‘നിഷിദ്ധോ’ സിനിമയിലെ ഒരു രംഗം

‘നിഷിദ്ധോ’: സിനിമയിലെ ‘മെയിൽ വഴക്ക’ങ്ങൾക്ക്​ ഒരു തിരുത്ത്​

ആൺനോട്ടത്തിനുള്ള കലാവിഭവമെന്ന നിലയിൽ നിന്ന്​ സിനിമാസങ്കേതങ്ങളിലേക്കും അതിന്റെ കലാകർതൃത്വത്തിലേക്കുമുള്ള പെണ്ണിന്റെ ഈ മുന്നേറ്റങ്ങളെ പാട്രിയാർക്കൽ ഇൻഡസ്ട്രി എന്ന നിലയിൽ മലയാള സിനിമ പുലർത്തുന്ന ‘മെയിൽവഴക്ക'ങ്ങളോടുള്ള കടുത്ത പ്രതിരോധം തന്നെയായിക്കാണേണ്ടതുമുണ്ട്.

ത്തവണത്തെ ഐ.എഫ്.എഫ്.കെ.യിൽ ബ്രില്ല്യൻറായ തീമും വ്യത്യസ്തമായ മേക്കിങ്ങും കൊണ്ട് ആകർഷകമായിത്തീർന്ന പടങ്ങളിലൊന്ന് ‘നിഷിദ്ധോ'(forbidden) ആണ്. ബംഗാളിചുവയുള്ള ടൈറ്റിലും താരാ രാമാനുജൻ എന്ന സംവിധായകയുടെ പേരും മാത്രമറിഞ്ഞാണ് പടത്തിന് കയറിയത്. കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ (KSFDC) ‘ഫിലിം ഡയറക്ട് ബൈ വുമൺ’ പ്രോജക്ടിനുകീഴിൽ സ്ത്രീ സംവിധായകരുടേതായി ആദ്യവർഷം പുറത്തിറങ്ങുന്ന രണ്ട് പടങ്ങളിലൊന്ന് ‘നിഷിദ്ധോ' ആണ് എന്നും ധാരണയുണ്ടായിരുന്നു.

പടം തുടങ്ങിയപ്പോൾ ഒരു തമിഴ് ലല്ലബിക്കൊപ്പം മലയാളം ടൈറ്റിലുകൾ തെളിഞ്ഞു. തുടർന്നങ്ങോട്ട് തമിഴ്, മലയാളം, ബംഗാളി ഭാഷാ കലർപ്പുകളുടെ ഉചിതവിന്യാസങ്ങളും സംഭാഷണശകലങ്ങളും ആംഗ്യവിക്ഷേപങ്ങളും മൺ വരകളും സംഗീതവുമൊക്കെ ചേർന്ന് ‘നിഷിദ്ധോ'യിൽ പുതുമയും സൂക്ഷ്മതയുമുള്ള ഒരു നറേഷൻ ടെക്‌നിക് ആയി പ്രവർത്തിക്കുന്ന അനുഭവമാണുണ്ടായത്. ഫെസ്റ്റിവലിനൊടുവിൽ ഈ വർഷത്തെ മികച്ച മലയാളചിത്രമായി ‘നിഷിദ്ധോ'തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നവാഗത സംവിധായിക താരാ രാമാനുജന്റെ ആദ്യ സംവിധാന പരിശ്രമമാണ് പുരസ്‌കൃതമായത്. കേരളത്തിൽ ജനിച്ച താരാരാമാനുജൻ മുമ്പ് കെ. ഗോപിനാഥന്റെ സമർപ്പണത്തിന് (2017) എഴുതിയ സ്‌ക്രിപ്റ്റിലൂടെയാണ് ആദ്യമായി സിനിമാമേഖലയിലെത്തുന്നത്.

താരാ രാമാനുജൻ. / Photo : IFFK Official, Fb Page

എവിടെ വനിതാ സംവിധായകർ?

2016-ൽ ജീന ഡേവിഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ജെൻഡർ ഇൻ മീഡിയ എന്ന സ്ഥാപനം ഇന്ത്യൻ സിനിമയിലെ സ്ത്രീകളെക്കുറിച്ച് നടത്തിയ പഠനമനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമാണ രാജ്യമായ ഇന്ത്യയിൽ 9% വനിതാ സംവിധായകരും 12% സ്ത്രീ എഴുത്തുകാരും 15% സ്ത്രീ നിർമാതാക്കളുമാണുള്ളത്.
ഇത് ആഗോള ശരാശരിയെക്കാൾ താഴെനിൽക്കുന്ന കണക്കാണ്. സ്ത്രീകൾ സംവിധാനം ചെയ്ത ഇന്ത്യൻ സിനിമകൾ ലോകത്തെ പ്രധാന ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുമ്പോഴും രാജ്യത്തെ മൊത്തം വനിതാ സംവിധായകരുടെ എണ്ണം തീരെക്കുറയുന്നതെന്തുകൊണ്ടാണ്?

സിനിമയോട് പാഷനും അഭിരുചിയുമുള്ള, അക്കാദമിക് ആയി സിനിമാ വിദ്യാഭ്യാസം നേടിയ നിരവധി പെൺകുട്ടികൾ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് പുറത്തിറങ്ങിയാലും അവർക്ക് സിനിമയെന്ന വൻ സംരംഭകത്വത്തിന്റെയും വിപണിയുടെയും, സർവോപരി ആൺകേന്ദീകൃതമായ സിനിമാവ്യവസ്ഥയുടെയും ഗ്ലാസ് സീലിങ്ങുകളെ തകർത്തെറിഞ്ഞാലേ ഇവിടെ ചുവടുറപ്പിക്കാനാവൂ എന്നതാണുത്തരം.

ഇന്ത്യൻ സിനിമയിൽ ഫാത്തിമാ ബീഗത്തിൽത്തുടങ്ങി അപർണ സെൻ, ദീപ മേത്ത, മീരാ നായർ, സോയാ അക്തർ, അലംകൃത ശ്രീവാസ്തവ, ഗുരീന്ദർ ചന്ദ, റീമാ ദാസ്, മേഘ്‌ന ഗുൽസാർ എന്നീ മിടുക്കികളായ സംവിധായക പ്രതിഭകൾ ഈ അദൃശ്യപ്രതിബന്ധങ്ങളോടെതിരിട്ടവരാണ്. മലയാളത്തിലാണെങ്കിൽ അവ അഞ്ജലി മേനോൻ, ലിജി പുല്ലാപ്പള്ളി, ഗീതു മോഹൻദാസ്, വിധു വിൻസെൻറ്​ എന്നിങ്ങനെ ചില പേരുകളിലൂടെ വന്ന്, ഏറ്റവുമൊടുവിൽ കുഞ്ഞിലാ മസിലാമണി എന്ന സംവിധായികയിൽ വന്നുനിൽക്കും. വിരലിലെണ്ണിത്തീർക്കാവുന്ന
ഈ പേരുകളുടെ എണ്ണം വർധിപ്പിക്കാനുതകും വിധം സ്ത്രീകളെ സിനിമയുടെ കർതൃത്വത്തിലേക്കുയർത്തൽ തീർച്ചയായും ഒരു ജനാധിപത്യ സംവിധാനത്തിന്റെയും അതിലെ ഔദ്യോഗിക സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ഉചിതമായ നീക്കമാണ്.

ഈ വർഷം കെ.എസ്​.എഫ്.ഡി.സിയുടെ പ്രൊജക്റ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട് പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഇന്ദു.ബി.ആർ, ശ്രുതി ശരണ്യം എന്നീ സംവിധായികമാരുടെ ചിത്രങ്ങളും വലിയ പ്രതീക്ഷയാണ് നൽകുന്നത്.

