പട: കാൽ നൂറ്റാണ്ടിനിപ്പുറം ഒരു തുടർ ആക്ഷൻ

കേരളത്തിന്റെ രാഷ്ട്രീയപ്പതിറ്റാണ്ടുകൾ ഇന്നാട്ടിലെ അടിസ്ഥാന ജനതയോട് ഇന്നോളം ചെയ്തുകൂട്ടിയ നെറികേടുകൾക്ക് നേരയുള്ള ഒരു തുടർ ആക്ഷനാണ് പട

മുത്തങ്ങ സമരത്തിന്റെ പതിനഞ്ചാം വാർഷികത്തിൽ ഡൂൾന്യൂസിൽ നിമിഷ ടോം തയ്യാറാക്കിയ ഒരു ഡോക്യുമെന്ററിക്ക് വേണ്ടി 2018 ഫെബ്രുവരിയിൽ ഞങ്ങൾ വയനാട്ടിലെ ചാലിഗദ്ദ ആദിവാസി കോളനി സന്ദർശിച്ചിരുന്നു. മുത്തങ്ങ സമരത്തിൽ ഏറ്റവുമധികം കുടുംബങ്ങൾ പങ്കെടുത്ത കോളനികളിലൊന്നായിരുന്നു ചാലിഗദ്ദ. മണ്ണിന് വേണ്ടി സമരം ചെയ്തതിന് ഭരണകൂടത്തിൽ നിന്നും വെടിയുണ്ട കൊണ്ട് മറുപടിയേൽക്കേണ്ടി വന്നവരുടെ ഊര്. സമരഭൂമിയിൽ നിന്നും പിന്നീട് ഊരിലേക്ക് മടങ്ങിവന്നിട്ടില്ലാത്ത രക്തസാക്ഷി ജോഗിയുടെ നാട്.

അടിവയറ്റിൽ പൊലീസിന്റെ ചവിട്ടേറ്റതിന്റെ പ്രത്യാഘാതങ്ങൾ ഇന്നും അനുഭവിക്കുന്ന കുറേ അമ്മമാർ, കൈകാലുകൾക്കും നട്ടെല്ലിനുമേറ്റ ലാത്തി - ബൂട്ടുകളുടെ പ്രഹരം മൂലം പിന്നീട് നിവർന്ന് നിൽക്കാൻ കഴിയാതെ പോയ കാരണവൻമാർ, സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി ചാർത്തപ്പെട്ട കേസുകളിലകപ്പെട്ട് ഒന്നരപ്പതിറ്റാണ്ടിനിപ്പുറവും കോടതി കയറിയിറങ്ങുന്നവർ, മർദനത്തിന്റെ ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത അടയാളങ്ങളുമായി രോഗശയ്യയിൽ കഴിയുന്നവർ, ഇതായിരുന്നു അന്ന് ചാലിഗദ്ദയുടെ ചിത്രം.

മുത്തങ്ങ സമരത്തിന് നേരെ നടന്ന പൊലീസ് അതിക്രമം

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പൊലീസ് അടിച്ചമർത്തലിന് വിധേയരാക്കപ്പെട്ടവർക്ക് വർഷങ്ങൾക്കിപ്പുറവും ഞങ്ങളോട് പറയാനുണ്ടായിരുന്നത് ഭൂരാഹിത്യം സൃഷ്ടിക്കുന്ന ജീവിത സംഘർഷങ്ങളെക്കുറിച്ച് മാത്രമായിരുന്നു. കൃഷിചെയ്യാനും കിടന്നുറങ്ങാനും ഇന്നും സുരക്ഷിതമായ ഒരു തുണ്ട് ഭൂമി സ്വന്തമായി ഇല്ലാത്തതിന്റെ സങ്കടങ്ങൾ.

മണ്ണിന് വേണ്ടി പതിറ്റാണ്ടുകൾ സമരം ചെയ്തിട്ടും ഇങ്ങനെ പുഴയോരങ്ങളിൽ തുണ്ടുഭൂമികളിലായി കഴിയേണ്ടി വരുന്നതിന്റെ പ്രശ്നങ്ങളെക്കുറിച്ചും, മഴക്കാലങ്ങളിൽ പുഴ കോളനിയിലൂടെ പരന്നൊഴുകുന്നതിന്റെ പ്രയാസങ്ങളെക്കുറിച്ചുമായിരുന്നു അവർ ഞങ്ങളോട് സംസാരിച്ചിരുന്നത്. എല്ലാ കൊല്ലവും മഴക്കാലത്ത് ഊരിൽ വെള്ളപ്പൊക്കമാണെന്നും, വെള്ളം കയറുമ്പോഴെല്ലാം ഉദ്യോഗസ്ഥർ വന്ന് തങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും, അടുത്ത മഴയ്ക്ക് മുന്നെ മാറ്റിപ്പാർപ്പിക്കാമെന്ന പൊള്ളയായ വാക്കുകൾ കേട്ട് ഓരോ ദുരിതകാലാവസാനവും ക്യാമ്പുകളിൽ നിന്ന് ഊരുകളിലേക്ക് മടങ്ങിവരുമെന്നും ചാലിഗദ്ദക്കാർ പറയുമ്പോൾ പ്രളയത്തിന്റെ തീവ്രാനുഭവങ്ങളെക്കുറിച്ച് ഊഹിക്കാനേ കഴിയുമായിരുന്നൂള്ളൂ.

വെറും ആറ് മാസത്തിനുള്ളിൽ, അതേ വർഷം ആഗസ്ത് മാസത്തിലാണ് കേരളം മഹാപ്രളയത്തെ നേരിടേണ്ടി വന്നത്. കേരളത്തിലുടനീളം ദുരന്തങ്ങൾ വിതച്ച ആ പ്രളയകാലത്തിന്റെ പ്രഹരങ്ങളെ പതിയെ അതിജീവിക്കാൻ ഇതര ഭൂമികയിലെ മനുഷ്യർക്ക് സാധിച്ചെങ്കിൽ ചാലിഗദ്ദയടക്കമുള്ള വയനാടൻ പുഴയോര ഊരുകളുടെ വിധി അങ്ങനെയായിരുന്നില്ല.

ചാലിഗദ്ദ ആദിവാസി കോളനി

മഴയ്ക്ക് മുന്നേ ക്യാമ്പുകളിലേക്കോടിയതിനാൽ ബാക്കിയായ ജീവനുകളും തകർന്ന കെട്ടിടാവശിഷ്ടങ്ങളുമല്ലാതെ മറ്റൊന്നും ചാലിഗദ്ദയിൽ അവശേഷിച്ചില്ല. ശക്തമായ കുത്തൊഴുക്കിൽ ഗതിമാറിയൊഴുകിയ പുഴ പുതിയ വഴികൾ കണ്ടെത്തിയത് കോളനികൾക്ക് നടുവിലൂടെയാണ്. പുഴയെയും ഊരുകളെയും വേർതിരിച്ചു നിർത്തിയ മൺതിട്ടകൾ തകർന്നു തരിപ്പണമായി. പുഴയ്ക്കും പുഴയോരത്തിനുമിടയിൽ അതിരുകളില്ലാതായി. വിളവ് കാത്തിരുന്ന കൃഷിഭൂമികൾ കായലുകൾക്ക് സമാനമായി.

പട യിലെ ഒരു രംഗം

ഇനിയൊരിക്കലും വാസയോഗ്യമല്ലാത്ത രീതിയിൽ ചാലിഗദ്ദ കോളനി മാറി. ചാലിഗദ്ദ മാത്രമല്ല, പടിഞ്ഞാറത്തറ, കോട്ടത്തറ, പൊഴുതന, കണിയാമ്പറ്റ, പനമരം, മാനന്തവാടി, പുൽപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി കോളനികളെയെല്ലാം മനുഷ്യവാസം സാധ്യമാകാത്ത ഇടങ്ങളായി പ്രളയം മാറ്റിത്തീർത്തിരുന്നു.

വയനാടൻ മലകളിൽ മഴപെയ്യുന്ന ഒരു രാത്രിയിലും ഭയരഹിതമായി ഉറങ്ങാൻ സാധിക്കാത്ത രീതിയിലാണ് ഇന്ന് പുഴയോരക്കോളനികളിലെ ആദിവാസി ജീവിതം. പുഴ ഏതു നിമിഷവും അവരുടെ കൂരകളിലേക്കിരച്ചുകയറിയേക്കാം. സുരക്ഷിതമായ ഭൂമി ലഭിക്കാതെ ഈ കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ഒരു ജീവിതം സാധ്യമേയല്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ ക്ഷേമ സന്നാഹങ്ങളുമായെത്തിയ ഉദ്യോഗസ്ഥരോടും സന്നദ്ധപ്രവർത്തകരോടും ചാലിഗദ്ദക്കാർ പറഞ്ഞത് ഒരെയൊരു കാര്യം മാത്രമാണ്. സുരക്ഷിതമായ മണ്ണ് വേണമെന്ന്.

മണ്ണിന് വേണ്ടി ആദിവാസികളെന്തിന് സമരം ചെയ്തുവെന്ന് വ്യക്തമാകുന്നതാണ് പ്രളയകാലകത്തിന് ശേഷമുള്ള ആദിവാസി ഊരുകളുടെ ചിത്രം. വയനാടിന്റെ വിശാലതകളിൽ അതിരുകളില്ലാത്ത ഭൂമിയുടെയും വിഭവങ്ങളുടെയും അധിപരായി ജീവിച്ചിരുന്ന ആദിവാസികൾ ഇന്ന് പുറമ്പോക്കുകളിലിരുന്ന് അവരുടെ നഷ്ടപ്പെട്ട ഭൂമിയുടെ കണക്ക് ചോദിക്കുകയാണ്.

കേരളത്തിലെ സമതല ജീവിതത്തിനുണ്ടായ സാമൂഹിക സാമ്പത്തിക അഭിവൃദ്ധികളിൽ നിന്നും കാതങ്ങൾ പിന്നിലേക്ക് ആദിവാസി ജീവിതം തഴയപ്പെട്ടതിന്റെ മർമ കാരണം അവരുടെ നഷ്ടപ്പെട്ട ഭൂമിയാണ്. നഷ്ടപ്പെട്ട ഭൂ ഉടമസ്ഥത തിരിച്ചുലഭിക്കാതെ കേരളത്തിലെ ഗോത്ര ജനതയ്ക്ക് അതിജീവനം സാധ്യമാകുമായിരുന്നില്ല. ഭൂമിക്ക് മേൽ ഉടമസ്ഥതയും ആധിപത്യവും ജീവിത സമ്പന്നതയുമുണ്ടായിരുന്ന ഗോത്ര ജനതയെ മലമടക്കുകളിലെയും പുറമ്പോക്കുകളിലെയും പുഴയോരങ്ങളിലും കോളനിജീവിതത്തിലേക്ക് തള്ളിവിട്ടത് ഭൂതകാല കേരളത്തിലെ വിവിധ രാഷ്ട്രീയ പ്രക്രിയകൾ കൂടിയാണ്.

വ്യവസ്ഥാപിതമാക്കപ്പെട്ട ആ അനീതികൾക്ക് പരിഹാരമെന്നോണമാണ് വിവിധ സമ്മർദങ്ങൾക്കൊടുവിൽ അന്യാധീനപ്പെട്ട ആദിവാസി ഭൂമി ആദിവാസികൾക്ക് തിരികെ നൽകണമെന്ന വ്യവസ്ഥയിൽ 1975 ലെ ആദിവാസി ഭൂസംരക്ഷണ നിയമം പ്രാബല്യത്തിൽ വരുന്നത്. പക്ഷേ നിയമം നടപ്പിലാക്കുന്നതിന് കേരളത്തിലെ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടുകൾ തയ്യാറായില്ല. രണ്ട് പതിറ്റാണ്ടോളം നിയമത്തിന്റെ നടത്തിപ്പിനെ തടഞ്ഞവർ ഒടുവിൽ 1996ൽ നിയമം ഭേദഗതി ചെയ്യുന്നതിനായുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു.

നീതിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ഗോത്ര വർഗങ്ങൾക്കിടയിൽ നിന്നും പട്ടിണി മരണങ്ങളുടെ വാർത്തകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന കാലമായിരുന്നു അത്. ആദിവാസികൾക്കെതിരെ നടക്കുന്ന തുടർച്ചയായ ഭരണകൂട വഞ്ചനകളെ പൊതുജനശ്രദ്ധയിൽ കൊണ്ടുവരിക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് "അടിമ കേരളം യുവ പോരാളികളെ ആവശ്യപ്പെടുന്നുവെന്ന മുദ്രാവാക്യവുമായി' രൂപീകരിക്കപ്പെട്ട അയ്യളങ്കാളിപ്പട അനീതിക്കെതിരായ കലാപമെന്ന നിലയിൽ അവരുടെ പടയ്ക്ക് കോപ്പുകൂട്ടിയത്.

1996 ഒക്ടോബർ നാലിന് പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കി അയ്യങ്കാളിപ്പട നടത്തിയ പ്രതീകാത്മക സായുധ സമരത്തിലൂടെ അടിസ്ഥാനപരമായി അവർ ലക്ഷ്യം വെച്ചത് ആദിവാസി ഭൂപ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധയാകർഷിക്കുക എന്നതായിരുന്നു. അത് സാധ്യമായെങ്കിലും അയ്യങ്കാളിപ്പടയുടെ ബന്ദി സമരം കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും കേരളത്തിലെ ആദിവാസി ദളിത് ഭൂസംഘർഷങ്ങൾക്ക് യാതൊരു മാറ്റവുമുണ്ടായില്ല. മുത്തങ്ങയും അരിപ്പയും ചെങ്ങറയും മേപ്പാടിയും തൊവരിമലയുമെല്ലാം സംഭവിച്ചത് പിൽക്കാല കേരളത്തിൽ തന്നെയാണ്. സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട വികസന മാപിനികളിൽ മുഖ്യധാരാ മലയാളി ജീവിതത്തെ ഏറെ മുന്നിലേക്ക് നയിക്കാൻ കേരളത്തിലെ ഭരണ മുന്നണികൾക്ക് സാധിച്ചെങ്കിലും ഗോത്ര ജീവിത സംഘർഷങ്ങളെ രാഷ്ട്രീയമായി പരിഹരിക്കുന്നതിന് വേണ്ട വില കൊടുക്കാനുള്ള ധൈര്യം ഇരു മുന്നണികൾക്കുമുണ്ടായില്ല.

കേരളത്തിന്റെ രാഷ്ട്രീയപ്പതിറ്റാണ്ടുകൾ ഇന്നാട്ടിലെ അടിസ്ഥാന ജനതയോട് ഇന്നോളം ചെയ്തുകൂട്ടിയ നെറികേടുകൾക്ക് നേരയുള്ള ഒരു തുടർ ആക്ഷനാണ് ആ അർത്ഥത്തിൽ കെ.എം. കമൽ സംവിധാനം ചെയ്ത പട എന്ന സിനിമ. അയ്യങ്കാളിപ്പട നടത്തിയ ആക്ഷന്റെ ഉദ്വേഗഭരിതമായ മണിക്കൂറുകളെ അതിഗംഭീരമായ ഒരു പൊളിറ്റിക്കൽ ത്രില്ലറാക്കി മാറ്റിയ കമൽ മുൻനിര താരങ്ങളെ അണിനിരത്തിയ ഒരു മുഖ്യധാരാ സിനിമയിലൂടെ ഉജ്വലമായ രാഷ്ട്രീയ സന്ദേശം മലയാളികൾക്ക് നൽകിയിരിക്കുകയാണ്.

കമൽ കെ.എം / Photo : Kamalkm, Instagram

കലുഷിതമായിരുന്ന എൺപതുകളിൽ നിന്ന് രാഷ്ട്രീയമുൾക്കൊണ്ട് സാഹസിക സമരങ്ങൾക്കൊരുങ്ങിയ നാല് ക്ഷുഭിത യൗവനങ്ങൾക്കൊപ്പം അവരിൽ അഞ്ചാമനായി സിനിമയിൽ കമൽ കെ.എം നിലകൊള്ളുന്നുണ്ട്. രാഷ്ട്രീയ സിനിമകളിൽ പൊതുവെ കണ്ടുവരാറുള്ള മുദ്രാവാക്യ ബാഹുല്യം പടയിലില്ല. അങ്ങേയറ്റം കയ്യടക്കത്തോടെയുള്ള തിരക്കഥ. അത്ഭുതപ്പെടുത്തുന്ന കാസ്റ്റിംഗ്.

തൊണ്ണൂറുകളിലെ കേരള രാഷ്ട്രീയവും അക്കാലത്തെ സമാന്തര മുന്നേറ്റങ്ങളുടെ ശബ്ദവും സാന്നിധ്യവും സിനിമയിലുണ്ട്. ഇ.കെ. നായനാരും വി.ആർ. കൃഷ്ണയ്യരും സി.കെ ജാനുവും മുണ്ടൂർ രാവുണ്ണിയും മുകുന്ദൻ സി മേനോനും മുരളി കണ്ണമ്പള്ളിയുമെല്ലാം സിനിമയിലുണ്ട്. കല്ലറ ബാബു, കാഞ്ഞങ്ങാട് രമേശൻ, വിളയോടി ശിവൻകുട്ടി, അജയൻ മണ്ണൂർ എന്നിവരെയെല്ലാം ചിത്രീകരിച്ച രീതിയും, ആക്ഷന്റെ വിവിധ ഘട്ടങ്ങളെ അക്കാലത്തെ രാഷ്ട്രീയ പരിസരങ്ങളുടെ നൈസർഗികത ചോർന്നുപോകാതെ, അതിശയോക്തികളിലേക്ക് വഴുതി വീഴാതെ, തിരക്കഥയിലേക്ക് പടർത്തിയതും സൂക്ഷ്മമായ പഠനങ്ങളിലൂടെയാണെന്ന് അയ്യങ്കാളിപ്പടയെ അടുത്തറിഞ്ഞവർക്ക് കൃത്യമായി മനസ്സിലാകും.

കുഞ്ചാക്കോ ബോബൻ

30 വർഷത്തിലധികമായി സർവീസിലുള്ള സിനിമയിലെ ചീഫ് സെക്രട്ടറിയുടെ കഥാപാത്രം ഒരു രംഗത്തിൽ പറയുന്നുണ്ട്. താൻ സർവീസിൽ പ്രവേശിക്കുന്ന കാലത്തെ അതേ ചിത്രം തന്നെയാണ് ഇന്നും കേരളത്തിലെ ആദിവാസി മേഖലകളിലെന്ന്. 96 ലെ അയ്യങ്കാളിപ്പടയുടെ ആക്ഷന് ശേഷമുള്ള കാൽ നൂറ്റാണ്ട് കാലം കൊണ്ടും ഈ സാഹചര്യങ്ങൾക്ക് യാതൊരു മാറ്റവുമുണ്ടായില്ലെന്ന് പറഞ്ഞവസാനിപ്പിക്കുന്ന സിനിമ, ഐക്യകേരള രൂപീകരണത്തിന് ശേഷമുള്ള കേരള ചരിത്രത്തിൽ ആദിവാസികൾക്ക് ലഭിച്ച സ്ഥാനമെന്തെന്ന ചോദ്യം കൃത്യമായി ഉയർത്തുന്നുണ്ട്. അന്ന് അയ്യങ്കാളിപ്പട കളക്ടറെ ബന്ധിയാക്കി സമരം ചെയ്യുമ്പോൾ അധികാരികളോട് ആവശ്യപ്പെട്ട ആദ്യ കാര്യങ്ങളിലൊന്ന് ആകാശവാണിയിലൂടെ സമരത്തിന്റെ ഉദ്ദേശം പുറത്തറിയിക്കണം എന്നതായിരുന്നു. വർഷങ്ങൾക്കിപ്പുറം സാധ്യമായ ഏറ്റവും വലിയ ക്യാൻവാസിൽ ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കമൽ കെ.എം.

എല്ലാ രാഷ്ട്രീയ വായനകൾക്കുമപ്പുറത്ത് കേവലമൊരു ത്രില്ലർ എന്ന നിലയിലും ഏറെ മികച്ചുനിൽക്കുന്നു എന്നതാണ് പടയുടെ വലിയ വിജയം. ആക്ഷന് ശേഷമുള്ള ആ നാൽവർ സംഘത്തിന്റെ നിലയ്ക്കാത്ത ഓട്ടവും പിൽക്കാല കേരളത്തിലെ ആദിവാസി ഭൂസമരങ്ങളുടെ നാൾവഴികളും അതിലൂടെ അവശേഷിക്കുന്ന ചോദ്യങ്ങളും പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചുകൊണ്ട് വീണ്ടുമൊരു ആക്ഷനിലേർപ്പെടുന്നു പട.

Comments