കേരളം എന്ന ആണധികാരത്തോട്​ ഏറ്റുമുട്ടുന്ന ‘ഒരുത്തീ’

1990 കൾക്കു ശേഷമുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ രാഷ്ട്രീയം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, കച്ചവടം, നീതിപാലനം എന്നീ മേഖലകളിൽ കേരളത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു, അതു ഏറ്റവും താഴെയുള്ള കുടുംബങ്ങളിലും അതിലുമുപരി എല്ലാ സമ്മർദ്ദങ്ങളും ഒടുവിൽ വന്നു പതിക്കുന്ന അടിത്തട്ടിലെ സ്ത്രീകളിലും എങ്ങനെ അലതല്ലുന്നു എന്നും ചൂണ്ടുകയാണ് ‘ഒരുത്തീ’.

ഥയേക്കാൾ ജീവിതം നമ്മെ അതിശയിപ്പിക്കുന്നതാകുമ്പോൾ, എഴുത്തുകാരുടെ ഭാവനാലോകം യഥാർത്ഥ ജീവിതചിത്രങ്ങൾക്കു മുന്നിൽ മുട്ടുകുത്തേണ്ടി വരുന്ന കാലമാണിത്. അത്തരം ഒരു ജീവിതവും അതിനാധാരമായ അവസ്ഥയും നമുക്കു മുന്നിൽ തുറക്കപ്പെടുകയാണ് ഒരുത്തീയിൽ. സാധാരണക്കാർ ഇത്തിരിക്കാശ്​ സ്വരൂപിച്ച്​ ഒരു തരിപ്പൊന്ന്​വാങ്ങുന്നത്, അത്യാവശ്യം വരുമ്പോൾ അതു പണയം വെച്ചു അതിജീവിക്കുന്നതിനുള്ള ഉപായമെന്ന നിലയ്ക്കാണ്. അല്ലാതെ ജ്വല്ലറി പരസ്യം പറയുമ്പോലെ "പെണ്ണായാൽ പൊന്നു വേണം, പൊന്നുങ്കുടമായിടേണം' എന്നു വിചാരിച്ചിട്ടൊന്നുമല്ല.

കഷ്ടപ്പെട്ട്​ മൂന്നരപ്പവൻ സ്വർണം വാങ്ങിയതിൽ രണ്ടുപവനും സ്വർണവ്യാപാരി കള്ളത്തരം നടത്തി വഞ്ചിച്ചത്, സ്വർണം പണയം വെയ്ക്കാൻ ചെന്നപ്പോൾ തിരിച്ചറിഞ്ഞ ഒരു സാധാരണ കുടുംബത്തിലെ ഗൃഹനാഥയുടെ അനുഭവസംഭവത്തെ മുൻനിർത്തി നിർമിച്ച ചലച്ചിത്രമാണ് ഒരുത്തീ. അതിലൂടെ മലയാള സിനിമയ്ക്കു വല്ലപ്പോഴുമെങ്കിലും അടിത്തട്ടിലുള്ള ജീവിതങ്ങളിലേക്കും അതിനെ സാരമായി നിർണയിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തിലേക്കും കണ്ണുപായിക്കേണ്ടിവരുന്നു. മാത്രമല്ല, മലയാള സിനിമയിലും ജീവിതത്തിലും പ്രബലമായ മധ്യവർഗ ആസ്വാദനശീലങ്ങൾക്കു അസ്വസ്ഥതയുണ്ടാക്കുന്നതിനും ഇത്തരം സിനിമകൾ കുറച്ചെങ്കിലും കാരണമാകുന്നുണ്ട്.

ഒരുത്തീയിൽ ആവിഷ്‌കൃതമാകുന്ന കേരളത്തിൽ സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ ചൂഷണം ചെയ്യുന്ന കഴുത്തറപ്പൻ ഫീസു വാങ്ങുന്ന പ്രൈവറ്റ് സ്‌കൂളുകളുണ്ട്. ഏതു സാധാരണ രക്ഷിതാവാണ് തങ്ങൾക്കു കിട്ടിയതിനേക്കാൾ മികച്ച വിദ്യാഭ്യാസം തങ്ങളുടെ മക്കൾക്കു കിട്ടണം എന്ന് സ്വാനുഭവത്താൽ ആഗ്രഹിക്കാത്തത്. അധികാരത്തിന്റെ ഭാഷ ഇംഗ്ലീഷാണെന്നും തങ്ങൾ ഓരങ്ങളിൽ തന്നെ നിൽക്കേണ്ടിവരുന്നത്, ഇംഗ്ലീഷ് വേണ്ടപോലെ പഠിക്കാൻ പറ്റാഞ്ഞിട്ടാണെന്നും അടിത്തട്ടു സമൂഹങ്ങൾക്കു നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ്, എങ്ങനെയെങ്കിലും നുള്ളിപ്പെറുക്കി സ്‌കൂൾ ബസ്സിനും ഫീസിനും മറ്റും കാശൊപ്പിച്ചു കൊടുത്തുകൊണ്ട്, സാധാരണക്കാരും മക്കളെ ഇംഗ്ലീഷ് മീഡിയത്തിലേക്കു വിടുന്നത്. തന്റെ മക്കൾ പഠിക്കുന്ന സ്‌കൂൾ, അവരുടെ ബസ്സിനു വാങ്ങുന്ന അമിതമായ തുകയെപ്പറ്റി ചിത്രത്തിലെ അമ്മ രാധാമണി ദേഷ്യപ്പെടുന്നുണ്ട്. ""കുറച്ചുനാൾ കൂടി ഇതു സഹിച്ചാൽ മതിയല്ലോ'', എന്നും ""അടുത്ത വർഷം കുട്ടികളെ, നടന്നുപോകാൻ പറ്റുന്ന സർക്കാർ സ്‌ക്കൂളിൽ ചേർക്കാ''മെന്നും അവർ പറയുന്നു. മാത്രമല്ല, തിരക്കിൽ ജോലിക്കിറങ്ങുന്നതിനിടയിൽ, ""ഏതു സ്‌കൂളിൽ പഠിച്ചാലും കഴിവുണ്ടെങ്കിൽ കുട്ടികൾ മിടുക്കരാകു''മെന്നും ഏതൊരു പാവം രക്ഷിതാവിനെയും പോലെ അവരും സ്വയം സമാധാനിക്കുന്നു. എന്നാൽ അധികാരത്തിലേക്കെത്തുന്നവരിൽ 99% പേരും ആ നിലയിലെത്തുന്നതു അവർക്കു വിദ്യാഭ്യാസത്തിന്റെ സാംസ്‌ക്കാരിക പശ്ചാത്തലം അടിത്തട്ടു സമൂഹങ്ങളിൽ നിന്നും തുലോം വേറെയാണെന്നു ഈ രക്ഷിതാവും അറിയുന്നില്ല.

ഇംഗ്ലിഷ് മീഡിയം സ്‌ക്കൂളുകൾക്കൊപ്പം ഒരുത്തീയിൽ രണ്ടാമത്​ അനാവരണം ചെയ്യപ്പെടുന്നത്, കേരളത്തിൽ തലയെടുപ്പോടെ നിൽക്കുന്ന സ്വകാര്യ ആശുപത്രി വ്യവസായമാണ്. സ്‌കൂളിൽ തലകറങ്ങി വീണ കുട്ടിയെ സ്‌കൂൾ അധികൃതർ, ഇത്തരം കാശുപിടുങ്ങുന്ന ആശുപത്രിയിൽ കൊണ്ടുവന്നതിനെപ്പറ്റി,
""കേമത്തമുള്ള സ്‌കൂളുകാർ അവരുടെ അന്തസ്സിനൊത്ത ആശുപത്രിയിലേക്കല്ലേ കൊണ്ടു വരൂ,'' എന്നു അമ്മ പരിതപിക്കുന്നുണ്ട്. അങ്ങനെ ആശുപത്രിയും ആതുരാലയവും അവരുടെ ജീവിതഭാരങ്ങളെ ഇരട്ടിപ്പിക്കുന്നു. ആശുപത്രിയിലായ കുട്ടി ഭക്ഷ്യവിഷബാധയേറ്റ് വളരെ ക്രിട്ടിക്കൽ സ്റ്റേജിലായിരുന്നെന്നും അതിനാൽ ഐ.സി.യു.വിൽ കിടത്തിയെന്നും ആശുപത്രിക്കാർ പറയുമ്പോൾ, അതിന്റെ ഫീസായി 8000 രൂപവേണം എന്നറിയുമ്പോൾ, ഗൾഫിലുള്ള കുട്ടിയുടെ അച്ഛൻ ആശ്വസിക്കുന്നതു പോലെ, ""ഏതായാലും മോൾക്കൊന്നും സംഭവിച്ചില്ലല്ലോ'' എന്നേ ആർക്കും ആശ്വസിക്കാൻ കഴിയൂ.

ഒരുത്തീയിലെ രംഗം.

ഈ രണ്ടു സ്വകാര മേഖലകൾക്കുമൊപ്പം, കേരളത്തിൽ 2000-ങ്ങൾ മുതൽ എല്ലായിടങ്ങളിലേക്കു വ്യാപിച്ച പണം പലിശക്കുകൊടുക്കുന്ന ഫിനാൻസ് സ്ഥാപനങ്ങളെയും സിനിമയിൽ കാണാം. ആശുപത്രിയിൽനിന്ന്​ മകളെ ഡിസ്ചാർജു ചെയ്യാൻ രൂപയ്ക്കുവേണ്ടി, അമ്മ തന്റെ സ്‌കൂട്ടറിന്റെ ആർ.സി. ബുക്കു പണയം വെച്ചു പണം വാങ്ങുന്നത് ഇത്തരം കൊള്ളപ്പശിലക്കാരിൽ നിന്നുമാണ്. യഥാർത്ഥത്തിൽ ഇവരെല്ലാം പ്രതിസന്ധികളിലെ രക്ഷകരാകുന്നുണ്ട്. നല്ല വിദ്യാഭ്യാസം കിട്ടാൻ മക്കളെ ചേർക്കുന്ന മുന്തിയ ഫീസുള്ള സ്‌കൂളും, 8000 രൂപ വാങ്ങി ജീവൻ രക്ഷിച്ചു എന്നവകാശപ്പെടുന്ന ആശുപത്രിക്കാരും, തക്കസമയത്തു പണം വായ്പ കൊടുക്കുന്ന ഫിനാൻസ് സ്ഥാപനവും അതിജീവനത്തിനു പിടയുന്ന സാധാരണ മനുഷ്യരുടെ അഭയകേന്ദ്രങ്ങളാണ്. ഇവരുടെയൊന്നും വായിലകപ്പെടാതെ ജീവിതം കൊണ്ടുപോകാൻ, ഓരോ ദിവസവും കഴിഞ്ഞു പോകാൻ പെടാപാടുപെടുന്ന മനുഷ്യർക്കാർക്കും കഴിയില്ലല്ലോ.

നാലാമത്, സിനിമയിൽ പ്രത്യക്ഷമാകുന്നത് ഭരണകൂട സ്ഥാപനമായ പൊലീസ് സ്റ്റേഷനാണ്. സിനിമയുടെ ആരംഭത്തിലും പിന്നെ ഇടയ്ക്കിടെയും ഏറ്റവും ഒടുവിലും നീതിപാലക സാന്നിധ്യമുണ്ട്. ആദ്യം അത് കള്ളപ്പണവുമായി പോകുന്നവരെ പിന്തുടരുന്ന പൊലീസ് വണ്ടിയാണ്. പക്ഷേ, കള്ളപ്പണക്കാരെ പിടിക്കുന്നതിൽ നിന്ന്​ സബ്ബ് ഇൻസ്‌പെക്ടറെ അയാളുടെ മേലുദ്യോഗസ്ഥൻ തന്നെ വിലക്കുന്നു. പിന്നീട് പൊലീസ് വരുന്നത്, കർണ്ണാടകത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ, കോൺഗ്രസ് എം.എൽ.എ. മാർ ബി.ജെ.പിയിലേക്കു കൂറുമാറാതിരിക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിൽ അവരെ നാട്ടിൽനിന്ന്​ കൊച്ചിയിൽ കൊണ്ടുവന്നു താമസിപ്പിച്ചപ്പോഴത്തെ യാത്രാ സെക്യൂരിറ്റി ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ്. ആ മൂന്നു ദിവസങ്ങളിലാണ് സിനിമയിലെ സംഭവങ്ങളെല്ലാം നടക്കുന്നത്. എം.എൽ.എ.മാർക്ക്​ പൊലീസ് എസ്‌കോർട്ടു പോകുന്നതും അതിനായി റോഡ് ബ്ലോക്കാക്കുന്നതും, അതിൽപ്പെട്ടു ആശുപത്രിയിൽ കിടക്കുന്ന മകളുടെ അടുത്തേക്കു എത്താൻ പറ്റാതെ അമ്മ വേവലാതിപ്പെടുന്നതും കാണാം.

നീതിപാലനത്തിന്റെ മുഴുവൻ ശ്രദ്ധയും വി.ഐ.പി.കൾക്ക്​ അകമ്പടി സേവിച്ചു തീരുന്നതിന്റെ അമർഷം സബ്ബ് ഇൻസ്‌പെക്ടർ തന്നെ വെളിപ്പെടുത്തുന്നുണ്ട്. സിനിമയിൽ പലപ്പോഴായി വരുന്ന കർണാടകത്തിലെ "കുതിരക്കച്ചവട' വാർത്തകളിൽ അസഹ്യനായി അയാൾ ടി.വി. ഓഫാക്കാൻ ആവശ്യപ്പെടുന്നു,

ഒരുത്തീയിൽ അവിടവിടെയായി വാർത്തകളിലൂടെ വരുന്നതു മുഴുവനും, കർണ്ണാടകത്തിൽ 2018ൽ കോൺഗ്രസ്- ദൾ സംഖ്യത്തെ തഴഞ്ഞു പകരം ബി.ജെ.പി.യെ മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചതിനെ തുടർന്നു അവിടെയുണ്ടായ അധികാര രാഷ്ട്രീയ സംഭവങ്ങളാണ്. അതിൽ എം.എൽ.എ.മാർ കൂറുമാറുന്നതിനായി കോടികൾ ഓഫർ ചെയ്യുന്നതുമുണ്ട്. അഞ്ച് കോടിയിൽ എത്ര പൂജ്യം വരുമെന്നും അതു ഏത്ര വലിയ തുകയാണെന്നും, നഗരത്തിലെ തിരക്കിനിടയിൽ ബോർഡിൽ വാർത്ത കണ്ടു മകൻ അമ്മയോടു ചോദിക്കുന്നതും അമ്മ അറിയില്ലെന്നു പറയുന്നതും കാണാം. മകളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജു ചെയ്യാൻ കാശിനായി നെട്ടോട്ടമോടുന്നതിനിടയിലാണ് മകന്റെ ഈ ചോദ്യം. അധികാരത്തിന്റെ സാമ്പത്തിക രസങ്ങളും അടിത്തട്ടു ജനതയുടെ നിത്യപ്രാരാബ്ദയോട്ടവും തമ്മിലുള്ള അന്തരത്തിന്റെ നിർദ്ദാക്ഷിണ്യമായ ഫലിതമിവിടെയുണ്ട്.

വിനായകൻ 'ഒരുത്തീ'യിൽ

കേരള ജലഗതാഗത വകുപ്പിലെ ഒരു എം. പാനൽ കണ്ടക്ടറാണ് കഥാനായിക രാധാമണി. അവരുടെ ഭർത്താവ് ഗൾഫിൽ പെയിന്റു പണിചെയ്യുന്നു. പണിക്കിടയിൽ താഴെവീണു കൈയൊടിഞ്ഞു പണിയില്ലാതെ അവിടെ വലയുന്നു. അയാളുടെ അമ്മയും രാധാമണിയുടെ കൂടെയുണ്ട്. അവർ രണ്ടുമൂന്നു തയ്യൽ മെഷിനുമായി, രണ്ടു പെൺകുട്ടികളെ വെച്ചു തയ്യൽക്കട നടത്തുന്നു. നമ്മുടെ നാട്ടിലെ ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണിത്. അവരുടെ ജീവിതഭദ്രതയ്ക്കു യാതൊരു ഉറപ്പുമില്ല. അവർക്കു അത്താണിയായിട്ടുള്ളത് അവരെ പോലെയുള്ള അതേ സഹജീവികൾ മാത്രം. അവർ ആപത്ഘട്ടങ്ങളിൽ കൂടെ നിൽക്കുന്നു. എല്ലാ കഷ്ടതകൾക്കിടയിലും

""പാഴ്​മഞ്ഞാൽ ചൂളീടിലും പഞ്ഞത്താൽ വിറയ്ക്കിലും
പാടുന്നു കേൾപ്പീലേ നീ, പാവങ്ങളയൽ സ്ത്രീകൾ''

എന്ന്​ വൈലോപ്പിള്ളി എഴുതിയതുപോലെ, അവർ നാട്ടിലെ ക്ഷേത്രത്തിൽ ഉത്സവത്തിനു ഒത്തുകൂടി തിരുവാതിര കളിക്കുന്നു; ഇല്ലായ്മകളിലും ചിരിക്കുന്നതിനുള്ള അസാധാരണശേഷി നേടുന്നു. രാധാമണിയെ പറ്റിച്ച ജ്വല്ലറിക്കാരിൽ നിന്നും അവൾക്കു നീതി കിട്ടാനായി അവളെ സഹായിക്കുന്ന സബ്ബ് ഇൻസ്‌പെക്ടറും താഴെത്തട്ടിൽനിന്നും വന്നയാളാണ്. അതുകൊണ്ടാകാം അവളുടെ അവസ്ഥ അയാൾക്കു പെട്ടെന്നു തിരിച്ചറിയാനായതും ജ്വല്ലറിക്കാരെ സഹായിക്കുന്ന മേലുദ്യോഗസ്ഥന്റെ ആജ്ഞയെ അവഗണിച്ചുകൊണ്ടു അവൾക്കു തുണയായി നിൽക്കുന്നതും, അതിന്റെ ശിക്ഷയായി കാസറഗോഡേക്കു സസ്‌പെൻഷൻ സന്തോഷത്തോടെ സ്വീകരിക്കുന്നതും.

ജനതയോട് യാതൊരു ഉത്തരവാദിത്ത്വവുമില്ലാത്ത ഒരു ഭരണവർഗ്ഗത്തിന്റെ പരോക്ഷമായ സാന്നിധ്യത്തിലേക്കാണ് ഈ സിനിമ നമ്മളെ എത്തിക്കുന്നത്. അവർക്കു ഭരണീയരോടുള്ള നിസ്സംഗതയിൽ നിന്നും കരുണാരാഹിത്യത്തിൽ നിന്നും മുളച്ചു വലുതായതാണ് കാശു പിടിച്ചുപറിക്കുന്ന വിദ്യാലയവും ആതുരാലയവും പലിശ ബിസിനസുകാരും വ്യാജസ്വർണ്ണം വിൽക്കുന്നവരും കള്ളപ്പണക്കാരും രാഷ്ട്രീയ കുതിരക്കച്ചവടവും അതിനെല്ലം സംരക്ഷണം കൊടുക്കുന്ന പോലീസും. എങ്ങനെയാണ് കഴിഞ്ഞ 30 വർഷം കൊണ്ടു ഇവരെല്ലാം ഞാൻ മുമ്പേ, ഞാൻ മുമ്പേ എന്ന് ഇത്രയും പനപോലെ വളർന്നത്? എങ്ങനെയാണ് എല്ലാ സാധാരണ മനുഷ്യരും എപ്പോഴെങ്കിലും ഇവരുടെ വലയിൽ കുടുങ്ങി പിടയുന്നത്? എന്തുകൊണ്ടു രാധാമണി ഒരു താൽക്കാലിക ജോലിക്കാരിയായി തുച്ഛവേതനത്തിനു പണിയെടുക്കേണ്ടിവരുന്നു? എന്തുകൊണ്ടവൾക്കു ഒരു നിമിഷം വിശ്രമിക്കാൻ സമയം കിട്ടുന്നില്ല? എന്തുകൊണ്ടു അവരുടെ ഭർത്താവിനു അറേബ്യയിൽ പോയി പെയിന്റുപണിക്കാരനാകേണ്ടിവന്നു? നമ്മുടെ ഭരണവർഗ്ഗത്തോടുള്ള ഈ ചോദ്യങ്ങൾ പോലും മറന്നുപോയ കാലത്തിന്റെ പ്രതിനിധികളാണ് നമ്മൾ. നമ്മുടെ അരക്ഷിതത്വത്തിനു കാരണം നാം തന്നെയെന്നു സ്വയം ശപിക്കുന്ന അരാഷ്ട്രീയതയിലേക്കു നമ്മെ തള്ളിയിട്ടിരിക്കുന്നു ഇവർ.

അങ്ങനെ, 1990 കൾക്കു ശേഷമുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ രാഷ്ട്രീയം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, കച്ചവടം, നീതിപാലനം എന്നീ മേഖലകളിൽ കേരളത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു, അതു ഏറ്റവും താഴെയുള്ള കുടുംബങ്ങളിലും അതിലുമുപരി എല്ലാ സമ്മർദ്ദങ്ങളും ഒടുവിൽ വന്നു പതിക്കുന്ന അടിത്തട്ടിലെ സ്ത്രീകളിലും എങ്ങനെ അലതല്ലുന്നു എന്നും ചൂണ്ടുകയാണ് ഒരുത്തീ. രാധാമണിയുടെ ജീവിതപ്പാച്ചിലുകൾ തൊഴിൽക്കമ്പോളത്തിലേക്കു എത്തപ്പെടാൻ നിർബ്ബന്ധിക്കപ്പെട്ട എല്ലാ കേരളീയ വനിതകളുടെയും വിയർത്തു തീരുന്ന ദിവസങ്ങളാണ്. അവളുടെ ഭർത്താവും അങ്ങ് അറബിനാട്ടിൽ കഷ്ടപ്പെടുന്നെങ്കിലും നാട്ടിൽ അവളാണിപ്പോൾ അച്ഛനും അമ്മയും. കഥയിൽ നാം സാധാരണ പ്രതീക്ഷിക്കുന്ന പോലെ രാധാമണിയും ഭർത്താവും തമ്മിൽ സംഘർഷം വന്നുചേരുന്നില്ല. സ്വർണ്ണം വാങ്ങിയതിന്റെ ബില്ലു കാണാതായപ്പോൾ അയാളിൽ നിന്നും അവളെ കുറ്റപ്പെടുത്തുന്ന ആൺ അധികാരഭാഷ വരുന്നുവെങ്കിലും അതിനയാൾ അവളോടു ക്ഷമ ചോദിക്കുന്നുണ്ട്. അങ്ങനെ കുടുംബത്തിൽ നിന്നും ആൺപെൺ ഏറ്റുമുട്ടലിനെ ഇവിടെ പുറത്തേയ്ക്കു കൊണ്ടുവരുന്നു.

രാധാമണിക്ക്​ ഏറ്റുമുട്ടേണ്ടി വരുന്നത്​ പരസ്യങ്ങളിലൂടെ അതികായരായി വളർന്ന്​ നമ്മുടെ വിശ്വാസം പിടിച്ചെടുത്തിരിക്കുന്ന വ്യാപാരവ്യവസ്ഥയോടും അവരെ രഹസ്യമായി താങ്ങി നിർത്തുന്ന അധികാരശക്തികളോടുമാണ്. സേവനമേഖല മാത്രം വളർന്നു പന്തലിച്ച ഒരു ഉപഭോക്തൃ സമൂഹത്തിൽ സ്‌ക്കൂളും ആശുപത്രിയും സ്വർണ്ണക്കടയും വട്ടിപ്പലിശക്കാരും അധികാരത്തിന്റെ പരോക്ഷരൂപങ്ങളായി അരങ്ങിലെത്തുന്നു. മാത്രമല്ല, അധികാരത്തിലുള്ളവർ തന്നെയാണ് ഈ മൂന്നാം മേഖലയുടെ ഉടമസ്ഥരും എന്നു വന്നിരിക്കുന്നു. അവർക്കു നേരിട്ടോ ബിനാമിയായോ ഇവയിലെല്ലാം നിക്ഷേപമുണ്ട്. അവ വികസിക്കുന്നത് രാധാമണിയുടെ ഓട്ടത്തെയും അവരുടെ ഭർത്താവിന്റെ ചുടുവെയിലിലുള്ള അധ്വാനത്തെയും വലിച്ചൂറ്റിയെടുത്തുകൊണ്ടാണ്.

''രാധാമണിയായി വന്ന നവ്യയെ പരമാവധി ചമയം ഒഴിവാക്കിയാണ് അവതരിപ്പിക്കുന്നത്. അവരുടെ മുഖം കുറച്ചുകൂടി ഇരുണ്ടിരിക്കുന്നു. അവർ തിരുവാതിര കളിക്കുന്ന ക്ഷേത്രവും പിന്നാക്ക വർഗത്തിന്റേതാണ്. കാരണം സിനിമയിൽ കാണുന്ന 150 പേരുടെ തിരുവാതിര ഇത്തരം കൂട്ടായ്മകളുടെ ഭാഗവുമാണ്.''

സിനിമയിൽ പൊലീസ് മേലുദ്യോഗസ്ഥൻ അദൃശ്യനാണ്. അയാളുടെ ശബ്ദം മാത്രമാണ് കേൾക്കുന്നത്. അയാൾ കള്ളപ്പണക്കാർക്കു കൂട്ടുനിൽക്കുന്നു. വി.ഐ.പി. സെക്യൂരിറ്റിയിൽ മാത്രമാണ് അയാളുടെ ഉത്തരവാദിത്ത്വം മുഴുവനും. രാധാമണിയുടെ അനുജൻ സ്വർണ്ണക്കടയുടെ തട്ടിപ്പിനെപ്പറ്റി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ, ആ കുട്ടിയെ സ്റ്റേഷനിലേക്കു വിളിപ്പിക്കുന്നതും, അവനു പത്തുമണിക്കു ഡിഗ്രി പരീക്ഷയെഴുതാൻ പോകണമെന്നു അറിഞ്ഞപ്പോൾ, ""എങ്കിൽ പതിനൊന്നുമണിക്കു വിട്ടാൽ മതി''യെന്നു പോലീസുകാർക്കു നിർദ്ദേശം കൊടുക്കുന്നതും അയാളാണ്. അയാളെയും നിയന്ത്രിക്കുന്നവരാകട്ടെ ശബ്ദം പോലും കേൾപ്പിക്കാതെ ചിത്രത്തിലേ വരാത്തവരത്രേ. രാഷ്ട്രീയാധികാരവും വ്യാപാരവും നീതിനിർവ്വഹണവും തമ്മിൽ തിരിച്ചറിയാനാകാത്തവിധം ഒന്നായിട്ടും അസ്പഷ്ടമായിട്ടുമാണ് ഒരുത്തിയിൽ അവതരിക്കുന്നത്. അത് രാധാമണിയുടെ നിത്യപ്പാച്ചിലിന്റെയിടയിൽ വെറുതേ മിന്നിമറയുന്നുവെന്നു മാത്രം. എന്നാൽ അത് കേരളം എത്തിച്ചേർന്നിരിക്കുന്ന മൂലധനാർത്തമായ ആൺ അധികാര ഭരണത്തിലേക്കു നമ്മെ എത്തിക്കുകയും ചെയ്യും. സിനിമയിലെ സംഘർഷം രാധാമണിയെന്ന പെണ്ണും സർവ്വമൂല്യങ്ങളെയും നിരങ്കുശം അവഗണിക്കുന്ന സേവന മൂടുപടമണിഞ്ഞ ആൺകോയ്മാ ഭരണവ്യാപാരവും തമ്മിലാണ്. അധികാരത്തിന്റെ ആൺവ്യവസ്ഥ ശക്തിപ്രാപിക്കുന്നതിനൊത്ത് അതിന്റെ ആഘാതങ്ങൾ അന്തിമമായി അനുഭവിക്കേണ്ടി വരിക ഏറ്റവും അടിത്തട്ടിലെ പെൺസമൂഹമായിരിക്കും.

പക്ഷേ, കഥാവസാനം രാധാമണിയുടെ സ്വർണ്ണത്തിന്റെ പണം തിരികെ കൊടുക്കാൻ സബ്ബ് ഇൻസ്‌പെക്ടറാൽ സ്വർണ്ണവ്യാപാരികൾ നിർബ്ബന്ധിതരായെങ്കിലും, തന്നെ കുടിലമായി വഞ്ചിച്ചവർക്കെതിരെ- തന്നെ തട്ടിപ്പുകാരിയായി അപമാനിച്ചവർക്കെതിരെ- തെളിവുകൾ ഇല്ലാതാക്കാൻ തന്റെ ബാഗ് മോഷ്ടിച്ചവർക്കെതിരെ- തന്റെ സഹോദരന്റെ പരീക്ഷ മുടക്കിയവർക്കെതിരെ കേസുകൊടുക്കാൻ തന്നെ അവൾ തീരുമാനിക്കുകയും അവൾക്കു കിട്ടിയ ചെക്ക് കീറിക്കളയുകയും ചെയ്യുന്നു. തനിക്കു വേണ്ടി നിലകൊണ്ട ഇൻസ്‌പെക്ടർ അവളിൽ മനുഷ്യത്വത്തിൽ വിശ്വസിക്കുന്നതിനുള്ള ധൈര്യം സൃഷ്ടിച്ചതിനാലാകാം അവൾ നിയമയുദ്ധത്തിനു സന്നദ്ധയാകുന്നത്. അവളുടെ ഈ ധൈര്യം ഇനിയും കെട്ടുപോകാത്ത സമൂഹമനഃസാക്ഷിയിലുള്ള വിശ്വാസവും അതിൽനിന്നും വരുന്ന ഊർജ്ജവുമാണ്. അത് എന്തൊക്കെ ക്ലേശങ്ങൾ പേറേണ്ടി വന്നാലും മൂലധനാർത്തിക്കു അടിയറവു പറയാത്ത അടിത്തട്ടു മനുഷ്യരാൽ നിർമ്മിതമായ ജനായത്ത മൂല്യങ്ങളിലുള്ള ബോധ്യമാണ്. തനിക്കു നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുന്നതുകൊണ്ടു അവസാനിക്കുന്നതല്ല വ്യാപാരത്തിന്റെ ആർത്തി തങ്ങളെ പോലുള്ളവർക്കു വരുത്തിവെയ്ക്കുന്ന ചേതമെന്നു അവൾക്കു തിരിച്ചറിവുണ്ടാകുന്നത്, താൻപെട്ടുപോയ ചതി സാമൂഹ്യമായ അനീതിയായി ഉൾക്കൊള്ളുന്ന അവളുടെ ഉയർന്ന മൂല്യബോധത്താലത്രേ. അങ്ങനെ തന്റെ പ്രതിഷേധത്തെ അതിന്റെ സാമൂഹ്യതലത്തിലേക്കു വ്യാപിപ്പിക്കുകയാണ് കേസുമായി മുന്നേറുന്നതിലൂടെ രാധാമണി ചെയ്യുന്നത്. അതിന്റെ വരുംവരായ്കകൾ എന്തായാലും അതിനെയും നേരിടാൻ അവൾ സന്നദ്ധയായിരിക്കുന്നു. ഒരുപക്ഷേ ഭർത്താവിനോട് ഇതേപ്പറ്റി ആലോചിച്ചിരുന്നെങ്കിൽ പൊല്ലാപ്പിനൊന്നും ഇനി പോകേണ്ട എന്നയാൾ വിലക്കുമായിരുന്നു.

ഒരുത്തിയിൽ ശ്രദ്ധിക്കപ്പെടേണ്ടത് രാധാമണിയും കുടുംബവും കേരളത്തിലെ ജാതിശ്രേണിയിൽ പിന്നാക്ക വർഗത്തെ പ്രതിനിധാനം ചെയ്യുന്നു എന്നതാണ്. കാരണം, സാധാരണയായി സിനിമ പ്രയോഗിക്കുന്ന സവർണ്ണ ജാതിബിംബതന്ത്രങ്ങളെ കഥാപാത്രങ്ങളിലൂടെ ഇവിടെ വ്യക്തമാക്കുന്നില്ല. രാധാമണിയായി വന്ന നവ്യയെ പരമാവധി ചമയം ഒഴിവാക്കിയാണ് അവതരിപ്പിക്കുന്നത്. അവരുടെ മുഖം കുറച്ചുകൂടി ഇരുണ്ടിരിക്കുന്നു. അവർ തിരുവാതിര കളിക്കുന്ന ക്ഷേത്രവും പിന്നാക്കവർഗത്തിന്റേതാണ്. കാരണം സിനിമയിൽ കാണുന്ന 150 പേരുടെ തിരുവാതിര ഇത്തരം കൂട്ടായ്മകളുടെ ഭാഗവുമാണ്. ഇങ്ങനെ ജാതിശ്രേണിയുടെ സവർണ്ണ സൂചകങ്ങളെ അകറ്റി രാധാമണിയെ അവർണ പശ്ചാത്തലത്തിൽ നിർത്തുന്നതിലൂടെ മധ്യവർഗ സ്ത്രീകളിൽ കാണാൻ സാധിക്കാത്ത അതിജീവനക്ഷമതയും തന്റേടവും അടിത്തട്ടു സ്ത്രീകളിൽ ജീവിതാനുഭവങ്ങൾകൊണ്ടു സമ്പന്നമാണെന്നും നാം തിരിച്ചറയുന്നു. വർഗപരമായ ഈ കരുത്താണ് രാധാമണിയെ, മകനെയും കൂട്ടി തന്റെ ബാഗു തട്ടിയെടുത്തവനു പിന്നാലെ മണിക്കൂറുകൾ ഓടാനും അവനെ പിടികൂടാനും തുണച്ചത്.

Comments