‘ഓപൺ ഹൈമർ’: പെറ്റി ബൂര്‍ഷ്വാ സയന്റിസ്റ്റിന്റെ
സൈക്കോളജിക്കല്‍ ട്രോമ, അതിന്റെ രാഷ്ട്രീയം

‘ഓരോ സയന്റിസ്റ്റിലും ഒരു കമ്യൂണിസ്‌റ് ഒളിച്ചിരിപ്പുണ്ടോ എന്ന് വെസ്റ്റേണ്‍ ബൂര്‍ഷ്വാസി സംശയിച്ചു. മാര്‍ക്‌സിസം ഒരു തിയററ്റിക്കല്‍ ക്യൂരിയോസിറ്റിയായിരുന്ന പെറ്റി ബൂര്‍ഷ്വാ സയന്റിസ്റ്റുകളെ വരെ അത് ഭയന്നു, വേട്ടയാടി. അത്തരമൊരു പെറ്റി ബൂര്‍ഷ്വാ സയന്റിസ്റ്റിന്റെ സൈക്കോളജിക്കല്‍ ട്രോമക്കുപിന്നിലെ യഥാര്‍ത്ഥ രാഷ്ട്രീയമാണ് ‘ഓപണ്‍ ഹൈമറി’ല്‍ നോളന്‍ ആവിഷ്‌കരിക്കുന്നത്.’- അഭിജിത്​ ബാവ എഴുതുന്നു.

തിയററ്റിക്കല്‍ ഫിസിക്‌സിനോടുള്ള അഭിനിവേശം, ദൃശ്യസ്‌ഫോടനാത്മകതയിലേക്ക് ബ്ലെന്‍ഡ് ചെയ്യപ്പെടുന്ന ഒരു പ്രമേയഭൂമികയിലായിരിക്കും നോളന്റെ ഓപണ്‍ ഹൈമര്‍ നിലയുറപ്പിക്കുക എന്ന് ആദ്യ അഞ്ചു മിനിറ്റില്‍ നമുക്കുതോന്നും.

എന്നാല്‍ ഓപണ്‍ ഹൈമര്‍ അതല്ല. മറിച്ച്​, ഇരുപതാം നൂറ്റാണ്ടിലെ മാക്രോ പൊളിറ്റിക്കല്‍ റിയാലിറ്റിയുടെ സംഘര്‍ഷത്തിലേക്ക്, അതിന്റെ പ്രയോഗപരീക്ഷണങ്ങളിലേക്ക് സയന്റിഫിക് കമ്യൂണിറ്റി ഒന്നടങ്കം വലിച്ചിഴക്കപ്പെടുന്ന മൊമന്റ് ആണ് സിനിമ ക്യാപ്ച്ചര്‍ ചെയ്യുന്നത്. സാങ്കേതികപരമല്ല, പൊളിറ്റിക്കല്‍ ആണ് സിനിമയുടെ ഉള്ളടക്കം.
തിയറ്ററില്‍ മാത്രമല്ല ലാപ്പിലും കാണാം പടം.

ഇരുപതാം നൂറ്റാണ്ടിലെ സയന്റിഫിക് കമ്യൂണിറ്റി വ്യവഹാരം, അതിന്റെ ആദ്യപതിറ്റാണ്ടുകളിലെ തിയററ്റിക്കല്‍ ഡിബേറ്റുകളില്‍ നിന്ന് തെന്നിമാറി പൊളിറ്റിക്കല്‍ ബലപരീക്ഷണത്തിന്റെ റിയാലിറ്റിയിലേക്ക് ഒന്നുചേര്‍ക്കപ്പെടുന്ന സെനാറിയോ ആണ് സിനിമയിലുള്ളത്.

ലെനിന്‍
ലെനിന്‍

ഇരുപതാം നൂറ്റാണ്ടുകളിലെ ആദ്യ പതിറ്റാണ്ടുകളിലാണ് ലെനിൻ, തിയററ്റിക്കല്‍ ഫിസിക്‌സിന്റെ 'അതിഭൗതിക' സന്ദേഹങ്ങളെ 'നിലത്തുനിര്‍ത്തികൊണ്ട്' Materialism and Empirio Criticism എഴുതുന്നത്. (സയന്റിഫിക് പോസിറ്റിവിസത്തെ മറികടക്കാന്‍ ശേഷിയുള്ള പുസ്തകം എന്ന നിലയില്‍ ഇത് സമഗ്രമായി വിശകലനം ചെയ്​ത്​ ഹെഗേലിയന്‍ മാര്‍ക്‌സിസ്റ്റും സോവിയറ്റു ഫിലോസഫറും ആയിരുന്ന ഇല്യങ്കോവ്, Leninist Dialectics and the Metaphysics of Positivism എന്ന ബുക്ക് എഴുതുന്നു, പിന്നീട് ഒരു ഘട്ടത്തില്‍).

ലെനിനുശേഷം, ഫിസിക്‌സ് 'തിയററ്റിക്കല്‍ ഡൊമെയ്‌നില്‍' നിന്നിറങ്ങി വന്ന്​ പൊളിറ്റിസൈസ് ചെയ്യപ്പെടുകയാണ്. സയന്റിസ്റ്റുകള്‍ക്കിടയിലുള്ള 'രാഷ്ട്രീയ ബാഹ്യമായ' സംവാദങ്ങള്‍ (ലെനിന്റെ കേസില്‍, സയന്റിഫിക് ഡിബേറ്റുകളിലെ രാഷ്ട്രീയം ഡയലക്ടിക്കല്‍ മെറ്റീരിയലിസത്തിന്റെ ദാർശനിക ഊന്നലുകളോടെയാണ് വരുന്നത്. അതില്‍ പെറ്റി ബൂര്‍ഷ്വാ ആശയക്കുഴപ്പം വിമർശിക്കപ്പെടുന്നുണ്ട് എങ്കിലും.) പതിറ്റാണ്ടുകള്‍ക്കിപ്പുറം രാഷ്ട്രീയ ബലപരീക്ഷണത്തിന്റെ പ്രശ്‌നം തന്നെയായി മാറുന്നു. ഇത് സയന്റിഫിക് കമ്യൂണിറ്റിയെ പല തരത്തില്‍ ഉലയ്ക്കുന്നു. അമേരിക്കന്‍ കാപിറ്റലിസ്​റ്റ്​ താല്പര്യങ്ങളും ജര്‍മന്‍ ഫാഷിസത്തിന്റെ ആന്റി സെമിറ്റിസവും ആണ് ഇതിന്റെ പശ്ചാത്തലമായി മാറുന്നത്.

ഓപ്പണ്‍ ഹൈമര്‍ സിനിമയില്‍ കിലിയന്‍ മര്‍ഫി
ഓപ്പണ്‍ ഹൈമര്‍ സിനിമയില്‍ കിലിയന്‍ മര്‍ഫി

ഒരു ഭാഗത്ത് ബ്രിട്ടീഷ് കൊളോണിയല്‍ കാപിറ്റലിസത്തിന്റെ അന്ത്യഘട്ടം; അത് തുറക്കുന്ന സാധ്യതകളില്‍ മേല്‍ക്കൈ ലഭിക്കുന്ന ഫിനാന്‍സ് കാപിറ്റലിസത്തിന്റെ- അമേരിക്കന്‍ കാപിറ്റലിസത്തിന്റെ- ആധിപത്യ ത്വര. ഇതിനെതിരായി, തൊഴിലാളിവര്‍ഗ വിപ്ലവങ്ങളെയും അതിന്റെ വഴികാട്ടിയും ശക്തിസ്രോതസ്സുമായ സോവിയറ്റു യൂണിയനെയും പ്രതിരോധിക്കാന്‍ ന്യൂക്ലിയര്‍ ഫിസിക്‌സിനെ ഉപയോഗിക്കാന്‍ വെസ്റ്റേണ്‍ (അമേരിക്കന്‍) ബൂര്‍ഷ്വാസി തയ്യാറെടുക്കുന്ന സന്ദര്‍ഭം.

സ്​റ്റാലിൻ
സ്​റ്റാലിൻ

ഹിറ്റ്‌ലര്‍ ആയിരുന്നില്ല അമേരിക്കയുടെ യഥാര്‍ത്ഥ ഭീതി- അത് സോവിയറ് യൂണിയനും സ്റ്റാലിനും ആയിരുന്നു. അമേരിക്ക അതിനായി ഹിരോഷിമയും നാഗസാക്കിയും തിരഞ്ഞെടുത്തു. ശാസ്ത്രത്തെ മാനവികതക്കെതിരെ നിര്‍ദ്ദയം ഉപയോഗിച്ചു. ('ശാസ്ത്രം മാനവികതക്ക്' എന്ന മുദ്രാവാക്യം പിന്നീടും കേരളത്തിലടക്കം മുഴങ്ങിക്കേട്ടു എങ്കിലും, ശാസ്ത്രത്തെ മുൻനിർത്തിയുള്ള കേവലമായ പ്രതീക്ഷയെ തച്ചുടക്കാനും ശാസ്ത്രം പ്രാഥമികമായും ഒരു പൊളിറ്റിക്കല്‍ ടൂള്‍ ആണെന്ന ക്രിയാത്മക വിമര്‍ശം ഒരുഭാഗത്തും ശാസ്ത്രത്തെ തന്നെ നിരാകരിക്കാനുള്ള, പോസ്റ്റ് മോഡേണിസത്തോളം എത്തിനില്‍ക്കുന്ന ദാർശനിക സമീപനങ്ങള്‍ക്ക് മറുഭാഗത്തും അടിത്തറയിട്ടത് സെക്കന്‍ഡ് വേള്‍ഡ് വാറിലെ കാപിറ്റലിസ്​റ്റ്​ ദുര ആണ്).

ശാസ്ത്രസാങ്കേതികതയെ മനുഷ്യരാശിക്കെതിരെ ഉപയോഗിക്കാനുള്ള കാപിറ്റലിസ്​റ്റ്​ ശ്രമം, ആ സമൂഹങ്ങളിലെ സയന്റിഫിക് കമ്യൂണിറ്റിയില്‍ തന്നെ അങ്കലാപ്പുണ്ടാക്കി. അത് വിവാദങ്ങളും ഭയവും സൈക്കോളജിക്കല്‍ ട്രോമയും സംശയങ്ങളും സൃഷ്ടിച്ചു.

ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് പ്രയോഗിച്ചപ്പോള്‍ / Photo: Wikimedia Commons
ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് പ്രയോഗിച്ചപ്പോള്‍ / Photo: Wikimedia Commons

ഓരോ സയന്റിസ്റ്റിലും ഒരു കമ്യൂണിസ്​റ്റ്​ ഒളിച്ചിരിപ്പുണ്ടോ എന്ന് വെസ്റ്റേണ്‍ ബൂര്‍ഷ്വാസി സംശയിച്ചു. മാര്‍ക്‌സിസം ഒരു തിയററ്റിക്കല്‍ ക്യൂരിയോസിറ്റിയായിരുന്ന പെറ്റി ബൂര്‍ഷ്വാ സയന്റിസ്റ്റുകളെ വരെ അത് ഭയന്നു, വേട്ടയാടി. അത്തരമൊരു പെറ്റി ബൂര്‍ഷ്വാ സയന്റിസ്റ്റിന്റെ സൈക്കോളജിക്കല്‍ ട്രോമക്കുപിന്നിലെ യഥാര്‍ത്ഥ രാഷ്ട്രീയമാണ് ഓപണ്‍ ഹൈമറില്‍ നോളന്‍ ആവിഷ്‌കരിക്കുന്നത്. സാധാരണ നമ്മള്‍ കേള്‍ക്കാറുള്ള 'അണ്‍ കോൺഷ്യസ്​' ട്രോമ അല്ല അത്, കോണ്‍ഷ്യസ് ആയ, പൊളിറ്റിക്കല്‍ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെട്ട, ഹൃദയമുള്ള മനുഷ്യര്‍ അനുഭവിച്ച പ്രത്യക്ഷ ട്രോമ ആയിരുന്നു അത്.

സോവിയറ്റു യൂണിയന്റെ പിന്‍വാങ്ങലിന്റെ മുപ്പത് വര്‍ഷങ്ങൾക്കൊടുവില്‍ ഹോളിവുഡ് അതിന്റെ ഭീതിതമായ അപരസാന്നിധ്യമായി കമ്യൂണിസത്തെ കാണുന്നില്ലെന്ന പ്രത്യേകതയുണ്ട്. സോവിയറ്റ് യൂണിയന്‍, അമേരിക്കന്‍ കാപിറ്റലിസത്തിന്റെ നിതാന്ത ഭയമായിരുന്നു എന്നും അതേസമയം വെസ്​റ്റേൺ സമൂഹത്തിന്റെയും സയന്റിഫിക് കമ്യൂണിറ്റിയുടെയും കോണ്‍ഷ്യസ്‌നെസില്‍ അത് വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്നും നമുക്കറിയാം. ഇവിടെ സിനിമ അത് തുറന്നു വെക്കുന്നു. (ലോകയുദ്ധത്തിന്റെ അരനൂറ്റാണ്ടിനിപ്പുറം അമേരിക്കയുടെ തന്നെ, ഏകച്ഛത്രാധിപതി എന്ന സ്ഥാനത്തുനിന്നുള്ള പിന്‍വാങ്ങല്‍ കൂടി സംഭവിക്കുന്ന സവിശേഷ കാലഘട്ടത്തിലാണിത്.) ആ സന്ദിഗ്ദ്ധ കാലത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഇടയില്‍ പെട്ടുപോയ മനുഷ്യരുടെ ആത്മസംഘർഷത്തിന്റെ രൂപമായി ഓപണ്‍ ഹൈമറെ കാണാം. കിലിയന്‍ മര്‍ഫിയുടെ ഉജ്വലമായ വേഷപകര്‍ച്ചയില്‍ നമ്മള്‍ ചരിത്രത്തെ അറിയുന്നു.

ഓപ്പണ്‍ഹൈമര്‍
ഓപ്പണ്‍ഹൈമര്‍

ഏറ്റവും ശ്രദ്ധേയമായ കാര്യമായി തോന്നിയത് 'സയന്റിഫിക് കമ്യൂണിറ്റി' സോഷ്യല്‍ കളക്ടീവിന്റെ തന്നെ ഭാഗമായിരുന്ന ആ ദശകങ്ങളെ സിനിമ പുനരാനയിക്കുന്നു എന്നതാണ്. അത്തരത്തില്‍ ഇത് ഒരു സോഷ്യോളജിക്കല്‍ സിനിമയാണ് എന്നു പറയാം. ഇന്ന് നമുക്ക് അത്തരത്തില്‍ ഒരു സയന്റിഫിക് കമ്യൂണിറ്റിയുടെ സാന്നിധ്യമില്ല. ഭരണകൂടരൂപങ്ങളിലേക്ക് അവ പൂര്‍ണമായും ഇന്റഗ്രെറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു. സയന്റിഫിക് മോറലിസം (നിയോ ശാസ്ത്രവാദം) ആകട്ടെ അപരവിദ്വേഷത്തിനുള്ള ടൂള്‍ ആയി കേരളത്തില്‍ അടക്കം പ്രചാരം നേടുകയും ചെയ്യുന്നു.

Comments