ജീവിത സ്‌നേഹത്തിന്റെ നിള പ്രവാഹം

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നിർമ്മാണ സഹായത്തിൽ ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത നിള പെൺമനസ്സിന്റെ മിടിപ്പുകളെ സവിശേഷമായ രീതിയിൽ ആവിഷ്കരിക്കാനുള്ള ഒരു ശ്രമമാണ്. അനേകം പരിമിതികൾക്കിടയിൽ സാക്ഷാത്കരിക്കപ്പെട്ട ചിത്രം മനുഷ്യമനസ്സിലേക്ക് കടന്നുവരുന്ന സ്നേഹത്തിന്റെ ചുരത്തലുകളെ അടയാളപ്പെടുത്തുന്ന ഒരു ആഖ്യാനമായി അനുഭവപ്പെടുന്നു.

ഒരു നവാഗത സംവിധായികയുടെ ചിത്രം എന്നു തോന്നിപ്പിക്കാത്തവിധം ഒതുക്കത്തോടെയും കയ്യടക്കത്തോടെയും ദൃശ്യങ്ങൾ ഒരുക്കാനും അവ സംവേദനക്ഷമതയോടെ വിന്യസിക്കാനും കഴിഞ്ഞു എന്നത് വളരെ പ്രശംസനീയമായ കാര്യമാണ്. മലയാള സിനിമയിലേക്ക് പ്രതിഭാശാലിയായ ഒരു പുതിയ ഡയരക്ടറുടെ കടന്നുവരവിന്റെ ലക്ഷണങ്ങൾ ചിത്രത്തിന്റെ കാഴ്ച അവശേഷിപ്പിക്കുന്നുണ്ട്.

മാലതി എന്ന കഥാപാത്രത്തിന്റെ ഓർമ്മകളിലൂടെ ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും സിനിമ സഞ്ചരിക്കുന്നു. മാലതി എന്ന ഡോക്ടറുടെ മാനസികവ്യാപാരങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രമുഖ അഭിനേത്രി ശാന്തികൃഷ്ണ ഇതിൽ മിന്നുന്ന പ്രകടനമാണ് നടത്തിയത്.

കഥാപാത്രത്തിന്റെ അകവും പുറവും വിവിധ ഭാവമാറ്റങ്ങളും ഏറ്റവും ഒതുക്കത്തോടേയും സ്വാഭാവികമായും ശാന്തികൃഷ്ണ അനാവൃതമാക്കി. ഒരു പക്ഷേ, ശാന്തികൃഷ്ണ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചവയിൽ ഒന്ന്. അദൃശ്യയായി നിൽക്കുന്ന നിളയുമായുള്ള വിനിമയങ്ങളിൽ സ്നേഹവും നീറ്റലും ആധിയും സന്തോഷവും രോഷവുമെല്ലാം ആ മുഖത്ത് അനായാസം വന്നും പോയുമിരുന്നു.

ശാന്തികൃഷ്ണ

അപകടത്തിൽപ്പെട്ട് നട്ടെല്ലിനു ക്ഷതം സംഭവിച്ച് കിടപ്പിലായിരിക്കുമ്പോഴും ഡോക്ടർ മാലതി ചുറ്റുപാടുകളിലുമുള്ള മനുഷ്യരെ കാണാനും അവരുമായി ബന്ധങ്ങൾ സ്ഥാപിക്കാനും ആഗ്രഹിക്കുന്നു. ആതുര ശുശ്രൂഷാ ജോലിയിൽ സ്വയം സമർപ്പിച്ച ഒരു ഔദ്യോഗിക ഭൂതകാലമാണ് അവർക്കുള്ളത്. അതിന്റെ നിരവധി ഓർമ്മകളുമായാണ് അവർ കിടക്കുന്നത്. മകന്റെ വിവാഹദിവസം പോലും പ്രസവമെടുക്കാൻ ആശുപത്രിയിലേക്ക് എല്ലാം മറന്നു കുതിച്ച ഒരാൾ.

പങ്കാളി നേരത്തെ മരണപ്പെട്ട മാലതിയും മകൻ മഹിയും ( വിനീത്) സഹായി റഹ്‍മാനും (മാമുക്കോയ) ചേർന്ന വീട്ടു പരിസരത്തിലേക്കാണ് ചിത്രം നമ്മെ കൂട്ടിക്കൊണ്ടു പോവുന്നത്. വീണ് കിടപ്പിലായതോടെ ഹോം നഴ്സ് മിനിയും (മിനി ഐ ജി ) അവരുടെ കൂടെ ചേരുന്നു. ചികിൽസയിൽ ആയതോടെ താമസിച്ചിരുന്ന വീട്ടിൽ നിന്നും നഗരത്തിലെ ഫ്ളാറ്റിലേക്ക് താമസം മാറ്റേണ്ടി വരുന്ന മാലതിയെ ഓർമ്മകൾ വിടാതെ പിടികൂടുന്നു.

ഇന്ദുലക്ഷ്മി

അവർ ഫാളാറ്റിൽ തീവ്രമായ ഒറ്റപ്പെടൽ അനുഭവിക്കുന്നു. ആശ്രിതത്വത്തിൽ പെട്ടതിന്റെ വിഷമവും അവരെ അലട്ടുന്നു. ഒപ്പം അകാരണമായ ഭയവും ആധിയും അവരെ വിടാതെ പിന്തുടരുന്നുണ്ട്. അതു അകാരണമെന്നും പറഞ്ഞുകൂട. തന്നെ ഒരാൾ അടിച്ചുവീഴ്ത്തിയതാണെന്ന് അവർ പറയുന്നുണ്ട്. വൈദ്യജീവിതത്തിനിടെ താൻ രക്ഷപ്പെടുത്തിയ സ്ത്രീകളുടെ യാതനകളും ആ യാതനകൾക്ക് കാരണക്കാരായ ആണുങ്ങളും അവരുടെ ഓർമ്മകളിലുണ്ട്. അതുണ്ടാക്കുന്ന അസ്വസ്ഥതകളും സംശയങ്ങളും അവരെ വേട്ടയാടുന്നുമുണ്ട്. അതൊക്കെയും വീഴ്ചയുണ്ടാക്കിയ ആഘാതത്തിന്റെ ഉപോൽപ്പന്നമായ തോന്നലുകളാണെന്ന മകൻ മഹിയുടെ സ്നേഹപൂർവ്വമുള്ള നിരീക്ഷണങ്ങളെ അവർക്ക് പൂർണ്ണമായി ഉൾക്കൊള്ളാനാവുന്നില്ല.

കിടത്തത്തിന്റെ ഏകാന്തമായ നിമിഷങ്ങളിലേക്ക് പരിസരത്തുനിന്നും ഒഴുകിയെത്തുന്ന പാട്ടിന്റെ മൂളലുകളെ പിന്തുടരുന്ന മാലതിക്ക് അത് ഒരു ആശ്വാസമായി മാറുന്നു. ഒപ്പം കേൾക്കാനാവുന്ന തേങ്ങലിന്റെ ചീളുകൾ അവരിൽ സങ്കടവും ആശങ്കയും നിറയ്ക്കുന്നുമുണ്ട്.

വിനീത്

പാട്ടു മൂളുന്ന പെണ്ണിനെ കാണാൻ സാധിക്കുന്നില്ലെങ്കിലും അവളുടെ ജീവിതകഥയിലേക്ക് മാലതിയുടെ സ്നേഹവും അനുതാപവും ഊർന്നിറങ്ങുന്നു. അവളുടെ അനുഭവത്തോട് ഹൃദയൈക്യം സ്ഥാപിക്കുന്നു. മറ്റാരും അറിയാതെ ഈ വിനിമയങ്ങൾ കരുതലോടെ പിന്നിടുമ്പോൾ ആ ബന്ധത്തിന്റെ സുഗന്ധം നാമറിയുന്നുണ്ട്. കാമുകനൊപ്പം ഒളിച്ചോടി സമൂഹത്തിൽ നിന്നും മാറിനിന്ന് ഒളിച്ചുതാമസത്തിന്റെ അരക്ഷിതാവസ്ഥയിൽ മറ്റാരുടേയോ ഫ്ളാറ്റിൽ തങ്ങുന്ന വിദ്യാർത്ഥിനിയായ യുവതി ( അനന്യ) യെ അകക്കണ്ണിലൂടെ മാലതിയ്ക്ക് കാണാം. അവരുടെ സങ്കടസ്ഥിതി അറിയാം.

മനസ്സിലാക്കലിന്റെ പെൺവിനിമയങ്ങളുടെ സവിശേഷമായ രീതിയിലൂടെ മാത്രം സാധിക്കുന്ന ഒന്നാണത്. യുവതി ഗർഭിണിയാണെന്നും കാമുകൻ ഒളിച്ചുനടക്കുകയാണെന്നും അയാൾ താൻ ചെയ്ത സാഹസത്തിൽ ഖേദപ്പെട്ട് വരുമ്പോഴൊക്കെ അവളെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന അറിവിൽ മാലതിയിലെ സ്ത്രീ രോഷാകുലയാവുന്നു. അവളെ ശുശ്രൂഷിക്കാൻ അവരിലെ അമ്മയും ഡോക്ടറും വെമ്പുന്നു. അവളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ റഹ്‍മാന്റെ സഹായത്തോടെ അവ‍ർ ശ്രമിക്കുന്നു.

മാമുക്കോയ

ആണഹന്തയാലും കാപട്യത്താലും ഉപേക്ഷിക്കപ്പെടുകയും ചതിക്കപ്പെടുകയും ചെയ്യുന്ന വിദ്യാർത്ഥിനി ഒരു യാഥാർത്ഥ്യമായി പ്രേക്ഷകരുടെ നിത്യജീവിതത്തിലുണ്ട്. താൻ കേൾക്കുന്നത് യാഥാർത്ഥ്യം തന്നെയോ എന്ന് ഡോക്ടർ മാലതി സന്ദേഹപ്പെടുന്നുണ്ട് പല തവണ. അവളുടെ തടവുജീവിതം സംഭാഷണങ്ങളിലൂടെയാണ് അനാവൃതമാവുന്നത്. അതു ഇന്നത്തെ ഏതൊരു പെൺകുട്ടിയുടേതുമാവാം. ഉപദ്രവിക്കപ്പെടുമ്പോഴും രക്ഷപ്പെടാൻ കഴിയാതെ നിസ്സഹായയായിപ്പോവുന്ന പെൺകുട്ടി. ക്രൂരമായ ആയിരം വഴികളിലൂടെ അരിച്ചെത്തുന്ന സമുദായത്തിന്റെ പെൺവിരുദ്ധതയുടെ ജീവിക്കുന്ന തക്തസാക്ഷികൾ. ആ അദൃശ്യമായ തടവറകളെ അനുഭവപ്പെടുത്തുന്നതിൽ സംവിധായിക കാണിച്ച പ്രതിബദ്ധത ശ്ലാഘനീയമാണ്. അതിനുപയോഗിച്ച സങ്കേതം പുതുമയുള്ളതുമായി.

ഇടക്കിടെ പെട്ടന്ന് സംഭവിക്കുന്ന ബോധം പോകലിന്റെ ശൂന്യതയിലേക്കും മറ്റു ചിലപ്പോൾ ദുഃസ്വപ്നത്തിന്റെ ഭയാനകതയിലേക്കും മാലതിയുടെ മനസ്സ് മാറി മാറി വീഴുന്നുണ്ട്. പുതുവർഷത്തിന്റെ തലേന്ന് രാത്രി നിലവിളി കേട്ടുണരുന്ന മാലതി അതു പ്രസവവേദനയാണെന്നു തിരിച്ചറിയുന്നതോടെ തന്നിലെ ഡോക്ടറിലേക്കു വീൽച്ചെയറിൽ ഉണരുന്നു. മികച്ച പരിചരണത്തോടെയാണ് ഈ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതവും ഈ സീനുകളിൽ ഉചിതമായി പ്രോയോഗിക്കപ്പെട്ടിട്ടുണ്ട്. പുതുവർഷത്തിന്റെ ജനനത്തോടൊപ്പം ഒരു ശിശുവിന്റെ ജനനവും സുരക്ഷിതമായി ആ ഫ്ളാറ്റിൽ നടക്കുന്നു. കൃതാർത്ഥതയുടേയും സംതൃപ്തിയുടേയും ലോകത്തെക്ക് പോകുന്ന മാലതി പിന്നെ ഒരു മടക്കമില്ലാതെ ആ ലോകത്തുതന്നെ തുടരുന്നു.

മധുപാല്‍

ഉടനീളം പുലർത്താൻ കഴിഞ്ഞില്ലെങ്കിലും ചലച്ചിത്രഭാഷയുടെ മികച്ച പ്രയോഗങ്ങൾ സിനിമയിൽ കാണാൻ കഴിയുന്നുണ്ട്. അവസാനഭാഗം അത്തരം സീക്വൻസുകളാൽ സമ്പന്നമാണ്. പ്രേക്ഷകരിലേക്ക് എളുപ്പം കടന്നെത്താനും അവർക്ക് എന്നും ഹൃദയത്തോട് ചേർത്തുവയ്ക്കാനും കഴിയുന്ന സീനുകൾ സിനിമയിലുണ്ട്.

ലളിതമായും സരളമായും സിനിമാറ്റിക് ആയി കഥ പറഞ്ഞുപോകുന്ന രീതിയാണ് ചിത്രം അവലംബിച്ചിരിക്കുന്നത്. വിവിധ ആംഗിളുകളിൽ എടുക്കപ്പെട്ട ഒരേ രംഗങ്ങൾ അവയെ സമഗ്രതയിൽ കാണാൻ പ്രേക്ഷകരെ സഹായിക്കും. സന്ദർഭങ്ങളുടെ വിവിധ മാനങ്ങളെ പുറത്തുകൊണ്ടുവരാനും അവയുതകുന്നുണ്ട്. പ്രതിഭയുടെ മിന്നലാട്ടങ്ങൾ അത്തരം ദൃശ്യങ്ങളിൽ നിഹിതമായിരിക്കുന്നു.

ഡോക്ടർ മാലതിയുടെ വിശ്വസ്തനായ സഹായിയായ റഹ്‍മാന്റെ റോളിൽ വന്ന മാമുക്കോയ ആ വേഷം അവിസ്മരണീയമാക്കി. തന്റെ ജീവിതത്തിന്റെ അവസാനകാലത്ത് മാമുക്കോയ അവതരിപ്പിച്ച ഈ കഥാപാത്രം എന്നും സ്മരിക്കപ്പെടാൻ അർഹമായിരിക്കുന്നു. മാലതിയുടെ മകൻ മഹിയായി വേഷമിട്ട വിനീതും കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ ഒതുക്കത്തോടെയുള്ള അഭിനയമാണ് കാഴ്ചവച്ചത്.

വിനീത്, ശാന്തികൃഷ്ണ

എടുത്തു പറയാവുന്ന മറ്റൊരു വേഷപ്പകർച്ച നഴ്സ് മിനിയെ അവതരിപ്പിച്ച സംവിധായിക കൂടിയായ മിനി ഐ ജി യുടേതാണ്. ഗൗരവപ്രകൃതിയായ ഹോം നഴ്‍സ് ആയി മികച്ച അഭിനയമാണ് മിനി കാഴ്ചവച്ചിരിക്കുന്നത്. മധുപാൽ തുടങ്ങി മറ്റുള്ളവരും അവരവരുടെ കൊച്ചുവേഷങ്ങൾ മനോഹരമാക്കി.

സംവിധായിക ഇന്ദുലക്ഷ്മി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.രാകേഷ് ധരൻ ആണ് സിനിമാട്ടോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയെ നല്ല ദൃശ്യാനുവമാക്കുന്നതിൽ ക്യാമറ മികച്ച പിന്തുണ നൽകി എന്നു തന്നെ പറയണം. ഡോക്ടർ മാലതിയുടെ മുഖത്തെ ഭാവമാറ്റങ്ങളെ അതിസൂക്ഷ്മമായി ക്യാമറ പകർത്തിയിട്ടുണ്ട്.

മാലതിയുടെ മുഖഭാവത്തിൽ വരുന്ന മാറ്റങ്ങൾ വിവിധ ആംഗിളുകളിൽ പിന്തുടരുന്ന ക്യാമറ അതിന്റെ അർത്ഥതലങ്ങൾ ഉൾക്കൊണ്ടു തന്നെ പിടിച്ചെടുത്തിരിക്കുന്നതായി കാണാം. തലയറ്റം ഉയർത്താവുന്ന കട്ടിലിന്റെ ചലനങ്ങൾ പോലും അർത്ഥ സമ്പുഷ്ടമായി സംവദിക്കുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. അദൃശ്യയായിരിക്കുന്ന യുവതിയുടെ പ്രതികരണങ്ങളിലെ വികാരം അനുഭവപ്പെടുത്താൻ അതു മാലതിയിൽ ഉണ്ടാക്കുന്ന വികാരഭേദങ്ങളുടെ ചിത്രീകരണത്തിലൂടെ സാധിച്ചിട്ടുണ്ട്. മാലതിയുടെ കിടപ്പിലേയും നോട്ടങ്ങളിലേയും ചലനങ്ങളിലേയും വ്യത്യസ്തതകളെ ഒപ്പിയെടുക്കുന്നതു വഴിയാണ് ഇതു സാധിച്ചിരിക്കുന്നത്.

ബിജിപാൽ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. കഥയുടെ ഒഴുക്കിനെ മുമ്പോട്ടുകൊണ്ടു പോകും വിധം അതു ചലച്ചിത്രശരീരത്തിൽ ആഴ്ന്നിറങ്ങിയതായി അനുഭവപ്പെടുന്നു. അപ്പു എൻ ഭട്ടതിരിയും ഷൈജാസ് കെ എം ഉം ചേർന്ന് എഡിറ്റിങ്‌നിർവഹിച്ചിരിക്കുന്നു. സിനിമയുടെ ശബ്ദരൂപകൽപ്പന സന്ദീപ് കുറിശ്ശേരിയും ശബ്ദമിശ്രണം ശങ്കർദാസ് വി സി യും നിർവഹിച്ചിരിക്കുന്നു. കേരള സർക്കാരിന്റെ സ്ത്രീ ശാക്തീകരണ സംരംഭം എന്ന നിലയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന നാലാമത്തെ സിനിമയാണിത്. പരിമിതമായ ബജറ്റുകൾക്കുള്ളിൽ സാക്ഷാത്കരിക്കേണ്ടിവരുമ്പോഴും ഒത്തുതീർപ്പുകളിലേർപ്പെടാതുള്ള ധീരമായ ഇത്തരം ചലച്ചിത്ര ഉദ്യമങ്ങൾ വിജയിക്കേണ്ടത് അനിവാര്യമാണ്. പ്രേക്ഷകരുടെ വലിയ പിന്തുണയോടെയേ അതു സാധ്യമാവൂ.

Comments