പി.എസ്​. റഫീഖ്​

പണിയെടുക്കുന്നു, നമ്മുടേതായ
​ഒരു കൈയൊപ്പിനുവേണ്ടി

തിയേറ്ററുകൾ റദ്ദ് ചെയ്യപ്പെട്ട സമയത്തിനുശേഷവും നമ്മൾ കോടികൾ മുടക്കിയെടുക്കുന്ന സിനിമ റിലീസ് ചെയ്ത് വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ വീട്ടിലെ കക്കൂസിലിരുന്ന് കാണുന്നു എന്ന പ്രതിസന്ധി, വ്യവസായ ഉത്പന്നം എന്ന നിലയിലും ഒരുപാട് ആളുകളുടെ ജീവനോപാധി എന്ന നിലയിലും സിനിമ അഭിമുഖീകരിക്കുന്നുണ്ട്​.

ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?

പി.എസ്​. റഫീഖ്​: സിനിമയോ മറ്റേത് കലാരൂപങ്ങളോ ഒരു സാമൂഹിക ദൗത്യത്തിനുവേണ്ടി ‘ഉണ്ടാക്കപ്പെടു'മ്പോഴാണ് സത്യസന്ധമല്ലാതായിത്തീരുന്നത്. മറിച്ച്, ചലച്ചിത്രമാകട്ടെ, മറ്റെന്താവട്ടെ, അവ നിർമിക്കപ്പെടുന്ന സമൂഹത്തിന്റെ സാംസ്‌കാരിക പ്രതിഫലനമാണ്. തിരിച്ചങ്ങോട്ടും സമൂഹത്തിലവ സ്വാധീനം ചെലുത്തുന്നു. ഇവിടെ നമുക്ക് ഗോദാർദിന്റെ വാക്കുകൾ ശരിയാണെന്ന് മനസ്സിലാകും. രാഷ്ട്രീയം വിഷയമാകുന്നതിനേക്കാൾ സിനിമ രാഷ്ട്രീയമായി രൂപപ്പെട്ടുവരികയാണ് ചെയ്യേണ്ടത്. സിനിമയുടെ തുടക്കകാലത്തെ പ്രധാനപ്പെട്ട ഒരാൾ എന്ന നിലയിൽ ചാപ്ലിനെയെടുക്കാം. ശബ്ദത്തിനുമുമ്പും ശേഷവും ചാപ്ലിൻ സിനിമകൾ രാഷ്ട്രീയം സംസാരിച്ചു. ‘കിഡും’ ‘വുമൺ ഇൻ പാരീസും’ ‘ദി സർക്കസും’ ‘ഗോൾഡ് റഷു'മെല്ലാം ചാപ്ലിൻ ജീവിച്ച കാലത്തിന്റെ സാമൂഹിക- രാഷ്ട്രീയ ഭാവപ്പകർച്ചകൾ ഉൾവഹിക്കുന്നവയാണ്. ഗ്രേറ്റ് ഡിക്‌റ്റേറ്റർ അതിന്റെ ശക്തമായ ഉദാഹരണമാണ്.

സിനിമക്കകത്തുള്ള ഒരാൾ എന്ന നിലയിൽ വളരെ വലിയൊരു മത്സരരംഗം കൂടിയാണിതെന്ന് വിലയിരുത്താനാണ് തോന്നുന്നത്. ഏറ്റവും കൂടുതൽ സിനിമകളുണ്ടാകുന്ന പ്രാദേശിക ഭാഷ കൂടിയാണ് മലയാളം.

സോഷ്യൽ മിഷനേക്കാൾ സോഷ്യൽ ഫംഗ്ഷൻ എന്ന വാക്കാണ് സിനിമയ്ക്ക് ചേരുക. പൊളിറ്റിക്കൽ കറക്റ്റ്‌നെസ്​ ഒക്കെ ഇവിടെയാണ് വരുന്നത്. മിഷൻ ആക്ടിവേറ്റ് ചെയ്യുമ്പോൾ കറക്റ്റ്‌നെസ് വേണ്ടിവരും. മിഷൻ പലപ്പോഴും അജണ്ടയായി മാറുന്നുണ്ട്. അജണ്ട എന്നാൽ കാര്യപരിപാടി എന്ന അർത്ഥമേയുള്ളൂ എങ്കിലും അതിനൊരു ധ്വന്യാർത്ഥമുണ്ട്. അത് ‘ഗൂഢലക്ഷ്യം' എന്ന അർത്ഥമാണ്. കലക്കുചേരുക ഫംഗ്ഷൻ എന്ന വാക്കാണ്. സോഷ്യൽ ഫംഗ്ഷനിംഗിൽ കൂട്ടുചേരുന്ന മറ്റേതു കലാരൂപത്തെയും പോലെ ഒന്നാണ് സിനിമ. ഫംഗ്ഷൻ എന്നത് ആരും തീരുമാനിച്ചതിന്റെ പേരിലുണ്ടായിത്തീരുന്ന ഒന്നല്ല. What kind of functions Cinema plays in Society- എന്നുചോദിച്ചാൽ, രസം ഉത്പാദിപ്പിക്കുക എന്നതാണ് പ്രാഥമികമായി ഏതൊരു കലാസൃഷ്ടിയും ചെയ്യുന്നത്, സിനിമയും അങ്ങനെ തന്നെ.

കോവിഡിനുശേഷമുള്ള സിനിമ ലോകത്തെയാണ് അഭിസംബോധന ചെയ്യുന്നത് / Photo : IFFK, fb page

മലയാള സിനിമ ജീവിതനിറവിലാണിപ്പോൾ. നിറയെ സിനിമകൾ, നിറയെ ഫിലിം മേക്കേഴ്സ്. നിറയെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാവുന്നു. അതിനകത്തെ ആക്ടീവായ ഒരാൾ എന്ന നിലയിൽ ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഈ ചോദ്യം നമ്മുടെ സാംസ്‌കാരിക വളർച്ചയുമായി ചേർന്നുകിടക്കുന്നു. അത്രയ്ക്കധികം കാഴ്ചക്കാരുള്ളതുകൊണ്ടാണ് സിനിമ കൂടുതൽ ഉണ്ടാവുന്നത്. മലയാളികളെ സംബന്ധിച്ച്​, ഇന്ന് അതൊരു കാർഷിക സമൂഹമല്ല. ധാരാളം ലെഷർ ടൈം ഉള്ളവരാണ്​ മലയാളി. കാർഷിക സമൂഹമായിരുന്ന ഒരവസരത്തിൽ പ്രദർശന കലകൾ അരങ്ങേറിയിരുന്നത് സമൂഹത്തിലെ എലൈറ്റ് ക്ലാസിന്റെ ഉമ്മറത്തിണ്ണകളിൽ മാത്രമായിരുന്നു. അതിന്​ സാമൂഹികവും രാഷ്ട്രീയവുമായ മറ്റു കാരണങ്ങളുമുണ്ട്. പിന്നീട് മലയാളി ഉപഭോക്തൃ സമൂഹമായി മാറി. സാമ്പത്തിക സ്വാതന്ത്ര്യം കിട്ടി. അവർക്ക് ഒഴിവുസമയം ധാരാളം കിട്ടുന്നു. ഒഴിവുസമയം ഉണ്ടാക്കുന്ന ഒരാളാണ് മലയാളി. ഒഴിവുള്ള മലയാളി സിനിമ തന്നെ കാണണമെന്ന് നിർബന്ധമൊന്നുമില്ല. പക്ഷേ ഏറ്റവും അഡ്വാൻസ്ഡ് ആയ കലാരൂപം എന്ന നിലയിൽ അവർ അതിലേക്കുതന്നെ എത്തും എന്നതാണ് വാസ്തവം. സമൂഹത്തിലെ സമ്പത്തിന്റെ വ്യവഹാരവും വിതരണവും, തൊഴിൽമേഖലയിൽ വന്ന മാറ്റങ്ങളും, വിദ്യാഭ്യാസവുമെല്ലാം മലയാളികളെ ഏറ്റവും പുതിയ ലോകത്തെ അഭിമുഖീകരിക്കാൻ ശേഷിയുള്ള ആളുകളാക്കി തീർത്തിട്ടുണ്ട്. (ആധുനികതയുടെ എല്ലാ കപടകതകളും പേറുന്ന ജനത കൂടിയാണ് മലയാളികൾ എന്നത് വേറെ കാര്യം) അത്തരത്തിലൊരു സ്വത്വപ്രതിസന്ധി മലയാളിക്കുണ്ട്.

തൊട്ടപ്പൻ സിനിമയിൽ നിന്ന്

സിനിമക്കകത്തുള്ള ഒരാൾ എന്ന നിലയിൽ വളരെ വലിയൊരു മത്സരരംഗം കൂടിയാണിതെന്ന് വിലയിരുത്താനാണ് തോന്നുന്നത്. ഏറ്റവും കൂടുതൽ സിനിമകളുണ്ടാകുന്ന പ്രാദേശിക ഭാഷ കൂടിയാണ് മലയാളം. ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്ന ഓരോ സിനിമകളും ലോകത്തിന്റെ ഭാവുകത്വമാറ്റം കൃത്യമായി അടയാളപ്പെടുത്തുന്നവ കൂടിയാണ്. പുതിയ പുതിയ കണ്ടന്റുകളിലേക്ക് സിനിമ എത്തപ്പെടുകയാണ്. എല്ലാറ്റിനുമുപരി, കോവിഡിനുശേഷമുള്ള സിനിമ ലോകത്തെയാണ് അഭിസംബോധന ചെയ്യുന്നത്. സിനിമയെ സംബന്ധിച്ച്​ അത് വലിയൊരു കമ്പോളത്തിന്റെ ഭാഗമാണെന്നതു കൂടി ചേർത്തുപറയേണ്ടതുണ്ട്.

തിയറ്ററിലായിരുന്നു സിനിമ. ഓപ്പൺ എയറിൽ പ്രദർശിപ്പിച്ചപ്പോഴൊക്കെയും ഇരുട്ടും ആൾക്കൂട്ടവും സിനിമയുടെ ചുറ്റും ഉണ്ടായിരുന്നു, വേണ്ടിയിരുന്നു. പക്ഷേ സിനിമയ്ക്കിപ്പോൾ അതൊന്നും വേണ്ട. ഒറ്റയ്ക്കൊരാൾ തന്റെ കുഞ്ഞു സ്‌ക്രീനിൽ കാണുകയാണ് സിനിമ. അത് ഒറ്റയിരിപ്പിന് കാണണമെന്ന് പോലുമില്ല. മീഡിയത്തിന് സംഭവിച്ച മാറ്റം മേയ്ക്കിങ്ങിനെ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

ഓരോ വ്യക്തിയുടെയും ആസ്വാദനക്ഷമത രൂപപ്പെടുന്നത് അവർ വ്യവഹരിക്കുന്ന ഇടങ്ങളിൽ നിന്നാണ്, അധികാര ബന്ധങ്ങളിൽ നിന്നാണ്. ഭാവുകത്വം രൂപപ്പെടുത്തുന്നത് അവരവരുടെ പരിസരമാണ്. ഇങ്ങനെയുള്ള വ്യക്തിയാണ് സിനിമാ തീയേറ്ററിലെ കാണിയും. ഇരുട്ടിനകത്ത് തീയേറ്ററിൽ ഒരു സിനിമ ഒരുപാട് പേരുടെ സിനിമയാകുന്നത് അങ്ങനെയാണ്. ഒരേ സിനിമ പലർക്കും പലതാണ്. പക്ഷേ, തിയേറ്ററിൽ താൻ കണ്ടുകൊണ്ടിരിക്കുന്ന സിനിമ തൊട്ടടുത്ത സീറ്റിലിരിക്കുന്ന ആളുമായി പങ്കുവയ്ക്കപ്പെടുന്നത് അയാളറിയാതെയാണ്. കാണികൾ തമ്മിൽ അവരറിയാതെ ഇരുട്ടിൽ ഒരു സംവേദനം നടക്കുന്നുണ്ട്. ഈ കൊടുക്കൽ- വാങ്ങൽ സാധ്യമാക്കുന്ന തരത്തിലേക്ക് ആൾക്കൂട്ടത്തിന്റെ അനുഭവതലങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കുന്ന സിനിമയാണ് ഇവിടെ വിജയിക്കുന്ന സിനിമ. വീട്ടിൽ സാധ്യമല്ലാത്ത പ്രേമം, വീട്ടിൽ സാധ്യമല്ലാത്ത ലൈംഗികത, നാട്ടിൽ സാധ്യമല്ലാത്ത പലതും ഒരാൾക്ക് തിയേറ്ററിലെ ഇരുട്ടിൽ സിനിമയിലൂടെ സാധ്യമാണ്. അടുത്തിരിക്കുന്നയാളും തന്നോടൊപ്പം ചേരുന്നുവെന്ന് മനസ്സിലാകുമ്പോൾ അത് ആൾക്കൂട്ടത്തിന്റെ കലയാകുന്നു. മലയാളി തന്റെ സ്വത്വപ്രതിസന്ധി തിയേറ്ററിലെ ഇരുട്ടിൽ സ്വതന്ത്രമായി മറികടക്കുന്നു. (കൂട്ടം കൂടിയിരുന്ന് വെടിവട്ടം പറയുന്നയാളായിരുന്നു മലയാളി)

ഒറ്റയ്ക്കിരുന്ന് ചിന്തിക്കുന്നവർ കുറവായിരുന്നു. പണ്ട് ഒറ്റക്കിരുന്ന് ആലോചിക്കുന്നവരെ ഭ്രാന്തൻ എന്നാണ് ആളുകൾ വിളിച്ചിരുന്നത്. മലയാളിക്ക് ഒരു കാലത്ത് നാടകത്തോടായിരുന്നു പ്രിയം. externalized. ബാഹ്യവൽകൃത സമൂഹത്തിന്റെ എല്ലാ കുഴപ്പങ്ങളും മലയാളിയ്ക്കുണ്ട്. അവരുടെ ഓരോ ചലനങ്ങളും ദൃശ്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. ദൃശ്യങ്ങളോടാണ് അവർക്ക് ആഭിമുഖ്യം.

സിനിമയുടെ മേയ്ക്കിങ്ങും പുതിയ രീതികളും എപ്പോഴും മുന്നോട്ടുതന്നെയാണ്. കോവിഡ് കാലത്ത് സജീവമായ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ സിനിമയുടെ കൃത്യമായ ഇടപെടലും ആവശ്യകതയും മനുഷ്യരെ ബോധിപ്പിച്ചു. ഒരു വ്യവസായ ഉത്പന്നം എന്ന നിലയിലും ഒരുപാട് ആളുകളുടെ ജീവനോപാധി എന്ന നിലയിലും മറ്റൊരു പ്രതിസന്ധി ഇന്ന് സിനിമ നേരിടുന്നുണ്ട്. കോടികൾ ചെലവുള്ള ഒന്നാണ് സിനിമാ നിർമാണം. തിയേറ്ററുകൾ റദ്ദ് ചെയ്യപ്പെട്ട സമയത്തിനുശേഷവും നമ്മൾ കോടികൾ മുടക്കിയെടുക്കുന്ന സിനിമ റിലീസ് ചെയ്ത് വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ വീട്ടിലെ കക്കൂസിലിരുന്ന് കാണുന്നു എന്നതാണത്. സിനിമയിൽ കുത്തകൾ അല്ലാത്തവരെയാണ് ഈ പ്രവണത ബാധിക്കുന്നത്.

ഹ്യൂമറും രഷ്ട്രീയശരിയും പരസ്പരവിരുദ്ധമാണ് എന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നുപോവും എന്ന് കരുതുന്നുണ്ടോ?

ഒരു സർഗ്ഗാത്മക ആവിഷ്‌കാരം എന്ന നിലയിൽ രാഷ്ട്രീയശരിക്കുവേണ്ടി ഒരു സിനിമ കഷ്ടപ്പെട്ട് ചെയ്യേണ്ടതില്ല എന്നാണ് തോന്നുന്നത്. നേരത്തെ പറഞ്ഞ ഗോദാർദിന്റെ വാക്കുകൾ ഇതിനോട് ചേർന്നുപോകും. ഹ്യൂമർ സത്യസന്ധമായി ഉണ്ടാവേണ്ട ഒന്നാണ്. രാഷ്ട്രീയശരിയിൽ ചോർന്നുപോകുന്ന ഹ്യൂമർ മിക്കവാറും അധിക്ഷേപം ആയിരിക്കും എന്നതാണ് ശരി. നേരെമറിച്ച്, ഉണ്ടായിവരുന്ന ഹ്യൂമറിന് രാഷ്ട്രീയ ശരിയെ ഭയക്കേണ്ടതുമില്ല. പാഠം ആവശ്യപ്പെടുന്നത് മാത്രമേ യഥാർത്ഥത്തിൽ ഉണ്ടായി വരാറുള്ളൂ.

സ്ത്രീകളെ സിനിമ ഏത് രീതിയിലാണ് ഉൾക്കൊണ്ടിരുന്നത്? സിനിമയുടെ ആശയത്തിൽ / തീമിൽ / മേക്കിംങ്ങിൽ / അഭിനേതാക്കൾ എന്ന നിലയിൽ / പ്രേക്ഷകർ എന്ന നിലയിൽ? ഈ ചോദ്യം പാസ്റ്റ് ടെൻസിലാണ്. പ്രസൻറ്​ ടെൻസിലും ഇതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണ്?

പി.കെ റോസി

തീർച്ചയായും, മലയാള സിനിമയുടെ ചരിത്രം ഈ അടുത്ത കാലം വരെ പുരുഷൻമാരുടേതായിരുന്നു. മലയാള സിനിമയുടെ ചരിത്രം തുടങ്ങിവച്ചത് റോസി എന്ന സ്ത്രീയാണെങ്കിലും നമ്മുടെ സാമൂഹിക ഘടനയിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനം സിനിമയിലുമുണ്ട്. സ്‌ക്രീൻ സ്‌പേസിന്റെ കാര്യത്തിലായാലും, കഥയിലായാലും നായകന്റെ ഉപഗ്രഹമായിരുന്നു സ്ത്രീകൾ. വിരലിലെണ്ണാവുന്നവരേ അങ്ങനെയല്ലാതെയുള്ളൂ. ഒരു സ്ത്രീയെ എഴുത്തുകാരി (സിനിമ), സംവിധായിക, പാട്ടെഴുത്തുകാരി, എഡിറ്റർ, സിനിമാട്ടോഗ്രാഫർ എന്നൊന്നും സങ്കൽപ്പിച്ചെടുത്തിട്ടേയില്ലായിരുന്നു. എന്നാൽ പുതിയ സിനിമയിൽ സംവിധായകമാരും മറ്റ് വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന സ്ത്രീകളും ഉണ്ടായി വരുന്നത് ആശാവഹമാണ്. സിനിമയിൽ സ്ത്രീകളുടെ സംഘടന തന്നെ ശക്തമായി ഇന്നുണ്ട്.

എല്ലാ കലാരൂപങ്ങളും ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം മുന്നോട്ടുവെയ്ക്കും. ആ രാഷ്ട്രീയം എന്താണ് എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയിൽ ഫിലിം മേക്കർ സ്ഥാനപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതല്ല കെ.ജി.ജോർജിന്റെ സിനിമ. പത്മരാജന്റെ സിനിമയല്ല ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമ. സിനിമയ്ക്ക് മുഖ്യധാരയെന്നും സമാന്തര ധാരയെന്നും വേർതിരിവുണ്ടായിരുന്നു. പക്ഷേ ഈ തലമുറ ആ വേർതിരിവിനെ മനോഹരമായി ബ്രേക്ക് ചെയ്തു. ഈ ചരിത്രത്തെ മുൻനിർത്തി നിങ്ങളുടെ സ്വന്തം സിനിമ എവിടെയാണ് സ്വയം പ്ലേസ് ചെയ്യാൻ ആഗ്രഹിക്കുന്നത്?

ഒരു കലാകാരൻ (അങ്ങനെ പറയാമെങ്കിൽ) എന്ന നിലയിൽ ഇവരോടൊപ്പമോ ഇവരേക്കാൾ മികച്ചതോ ആവുക എന്നതുതന്നെയാണ് ആഗ്രഹം. ഒരു സിനിമയിലെ രാഷ്ട്രീയം എന്താണെന്ന് തീരുമാനിക്കുന്നത് സംവിധായകരാണെങ്കിലും തിരിച്ചറിയുന്നത് പ്രേക്ഷകരാണെന്നാണ് വിചാരിക്കുന്നത്. അടൂരിന്റേയോ അരവിന്ദന്റെയോ കെ. ജി. ജോർജ്ജിന്റെയോ പത്മരാജന്റെയോ സിനിമകളെല്ലാം വേറെവേറെയാകുന്നതും അതുകൊണ്ടാണ്. ഇവരെല്ലാം ജീവിച്ചിരുന്ന കാലത്തോടും തങ്ങളുടെ മീഡിയത്തോടും ഏറെ ക്രിയാത്മകമായി പ്രതികരിച്ചവരാണ്, അടയാളപ്പെടുത്തിയവരാണ്. അങ്ങനെ അടയാളപ്പെടുത്തുന്ന രീതിയിൽ പ്ലേസ് ചെയ്യപ്പെടുക എന്നത് ഒരു കലാപ്രവർത്തകൻ എന്ന രീതിയിൽ എന്റെയും മിനിമം ആഗ്രഹമാണ്. 2013ലിറങ്ങിയ ആമേൻ എന്ന സിനിമ മലയാള സിനിമ, ഒരു ദിശാമാറ്റത്തിന് തുടക്കം കുറിച്ചിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.

ആമേൻ സിനിമയിൽ നിന്ന്

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ശക്തവും വലുതുമായ സിനിമയുണ്ടാവുന്നുണ്ട്. മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ എന്താണ് തോന്നുന്നത്?

മലയാള സിനിമയ്‌ക്കോ സാഹിത്യത്തിനോ എന്നും ഒരു പ്രത്യേക ഐഡന്റിറ്റിയുണ്ട്. ഗംഭീര സിനിമകൾ എന്നും ഇവിടെയുണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്. കുമ്മാട്ടിയും എലിപ്പത്തായവും സ്വയംവരവും എല്ലാം ലോകസിനിമകൾക്കൊപ്പം നിർത്താവുന്ന സിനിമകൾ തന്നെയാണ്. കച്ചവടവും കലാമൂല്യവും സമ്മേളിക്കുന്ന എം.ടിയുടെയും ഭരതന്റെയും പദ്മരാജന്റെയും സിനിമകളുണ്ട്. നിരവധി തവണ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളുണ്ട്. നല്ല സിനിമകൾ ഉണ്ടാവുന്ന ഭാഷ എന്ന നിലയിൽ മലയാളം മുമ്പോട്ട് തന്നെയാണ്. പക്ഷേ മലയാള സിനിമയുടെ കമ്പോളം ചെറുതാണ് എന്നത് നമ്മൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ്. ഭാഷാപരമായ ഇടുക്കം ലോകകമ്പോളത്തിൽ നമ്മുടെ സിനിമയെ ചുരുക്കാറുണ്ട്. എന്നിരുന്നാലും പുതിയ കാലത്തെ നമ്മുടെ സിനിമകൾ ലോകസിനിമകളാവാനുള്ള യാത്രയിലും തയ്യാറെടുപ്പിലുമാണെന്ന് വിശ്വസിക്കുന്നു.

ഭരതൻ, എം.ടി. വാസുദേവൻ നായർ, പി. പത്മരാജൻ

ക്യാമറയുള്ള മൊബൈൽ ഫോണിന്റെ വരവിനുമുൻപ് വിഷ്വൽ ലാംഗ്വേജിൽ നടന്നിട്ടുള്ള ആവിഷ്‌കാരം സിനിമകളും ഡോക്യുമെന്ററികളും ആണ്. ടെലിവിഷനും ഫോട്ടോഗ്രാഫിയും ആ ഭാഷയിലെ മറ്റ് ധാരകളാണ്. വിഷ്വൽ ഭാഷയിൽ ഇപ്പോൾ ഇതൊന്നുമല്ലാത്ത ധാരാളം ആവിഷ്‌കാരങ്ങൾ നടക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെ സീരീസുകൾ, സോഷ്യൽ മീഡിയയിലെ റീലുകളും ഷോട്ട്സുകളും ഒക്കെ. ക്യാമറയോടുള്ള, പ്രൊഡക്ഷൻ രീതികളോടുള്ള മനുഷ്യരുടെ കൗതുകം ഇപ്പോൾ മറ്റൊരു തരത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ സിനിമാ ചിന്തകളെ എങ്ങനെയാണ് ബാധിക്കുന്നത്?

ദൃശ്യങ്ങളുടെ ആധിക്യത്തിനിടയിലാണ് നാം എന്നത് വാസ്തവമാണ്. എത്ര വലിയ ഇമോഷനും ഒരു ചെറിയ ഇമോജിയിലൂടെ അനുഭവിപ്പിക്കാവുന്ന അവസരമുണ്ടിപ്പോൾ. അമിത വികാരപ്രകടനങ്ങളോ കണ്ണോക്കു കരച്ചിലുകളോ വേണ്ടാത്ത ഒരവസ്ഥയിലേക്ക് സിനിമയും പ്രേക്ഷകരും എത്തിച്ചേർന്നിട്ടുണ്ട്. ക്യാമറയുള്ള മൊബൈൽ ഫോണിന്റെ വരവ് ദൃശ്യങ്ങളെ കൂടുതൽ ജനകീയമാക്കുകയും ജനാധിപത്യവത്കരിക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക അനുഭവങ്ങളെയോ വളരെ പേഴ്‌സണളായ സന്ദർഭങ്ങളെയോ പകർത്തി പൊതു ഇടത്തിൽ പ്ലേസ് ചെയ്യാവുന്ന അവസ്ഥയുണ്ട്. ഇത് സാങ്കേതികവിദ്യ തരുന്ന സ്വാതന്ത്ര്യമാണ്. ഏറ്റവും നല്ല കണ്ടന്റുകളൊഴികെ മറ്റൊന്നിനും പ്രാധാന്യം നൽകാത്ത ഒരു സിനിമാക്കാലം വരാനിരിക്കുന്നു എന്നുതോന്നുന്നു. സീരീസുകളാവട്ടെ, റീലുകളാവട്ടെ പല ലോകങ്ങളിലുള്ളവരുടെയും പല ഭാഷകളിലുള്ളവരുടെയും നാം കണ്ടുവരുന്നു. അവിടെയുമിവിടെയും മനുഷ്യാനുഭവങ്ങൾക്ക് അത്ര വലിയ വ്യത്യാസം കാണാറില്ല. മികച്ചത് നമ്മൾ എല്ലാവരും കാണുന്നു എന്നതാണ് കാര്യം. കൂടുതൽ മികച്ചത് എന്ത്, എങ്ങനെ എന്ന ചിന്തയിലേക്കും ഇതൊക്കെ നമ്മെ എത്തിക്കുന്നു.

ഭാഗം രണ്ട്​

സാഹിത്യരൂപങ്ങളുടെ സിനിമാആവിഷ്‌കാരം എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. വായനയുടെ സ്വഭാവം എന്താണ്? കഥകളാണോ സംഭവങ്ങളാണോ തിരയുന്നതും പ്രചോദിപ്പിക്കുന്നതും?

തിരയുന്നതിൽ കഥകളുണ്ടാവാം. സംഭവങ്ങൾ പിന്നീട് കഥകളായി മാറുകയും ചെയ്യും. സാഹിത്യവും സിനിമയും എപ്പോഴും രണ്ട് മീഡിയമാണ്. ഖസാക്ക് സിനിമയാക്കിയാൽ ‘ചെതലി മലയുടെ ഉച്ചിയിൽ പാറമുകളിൽ വെയിലു പൊട്ടുന്നു' എന്നത് വിഷ്വലി അത്ര എഫക്ടീവാകണമെന്നില്ല. സിനിമ വിഷ്വൽ ലാംഗ്വേജാണ്. നമ്മുടെ സാഹിത്യം തീർത്തും നമ്മുടെ മാതൃഭാഷയിൽ തന്നെ നിൽക്കുന്നു. പക്ഷേ, മരിയോ പുസോയുടെ ഗോഡ്ഫാദറിനേക്കാൾ എനിക്കിഷ്ടം കപ്പേളയുടെ ഗോഡ്ഫാദറാണ്. വായനയിലെ ദൃശ്യവും ക്യാമറയിലെ ദൃശ്യവും രണ്ടാണ്. ആദ്യത്തേത് നമ്മുടെ സ്വന്തം ദൃശ്യവും സിനിമയിലേത് മറ്റൊരാളുടേതുമാണ്.

കയ്യിൽ കിട്ടുന്നതെന്തും വായിച്ചാണ് വായന ഒരു ശീലമാക്കുന്നത്. മുൻകാലത്തെ അപേക്ഷിച്ച് ഇപ്പോൾ വായന കുറച്ച് സെലക്ടീവായാണ് നടക്കുന്നത്. എന്തും വായിച്ചറിയേണ്ടുന്ന അവസ്ഥയിൽനിന്ന് ടെലിവിഷനും മൊബൈലും നമ്മെ മോചിപ്പിച്ചിട്ടുണ്ട്. വേണ്ടതും വേണ്ടാത്തതും വായിക്കുന്നതിൽനിന്ന് ഇപ്പോൾ വേണ്ടത് മാത്രം എന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. അത്രയധികം പുസ്തകമെഴുത്തുകാരും പ്രസാധകരും ഇവിടെ ഉണ്ടായിക്കഴിഞ്ഞിട്ടുള്ളതുകൊണ്ടാണത്.

മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ / സിനിമകൾ ഏതാണ്? ഫിലിം മേക്കറും? സ്വന്തം സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?

ഇതാണ് മലയാളത്തിൽ എനിക്കേറ്റവുമിഷ്​ടപ്പെട്ട സിനിമയെന്ന് ചൂണ്ടിക്കാണിക്കാൻ കഴിയില്ല എന്നുതോന്നുന്നു, ഫിലിം​ മേക്കറെയും. വ്യത്യസ്ത റേഞ്ചുള്ള പ്രതിഭാശാലികളായ സംവിധായകരും സിനിമകളും ഇവിടെ ഉണ്ടായിട്ടുണ്ട്. പണ്ട് അടൂരിന്റെയോ അരവിന്ദന്റെയോ സിനിമകൾ അവാർഡ് പടം എന്ന ലേബലിൽ ദൂരദർശനിൽ കാണുമ്പോൾ ഞാനടക്കമുള്ളവർ കുട്ടികളായിരുന്നു. ഇപ്പോൾ നേരത്തെ പറഞ്ഞതുപോലെ കലാമൂല്യം, കച്ചവടം എന്നിങ്ങനെയുള്ള ഭാരങ്ങളില്ലാതെ സിനിമ കാണാൻ കഴിയുന്നുണ്ട്. കെ. ജി. ജോർജ്ജ്, അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, പത്മരാജൻ എന്നിവരൊക്കെ എനിക്ക് പ്രിയപ്പെട്ടവരാണ്. പുതിയവരിലും ധാരാളമാളുകൾ എനിക്ക് ഇഷ്ടമുള്ളവരുണ്ട്.

എന്റെ സിനിമയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്
തീർച്ചയായും ‘ആമേൻ' ആണ്.

അടൂർ ഗോപാലകൃഷ്ണൻ / ചിത്രം: എ.ജെ. ജോജി

സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?

സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലമുണ്ടാവില്ല എന്നുതോന്നുന്നു. താൽക്കാലികമായി ചിലപ്പോഴത് സംഭവിച്ചേക്കാം എന്നുമാത്രം. ഉമ്പർട്ടോ എക്കോ പറഞ്ഞതുപോലെ, ഒരിക്കൽ സംഭവിച്ചാൽ പിന്നീട് പിൻവലിക്കാൻ കഴിയാത്ത സംഗതികളുണ്ട്. ചക്രം പോലുള്ള സംഗതികളാണ് അദ്ദേഹം ഉദാഹരണമായി എടുത്തു പറയുന്നത്. ചാക്രികമായതെന്തും അങ്ങനെയാണ്. സാഹിത്യവും സിനിമയും അങ്ങനെത്തന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റൊരു പ്രശസ്തമായ വാചകം കനേഡിയൻ ഫിലോസഫർ മാർഷ്യൽ മക് ലൂഹന്റേതാണ്. Medium is the message എന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമം തന്നെയാണ് സന്ദേശം.

താങ്കൾക്ക് എന്താണ് സിനിമ എന്ന മാധ്യമം? ഒരു വലിയ വ്യവസായം കൂടിയായ സിനിമയിൽ താങ്കളുടെ സിനിമയുടെ വിജയത്തിന്റെ മാനദണ്ഡം എന്താണ്?

സിനിമ എനിക്ക് ഉപജീവനവും കലയുമാണ്. ചെറുകഥയോ നോവലോ എഴുതുമ്പോഴുള്ള തൃപ്തി ചിലപ്പോൾ എനിക്ക് സിനിമ തരണമെന്നില്ല. കൂടുതൽ നല്ല സിനിമകളുടെ ഭാഗമാകുക എന്നാണ് ആഗ്രഹം. എന്റെ സിനിമ വിജയിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ ചിന്തകൾ പ്രേക്ഷകനുമായി കണക്ട് ചെയ്യുന്നു എന്ന് വിചാരിക്കണം. വ്യവസായമെന്ന നിലയിൽ സിനിമയെ സമീപിക്കുമ്പോഴും നമ്മുടേതായ ഒരു കയ്യൊപ്പിനുവേണ്ടി അതിൽ പണിയെടുക്കാറുണ്ട്. സിനിമയ്ക്ക് സാഹിത്യം എഴുതുന്ന എന്നെ ആവശ്യമില്ല. പക്ഷെ, എനിക്ക് സിനിമയെ ആവശ്യമുണ്ട്. ▮


പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments