സിൻഡ്രല്ലയുടെ കഥ ഏറെ പ്രശസ്തമാണ്. ദുരിതപൂർണ്ണമായ ജീവിതത്തിനിടയിൽ, രാജകുമാരൻ നടത്തിയ ഒരു ആഘോഷ പരിപാടിയ്ക്ക് പോവാനിടയായ സിൻഡ്രല്ലയുടെ ജീവിതം മാറിമറിയുകയായിരുന്നു. പാർട്ടിയിൽ അവൾ ഉപേക്ഷിച്ച ചില്ലുപാദുകം തേടി രാജകുമാരനെത്തിയതും പിന്നീടെക്കാലത്തും അവരൊന്നിച്ചു സന്തോഷത്തോടെ ജീവിച്ചതും അത്ഭുതം കണക്കെ നാമെല്ലാം കേട്ടുവളർന്ന കഥയാണ്. ചാരം മൂടിയ ജീവിതത്തിൽ നിന്നും കൊട്ടാരത്തിലെത്തിയ പെൺകുട്ടിയുടെ കഥയാണ് സിൻഡ്രല്ലയുടേത്.
ഷാൻ ബേക്കർ സംവിധാനം ചെയ്ത അമേരിക്കൻ സിനിമയായ അനോറയും കെട്ടിലും മട്ടിലും ആ മായാജാലക്കഥയുടെ പകിട്ട് കൈകൊള്ളുന്നുണ്ട്. സിൻഡ്രല്ലക്കു പകരം അനോറ അഥവാ ആനി എന്ന സ്ട്രിപ്പ് ക്ലബ് ഡാൻസർ. രാജകുമാരനു പകരം ഇവാനെന്ന കോടീശ്വര പുത്രൻ. സിൻഡ്രല്ലയെപ്പോലെ തന്റെ ജീവിതവും മാറിമറിയുമെന്ന് പ്രതീക്ഷിച്ച് ഇവാനോടൊപ്പം പോകുന്നുവെങ്കിലും അത് സംഭവിക്കുന്നില്ല. അപ്രതീക്ഷിതമായ പലതും കരുതിവക്കുന്ന ജീവിതം ചിലപ്പോഴൊക്കെ മായാജാലക്കഥ പോലെയാണ്, പച്ചയായ യാഥാർത്ഥ്യങ്ങളെ നേരിടേണ്ടിവരും വരെ മാത്രം.

ഇരുപത്തിമൂന്നുകാരിയായ ആനി സ്ട്രിപ്പ് ക്ലബ്ബ് ഡാൻസർ ആണെന്ന് നേരത്തേ പറഞ്ഞല്ലോ. അമ്മ മറ്റൊരാളെ കല്യാണം കഴിച്ച് വേറൊരു സ്ഥലത്തു താമസിക്കുന്നു. മുത്തശ്ശി റഷ്യനായിരുന്നതിനാൽ ആനിക്ക് റഷ്യൻ ഭാഷയും വശമുണ്ട്. ഏകയായ ആനിക്ക്, ക്ലബ്ബിലെ അന്തേവാസികളെ ചുറ്റിപ്പറ്റിയുള്ള സന്തോഷങ്ങളും വഴക്കുകളും മാത്രമേയുള്ളൂ. പക്ഷേ, പണം മുടക്കി തനിക്കൊപ്പം ചെലവഴിക്കാനെത്തുന്നവരോട്, താൻ ഭക്ഷണം കഴിച്ചുതീരുന്നതുവരെ കാത്തുനിൽക്കാൻ പറയാൻ മടിക്കാത്ത, സമയത്തെക്കുറിച്ചും ആത്മാഭിമാനത്തെക്കുറിച്ചും ബോധമുള്ളവളാണ് ആനി. ക്ലബ്ബിലെത്തുന്ന പുരുഷന്മാരെ ആനന്ദിപ്പിക്കുന്നതിലൂടെ കിട്ടുന്ന പണം അവൾക്ക് ജീവിക്കാൻ പോലും മതിയാകുന്നില്ല.
അരികുവൽകരിക്കരിക്കപ്പെട്ടവരുടെ ജീവിതമാണ് ബേക്കർ കാണിക്കുന്നത്. അത്തരത്തിൽ കാണിക്കുമ്പോഴും ഭൂതകാലത്തിന്റെ ദുഖഭാരം അവർക്കുമേൽ കയറ്റിവക്കാതെ വാർത്തമാനത്തെയും ഭാവിയെയും കുറിച്ചുള്ള ആശങ്കകളാണ് ചിത്രം കൂടുതലായും പങ്കുവെക്കുന്നത്. ഒറ്റയടിക്കു കുറേ പണം നേടി സ്വസ്ഥമായി ജീവിക്കണം എന്നു കരുതുന്നവളായാണ് ആനിയെ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. അതിനുള്ള അവസരവും ആ ജീവിതത്തിൽ വന്നുചേരുന്നു. റഷ്യയിലെ ഒരു കോടീശ്വരൻ്റെ ധൂർത്തപുത്രനായ ഇരുപത്തിയൊന്നുകാരൻ ഇവാനൊപ്പം ഒരാഴ്ച കാമുകിയായി കഴിയാനുള്ള അവസരം. ഓരോ ദിവസവും പതിനയ്യായിരം ഡോളർ കൂലി. എല്ലാം കേട്ടു കണ്ണു മഞ്ഞളിക്കുന്ന അവൾ, തലയുയർത്തിപ്പിടിച്ച്, സ്ട്രിപ്പ്ക്ലബിൽ നിന്നിറങ്ങിപ്പോവുന്നു.

ഒരിക്കലും സ്വപ്നം പോലും കാണാൻ സാധിക്കാതിരുന്ന പണക്കാരുടെ ജീവിതം ഒരാഴ്ചക്കാലം അവൾ അനുഭവിക്കുകയാണ്. പിന്നീട്, ആനിയെ ഞെട്ടിച്ചുകൊണ്ട് ഇവാൻ അവളെ വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നു. ഒന്നും നോക്കാതെ ആനി സമ്മതം മൂളുന്നു. കുട്ടിത്തം മാറാത്ത ഇവാൻ തനിക്കു യോജിച്ചവനാണോ എന്നുപോലും ആനി ഓർക്കുന്നില്ല. ദാരിദ്ര്യത്തിനു മുന്നിൽ പണം അതിൻ്റെ പത്തി വിരിച്ചാടുന്നതെങ്ങനെയെന്നു കാണാൻ ഈ രംഗങ്ങൾ മതിയാവും. ബുദ്ധിമതിയെങ്കിലും ഇത്തരമൊരു ക്ഷണത്തിനു മുന്നിൽ രണ്ടാമതൊന്നാലോചിക്കാതെ സമ്മതം മൂളുന്ന ആനിയിലൂടെ സിനിമ നമ്മുക്കത് പറഞ്ഞുതരുന്നുണ്ട്. നിത്യജീവിതത്തിലും കാണാം, ഇതുപോലെ മുൻപരിചയമൊന്നുമില്ലാത്ത ചെറുപ്പക്കാരുടെ കൂടെയിറങ്ങിപ്പോവാൻ, മുന്നും പിന്നും നോക്കാതെ തയ്യാറാകുന്നവരെ.
പ്രേക്ഷകർക്ക് ഏറെക്കുറെ അനുമാനിക്കാനാവുന്ന തിരക്കഥയാണ് ഈ സിനിമക്ക്. എങ്കിലും, ദൃശ്യഭംഗിയാലും നർമ്മത്തിൽ പൊതിഞ്ഞ രംഗങ്ങളാലും മികച്ച കാഴ്ചാസുഖം സംവിധായകൻ ഒരുക്കിത്തരുന്നുണ്ട്. ഇവാൻ്റെ മാതാപിതാക്കളുടെ കൊട്ടാരസമാനമായ സൗധത്തിൽ, അവനുമൊന്നിച്ചുള്ള ജീവിതം ആരംഭിക്കവേ, വീഡിയോ ഗെയിമിനു വശംവദനായ തൻ്റെ ഭർത്താവിനെയാണ് ആനിക്ക് കാണാനാവുന്നത്. കേവലമായ വീഡിയോ ഗെയിം എന്നതിനപ്പുറം ആനിയേയും അവനൊരു ടോയ് ആയാണ് കാണുന്നതെന്ന് കാണാം. ഇതെല്ലാം തിരിച്ചറിഞ്ഞിട്ടും തനിക്കു സ്വപ്നം പോലും കാണാനർഹതയില്ലാതിരുന്ന ഒരു പ്രഭുകുടുംബത്തിൻ്റെ മരുമകളായതിൽ അവൾ അഭിമാനം കണ്ടെത്തുകയാണ്. ആനിയെപ്പോലെ, വിവാഹജീവിതം വിജയകരമല്ലെന്നറിഞ്ഞാലും കുടുംബമഹിമയോർത്തു മാത്രം അതു തുടരാൻ നിർബന്ധിതരാവുന്ന എത്ര പെൺകുട്ടികളെ സിനിമക്കു പുറത്തും നമുക്കു കാണാനാവും!

പണം വേണമെന്നല്ലാതെ, ജീവിതത്തെക്കുറിച്ച് ഒത്തിരി സ്വപ്നങ്ങളുള്ള ഒരുവളല്ല ആനി. ആരുമില്ലാത്ത തനിക്കു കിട്ടിയ ഒരു തുണ- അതായിരുന്നു അവൾക്ക് ഇവാൻ. എന്നാൽ, അമേരിക്കയിൽ തന്നെ തുടരാൻ, ഗ്രീൻ കാർഡ് ലഭിക്കാനുള്ള തൻ്റെ ഉപാധിയായിരുന്നു, അവൾ ഇവാന്. മകൻ്റെ വിവാഹവാർത്തയറിയുന്ന, റഷ്യയിലുള്ള ഇവാൻ്റെ അച്ഛനും അമ്മയും, അവൻ്റെ ലോക്കൽ ഗാർഡിയനായ ടോറസിനെ വിളിക്കുന്നു. ഉടനടി കാര്യങ്ങൾ അന്വേഷിക്കാനായി ടോറസിൻ്റെ ആജ്ഞാനുസരണം ഗാർണിക്ക്, ഈഗർ എന്നീ രണ്ടനുയായികൾ അവർ താമസിക്കുന്ന കൊട്ടാരത്തിലെത്തുന്നു. തൻ്റെ മാതാപിതാക്കൾ റഷ്യയിൽ നിന്നു പുറപ്പെട്ടു കഴിഞ്ഞുവെന്ന കാര്യം അറിയുന്നതും ഇവാൻ അവിടെനിന്നും ഓടി രക്ഷപ്പെടുന്നു. തനിക്കും കൂടെ വരണമെന്നു പറയുന്ന ആനിയെ അവൻ ഗൗനിച്ചതേയില്ല. അപ്പോഴാണ്, ആദ്യമായി അവളുടെ മുഖത്ത് പകപ്പ് പ്രകടമാവുന്നത്, വിശ്വസിച്ചവൻ കൈവിട്ടോ എന്ന സന്ദേഹം ഉയരുന്നത്.
അന്നേരം മുതൽ പ്രേക്ഷകർ ഈഗറിനെ ശ്രദ്ധിച്ചു തുടങ്ങും. ആക്രോശിക്കുന്ന, തെറി വിളിക്കുന്ന ആനിയെ കരുണയോടെ നോക്കുന്ന ഈഗറിൻ്റ കണ്ണുകൾ നമ്മളുടെ കണ്ണുകളിലുടക്കും. പുറമെ പരുഷമായും ധീരമായും പെരുമാറുന്ന പല സ്ത്രീകളുടെയും ഉള്ളം ലോലമായിരിക്കുമെന്നത് അയാളറിയുകയാണ്. മാനസികമായി തകർന്ന അവളെ അക്രമകാരിയാവാൻ അനുവദിക്കാതെ ഈഗർ കെട്ടിയിടുന്നു. അതേ സമയം ഗാർണിക്ക് ചോദിക്കുന്നു, എന്തിനു കെട്ടിയിടണം, നമ്മൾ രണ്ടാണുങ്ങളല്ലേയെന്ന്. ഗാർണിക്ക് ദുർബലയായിക്കണ്ട ആനി തൊട്ടടുത്ത രംഗത്തിൽ തന്നെ അയാളുടെ മൂക്കിടിച്ചു തകർക്കുന്നതു കാണാം. സ്ത്രീകൾക്ക് ദുർബലത എന്ന ഒന്നില്ലേയില്ല, ശക്തി പ്രകടിപ്പിക്കാതിരിക്കുക എന്ന അവസ്ഥ മാത്രമേയുള്ളൂ.
ചോരയൊലിക്കുന്ന മൂക്കിൽ വെക്കാൻ കൊട്ടാരത്തിലെ ഫ്രിഡ്ജിൽ ഐസു തപ്പുന്നുണ്ട് ഗാർണിക്ക്. എങ്ങും കാണുന്നില്ല. അപ്പോൾ അയാൾ സംശയത്തോടെ സ്വയം ചോദിക്കുന്നു, പണക്കാരുടെ വീട്ടിൽ ഐസുണ്ടാവില്ലേയെന്ന്. സാമൂഹ്യഘടനയിൽ താഴെയും മേലെയും നമ്മൾ എടുത്തുവക്കുന്ന മനുഷ്യർക്കിടയിലുള്ള അന്തരം വെറും പണത്തിൻ്റെ കാര്യത്തിൽ മാത്രമല്ല. പണക്കാരുടെ അടുക്കള പോലും എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാൻ താഴേക്കിടയിലുള്ളവർക്കാവുന്നില്ല എന്നുവേണം പറയാൻ. അതു തന്നെയാണ് ആനിയെ ഇവാനിലേക്കെത്തിച്ചതും. സിൻഡ്രല്ലയിൽ പ്രകടമായിരുന്ന, എല്ലാത്തിനോടുമുള്ള ശക്തമായ വൈകാരിക ബന്ധം ആനിയിൽ ഇല്ലായിരുന്നു. അവൾക്കു പ്രിയം പണത്തോടും അതിനാൽ വാങ്ങിക്കാനാവുന്ന വസ്തുക്കളോടുമായിരുന്നു.

സിനിമയുടെ ഈ ഘട്ടം മുതലങ്ങോട്ടു കാണാനാവുന്ന ഒന്നുണ്ട്, ഒരു ചുവന്ന സ്കാർഫ്. ഷാൻ ബേക്കർ ഒരു അഭിമുഖത്തിൽ പറഞ്ഞത്, അടിച്ചമർത്തലിൻ്റെ ചിഹ്നമായിട്ടാണ് ഈ ചുവന്ന സ്കാർഫ് ഉപയോഗിച്ചത് എന്നാണ്. ‘സോവിയറ്റ് യൂണിയൻ’ എന്ന ഗതകാല പ്രൗഢിയിൽ അഭിരമിക്കുന്ന പ്രഭുകുടുംബത്തിൻ്റെ അടയാളം കൂടി ആവുകയാണ് ഈ ചുവപ്പൻ തുണിക്കഷണം. അലറുന്ന ആനിയുടെ വായ കെട്ടാനാണ് ആദ്യം ഈഗർ അതുപയോഗിക്കുന്നത്. സമൂഹത്തിൽ തൻ്റെയതേ സ്റ്റാറ്റസ് നിലനിർത്തുന്ന ഗാർണിക്കിനോടും ഈഗറിനോടും അഹങ്കാരത്തോടെയാണ് ആദ്യമെല്ലാം ആനി പെരുമാറുന്നത്. ടോറസു കൂടി രംഗത്തെത്തുമ്പോൾ അവൾക്കു മനസിലാവുന്നു, ഒരു കുരുത്തം കെട്ട കുട്ടിയായി, പല കേസുകളിലും പലവട്ടം പിടിക്കപ്പെട്ട മുതിർച്ചയെത്താത്ത ഒരുവനാണ് ഇവാനെന്ന്. തങ്ങൾ ശരീരം പങ്കിട്ടത് അവൻ്റെ മാതാപിതാക്കളുടെ മുറിയിൽ വച്ചാണെന്നും, ചുമരിൽ ശൂന്യാകാശനൗകയുടെ ചിത്രങ്ങൾ പതിപ്പിച്ച, ‘കുട്ടികളുടെ പോലോത്ത’ മുറിയാണ് ഇവാൻ്റെതെന്നും കേൾക്കുമ്പോൾ അവളറിയുന്നു, എത്ര മാത്രം ‘കുട്ടി’ ആണ് അവനെന്ന്. ഉടനടി വിവാഹക്കരാർ റദ്ദു ചെയ്യണമെന്ന് ടോറസ് പറയുമ്പോൾ, നിഷേധിക്കുന്നുണ്ട് ആനി. പിന്നെ, ഇവാനെ കണ്ടെത്തുംവരെ മൗനം പാലിക്കാൻ അവൾ തീരുമാനിക്കുന്നു. തൻ്റെ ബോസിനെ പേടിച്ചാണ് ടോറസ് ഇവാനെ അന്വേഷിച്ചിറങ്ങുന്നത് എങ്കിൽ, ആനിക്കത് തൻ്റെ കൈവെള്ളയിലെത്തിച്ചേർന്ന അതിശയജീവിതം കൈമോശം വരാതിരിക്കാനുള്ള അവസാന ശ്രമത്തിൻ്റെ ഭാഗമാണ്.
പതിവിടങ്ങളിലൊന്നും അവർക്ക് ഇവാനെ കണ്ടെത്താനാവുന്നില്ല. തിരച്ചിലിനിടെ, കൊടും ശൈത്യം കാരണം വിറച്ച ആനിക്ക്, നേരത്തേ കണ്ട അതേ ചുവപ്പു സ്കാർഫ് കഴുത്തിൽ ചുറ്റാൻ വേണ്ടി ഈഗർ വെച്ചുനീട്ടുന്നു. അവനതു കൊട്ടാരത്തിൽ നിന്നെടുത്തു എന്നത് അവളെ അതഭുതപ്പെടുത്തുന്നു. ആദ്യം നിരസിച്ചെങ്കിലും പിന്നീടവൾ സ്കാർഫ് കഴുത്തിലണിയുന്നു. നേരത്തെ തന്റെ വായടപ്പിച്ച, ശ്വാസം മുട്ടിച്ച അതേ സ്കാർഫ് അപ്പോഴവൾക്ക് തണുപ്പിൽ നിന്നുള്ള പരിചയാവുന്നു. ആദ്യം കയ്ക്കുമെങ്കിലും പിന്നീട് മധുരിക്കുന്ന ചില മനുഷ്യരെ പോലെ തന്നെ!
മദ്യവും മയക്കുമരുന്നും സേവിച്ച് ബോധം തെറ്റിയ ഇവാനെ കണ്ടെത്തുമ്പോൾ ആനി അവനോട് സകലതും വിവരിക്കാൻ ശ്രമിക്കുന്നു; ടോറസിൻ്റെ വരവിൻ്റെ ലക്ഷ്യം തങ്ങളുടെ വിവാഹം റദ്ദാക്കലാണെന്ന് ആകുലതയോടെ പറയുന്നു. ഒന്നും ശ്രദ്ധിക്കാത്ത ഇവാൻ, തൻ്റെ മാതാപിതാക്കൾ എത്തിയോ എന്നു ടോറസിനോട് അന്വേഷിക്കുകയാണ് ചെയ്യുന്നത്. ആനിയുടെ തകർച്ച അവിടം കൊണ്ട് പൂർണമാവുകയാണ്. ഇവാൻ വെറുമൊരു ഭീരുവാണെന്നും, താൻ സ്വപ്നം കണ്ട മാന്ത്രിക ജീവിതം അവസാനിക്കാൻ പോവുകയാണെന്നും അവൾ ഉറപ്പിക്കുന്നു.

