ക്ലോ ഷാവോയുടെ ‘നൊമാഡ്‌ലാൻഡ്’ അലച്ചിൽ ആധാരമാക്കിയവരുടെ ജീവിതം

മുതലാളിത്തം അഭയാർത്ഥികളാക്കിയിട്ടും ജിപ്‌സിജീവിതത്തിന്റെ സുഖദുഃഖങ്ങൾ പങ്കിട്ടു ജീവിക്കാൻ ശ്രമിക്കുകയും അതിജീവന പാഠങ്ങൾ പരിശീലിക്കുകയും ചെയ്യുന്ന മനുഷ്യരുടെ കഥയാണ് ക്ലോ ഷാവോ നിർമിച്ച നൊമാഡ്‌ലാൻഡ്'

2007 മുതൽ 2009 വരെ നിലനിന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ വലിയ വിഭാഗം ജനങ്ങൾ പ്രാന്തവത്കരിക്കപ്പെടുകയും അക്ഷരാർത്ഥത്തിൽ ‘വഴിയാധാര'മാക്കപ്പെടുകയും ചെയ്തു. ‘മഹത്തായ അമേരിക്കൻ സ്വപ്നം' മരീചികയായി മാറി. അരക്ഷിതത്വം വ്യാപകമായി. ദശലക്ഷക്കണക്കിനാളുകൾക്ക്​ സുഖകരമായ ഒരു റിട്ടയർമെൻറ്​ ജീവിതത്തിന്റെ സാദ്ധ്യതയില്ലാതായി. പ്രായമായവർ താത്കാലിക ജോലി തേടി അലഞ്ഞുതുടങ്ങി. പലരും വാനുകളിൽ താമസിച്ച് ജിപ്‌സികളെപ്പോലെ സദാ സഞ്ചരിച്ചുകൊണ്ടിരുന്നു. പെൻഷൻ ആനുകൂല്യങ്ങൾ കുറഞ്ഞതിനാൽ ചില്ലറ ജോലി ചെയ്ത് അലയാൻ അവർ നിർബന്ധിതരായി.

പ്രശസ്ത അമേരിക്കൻ ജേണലിസ്റ്റ് ജെസിക്കാ ബ്രൂഡർ ഈ പ്രതിഭാസത്തെക്കുറിച്ച് 2017- ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘നൊമാഡ്‌ലാൻഡ്: സർവൈവിങ്ങ് അമേരിക്ക ഇൻ ദി ട്വെന്റി ഫസ്റ്റ് സെഞ്ചുറി'. ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ഏഷ്യൻ വംശജയായ ക്ലോ ഷാവോ 2020-ൽ നിർമിച്ച മികച്ച ചലച്ചിത്രകൃതിയാണ് ‘നൊമാഡ്‌ലാൻഡ്' (Nomad land).

Photo; Joshua Richards/Searchlight Pictures

മുതലാളിത്തം അഭയാർത്ഥികളാക്കിയിട്ടും ജിപ്‌സിജീവിതത്തിന്റെ സുഖദുഃഖങ്ങൾ പങ്കിട്ടു ജീവിക്കാൻ ശ്രമിക്കുകയും അതിജീവന പാഠങ്ങൾ പരിശീലിക്കുകയും ചെയ്യുന്ന മനുഷ്യരുടെ കഥയാണ് ഈ ചിത്രം ആഖ്യാനം ചെയ്യുന്നത്. പല കാരണങ്ങളാൽ മുഖ്യധാരക്കുപുറത്തേക്ക് എടുത്തെറിയപ്പെട്ട, തിരസ്‌കൃതവും പ്രാന്തവത്കൃതവുമായ ഈ സമൂഹത്തിന്റെ ചിത്രീകരണത്തിൽ യഥാർത്ഥ ജീവിതവും കൽപ്പിതകഥയും സമ്മേളിക്കുന്നു.

അഭിനേതാക്കളല്ലാത്തവരെ ഉപയോഗപ്പെടുത്തിയും അതേസമയം യഥാർത്ഥ ജീവിതം ജീവിക്കുന്ന മനുഷ്യരുടെ ആവിഷ്‌കാരത്തിൽ അല്പം ഭാവന കലർത്തിയുമാണ് ഡോക്യുമെന്ററിയുടെ സ്വഭാവമുള്ള ചിത്രം പുരോഗമിക്കുന്നത്. ചിത്രത്തിലെ ലിൻഡാ മെയ്, ചാർലീൻ സ്വാങ്കി, ബോബ് വെൽസ് തുടങ്ങിയവർ യഥാർത്ഥത്തിൽ വാനുകളിൽ താമസിച്ച് സഞ്ചാരജീവിതം നയിക്കുന്നവർ തന്നെയാണ്. അവരോടൊപ്പം ചേരുന്ന മദ്ധ്യവയസ്‌കയായ ഫേൺ എന്ന വിധവയാണ് കേന്ദ്രകഥാപാത്രം.

ക്ലോ ഷാവോ

ചിത്രത്തിന്റെ പ്രൊഡ്യൂസർ കൂടിയായ ഫ്രാൻസിസ് മക്ക്‌ഡോർമണ്ട് എന്ന നടിയാണ് ഈ കഥാപാത്രമായി അഭിനയിക്കുന്നത്. അവരുടെ ഗംഭീര അഭിനയം ചിത്രത്തിന് അധികമാനങ്ങൾ നൽകുന്നു. വെനീസ് ചലച്ചിത്ര മേളയിൽ ഗോൾഡൻ ലയൺ, ഏറ്റവും മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, നാലു ബാഫ്താ അവാർഡുകൾ; മികച്ച ചിത്രം, സംവിധാനം, നടി ഇവയ്ക്കുള്ള 2021- ലെ ഓസ്‌കാർ അവാർഡുകൾ എന്നിവ ഈ ചിത്രം നേടിയ അവാർഡുകളിൽ ചിലതുമാത്രമാണ്.

സമൂഹത്തിന്റെ പരാജയം എത്രമാത്രം ദുഃഖങ്ങക്ക്​ കാരണമാവുന്നു എന്ന് ഏറെ മനുഷ്യത്വത്തോടെ ഷാവോ ആവിഷ്‌കരിക്കുന്നു. തകർന്നുപോയ ജീവിതാവശിഷ്ടങ്ങളിൽ നമുക്ക് ശേഷിപ്പായി എന്തുണ്ട് എന്ന പരിശോധനയും അവർ നടത്തുന്നു.

സാമ്പത്തിക മാന്ദ്യം കാരണം നെവാദയിലെ എമ്പയർ എന്ന പട്ടണത്തിൽ 88 വർഷമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ജിപ്‌സം പ്ലാൻറ്​ പൂട്ടുന്നു. ഇതേതുടർന്ന് നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്നു. തന്നോടൊപ്പം അവിടെ ജോലി ചെയ്തിരുന്ന ഭർത്താവ് കാൻസർ ബാധിച്ചു മരിച്ചതിന്റെ ആഘാതം നേരിടുന്ന ഫേണിനും ജോലി പോയി. അവൾ ഉള്ളത് പെറുക്കിക്കൂട്ടി വിറ്റ്, ഒരു വാൻ വാങ്ങി അതിൽ താമസിച്ചും പലയിടങ്ങളിലും സഞ്ചരിച്ചും താത്കാലിക ജോലി ചെയ്താണ് ഉപജീവനം തേടുന്നത്. ഇതിനിടെ സുഹുത്തും സഹപ്രവർത്തകയുമായ ലിൻഡാ മെയ്, സഞ്ചരിച്ച് ഉപജീവനം തേടുന്ന മനുഷ്യരുടെ കൂട്ടായ്മയുണ്ടാക്കി അവർക്ക് സേവനങ്ങൾ നൽകുന്ന ബോബ് വെൽസിന്റെ ആരിസോണാ സങ്കേതത്തിലേക്ക് ഫേണിനെ ക്ഷണിക്കുന്നുണ്ട്.

ചാർലീൻ സ്വാങ്കി

ഫേൺ ആദ്യം ഇത് നിരസിക്കുന്നുണ്ടെങ്കിലും ഇപ്പോൾ താമസിക്കുന്ന പ്രദേശത്ത് കടുത്ത തണുപ്പ് ബാധിച്ചതിനെത്തുടർന്ന് പിന്നെ അഭിപ്രായം മാറ്റുന്നു. അവിടെ ചെല്ലുന്ന ഫേൺ സമാന അവസ്ഥയിലുള്ള എത്രയോ മനുഷ്യരെ കണ്ടുമുട്ടുകയും അതിജീവനതന്ത്രങ്ങൾ അവരിൽ നിന്നൊക്കെ പഠിച്ചെടുക്കുകയും ചെയ്യുന്നു. വാനിന്റെ ടയർ കേടായപ്പോൾ അവർ തൊട്ടടുത്ത വാനിലെ സ്വാങ്കിയുടെ സഹായം തേടുന്നു.

സ്വാങ്കി കാൻസർ രോഗിയാണ്, ഇനി ഏറെ ആയുസുമില്ല. എങ്കിൽപ്പോലും ആശുപത്രിയിൽ കഴിച്ചുകൂട്ടുന്നതിനുപകരം സഞ്ചാരത്തിലൂടെ നല്ല ഓർമകൾ സഞ്ചയിക്കാനാണ് അവർ ശ്രമിക്കുന്നത്. താനും പ്രകൃതിയുമായുള്ള ബന്ധത്തെക്കുറിച്ച് ഒട്ടേറെ ഊഷ്മളമായ സ്മരണകൾ അവർ താലോലിക്കുന്നുണ്ട്. ഫേണിനോടു വിടപറഞ്ഞ് ഒരു ദിവസം അവർ ക്യാമ്പ് വിട്ട് മറ്റെവിടെക്കോ പോവുന്നു.

ഇതിനിടയിൽ സൗത്ത് ഡക്കോട്ടയിലെ ഒരു സ്ഥാപനത്തിൽ ഡേവ് എന്ന സഹപ്രവർത്തകനോടൊപ്പം അവർ ജോലി ചെയ്യുകയും അയാൾക്ക് രോഗം ബാധിച്ചപ്പോൾ ശുശ്രൂഷിക്കുകയും ചെയ്യുന്നുണ്ട്. ഡേവിന്റെ മകൻ അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നു. ഡേവ് അവരെ വീട്ടിലേക്ക് ക്ഷണിക്കുന്നുണ്ട്.

കേടായ വാൻ നന്നാക്കാൻ വലിയ തുക വേണം. പണം കടം വാങ്ങാൻ കാലിഫോർണിയയിലെ വീട്ടിൽ ചെന്ന് ഫേൺ സ്വന്തം അനിയത്തിയെ കാണുന്നു. എന്തുകൊണ്ടാണ് ഭർത്താവ് മരിച്ചിട്ടും എമ്പയറിൽത്തന്നെ തുടരുന്നതെന്നും ധീരവും സ്വതന്ത്രവുമായി ഒറ്റക്കിങ്ങനെ കഴിഞ്ഞുകൂടുന്നത് എന്നും അവൾ അന്വേഷിക്കുന്നുണ്ട്. അവരുടെ സാന്നിദ്ധ്വം അവൾക്ക് സഹായമായേനെ, പക്ഷെ ആദ്യമേ അവർ സ്വാതന്ത്ര്യത്തിന്റെ പാതയാണ് തിരഞ്ഞെടുത്തത്. പിന്നീട് ഫേൺ ഡേവിനെയും കുടുംബത്തെയും സന്ദർശിക്കുന്നു. അവൾ കൂടി അവിടെ താമസിക്കണമെന്ന് ആത്മാർത്ഥമായി ഡേവ് നിർദ്ദേശിക്കുന്നുണ്ടെങ്കിലും കുറച്ച് ദിവസം മാത്രം അവിടെ ചെലവഴിച്ച് അവർ സ്ഥലം വിടുന്നു.

സമൂഹത്തിന്റെ പുറമ്പോക്കുകളിൽ കഴിയുന്നവരെ വേണമെങ്കിൽ ഒഴിവാക്കാമെന്നോ ശിക്ഷിക്കാമെന്നോ കരുതുന്ന ആധുനിക സമൂഹത്തിന്റെ മനോഭാവവും വീട് വിട്ടലയുന്നവരോടുള്ള നിസ്സംഗതയും ചിത്രം രേഖപ്പെടുത്തുന്നു.

ഫേൺ ആമസോണിൽ താത്കാലിക ജോലിക്ക് ചേരുന്നു. പിന്നെ അരിസോണയിലെ നാടോടി സങ്കേതം സന്ദർശിക്കുന്നു. സ്‌നേഹിതയായിരുന്ന സ്വാങ്കി ഇതിനകം മരിച്ചു പോയിരുന്നു. അവരുടെ ഓർമക്കായി സുഹൃത്തുക്കൾ ക്യാമ്പിലെ തീയിലേക്ക് കൊച്ചു കല്ലുകൾ ഓരോന്നായി ഇടുകയാണ്. മരിച്ച ഭർത്താവിനോടുള്ള തന്റെ സ്‌നേഹത്തെക്കുറിച്ച് ബോബിനോട് അവർ മനസ്സ് തുറക്കുന്നുണ്ട്. തന്റെ ആത്മഹത്യ ചെയ്ത മകനെക്കുറിച്ചുള്ള നീറുന്ന ഓർമകൾ ബോബും പങ്കിടുന്നു.

‘സഞ്ചാരികളുടെ സമൂഹത്തിൽ വിട പറയൽ ഇല്ല. എവിടെയെങ്കിലും വെച്ച് വീണ്ടും നമ്മൾ പരസ്പരം കണ്ടുമുട്ടും' എന്നാണ് ബോബ് ആശ്വാസം കൊള്ളുന്നത്. ‘വേർപിരിഞ്ഞു പോകേണ്ടി വന്നവർക്കായി സമർപ്പിക്കുന്നു. വഴിയിൽ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടാം' എന്ന വാക്കുകളോടെയാണ് ചിത്രം അവസാനിക്കുന്നത്.

വ്യത്യസ്ത സ്ഥലങ്ങളിലേക്കും ജോലികളിലേക്കും മാറിമാറിപ്പോകുന്ന ഫേൺ വശ്യമായ പ്രകൃതി പശ്ചാത്തലങ്ങളിലൂടെയും ഭൂഭാഗങ്ങളിലൂടെയുമാണ് നമ്മെ കൊണ്ടുപോവുന്നത്. പ്രേക്ഷകരും അവരുടെ അനുഭവങ്ങൾ പങ്കിട്ട്​ ഒപ്പം സഞ്ചരിക്കുന്നതായി തോന്നിക്കുന്ന സിനിമാറ്റോഗ്രഫിയാണുള്ളത്. നാടോടികളുടെ തന്നെ ശ്ലഥവും സ്വതത്രവുമായ ജീവിതശൈലികളുമായി പൊരുത്തപ്പെട്ടു പോവുന്നതാണ് എഡിറ്റിങ്ങിന്റെ താളം. ഏതൊക്കെയോ ഇടങ്ങളിലേക്ക് നമ്മൾ എടുത്തുമാറ്റപ്പെടുന്ന പ്രതീതിയാണ് ഈ റോഡ് മൂവി നമ്മുടെ മനസ്സിൽ സൃഷ്ടിക്കുന്നത്.

സമൂഹത്തിന്റെ പുറമ്പോക്കുകളിൽ കഴിയുന്നവരെ വേണമെങ്കിൽ ഒഴിവാക്കാമെന്നോ ശിക്ഷിക്കാമെന്നോ കരുതുന്ന ആധുനിക സമൂഹത്തിന്റെ മനോഭാവവും വീട് വിട്ടലയുന്നവരോടുള്ള നിസ്സംഗതയും ചിത്രം രേഖപ്പെടുത്തുന്നു. ഫേണിന്റെ വലിഞ്ഞുമുറുകിയ മുഖത്ത് അവർ അനുഭവിക്കുന്ന ദുരിതങ്ങളും സഹിക്കേണ്ടിവന്ന പീഡാനുഭവങ്ങളും പ്രകടമാണ്. അവർ കടന്നുപോവുന്ന മനോഹരമായ ഭൂഭാഗങ്ങളുടെ സൗന്ദര്യം ഇതിന് കടകവിരുദ്ധമായ ഒന്നാണ്. നഷ്ടപ്പെട്ടുപോയവയ്ക്കായുള്ള, ഒരുവേള നിഷ്ഫലമായ, ഒരന്വേഷണമാണ് ഫേൺ നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് മനസ്സിൽ കടുത്ത വിഷാദം നിറയ്ക്കുന്നു.

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും വ്യക്തികൾ പരസ്പരം അടുക്കുകയും ഒരു കൂട്ടായ്മ രൂപപ്പെടുകയും ചെയ്യുന്നത് ആവേശകരമാണ്. എന്നാൽ ദൈനം ദിനം അവർക്ക് നേരിടേണ്ടി വരുന്നത് പ്രയാസകരമായ ജീവിത യാഥാർത്ഥ്യങ്ങളാണ്. ദൗർഭാഗ്യകരമായ ജീവിതാവസ്ഥകളെ മഹത്വവത്കരിക്കാനോ ദാരിദ്ര്യത്തെ പരോക്ഷമായ ഒരനുഗ്രഹമായി അവതരിപ്പിക്കാനോ ഒന്നും ചിത്രം ശ്രമിക്കുന്നില്ല. എന്നാൽ മനുഷ്യത്വത്തിന്റെ, അന്യോന്യമുള്ള സഹകരണത്തിന്റെ, സഹായ സന്നദ്ധതയുടെ, ആഹ്ലാദം ഇത്തരം ഉപസമൂഹങ്ങളിൽ വേണ്ടുവോളമുണ്ട് എന്ന് അത് കാട്ടിത്തരുന്നു. അപ്പോഴും ക്രൂരമായും നീതിരഹിതമായും അവരെ പരാജയപ്പെടുത്തിയ ലോകം ഒരു ദുരന്ത സാന്നിദ്ധ്യമായി ഒപ്പം തന്നെ നിലനില്ക്കുന്നു. ജീവിതം സങ്കീർണവും കുഴഞ്ഞുമറിഞ്ഞതുമാണ്. നഷ്ടങ്ങളും വേദനകളും നമ്മെ നോവിപ്പിച്ചു കൊണ്ടിരിക്കും.

ചിത്രത്തിലെ മനുഷ്യർ സഞ്ചരിക്കുന്ന പാത പരുക്കനും പ്രയാസം നിറഞ്ഞതുമാണ്. സമൂഹം അവരുടെ ജീവിതം ശിഥിലമാക്കി. എങ്കിലും, അവർക്ക് ജീവിതം തുടരാതെ വയ്യ താനും.

‘‘‘നൊമാഡ്‌സ് ലാൻഡ്’ തീർച്ചയായും ഒരു ഡോക്യുമെന്ററിയല്ല; പല ഡോക്യുമെന്ററികളും ആഗ്രഹിക്കുക മാത്രം ചെയ്യുന്നത് അതിന് നേടാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ പോലും. അതിലെ കഥാപാത്രങ്ങൾ തമ്മിൽ ഒരു ബന്ധം അത് സ്ഥാപിച്ചെടുക്കുന്നു; അവരുടെ പ്രതീക്ഷകളിലൂടെ, സ്വപ്നങ്ങളിലൂടെ, പോരാട്ടങ്ങളിലൂടെ; അനുതാപത്തിന്റെ ഒരു ചരട് അവരുടെ ലോകത്തേക്ക് നമ്മെ വലിച്ചടുപ്പിക്കുന്നു’’- ചേസ് ഹച്ചിൻസൺ ചൂണ്ടിക്കാട്ടുന്നു.

ചിത്രത്തിലെ മനുഷ്യർ സഞ്ചരിക്കുന്ന പാത പരുക്കനും പ്രയാസം നിറഞ്ഞതുമാണ്. സമൂഹം അവരുടെ ജീവിതം ശിഥിലമാക്കി. എങ്കിലും, അവർക്ക് ജീവിതം തുടരാതെ വയ്യ താനും. അതിനാൽ, തങ്ങളുടെ ഉള്ളിലുള്ള സർഗ്ഗാത്മകതയെ പരമാവധി പ്രയോജനപ്പെടുത്തി ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. പച്ചമനുഷ്യരുടെ പച്ചയായ ജീവിതം ജീവിച്ചുവേണം, അറ്റുപോയ കണ്ണികളെ കൂട്ടി ചേർക്കാനുള്ള പരിശ്രമം നടത്താൻ. ആഴത്തിലുള്ള ദുഃഖത്തോടെയും സഹാനുഭൂതിയോടെയുമാണ് ഷാവോ അവരുടെ ജീവിതത്തിന്റെ സൗന്ദര്യവും വശ്യതയും ആവിഷ്‌കരിക്കുന്നത്.

വ്യവസ്ഥയുടെ പരാജയമാണ് അനേകം പേരുടെ ജീവിതം തുലച്ചത്. ഇതിന്​ മൗലിക മാറ്റമുണ്ടാവുന്നില്ലങ്കിൽ ഇനിയും അനേകം ജീവിതങ്ങൾ നശിപ്പിക്കപ്പെടും. ഒരിക്കൽ തന്റെ വാസസ്ഥലമായിരുന്നിടത്തെ ഇന്നുള്ള പ്രേതനഗരത്തിലൂടെ ഫേൺ അലഞ്ഞുനടക്കുമ്പോൾ ഈ നഷ്ടബോധം മൂർത്തത കൈവരിക്കുന്നു. ഫേണും കൂട്ടുകാരും ഇന്നനുഭവിക്കുന്നത് അനിവാര്യമോ സ്വാഭാവികമായി സംഭവിച്ചതോ ആയ ദുരന്തമല്ല. അതിനെ മറികടക്കാൻ എളുപ്പവുമല്ല. കാരണം വ്യവസ്ഥയുടെ പരാജയത്തിന്റെ പരമ്പരകളുടെ ഒരു പര്യവസാനം മാത്രമാണത്. സമൂഹത്തിന്റെ പരാജയം എത്രമാത്രം ദുഃഖങ്ങക്ക്​ കാരണമാവുന്നു എന്ന് ഏറെ മനുഷ്യത്വത്തോടെ ഷാവോ ആവിഷ്‌കരിക്കുന്നു. തകർന്നുപോയ ജീവിതാവശിഷ്ടങ്ങളിൽ നമുക്ക് ശേഷിപ്പായി എന്തുണ്ട് എന്ന പരിശോധനയും അവർ നടത്തുന്നു.

‘വീട് എന്നത് ഒരു വാക്ക് മാത്രമല്ലേ? നിങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്ന എന്തെങ്കിലുമാണോ അത്?... അല്ല, ഞാൻ വീടില്ലാത്തവളല്ല. വീടെന്നു പേരുള്ള ഒരു കെട്ടിടം മാത്രമേ എനിക്കില്ലാതെയുള്ളൂ', വീട് നഷ്ടപ്പെടുമ്പോഴും ഒരു കെട്ടിടം മാത്രമാണ് നഷ്ടപ്പെട്ടതെന്നാശ്വസിച്ച് ജീവിതം തുടരാനുള്ള ദൃഢനിശ്ചയം ഈ വാക്കുകളിലുണ്ട്. അതാണ് ചിത്രത്തിന്റെ ശക്തി. ▮


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments