാണുന്നത്. എങ്കിലും നമ്മള്‍ തുടങ്ങുന്നതേയുള്ളു.

സ്‌ട്രെച്ചറില്‍ നിന്ന് കിടക്കയിലേക്ക് മാറുന്ന മാലതിയുടെ കണ്ണുകള്‍ക്കൊപ്പം സഞ്ചരിക്കുകയും കിടക്കുകയും ചെയ്യുമ്പോഴാണ് നമ്മളും മുകളിലേക്ക് നോക്കിപ്പോകുന്നത്. കുഞ്ഞുണ്ണി മാഷുടെ ഭാഷയില്‍, 'മേപ്പട്ടും നോക്കി'യിരിക്കുന്നത്.

മാമുക്കോയയുടെ മുഖപേശികളും ഉച്ചാരണങ്ങളും അദ്ദേഹത്തോട് നമുക്കുള്ള വാല്‍സല്യമേറ്റുന്ന വിട പറയലാകുന്നു.
ആശങ്കയും ശങ്കയും ഒരാളായാല്‍ അതിന് വിനീതിന്റെ ശരീരഛായയായി.

വിനീത്​, ശാന്തി കൃഷ്​ണ
വിനീത്​, ശാന്തി കൃഷ്​ണ

കടബാദ്ധ്യതകളും വീട് തന്നെ ബാദ്ധ്യതയുമാകുന്ന സ്ത്രീകള്‍ക്ക് കരുണയോടെ പെരുമാറാന്‍ കഴിയണമെന്നില്ല. മിനി ചെയ്ത രോഗി ശുശ്രൂഷകയുടെ കഥാപാത്രം പറഞ്ഞില്ലെങ്കിലും നമ്മളതറിയുന്നുണ്ട്.

നിള, മാലതിയുടെ കല്പന മാത്രമോ എന്ന സന്ദേഹത്തിന് നിളയുടെ ക്ലൈമാക്‌സ് വിശ്രമം നല്‍കുന്നെങ്കിലും മാലതിയുടെ മരണമെങ്ങനെ എന്ന ചോദ്യം ക്ലൈമാക്‌സിനോട് ചോദിച്ചുകൊണ്ട് തന്നെയാണ് നമ്മള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേല്‍ക്കുന്നത്.

'രാത്രിയുടെ വിയര്‍പ്പു വീണു നനഞ്ഞ മണല്‍ത്തിട്ടില്‍ നീലിച്ച മഞ്ഞിന്‍ പടലങ്ങള്‍ ഒഴുകി നടന്നു.
അകലെ ഇരുമ്പുപാലവും തണ്ടുവാളങ്ങളും വിറയ്ക്കുന്നു... മലവെള്ളം സ്വപ്നം കണ്ടുറങ്ങിയ പുഴ, എന്റെ പുഴ പിന്നില്‍ ചോരവാര്‍ന്നു വീണ ശരീരം പോലെ ചലനമറ്റു കിടക്കുന്നു.'
(‘കാലം’ - എം.ടി)

Comments