‘‘What is cinema? The answer to this question is no easy matter. Long ago the Japanese novelist Shiga Naoya presented an essay written by his grandchild as one of the most remarkable prose pieces of his time. He had it published in a literary magazine. It was entitled ‘My Dog’, and ran as follows: My dog resembles a bear; he also resembles a badger; he also resembles a fox....." It proceeded to enumerate the dog's special characteristics, comparing each one to yet another animal, developing into a full list of the animal kingdom. However, the essay closed with, ‘‘But since he's a dog, he most resembles a dog’’
‘‘ It makes a serious point. Cinema resembles so many other arts. If cinema has very literary characteristics, it also has theatrical qualities, a philosophical side, attributes of painting and sculpture and musical elements. But cinema, in the final analysis, cinema."
എന്താണ് സിനിമയെന്ന ചോദ്യത്തിന് ലോകസിനിമയിലെ എക്കാലത്തെയും മഹാപ്രതിഭകളിലൊരാളായ അകീരാ കുറോസാവ നൽകുന്ന ഈ അമൂർത്തനിർവ്വചനത്തിന്റെ (Something Like an Auotobiography, 1983) പൊരുളറിഞ്ഞവരാണ് ചലച്ചിത്രമാദ്ധ്യമത്തെ ഒരു മൗലിക കലയായി വികസിപ്പിച്ചത്. സത്യജിത് റായി മുതൽ അടൂർ ഗോപാലകൃഷ്ണൻ വരെയുള്ള ഇന്ത്യൻ ചലച്ചിത്രകാരന്മാരെ ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകർ ആദരിക്കുന്നതും, സിനിമയെ സിനിമയാക്കിയവരെന്ന നിലയിലാണ്. അടൂർ ഗോപാലകൃഷ്ണൻ എന്ന സംവിധായകെന്റ അരനൂറ്റാണ്ടുകാലത്തെ ചലച്ചിത്രസപര്യയെ സാർത്ഥകമാക്കുന്നതും സിനിമയോടുള്ള ഈ സമീപനമാണ്. ബംഗാളി സിനിമക്കുശേഷം ഇന്ത്യൻ ഭാഷാസിനിമകൾ ചലച്ചിത്രകലയുടെ സവിശേഷഭാഷയിലേക്കും സർഗാത്മകതയിലേക്കും മുതിർന്ന എഴുപതുകളിൽ തന്റെ ആദ്യസിനിമയുമായി പ്രത്യക്ഷപ്പെട്ട അടൂരിന്റെ ഒന്നിനൊന്ന് വ്യത്യസ്തമായ പതിനൊന്ന് കഥാചിത്രങ്ങളും അത്രത്തോളം വരുന്ന കഥേതരസിനിമകളും മലയാളസിനിമയിലും ഇന്ത്യൻ സിനിമയിലും സൃഷ്ടിച്ച നവീനമായ ചലച്ചിത്രഭാവുകത്വം പലമട്ടിൽ വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ആധുനികവൽക്കരണം, അടൂരിലൂടെ
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിച്ച് നാട്ടിലേക്കുമടങ്ങിയ അടൂരിന്റെ ആദ്യകാല പ്രവർത്തനങ്ങൾ നല്ല സിനിമയുടെ സുവിശേഷം കേരളത്തിലെ കലാസ്വാദകർക്കിടയിൽ പ്രചരിപ്പിക്കുകയെന്നതായിരുന്നു. ഫിലിം ക്ലാസിക്കുകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ അടൂരിന്റെ മുഖ്യപങ്കാളിത്തത്തിലാരംഭിച്ച ചിത്രലേഖ ഫിലിംസൊസൈറ്റിയുടെ പ്രവർത്തനപരിധി തിരുവനന്തപുരമായിരുന്നുവെങ്കിലും അതിന്റെ സ്വാധീനത്താലാണ് വിദൂര ഗ്രാമങ്ങളിൽപ്പോലും ഫിലിം സൊസൈറ്റികൾ സജീവമായത്. ഗ്രന്ഥശാലാ പ്രസ്ഥാനം പോലെ കേരളത്തിൽ ഒരു സാംസ്കാരിക മുന്നേറ്റത്തിന് ഫിലിം സൊസൈറ്റി പ്രസ്ഥാനവും വലിയ പങ്കുവഹിച്ചു. കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള ചലച്ചിത്രമേളകൾ ആരംഭിക്കുന്നതിനും രണ്ട് പതിറ്റാണ്ടുകൾക്കുമുമ്പ് ഫിലിം സൊസൈറ്റികളിലെ പതിവു പ്രദർശനങ്ങളിലൂടെയും അവർ തന്നെ സംഘടിപ്പിച്ചിരുന്ന ചലച്ചിത്രമേളകളിലൂടെയും നല്ല സിനിമയുമായി പരിചയിക്കുവാനിടയായ ഞങ്ങളുടെ തലമുറയിൽപ്പെട്ട ആസ്വാദകരും സിനിമയുടെ വിദ്യാർത്ഥികളും അതിനാൽ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടക്കക്കാരനെന്ന നിലയിൽ അടൂരിനോടും ചിത്രലേഖയോടും പരോക്ഷമായെങ്കിലും കടപ്പെട്ടിരിക്കുന്നു.
മാദ്ധ്യമത്തോടുള്ള പ്രതിബദ്ധത കൈവിടാതെ അരനൂറ്റാണ്ടുകാലം ഏകാഗ്രനായി മുഴുവൻ സമയ സിനിമാപ്രവർത്തനത്തിൽ മുഴുകിയ ഒരു ചലച്ചിത്രകാരന്റെ എല്ലാ രചനകളും ഒരുപോലെ മികവുറ്റവയാവുക അസാദ്ധ്യമാണെന്ന് ലോകസിനിമയിലെ ഏത് മാസ്റ്റർ ഫിലിം മേക്കറെയും നിരീക്ഷിച്ചാലറിയാം.
ഡൽഹിയിലും പിന്നീട് വിവിധ ഇന്ത്യൻ നഗരങ്ങളിലും ഊഴമനുസരിച്ച് മാറിമാറി നടത്തപ്പെട്ടിരുന്ന ഇന്ത്യയുടെ അന്താരാഷ്ട്രമേളകളിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതിനും മുമ്പ് ഫിലിം സൊസൈറ്റികളായിരുന്നു ഞങ്ങൾ, വിദ്യാർത്ഥികൾക്ക് ലോകസിനിമയിലേക്കുള്ള കിളിവാതിൽ. അക്കാദമിക് രംഗത്തുള്ളവർപോലും മുഖ്യധാരാ ജനപ്രിയസിനിമകളെക്കുറിച്ചല്ലാതെ ഫിലിം ക്ലാസിക്കുകളെക്കുറിച്ചും സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചും അജ്ഞത പുലർത്തിയിരുന്ന കാലത്ത് കേരളത്തിൽ പുതിയൊരു ചലച്ചിത്രഭാവുകത്വം വികസിപ്പിക്കുവാൻ നേതൃത്വം നൽകിയെന്നതാണ് മലയാള സിനിമയിലെ നവോത്ഥാന നായകൻ എന്ന വിശേഷണത്തിന് അടൂരിനെ അർഹനാക്കുന്നത്.