വിവാഹക്കരാർ റദ്ദാക്കാൻ ഇവാനെയും കൂട്ടി സംഘം മറ്റൊരു സ്ഥലത്തേക്കു പുറപ്പെടുന്നു. അവിടെ വച്ച് അവൻ്റെ മാതാപിതാക്കളെ ആദ്യമായി ആനി കാണുന്നു. അമ്മയായ ഗലിനയെ കാണുമ്പോൾ സന്തോഷത്തോടെ, ആനി തന്നെ ഇവാൻ്റെ ഭാര്യയെന്നു പരിചയപ്പെടുത്തുന്നു. അവളെ ഗൗനിക്കാതെ ഗലിന ഇവാൻ്റെ അടുത്തേക്കാണ് ചെല്ലുന്നത്; അവനോട് ആദ്യം കോപിക്കുമെങ്കിലും ഉടനടി അമ്മയും മകനും കെട്ടിപ്പിടിച്ചു ഒന്നാവുന്നു. വീണ്ടും വീണ്ടും ഗലിനയുടെ ശ്രദ്ധ ക്ഷണിക്കാൻ ശ്രമിക്കുന്നു ആനി. അത് വേദനയോടെ നോക്കുന്നത് ഈഗർ മാത്രമാണ്. വേശ്യയെന്നും, ഹുക്കറെന്നും വിളിച്ച് അവളെ അപമാനിക്കുന്നുണ്ട് ഗലിന. ഭീരുവായ, അമ്മക്കുട്ടിയായ ഇവാൻ ഇനി കൂടെ നിൽക്കില്ലെന്ന് അവൾ മനസിലാക്കുന്നു. അതുവരെ കുറച്ചു മുറുക്കത്തിൽ കിടന്നിരുന്ന ചുവപ്പൻ സ്കാർഫ് ആ നേരങ്ങളിൽ ആനിയുടെ കഴുത്തിൽ അയഞ്ഞു കിടക്കുന്നതു കാണാം. അവൾ മുറുകെപ്പിടിക്കാൻ നോക്കിയ ഇവാൻ നഷ്ടമാവാൻ പോവുന്നു എന്നതിൻ്റെ ബിംബമായി അതിനെ കാണാവുന്നതാണ്.
വക്കീലിനെക്കണ്ട് അമ്മയ്ക്കും മകനുമെതിരെ അന്യായത്തിനു കേസ് ഫയൽ ചെയ്യുമെന്നു ഗലിനയോട് ധൈര്യത്തോടെ പറയുന്ന ആനിയെ നോക്കി ഈഗർ അഭിമാനത്തോടെ പുഞ്ചിരിക്കുന്നു. പക്ഷേ അവിടെയും വിജയിക്കുന്നത് പണം തന്നെയാണ്. അങ്ങനെ കേസിനു പോയാൽ അവളുടെ സകലതും തകർക്കുമെന്ന് ഗലിന ഭീഷണിപ്പെടുത്തുന്നു. ദരിദ്രനായ ഈഗർ പോലും അതു കേട്ട് വല്ലാതാവുന്നു. ലോകത്തെവിടെയും, നീതിയും നിയമവും പണക്കാർക്കൊപ്പമാണ്. ഇവാനുമായി ഗലിനക്കുണ്ടാവുന്ന വാഗ്വാദത്തിനൊടുവിൽ, അവൻ പറയുന്നു, ഒരു എസ്കോർട്ടിനൊപ്പം ഒരാഴ്ച ചെലവഴിച്ചതാണോ താൻ ചെയ്ത തെറ്റെന്ന്! കല്യാണം കഴിച്ചിട്ടുണ്ട് എന്നതുപോലും ഇവാൻ മതിക്കുന്നില്ല. അതു കേൾക്കുന്ന ആനി വിഷമിക്കുകയല്ല, ക്രൂരമായ ഭാഷയിൽ അവനെ നേരിടുകയാണ് ചെയ്യുന്നത്. നിന്നെ ഡിവോഴ്സ് ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നു പറയുന്നു അവൾ.
വിവാഹമോചനക്കടലാസിൽ ഒപ്പിട്ടു കഴിയുമ്പോൾ ഈഗർ, ഇവാനോട് ആനിയോടു മാപ്പു പറയാൻ ആവശ്യപ്പെടുന്നുണ്ട്. അപ്പോൾ മനസിലാക്കാം, ആനി എന്ന സ്ട്രിപ് ഡാൻസറേക്കാൾ ആനി എന്ന സ്ത്രീയെ അയാൾ എത്രക്ക് മനസിലാക്കിയിട്ടുണ്ടെന്ന്! അവളുടെ ആത്മാഭിമാനത്തിനേറ്റ പോറൽ എങ്ങനെയെങ്കിലും സൗഖ്യപ്പെടുത്തണമെന്നേ അയാൾക്കുണ്ടായിരുന്നുള്ളൂ. പക്ഷേ ആരും ആനിയോടു മാപ്പിരന്നില്ല. പോവാൻ നേരം അമ്മയെയും മകനെയും ആനി അധിക്ഷേപിക്കുന്നുണ്ട്. ഗലിനയോട്, അവനേറ്റവും വെറുക്കുന്ന നിങ്ങളെ ബുദ്ധിമുട്ടിക്കാൻ തന്നെയാണ് അവനിതെല്ലാം ചെയ്തതന്നു പറയുമ്പോൾ ഇവാൻ്റെ അച്ഛൻ പൊട്ടിപ്പൊട്ടി ചിരിക്കുന്നു. പരസ്പരധാരണയോ പരസ്പരബഹുമാനമോ ഇല്ലാത്ത, അസ്വസ്ഥമായ ഒരു കുടുംബാന്തരീക്ഷത്തിലാണ് ഇവാൻ വളർന്നത് എന്നതിന്റെ തെളിവാണ് ആ രംഗം. കോപിഷ്ഠയാവുന്ന ഗലിന, ആനിയോടു ആ ചുവന്ന സ്കാർഫ് തൻ്റേതാണെന്ന് പറയുന്നു. അവൾ വലിച്ചൂരി അത് ഗലിനക്കു നേരെ എറിയുന്നു. അവൾക്കു, ബുദ്ധിമുട്ടും സമാധാനവും തണുപ്പും ശ്വാസംമുട്ടും ഒരേപോലെ തന്നിരുന്ന ഇവാനെ, പൂർണ്ണമായും മനസിൽ നിന്ന് കളയുന്നതിൻ്റെ മറ്റൊരു ചിത്രീകരണമായി ആ ചുവന്ന സ്കാർഫ് എറിയലിനെ കാണാം.

സിനിമയിലുടനീളം അവളോട് അനുകമ്പയും ബഹുമാനവും കാണിക്കുന്നത് ഈഗർ മാത്രമാണ്, ഒരു പക്ഷേ സിൻഡ്രലയുടെ രാജകുമാരനെപ്പോലെ. എല്ലാവരിൽ നിന്നും പിരിഞ്ഞ്, അന്നേ രാത്രിയിൽ ആനിയും ഈഗറും ഒറ്റക്കാവുന്നു. ആ കുടുംബവുമായുള്ള ബന്ധം തകർന്നതു നന്നായെന്ന് അയാൾ പറയുമ്പോൾ, അത് ശരിയെന്നു സമ്മതിക്കാൻ ആനി തയാറാവുന്നില്ല. എത്രയൊക്കെ പീഡകളിലൂടെ കടന്നുപോയപ്പോഴും ഉറക്കെ തെറി വിളിക്കുകയോ ആക്രോശിക്കുകയോ മാത്രമേ ആനി ചെയ്തിട്ടുള്ളൂ. ഒടുക്കം പക്ഷേ, ഈഗറിനോടു വിട പറയുമ്പോൾ തൻ്റെ ശരീരം നൽകുക വഴി അയാളെ ആനന്ദിപ്പിക്കാൻ അല്ലെങ്കിൽ അയാൾ കാണിച്ച കരുതലിന് നന്ദി പറയാൻ ആനി ശ്രമിക്കുകയാണ്. കാരണം, ശരീരത്തെ വിലക്കു നൽകാൻ കഴിയുന്ന ഉൽപ്പന്നമായി മാത്രമേ അവൾ കണ്ടിരുന്നുളള്ളു. ഇവാനൊപ്പമുള്ള ജീവിതത്തിലൂടെ അവളുടെയുള്ളിൽ ആ ആശയം ഉറച്ചു പോകുകയായിരുന്നു. അതുകൊണ്ടാകാം ഇവാൻ നൽകിയ പണത്തിനും ഈഗർ നൽകിയ കരുതലിനും തന്റെ ശരീരമാണ് പ്രതിഫലമെന്ന് അവൾ കരുതുന്നത്.
പക്ഷേ, അവളെ കറയില്ലാതെ സ്നേഹിക്കുന്ന ഈഗറിന് ആനിയുടെ ദേഹം ആവശ്യമല്ലായിരുന്നു. അതു മനസിലാവുന്നവേളയിൽ അയാളുടെ മാറിൽക്കിടന്ന്, ജീവിതത്തിൽ അന്നോളം അനുഭവിച്ച എല്ലാ ദുഃഖങ്ങളെയും കഴുകിക്കളയാനെന്നപോലെ വിതുമ്പിക്കരയുന്നുണ്ട് ആനി. ഒന്നും മിണ്ടാതെ അവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുന്ന ഈഗറിലൂടെ സിനിമക്ക് തിരശ്ശീല വീഴുന്നു.
സിൻഡ്രല്ല എന്ന കഥയും അനോറ എന്ന ചിത്രവും രണ്ടു കലാസൃഷ്ടികളാണ്. അത്തരത്തിൽ വായിക്കുമ്പോഴും കാണുമ്പോഴും അവ നമ്മെ വൈകാരികമായി സ്വാധീനിക്കുന്നുമുണ്ട്. എന്നാൽ അതിനുമെല്ലാമപ്പുറം സ്ത്രീകൾ എങ്ങനെയാണ് ക്രയവസ്തുക്കളായി തീർന്നതെന്ന ചർച്ചകൾ കൂടി ഉയർന്നു വരണം. ചരിത്രാതീതകാലം മുതൽക്കുള്ള കഥകളിൽ യുദ്ധങ്ങളും വംശഹത്യകളും ഒഴിവാക്കുന്നതിനു വേണ്ടി കൈമാറ്റം ചെയ്യപ്പെട്ട സ്ത്രീകൾ ഉണ്ട്. പുതിയ കാലത്ത് മറ്റൊരു തരത്തിൽ അവർ ക്രയവിക്രയം ചെയ്യപ്പെടുന്നു. പല നിലവിളികളും എങ്ങും എത്താതെ പോകുന്നു. സമൂഹത്തിൻ്റെ കണ്ണിൽപ്പെടാത്ത ജീവിതം നയിക്കുന്നവരെ ധനം നൽകി വശംവദരാക്കാൻ സാധിക്കുമെന്ന, ഭൂമിയുടെ ഉത്പത്തിയുടെ അത്ര തന്നെ പഴക്കമുള്ള ആശയം കൂടിയാണ് അനോറ നമ്മോട് പങ്കുവക്കുന്നത്.