കുഴി, കോമഡി, കുഞ്ചാക്കോ; Nna Than Case Kodu Review

യങ്കര രസമുള്ള ചിത്രീകരണമാണ് "ന്നാ താൻ കേസ് കൊട്'ന്റേത്. കോമഡിയുടെ അന്തരീക്ഷം ഓരോ സീനിലും നിലനിർത്തുന്നുണ്ട്. വിരസത തോന്നാനിടയുള്ളിടത്ത് സംഗീതവും ക്യാമറാ ചലനങ്ങളും കൊണ്ട് പ്രേക്ഷകനെ തുടർച്ചയായി എൻഗേജ് ചെയ്യാനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഥ നീണ്ട് നീണ്ട് പോവുന്നതായി രണ്ടാം ഭാഗത്തിന്റെ അവസാനം കുറച്ച് സമയം തോന്നുമെങ്കിലും അവിടെയും കൃത്യമായി തമാശകൾ ഉപയോഗിച്ച് മെയ്ക്ക് അപ്പ് ചെയ്യുന്നുണ്ട് സംവിധായകൻ.

ഇപ്പൊ ഇറങ്ങുന്ന സിനിമകളുടെ റിലീസ് ടൈംമിംഗ് അപാരമാണ്. രണ്ടാഴ്ച മുന്നേ ഇറങ്ങിയ "മഹാവീര്യർ' ഒരു ഉദാഹരണം. ഇന്ത്യൻ കോടതികളുടെ വിധികളുടെയും നിരീക്ഷണങ്ങളുടെയും പരിഹാസ്യത ചർച്ചയായിരുന്നപ്പോഴായിരുന്നു മഹാവീര്യറുടെ റിലീസ്. കേരളത്തിലെ റോഡുകളിലെ കുഴികളും അവകാരണമുണ്ടാവുന്ന അപകടങ്ങളും ചർച്ച ആയിരിക്കുന്ന സമയത്താണ് "ന്നാ താൻ കേസ് കൊട്'ന്റെ റിലീസ്.

രണ്ടും വളരെ വ്യത്യസ്തമായ രണ്ട് കഥകളാണ് പറയുന്നതെങ്കിലും ഇനിയും സാമ്യങ്ങൾ കണ്ടെത്താനാവും. രണ്ട് ചിത്രങ്ങളിലും കോടതി മുറിയാണ് പ്രധാന ലൊക്കേഷൻ. "ന്നാ താൻ കേസ് കൊട്'ൽ പക്ഷേ കുറേക്കൂടി ഔട്ട്‌ഡോർ ചിത്രീകരണമുണ്ട്.

മറ്റൊരു സാമ്യത രണ്ട് ചിത്രങ്ങളിലേയും കോമഡിയുടെ രീതിയാണ്. സാധാരണ ജീവിത സന്ദർഭങ്ങളിൽ അസാധാരണവും Akward-ഉം ആയിട്ടുള്ള സാഹചര്യങ്ങൾ കൊണ്ട് പ്ലേസ് ചെയ്തിട്ടുള്ള കോമഡിയാണ് രണ്ട് ചിത്രങ്ങളിലും കാണാനാവുക. എന്നാൽ മഹാവിര്യറിന്റെ സംവിധായകൻ എബ്രിഡ് ഷൈനിനേക്കാൾ മികച്ച രീതിയിൽ കോമഡി പ്ലെയ്‌സ് ചെയ്യാനും എക്‌സിക്യൂട്ട് ചെയ്യാനും "ന്നാ താൻ കേസ് കൊട്'ലൂടെ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന് പറ്റുന്നുണ്ട്. രതീഷിന്റെ തന്നെ മുൻ ചിത്രങ്ങളായ ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നിവയിലും ഇതേ രീതിയിലാണ് കോമഡി ഉപയോഗിച്ചിട്ടുള്ളത്. എബ്രിഡ് ഷൈനിൽ നിന്ന് വ്യത്യസ്തമായി മാസ് ഓഡിയൻസിനെക്കൂടി ഉദ്ദേശിച്ചാണ് രതീഷിന്റെ കോമഡികൾ.

