നിഷിദ്ധജീവിതങ്ങളുടെ തടവറകൾ

സ്വത്വബോധത്തിന്റെയും കുലത്തൊഴിലിന്റേയും പറിച്ചുനടലുകളുടേയും കുടിയേറ്റത്തിന്റേയും ജീവിതസന്ദർഭത്തെ ആവിഷ്‌കരിക്കുന്ന മനോഹരമായ സിനിമാനുഭവമാണ് നിഷിദ്ധോ. കൊച്ചി നഗരത്തിന്റെ ബാക്ക്‌ഡ്രോപ്പിൽ രണ്ട് മനുഷ്യരുടെ കഥ പറയുന്ന സോഷ്യൽ ഡ്രാമയായി സിനിമയെ കാണാം. ആധുനിക തൊഴിലാളി എന്ന രാഷ്ട്രീയ സാമൂഹ്യ അസ്തിത്വത്തിനുള്ളിൽ തിളച്ചുമറിയുന്ന സംഘർഷനിർഭരമായ സ്വത്വബോധത്തിന്റെ ജൈവതലത്തെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ചിത്രമാണ് നിഷിദ്ധോ (Forbidden). 26-മത്​ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രം തിയേറ്ററിലെത്തിയിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ "വനിതകളുടെ സംവിധാനത്തിലുള്ള സിനിമ' (Films directed by women) പദ്ധതിയിൽ നിർമിക്കപ്പെട്ട് ആദ്യമായി തിയറ്ററിലെത്തുന്ന നിഷിദ്ധോ സംവിധാനം ചെയ്തത് താര രാമാനുജൻ ആണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള കെ. ആർ. മോഹനൻ പുരസ്‌കാരം താര രാമാനുജന് ലഭിച്ചിരുന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വത്വബോധത്തിന്റെയും കുലത്തൊഴിലിന്റെയും പറിച്ചുനടലുകളുടേയും കുടിയേറ്റത്തിന്റെയും ജീവിതസന്ദർഭത്തെ ആവിഷ്‌കരിക്കുന്ന മനോഹരമായ സിനിമാനുഭവമാണ് നിഷിദ്ധോ.

കൊച്ചി നഗരത്തിന്റെ ബാക്ക്‌ഡ്രോപ്പിൽ രണ്ട് മനുഷ്യരുടെ കഥ പറയുന്ന സോഷ്യൽ ഡ്രാമയായി സിനിമയെ കാണാം. തൊഴിലെടുത്ത് ജീവിക്കുന്ന അനേകം ഇതര സംസ്ഥാനക്കാരുള്ള കൊച്ചിയിലെ അന്തർ സംസ്​ഥാന തൊഴിലാളി വാസമേഖലകൾ ഈ ചലച്ചിത്രത്തിൽ കഥാപാത്രത്തിന്റെ സ്വഭാവം ആർജിച്ചതായി അനുഭവപ്പെടുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികൾ വൈവിധ്യമാർന്ന സാംസ്‌കാരിക വേരുള്ളവരാണ്. തങ്ങളുടേതായ സ്വത്വബോധവും സാംസ്‌കാരിക തനിമയും ഉൾവഹിക്കുന്നവരുമാണ്. ആധുനികകാലത്തെ കെട്ടിടനിർമാണം പോലുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന അവരിൽ, അവരുടെ ഭൂതകാലവും വേരുകളും നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവർ വഹിക്കുന്ന ആധുനിക തൊഴിലാളി എന്ന രാഷ്ട്രീയ സാമൂഹ്യാസ്തിത്വത്തിനുള്ളിൽ തിളച്ചുമറിയുന്ന സംഘർഷനിർഭരമായ ഈ ജൈവതലത്തെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

'നിഷിദ്ധോ' യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും തൻമയ് ധനാന്യയും ഡയറക്ടർ താരാ രാമാനുജനോടൊപ്പം

ചാവിയും രുദ്രകുമാറുമാണ് പ്രധാന കഥാപാത്രങ്ങൾ. ചാവി തമിഴ് പശ്ചാത്തലമുള്ള പെൺകുട്ടിയും രുദ്രൻ ബംഗാളിൽ നിന്നു വന്ന തൊഴിലാളിയുമാണ്. ചാവി മാതാപിതാക്കൾ ആരെന്നറിയാത്തവളാണ്. തമിഴ്‌നാട്ടിൽ മധുരയിലെവിടെയോ ജനിച്ച അവൾ അനാഥത്വത്തിൽ നിന്നും അവളെ കണ്ടെടുത്തു വളർത്തുന്ന പാട്ടിയോടൊപ്പം കൊച്ചിയുടെ പ്രാന്തങ്ങളിലൊരിടത്ത് കഴിഞ്ഞുപോകുന്നു. മറ്റൊരു വീട്ടിൽ വേലയ്ക്ക് നിൽക്കുന്ന അവൾ അതൊടൊപ്പം വയറ്റാട്ടിയുടെ ജോലിയും ചെയ്യുന്നു. അവളുടെ പാട്ടിയിൽ നിന്ന്​ അവൾക്കു കിട്ടിയതാണ് ഇപ്പോൾ അപൂർവമായി മാത്രം നിലവിലുള്ള ഈ ജോലി. ഒപ്പം, മരണാനന്തരകർമങ്ങൾ ചെയ്യുന്ന ജോലിയും അവൾ ചെയ്യുന്നുണ്ട്. അങ്ങനെയാണവൾ ബംഗാളിയായ രുദ്രപാലിനെ പരിചയപ്പെടുന്നത്. അയാളുടെ ചിറ്റപ്പൻ കെട്ടിടനിർമാണ ജോലിക്കിടെ വീണുമരിച്ചപ്പോൾ അന്ത്യകർമങ്ങൾ ചാവിയാണ് ചെയ്തുകൊടുത്തത്. വ്യത്യസ്തമായ രണ്ടു സാംസ്‌കാരിക പശ്ചാത്തലമുള്ള രണ്ട് അതിഥി തൊഴിലാളികളാണ് ചാവിയും രുദ്രനും. ചാവിയാകട്ടെ കേരളത്തിന്റെ ജീവിതാവസ്ഥയിൽ കൂടുതൽ അലിഞ്ഞുചേർന്നവളെങ്കിലും തന്റെ ഓർമകളിൽ തമിഴ്‌സ്വത്വം ഇപ്പോഴും സൂക്ഷിക്കുന്നവളാണ്. ഓർമവസ്തുക്കൾ സൂക്ഷിക്കുന്ന അവളുടെ മാത്രം തകരപ്പെട്ടി അവൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചാവിയിൽ തുടങ്ങി ചാവിയിൽ അവസാനിക്കുന്നതാണ് നിഷിദ്ധോ എന്ന ചിത്രത്തിന്റെ യാത്ര എന്നു പറയാം.

നിഷിദ്ധോ സിനിമയിൽ നിന്ന്

ചാവിയുടെ ജനനം തന്നെ പെൺകുഞ്ഞിനെ ഇല്ലാതാക്കലിന്റെ സാഹചര്യത്തിൽ സംഭവിക്കുന്നതാണ്. എങ്ങനെയോ കൊന്നുകളയലിൽ നിന്നും രക്ഷപ്പെട്ടവൾ. ചാവാതെ രക്ഷപ്പെട്ടവളാണ് ഈ ചാവി. ഇപ്പോഴും അവൾ പ്രസവമെടുക്കുന്ന അമ്മമാരെല്ലാം ആൺകുട്ടിക്ക് ജന്മം നൽകാൻ ആഗ്രഹിക്കുന്നവരാണ്. പെൺകുഞ്ഞെങ്കിൽ പ്രസവിക്കേണ്ട എന്നു പോലും പറയേണ്ടിവരുന്നവർ. പെൺകുഞ്ഞിനാണ് ജന്മം നൽകുന്നതെങ്കിൽ കുഞ്ഞ് മരിച്ചുപോകണേ എന്ന് പ്രാർത്ഥിക്കുന്നവർ. പെൺജീവിതത്തിന്റെ ഇന്ത്യൻ ദുരവസ്ഥയുടെ സന്ദർഭം. ഇന്നും തുടരുന്ന ദയനീയത. താൻ വെള്ളത്തിനടിയിലാകുന്നതും അപ്പോൾ ആരോ തന്റെ കഴുത്തു ഞെരിക്കുന്നതുമായ കെട്ട സ്വപ്നം ഇടയ്ക്കിടെ കാണാറുണ്ടെന്ന് ചാവി പാട്ടിയോട് പറയുന്നുണ്ട് .ഒരു പക്ഷേ ചാവി പ്രസവമെടുക്കുന്ന ജോലി ഉപേക്ഷിക്കാൻ കൂട്ടാക്കാത്തത് തന്റെ തന്നെ അനുഭവങ്ങൾ തളച്ചിടുന്നൊരു മാനസികാവസ്ഥയിലാവണം. തകരപ്പെട്ടിയിലെ ഓർമപ്പീലികൾക്കൊപ്പം പ്രസവമെടുപ്പിന്റെ സമയത്ത് താൻ മുറിച്ചടുത്ത പൊക്കിൾക്കൊടിയുടെ തുണ്ടും വയ്ക്കുന്നുണ്ട് അവൾ.

ചാവിയും രുദ്രനും ജീവിക്കുന്നത് ഓർമകളുടെ ഭാരങ്ങളുമായാണ്. അതു ചിലപ്പോൾ അവർക്ക് തടവറ തീർക്കുന്നു. മറ്റു ചിലപ്പോൾ അത് അവരെത്തന്നെ വിമോചിപ്പിക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരു സാമൂഹ്യാന്തരീക്ഷത്തിൽ ജീവിക്കുന്ന അവരിൽ അവരവരുടെ സ്വത്വബോധവും കുലത്തൊഴിലും ആഴത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്. അത് ജീവിതത്തെ നിർണ്ണയിക്കുന്ന ഒന്നായിത്തീരുന്നുണ്ട്. രുദ്രൻ മൂർത്തികളെ (ദുർഗാദേവിയുടെ മൺവിഗ്രഹം) ഉണ്ടാക്കുന്ന കുലത്തൊഴിൽ പരമ്പരാഗതമായും അനുഷ്ഠാനപരമായും ചെയ്യുന്ന മനുഷ്യരുടെ പിൻമുറക്കാരനാണ്. ജീവനുണ്ടെന്നു തോന്നിക്കുന്ന പ്രതിമകൾ ഉണ്ടാക്കുന്നവരാണവർ. അങ്ങ് വംഗദേശത്ത് അവർ അവരുടെ ജീവൻ നിലനിർത്തിയിരുന്നതും അങ്ങനെയാവാം.

തലമുറകൾ കൈമാറി വന്ന ആ ഓർമകളുടെ തിരത്തള്ളൽ രുദ്രനിലുണ്ട്. അയാളുടെ അച്ഛൻ നാട്ടിൽ മരിച്ചപ്പോൾ രുദ്രൻ ഇവിടെ ആയിരുന്നു. മരണാനന്തരക്രിയകളിലൊന്നും പങ്കെടുക്കാൻ കഴിയാതെ ഇവിടെ കേരളത്തിൽ കുടുംബം പോറ്റാനുള്ള തൊഴിലിടത്തിൽ. തൊഴിലിടത്തിൽ കൂടെയുണ്ടായിരുന്ന ചിറ്റപ്പൻ അപകടത്തിൽ മരിച്ചപ്പോൾ അയാൾക്ക് മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനോ പരമ്പരാഗതമായ രീതിയിൽ അന്ത്യകർമങ്ങൾ ചെയ്യുന്നതിനോ സാധിച്ചുമില്ല. ഈ സംഘർഷം അയാളിൽ ഒരോ അണുവിലുമുണ്ട്. വീടും നാടും ആചാരവും കുലവും കലയും എല്ലാം ചേർന്നുണ്ടാക്കുന്ന സംത്രാസങ്ങൾ അയാളുടെ വിനിമയങ്ങളിൽ കാണാം.

