ഭാവനയാണ് താരം

"ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ഒരു ഫീൽ ഗുഡ് പ്രണയ സിനിമയാണ്. പ്രണയസിനിമകൾക്ക് അത്ര പഞ്ഞമൊന്നുമില്ലാത്ത മലയാള സിനിമയിൽ ഈ സിനിമയെ എക്കാലത്തേയ്ക്കുമായി അടയാളപ്പെടുത്തുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്, ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളസിനിമയിലേക്കുള്ള ഭാവനയുടെ തിരിച്ചുവരവ്. നീണ്ട ഇടവേളയ്ക്കു ശേഷവും പല നടീനടന്മാരും സിനിമയിൽ തിരിച്ചെത്തി സജീവമായിട്ടുമുണ്ട്. എന്നാൽ ഭാവനയുടെ തിരിച്ചുവരവ് ആ ആറുവർഷങ്ങൾ മലയാള സിനിമയിലുണ്ടാക്കിയ മാറ്റങ്ങളെയും ഇനിയൊരിക്കലും പിന്നോട്ട് പോകാനാവാത്ത വിധം മലയാള സിനിമ മുന്നോട്ട് നടന്ന രാഷ്ട്രീയ ദൂരത്തേയും അടയാളപ്പെടുത്തുന്നു. ആദാമിന്റെ വാരിയെല്ല് മുതൽ ഇങ്ങോട്ട് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ജയ ജയ ഹേ തുടങ്ങി, തീയേറ്ററിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഡിവോഴ്‌സ് വരെ ചെറുതും വലുതുമായ പല സിനിമകളിലൂടെ, പല സംവിധായകർ പറയാൻ ശ്രമിച്ച പെൺരാഷ്ട്രീയങ്ങളെയൊക്കെയും സ്‌ക്രീനിന് പുറത്ത് മൂന്ന് അക്ഷരങ്ങളിലേയ്ക്ക് ചുരുക്കാൻ ശ്രമിച്ചാൽ ആ മൂന്ന് അക്ഷരങ്ങൾ ഭാവന എന്നാകും. ഇതുതന്നെയാണ് ആദിൽ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയുടെ പ്രസക്തിയും.

പ്രണയത്തിന് ഒരു താളമുണ്ട്, പ്രണയിക്കുന്നവർക്കു മാത്രം പരസ്പരം തിരിച്ചറിയാൻ കഴിയുന്ന താളം. സ്‌കൂൾ കാലത്തു തന്നെ ഇങ്ങനെ പരസ്പരം തിരിച്ചറിഞ്ഞ, ജീവനു തുല്യം സ്‌നേഹിച്ചു തുടങ്ങിയ രണ്ടു പേർ, ഒന്നിച്ചു ജീവിക്കണമെന്ന് ഉറപ്പിച്ചിട്ടും സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് പിരിയേണ്ടി വന്നവർ, വർഷങ്ങൾക്കു ശേഷം ഇരുവരും വീണ്ടും കണ്ടു മുട്ടുന്നു, ഈ കണ്ടുമുട്ടലിൽ നിന്ന് മുന്നോട്ടും പിന്നോട്ടുമായാണ് സിനിമയുടെ കഥ വികസിക്കുന്നത്. യാഥാസ്ഥിതിക കാർക്കശ്യങ്ങളെല്ലാം പേറുന്ന കുടുംബവ്യവസ്ഥിതിക്ക് കാലക്രമത്തിൽ കൈവരുന്ന അയവ് ഒരുവശത്തും, അഴിക്കാൻ ശ്രമിക്കുന്തോറും മുറുകുന്ന ദാമ്പത്യത്തിന്റെ കുരുക്ക് മറുവശത്തും കാണിച്ചു തരുന്നുണ്ട് സിനിമ.

സ്വന്തമായി തീരുമാനമെടുക്കേണ്ടി വരുമ്പോഴൊക്കെയും അതിന് കഴിയാതെ വരുന്ന അനിശ്ചിതാവസ്ഥയുണ്ട് ജിമ്മിയുടെ ജീവിതത്തിൽ. കുടുബത്തിന്റെ തീരുമാനങ്ങളോട്, ചുറ്റമുള്ളവരുടെ തീരുമാനങ്ങളോട്, സ്വന്തം താൽപര്യങ്ങളെ മറന്നും ചേർന്നു നിന്നു കൊടുക്കുന്ന ഒരു വിധേയത്വം. ജിമ്മി എന്ന ജിക്കാക്കയെ ഷറഫുദ്ദീൻ ഭംഗിയാക്കി. ജിക്കാക്കയുടെ അനിയത്തികുട്ടിയായി എത്തുന്ന മറിയയുടെ ആഖ്യാനത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. മറിയയായി സാനിയ സ്‌ക്രീനിലെത്തി. ജിക്കാക്കയും മറിയയും തമ്മിലുള്ള ആത്മബന്ധവും സിനിമ പറഞ്ഞു പോകുന്നുണ്ട്.

സ്വന്തം ജീവിതം സ്വന്തം ഇഷ്ടത്തിന് ജീവിക്കുക എന്ന ഏറ്റവും അടിസ്ഥാനമായുള്ള ആവശ്യത്തിനു വേണ്ടിയാണ് നിത്യ പോരാടുന്നത്. സ്വന്തം ജീവിതത്തിന്റെ താളം, കുറേയേറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും അവർ നേടിയെടുക്കുന്നുമുണ്ട്. കല്യാണം കഴിഞ്ഞു മരുമകൾ വന്ന ശേഷം മകൻ കഴിച്ച പാത്രം കഴുകാൻ തുടങ്ങി, അതുകണ്ട് തന്റെ ഭർത്താവും ഇപ്പോൾ പാത്രം കഴുകാൻ തുടങ്ങി... എന്ന ഡയലോഗ് പോലെ വളരെ നിശബ്ദമായി തന്നെ കാലത്തിനനുസരിച്ച് കുടുംബങ്ങൾ പുതുക്കപ്പെടുന്നുണ്ട്, വ്യക്തികൾ പുതുക്കപ്പെടുന്നുണ്ട്, പുതുക്കപ്പെടാതെ നിർവാഹമില്ലെന്ന് ഓർമ്മിപ്പിക്കുന്നുമുണ്ട് ഈ ഒരു മാറ്റം വലിയ ബഹളങ്ങളൊന്നുമില്ലാതെ അങ്ങിങ്ങായി സിനിമ അടയാളപ്പെടുത്തുന്നുമുണ്ട്. ജിക്കാക്കയുടെ ഉപ്പയായി എത്തിയ അശോകൻ, ഫിദയായി എത്തിയ അനാർക്കലി നാസർ തുടങ്ങി മറ്റ് നടീനടന്മാരും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. സ്വന്തം ജീവിതവും, ഇഷ്ടങ്ങളും, പ്രണയവും ഒക്കെ അതതു വ്യക്തികളുടെ തിരഞ്ഞെടുപ്പ് തന്നെയെന്ന് കാണികളെ ഓർമിപ്പിക്കുന്നുമുണ്ട് സിനിമ. പക്ഷേ ഇതിനൊക്കെയും മുകളിൽ ഭാവനയുടെ തിരിച്ചുവരവ് തന്നെയാണ് സിനിമയെ അടയാളപ്പെടുത്തുന്നത്.

അതേ, ഭാവന തിരിച്ചു വന്നിരിക്കുന്നു. അഭിമാനത്തോടെ, സന്തോഷത്തോടെ തന്റെ ജീവിതം ജീവിക്കാനാഗ്രഹിക്കുന്ന എല്ലാ പെണ്ണുങ്ങൾക്കുമായി, അഭിമാനത്തോടെ ജീവിക്കാനാഗ്രഹിച്ച നിത്യയായി...

പെണ്ണിന് സ്വതന്ത്രമായി മുന്നോട്ട് ചലിക്കാനാവാത്തവിധം ഒരു ബാധ്യതയായി അവളുടെ ശരീരത്തെത്തന്നെ അവതരിപ്പിച്ച അതിബുദ്ധിയുടെ പിന്നിലെ കള്ളത്തരങ്ങൾ പതിയെ പൊളിഞ്ഞുതുടങ്ങിയിരിക്കുന്നു. തൊഴിലിടങ്ങൾക്കിനി മാറാതിരിക്കാനാവില്ല. കാരണം തൊഴിലിടങ്ങളിലെ തുല്യതയെ കുറിച്ച്, നീതിയെ കുറിച്ച്, ജോലി ചെയ്ത് ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തെ കുറിച്ച് സ്ത്രീകൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതിനായി അവർ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു. ലൈംഗിക ആക്രമണം ഒരു ക്രിമിനൽ കുറ്റമാണ് എന്നും മറ്റ് ഏത് കുറ്റകൃത്യത്തിലുമെന്ന പോലെ കുറ്റം ചെയ്യുന്ന ആളാണ് ശിക്ഷ അനുഭവിക്കേണ്ടതും എന്നൊരു ബോധ്യത്തിലേയ്ക്ക് കണ്ണു തുറക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നുണ്ട് ഭാവനയുടെ ഈ തിരിച്ചു വരവ്.

ഭാവന, നിങ്ങൾ പോരാടിയത്, അഭിമാനത്തോടെ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള എല്ലാ സ്ത്രീകളുടെയും അവകാശത്തിനു വേണ്ടിയാണ്. നിങ്ങൾ പകർന്നത്, ലൈംഗിക ആക്രമണങ്ങൾ തുറന്നു പറയാനും നിയമപരമായി മുന്നോട്ട് പോകാനുമുള്ള ധൈര്യം കൂടിയാണ്. സാധ്യമായ എല്ലാ ഊർജവും സംഭരിച്ച്, നിങ്ങൾ തെളിച്ചിട്ട ആ വഴി മുന്നിലുണ്ട്, ആ വഴിയെ ഇനിയും അനേകർ തങ്ങളുടെ സ്വപ്‌നങ്ങളിലേയ്ക്ക് നടക്കും, രാത്രികളും തൊഴിലിടങ്ങളും എല്ലാവരുടേതുമാകും... ആ വഴിക്കങ്ങനെ വീതി കൂടികൊണ്ടേയിരിക്കും...

Comments