കെ.എസ്.എഫ്.ഡി.സി വനിതാ ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചപ്പോൾ കിട്ടിയ അറുപതോളം എൻട്രികൾ പ്രതിഭയുടെയുടെയോ താത്പര്യത്തിന്റെയോ അഭാവമല്ല, ഇവിടെ മികച്ച ചലച്ചിത്രസംവിധായികമാരുടെ
അപര്യാപ്തയ്ക്ക് കാരണമെന്നതിന് തെളിവുനൽകുന്നുണ്ട്. ഇവയിൽ നിന്ന് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സ്‌ക്രിപ്റ്റുകളിലൊന്നാണ് താരാ രാമാനുജന്റേത്. ‘നിഷിദ്ധോ’യും മിനി. ഐ. ജി സംവിധാനം ചെയ്​ത ‘ഡിവോഴ്‌സ്' എന്ന സ്ത്രീ കേന്ദ്രീകൃത ചിത്രവും ആഗസ്റ്റിൽ കേരളത്തിലെ തീയേറ്ററുകളിൽ
റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുമുണ്ട്.

കുടിയേറിയ അരികുവർഗ മനുഷ്യരുടെ കഥ

‘നിഷിദ്ധോ' കുടിയേറ്റ ജീവിതത്തിന്റെ കഥയാണ്.
അതിൽ ഭൗതികവും ആന്തരികവുമായ കുടിയേറ്റങ്ങളുണ്ടെന്നുമാത്രം. മധ്യവർഗ ജീവിതത്തിന്റെ സാംസ്‌കാരിക- രാഷ്ട്രീയോത്കണ്ഠകൾക്കുവെളിയിലുള്ള അരികുവർഗ മനുഷ്യരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. തമിഴ് പാരമ്പര്യമുണ്ടെങ്കിലും കേരളത്തിൽ ജീവിച്ച് തൊഴിലെടുക്കുന്ന ചവി എന്ന് വിളിപ്പേരുള്ള യുവതിയും (കനി കുസൃതി) പശ്ചിമ ബംഗാളിൽ ദുർഗാപൂജയ്ക്കുള്ള മൺവിഗ്രഹങ്ങളൊരുക്കുന്ന അനുഷ്ഠാനപരവും സർഗ്ഗാത്മകവുമായ കുലത്തൊഴിൽ വിട്ട് കേരളത്തിൽ കെട്ടിടനിർമാണാനുബന്ധ തൊഴിൽ ചെയ്യേണ്ടിവരുന്ന രുദ്ര(തന്മൊയ് ധനാനിയ) എന്ന ബംഗാളി ചെറുപ്പക്കാരനുമാണിതിലെ കേന്ദ്രവേഷങ്ങളിലുള്ളത്.

'നിഷിദ്ധോ' സിനിമയിൽ കനി കുസൃതിയും തൻമയ് ധനാനിയയും

ചവിയുടേത് ഗ്രാമീണമായ പ്രസവമെടുക്കൽ (Mid wifery​)ജോലിയാണ്. പടം തുടങ്ങുന്നത് ഒരു പിറവിദൃശ്യത്തിലാണ്. ചവി വൈദഗ്ധ്യത്തോടെ അതിന് സഹായിയാവുന്നു. ജനിച്ചുവീണ കുഞ്ഞിന്റെ പൊക്കിൾക്കൊടിയിലൊരുതുണ്ടെടുത്ത് തന്റെ സ്വകാര്യശേഖരമായ തകരപ്പെട്ടിയിൽ സൂക്ഷിക്കുന്ന ചവിയെയും തുടർന്നുകാണാം. മനീഷ് മാധവന്റെ ക്യാമറ ഭൂരിഭാഗം നേരവും ക്ലോസപ്പ് ഷോട്ടുകളിലൂടെയാണ് ചവിയെ പിന്തുടരുന്നത്. അതിൽ അവളുടെ ചിലപ്പോഴൊക്കെ ഏകാന്തവും കാല്പനികവുമായ ദൃശ്യങ്ങളുണ്ട്. മറ്റുചിലപ്പോഴൊക്കെ പിറവിനേരത്തെ പെണ്ണിന്റെ നിസ്സഹായമായ വേദനയും വീർപ്പുമുട്ടലും കാതിൽ കുപ്പിച്ചീളുപോലെ തറച്ചിറങ്ങുന്ന നിലവിളികളും സിനിമയുടെ ശബ്ദപഥത്തെ പെൺകേൾവിയുടെ തീവ്രാനുഭവമാവുകയും ചെയ്യുന്നു.

പേറെടുക്കലെന്ന തൊഴിലിൽ കാരുണ്യത്തോടെ പങ്കാളിയാവുന്ന ചവി
പലപ്പോഴും ജനിക്കുന്ന പെണ്ണിനും ജനിപ്പിക്കുന്ന പെണ്ണിനുമിടയിലെ അഗാധമായ
വിനിമയങ്ങളിലെ ഇടനിലക്കാരി കൂടിയാവുന്നുണ്ട്. പുറം ലോകത്ത് കനപ്പിച്ച മുഖഭാവവും ഉറച്ച ചുവടുകളുമായി നടക്കുന്ന ചവിയെ രുദ്ര തന്റെ ബന്ധുവായ തൊഴിലാളിയുടെ മരണാനന്തരകർമത്തിനുവേണ്ടി കണ്ടെത്തുകയാണ്. കുടിയേറ്റ മനുഷ്യരുടെ അരക്ഷിതമായ തൊഴിൽ ജീവിതം പടത്തിന്റെ പശ്ചാത്തലത്തിലുണ്ട്. ഒപ്പം, സാമൂഹ്യശീലങ്ങൾ മെരുക്കി വഴക്കി പണിതുവെച്ച് അന്യവത്ക്കരിക്കപ്പെടുന്ന സ്‌ത്രൈണത സിനിമയുടെ സൂക്ഷ്മപ്രമേയമെന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

'ബിരിയാണി' സിനിമയിൽ കനി കുസൃതി അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം

പ്രസവവും മരണാനന്തര കർമവും ഒരേപോലെ നിർമമമായി ചെയ്യുന്നവളാണ്
കഥാനായികയായ ചവി. ഏറെ ചർച്ച ചെയ്യപ്പെട്ട സജിൻ ബാബുവിന്റെ ‘ബിരിയാണി' യിൽ നിന്ന് ‘നിഷിദ്ധോ'യിലെ ചവിയിലേക്ക് ഒരു ആക്ടർ എന്ന നിലയിൽ കനി പ്രകടമായിത്തന്നെ മുതിർന്നിരിക്കുന്നതുകാണാം. അവരുടെ പ്രകടനങ്ങളിൽ ചവിയുടെ കഥാപാത്രം മിതത്വത്തോടെ ഭദ്രമാണ്. തന്മൊയ് ധനാനിയ എന്ന യുവനടന്റെ തുടക്കവും മികവുള്ളതായി. ബന്ധുവിന്റെ ബലികർമങ്ങളവസാനിച്ചിട്ടും തന്നെ പിന്തുടരുന്ന ബംഗാളിയായ ചെറുപ്പക്കാരനോടുള്ള ചവിയുടെ ഇഷ്ടത്തിന്റെ ക്രമാനുഗതമായ വളർച്ച ലൗഡല്ലാത്ത സംഭാഷണ ദൃശ്യങ്ങളിലൂടെയാണ് സിനിമയാവിഷ്‌കരിക്കുന്നത്. പെൺഭ്രൂണഹത്യയ്ക്ക്
പ്രേരകമാവുന്ന തമിഴ്/കേരള സാമൂഹികജീവിതവും ഈ സംഭാഷണങ്ങളിൽ കടന്നുവരുന്നുണ്ട്. രുദ്ര ‘ബംഗാളി' എന്ന ഒറ്റ സംജ്ഞയിൽപ്പെട്ടുകിടക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളിലൊരാളാണ്. ഒരേ സമയം ബംഗാൾ/കൽക്കത്ത ഭദ്രലോകത്തിന്റെ കലാപാരമ്പര്യവും സംഗീതവും ബോധ്യമുള്ളവനും തകർന്ന ബംഗാൾ രാഷ്ട്രീയ- സമ്പദ്ഘടനയുടെ ഇരയുമാണയാൾ.

ആദ്യമായി ഒരു മലയാള സിനിമ കേരളത്തിൽ ജീവിക്കുന്ന 5.13 ലക്ഷത്തിലധികം വരുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിലേക്ക് മാനുഷികമായും റിയലിസ്റ്റിക് ആയും തൊടുന്നത് ‘നിഷിദ്ധോ’യിൽ കാണാം.
ഏറെക്കേട്ടുപഴകിയ ‘ബംഗാളി- മലയാളി സെയിം സെയിം' എന്ന ക്ലീഷേ ഡയലോഗുമായി രുദ്ര നടത്തുന്ന കാല്പനികനീക്കങ്ങളോട് ഒരു ഘട്ടത്തിൽ ചവി നടത്തുന്ന ‘അതിന് ഞാൻ ശരിക്കും തമിഴത്തിയാണ്' എന്ന തിരുത്തിനുപോലും സിനിമയിൽ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റിന്റെ ആഴമുണ്ട്.

'നിഷിദ്ധോ'യുടെ ചിത്രീകരണ വേളയിൽ താര രാമാനുജൻ അഭിനേതാക്കളായ കനി കുസൃതി, തൻമയ് ധനാനിയ എന്നിവരോടൊപ്പം

ചവി സ്വയം ദേശം വിട്ടുപോന്നവളല്ല, പെൺഭ്രൂണഹത്യാശ്രമങ്ങളെ അതിജീവിച്ച്
മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വളർന്നു മുതിർന്നവളാണ്.
അവരുടെ ഉപജീവനമായ പ്രസവമെടുക്കലിലേക്കും മരണശുശ്രൂഷകളിലേക്കും അവൾ പ്രേരിതയാവുന്നതിനുപിന്നിലും പെൺ/ഭ്രൂണ ഹത്യയോടുള്ള അവളുടെ ആന്തരികമായ പ്രതിരോധവും പ്രതിഷേധവുമുണ്ട്. അതേസമയം, അതവളെ
വിട്ടുപോവാൻ വയ്യാത്ത തരത്തിൽ അബോധത്തിൽ കുടുക്കിയിടുന്നു. രുദ്രയുടെ
കാതരമായ വാക്കുകളിൽനിന്നും തേടലുകളിൽ നിന്നുമൊഴിഞ്ഞ് പെട്ടുപോയ ലഹരിയിൽത്തുടരുന്ന ശരീരവുമായി ചവി നനഞ്ഞുകയറുന്നത് അവളുടെ പെണ്ണുണർവുകളെ ചവുട്ടിമെതിച്ചാണ്.

ബാംഗ്ലൂർ ഫിലിം ഫെസ്റ്റിലും ഐ.എഫ്.എഫ്​.കെയിലും മികച്ച പ്രേക്ഷക പ്രീതി നേടിയ ‘നിഷിദ്ധോ' കൽക്കത്ത ഫിലിംഫെസ്റ്റ്, കാൻ ഫെസ്റ്റ്, സ്വിറ്റ്‌സർലൻഡ് ഫെസ്റ്റ് തുടങ്ങിയ പ്രധാന ചലച്ചിത്രമേളകളിലും പ്രദർശനം കാത്തിരിക്കുകയാണ്.

കൽക്കത്തയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ദുർഗാപൂജയ്ക്കുപയോഗിക്കുന്ന മണ്ണുകൊണ്ടു മെനഞ്ഞ പെൺമൂർത്തികൾ കൂട്ടത്തോടെ ജലനിമജ്ജനം ചെയ്യപ്പെടുന്ന വിഷ്വലുകൾ കഥാവസാനത്തിൽ സമാന്തരമായി സ്‌ക്രീനിൽ
നിറയുന്നു. ദേബോജ്യോതി മിശ്രയുടെ സംഗീതം സിനിമയിൽ സമർത്ഥമായി ബംഗാളനുഭവം സൃഷ്ടിക്കുമ്പോൾ ചില ആവർത്തിത ദൃശ്യങ്ങളും സംഭാഷണ ശകലങ്ങളും എഡിറ്റർ അൻസർ ചേന്നാട്ടിന്റെ (സംവിധായികയുടെയും) മികവ് കുറച്ചു കൂടി ആവശ്യപ്പെടുന്നുണ്ട്.

തന്റെ കുടിയേറ്റ ജീവിതത്തോട് ആവും വിധം പ്രതിരോധിക്കുന്ന ആണായ രുദ്രയെയും ഒരു സർഗ്ഗാത്മകമായ കുടിയേറ്റം പോലും അസാധ്യമാകും വിധത്തിൽ തന്റെ പ്രണയശരീരം നിഷിദ്ധമായിത്തീർന്ന ചവിയെയും രണ്ട് ജീവദേശങ്ങളിൽ സൂക്ഷിച്ചു കൊണ്ടാണ് ‘നിഷിദ്ധോ' പൂർത്തിയാവുകയാണ്.

ഐ. എഫ്. എഫ്. കെ വേദിയിൽ ഇന്ത്യയിലെ മികച്ച നവാഗത ഡയറക്ടർക്കുള്ള എഫ്.എഫ്.എസ്.എ - കെ.ആർ. മോഹനൻ പുരസ്‌കാരം ഏറ്റുവാങ്ങുന്ന 'നിഷിദ്ധോ'യുടെ സംവിധായിക താര രാമാനുജൻ. / Photo : Iffk.in

ബാംഗ്ലൂർ ഫിലിം ഫെസ്റ്റിലും ഐ.എഫ്.എഫ്​.കെയിലും മികച്ച പ്രേക്ഷക പ്രീതി നേടിയ ‘നിഷിദ്ധോ' കൽക്കത്ത ഫിലിംഫെസ്റ്റ്, കാൻ ഫെസ്റ്റ്, സ്വിറ്റ്‌സർലൻഡ് ഫെസ്റ്റ് തുടങ്ങിയ പ്രധാന ചലച്ചിത്രമേളകളിലും പ്രദർശനം കാത്തിരിക്കുകയാണ്. ഏപ്രിൽ ഒന്നിന്​ ആരംഭിക്കുന്ന കൊച്ചി റീജിയണൽ ഐ.എഫ്​.എഫ്​.കെയിലും
‘നിഷിദ്ധോ’ ​പ്രദർശിപ്പിക്കും. ഈ വർഷം കെ.എസ്​.എഫ്.ഡി.സിയുടെ പ്രൊജക്റ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട് പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഇന്ദു.ബി.ആർ, ശ്രുതി ശരണ്യം എന്നീ സംവിധായികമാരുടെ ചിത്രങ്ങളും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ആൺനോട്ടത്തിനുള്ള കലാവിഭവമെന്ന നിലയിൽ നിന്ന്​ സിനിമാസങ്കേതങ്ങളിലേക്കും അതിന്റെ കലാകർതൃത്വത്തിലേക്കുമുള്ള പെണ്ണിന്റെ ഈ മുന്നേറ്റങ്ങളെ പാട്രിയാർക്കൽ ഇൻഡസ്ട്രി എന്ന നിലയിൽ മലയാള സിനിമ പുലർത്തുന്ന ‘മെയിൽവഴക്ക'ങ്ങളോടുള്ള കടുത്ത പ്രതിരോധം തന്നെയായിക്കാണേണ്ടതുമുണ്ട്. ▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം

Comments