Photo: Tanmay Dhanania FB Page

തന്റേയും പൂർവികരുടേയും കുലത്തൊഴിലായിട്ടും ദുർഗ്ഗാവിഗ്രഹം ഉണ്ടാക്കികൊടുക്കാനുള്ള ജോലി ഏറ്റെടുക്കുന്നതിൽ നിന്നും രുദ്രൻ പിൻമാറുന്ന ഒരു രംഗം സിനിമയിലുണ്ട്. ആ കുലത്തൊഴിൽ ചെയ്യുന്നതിനുള്ള പരമ്പരാഗതമായ ചില രീതികളുണ്ട്. മൂർത്തികളെ ഉണ്ടാക്കേണ്ടത് നിഷിദ്ധോപള്ളിയിൽ നിന്നുള്ള മണ്ണുകൊണ്ടാണ്. അത് രുദ്രൻ ചാവിയോട് പറയുമ്പോൾ ആ വാക്കിന്റെ അർത്ഥമറിയാതെ ചാവി കുഴങ്ങുന്നു. വേശ്യയുടെ അഥവാ ചീത്ത സ്ത്രീയുടെ വാസസ്ഥലമാണ് നിഷിദ്ധോപള്ളി എന്ന് രുദ്രൻ പറയുമ്പോൾ താൻ നല്ലവളല്ലെന്നും ഒരു ചീത്ത സ്ത്രീ ആയി തന്നെ കണക്കാക്കാമെന്നും ചാവി പറയുന്നുണ്ട്. താനെടുത്തു തരുന്ന ചെളിമണ്ണുകൊണ്ട് അതുണ്ടാക്കണമെന്നും അവൾ പറയുന്നു. വിശുദ്ധമാക്കലിന്റെ ഒരു പുരാവൃത്തപദ്ധതിയാവാം ഇങ്ങനെയൊരു രീതിയുടെ പിന്നിൽ. എന്നാൽ അയാളതു സ്വീകരിക്കുന്നില്ല. ഭാഷകളുടെ അതിർവരമ്പ് ഭേദിച്ച് ഇരുവരും പരസ്പരം അടുത്തറിയുന്നതോടെ ചാവിയെ അയാളുടെ ജീവിതപങ്കാളിയാവാൻ ക്ഷണിക്കുകയാണ് അയാൾ ചെയ്യുന്നത്. റെയിലിന്റെ ഇരു പാളങ്ങളേയും പോലെ എന്നും കൂടെയുണ്ടാവാൻ. നീണ്ടുകിടക്കുന്ന റെയിൽവേ ട്രാക്ക് സ്വന്തം നാട്ടിലേയ്ക്കുള്ള യാത്രയെ ആഗ്രഹിക്കുന്ന രുദ്രന്റെ മനസ്സിനെ സൂചിപ്പിക്കുന്നുണ്ട്. ട്രാക്കാണ് രുദ്രന്റെ ഇഷ്ടസ്ഥലം. കുളം ചാവിയുടേതും. തീവണ്ടി പോകുന്ന ശബ്ദം അവൻ റിക്കോർഡ് ചെയ്യുന്നുണ്ട്. വേരുകളിലേയ്ക്ക് പോകാൻ കൊതിക്കുന്ന ഒരാളാണെന്നും അയാൾ.

