Are you death or paradise?
Now you'll never see me cry
There's just no time to die
ശബ്ദത്തിലൂടെയും സംഗീതത്തിലൂടെയും വരികളിലൂടെയും ബില്ലി ഐലിഷ് നിർമിച്ചെടുത്ത മെലങ്കോളിക് ആയ വൈകാരികസ്ഥിതിയാണ് ഡാനിയൽ ക്രെയ്ഗിന്റെ അവസാന ബോണ്ട് ചിത്രത്തിന്റെ അടിസ്ഥാന സ്വഭാവവും പ്രത്യേകതയും. എസ്‌കേപിസ്റ്റ്, മാച്ചോ, സ്വാഗ് ഘടകങ്ങൾ ബോണ്ട് സിനിമകളെ പൂർണമായും നിർണിയിക്കാനാരംഭിച്ചിടത്തു നിന്ന് കസീനോ റോയലിലൂടെ (2006) ബോണ്ട് മനുഷ്യനായി തുടങ്ങിയെങ്കിൽ, മനുഷ്യാവസ്ഥയുടെ പൂർണതയിലെത്തി നിൽക്കുകയാണ് നോ ടൈം ടു ഡൈയിൽ ബോണ്ട്.
സമ്പൂർണരായ നായകന്മാരിലൂടെ കഥാപാത്ര വികാസത്തിന്റെ എല്ലാ സാധ്യതകളും നിഷേധിച്ചവയായിരുന്നു "ക്ലാസിക്' ബോണ്ട് ചിത്രങ്ങൾ പലതും. കഥ, കഥാപാത്ര വികാസത്തിലൂന്നിയ ആഖ്യാനത്തിലൂടെ ബോണ്ട് ചിത്രങ്ങളുടെ പ്രസക്തി നിലനിർത്തിയ ഡാനിയൽ ക്രെയ്ഗിന്റെ ബോണ്ട് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ പര്യവസാനം കാരി ജോജി ഫുകുനാഗയുടെ സംവിധാനത്തിലാണ്.
അതിസങ്കീർണമായ കഥാലോകങ്ങൾക്ക് ആസ്വാദകരെ മടുപ്പിക്കാൻ മാത്രമല്ല, രസിപ്പിക്കാനും കഴിയുമെന്ന് 2018-ൽ പുറത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് മിനിസീരീസ് മാനിയാകിലൂടെ കാരി ഫുകുനാഗ നേരത്തെ തെളിയിച്ചതാണ്. മാനിയാകിൽ പക്ഷെ ഫുകുനാഗയ്ക്ക് പരിപൂർണമായ കൈയ്യടക്കം ഉണ്ടായിരുന്നെങ്കിൽ ക്രെയ്ഗിന്റെ ബോണ്ട് സിനിമാറ്റിക് യൂണിവേഴ്‌സിന് അർഹിക്കുന്ന പര്യവസാനം നൽകുക മാത്രമായിരുന്നു സംവിധായകന് ചെയ്യേണ്ടിയിരുന്നത്. മാനിയാകിലേതു പോലെ, രസകരമായ ജാപ്പനീസ്, ആഫ്രിക്കൻ, റഷ്യൻ, ലാറ്റിനമേരിക്കൻ കഥാപാത്രങ്ങൾ അടങ്ങുന്ന വെെവിധ്യമാർന്ന കാസ്റ്റിങ്ങാണ് നോ ടെെം ടു ഡെെയിലേതും.
ഒരേസമയം വ്യക്തിബന്ധങ്ങൾക്കും വികാരങ്ങൾക്കും പ്രധാന്യം നൽകുകയും, ഫെയർവെൽ എന്ന നിലയ്ക്ക് ബോണ്ട് ചിത്രങ്ങളുടെ പരമ്പരാഗത സ്റ്റെെലിഷ് സ്വഭാവവും ഫുക്കുനാഗ നോ ടൈം ടു ഡൈയിൽ സന്നിവേശിപ്പിക്കുന്നുണ്ട്. ഈ വൈരുധ്യത്തിലേക്ക് തിരക്കഥാകൃത്തെന്ന നിലയിൽ ഫീബി വാലർ ബ്രിഡ്ജിന്റെ സംഭാവന കൂടി വന്നതോടെ നോ ടൈം ടു ഡൈയുടെ ആഖ്യാനം പുതിയ സ്വഭാവം കൈവരിക്കുന്നു. 1999 ലെ വേൾഡ് ഇസ് നോട്ട് ഇനഫ് മുതലുള്ള ബോണ്ട് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ നീൽ പർവിസ്, റോബർട്ട് വെയ്ഡ് എന്നിവരോടൊപ്പമാണ് ഫീബി ചിത്രത്തിന്റെ ഭാഗമാകുന്നത്.
സ്വാഭാവിക സംഭാഷണങ്ങളിൽ പോലും കാഴ്ചക്കാരെ വ്യാപൃതരാക്കാനും, വ്യത്യസ്തമായ പരിപ്രേക്ഷ്യത്തിലൂടെ കഥാപാത്രങ്ങളെ കാണാനുമുള്ള ഫീബി വാലർ ബ്രിഡ്ജിന്റെ മികവ് ചിത്രത്തിലുടനീളം പ്രകടമാണ്. തുടക്കത്തിലുള്ള കോമഡി-ഹെെസ്റ്റ് സീനിലും, സി.ഐ.എ. ഏജന്റ് പലോമ (അന ഡി അർമാസ്) യുടെ കഥാപാത്ര നിർമിതിയിലും പലോമയുടെ ക്യൂബൻ ഫൈറ്റ് സീനിലും നിറഞ്ഞുനിന്നത് ഫീബിയായിരുന്നു. ഫ്‌ളീബാഗ്, കില്ലിങ് ഈവ്, ക്രാഷിങ്ങ് എന്നീ സീരീസുകളിലൂടെ സ്വതന്ത്ര സംവിധായിക, എഴുത്തുകാരി എന്ന നിലയ്ക്ക് സെലബ്രിറ്റി സ്റ്റാറ്റസ് നേടിയ ഫീബി, തന്റെ ചെറിയ സംഭാവനകൾക്കു പോലും ഒരു ചിത്രത്തിന്റെ പൊതു സ്വഭാവത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് സോളോ- എ സ്റ്റാർ വാർസ് സ്റ്റോറിയിലൂടെ കാണിച്ചു തന്നതാണ്.
മാനിയാകിലൂടെ ടെക്‌നോളജിയെ രസകരമായി അവതരിപ്പിച്ച ഫുകുനാഗയ്ക്ക് ബോണ്ടിന്റെ ഫ്‌ളാഷി ഗാഡ്ജറ്റുകളും, കാറുകളും, സിനിമയിലുപയോഗിച്ച മറ്റു പ്രോപുകളും സമയംകൊല്ലി കളിപ്പാട്ടങ്ങളെന്നു തോന്നിപ്പിക്കാതെ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഉദാഹരണത്തിന് പ്രിമോ (Dali Benssalah) എന്ന വില്ലന്റെ ബയോണിക് കണ്ണുമായി ബന്ധപ്പെട്ട് സിനിമയിൽ കാണിച്ചതൊക്കെത്തന്നെ രസകരമായിരുന്നു. ക്യൂബയിൽ ബോണ്ടിനെ വകവരുത്താനായി സ്‌പെക്ടർ അംഗങ്ങൾ പ്രസ്തുത കണ്ണുമായി ബോണ്ടിനെ വലയം ചെയ്യുന്ന നാടകീയ രംഗം ഉദാഹരണം.
രസകരമായ മറ്റൊരു വികാസം ക്യു (ബെൻ വിഷോ) എന്ന കഥാപാത്രത്തിന്റെ ലൈംഗിക അഭിരുചി പ്രേക്ഷകന് വെളിപ്പെടുന്ന രംഗമാണ്. സ്‌കൈഫാളിലേയും, കസീനോ റോയലിലേയും ഇന്ററഗേഷൻ രംഗങ്ങളിലൂടെ ഹോമോഇറോട്ടിക് ഘടകം ബോണ്ട് ചിത്രങ്ങളിൽ മുമ്പുണ്ടായിട്ടുണ്ടെങ്കിലും ഇവയൊക്കെ വില്ലനും നായകനു തമ്മിലുള്ള രംഗങ്ങളുടെ മൂഡ് നിർണയിക്കുന്നതിന് വേണ്ടിയായിരുന്നു ഉപയോഗിച്ചത്. ആദ്യമായാണ് ബോണ്ട് ചിത്രത്തിലെ പ്രധാനകഥാപാത്രം ഗേ ആണെന്ന് പ്രേക്ഷകന് വെളിപ്പെടുന്നത്. ഡാനിയൽ ക്രെയ്ഗിന്റെ ശരീരം ഏറ്റവും പ്രാധാന്യത്തോടെ ഒപ്പിയെടുത്ത ബോണ്ട് ചിത്രവും ഒരുപക്ഷെ നോ ടൈം ടു ഡൈ ആയിരിക്കാം.
ദെെന്യത, നാടകീയത, കോമഡി, സ്റ്റെെൽ, ഹൊറർ, ആക്ഷൻ തുടങ്ങിയ വികാരങ്ങളുടെ ആഘോഷപരതയിലൂടെ ബോണ്ട് ചിത്രത്തിന് എല്ലാം തികഞ്ഞതല്ലെങ്കിലും അർഹിക്കുന്ന ഫെയർവെലാണ് ഫുകുനാഗ നൽകിയത്.
കഥ (major spoilers)
കാസിനോ റോയലിൽ OO7 സ്റ്റാറ്റസ് നേടി, നോ ടൈം ടു ഡൈയിൽ വിശ്രമജീവിതത്തിലെത്തി നിൽക്കുന്ന ബോണ്ട് റിഡംപ്ഷൻ മോഡിലാണ്. വെസ്പർ ലിൻഡിന്റെ ഓർമകളെ മറികടന്ന് മാഡലിൻ സ്വാനുമായി (Lea Seydoux) പുതിയ ജീവിതം ആരംഭിച്ച ബോണ്ടിനെ അപ്രതീക്ഷിതമായി സ്‌പെക്ടർ അംഗങ്ങൾ അക്രമിക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ഇറ്റലിയിലെ മറ്റേര തെരുവിലൂടെ ആസ്റ്റൻ മാർട്ടിൻ ഡി.ബി. 5 മായി മാഡലീനുമൊത്തുള്ള ബോണ്ടിന്റെ ഗെറ്റവേ രംഗം മുകളിൽ സൂചിപ്പിച്ച വികാരങ്ങളുടേയും സ്റ്റൈലിന്റേയും വൈരുധ്യമാർന്ന സംയോജനമായിരുന്നു.
രക്ഷപ്പെടാനായി കാറിലിരിക്കുന്ന ബോണ്ടിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് മാഡലിൻ പറയുമ്പോൾ, രോഷത്തോടെ "ഐ ബെറ്റ് യു ഡു' എന്നാണ് ബോണ്ട് മറുപടി നൽകുന്നത്. മാഡലിനെ അവിശ്വസിക്കാൻ ആരംഭിച്ച ബോണ്ട് അവരെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് പോവുന്നു. പിന്നാലെ വരുന്ന ബില്ലി ഐലിഷിന്റെ ടൈറ്റിൽ സോങ്ങ് ബോണ്ടിന്റെ ആത്മസംഘർഷങ്ങളിലേക്ക് കടക്കുന്നു. ചിത്രത്തിന്റെ മെലങ്കോളിക് മൂഡ് സൂക്ഷിക്കുന്നത് ഒരു പക്ഷെ ഡാനിയേൽ ക്രെയ്ഗിനെക്കാളും സെയ്‌ഡോക്‌സ് ആണ്.
മാഡലിന് വെളിപ്പെടുത്താനുള്ളത് ചതിയുടെ കഥയായിരിക്കുമെന്ന ബോണ്ടിന്റെ മുൻവിധിയാണ് പിന്നീടുള്ള കഥാഗതി നിർണയിക്കുന്നത്.
MI6 ലെ തന്നെ M (റാൽഫ് ഫെയ്ൻസ്) സ്‌പെക്ട്രറിനെ തകർക്കാൻ ഒബ്രുച്ചേവ് (ഡേവിഡ് ഡെൻകിക്) എന്ന കിളിപോയ ശാസ്ത്രജ്ഞന്റെ സഹായത്തോടെ വികസിപ്പിച്ച മാരക ജൈവായുധം സ്‌പെക്ടർ കൈക്കലാക്കുന്നതും, അത് വീണ്ടെടുക്കാൻ MI6- ഉം, സി.ഐ.എയും ശ്രമിക്കുന്നതും ആണ് ചിത്രത്തിന്റെ കഥാന്തു. ഇതിനിടെ പ്രധാന വില്ലനായ ല്യുറ്റ്‌സിഫർ സാഫിൻ (റാമി മാലിക്) കടന്നു വന്ന് സ്‌പെക്ടറിനെ അപ്രസക്തമാക്കുന്നു. റാമി മാലികിന്റെ മികച്ച അഭിനയവും, സാധ്യതയുള്ള കഥാപാത്രവും ആയിരുന്നെങ്കിൽ പോലും, ചുരുങ്ങിയ സ്‌ക്രീൻ ടൈം കാരണം സാഫിനുമായി താദാത്മ്യപ്പെടാൻ പ്രേക്ഷകന് സാധിക്കുന്നില്ല.
വുമണൈസർ എന്നിടത്തു നിന്ന് പ്രണയിയും, അച്ഛനുമായി പരിണമിച്ച ബോണ്ടിന്റെ തുടർന്നുള്ള അസ്ഥിത്വം വേദനാജനകവും, വൃഥാവിലുമായി തീരുന്നിടത്ത് ചിത്രം അവസാനിക്കുന്നു, ബോണ്ടും. ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ബോണ്ട് കൊല്ലപ്പെടുന്നു. പോസ്റ്റ് ക്രെഡിറ്റ് രംഗം ഒന്നുമില്ലെങ്കിലും സീനിൽ ഒടുവിൽ ഇങ്ങനെ എഴുതിക്കാണിക്കുന്നു.
James bond will return.