നീലക്കുയിൽ, രാരിച്ചൻ എന്ന പൗരൻ, ന്യൂസ് പേപ്പർ ബോയ് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമ ഇതിവൃത്തതലത്തിൽ കൈവരിച്ച നാമമാത്രമെങ്കിലും പ്രസക്തമായ യാഥാർത്ഥ്യബോധത്തെ ചലച്ചിത്രമാദ്ധ്യമത്തിന്റെ തനതുഭാഷയിലേക്കും കലാത്മകതയിലേക്കും ഉദ്ഗ്രഥിക്കുവാനുള്ള ആദ്യപരിശ്രമമായിരുന്നു അടൂരിന്റെ, 1972-ൽ പുറത്തുവന്ന സ്വയംവരം. അമ്പതുകളിൽ സത്യജിത് റായിയിയെയും ഋത്വിക് ഘട്ടക്കിനെയും മൃണാൾസെന്നിനെയുംപോലുള്ള വലിയ ചലച്ചിത്രകാരന്മാരിലൂടെ ബംഗാളി സിനിമയിൽ ആവിർഭവിച്ച ഇന്ത്യൻ സിനിമയിലെ ആധുനികധാര മലയാളവും കന്നടയും ഉൾപ്പടെയുള്ള ഇതര ഭാഷാസിനിമകളെക്കൂടി സ്പർശിക്കുവാൻ വീണ്ടും ഒന്നരപ്പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. ഒരുപക്ഷെ, ബംഗാളി സിനിമക്കുശേഷം ആധുനികവൽക്കരിക്കപ്പെട്ടത് കന്നടയും മലയാളവുമായിരുന്നു. മലയാളത്തിൽ അടൂർഗോപാലകൃഷ്ണനിൽ തുടങ്ങുന്ന ആ പുതുഭാവുകത്വം സമകാലികരായ മറ്റ് പുതുസംവിധായകരിലൂടെ വളരെ വേഗം ഒരു പ്രസ്ഥാന സ്വഭാവം ആർജ്ജിക്കുകയും ചെയ്തു.
ആധുനിക ഇന്ത്യൻ ക്ലാസിക്കുകൾ
എന്നാൽ, മുഖ്യധാരാസിനിമയുടെ വാണിജ്യപ്രലോഭനങ്ങളെ, സിനിമയെക്കുറിച്ചുള്ള തന്റെ സ്വകീയ ദർശനത്തിന്റെയും പ്രതിബദ്ധതതയുടെയും പിൻബലത്തിൽ അന്നുമിന്നും ഒരേ നിശ്ചയദാർഢ്യത്തോടെ പ്രതിരോധിക്കുവാൻ കഴിഞ്ഞ ഇന്ത്യയിലെ തന്നെ അപൂർവ്വം ചലച്ചിത്രകാരന്മാരിലൊരാളാണ് അടൂർ ഗോപാലകൃഷ്ണൻ. മുഴുവൻ സമയ ചലച്ചിത്രപ്രവർത്തനം തൊഴിലാക്കിയപ്പോഴും വാണിജ്യനേട്ടങ്ങൾക്കായി ഒരിക്കൽപ്പോലും തന്റെ മാദ്ധ്യമത്തെ ദുരുപയോഗം ചെയ്യുകയില്ലെന്നും ജനപ്രിയ സിനിമയുടെ കമ്പോള നിയമങ്ങൾക്ക് വഴങ്ങുകയുമില്ലെന്നുമുള്ള നിഷ്ഠയോടെ അരനൂറ്റാണ്ടുകാലം അജയ്യനായി സിനിമയിൽ നിലയുറപ്പിക്കുവാൻ കഴിഞ്ഞ അടൂരിന്റെ പ്രതിബദ്ധത ഒരു മൗലിക കലാകാരനുമാത്രം അവകാശപ്പെടാനാവുന്നതാണ്.
പിന്നെയും പോലുള്ള ഒരു ശരാശരി സിനിമയെ മുൻനിർത്തിയല്ല, എലിപ്പത്തായവും മുഖാമുഖവും കൊടിയേറ്റവും കഥാപുരുഷനും വിധേയനും ഉൾപ്പടെയുള്ള, ആധുനിക ഇന്ത്യൻ ക്ലാസിക്കുകളെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന സിനിമകളെ മുൻനിർത്തിയാവണം അടൂരിലെ ചലച്ചിത്രകാരനെ വിലയിരുത്തേണ്ടത്.
ഇങ്ങനെ പറയുമ്പോൾ, അടൂരിന്റെ എല്ലാ രചനകളും ഒരുപോലെ മികച്ചവയാണെന്നോ പ്രസക്തമാണെന്നോ വിമർശനാതീതമാണെന്നോ അല്ല അർത്ഥമാക്കുന്നത്. മാദ്ധ്യമത്തോടുള്ള പ്രതിബദ്ധത കൈവിടാതെ അരനൂറ്റാണ്ടുകാലം ഏകാഗ്രനായി മുഴുവൻ സമയ സിനിമാപ്രവർത്തനത്തിൽ മുഴുകിയ ഒരു ചലച്ചിത്രകാരന്റെ എല്ലാ രചനകളും ഒരുപോലെ മികവുറ്റവയാവുക അസാദ്ധ്യമാണെന്ന് ലോകസിനിമയിലെ ഏത് മാസ്റ്റർ ഫിലിം മേക്കറെയും നിരീക്ഷിച്ചാലറിയാം. അടുത്തകാലത്ത് പുറത്തുവന്ന പിന്നെയും പോലുള്ള ഒരു ശരാശരി സിനിമയെ മുൻനിർത്തിയല്ല, എലിപ്പത്തായവും മുഖാമുഖവും കൊടിയേറ്റവും കഥാപുരുഷനും വിധേയനും ഉൾപ്പടെയുള്ള, ആധുനിക ഇന്ത്യൻ ക്ലാസിക്കുകളെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന മികച്ച സിനിമകളെ മുൻനിർത്തിയാവണം അടൂരിനെപ്പോലുള്ള ഒരു വലിയ ചലച്ചിത്രകാരനെ വിലയിരുത്തേണ്ടത്.
മലയാളിയുടെ അടൂർ നിരൂപണം?
ആധുനിക ഇന്ത്യൻ സിനിമയുടെ ആദ്യപ്രയോക്താക്കളായ സത്യജിത് റായ്, ഋത്വിക് ഘട്ടക്ക്, മൃണാൾ സെൻ എന്നീ ചലച്ചിത്രകാരന്മാർക്കുശേഷം രാജ്യാന്തര പ്രശസ്തിയിലേക്കുയർന്ന അപൂർവ്വം ചലച്ചിത്രകാരന്മാരലൊരാളാണ് അടൂർ ഗോപാലകൃഷ്ണൻ. റായിയെയും ഘട്ടക്കിനെയും സെന്നിനെയും പോലെ മാതൃഭാഷയിൽ രചിച്ച സിനിമകളിലൂടെയാണ് അടൂരും ദേശത്തിന്റെയും ഭാഷയുടെയും അതിരുകൾ ഭേദിച്ച് ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ ആകർഷിച്ചത്. അടൂരിന്റെ കൊടിയേറ്റത്തിന് സത്യജിത് റായിയും, നിഴൽക്കുത്തിന് മൃണാൾസെന്നും അത്യുദാരമായ പ്രശംസയാണ് നൽകിയത്. സിനിമയെന്ന സാർവ്വലൗകിക സാങ്കേതിക കലയുടെ ദൃഷ്യഭാഷയിൽ സംവേദനം നടത്തുവാൻ പ്രാപ്തിയില്ലാത്ത ഒരു സിനിമയ്ക്കും സിനിമാ സംവിധായകനും സ്വന്തം സാംസ്കാരിക ഭൂമികക്കുപുറത്തുള്ള ആസ്വാദകരുമായി ബന്ധം സ്ഥാപിക്കാനാവുകയില്ല.
കേരളത്തിലെ സിനിമാനിരൂപണം അവികസിതാവസ്ഥയിലാണെന്ന് അടൂർ തന്നെ പലപ്പോഴും പരസ്യമായി പരിതപിച്ചിട്ടുമുണ്ട്. അത് വാസ്തവമാണുതാനും. തന്റെ കടുത്ത വിമർശകരെയെന്നപോലെ അടുത്ത സ്തുതിപാഠകരെയും കൂടി മുന്നിൽ കണ്ടുകൊണ്ടാവണം അദ്ദേഹം ഇതാവർത്തിക്കാറുള്ളത്.
കേരളീയമായ ഏതാനും കഥകളെ മലയാളമറിയാത്തവർക്കുവേണ്ടി സബ്‌ടൈറ്റിലുകളിലൂടെ ആഖ്യാനം ചെയ്തതുകൊണ്ടായിരുന്നില്ല അടൂർ ഗോപാലകൃഷ്ണൻ എന്ന ചലച്ചിത്രകാരന് രാജ്യാന്തര പ്രശസ്തിയും രാജ്യാന്തര ബഹുമതികളും ലഭിച്ചത്. കാല- ദേശഭേദങ്ങൾക്കും സാങ്കേതികവികാസത്തിനും അനുസൃതമായി സദാ വികസിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ദൃശ്യഭാഷയെ സർഗ്ഗാത്മകമായി വിനിയോഗിച്ച് ചലച്ചിത്രകലക്കു നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് ഇന്ത്യയിലും പുറത്തുമുള്ള ചലച്ചിത്രാസ്വാദകരും ചലച്ചിത്ര പണ്ഡിതരും നിരൂപകരും സ്ഥാപനങ്ങളും അടൂർ എന്ന ചലച്ചിത്രകാരനെ ആദരിക്കുന്നത്. ഏറ്റവും മൗലികവും ഭാവനാത്മകവുമായ സിനിമ എന്ന വിശേഷണത്തോടെ 1982-ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ പ്രഖ്യാതപുരസ്കാരം നൽകിയത് അടൂരിന്റെ എലിപ്പത്തായത്തിനായിരുന്നു എന്നത് സമകാലിക ഇന്ത്യൻ സിനിമയിൽ മാത്രമല്ല, ലോകസിനിമയിൽത്തന്നെ അടൂരിനുള്ള സവിശേഷസ്ഥാനത്തിലേക്കാണ് ചൂണ്ടുന്നത്.
എന്നാൽ, ഈ പ്രാധാന്യം മലയാളികൾ അർഹിക്കുന്ന പ്രാധാന്യത്തോടെ തിരിച്ചറിഞ്ഞുവോ എന്ന് സംശയിക്കണം. ഇന്ത്യയിലെ ഒരു ചലച്ചിത്രകാരന് കിട്ടാവുന്ന പരമോന്നത ബഹുമതികളെല്ലാം രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ലഭിച്ചിട്ടുണ്ടെങ്കിലും, സ്തുതികൾക്കും നിന്ദകൾക്കുമപ്പുറം മലയാളസിനിമയുടെയും ഇന്ത്യൻ സിനിമയുടെയും കേരളീയ ജീവിതത്തിന്റെയും ബൃഹദ്പശ്ചാത്തലത്തിൽ, സാംസ്കാരികോൽപ്പന്നങ്ങളെന്ന നിലയിൽ അടൂരിന്റെ സിനിമകൾ വിലയിരുത്തപ്പെട്ടിട്ടില്ലെന്നതും വാസ്തവമാണ്. കേരളത്തിലെ സിനിമാനിരൂപണം അവികസിതാവസ്ഥയിലാണെന്ന് അടൂർ തന്നെ പലപ്പോഴും പരസ്യമായി പരിതപിച്ചിട്ടുമുണ്ട്. അത് വാസ്തവമാണുതാനും. തന്റെ കടുത്ത വിമർശകരെയെന്നപോലെ അടുത്ത സ്തുതിപാഠകരെയും കൂടി മുന്നിൽ കണ്ടുകൊണ്ടാവണം അദ്ദേഹം ഇതാവർത്തിക്കാറുള്ളത്.
ഓഥർ തിയറിയുടെ സാക്ഷാൽക്കാരങ്ങൾ
സിനിമയിലെ രചയിതാ സിദ്ധാന്തത്തിന്റെ (ഓഥർ തിയറി) ഇന്ത്യയിലെ പ്രയോക്താക്കളിൽ പ്രമുഖനാണ് അടൂർ ഗോപാലകൃഷ്ണൻ. ചലച്ചിത്രകാരൻ കവിയെയും ചിത്രകാരരെയുമെല്ലാം പോലെ സൃഷ്ടാവായ മൗലിക കലാകാരനാണെന്നു വിശ്വസിക്കുകയും സ്വന്തം രചനകളിലൂടെ അത് തെളിയിക്കുകയും ചെയ്ത ലോകസിനിമയിലെ ചലച്ചിത്രകാരന്മാരോടൊപ്പമാണ് അടൂരിന്റെയും സ്ഥാനം. മറ്റുള്ളവരുടെ സാഹിത്യകൃതികളെ അവലംബിക്കുമ്പോഴും അടൂർ വെറുമൊരു പരിഭാഷകനല്ല, സൃഷ്ടാവാണ്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സക്കറിയയുടെ കഥയെ ഉപജീവിക്കുന്ന വിധേയൻ. ബഷീറിന്റെ മതിലുകളിൽ പക്ഷെ, ചലച്ചിത്രകാരന്റെ ഈ സാദ്ധ്യത അടൂർ പൂർണമായും വിനിയോഗിച്ചതായി പറയാനുമാവില്ല. രംഗത്തുവരാത്ത കഥാപാത്രത്തിന്റെ ശബ്ദത്തിലൂടെമാത്രം കഥാപാത്രാവിഷ്‌കാരം സാധിക്കേണ്ടിവരുന്ന ഇതിവൃത്തമായതിനാലാവണം ഈ പരിമിതിയുണ്ടായത്. എന്നാൽ, കഥാപുരുഷൻ, എലിപ്പത്തായം, മുഖാമുഖം തുടങ്ങിയ പ്രധാനപ്പെട്ട രചനകളിലൂടെ സ്വന്തം ഇതിവൃത്ത- പ്രമേയങ്ങൾ ആവിഷ്‌കരിച്ചുകൊണ്ട് ഓഥർ തിയറിയെ സാക്ഷാത്കരിക്കുവാൻ കഴിഞ്ഞ ചലച്ചിത്രരചയിതാവാണ് അടൂർ ഗോപാലകൃഷ്ണൻ. സിനിമകളിൽ സംവിധായകനെയല്ല സിനിമാ രചയിതാവിനെയാണ് നമ്മൾ കാണുന്നത്.
കേരളത്തിൽ ഏറെ വിമർശനങ്ങളേറ്റുവാങ്ങേണ്ടിവന്ന മുഖാമുഖം ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അതീവ പ്രസകതമായൊരു രാഷ്ട്രീയ സിനിമയാണെന്ന് ബോദ്ധ്യപ്പെടാതിരിക്കില്ല.
സ്ത്രീപുരുഷബന്ധത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള കാൽപനികമായ സാഹസികത പരുഷയാഥാർത്ഥ്യളോട് ഇടയുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യചിത്രമായ സ്വയംവരത്തിൽനിന്ന് (1972) തികച്ചും വ്യത്യസ്തമായ ഒരു ഭാവമണ്ഡലത്തിലേക്കാണ് കൊടിയേറ്റം (1977) പ്രേക്ഷകരെ ക്ഷണിക്കുന്നത്. ആദിമമെന്നോ ശിശുസഹജമെന്നോ വിശേഷിപ്പിക്കാവുന്ന നിഷ്‌കളങ്ക വ്യകതിത്വത്തെ കുടുംബ- സാമൂഹ്യക്രമങ്ങളുടെ വാസ്തവിക ലോകത്തിലേക്ക് മുതിരുവാൻ നിർബ്ബന്ധിതമാക്കുന്ന സാഹചര്യങ്ങളാണ് ഈ സിനിമ സന്നിഹിതമാക്കുന്നത്.
മൂന്നാമത്തെ ചിത്രമായ എലിപ്പത്തായം (1982) മുതലാണ് കേരളീയ സമൂഹത്തെസ്സംബന്ധിച്ച തന്റെ നിശിതമായ ചില കാഴ്ചപ്പാടുകൾ അടൂർ മുന്നോട്ടുവെക്കുന്നത്. ഒടുവിൽ പുറത്തുവന്ന പിന്നെയും ഒഴികെയുള്ള പ്രധാന രചനകളിലൂടെ കേരളീയ സമൂഹത്തിന്റെ ആന്തരിക- ഭൗതികസംഘർഷങ്ങളെ വ്യക്തികഥകളിലൂടെ പ്രത്യക്ഷപ്പെടുത്തുവാനാണ് അടൂർ ശ്രമിക്കുന്നത്. എലിപ്പത്തായം ഒരു ഫ്യൂഡൽ തറവാടിന്റെ കഥയാണെങ്കിലും ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ആലസ്യത്തെയാണ് അത് പ്രതിനിധാനംചെയ്യുന്നത്. വിധേയനിലാവട്ടെ അധികാരത്തിനു മുന്നിൽ പ്രതിരോധമില്ലാതെ കീഴടങ്ങുന്ന സമൂഹത്തിന്റെയും വ്യക്തികളുടെയും നിസ്സഹായതയും പതനവുമാണ് ആവിഷ്‌കൃതമാവുന്നത്. മുദ്രാവാക്യസമാനമായ രാഷ്ട്രീയസിനിമകളേക്കാൾ കണിശമായ രാഷ്ട്രീയ സിനിമകളാണിവയെന്ന് തിരിച്ചറിയുക പ്രയാസമല്ല.
കേരളത്തിൽ ഏറെ വിമർശനങ്ങളേറ്റുവാങ്ങേണ്ടിവന്ന മുഖാമുഖം (1985) ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അതീവ പ്രസകതമായൊരു രാഷ്ട്രീയ സിനിമയാണെന്ന് ബോദ്ധ്യപ്പെടാതിരിക്കില്ല. സമത്വബോധത്താൽ പ്രചോദിതമായ, മാനവികവും ആദർശാത്മകവുമായ പ്രത്യയശാസ്ത്രം പോലും യാന്ത്രികവും ഹൃദയശൂന്യവുമാവുന്നതിനെക്കുറിച്ചുള്ള ഉൽക്കണ്ഠയും നിരാശയും പ്രതിഫലിപ്പിക്കുന്ന സിനിമയാണത്. മുഖാമുഖം പ്രത്യക്ഷപ്പെടുത്തുന്ന സാമൂഹിക-രാഷ്ട്രീയാവസ്ഥ ഒരു യാഥാർത്ഥ്യമാണെന്നറിയുമ്പോഴാണ് അടൂരിനെ ഒരു അരാഷ്ട്രീയ കലാകാരനായി വിശേഷിപ്പിക്കുന്നതിലെ അനൗചിത്യം വെളിപ്പെടുക. എലിപ്പത്തായത്തിൽ, ജീർണിച്ചുകഴിഞ്ഞ ഫ്യൂഡലിസത്തിന്റെ ഇരകളായ മനുഷ്യരുടെ വ്യത്യസ്ത പ്രതികരണങ്ങളാണുള്ളതെങ്കിൽ, മുഖാമുഖത്തിൽ യാന്ത്രികമാവുന്ന കമ്യൂണിസത്തെക്കുറിച്ചുള്ള അപായസൂചനകളാണുള്ളത്. ഫ്യൂഡലിസത്തിന്റെയും കമ്യൂണിസത്തിന്റെയും മൂർത്തസാഹചര്യങ്ങൾ വ്യകതികളിലൂടെ ആവിഷ്‌കരിക്കുന്ന ഈ ചിത്രങ്ങളുടെ തുടർച്ച തന്നെയാണ് കഥാപുരുഷനിലും കാണുന്നത്. അക്കാലത്തെ ഇതര രാഷ്ട്രീയ സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് സമീപഭൂതകാല കേരളത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളെ സംബന്ധിച്ചുണ്ടായ മികച്ച സർഗ്ഗാത്മക രചനകളാണിവയെന്ന് ബോദ്ധ്യപ്പെടുക.
സ്വയംവരം മുതലുള്ള അടൂർ സിനിമകളിലെല്ലാം നൂലോടിനിൽക്കുന്ന ഒരു മുഖ്യപ്രമേയം കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ അവസ്ഥയെ സംബന്ധിച്ചതാണ്. എലിപ്പത്തായത്തിലെ ഭിന്നസ്വഭാവികളായ മൂന്ന് സ്ത്രീകളിലൂടെ അടൂർ അനുഭവവേദ്യമാക്കുന്നത് ഫ്യൂഡൽ തറവാടുകളിലെ സ്ത്രീജീവിതമാണെങ്കിലും അത് കേരളീയ സ്ത്രീത്വത്തിന്റെ വ്യത്യസ്താനുഭവങ്ങളെത്തന്നെയാണ് പ്രത്യക്ഷപ്പെടുത്തുന്നത്. അതിന്റെ തുടർച്ചയാണ് തകഴിയുടെ കഥകളെ അവലംബിച്ച് നിർമിക്കപ്പെട്ട നാല് പെണ്ണുങ്ങൾ ഉൾപ്പടെയുള്ള ചിത്രങ്ങൾ. സ്ത്രീയുടെ നിസ്സഹായതയും സഹനവും പ്രതിരോധവുമെല്ലാം ഒരു നായികയിലൂടെ പ്രത്യക്ഷപ്പെടുത്തുന്ന വാർപ്പുമാതൃകയിലുള്ള സ്ത്രീപക്ഷ സിനിമകൾക്ക് സാദ്ധ്യമാകാത്ത സ്ത്രീത്വത്തിന്റെ ഭിന്നഭാവങ്ങളെയാണ് അടൂർ തന്റെ സിനിമകളിലൂടെ ആവിഷ്‌കരിച്ചിട്ടുള്ളത്.
കേരളീയാനുഭവങ്ങൾ
മലയാളസിനിമയിലെ കേരളീയതയെക്കുറിച്ചുള്ള അന്വേഷണങ്ങൾ, കേരളീയ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഈ സിനിമകളുടെ ഗാഢപാരായണത്തിലൂടെ മാത്രമേ സാർത്ഥകമാവൂ. അടൂർസിനിമകൾ ആ യാഥാർത്ഥത്തിന്റെ സർഗാത്മക ആവിഷ്‌കാരങ്ങളാണ്. അടൂർ മലയാളസിനിമക്ക് നൽകിയത് പുതിയൊരു ആവിഷ്‌കാരരീതി മാത്രമല്ല, ആ ഭാഷയിലൂടെ യാഥാർത്ഥ്യത്തിന്റെ പല തലങ്ങളെ ഇഴപിരിച്ചുകാണിക്കുന്ന ഒരു പുതിയ കണ്ണുകൂടിയാണ്.
അരനൂറ്റാണ്ടുകാലത്തിനിടയിൽ ഒരു ഡസനിൽത്താഴെമാത്രം മുഴുനീള കഥാചിത്രങ്ങളേ അടൂർ രചിച്ചിട്ടുള്ളുവെങ്കിലും അവയോരോന്നും കേരളീയാനുഭവങ്ങളുടെ സംക്ഷേപങ്ങളാണ്. കേരളീയ ജീവിതവും പ്രകൃതിയും മനുഷ്യരും അവരുടെ വാമൊഴിഭാഷയും അനുഭവങ്ങളുമെല്ലാം ആധികാരികതയോടെ ആവിഷ്‌കരിക്കുവാൻ കഴിഞ്ഞുവെന്നതാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന ചലച്ചിത്രകാരനെ ആധുനിക ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിലൊരാളെന്ന ബഹുമതിക്ക് അർഹനാക്കുന്നത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.