കൊൽക്കത്തയിലേയ്ക്ക് കൂടെ പോകാനുള്ള ക്ഷണം ചാവി നിരസിക്കുന്നു. എന്നെ ഇവിടെ നിന്നും ആരും രക്ഷപ്പെടുത്തണ്ട എന്നാണ് ചാവി പ്രതികരിക്കുന്നത്.
അതിഥിതൊളിലാളികളുടെ അരികുജീവിതം സിനിമയുടെ പശ്ചാത്തലത്തിൽ സജീവമായി തന്നെ ഉണ്ട്. എന്നാൽ അതല്ല സിനിമയുടെ കേന്ദ്രപ്രമേയം. പക്ഷേ ആ ജീവിതത്തെ കാണാതിരിക്കുന്നില്ലെന്നു മാത്രമല്ല, അതിനെ അനുതാപത്തോടെ പരിചരിക്കുന്നുമുണ്ട്. നാനാവിധ മേഖലകളിലെ സാന്നിദ്ധ്യവും കൂടിച്ചേരലും കൊണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കേരളീയ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

നാം അവരെ സ്വീകരിക്കുന്നത് പല വിതാനങ്ങളിലായാണ്. അത് ചാവി വേലയ്ക്ക് പോകുന്ന വീട്ടിലെ അംഗങ്ങളുടെ സമീപനങ്ങളിൽ ദൃശ്യപ്പെടുന്നുണ്ട്. (ആ വീട്ടിലെ ഗൃഹനായികയായ ഉമയുടെ ഭർത്താവ് വിദേശത്താണ് ജോലിചെയ്യുന്നത്. പ്രവാസിയുടെ കുടുംബത്തിന്റെ വികാരങ്ങളുടേതായ ഒരു ബാക്ക് സ്റ്റോറിയുടെ അടയാളങ്ങളും ഈ ഭാഗത്ത് കാണാം). അവരെ അന്യർ ആയി കാണുന്ന മലയാളികൾ പലരും ജീവിതസാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ തങ്ങളുടെ മുൻവിധികളും വീക്ഷണങ്ങളും അഴിച്ചുപണിയുന്നുണ്ട്. ഇതിനെല്ലാം ഇടയിൽ അവർ മലയാളി ജീവിതവുമായി കൂടിക്കലരുന്നതിന്റെ ഭംഗിയുള്ള ദൃശ്യങ്ങളുണ്ട് സിനിമയിൽ. അതു പ്രേക്ഷകർക്ക് ഉന്മേഷം പകരുന്നവയാണ്. തങ്ങളെ തന്നെ മാറിനിന്ന് കാണാൻ മലയാളികളെ പ്രാപ്തമാക്കുക കൂടി ചെയ്യുന്നുണ്ട് ആ ദൃശ്യങ്ങൾ.

നിഷിദ്ധോ സിനിമയിൽ കനി കുസൃതി

അന്തർസംസ്​ഥാന തൊഴിലാളികൾ ഏറെയുള്ള കൊച്ചി നഗരത്തിന്റെ പ്രാന്തങ്ങളിൽ ജീവിക്കുന്ന രണ്ട് മനുഷ്യരുടെ ജീവിതത്തിന്റെ കഥയായി സിനിമയെ വായിക്കുന്നതാവും ഉചിതം. ഇതു തങ്ങളുടെ നാടല്ല എന്നു തോന്നുന്ന വിധം അവരുടെ മാനസികലോകം മാറുന്നതിന്റെ കാരണങ്ങൾ പരോക്ഷമായി സിനിമ തേടുന്നുണ്ട്. അവർ തമ്മിൽ ഉടലെടുക്കുന്ന ആത്മബന്ധവും അതിന്റെ പരിണാമങ്ങളും ചിത്രീകരിക്കുന്നതിൽ സംവിധായിക കാണിക്കുന്ന മിടുക്ക് ശ്രദ്ധേയമാണ്. കുടിയേറ്റത്തിന്റെ ആന്തരികതലത്തിൽ സംഭവിക്കുന്ന പരിണാമങ്ങളിലാണ് പ്രമേയത്തിന്റെ ഊന്നൽ. ബംഗാളി സംസ്‌കാരവുമായി ഇന്നും അടുത്ത ബന്ധമുള്ള ദുർഗാപൂജയുടെ സാംസ്‌കാരികശേഷിപ്പുകൾ അവിടെ നിന്നു പറിച്ചുനടപ്പെടുന്ന ഒരാളിൽ പ്രവർത്തനക്ഷമമാകുന്നതിന്റെ ഫലങ്ങൾ അനുഭവഭേദ്യമാക്കാൻ ആഖ്യാനത്തിന് കഴിയുന്നുണ്ട്.

ദുർഗാദേവിയുടെ ശിൽപ്പനിർമാണം കുലത്തൊഴിലായ രുദ്രൻ കെട്ടിടനിർമ്മാണ തൊഴിലാളിയായി മറ്റൊരിടത്ത് ഉപജീവനം കണ്ടെത്തുകയാണ്. അവിടെവച്ചുണ്ടാകുന്ന അപകടത്തിൽ ചിറ്റപ്പന്റെ മരണം സംഭവിച്ചത് തന്റെ തെറ്റുകൊണ്ടാണെന്ന കുറ്റബോധം അയാളെ അലട്ടുന്നു. തിരിച്ച് ബംഗാളിലേക്ക് പോകാൻ രുദ്രൻ ആഗ്രഹിക്കുന്നു. ചാവിയെയും ഒപ്പംകൂട്ടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒട്ടേറ വിലക്കുകൾ അവളേയും അയാളേയും അതിൽ നിന്നും തടയുന്നു. അതിൽ അവരുടെ ജീവിതത്തിൽ നിറയുന്ന ഭൂതകാലം പ്രധാന പങ്കുവഹിക്കുന്നു.

നിഷിദ്ധോ സിനിമയിൽ നിന്ന്‌

സംസ്ഥാന സർക്കാരിന്റെ വനിതാ സിനിമ പദ്ധതി പ്രകാരം ചലച്ചിത്ര നിർമ്മാണത്തിനായി സമർപ്പിച്ച 60-ൽ ഏറെ തിരക്കഥകളിൽ നിന്ന് രഘുനാഥ് പലേരി നേതൃത്വം നൽകിയ ജൂറിയാണ് നിഷിദ്ധോ നിർമ്മാണത്തിനായി തിരഞ്ഞെടുത്തത്. കഥയും തിരക്കഥയും സംവിധായികയായ താരാ രാമാനുജന്റേതു തന്നെയാണ്. വിജയകുമാർ ബാലയും ഗോപിക ചന്ദ്രനുമാണ് നിഷിദ്ധോയുടെ സഹസംവിധായകർ. ദേശീയതലത്തിൽ അറിയപ്പെടുന്ന തൻമയ് ധനാനിയ രുദ്രനായും കനി കുസൃതി ചാവിയായും എത്തുന്നു. രണ്ടു പേരുടേതും മികച്ച അഭിനയമായിട്ടുണ്ട്. കനി കുസൃതി ഇനിയുമേറെ മികച്ച കഥാപാത്രങ്ങളെ സിനിമാലോകത്തിന് നൽകാൻ ശേഷിയുള്ള അഭിനേത്രിയാണ് എന്ന് ചാവി തെളിയിക്കുന്നുണ്ട്. കൊൽക്കത്തയിലും മധുരയിലും കൊച്ചിയിലും ഷൂട്ട് ചെയ്യപ്പെട്ടതാണ് സിനിമ. സംഗീതം ഡേബൊജ്യോതി മിശ്രയാണ് നിർവഹിച്ചിരിക്കുന്നത്. മനേഷ് മാധവൻ ആണ് ക്യാമറ. അൻസാർ ചെന്നാട്ട് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.

Comments