ഇരു സംവിധായകരുടേയും ഒരു സാമ്യത കൂടി പറയാം. രണ്ട് പേർക്കും ഔചിത്യ ബോധമില്ല എന്ന് തോന്നിയിട്ടുണ്ട്. അതിന് പക്ഷേ ഈ ഴോണറിന്റെ സ്വഭാവമാകാം കാരണം. മഹാവീര്യറിൽ ഒരു കോമിക് സെറ്റപ്പിൽ നിന്ന് പെട്ടെന്ന് ഒരു ക്രൂഡ് ആയിട്ടുള്ള വയലൻസ് സിനിമയിലെ നായികയ്ക്ക് എതിരെ പുറത്തേക്ക് എടുക്കുന്ന സീനാണ് എബ്രിഡ് ഷൈനിന്റെ കാര്യത്തിൽ ഇങ്ങനെ തോന്നാൻ കാരണം. അദ്ദേഹത്തിന്റെ ആക്ഷൻ ഹീറോ ബിജുവിലും ഇത്തരമൊരു സീനുണ്ട്. "ന്നാ താൻ കേസ് കൊട്'ൽ ചീമേനിയുടെ ബോർഡ് ഇടയ്ക്കിടെ കാണിക്കുന്ന ഒരു സിനിമയിൽ രാഷ്ട്രീയ ഗുണ്ടകളെ, അതും ഒരാളെ കൊല്ലാനായി ഓടിപ്പോവുന്ന സമയത്തും കോമഡിയായി ചിത്രീകരിച്ചതാണ് രതീഷ് ബാലകൃഷ്ണനോടുള്ള വിയോജിപ്പ്.

ഒരു സാധാരണക്കാരൻ റോഡിലെ കുഴി കാരണമുണ്ടായ അപകടത്തെ തുടർന്ന് കോടതിയെ സമീപിക്കുന്നതിന്റെ ഹാസ്യാത്മകമായ ചിത്രീകരണമാണ് ഒറ്റ വാക്കിൽ സിനിമ. രാജീവൻ എന്ന ഒരു കള്ളൻ (കുഞ്ചാക്കോ ബോബൻ) കാസർഗോഡ് ചീമേനിയിലെത്തി കളവെല്ലാം ഉപേക്ഷിച്ച് കുടുംബമായി ജീവിക്കാൻ തീരുമാനിക്കുന്നു. എന്നാൽ ഒരു ദിവസം രാത്രി ഉത്സവത്തിന് പോയി തിരിച്ച് വരും വഴി അയാൾ ഒരു മോഷണക്കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നു. ഇതേ തുടർന്ന് താൻ നിരപരാധിയാണെന്നും റോഡിലെ കുഴിയാണ് ഇതിനെല്ലാം കാരണമെന്നും തെളിയിക്കാൻ രാജീവൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം.

റോഡിലെ കുഴി ഒരു പ്രധാന വിഷയമാവുമ്പോഴും മറ്റു വിഷയങ്ങളും സിനിമ പറഞ്ഞു പോവുന്നുണ്ട്. വർഷങ്ങളെ അടയാളപ്പെടുത്താൻ പെട്രോൾ വില വർദ്ധനവ് ഉപയോഗിക്കുന്നത് പോലുള്ള ഇത്തരം നമ്പരുകൾ ചിത്രത്തെ കൂടുതൽ എൻഗേജിംഗ് ആക്കുന്നുണ്ട്. കഥയിലെ പ്രധാന തെളിവുകളിലൊന്നായി വരുന്നത് ഒരു റൈഡറുടെ ഹെൽമറ്റിലെ ക്യാമറയാണെന്നകാര്യവും നേരത്തെ പറഞ്ഞ പോലെ ചിത്രത്തിന്റെ റിലീസ് സമയത്തിന്റെ ആനുകൂല്യമായി വർക്ക് ചെയ്യുന്നുണ്ട്.

മുൻപ് തന്നെ പുറത്ത് വന്ന "ദേവദൂതർ പാടി' എന്ന പാട്ടിലൂടെ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ രാജീവനെ മലയാളികൾ അറിഞ്ഞതാണ്. കുഞ്ചാക്കോ ബോബന്റെ ആ അപ്പിയറൻസ് സിനിമയെ കൂടുതൽ കൺവിൻസിംഗ് ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കോമഡികൾ വളരെ മികച്ച രീതിയിൽ വർക്ക് ചെയ്ത് എടുക്കുന്നതിലും കുഞ്ചാക്കോ ബോബൻ വിജയിച്ചിട്ടുണ്ട്.

നായികയായെത്തിയ ഗായത്രി, സിബി തോമസ്, ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങി സിനിമയിലെ മറ്റു കഥാപാത്രങ്ങളും മികച്ച് നിന്നു. രാജേഷ് മാധവൻ, ഷുക്കൂർ വക്കീൽ, ജഡ്ജിയായി വേഷമിട്ടയാൾ തുടങ്ങിയവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട് ഇത്രയും കഥാപാത്രങ്ങൾ കോമഡി ചെയ്യുന്ന ചിത്രം അടുത്തിടെ കണ്ടിട്ടില്ല.

രതീഷ് ബാലകൃഷ്ണൻ സറ്റയറുണ്ടാക്കുന്നത് പൊതുബോധത്തിൽ നിന്നാണെന്ന് തോന്നിയിട്ടുണ്ട്. കനകം കാമിനി കലഹത്തിൽ ഇസ്ലാമോ ഫോബിയയെ ഒരു ഇരവാദമായിട്ടാണ് അവതരിപ്പിച്ചതെങ്കിൽ കനകം കാമിനി കലഹത്തിൽ ഇര കമ്മ്യൂണിസ്റ്റ് പാർടിയാണ്. ഒരു പ്രസക്തിയുമില്ലാതെ മിക്ക സീനുകളിലും ചുവന്ന കൊടികളും പാർടി ജാഥകളും കാണിക്കുന്നുണ്ട്. മറ്റൊരു പാർടിയെക്കുറിച്ചും സൂചനകളോ സംഭാഷണങ്ങളോ ഇല്ല. രണ്ട് പാർട്ടിക്കാർ തമ്മിൽ തല്ല് നടക്കുന്ന രംഗത്തിൽ പോലും ഒരു പാർടി കമ്മ്യൂണിസ്റ്റ് പാർടിയാണെന്ന് തിരിച്ചറിയപ്പെടുമ്പോഴും മറ്റേ പാർടി ഏതാണെന്ന് സൂചനയില്ല. ഇന്റർവെലിന് തൊട്ടുമുമ്പായി ചെഗുവേരയുടെ വലിയൊരു കൊടിയും രംഗത്തിന് ചേരാത്ത വിധം കൂട്ടിച്ചേർത്തിട്ടുണ്ട്. രതീഷ് ബാലകൃഷ്ണന്റെ നോട്ടത്തിൽ റോഡിലെ കുഴികളുടെയും പെട്രോൾ വിലവർധനവിന്റെയും ഉത്തരവാദി സർക്കാരാണ്. പക്ഷേ ഏത് സർക്കാർ എന്നത് രതീഷിന് വിഷയമല്ലാത്തത് പോലെ. അത് കൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ പരിധിയിൽ പെടുന്ന പെട്രോൾ വില വർധനവിനെക്കുറിച്ച് പരാതി പറയുന്ന യുവാവിനോട് 'എല്ലാം ശരിയാവുമെന്നല്ലേ പറഞ്ഞത്' എന്ന സംസ്ഥാന സർക്കാരിന്റെ ഡയലോഗ് വച്ച് മറുപടി വന്നത്.

Comments