സിനിമയ്ക്ക് നല്ലത് ഒ.ടി.ടിയോ തിയേറ്ററോ ? സിനിമക്കാർ പറയുന്നു

ഒ.ടി.ടി റിലീസുകൾ സിനിമയുടെ ഭംഗി ചോർത്തികളയുന്നുണ്ടോ? വ്യത്യസ്ത അഭിപ്രായങ്ങളാണ് സിനിമാ പ്രവർത്തകർക്കും പ്രേക്ഷകർക്കും. ഒ.ടി.ടി.യിൽ സിനിമ കാണാറില്ലെന്നും ഫോണിലോ ലാപ്ടോപ്പിലോ കാണാനല്ല താൻ സിനിമ ചെയ്യുന്നതെന്നും കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ട്രൂകോപ്പി വെബ്സീൻ, സിനിമ സ്‌പെഷലായി പുറത്തിറക്കിയ 91 -ാം പാക്കറ്റിൽ പുതുകാല സിനിമപ്രവർത്തകർ ഒ.ടി.ടിയുടെസാധ്യതകളും പരിമിതികളും വിലയിരുത്തിയിരുന്നു. അവരുടെ പ്രതികരണങ്ങളിലൂടെ... (ട്രൂകോപ്പി വെബ്‌സീൻ 91-ാം പാക്കറ്റിൽ പ്രസിദ്ധീകരിച്ചത്)

Truecopy Webzine

ഒരിക്കൽ സിനിമ തിയേറ്ററിന്റെ കലയായിരുന്നു. സിനിമ ആസ്വദിക്കണമെങ്കിൽ പ്രേക്ഷകർ തിയേറ്ററിലെത്തണമായിരുന്നു. കാലം മാറി, സിനിമയും. സിനിമ തിയേറ്റർ വിട്ടിറങ്ങി, പ്രേക്ഷകരെ തേടി അവരുടെ മൊബൈൽ സ്ക്രീനിലെത്തി. ഇന്ന് ഓരോ വ്യക്തിക്കും അവരുടെ താൽപര്യത്തിനും, സൗകര്യത്തിനും അനുസരിച്ച് എപ്പോൾ വേണമെങ്കിലും, എവിടെ ഇരുന്നു വേണമെങ്കിലും സിനിമ കാണാം.

ഒ.ടി.ടി റിലീസുകൾ സിനിമയുടെ ഭംഗി ചോർത്തികളയുന്നുണ്ടോ? വ്യത്യസ്ത അഭിപ്രായങ്ങളാണ് സിനിമാ പ്രവർത്തകർക്കും പ്രേക്ഷകർക്കും. ഒ.ടി.ടി.യിൽ സിനിമ കാണാറില്ലെന്നും ഫോണിലോ ലാപ്ടോപ്പിലോ കാണാനല്ല താൻ സിനിമ ചെയ്യുന്നതെന്നും കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ട്രൂകോപ്പി വെബ്സീൻ, സിനിമ സ്‌പെഷലായി പുറത്തിറക്കിയ 91 -ാം പാക്കറ്റിൽ പുതുകാല സിനിമാപ്രവർത്തകർ ഒ.ടി.ടിയുടെ സാധ്യതകളും പരിമിതികളും വിലയിരുത്തിയിരുന്നു. അവരുടെ പ്രതികരണങ്ങളിലൂടെ... (ട്രൂകോപ്പി വെബ്‌സീൻ 91-ാം പാക്കറ്റിൽ പ്രസിദ്ധീകരിച്ചത്)

തിയേറ്ററോ ഒ.ടി.ടിയോ? പ്രേക്ഷകർ തീരുമാനിക്കും : റത്തീന

സിനിമാവ്യവസായം സാധാരണ നിലയിലേക്ക് അടുക്കുമ്പോൾ പോലും, സ്ട്രീമിങ് പ്ലാറ്റുഫോമുകൾ തിയേറ്ററുകൾക്കുപകരം വയ്ക്കാവുന്ന ബദലായി മാറി. ഇനിയുള്ള കാലം നിർമാതാക്കൾക്കും തിയേറ്ററുകൾക്കും വിതരണക്കാർക്കും, കാഴ്ചക്കാർക്കും ഒരേസമയം വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞ ഒരു ഭാവിയാണ് എന്ന് തോന്നുന്നു. എന്ത് തിയേറ്ററിൽ കാണണം, ഒ.ടി.ടിയിൽ കാണണം എന്ന് പ്രേക്ഷകർ എടുക്കുന്ന തീരുമാനം വളരെ ശ്രദ്ധേയമാണ്.

റത്തീന
റത്തീന

വൈവിധ്യമാർന്ന പ്രേക്ഷകരിലേക്ക് ഇപ്പോൾ കൂടുതൽ അഭിനേതാക്കളും സംവിധായകരും എഴുത്തുകാരും എത്തുന്നുണ്ട്. ഇക്കാലത്ത് സിനിമക്കാർ എല്ലാവർക്കുമായി സിനിമ സൃഷ്ടിക്കുന്നില്ല. കണ്ടൻറ്​ സൃഷ്ടിക്കുന്നതിൽ അവർ വളരെ ശ്രദ്ധാലുക്കളാണ്. പ്രേക്ഷകരെ പഴയതിലേറെ തിരിച്ചറിയാൻ കഴിയും, കൂടാതെ ഡിജിറ്റൽ മീഡിയത്തിന്റെ വലിയ വ്യാപ്തിയുള്ളതിനാൽ, ആഗ്രഹിക്കുന്ന പ്രേക്ഷകരെ കൃത്യമായി കണ്ടെത്താനും അവിരിലേയ്ക്ക് എത്തിച്ചേരാനും ഇത് സഹായകരവുമാണ്​.

ഒ.ടി.ടി. ഗുണവുമുണ്ട്, ദോഷവുമുണ്ട് : ബേസിൽ ജോസഫ്

ഒ.ടി.ടി വന്നതുകൊണ്ട് സിനിമയ്ക്ക് ഗുണവും ദോഷവുമുണ്ടായിട്ടുണ്ട്​. രണ്ടും രണ്ട് രീതിയിലാണ് ബാധിച്ചത്. ആവാസവ്യൂഹം, പക തുടങ്ങിയ കുഞ്ഞു സിനിമകളൊക്കെ ഒ.ടി.ടിയിൽ വന്നപ്പോഴാണ് കണ്ടന്റും മേക്കിങ്ങും കൊണ്ട് ഇത്ര ശ്രദ്ധിക്കപ്പെട്ടത്. നമ്മുടെ സിനിമകൾ പലപ്പോഴും വലിയ ഇന്റർനാഷനൽ സിനിമകളുമായിട്ടാണ് താരതമ്യം ചെയ്യപ്പെടുന്നത്. ഇതെല്ലാം മുൻകൂട്ടി കണ്ട് ഗ്ലോബൽ ഓഡിയൻസിനെകൂടി പരിഗണിച്ചാണ് നമ്മൾ കണ്ടൻറ്​ ആലോചിക്കുന്നത്. അപ്പോൾ കുറച്ചുകൂടി പെർഫെക്ഷനിസം നമ്മളിലേക്ക് വരും. വെറുതെ സിനിമയെടുക്കാൻ ആരും മുതിരില്ല. നാളെ ഇത് ഒ.ടി.ടിയൽ വരുമ്പോൾ മലയാളി ഓഡിയൻസ് മാത്രമല്ല സിനിമ കാണുകയെന്ന് നമ്മൾ ഓർക്കും. നമ്മുടെ ഭാഷ അറിയാത്ത ഒരുപാട് പേർ ഈ സിനിമ കാണാൻ സാധ്യതയുണ്ടെന്നും നല്ല ക്വാളിറ്റിയിൽ തന്നെ ചെയ്യണമെന്നുമുള്ള അവബോധം നമ്മുടെ മനസ്സിൽ അറിയാതെ ഉണ്ടാവാറുണ്ട്. ഫിലിം മെക്കേഴ്​സിനെ സംബന്ധിച്ച്​ ഇതൊക്കെ മേക്കിങ്ങിനെ വേറൊരു രീതിയിൽ സ്വാധീനിക്കാറുണ്ട്. ക്രിയേറ്റീവായി ഇത് ഗുണപരമാണ്. അതേസമയം ചില ദോഷങ്ങളുണ്ട്.

ബേസിൽ ജോസഫ്
ബേസിൽ ജോസഫ്

ഒ.ടി.ടിയിൽ ആളുകൾ പൂർണമായും ആസ്വദിച്ചായിരിക്കില്ല സിനിമ കാണുക. സിനിമ കാണുന്നതിനിടെ ഫോൺകോൾ വരാം, വീട്ടിൽ അതിഥികൾ വരാം തുടങ്ങിയ പല ഡിസ്‌റ്ററാക്ഷനുകളുമുണ്ടാകാം. ഇതിലൂടെ ഫിലിംമേക്കർ ഉദ്ദേശിക്കുന്ന ഇമോഷൻസ് കറക്ടായി കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടാതെയിരിക്കാം. തിയേറ്ററിലെ ഇരുട്ടുമുറിയിലിരുന്ന് പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കുന്നതിന്റെ രസവും സുഖവുമൊന്നും ഒ.ടി.ടിയിലൂടെ കിട്ടിയെന്നു വരില്ല. എന്നാൽ ഒ.ടി.ടിക്ക് വേണ്ടി എടുത്ത സിനിമകളിൽ അത് പ്രവർത്തിക്കുകയും ചെയ്യും.

ഫിലിം മേക്കേഴ്സിന്റെ സ്വാതന്ത്ര്യത്തെ ഖണ്ഡിക്കുന്ന തരത്തിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ നിബന്ധനകളൊക്കെ വെയ്ക്കാറുണ്ട്. ഈ ആസ്‌പെക്ട് മാത്രമേ പറ്റൂ, ഈ ഷോട്ട് ഉപയോഗിക്കണം, ഇത്ര ഡി.ബിയിൽ ശബ്ദം കൂടരുത് തുടങ്ങിയ ഗൈഡ്‌ലൈൻസൊക്കെ ഇതിലുൾപ്പെടും. ക്രിയേറ്റവിലി ആദ്യം തൊട്ടേ ഇവർ ഇൻവോൾവ് ആകുമ്പോൾ അത് വലിയ രീതിയിൽ തന്നെ സംവിധായകരുടെ സ്വാതന്ത്രത്തെ ബാധിക്കും. ഇത് ഒടിടിയുടെ ഒരു നെഗറ്റീവ് വശമാണ്. എന്നാലും ഒ.ടി.ടിയുടെ കടന്നുവരവോടെ സിനിമക്ക് പോസീറ്റിവായ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. നിർമാതാവിനെ സംബന്ധിച്ച്​ റവന്യൂവിന് തിയേറ്ററിനെ മാത്രം ആശ്രയിക്കേണ്ട കാര്യമില്ല. അതുകൊണ്ട് നല്ല സിനിമയാണെങ്കിൽ ലാഭമുണ്ടാക്കാൻ കഴിയുന്നുണ്ട്. ബിസിനസ്​ പെർസ്‌പെക്ടീവിൽ, സിനിമ സേഫ് ആകുന്നുമുണ്ട്. ഓഡിയൻസും സെലക്ടീവായി. പോസ്റ്റർ ഇറങ്ങുമ്പോൾ സിനിമ ഒ.ടി.ടിയിൽ കണ്ടാൽമതിയെന്ന് അവർ തീരുമാനിക്കുന്നുണ്ട്. പണ്ട് ഒരു ആവറേജ് സിനിമ പോലും തിയേറ്ററിൽ ഹിറ്റ് ആകുമായിരുന്നു. ഇന്ന് എത്ര വലിയ നടന്റെ ആണെങ്കിലും ഒരു ആവറേജ് സിനിമ ഒരാഴ്ചക്കുള്ളിലോ രണ്ട്, മൂന്ന് ദിവസത്തിനുള്ളിലോ തിയേറ്ററിൽ നിന്ന് മാറ്റപ്പെട്ടേക്കാം. അതുകൊണ്ട് ആവറേജും അതിന് താഴെയുമുള്ള കണ്ടന്റും ആർക്കും വേണ്ട എന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. ഈ പ്രഷർ കൊണ്ട് എല്ലാ ടെക്‌നീഷ്യൻസും അവരുടെ ക്രിയേറ്റിവിറ്റിയെ നന്നായി സിനിമയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

ചെറിയ സിനിമകൾ തിയേറ്ററിൽ പിന്തള്ളപ്പെടുന്നു: വിധു വിൻസൻറ്​

കോവിഡ് കാലത്ത് തിയേറ്ററിലേക്ക് പോവാതെ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ, ഹോം തിയേറ്ററിൽ നമ്മൾ സിനിമ കാണാൻ തുടങ്ങി. ക്രമേണ നമുക്കത് പരിചയമാകാനും തുടങ്ങി. ഇപ്പോൾ വീടിനുള്ളിൽ സ്വന്തം സമയ സൗകര്യങ്ങൾക്കനുസരിച്ച് സിനിമ കാണാൻ കഴിയുന്നു എന്ന യാഥാർഥ്യത്തിലേക്ക് നമ്മളെത്തിച്ചേർന്നു. തിയേറ്ററിലിറങ്ങുന്ന ഒരു സിനിമ ഒരു മാസം കഴിയുമ്പോഴേയ്ക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെത്തും, അപ്പോൾ നമുക്ക് കാണാം. സിനിമ കാണാൻ പോവുന്ന സമയത്തുണ്ടാവുന്ന ചെലവുകൾ അങ്ങനെ കട്ട്ഷോട്ട് ചെയ്യാം. അതുവഴിയുണ്ടാവുന്ന മറ്റ് അസ്വസ്ഥതകളെ കുറയ്ക്കാം, ഇങ്ങനെയൊക്കെയുള്ള ആലോചനകളിലേക്ക് മനുഷ്യൻ പരുവപ്പെട്ട് തുടങ്ങി. അത് സിനിമയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.

വിധു വിൻസെന്റ്
വിധു വിൻസെന്റ്

നമ്മൾ എന്തിന് തിയേറ്ററിൽ സിനിമ കാണാൻ പോകണം എന്നതിൻമേൽ പ്രേക്ഷകർ ചില മാനദണ്ഡങ്ങൾ വെച്ചുതുടങ്ങി. തിയേറ്ററിൽ ആഘോഷമാകാൻ പറ്റുന്ന, തിയേറ്റർ സാധ്യമാക്കുന്ന വലിയ ആരവവും ആഘോഷവും കൊണ്ടുവരുന്ന തരം കണ്ടൻറുകൾ മാത്രം തിയേറ്ററിൽ പോയി കാണാം, അത്രയും ആരവങ്ങളില്ലാത്ത സിനിമകളെ ഒ.ടി.ടികളിൽ കാണാം എന്ന ചിന്ത പ്രേക്ഷകരിൽ വന്നുതുടങ്ങി. അപ്പോൾ തിയേറ്ററിൽ ആളില്ലാതായി. അതുകൊണ്ടുതന്നെ വലിയ മുതൽമുടക്കിലുണ്ടാക്കുന്ന വലിയ സിനിമകൾക്ക് മാത്രം പ്രേക്ഷകരുണ്ടാവുകയും തിയേറ്ററിലെത്തുന്ന ചെറിയ സിനിമകൾ പലപ്പോഴും പിന്തള്ളപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. നേരത്തേ മിക്കവാറും സിനിമകളെല്ലാം ഒ.ടി.ടിയിലേക്ക് എത്തിയിരുന്നെങ്കിൽ ഇപ്പോൾ, തിയേറ്ററിൽ ആദ്യം കാണിച്ച്, അവിടെയുണ്ടാകുന്ന പ്രതികരണമനുസരിച്ചുമാത്രം ഒ.ടി.ടിയിലേക്കുള്ള പ്രവേശനം സാധ്യമാക്കാം എന്ന നിബന്ധന അവർ വെച്ചുതുടങ്ങിയിട്ടുണ്ട്.

അപ്പോൾ, ആളും ആരവവും ഇല്ലാത്ത സിനിമകൾ തിയേറ്ററിൽ പിന്തള്ളപ്പെടുകയും ആളുകൾ കാണാതെ പോവുകയും അത് പിന്നെ ഒ.ടി.ടിയിൽ വരാതിരിക്കുകയും അങ്ങനെ അത് കാണാനും ആസ്വദിക്കാനുള്ള സാധ്യത തുലോം കുറവാകുകയും ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങൾ വന്നുതുടങ്ങി. ഒരു പക്ഷേ സിനിമാവ്യവസായത്തെ അതിരൂക്ഷമായി ബാധിക്കുന്ന ഒരു പ്രതിസന്ധി ഇതുമൂലം ഉണ്ടാകാനിടയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് മലയാളത്തിൽ വലിയ നിർമാതാക്കൾ എന്നുപറയാൻ അങ്ങനെ ആളുകളില്ല. വിരലിലെണ്ണാവുന്നവർ മാത്രമേയുള്ളൂ. ഏറിയ ശതമാനവും ഇടത്തരം നിർമാതാക്കളാണ്. അവരുടെ സിനിമകൾ, പലപ്പോഴും വലിയ ശബ്ദഘോഷവും അതിഭയങ്കര ദൃശ്യവിരുന്നും ഉള്ളതാകണമെന്നില്ല. അത് കാണാൻ പ്രേക്ഷകരില്ല എന്നുണ്ടെങ്കിൽ ഒരു പക്ഷേ ഇത് ഈ വ്യവസായത്തെത്തന്നെ മോശമായി ബാധിക്കുന്ന അവസ്​ഥയുണ്ടാക്കാം.

സിനിമ എന്ന സങ്കേതം ഇപ്പോൾ എല്ലാവർക്കും സാധ്യമാണ്: മുഹ്സിൻ പരാരി

വിഷ്വൽ മീഡിയയിൽ നടന്ന റവലൂഷൻ സ്വഭാവികമായും സിനിമയെയും സ്വാധീനിക്കും. ഏത് സ്‌കെയിലിലും നമുക്ക് സിനിമയെ ആലോചിക്കാം. സാങ്കേതികവിദ്യയുടെ വികാസം എല്ലാ ഡൈമെൻഷനിലുമുണ്ട്, വളരെ വലിയ കാൻവാസിലും ചെറിയ കാൻവാസിലും.

മുഹ്സിൻ പരാരി
മുഹ്സിൻ പരാരി

സിനിമ എന്ന സങ്കേതം ഇപ്പോൾ എല്ലാവർക്കും സാധ്യമാണ്. അതായത് കുറച്ച് ഫൂട്ടേജുകൾ ഷൂട്ട് ചെയ്യുന്നു, എഡിറ്റു ചെയ്യുന്നു, അതൊരു പ്ലാറ്റ്‌ഫോമിൽ പ്രസൻറ്​ ചെയ്യുന്നു, ശബ്ദ- ദൃശ്യ വിന്യാസങ്ങളിലൂടെ ആളുകൾക്ക് സംവേദനക്ഷമമായ സൃഷ്ടിയാക്കി മാറ്റുന്നു എന്ന പ്രക്രിയ ഇപ്പോൾ എല്ലാവർക്കും സാധ്യമാണ്, പല ഫോമുകളിലും. അതേസമയം, ഓരോ കാൻവാസിലും ഓരോ റപ്രസന്റേഷനാണ്, പ്രസക്തിയാണ് ഓരോ ആവിഷ്‌കാരങ്ങൾക്കുമുള്ളത്. വലിയ സ്‌കെയിലിലുള്ള സിനിമയും നമ്മൾ കാണുന്നുണ്ട്, സിക്‌സ് സെക്കൻഡ് വൈനും നമ്മൾ കാണുന്നുണ്ട്. എല്ലാം ആവിഷ്‌കാരങ്ങൾ തന്നെയാണ്, എല്ലാത്തിനും അതിന്റേതായ സ്വാധീനങ്ങളുമുണ്ട്. ഒന്ന് മറ്റൊന്നിനെ റീപ്ലേസ് ചെയ്യുന്നു എന്ന അർഥത്തിലല്ല, എല്ലാത്തിനും അതിന്റേമായ സ്ഥലം കണ്ടെത്താൻ കഴിയുന്നുമുണ്ട്.

ബിഗ്സ്ക്രീനോ, മിനിസ്ക്രീനോ? ഞാൻ കൺഫ്യൂഷനിലാണ്: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

തിയേറ്ററിനും മിനിസ്‌ക്രീനിനും (ടി.വി, മൊബൈൽ etc) വേണ്ട കണ്ടന്റുകളുടേയോ ഫോമിന്റേയോ കാര്യത്തിൽ ക്ലാരിറ്റി കൈവരിക്കാൻ കുറച്ചുകൂടെ സമയമെടുക്കും. എന്റെ പേഴ്‌സണൽ കാര്യം മാത്രമാണിത്. കനകം കാമിനി കലഹം എന്നെ കൺഫ്യൂസ് ചെയ്യിച്ച ഒരു സാധനമാണ്. ഒ.ടി. ടി.യ്ക്കുവേണ്ടി എന്ന അർത്ഥത്തിൽ എഴുതുകയും ഷൂട്ട് നടന്നുകൊണ്ടിരിക്കെ തിയേറ്റർ തുറക്കാൻ സാധ്യതയുള്ളതുകൊണ്ട് രൂപ മാറ്റം വരുത്തുകയും തിരിച്ചു വീണ്ടും ഒ.ടി.ടിയിലേക്ക് പോകേണ്ടിവരികയും ചെയ്തപ്പോഴത്തെ കൺഫ്യൂഷൻ ആണ് ഉദാഹരണമായി പറയാനുള്ളത്.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

റിവൈൻഡ് അടിച്ച് കാണാൻ പറ്റിയ ഒരു സാധനത്തിന് വേഗം കൂടിയാലും കുഴപ്പമുണ്ടാകില്ല. തിയേറ്റർ അങ്ങനെയല്ലല്ലോ. കാര്യങ്ങൾ പറഞ്ഞ് ഫീഡ് ചെയ്തുതന്നെ മുന്നോട്ടുപോണം. ഒരേ ആൾക്കാർ തന്നെയാണ് രണ്ടിന്റേയും പ്രേക്ഷകർ എന്നത് കൂടുതൽ കൺഫ്യൂഷനാണുണ്ടാക്കുന്നത്.

ഒ.ടി.ടി സിനിമയുണ്ടാക്കാനാണ് ബുദ്ധിമുട്ട്: മഹേഷ് നാരായണൻ

ഡിജിറ്റലിലേക്ക് വന്നപ്പോൾ കോ എക്സിസ്റ്റിംഗ് എന്ന ധാരണയിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. അതുതന്നെയാണ് ഞാനിപ്പഴും വിശ്വസിക്കുന്നതും. രണ്ടിടത്തും സിനിമ നിൽക്കണം. ഒരു ഫിലിം മേക്കർക്ക് ധൈര്യപൂർവ്വം ഒരു കണ്ടൻറ്​ ഉണ്ടാക്കാനുള്ള സാധ്യത ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം തരികയാണെങ്കിൽ നമുക്ക് ആ വഴി തെരഞ്ഞെടുക്കാം. അതിൽ തെറ്റില്ല. ഞാൻ തിയേറ്ററിനുവേണ്ടി മാത്രമേ സിനിമ ചെയ്യൂ എന്നുപറയുന്ന ആളല്ല. മലയാളം താരതമ്യേന ചെറിയ ഇന്റസ്ട്രി ആയതു കൊണ്ട് ഡയറക്റ്റായി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് സിനിമ എടുക്കുന്ന രീതി കോവിഡ് കാലത്തേതിൽ നിന്ന് മാറിയിട്ടുണ്ട്. ഇവിടെ ഇനി കൂടുതലായി സബ്സ്‌ക്രൈബേഴ്സിനെ അവർക്ക് കിട്ടാനില്ല. മാക്സിമം കിട്ടിക്കഴിഞ്ഞു. സിനിമകൾ തിയേറ്ററിൽ വന്നുകഴിഞ്ഞാലും അവരുടെ പ്ലാറ്റ്ഫോമുകളിലേക്കുതന്നെ വീണ്ടും വരും. നമുക്ക് അവരെ ആശ്രയിക്കാതെ പറ്റില്ല. ഇതിൽനിന്ന് രക്ഷപ്പെടണമെങ്കിൽ തിയേറ്ററുകാർ പറയുന്നതുപോലെ ഒരു വിൻഡോയിംഗ് സിസ്റ്റം വരണം. ഹിന്ദിയിലൊക്കെ എട്ടാഴ്ച കഴിഞ്ഞേ ഡിജിറ്റലിലേക്ക് വരൂ. ഡിജിറ്റലിൽ വരട്ടെ, എന്നിട്ട് കാണാം എന്ന് പറയുന്ന ഒരു പാട് മനുഷ്യരും ഒരുപാട് സിനിമകളുമുണ്ട്.

മഹേഷ് നാരായണൻ
മഹേഷ് നാരായണൻ

എനിക്ക് തോന്നിയിട്ടുള്ളത്, ഡിജിറ്റലിൽ സിനിമയുണ്ടാക്കാനാണ് ഏറ്റവും ബുദ്ധിമുട്ട് എന്നാണ്. കാരണം കാണികളുടെ കയ്യിൽ റിമോട്ടുണ്ട്. എപ്പോൾ വേണമെങ്കിൽ ഫോർവേഡ് ചെയ്യാം, പോസ് ചെയ്യാം. അതുകൊണ്ട് ഒറ്റ സ്ട്രച്ചിൽ ആൾക്കാരെ പിടിച്ചിരുത്താൻ ബുദ്ധിമുട്ടാണ്. സിനിമയിൽ ഇന്റർവെൽ പോലും വേണ്ട എന്ന് കരുതുന്നവരാണ് നമ്മൾ.

ഞാൻ സിനിമ ചെയ്യുന്നത് തിയേറ്ററിലെ കാണികളെ മനസ്സിൽക്കണ്ട് : വിനീത് ശ്രീനിവാസൻ

ഞാൻ ആദ്യത്തെ മൂന്നു പടവും ഫിലിമിലാണ് ചെയ്തത്. അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ ചില മെറിറ്റ്‌സ് ഉണ്ട്. ഫിലിമിന്​ വലിയ വിലയായതു കൊണ്ട് പക്കാ റിഹേഴ്‌സൽ കഴിഞ്ഞേ ടേക്കിലേക്ക് പോവൂ. അക്കാലത്തെ സംവിധായകർ ഇപ്പോഴും റിഹേഴ്‌സൽ ചെയ്യിക്കും. ക്യാമറയിൽ ഫിലിം റോൾ ഓടുമ്പോൾ ഒരു ശബ്ദമുണ്ട്. കാശിനെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണത്​. ‘മണി ഈസ് റോളിങ്’ എന്ന ഫീലിങ്. അത് കേട്ടുകൊണ്ടാണ് അക്കാലത്ത് അഭിനയിക്കുന്നത്. ഇന്ന് ഒരു ടേക്ക് ശരിയായില്ലെങ്കിൽ അടുത്തത് നോക്കാം എന്നു പറയും.

വിനീത് ശ്രീനിവാസൻ
വിനീത് ശ്രീനിവാസൻ

ഒ.ടി.ടി എന്നു പറയുന്നത് ഐഡിയലി വെബ് സീരീസിനാണ് ഏറ്റവും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് ഒരു എപ്പിസോഡ് കണ്ടിട്ട് അടുത്ത എപ്പിസോഡ് നാളയോ മറ്റന്നാളോ കണ്ടാലും കുഴപ്പമില്ല. ഇടയിൽ ബ്രേക്ക് വരുന്നത് അതിന്റെ ആസ്വാദനത്തെ ബാധിക്കില്ല. അതിന്റെ റൈറ്റിങ്ങും മേക്കിങ്ങും അങ്ങനെയാണല്ലോ. സിനിമയുടെ ഒരു ഇമോഷനൽ ഫ്‌ളോയെ സംബന്ധിച്ച് അതങ്ങനെയല്ല. അതിൽ ബ്രേക്ക് വന്നാൽ കാഴ്ചയെ ബാധിക്കും. നമ്മൾ ഉദ്ദേശിച്ചത് കൃത്യമായി ഓഡിയൻസിൽ എത്തണമെന്നില്ല. ഞാനിപ്പഴും, അവസാനത്തെ പടം വരെ, തിയേറ്ററിലെ കാണികളെ മനസ്സിൽക്കണ്ട് തന്നെയാണ് ചെയ്തത്. ഇനി വെബ് സീരീസ് ചെയ്യുമ്പോൾ വേറെ തരത്തിൽ ചിന്തിക്കുമായിരിക്കാം.

ഒ.ടി.ടി.ക്കാലത്ത് സിനിമയെടുക്കുമ്പോളുള്ള ഒരു പ്രശ്‌നം, കാണികൾ ഏത് ഔട്ട്പുട്ടിലാണ് പടം കാണുക എന്ന് നമുക്കറിയില്ലല്ലോ. സൗണ്ടിന് വലിയ പ്രാധാന്യമുള്ളൊരു സിനിമ ഫോണിൽ കാണുമ്പോൾ, ഫോണിന്റെ മോണോ സ്പീക്കറിൽ കേൾക്കുമ്പോൾ, അതിന്റെ ആ എക്‌സ്പീരിയൻസ് അവർക്ക് കിട്ടില്ല. നമ്മൾ ഇത് ഒരു മാസം കൊണ്ടാണ് ഗ്രേഡിങ് ചെയ്യുന്നത്. എന്നിട്ട് ഡോൾബി മിക്‌സ് ചെയ്യുന്നു. എന്നിട്ട് ഒ.ടി.ടിക്കുവേണ്ടി വേറെ മിക്‌സ് ചെയ്യുന്നു. അപ്പോൾ അതിൽനിന്ന് കുറേ എക്​സ്​പീരിയൻസ്​ കളഞ്ഞുപോകുന്നുണ്ട്.
പ്രേക്ഷകർ തിയേറ്ററിലേക്കുതന്നെ തിരിച്ചുവരും എന്നാണ് ഞാൻ വിചാരിക്കുന്നത്. അടിസ്ഥാനപരമായി മനുഷ്യർ സിവിലൈസേഷന്റെ ആളുകളാണല്ലോ. നമുക്ക് സിനിമ കൂടുതൽ ആസ്വദിക്കാനാവുക തിയേറ്ററിൽ തന്നെയാണ്. തൃശൂർ പൂരം ടി.വിയിൽ കണ്ടിട്ട് കാര്യമില്ലല്ലോ.

സിനിമ മുന്നോട്ട് തന്നെ : പി.എസ്​. റഫീഖ്​

ഓരോ വ്യക്തിയുടെയും ആസ്വാദനക്ഷമത രൂപപ്പെടുന്നത് അവർ വ്യവഹരിക്കുന്ന ഇടങ്ങളിൽ നിന്നാണ്, അധികാര ബന്ധങ്ങളിൽ നിന്നാണ്. ഭാവുകത്വം രൂപപ്പെടുത്തുന്നത് അവരവരുടെ പരിസരമാണ്. ഇങ്ങനെയുള്ള വ്യക്തിയാണ് സിനിമാ തിയേറ്ററിലെ കാണിയും. ഇരുട്ടിനകത്ത് തിയേറ്ററിൽ ഒരു സിനിമ ഒരുപാട് പേരുടെ സിനിമയാകുന്നത് അങ്ങനെയാണ്. ഒരേ സിനിമ പലർക്കും പലതാണ്. പക്ഷേ, തിയേറ്ററിൽ താൻ കണ്ടുകൊണ്ടിരിക്കുന്ന സിനിമ തൊട്ടടുത്ത സീറ്റിലിരിക്കുന്ന ആളുമായി പങ്കുവയ്ക്കപ്പെടുന്നത് അയാളറിയാതെയാണ്. കാണികൾ തമ്മിൽ അവരറിയാതെ ഇരുട്ടിൽ ഒരു സംവേദനം നടക്കുന്നുണ്ട്. ഈ കൊടുക്കൽ വാങ്ങൽ സാധ്യമാക്കുന്ന തരത്തിലേക്ക് ആൾക്കൂട്ടത്തിന്റെ അനുഭവതലങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കുന്ന സിനിമയാണ് ഇവിടെ വിജയിക്കുന്ന സിനിമ. വീട്ടിൽ സാധ്യമല്ലാത്ത പ്രേമം, വീട്ടിൽ സാധ്യമല്ലാത്ത ലൈംഗികത, നാട്ടിൽ സാധ്യമല്ലാത്ത പലതും ഒരാൾക്ക് തിയേറ്ററിലെ ഇരുട്ടിൽ സിനിമയിലൂടെ സാധ്യമാണ്. അടുത്തിരിക്കുന്നയാളും തന്നോടൊപ്പം ചേരുന്നുവെന്ന് മനസ്സിലാകുമ്പോൾ അത് ആൾക്കൂട്ടത്തിന്റെ കലയാകുന്നു. മലയാളി തന്റെ സ്വത്വപ്രതിസന്ധി തിയേറ്ററിലെ ഇരുട്ടിൽ സ്വതന്ത്രമായി മറികടക്കുന്നു. (കൂട്ടം കൂടിയിരുന്ന് വെടിവട്ടം പറയുന്നയാളായിരുന്നു മലയാളി)

പി.എസ്​. റഫീഖ്​
പി.എസ്​. റഫീഖ്​

ഒറ്റയ്ക്കിരുന്ന് ചിന്തിക്കുന്നവർ കുറവായിരുന്നു. പണ്ട് ഒറ്റക്കിരുന്ന് ആലോചിക്കുന്നവരെ ഭ്രാന്തൻ എന്നാണ് ആളുകൾ വിളിച്ചിരുന്നത്. മലയാളിക്ക് ഒരു കാലത്ത് നാടകത്തോടായിരുന്നു പ്രിയം. externalized. ബാഹ്യവൽകൃത സമൂഹത്തിന്റെ എല്ലാ കുഴപ്പങ്ങളും മലയാളിയ്ക്കുണ്ട്. അവരുടെ ഓരോ ചലനങ്ങളും ദൃശ്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. ദൃശ്യങ്ങളോടാണ് അവർക്ക് ആഭിമുഖ്യം.

സിനിമയുടെ മേയ്ക്കിങ്ങും പുതിയ രീതികളും എപ്പോഴും മുന്നോട്ടുതന്നെയാണ്. കോവിഡ് കാലത്ത് സജീവമായ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ സിനിമയുടെ കൃത്യമായ ഇടപെടലും ആവശ്യകതയും മനുഷ്യരെ ബോധിപ്പിച്ചു. ഒരു വ്യവസായ ഉത്പന്നം എന്ന നിലയിലും ഒരുപാട് ആളുകളുടെ ജീവനോപാധി എന്ന നിലയിലും മറ്റൊരു പ്രതിസന്ധി ഇന്ന് സിനിമ നേരിടുന്നുണ്ട്. കോടികൾ ചെലവുള്ള ഒന്നാണ് സിനിമാ നിർമാണം. തിയേറ്ററുകൾ റദ്ദ് ചെയ്യപ്പെട്ട സമയത്തിനുശേഷവും നമ്മൾ കോടികൾ മുടക്കിയെടുക്കുന്ന സിനിമ റിലീസ് ചെയ്ത് വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ വീട്ടിലെ കക്കൂസിലിരുന്ന് കാണുന്നു എന്നതാണത്. സിനിമയിൽ കുത്തകകൾ അല്ലാത്തവരെയാണ് ഈ പ്രവണത ബാധിക്കുന്നത്.

സ്രഷ്ടാവിനുമേൽ ആസ്വാദകന്റെ അധികാരം സാധ്യമാക്കിയ ഒ.ടി.ടി: ഷനോജ്​ ആർ. ചന്ദ്രൻ

ചലച്ചിത്രം ആൾക്കൂട്ടത്തിനിടയിൽ നിന്ന് മാറി വ്യക്തിപരമായ അനുഭവമായി മാറിയെന്ന വാദം ഉയർന്നിട്ടുണ്ട്. എം.ടി എന്ന വലിയ എഴുത്തുകാരൻ/ചലച്ചിത്രപ്രവർത്തകൻ പുതിയ തലമുറയുടെ ആവിഷ്‌കാരങ്ങളെ കുറിച്ച് സന്ദേഹമുയർത്തിയ അഭിമുഖത്തിൽ സാഹിത്യത്തെക്കുറിച്ച് മാത്രമല്ല പറയുന്നത്. സിനിമയെ കുറിച്ച് ചോദിക്കുമ്പോൾ, ‘ടി.വിയിൽ പലതും കാണുമ്പോൾ മുഴുവൻ കാണാൻ തോന്നാറില്ലെന്ന്' എം.ടി പറയുന്നുണ്ട്. ഒറ്റയിരിപ്പിന് കാണാതെ നിർത്തിപ്പോകാൻ പ്രേക്ഷകർക്ക്​ സാധ്യത കൊടുത്ത കാലമാണ് സിനിമയെ കുറിച്ച് എം.ടി പറഞ്ഞതിൽ ഞാനെടുക്കുന്ന പോയിൻറ്​. സാവകാശം കുറച്ചുകഴിഞ്ഞ് കാണാൻ വേണ്ടി മാറ്റിവെക്കുന്ന ആസ്വാദനത്തെക്കുറിച്ചല്ല. അത് കൊള്ളാവുന്ന കാര്യമാണ്. അതാണെങ്കിലും എംടി പറഞ്ഞതാണെങ്കിലും പ്രേക്ഷകരായി അധികാരി. നേരത്തെ തിയേറ്ററിൽ അടച്ചുപൂട്ടി മടുപ്പിച്ച് സമയം കഴിഞ്ഞ് ഇറക്കിവിടുന്നതുപോലെയല്ല. സ്രഷ്ടാവിനുമേൽ ആസ്വാദകന്റെ മുമ്പെന്നത്തേക്കാളും അധികാരം സാധ്യമാക്കി ഒ.ടി.ടി അടക്കമുള്ള കുഞ്ഞു സ്‌ക്രീനുകൾ. അത് പ്രധാനമാണ്.

ഷനോജ്​ ആർ. ചന്ദ്രൻ
ഷനോജ്​ ആർ. ചന്ദ്രൻ

‘എന്താണ് പുതിയ സിനിമയിൽ അവർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തവുമല്ല' എന്നും എം.ടി പറയുന്നു. ഇവിടെയും എം.ടി അധികാരം കൈവശം വെച്ച പ്രേക്ഷകനാണ്. മുൻവാചകത്തിൽ ആസ്വാദനത്തിന്റെ വിലങ്ങുതടിയെക്കുറിച്ച് പറയുന്ന എം.ടി, ഇവിടെ പ്രമേയത്തിന്റെ വ്യക്തതയില്ലായ്മയും ചൂണ്ടിക്കാട്ടുന്നു. പറഞ്ഞ ഈ രണ്ട് കാര്യത്തിലും പുതിയ പ്രേക്ഷകർ കുറച്ചെങ്കിലും പെർഫെക്ഷൻ ആഗ്രഹിക്കുന്നുവെന്നാണ് സൂചന. ഉദ്ദേശ്യത്തിന്റെ വ്യക്തതയിലും മടുപ്പിക്കാതെ കാണിക്കുന്നതിലും. അല്ലെങ്കിൽ ടി.വി നിർത്തിപ്പോകും.

അതേസമയം, സിനിമ എനിക്ക് വ്യക്തിപരമായ അനുഭവമല്ലാത്തതിനാലും ആൾക്കൂട്ടത്തിനിടയിലിരുന്ന് കാണാനാഗ്രഹിക്കുന്നതിനാലും തറ ടിക്കറ്റ് പ്രേക്ഷകനായതിനാലും തിയേറ്ററാണ് എന്റെ ചോയ്‌സ്. ശരിക്കും തിയേറ്റർ തന്നെയാണ് സിനിമ എന്ന ആർട് ഫോമിന്റെ യോജിച്ച ആവിഷ്‌കാര ഇടം എന്നാണ് എന്റെ പക്ഷം. ചോദ്യത്തിൽ പറഞ്ഞപോലെ ഇരുട്ടും ആൾക്കൂട്ടവും നിർമിച്ച ഇടത്തിൽ സംഭവിക്കുന്ന ദൃശ്യ ശ്രാവ്യ ആർട്ട് തന്നെ അത്. അതിന്റെ വിഷ്വൽ ലാംഗ്വേജിൽ, സൗണ്ടിൽ, ഇഫക്ടുകളിൽ വലിയ സാങ്കേതിക സംവിധാനങ്ങൾ പ്രധാനമാണ്. സിനിമ കൂടുതൽ സംവേദനാത്മകമാകാൻ തിയേറ്റർ തന്നെയാണ് ശരി. കോവിഡ് കാലത്ത് അതിജീവിക്കാൻ സിനിമ സൃഷ്ടിച്ച താൽക്കാലിക ഇടം മാത്രമാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ. പരിമിതികളിലെ സിനിമയുടെ നിലനിൽപായിരുന്നു അത്. ആ പരിമിതികൾ ഇല്ലാതെയാകുമ്പോൾ അതിന്റെ സർഗാത്മക ഊർജം കൂടുതൽ വിശാലമായി പ്രസരിപ്പിക്കാൻ തിയേറ്റർ തന്നെ വേണ്ടി വരും. അതേ സമയം കോവിഡ് സിനിമയിൽ സൃഷ്ടിച്ച ആഖ്യാനത്തിലെയും പ്രമേയത്തിലെയും അട്ടിമറികൾ സിനിമയെ നവീകരിക്കുകയും ചെയ്യും.

ഒ.ടി.ടിക്കുവേണ്ടി മലയാളം സീരീസുകൾ വരും : ഹർഷദ്​

ഹർഷദ്​
ഹർഷദ്​

മലയാളത്തിൽ ഇപ്പോൾ ഒ.ടി.ടിക്കുവേണ്ടി സിനിമ എടുക്കുന്ന രീതി താൽക്കാലികമായെങ്കിലും നിന്നിരിക്കയാണെന്നാണ് മനസ്സിലാക്കുന്നത്. ഇനി ഒ.ടി.ടിക്കുവേണ്ടിയുള്ള മലയാളം സീരീസുകളാണ് വരാൻ പോകുന്നത്. ഇങ്ങനെ സിനിമ എടുക്കുമ്പോൾ കണ്ടന്റിലും ഫോർമാറ്റിലും സ്വാഭാവികമായും മാറ്റമുണ്ടാവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

സിനിമ ക്രൗഡിന്റെ കല: വി.സി. അഭിലാഷ്

ചന്ദ്രബോസി’നുമുമ്പ് ഞാൻ ചെയ്ത ‘ആളൊരുക്കം’ ഒരു തമാശ സിനിമയായിരുന്നില്ല. അത് തിയേറ്ററിൽ കുറച്ചുപേർ മാത്രമുള്ള സദസ്സിനുമുന്നിൽ പ്രദർശിപ്പിക്കുകയാണ്​. തമാശ അല്ലെങ്കിൽ പോലും പ്രധാന കഥാപാത്രമായ പപ്പു പിഷാരടി പറയുന്ന ഒരു വാചകത്തിന് സദസ്സിലുള്ള ഒരാളുടെ ഒരൽപം ചിരി അൽപം ഉറക്കെയായി. ആ തിയേറ്ററിന്റെ ഒരു മൂലയിൽ പടം കണ്ടുകൊണ്ടിരുന്ന എന്നിൽ ആ ചിരിയുണ്ടാക്കിയ കോരിത്തരിപ്പ് ഞാൻ മുമ്പ്​ പറഞ്ഞിട്ടുണ്ട്. അതിൽനിന്നാണ്, ആളുകളെ രസിപ്പിക്കുന്ന, ആളുകൾ ആസ്വദിക്കുന്നു എന്ന് നമുക്ക് തോന്നുന്ന സിനിമകളുണ്ടാക്കണമെന്ന് എനിക്കുതോന്നുന്നത്. അതിൽനിന്നാണ് ‘സബാഷ്ചന്ദ്രബോസ്’.

വി.സി. അഭിലാഷ്
വി.സി. അഭിലാഷ്

തിയേറ്ററിൽനിന്ന് സിനിമ കുഞ്ഞുസ്‌ക്രീനുകളിലേക്കുപോകുമ്പോൾ സംഭവിക്കുന്ന വലിയ നഷ്ടത്തെക്കുറിച്ചാണ്​ ഞാൻ പറയുന്നത്​. ഒരു ക്രൗഡിലിരുന്ന് സിനിമ കാണുമ്പോൾ, നിങ്ങൾ ചെയ്യുന്ന സിനിമ പൂർണമായും ആളുകളെ രസിപ്പിക്കുന്നതാണ് എന്നുണ്ടെങ്കിൽ, ചെറിയൊരനക്കമോ ചെറിയൊരു തമാശയോ പോലും കൂട്ടച്ചിരിയായി മാറും. ആളുകൾ അലമുറയിട്ട് ചിരിക്കുന്ന അവസ്ഥയുണ്ടാകും. കരയാൻ പാടില്ലല്ലോ എന്ന ചിന്ത വിട്ട്, ഇരുട്ടത്താണല്ലോ എന്നോർത്ത് ആളുകൾ കരയും.

കുഞ്ഞുസ്‌ക്രീനിലേക്ക് മാറുമ്പോൾ, ആളുകൾ ചിരിക്കാൻ ഒന്ന് മടിക്കും. രാത്രി ബെഡ്‌റൂമിൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞശേഷമായിരിക്കും പലരും സിനിമ കാണുന്നത്. ഒന്ന് പൊട്ടിച്ചിരിച്ചാൽ ഒപ്പമുറങ്ങുന്നയാൾ ഉണരുമോ എന്നു ഭയന്ന് ചിരിക്കാൻ മടിക്കുന്നവരുണ്ടാകും. മൊബൈലിൽ, ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ സിനിമ കാണുമ്പോൾ എനിക്ക് തോന്നിയ കാര്യമാണിത്. അതുകൊണ്ട്, ആ സംഗതി ഞാൻ അവസാനിപ്പിച്ചതുമാണ്. ഒരു സിനിമ കണ്ടപ്പോൾ എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല. ഭാര്യ ഉണർന്നുവരികയും കുഞ്ഞ് ഉണരുകയും ചെയ്യുന്ന സാഹചര്യമുണ്ടായപ്പോൾ ഞാൻ മുറിക്കുപുറത്തേക്കു പോന്നു. ശരിക്കും സിനിമ കൂട്ടമായിരുന്ന് കാണേണ്ടതാണ്. തിയേറ്ററിൽ സിനിമ കാണുന്നതിന്റെ അനുഭവം വേറെ തന്നെയാണ്.

അത് മേക്കിംഗിനെയും ബാധിക്കുന്നുണ്ട്​. തിയേറ്ററിലേക്കല്ലല്ലോ, ഒ.ടി.ടിയിലേക്കല്ലേ എന്നു ചിന്തിച്ച് ടെക്‌നോളജിയിൽ പലതരം മാറ്റം വരുത്തുകയാണ്. ഞാൻ അങ്ങനെ ചിന്തിക്കുന്ന സംവിധായകനല്ല. തിയേറ്ററാണെങ്കിലും ഒ.ടി.ടിയാണെങ്കിലും മേക്കിംഗ് ഒരേപോലെയാണ് എന്നതാണ് എന്റെയൊരു ചിന്താപദ്ധതി. തിയേറ്ററിലേക്കുവേണ്ടി എന്തെങ്കിലും കുടുതലായി അപ്ലൈ ചെയ്യാറില്ല. ഇപ്പോൾ ഒരു ഫോർമുലയുണ്ട്. തിയേറ്ററിലും ഒ.ടി.ടിയിലും ലാഗ് ആളുകളെ എങ്ങനെ സ്വാധീനിക്കും എന്നതിനെക്കുറിച്ച് വിശദ പഠനം നടക്കുന്നുണ്ട്. കൃത്യമായ ബോധ്യത്തോടെ സിനിമയെടുത്താൽ ഏത് മേഖലയിലേക്കുപോയാലും ആ സിനിമക്ക് വിജയം നേടാൻ കഴിയുമെന്നാണ് എനിക്കുതോന്നുന്നത്.

ഏകാന്ത പ്രൊജക്ഷൻ അനുഭവം ആസ്വാദനത്തെ മെച്ചപ്പെടുത്തുന്നു: വി.എസ്. സനോജ്

വി.എസ്. സനോജ്
വി.എസ്. സനോജ്

മാറുന്ന സെൻസിബിലിറ്റിയുടേയും സാങ്കേതികത്വത്തിന്റേയും മാറ്റമാണിതെല്ലാം. സിനിമ ആൾക്കൂട്ട ആസ്വാദനകലയിൽനിന്ന് വ്യക്തി അധിഷ്ഠിത ആസ്വാദനമെന്നതിലേക്ക് വരുന്നുവെന്ന് പറയുമ്പോഴും പുതിയ പ്ലാറ്റ്‌ഫോമുകളിലെ ഏകാന്ത പ്രൊജക്ഷൻ അനുഭവം ആസ്വാദനത്തെ മെച്ചപ്പെടുത്തുക തന്നെയാണ്. ലോകത്തിന് ഓരോ പ്രാദേശിക ഭാഷാ ചിത്രവും കാണാനാകും എന്നതൊരു വലിയ സാധ്യതയാണിപ്പോൾ. ചില സിനിമകൾ ഒറ്റയ്ക്കിരുന്നത് കാണണം എന്ന ആഗ്രഹത്തെ പുതിയ സാങ്കേതികവിദ്യ സഹായിക്കുന്നുവെങ്കിൽ അതുമൊരു നല്ല സാധ്യതയല്ലേ. സ്വാഭാവികമായും കണ്ടൻറ്​ ഡ്രിവൺ ഫിലിം മേക്കിങിന് ഒ.ടി.ടി. മാറ്റം ഗുണം ചെയ്യുകതന്നെയാണ്. മേക്കിങിന് കൂടുതൽ സ്വാതന്ത്ര്യവും അത് നൽകുന്നു.

(ട്രൂകോപ്പി വെബ്സീൻ സിനിമ സ്പെഷൽ പാക്കറ്റ് (91) "അത്യുജ്ജ്വലകാല'ത്തിൽ നിന്ന്)


Summary: ഒ.ടി.ടി റിലീസുകൾ സിനിമയുടെ ഭംഗി ചോർത്തികളയുന്നുണ്ടോ? വ്യത്യസ്ത അഭിപ്രായങ്ങളാണ് സിനിമാ പ്രവർത്തകർക്കും പ്രേക്ഷകർക്കും. ഒ.ടി.ടി.യിൽ സിനിമ കാണാറില്ലെന്നും ഫോണിലോ ലാപ്ടോപ്പിലോ കാണാനല്ല താൻ സിനിമ ചെയ്യുന്നതെന്നും കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ട്രൂകോപ്പി വെബ്സീൻ, സിനിമ സ്‌പെഷലായി പുറത്തിറക്കിയ 91 -ാം പാക്കറ്റിൽ പുതുകാല സിനിമപ്രവർത്തകർ ഒ.ടി.ടിയുടെസാധ്യതകളും പരിമിതികളും വിലയിരുത്തിയിരുന്നു. അവരുടെ പ്രതികരണങ്ങളിലൂടെ... (ട്രൂകോപ്പി വെബ്‌സീൻ 91-ാം പാക്കറ്റിൽ പ്രസിദ്ധീകരിച്ചത്)


Comments