'റോറിങ് ട്വന്റീസ്' സിനിമയിൽ നിന്ന്

അലറുന്ന
​ഇരുപതുകൾ

കോവിഡ്​ ലോക്ക്ഡൗണിന്റെ വീർപ്പുമുട്ടലും വിങ്ങലും മെല്ലെമെല്ലെ ഒഴിയുന്ന പാരിസ് നഗരത്തിന്റെ ചില പ്രധാന കേന്ദ്രങ്ങളിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോയി പുതുതായി കൈവന്ന സ്വാതന്ത്ര്യം ആഘോഷിക്കുന്ന നഗരവാസികളുടെ, പ്രത്യേകിച്ച്​ യുവാക്കളുടെ, നഖചിത്രങ്ങൾ കാട്ടിത്തരുന്ന സിനിമയാണ്​ റോറിങ് ട്വന്റീസ്.

കോവിഡ് മൂലം ഏർപ്പെടുത്തിയ അടച്ചിടലുകളും കർശന നിയന്ത്രണങ്ങളും ഒട്ടൊന്നയഞ്ഞപ്പോൾ രചിക്കപ്പെട്ട പുതുമകളേറെയുള്ള ഒരു ചിത്രമാണ് റോറിങ് ട്വന്റീസ് (‘അലറുന്ന ഇരുപതുകൾ’ - Roaring 20s). ഉള്ളടക്കത്തിലായാലും ശൈലിയിലായാലും ധീരമായ ചുവടുവെപ്പാണ് 2021-ൽ ന്യൂയോർക്കിലെ ട്രൈബെക്കാ ചലച്ചിത്രമേളയിൽ മികച്ച സിനിമാറ്റോഗ്രഫിക്ക് സമ്മാനിതമായ ഈ ഫ്രഞ്ച് ചിത്രം.

പാരീസ് ഈസ് അസ് എന്ന ചിത്രം സംവിധാനം ചെയ്ത, തിരക്കഥാകൃത്തും സംവിധായികയും സിനിമാറ്റോഗ്രാഫറുമായ എലിസബത്ത് വോഗ്ലർ ആണ് ഈ ചിത്രത്തിന്റെ സംവിധായിക. 29 വയസ്സ് പ്രായമുള്ള ഈ യുവ സംവിധായിക ലോക്ക്ഡൗണിന്റെ വീർപ്പുമുട്ടലും വിങ്ങലും മെല്ലെമെല്ലെ ഒഴിയുന്ന പാരിസ് നഗരത്തിന്റെ ചില പ്രധാന കേന്ദ്രങ്ങളിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോയി പുതുതായി കൈവന്ന സ്വാതന്ത്ര്യം ആഘോഷിക്കുന്ന നഗരവാസികളുടെ, പ്രത്യേകിച്ച്​യുവാക്കളുടെ, നഖചിത്രങ്ങൾ കാട്ടിത്തരുന്നു. ബെർഗ്​മാന്റെ പേഴ്‌സൊണാ എന്ന ചിത്രത്തിലെ എലിസബത്ത് വോഗ്ലർ എന്ന കഥാപാത്രത്തിന്റെ പേരിന്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന സംവിധായികയുടെ യഥാർഥ പേര് ഇപ്പോഴും ആർക്കും അറിഞ്ഞുകൂടാ. എ ഫ്രഞ്ച് ലോണ്ടറി എന്ന ഡോക്യുമെന്ററി ചിത്രവും അവരുടെ ശ്രദ്ധേയ രചനകളിലൊന്നാണ്. പാരീസ് ഈസ് അസ്, റോറിങ് ട്വന്റീസ് എന്നിവ ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള ഫീച്ചർ ഫിലിമുകളാണ്.

തുടക്കവും മധ്യവും ഒടുക്കവുമുള്ള ക്രമാനുഗതമായ കഥയോ ഇതിവൃത്തമോ ഈ ചിത്രത്തിനില്ല. അതുപോലെ, കാര്യകാരണബന്ധങ്ങളുടെ പരസ്പരാശ്രിതത്വത്തിലൂടെ വികസ്വരമാവുന്ന ആഖ്യാനമില്ല; ക്ലൈമാക്‌സുമില്ല.

തുടക്കവും മധ്യവും ഒടുക്കവുമുള്ള ക്രമാനുഗതമായ കഥയോ ഇതിവൃത്തമോ ഈ ചിത്രത്തിനില്ല. അതുപോലെ, കാര്യകാരണബന്ധങ്ങളുടെ പരസ്പരാശ്രിതത്വത്തിലൂടെ വികസ്വരമാവുന്ന ആഖ്യാനമില്ല; ക്ലൈമാക്‌സുമില്ല. കഥാഗതിയെ മുന്നോട്ടുകൊണ്ടുപോവുന്ന വിധത്തിൽ പൂർവനിശ്ചിതമായി ക്രമീകരിക്കപ്പെട്ട കഥാപാത്രങ്ങളുമില്ല. നാടകീയതയോ കഥാപാത്രങ്ങളുടെ വികാസമോ ഇല്ല. പത്തിരുപത്തിനാല് അഭിനേതാക്കൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഇവരിലാരെയും പ്രത്യേകതകൾ കൊണ്ട് വേർതിരിക്കുന്നില്ല. അവർ കഥാപാത്രങ്ങളെ പ്രതിനിധാനം ചെയ്യുന്നതിലുപരി പ്രേക്ഷകരായ നമ്മളിൽ ആരെങ്കിലുമാകാം. വേണമെങ്കിൽ അവരുടെ അവസ്ഥകളുമായി താദാത്മ്യം പ്രാപിക്കാം, അല്ലാത്തപക്ഷം അവരെ വെറും അന്യരായി കരുതാം.

കോവിഡ് മൂലം ഏർപ്പെടുത്തിയ അടച്ചിടലുകളും കർശന നിയന്ത്രണങ്ങളും ഒട്ടൊന്നയഞ്ഞപ്പോൾ രചിക്കപ്പെട്ട പുതുമകളേറെയുള്ള ഒരു ചിത്രമാണ് റോറിങ് ട്വന്റീസ്

പാരീസ് നഗരജീവിതത്തിന്റെ ചിതറിയ ചിത്രങ്ങളിലൂടെയാണ് ആഖ്യാനത്തിന്റെ തുടർച്ച സാധിച്ചെടുക്കുന്നത്. ഈ തുടർച്ചയാകട്ടെ, സുദീർഘമായ ആറ് ടേക്കുകളിലൂടെ, കട്ടില്ലാത്ത ഒറ്റ ഷോട്ടിലെന്ന പോലെ, നൈരന്തര്യം നഷ്ടപ്പെടാതെ സിനിമാറ്റോഗ്രഫിയുടെ വൈദഗ്ദ്ധ്യത്തിലൂടെ നേടിയെടുത്തതാണുതാനും. സംഭാഷണവും സംഗീതവും ഉപയോഗിക്കുന്നതും നാം കണ്ടുശീലിച്ച സിനിമകളുടേതിൽ നിന്ന്​ മൗലികമായ വ്യത്യസ്തതകളോടെയാണ്.

അഭിനേതാക്കൾ മുമ്പിൽ നടന്ന് തങ്ങളുടെ രംഗം അഭിനയിച്ചുതീർത്ത് കടന്നുപോവുന്ന ഒരു നിശ്ചല ക്യാമറയല്ല ഈ ചിത്രത്തിലുള്ളത്​. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം ക്യാമറയാണ്. അത് സജീവമാണ്.

നഗരത്തിലൂടെ കടന്നുപോവുന്ന നമ്മൾ ദൈനംദിന ജീവിതത്തിൽ അനേകം അപരിചിതരായ മനുഷ്യരെ കണ്ടുമുട്ടുകയും അവരുടെ ജീവിതം തുടിക്കുന്ന വ്യത്യസ്ത അനുഭവങ്ങൾ പങ്കിടുകയും ചെയ്യുമ്പോൾ ജീവിതത്തിന്റെ സാകല്യത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ ലഭിക്കും. ഇതാണ് ഈ സിനിമയുടെ പരിചരണരീതിയിലെ സവിശേഷത.

ജോലിസ്ഥലത്തെ പീഡാനുഭവങ്ങൾ സൂചിപ്പിക്കുന്ന നേഴ്‌സും ജോലി ഉപേക്ഷിക്കാതിരിക്കാൻ കൂട്ടുകാരനെ പ്രേരിപ്പിക്കുന്ന സുഹൃത്തും വിവാഹം ഒഴിവാക്കി സ്ഥലംവിടുന്ന വധുവും എല്ലാം മുഖ്യകഥാപാത്രങ്ങളായി (Protagonists) പ്രത്യക്ഷപ്പെടുന്നുണ്ട്. ഇങ്ങനെ യാത്രകളിൽ കടന്നുവരികയും കണ്ടുമുട്ടുകയും ചെയ്യുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള സ്വാഭാവിക സംഭാഷണങ്ങളിലൂടെയാണ് നമ്മൾ അവരെ അറിയുന്നത്. കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും തന്മയത്വത്തോടെ അവതരിപ്പിക്കുന്ന സർഗശേഷിയുള്ള അഭിനയവും, സംഭാഷണവും ശരീരഭാഷയും കൊണ്ട് കാര്യങ്ങൾ ധ്വനിപ്പിക്കുന്ന രീതിയുമെല്ലാം മികവുറ്റതാണ്. കൂട്ടത്തിൽ കവിതയും സംഗീതവുമുണ്ട്.

പാരീസ് നഗരജീവിതത്തിന്റെ ചിതറിയ ചിത്രങ്ങളിലൂടെയാണ് ആഖ്യാനത്തിന്റെ തുടർച്ച സാധിച്ചെടുക്കുന്നത്

സാധാരണ ജീവിതത്തിന്റെ താളംതെറ്റിച്ച കോവിഡിന്റെ ആഘാതത്തിൽനിന്ന് പുറത്തുകടന്നുകൊണ്ടിരിക്കുന്ന പാരീസ് നഗരമാണ് പശ്ചാത്തലം. കോവിഡിന്റെ പേരൊന്നും ചിത്രത്തിൽ പരാമർശിക്കുന്നില്ല. മെട്രോയിൽ വെച്ച് സംസാരിക്കുന്ന സ്ത്രീ അവളുടെ ജോലിയിലെ വൈഷമ്യം വിവരിക്കുന്നുണ്ട്. ആളുകൾ മെല്ലെ മെല്ലെ പുറത്തുകടന്ന് തുടങ്ങുന്നതേയുള്ളൂ. എങ്കിലും, ഓരോ നിമിഷത്തിലും അതിന്റെതായ ആശ്വാസവും സന്തോഷവും പ്രകടമാണ്.

ക്യാമറ ഒരിക്കലും നിശ്ചലമല്ല. സഞ്ചരിക്കുന്ന - മിക്കവാറും കാൽനടയായും സൈക്കിളിലും മോട്ടോർ സൈക്കിളിലും മെട്രോയിലുമൊക്കെയായി യാത്ര ചെയ്തു കൊണ്ടിരിക്കുന്ന - മനുഷ്യർക്കുചുറ്റും അത് നീങ്ങിക്കൊണ്ടിരിക്കുന്നു.

വോഗ്ലറുടെ ശൈലിയാണ് പ്രേക്ഷകരെ ഈ സിനിമയിലേക്കാകർഷിക്കുന്നത് എന്ന് ബോബി ലെ പിറേ എന്ന നിരൂപകൻ ചൂണ്ടിക്കാട്ടുന്നുണ്ട്: ‘അഭിനേതാക്കൾ മുമ്പിൽ നടന്ന് തങ്ങളുടെ രംഗം അഭിനയിച്ചുതീർത്ത് കടന്നുപോവുന്ന ഒരു നിശ്ചല ക്യാമറയല്ല ഈ ചിത്രത്തിലുള്ളതെന്ന് ധാരണ വേണം. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം ക്യാമറയാണ്. അത് സജീവമാണ്. ചലനാത്മകമായ ഊർജം കൊണ്ട് തുടിക്കുന്നതാണ്. പാരീസ് നഗരത്തിന്റെ മുക്കും മൂലയും അതിന്റെ സൗന്ദര്യത്തോടെ പ്രേക്ഷകർക്ക്​ അനുഭവിക്കാൻ കഴിയുന്നു. നീണ്ട ഷോട്ട് ഒരു തട്ടിപ്പാണ് എന്നൊക്കെ ചിലർക്ക് തോന്നാം; എന്നാൽ സംവിധായിക ജീവനുള്ള ചിത്രങ്ങളാണ് നെയ്‌തെടുത്തിരിക്കുന്നത്. വളരെ മികച്ച, രമണീയമായ, അമ്പരപ്പിക്കുന്ന ഒരു ചിത്രമാണിത്.'

സ്ലാക്കർ എന്ന ചിത്രമെടുത്ത റിച്ചാർഡ് ലിങ്ക് ലേറ്റർ എന്ന സംവിധായകന് തുടക്കത്തിൽ തന്നെ നന്ദി പറയുന്നുണ്ട്. ആ ചിത്രത്തിന്റെ സ്വാധീനം പ്രകടമാണ്. 2020-ലെ മധ്യവേനൽ രാത്രിയുടെ ഒരു നേർതുണ്ട് നമുക്ക് ലഭിക്കുന്നു. കൊല്ലത്തിലെ ഏറ്റവും നീണ്ട ദിനത്തിലെ ഈ രാത്രി തെരുവിൽ ഓരോ മൂലയിലും ആട്ടവും പാട്ടുമൊക്കെയായി ആഘോഷിക്കുന്ന പതിവുണ്ട്. യഥാർഥത്തിൽ ഇതേ ദിവസമാണ് ഇതിന്റെ ചിത്രീകരണം. ലൂസ് റെയിലെ പിരമിഡിലാരംഭിച്ച് പടിഞ്ഞാറൻ പാരീസിൽ ബട്ടസ് ഷാർമോന്തിലെ കുന്നിൻചരിവിലുള്ള ഒരു പാർക്കിൽ ചിത്രം അവസാനിക്കുന്നു.

കൊല്ലത്തിലെ ഏറ്റവും നീണ്ട ദിനത്തിലെ ഈ രാത്രി തെരുവിൽ ഓരോ മൂലയിലും ആട്ടവും പാട്ടുമൊക്കെയായി ആഘോഷിക്കുന്ന പതിവുണ്ട്. യഥാർത്ഥത്തിൽ ഇതേ ദിവസമാണ് ഇതിന്റെ ചിത്രീകരണം

സുഹൃത്തിന്റെ ഉത്ക്കണ്ഠക്കാരിയായ സഹോദരിയെ വണ്ടിയിൽ കൂട്ടാൻ വന്ന വായാടിയായ മനുഷ്യനാണ് ആദ്യ സീക്വൻസിലുള്ളത്. പ്ലേഗ് ബാധിച്ച കപ്പലിനെ തന്റെ ദ്വീപിൽ അടുക്കാൻ അനുവദിക്കാത്ത സാർഡീനിയയിലെ വൈസ്രോയിയെക്കുറിച്ചു സംസാരിക്കുന്ന ഒരു സ്ത്രീയാണ് അവസാനത്തേതിൽ. ഈ രോഗകാലത്ത് മനുഷ്യർ പരസ്പരം ബന്ധപ്പെടുന്നതിന് നേരിടുന്ന വിഷമതയാണ് ഇതിലെല്ലാം ഉരുത്തിരിയുന്ന പ്രമേയം. പേരില്ലാത്ത അജ്ഞാത കഥാപാത്രങ്ങളായി കടന്നുപോവുന്നവരുടെ സംസാരം നാം ഒളിഞ്ഞുകേൾക്കുന്നതുപോലെയാണ് അവതരണം. തങ്ങളുപയോഗിക്കാത്ത മേക്കപ്പ് സാമഗ്രികൾ കടയിൽ നിന്ന് മോഷ്ടിക്കുന്നത് ഇനിയും തുടരണോ എന്ന് ചർച്ച ചെയ്യുന്ന പെൺകുട്ടികളായാലും സ്വന്തം വിവാഹത്തിൽ നിന്ന് ഒളിച്ചോടിയതാണെന്ന് വണ്ടിയിൽ കിടക്കുന്ന കുഞ്ഞിനോട് പറയുന്ന വധുവായാലും അവരൊക്കെ അജ്ഞാതരാണ്.

അഭിനേതാക്കൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളല്ല പ്രധാനം. അവർ പൊതുവായി പങ്കിടുന്ന ചില സവിശേഷതകളാണ്. വീണ്ടും കിട്ടിയ സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിനിടയ്ക്ക് അപകടകാരിയായ ഒരു വൈറസ് എവിടെയോ പതിയിരിപ്പുണ്ടെന്ന് തൽക്കാലം മിക്കവരും മറന്നുപോവുന്നു.

ലോക്ക്​ഡൗൺ കാലത്തെ വിരസത ഒഴിവാക്കാൻ തന്റെ ഗേൾഫ്രൻഡുമൊത്തുള്ള അശ്ലീല ചിത്രങ്ങളെടുത്ത് ഓൺലൈനായി പ്രസിദ്ധീകരിക്കുന്ന യുവാവും താൻ മാസ്‌ക് ധരിക്കുമ്പോഴും അതിന്മേൽ ഒരു പുഞ്ചിരി പിടിപ്പിക്കാൻ ശ്രമിക്കുന്ന മെട്രോയിലെ യുവതിയും ഡാൻസിലേക്ക് മാറാൻ ശ്രമിക്കുന്ന കോമഡി നടനും എല്ലാം പരോക്ഷമായി കോവിഡിനെ പരാമർശിക്കുന്നുണ്ട്. ക്യാമറ ഒരിക്കലും നിശ്ചലമല്ല. സഞ്ചരിക്കുന്ന - മിക്കവാറും കാൽനടയായും സൈക്കിളിലും മോട്ടോർ സൈക്കിളിലും മെട്രോയിലുമൊക്കെയായി യാത്ര ചെയ്തുകൊണ്ടിരിക്കുന്ന - മനുഷ്യർക്കുചുറ്റും അത് നീങ്ങിക്കൊണ്ടിരിക്കുന്നു. സ്പന്ദിക്കുന്ന ജീവിതമുള്ള ഒരിടമായി അത് പാരീസിനെ അടയാളപ്പെടുത്തുന്നു. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ധീരമായ ഈ പരീക്ഷണചിത്രം പാരീസെന്ന പ്രണയനഗരത്തിനുള്ള ഒരു സ്തുതിഗീതമാണ്. കോവിഡിനുമുമ്പ് സാധാരണഗതിയിൽ തിരക്കിനിടയിൽ ആളുകൾ ശ്രദ്ധിക്കാതെ കടന്നുപോവുന്ന നിരവധി നഗരക്കാഴ്ചകൾ ഇപ്പോൾ താത്പര്യത്തോടെ അവർ നോക്കിക്കാണുകയാണ്.

‘നമ്മുടെ വേവലാതികളും അവയുമായി പൊരുത്തപ്പെടുവാനുള്ള ശേഷിയും പരസ്പരബന്ധങ്ങളിൽ അവയുണ്ടാക്കുന്ന പ്രഭാവങ്ങളും മനസ്സിലാക്കാൻ കഴിയുന്ന, സാധാരണ അവസ്ഥ തുടരാൻ ശ്രമിക്കുന്ന, ജനനിബിഡമായ ഒരു മഹാനഗരത്തെക്കുറിച്ചുള്ള രേഖയെന്ന നിലയ്ക്ക് ഈ ചിത്രം ഏറെക്കാലം പ്രശംസ നേടും. അനുകരിക്കാൻ പറ്റാത്തതും സത്യസന്ധവുമായ സവിശേഷ ആവിഷ്‌കാരരീതികൊണ്ട് ചിത്രം വേറിട്ടുനില്ക്കുന്നു’ എന്ന് നിരൂപക സാറാ മാൻവെൽ ചൂണ്ടിക്കാട്ടുന്നു.

പേരില്ലാത്ത അജ്ഞാത കഥാപാത്രങ്ങളായി കടന്നുപോവുന്നവരുടെ സംസാരം നാം ഒളിഞ്ഞുകേൾക്കുന്നതുപോലെയാണ് അവതരണം

അഭിനേതാക്കൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളല്ല പ്രധാനം. അവർ പൊതുവായി പങ്കിടുന്ന ചില സവിശേഷതകളാണ്: പുതുക്കിയ സ്വാതന്ത്ര്യബോധം, ആൾത്തിരക്കുകൾ, റസ്റ്റോറന്റുകൾ, കഫെകൾ, കെട്ടിടങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, നടത്തം എന്നിങ്ങനെ നഗരജീവിതത്തിന്റെ വശ്യതയോടുള്ള പറയപ്പെടാത്ത ആരാധന പ്രകടമാണ്. വീണ്ടും കിട്ടിയ സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിനിടയ്ക്ക് അപകടകാരിയായ ഒരു വൈറസ് എവിടെയോ പതിയിരിപ്പുണ്ടെന്ന് തൽക്കാലം മിക്കവരും മറന്നുപോവുന്നു. ഇതിനിടയിൽ വായയും മൂക്കും മാസ്‌ക്ക് കൊണ്ട് മൂടിയ രണ്ടുപേർ പാരീസ് മെട്രോ പരിസരത്ത് പ്രത്യക്ഷപ്പെടുന്നത് ആളുകളെ യാഥാർഥ്യത്തിലേക്ക് തിരികെയെത്തിക്കുന്ന ഷോക്കായി മാറുന്നു.

ഒരു നൂറ്റാണ്ട് ആരംഭിക്കുന്നത് അതിന്റെ ഇരുപതുകളിലാണ് എന്നാരോ പറഞ്ഞിട്ടുണ്ട്. ഏതായാലും നമ്മൾ ജീവിക്കുന്ന കാലത്തെ ചിത്രീകരിക്കുന്നത് ആവേശകരമാണ്.

‘കഥാപാത്രങ്ങളെല്ലാം അതിവേഗം കടന്നുപോവുന്നതിനിടയിൽ പരസ്പരം സന്ധിക്കുന്നവർ മാത്രമാണ്. ഒരു കഥാപാത്രം വിട്ടുപോവുന്നിടത്ത് ഉടൻ മറ്റൊരു കഥാപാത്രം കടന്നുവന്ന് അനുസ്യൂതി തുടരുകയാണ്. എന്നാൽ ചിത്രം മുഴുവൻ കാണേണ്ടതാണെന്ന് പറയാൻ കഴിയല്ല. ചില ഭാഗങ്ങൾ മുഷിപ്പുണ്ടാക്കും. എല്ലാ അഭിനേതാക്കളെയും ഒടുവിൽ ഒന്നിച്ചുകൊണ്ടുവന്ന് പരീക്ഷണം അവസാനിപ്പിക്കാനുള്ള ശ്രമം അതുവരെയുള്ള അനർഗളമായ ഒഴുക്കിന്റെ സൗന്ദര്യത്തെ തടസ്സപ്പെടുത്തിയതുപോലായി’ എന്നൊരു വിമർശകൻ പറയുന്നുണ്ട്.

അന്നാ കാറ്റ്‌റിൻ ടിറ്റ്‌സെ, സംവിധായിക എലിസബത്ത് വോഗ്ലറുമായി നടത്തിയ അഭിമുഖസംഭാഷണത്തിൽ അവർ എടുത്തുപറയുന്ന ചില കാര്യങ്ങൾ പ്രസക്തമാണ്: ‘തന്നെ സ്വാധീനിച്ച ഒരു സംവിധായികയാണ് ആഗ്‌നസ് വർദ; പ്രത്യേകിച്ച് അവരുടെ ക്ലിയോ ഫ്രം 5 ടു 7 എന്ന ചിത്രം. അതിലെ പാർക്ക് സീനിനോട് സാമ്യമുള്ള ഒരു ദൃശ്യം ഈ ചിത്രത്തിലുണ്ട്.'

ഫ്രഞ്ച് സംവിധായിക ആഗ്‌നസ് വർദ്ദ

‘നമ്മൾ ഈ വർത്തമാനകാലത്ത് ജീവിക്കുന്ന ജീവിതം സിനിമയിൽ കൊണ്ടുവരാൻ കഴിയും. കോവിഡിനെപ്പറ്റി ഒന്നും പറയുന്നില്ലെങ്കിലും ആ സമയത്ത് ഇവിടെ ജീവിച്ച നമ്മളുടെ അനുഭവങ്ങൾ ഇതിലുണ്ട്.'

‘സിനിമയിൽ മിക്കപ്പോഴും നമ്മൾ ഭൂതകാലത്തിലേക്കാണ് നോക്കാറുള്ളത്. വർത്തമാനത്തിൽ നിന്ന്​ ഭാവിയിലേക്ക് നോക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒരു നൂറ്റാണ്ട് ആരംഭിക്കുന്നത് അതിന്റെ ഇരുപതുകളിലാണ് എന്നാരോ പറഞ്ഞിട്ടുണ്ട്. ഏതായാലും നമ്മൾ ജീവിക്കുന്ന കാലത്തെ ചിത്രീകരിക്കുന്നത് ആവേശകരമാണ്.'

ക്യാമറ പിന്തുടരുന്നത് ശില്പവുമായി നടന്നുനീങ്ങുന്ന കറുത്തതും വെളുത്തതുമായ രണ്ടു കലാകാരികളെയാണ്. ദൈവം കറുത്തതാണെന്ന് കറുത്ത കലാകാരി വാദിക്കുന്നു. ചെകുത്താനെ കറുത്ത നീഗ്രോയായി ചിത്രീകരിക്കാറുണ്ട്. കറുപ്പ് എന്ന നിറത്തിന്റെ വിവക്ഷകളെപ്പറ്റി അവർ തർക്കിക്കുന്നു

ക്യാമറയെ അനുഗമിക്കുമ്പോൾ

രു പാർട്ടിയിലെത്തിയ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെ ഏറ്റവും വിരൂപനായ ഒരു വ്യക്തി തന്റെ സംഭാഷണത്തിലൂടെ രസിപ്പിക്കുന്നതിന്റെ കഥ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്ന ലിയോൺ എന്ന ഒരാളെ ക്യാമറ പിന്തുടരുകയാണ്, സിനിമ തുടങ്ങുമ്പോൾ. നെറ്റ്ഫ്ലിക്​സിൽ കണ്ടതാണ് അയാൾ വിവരിക്കുന്നത്. സുന്ദരി തന്റെ വിരസജീവിതത്തെപ്പറ്റി പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുന്ന ഒരാൾ ആ വിരൂപൻ മാത്രമാണ്. അയാൾ തന്നെ ശ്രദ്ധിക്കുന്നു എന്നത് ഒരനുഭവമായി അവൾ കണക്കാക്കുന്നു.

നഗരത്തിലെത്തിയ ജൂലി എന്ന പെൺകുട്ടിയെ കൂട്ടാനാണ് അവളുടെ സഹോദരന്റെ സുഹൃത്തായ ലിയോൺ എത്തുന്നത്. അധികം സംസാരിക്കാത്ത അവളെ വായാടിയായ അയാൾ സംസാരിക്കാൻ പ്രേരിപ്പിക്കുകയാണ്. തനിക്കൊന്നും പറയാനില്ലെന്ന് അവൾ. വിഷാദിയായ ജൂലിയെ പിന്നെ അയാൾ ഹിപ്‌നോട്ടൈസ് ചെയ്യുന്നു. അവൾ ആകെ അസ്വസ്ഥയാകുന്നു. ‘ഞാനൊരു നേഴ്‌സാണ്. കടുത്ത അനുഭവങ്ങൾ. ഞാൻ ഒന്നുമല്ല. വലിയ ജലാശയത്തിലെ ഒരു തുള്ളി വെള്ളം മാത്രം’ എന്നു പറഞ്ഞ് അവൾ ഓടിപ്പോവുന്നു.

ഉടൻ ക്യാമറ പിന്തുടരുന്നത് ശില്പവുമായി നടന്നുനീങ്ങുന്ന കറുത്തതും വെളുത്തതുമായ രണ്ടു കലാകാരികളെയാണ്. കറുപ്പിനെക്കുറിച്ച് ചർച്ച ചെയ്ത് അവർ നീങ്ങുന്നു

തന്നെ തൊടരുത്, തന്റെ സഹോദരനുമാത്രമേ തന്നെ മനസ്സിലാവൂ- ലിയോൺ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

ഉടൻ ക്യാമറ പിന്തുടരുന്നത് ശില്പവുമായി നടന്നുനീങ്ങുന്ന കറുത്തതും വെളുത്തതുമായ രണ്ടു കലാകാരികളെയാണ്. കറുപ്പിനെക്കുറിച്ച് ചർച്ച ചെയ്ത് അവർ നീങ്ങുന്നു. ദൈവം കറുത്തതാണെന്ന് കറുത്ത കലാകാരി വാദിക്കുന്നു. ചെകുത്താനെ കറുത്ത നീഗ്രോയായി ചിത്രീകരിക്കാറുണ്ട്. കറുപ്പ് എന്ന നിറത്തിന്റെ വിവക്ഷകളെപ്പറ്റി അവർ തർക്കിക്കുന്നു. കറുത്ത പ്ലേഗിനെക്കുറിച്ചും വെളുത്ത പ്ലേഗിനെക്കുറിച്ചും അവർ പറയുമ്പോൾ അടുത്ത സീക്വൻസ്, സീൻ നദീതീരത്തിരിക്കുന്ന രണ്ടു സുഹൃത്തുക്കളിലേക്ക് മാറുന്നു.

ഓടിപ്പോവുന്ന ഒരു പെൺകുട്ടിയുടെ പിറകിലാണ് ക്യാമറ. കടയിൽ നിന്ന് റൂഷ്, മസ്‌കാര പോലുള്ള മേക്കപ്പ് സാധനങ്ങൾ മോഷ്ടിച്ച് ഓടുന്ന പെൺകുട്ടി. ഇതൊന്നും തങ്ങൾക്കാവശ്യമില്ലെങ്കിലും ഒരു രസത്തിനാണ് അവർ മോഷ്ടിക്കുന്നത്.

താൻ ജോലി വിടുന്നു, രാജിക്കത്ത് കൊടുത്തു എന്നുപറയുന്ന സുഹൃത്ത്. ഇനി 40 കൊല്ലമേ ജീവിതമുണ്ടാവൂ; അത് ആസ്വദിച്ച് ജീവിക്കണം എന്നാണ് അയാളുടെ ആഗ്രഹം. രണ്ടാളും സംസാരിച്ച് നടന്നുനീങ്ങുമ്പോൾ വഴിയരികിലെ യുവാവും യുവതിയും നമുക്കൊന്ന് പരസ്പരം സ്പർശിച്ച് കടന്നുപോവാം എന്നുപറഞ്ഞ് മുന്നോട്ട് വരുന്നു. ‘ഇതിൽ ലൈംഗികമായൊന്നുമില്ല. ഒരാലിംഗനം മാത്രം. ഞങ്ങൾ പൊലീസുകാരൊന്നുമല്ല' എന്നവർ പറയുന്നുണ്ട്. ‘ഞങ്ങൾ പ്രണയസേനയാണ്' എന്നവർ സ്വയം പരിചയപ്പെടുത്തുന്നു.

ഡേവിഡും സ്ത്രീയും കെട്ടിപ്പിടിക്കുന്നു. മറ്റേ രണ്ടു പേർ സ്‌നേഹപ്രകടനം ഹസ്തദാനത്തിലൊതുക്കുന്നു. തുടർന്ന് നടന്നുനീങ്ങുന്ന യുവതിയെയും സുഹൃത്തിനെയുമാണ് ക്യാമറ പിന്തുടരുന്നത്. ആസ്യ എന്ന കാമുകിയുമൊത്തുള്ള സംയോഗത്തിന്റെ അശ്ലീല സിനിമയുണ്ടാക്കി പ്രദർശിപ്പിച്ച് മുഷിപ്പ് മാറ്റിയ കഥയാണ് അയാൾ സുഹൃത്തായ യുവതിയോട് പറയുന്നത്.

പിന്നെ അവർ മെട്രോയിൽ കയറുന്നു. റിപ്പബ്ലിക്ക് എന്ന സ്റ്റേഷനിലിറങ്ങേണ്ട മാസ്‌കിട്ട മറ്റൊരു സ്ത്രീയിലേക്കാണ് പിന്നെ ക്യാമറ കേന്ദ്രീകരിക്കുന്നത്. അവൾ മാസ്‌കിൻമേൽ ഒരു ചിരി വരച്ചുചേർക്കുന്നുണ്ട്.
‘പാരീസ് സുന്ദരമാണ്', അവൾ പറയുന്നു.
‘ഒരുപക്ഷേ നമ്മളെല്ലാം ഒന്നിച്ച് അവസാനിച്ചേക്കാം' എന്ന് മറുപടി.
‘നമുക്ക് ധാരാളം കുട്ടികളെയും പേരക്കുട്ടികളെയുമുണ്ടാക്കാം'' എന്നാണ് തുടർന്നുള്ള ഡയലോഗ്.
അവൾ റിപ്പബ്ലിക്ക് സ്റ്റേഷനിൽ ഇറങ്ങിപ്പോവുന്നു. ഗരേ ദു നോർദിലേക്കാണ് അവൾക്ക് പോകേണ്ടത്.

ഓടിപ്പോവുന്ന ഒരു പെൺകുട്ടിയുടെ പിറകിലാണ് തുടർന്ന് ക്യാമറ. കടയിൽ നിന്ന് റൂഷ്, മസ്‌കാര പോലുള്ള മേക്കപ്പ് സാധനങ്ങൾ മോഷ്ടിച്ച് ഓടുന്ന പെൺകുട്ടി. കൺമഷി മോഷ്ടിച്ച അവളുടെ സുഹൃത്തിനോട് ഇനിയും ഈ മോഷണം തുടരേണ്ടതുണ്ടോ, അമ്മയുമച്ഛനും വഴക്ക് പറയുമല്ലോ എന്നൊക്കെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നു. ഇതൊന്നും തങ്ങൾക്കാവശ്യമില്ലെങ്കിലും ഒരു രസത്തിനാണ് അവർ മോഷ്ടിക്കുന്നത്. കല്യാണവേഷത്തിൽ കടന്നുവരുന്ന ഒരു വധു പുകവലിക്കാനെന്തെങ്കിലുമുണ്ടോ എന്നുചോദിച്ച് അവരെ സമീപിക്കുന്നു. ഞങ്ങൾ പുക വലിക്കാറില്ല എന്നുപറഞ്ഞ് മേക്കപ്പ് വസ്തു അവൾക്ക് വില്ക്കാൻ ശ്രമിക്കുന്നു. എന്നാൽ അവളുടെ കയ്യിൽ ബാഗോ പണമോ ഇല്ല. അവർ അവൾക്കത് സമ്മാനമായി കൊടുക്കുന്നു.

തുടർന്ന് ക്യാമറ നീങ്ങുന്നത് ഈ ഒളിച്ചോടിയ വധുവിനോടൊപ്പമാണ്. പിന്നെ, വഴിവക്കിൽ കാണുന്ന ഒരു പെരാമ്പുലേറ്ററിലെ കുട്ടിയോട് അവൾ സംസാരിക്കുകയാണ്: ‘ആരോ നിന്നെ ഉപേക്ഷിച്ചതാണോ?'
കുട്ടിയെ കാണിക്കുന്നില്ല. ആരോടോ അവൾ ഒരു സിഗററ്റ് വാങ്ങി വലിക്കുന്നുണ്ട്. അവരെയും കാണിക്കുന്നില്ല.
‘അവർ നിന്നെ ഉപേക്ഷിച്ചു. എന്താ പറയുക' എന്നൊക്കെ കുട്ടിയോട് പറയുന്നതിനിടക്കാണ് അവൾ ഓടിപ്പോരാനുണ്ടായ കാരണവും വെളിപ്പെടുത്തുന്നത്.
‘നിന്റെ കൂടെ ജീവിക്കാൻ എനിക്ക് കഴിയില്ല.' അതാണ് കാരണം.
‘നീയും നിന്റെ മാതാപിതാക്കളെ ഇതുപോലെ ഉപേക്ഷിച്ചതാണോ?' എന്നാണ് കുട്ടിയോട് തുടർന്നുള്ള ചോദ്യം.

മുഖംമൂടികളുടെ ലോകമുപേക്ഷിച്ച് ഡാൻസിലേക്ക് പ്രവേശിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് കൊമേഡിയൻ പറയുന്നു. മാനേജർക്ക് അയാൾ പറയുന്നതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ചിരിപ്പിക്കുന്നതുകൊണ്ടാണ് ആളുകൾ തന്നെ ഇഷ്ടപ്പെടുന്നത് എന്ന്​ അയാൾ പറയുന്നു.

തുടർന്ന് ഒരു സ്‌കൂട്ടർ കൈകാട്ടി നിർത്തി അതിന്റെ പിൻസീറ്റിൽ അവൾ മോൺട് മാർത്രെയ്ക്ക് പോവുന്നു. തന്റെ ക്രെഡിറ്റ് കാർഡ് മോഷ്ടിച്ചുപോയി തിരിച്ചുകിട്ടിയ കഥ സ്‌കൂട്ടറോടിക്കുന്ന ആൾ പറയുന്നുണ്ട്. വഴിവക്കിൽ കഫെകളും മറ്റും സജീവം. അവൾ ഇറങ്ങി ഒരു സിഗററ്റ് വാങ്ങാൻ പോവുന്നു. അവിടെയിരുന്ന് സംസാരിക്കുന്ന മൂന്നുപേരിലാണ് തുടർന്ന് ക്യാമറയുടെ ശ്രദ്ധ പതിയുന്നത്. നടുവിലുള്ള ആൾ ഓൺലൈനിൽ ചെസ്​ കളിക്കുകയാണ്. മാഗ്‌നസ് കാൾസെൻ എന്ന ചാമ്പ്യനെയാണ് അയാൾ തോല്പിക്കുന്നത്. ‘അവിശ്വസനീയം' എന്ന് ആർത്തുവിളിച്ച് അയാൾ ആഹ്ലാദിക്കുന്നു. തുടർന്ന് ഇടതുവശത്തിരുന്ന യുവാവ് സൈക്കിളുമെടുത്ത്​ കവിത പാടി നീങ്ങുന്നു. ഈ ചിത്രത്തിന്റെ രചനയിൽ പങ്കുവഹിച്ച ഫ്രാൻസ്വാ മാർക്ക് എന്ന കവി കൂടിയായ എഴുത്തുകാരനാണയാൾ.

തുടർന്ന് ക്യാമറ പിന്തുടരുന്നത് എഡ്വേർഡ് എന്ന കോമഡി നടനെയും അയാളുടെ മാനേജരെയുമാണ്​. മുഖംമൂടികളുടെ ലോകമുപേക്ഷിച്ച് ഡാൻസിലേക്ക് പ്രവേശിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് കൊമേഡിയൻ പറയുന്നു. മാനേജർക്ക് അയാൾ പറയുന്നതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ചിരിപ്പിക്കുന്നതുകൊണ്ടാണ് ആളുകൾ തന്നെ ഇഷ്ടപ്പെടുന്നത് എന്ന്​ അയാൾ പറയുന്നു.
‘കഴിഞ്ഞ 10 കൊല്ലമായി നാം ഉപജീവനം നടത്തിയ തൊഴിൽ നീ ഉപേക്ഷിക്കുകയാണോ?' മാനേജർ ചോദിക്കുന്നു.
‘നിന്റെ മോന്തയാണ് നിന്റെ മൂലധനം. നിന്നെ ജനം സഹിക്കുന്നത് അതോർത്താണ്. നിന്നെ വിമർശിക്കാൻ പറഞ്ഞതല്ല. നീ മനസ്സിലാക്ക്. ജനങ്ങൾ നിന്നെ സ്‌നേഹിക്കണോ വെറുക്കണോ? മുഖം മൂടിയിട്ട ഡാൻസറെ അവർ വെറുക്കും; കല്ലെറിയും. അതുകൊണ്ട് ഈ വിഡ്ഢിത്തം മതിയാക്കി പുതിയ ഷോവിന് തയ്യാറെടുക്കൂ.'
‘നിങ്ങൾ വല്ലാതെ പരിഭ്രമിച്ചിരിക്കുന്നു' എന്നുപറഞ്ഞ്​ പോക്കറ്റിലുള്ള ഒരു മുഖംമൂടിയെടുത്തണിഞ്ഞ് അയാൾ നീങ്ങുന്നു.

തുടർന്ന് സംസാരിച്ച്​ വേഗത്തിൽ നടക്കുന്ന മറ്റു രണ്ട് ചെറുപ്പക്കാരോടൊപ്പമാണ് ക്യാമറ നീങ്ങുന്നത്. അവർ ബെൽവില്ലിലൂടെ നീങ്ങുന്നു. ഉയരമുള്ള കുന്നിൻചരിവിലെ പാർക്കിലിരിക്കുന്ന യുവതിയുടെ അടുത്തേക്ക് ക്യാമറ നീങ്ങുന്നു. അവൾ റ്റാരൊ കാർഡുകൾ കൊണ്ട് മുമ്പിലുള്ള മറ്റൊരു യുവതിയുടെ ഭാവിയെക്കുറിച്ച് പ്രവചനം നടത്തുകയാണ്. (ആഗ്‌നസ് വർദയുടെ ചിത്രത്തിലും എലിയറ്റിന്റെ വേസ്റ്റ് ലാൻഡിലും റ്റാരൊ കാർഡുകൾ കൊണ്ട് പ്രവചനം നടത്തുന്നവരെ ഓർക്കാം.) സാർഡിനിയയിലെ ചക്രവർത്തി, പ്ലേഗുള്ള കപ്പലിനെ തന്റെ നാട്ടിൽ അടുക്കാൻ അനുവദിക്കാതിരുന്നതും അതടുപ്പിച്ച സ്ഥലത്ത് പ്ലേഗ് ബാധിച്ചതുമായ കഥ പറയുന്നുണ്ട് അവൾ. അലറുന്ന ഇരുപതുകളെക്കുറിച്ചും പറയുന്നത് അവളാണ്. തുടർന്ന് അവർ ചുംബിക്കുന്നു.

അവിടെ കീബോർഡ് വായിക്കുന്ന ആളുടെ അടുത്തേക്ക് ആദ്യ സീക്വൻസിലെ ലിയോണും ജൂലിയും നടന്നടുക്കുന്നു. പിന്നെ ചിത്രത്തിൽ നേരത്തെ നാം കണ്ട എല്ലാവരും ഓരോരുത്തരായി പാർക്കിലെത്തി നടത്തം തുടരുന്നു. കീ ബോർഡുകാരൻ പാടിക്കൊടുക്കുന്ന പാട്ട് എല്ലാവരും ഏറ്റു പാടുന്നു. പിന്നെ എല്ലാവരും പിരിഞ്ഞുപോവുന്നു, ഏറ്റവുമൊടുവിൽ മുഖംമൂടിയണിഞ്ഞ ഡാൻസുകാരനും. ▮


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments