‘എഡ്​ജ്​ ഓഫ്​ ഡമോക്രസി’ എന്ന ഡോക്യുമെന്ററിയിൽ നിന്ന്

ബൊൾസൊനാരോയിൽനിന്ന്​
​ലുലയിലേയ്​ക്കുള്ളബ്രസീലിയൻ ദൂരങ്ങൾ

ബ്രസീൽ രാഷ്ട്രീയത്തിൽ മെല്ലെമെല്ലെ ഉരുണ്ടുകൂടിയ ഒരു പ്രതിസന്ധിയെ അനാവരണം ചെയ്യുകയാണ് രാഷ്ട്രീയവും അതേസമയം വ്യക്തിപരവുമായ എഡ്​ജ്​ ഓഫ്​ ഡമോക്രസി എന്ന സിനിമയിലൂടെ പെട്രാ കോസ്റ്റ.

ണ്ടനിലെ സ്‌കൂൾ ഓഫ്​ എക്കണോമിക്‌സിൽ നിന്ന് സമൂഹമനശാസ്ത്രത്തിൽ മാസ്റ്റേഴ്‌സ് ബിരുദം നേടിയ പ്രശസ്ത ഡോക്യുമെന്ററി സംവിധായികയാണ് ബ്രസീലിലെ പെട്രാ കോസ്റ്റ. അവർ രചിച്ച മൂന്നോ നാലോ ചലച്ചിത്ര പ്രബന്ധങ്ങൾ (അവരുടെ ഡോക്യുമെന്ററികളെ അങ്ങനെ വിളിക്കുന്നതാവും ഉചിതം) അന്താരാഷ്ട്ര മേളകളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഡോക്യുമെന്ററിയിലെ കാവ്യാത്മക പാരമ്പര്യത്തിന്റെ പതാകാവാഹകരായ ആഗ്‌നസ് വർദ, പട്രീഷ്യോ ഗുസ്മാൻ തുടങ്ങിയവരായിരുന്നു അവരെ സ്വാധീനിച്ചത്. 2019 ൽ അവർ രചിച്ച എഡ്​ജ്​ ഓഫ്​ ഡമോക്രസി എന്ന ചിത്രം അതിന്റെ പ്രമേയം കൊണ്ടും ശൈലികൊണ്ടും മികവുറ്റ ഒരു രചനയാണ്.

‘ജനാധിപത്യം ഇന്ന് മരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആഗോള പ്രതിഭാസമാവുന്നതിനെക്കുറിച്ചാണ് ഈ സിനിമയിൽ സംസാരിക്കുന്നത്. ടാങ്കുകളും സൈനികനീക്കങ്ങളും കൊണ്ടല്ല. സ്ഥാപനങ്ങളെ കടപുഴക്കൽ, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, ഒരുപക്ഷേ വൻകിട കോർപ്പറേഷനുകൾ ചെലവ് വഹിക്കുന്ന പ്രചണ്ഡമായ സോഷ്യൽ മീഡിയ കാമ്പയിനുകൾ തുടങ്ങിയ മാർഗങ്ങളാണ് ജനാധിപത്യ ധ്വംസനത്തിന് ഉപയോഗപ്പെടുത്തുന്നത്’, സി.എൻ.എന്നിന്​ നൽകിയ അഭിമുഖത്തിൽ കോസ്റ്റ പറയുന്നു. ജനാധിപത്യത്തിൽ നിന്ന് വരേണ്യഭരണ (ഒളിഗാർക്കി) ത്തിലേക്കും ഫാഷിസത്തിലേക്കും തെന്നി നീങ്ങുന്ന ബ്രസീലിലെ സമീപകാല രാഷ്ട്രീയമാണ് ചിത്രത്തിലെ പ്രമേയം. എന്നാൽ അത് ബ്രസീലിന്റെ മാത്രം അവസ്ഥയല്ല. നിയോലിബറൽ വ്യവസ്ഥയിൽ ജനാധിപത്യത്തിന്റെ പേരിൽ പല രാജ്യങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത് സമാനമായ പ്രവണതകൾ തന്നെ. മനുഷ്യരെ ഇത് ഒരുതരം നിസ്സഹായതയിൽ അകപ്പെടുത്തുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് മാത്രമല്ല, ഉയരുന്ന ചുരുട്ടിയ മുഷ്ടികൾ നൽകുന്ന പ്രതീക്ഷയെക്കുറിച്ചു കൂടിയാണ് ചിത്രം സംസാരിക്കുന്നത്.

വലതുപക്ഷം ഒരുതരം ജനപ്രിയ സമീപനം സ്വീകരിച്ച് ​സേച്ഛാധിപത്യ
പാതയിലേക്ക് നീങ്ങുന്നതും ജനാധിപത്യത്തെ വലിച്ചുകീറുന്നതുമാണ് ചിത്രത്തിലെ ഉള്ളടക്കം.

ബ്രസീലിന്റെ രാഷ്ട്രീയത്തിൽ മെല്ലെമെല്ലെ ഉരുണ്ടുകൂടിയ ഒരു പ്രതിസന്ധിയെ അനാവരണം ചെയ്യുകയാണ് രാഷ്ട്രീയവും അതേസമയം വ്യക്തിപരവുമായ ഈ സിനിമയിലൂടെ പെട്രാ കോസ്റ്റ. വർക്കേഴ്‌സ് പാർട്ടി നേതാക്കളായ ലുലാ ഡി സിൽവ, ഡിൽമാ റൂസഫ് എന്നീ ഇടതുപക്ഷ പ്രവർത്തകരുമായും മൈക്കൽ ടെമർ, ജെയർ ബൊൾസൊനാരോ തുടങ്ങിയ വലതുപക്ഷ നേതാക്കളുമായും അടുത്തിടപഴകാനുള്ള അവസരം സംവിധായികക്ക് ലഭിക്കുന്നത് കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ ചിത്രീകരിക്കാൻ അവർക്ക് സഹായകമാവുന്നുണ്ട്. വലതുപക്ഷം ഒരുതരം ജനപ്രിയ സമീപനം (പോപ്പുലിസം) സ്വീകരിച്ച് ​സേച്ഛാധിപത്യപാതയിലേക്ക് നീങ്ങുന്നതും ജനാധിപത്യത്തെ വലിച്ചുകീറുന്നതുമാണ് ചിത്രത്തിലെ ഉള്ളടക്കം.

പെട്രാ കോസ്റ്റ
പെട്രാ കോസ്റ്റ

സംവിധായികയുടെ മുത്തച്ഛനും മുത്തശ്ശിയും മറ്റും കെട്ടിട നിർമ്മാണ വ്യവസായത്തിലൂടെ സമ്പന്നരായവരാണ്. ടെമറിനെയും ബൊൾസൊനാരോയെയും പോലുള്ള സ്വേച്​ഛാധിപതികളെ അവരെന്നും പിന്തുണച്ചുപോന്നു; ഇന്നും അത് തുടരുന്നു. എന്നാൽ കോസ്റ്റയുടെ അച്ഛനുമമ്മയും മാർക്‌സിസ്റ്റുകാരും പട്ടാള ഭരണത്തെ എതിർത്ത് ജയിലിൽ കഴിഞ്ഞവരുമാണ്. ഡിൽനയെ പാർപ്പിച്ച അതേ ജയിലിൽ കോസ്റ്റയുടെ അമ്മ കിടന്നിട്ടുണ്ട് എന്നുമാത്രമല്ല, പല ആശയങ്ങളും അവർ പൊതുവായി പങ്കിടുന്നുമുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തികളോടുള്ള ഇത്തരം സജീവബന്ധം കോസ്റ്റയ്ക്ക് സിനിമാ ചിത്രീകരണത്തിൽ സവിശേഷ പരിഗണനകൾ കിട്ടാൻ അവസരമൊരുക്കുന്നുണ്ട്.

വോയിസ് ഓവറിലൂടെ കോസ്റ്റയാണ് വിവരണങ്ങൾ നൽകുന്നത്. എങ്കിലും അമിത ഇടപെടലില്ലാതെ അല്പം അകലം പാലിച്ച് കാര്യങ്ങൾ വീക്ഷിക്കുന്ന ഒരു പരിപ്രേക്ഷ്യമാണ് അവർ സ്വീകരിച്ചിട്ടുള്ളത്. ആർക്കൈവിൽ നിന്നുള്ള ഫൂട്ടേജുകളും, പ്രക്ഷോഭങ്ങൾക്കിടയിൽ ചെന്ന് നേരിട്ട് ചിത്രീകരിച്ച ഭാഗങ്ങളും, അഭിമുഖ സംഭാഷണങ്ങളും ഡ്രോണിലൂടെ മുകളിൽ നിന്നെടുത്ത ഷോട്ടുകളുമെല്ലാം സാങ്കേതികത്തികവോടെ ഇടകലർന്ന് കടന്നുവരുന്നുണ്ട്.

ലുലയുടെ നേട്ടങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴും രാജ്യത്തെ വരേണ്യവിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പി.എം.ഡി.ബി എന്ന പാർട്ടിയോടുള്ള ലുലയുടെ ചങ്ങാത്തത്തിൽ കോസ്റ്റ അസംതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്.

1984 തൊട്ട് ബ്രസീലിലെ ജനാധിപത്യം പിന്നിട്ട വഴികൾ വിശകലന വിധേയമാക്കപ്പെടുന്നു. 21 വർഷം നീണ്ടുനിന്ന പട്ടാള ഭരണകാലത്ത് കൊലചെയ്യപ്പെട്ട പെഡ്രോ എന്ന ഇടതുപക്ഷ നേതാവിന്റെ പേരാണ് അച്ഛനമ്മമാർ സംവിധായികയുടെ പേരിലെ പെട്രാ എന്ന പേരിലൂടെ അനുസ്മരിച്ചത്. ആ പട്ടാള ഭരണത്തിന്റെ മുഖ്യശത്രു ലുലാ ഡി സിൽവ ആയിരുന്നു. 2002 ൽ അദ്ദേഹം പ്രസിഡണ്ടായപ്പോൾ തൊട്ട് അനേകം സാമൂഹ്യക്ഷേമ, ദാരിദ്ര്യ നിർമാർജന പരിപാടികൾ നടപ്പാക്കി ജനങ്ങൾക്ക് ആശ്വാസം പകർന്നിരുന്നു. അദ്ദേഹത്തിന്റെ ഈ നേട്ടങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴും രാജ്യത്തെ വരേണ്യവിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പി.എം.ഡി.ബി എന്ന പാർട്ടിയോടുള്ള ലുലയുടെ ചങ്ങാത്തത്തിൽ കോസ്റ്റ അസംതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ടിന്നായി അഴിമതി നിറഞ്ഞ കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നതുകൊണ്ടാണ് ലുലയുടെ വർക്കേഴ്‌സ് പാർട്ടി ആന്തരികമായി ക്ഷയിക്കുന്നത് എന്നവർ സൂചിപ്പിക്കുന്നുണ്ട്. ചുവന്ന ബ്രസീൽ മരങ്ങളുടെ മാറ്റൊലിയാണ് വർക്കേഴ്‌സ് പാർട്ടിയുടെ ചെങ്കൊടിയിലും പ്രതിഫലിക്കുന്നത് എന്നും അത് ബ്രസീലിലെ ജനാധിപത്യത്തിന്റെ ജീവരക്തമാണെന്നും ഇമേജുകളിലൂടെ സ്ഥാപിച്ചെടുക്കുമ്പോഴും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പാർട്ടികളുടെ പട്ടികയിലേക്ക് തൊഴിലാളിപ്പാർട്ടിയും കടന്നുവരുന്നത് അവരെ ദുഃഖിപ്പിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് ഫണ്ടിന്നായി അഴിമതി നിറഞ്ഞ കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നതുകൊണ്ടാണ് ലുലയുടെ വർക്കേഴ്‌സ് പാർട്ടി ആന്തരികമായി ക്ഷയിക്കുന്നത് എന്നവർ സൂചിപ്പിക്കുന്നുണ്ട്
തിരഞ്ഞെടുപ്പ് ഫണ്ടിന്നായി അഴിമതി നിറഞ്ഞ കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നതുകൊണ്ടാണ് ലുലയുടെ വർക്കേഴ്‌സ് പാർട്ടി ആന്തരികമായി ക്ഷയിക്കുന്നത് എന്നവർ സൂചിപ്പിക്കുന്നുണ്ട്

ബ്രസീലിലെ ആദ്യ വനിതാ പ്രസിഡണ്ടും തന്റെ പിൻഗാമിയായി 2011 ൽ തന്നെ ലുല തിരഞ്ഞെടുത്ത വ്യക്തിയും പഴയ ഒളിപ്പോരാളിയുമാണ്​ ഡിൽമ റൂസഫ്. അവർ ബ്രസീലിൽ അഴിമതി വിരുദ്ധ നിയമങ്ങളുടെ ഒരു പരമ്പര തന്നെ പാസ്സാക്കിയെടുത്തു. എന്നാൽ രാജ്യത്തിന്റെ സ്വന്തമായ പെട്രോബ്രാസ് എന്ന എണ്ണക്കമ്പനിയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കുന്ന ‘ഓപ്പറേഷൻ കാർ വാഷ്' എന്ന വലിയ കോളിളക്കം ഉണ്ടായത് ഇതേ നിയമങ്ങളുടെ വെളിച്ചത്തിലാണ്. ലുലയ്ക്കും ഡിൽമയ്ക്കുമെതിരെ ആരോപണങ്ങളുയർന്നു. വലതുപക്ഷത്തിന്റെ കടുത്ത എതിർ പ്രചാരണങ്ങളെ മറികടന്ന് ഡിൽമ രണ്ടാമതും നേരിയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും എതിരാളിയായ നെവസ് തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ വിസമ്മതിച്ചു. തുടർന്ന് അയാൾ നടത്തിയത് ഡിൽമയെ ഇംപീച്ച്​ചെയ്യാനുള്ള ഗൂഢാലോചനകളാണ്. തന്റെ മുത്തച്ഛനുമായി അകന്ന ബന്ധമുള്ള ആളായിട്ടുപോലും നെവസ് കോസ്റ്റയ്ക്ക് അഭിമുഖം അനുവദിക്കുന്നില്ല. സർക്കാരിന്റെ സാമ്പത്തികക്കമ്മി മറച്ചുവെക്കാൻ അക്കൗണ്ടുകളിൽ മനഃപൂർവം കൃത്രിമം കാണിച്ചു എന്നാരോപിച്ചാണ് ഡിൽമ റൂസഫിനെ വിചാരണ ചെയ്യുന്നത്. എണ്ണക്കമ്പനിയിലെ കോഴയുമായി ഇടതുനേതാക്കൾക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ് പ്രക്ഷോഭകർ തെരുവിലിറങ്ങി. രണ്ടു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട, 80 % ജനങ്ങളുടെ പിന്തുണയുള്ള, നേതാവായ ലുലയെ അഴിമതി ആരോപിച്ച് തടവിലാക്കി, വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത് തടയാനുള്ള ഗൂഢനീക്കമാണ് അരങ്ങേറിയത്. എന്നാൽ വെറുപ്പും അസഹിഷ്ണുതയും തുളുമ്പിയ ഈ പ്രക്ഷോഭങ്ങളെ രാജ്യസ്‌നേഹപരമായ പ്രതിഷേധങ്ങളായാണ് മാധ്യമങ്ങൾ ചിത്രീകരിച്ചത്.

വലതുപക്ഷത്തുള്ള ഉദ്യോഗസ്ഥപ്രമുഖരുടെ കൂട്ടത്തിൽ മുഖ്യസ്ഥാനം ബോൾസൊനാരോവിനാണ്. ഭൂതകാലത്തെ സ്വേച്​ഛാധിപത്യങ്ങളെ വാഴ്​ത്തുകയും തന്റെ ചങ്ങാതികളുടെ കമ്പോളതാല്പര്യങ്ങൾ നിറവേറ്റിക്കൊടുക്കുകയും ചെയ്തുകൊണ്ട് മറ്റൊരു ട്രംപായി അയാൾ വിലസി.

മൈക്കൽ ടെമർ എന്ന യാഥാസ്ഥിതികനായ വൈസ് പ്രസിഡണ്ടിനോട് ഡിൽന പ്രകടമായ അകലം പാലിക്കുന്നത് കോസ്റ്റ ശ്രദ്ധിക്കുന്നുണ്ട്. പിന്നെ അയാൾ ഇമ്പീച്ച്‌മെന്റിനെ ന്യായീകരിക്കുന്നതും കേൾക്കാം. ഡിൽനയെ ഇംപീച്ചുചെയ്യാൻ വോട്ടുചെയ്ത ഉദ്യോഗസ്ഥവൃന്ദം ടെമർക്കെതിരെ ഇതേതരത്തിലുള്ള ഗുരുതരമായ അഴിമതിയാരോപണങ്ങളുയർന്നപ്പോൾ ആ നിലപാടല്ല സ്വീകരിച്ചത്. വലതുപക്ഷത്തിന്റെ അഴിമതിയും കള്ളത്തരവും വെളിപ്പെടുത്തുന്ന രണ്ട് രഹസ്യ ഓഡിയോകൾ കോസ്റ്റ കേൾപ്പിക്കുന്നുണ്ട്. കൈക്കൂലി വാങ്ങിയ എഡ്വേർഡോ കൻഹ എന്ന മറ്റൊരു രാഷ്ട്രീയനേതാവ് ഡിൽമയെ ഇംപീച്ച്​ ചെയ്യാനുന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പറയുന്നുണ്ടെങ്കിലും പിന്നീട് അവരെ നീക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ഒടുവിൽ ഡിൽന പുറത്തുപോയപ്പോൾ ആ അസാന്നിദ്ധ്യം വലതുപക്ഷക്കാർ ആഘോഷിക്കുകയാണ്. അപ്പോൾ കോസ്റ്റയുടെ വിവരണം നമുക്ക് ഇങ്ങനെ കേൾക്കാം: ‘ബൈബിളിനേയും ബുള്ളറ്റിനേയും ബുള്ളിനേയും ന്യായീകരിക്കുന്ന ഇക്കൂട്ടരാണ് അധികാരം പിടിച്ചെടുത്തിരിക്കുന്നത്. '

ബ്രസീലിലെ ആദ്യ വനിതാ പ്രസിഡണ്ടും തന്റെ പിൻഗാമിയായി 2011 ൽ തന്നെ ലുല തിരഞ്ഞെടുത്ത വ്യക്തിയും പഴയ ഒളിപ്പോരാളിയുമാണ്​ ഡിൽമ റൂസഫ്
ബ്രസീലിലെ ആദ്യ വനിതാ പ്രസിഡണ്ടും തന്റെ പിൻഗാമിയായി 2011 ൽ തന്നെ ലുല തിരഞ്ഞെടുത്ത വ്യക്തിയും പഴയ ഒളിപ്പോരാളിയുമാണ്​ ഡിൽമ റൂസഫ്

വലതുപക്ഷത്തുള്ള ഉദ്യോഗസ്ഥപ്രമുഖരുടെ കൂട്ടത്തിൽ മുഖ്യസ്ഥാനം ബോൾസൊനാരോവിനാണ്. ഭൂതകാലത്തെ സ്വേച്​ഛാധിപത്യങ്ങളെ വാഴ്​ത്തുകയും തന്റെ ചങ്ങാതികളുടെ കമ്പോളതാല്പര്യങ്ങൾ നിറവേറ്റിക്കൊടുക്കുകയും ചെയ്തു കൊണ്ട് മറ്റൊരു ട്രംപായി അയാൾ വിലസി. സ്ത്രീകൾ, സ്വവർഗ്ഗ പ്രേമികൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെ പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ആളാണ് ബോൾസെനാരോ. താൻ പരുക്കനും ഫാഷിസ്റ്റുമൊക്കെയാണെന്ന് പലരും പറയുമെങ്കിലും യഥാർത്ഥത്തിൽ താനൊരു ഹീറോ ആണെന്ന് ബോൾസൊനാരോ കോസ്റ്റയോട് പറയുന്നുണ്ട്. കോസ്റ്റ ദേശവിരുദ്ധയാണെന്ന് പിന്നീടയാൾ ആരോപിക്കുന്നുണ്ട്.

മോറോയുടെ വിചാരണ സമയത്ത് ലുല പറയുന്നുണ്ട്: ‘ഞാൻ ചെയ്ത കുറ്റം എന്താണെന്ന് പറയൂ.' ഇതിന് ഉത്തരമില്ല! കാഫ്കയുടെ ട്രയലിലെ ജോസഫ്. കെയെപ്പോലെ, ചെയ്ത കുറ്റമെന്തെന്നറിയാതെ ജയിലിൽ പോകേണ്ടിവന്ന അസംബന്ധമാണ് ലുലയുടെ കാര്യത്തിലുണ്ടായത്.

‘‘രാഷ്ട്രീയ കൊലകളെപ്പോലും വിനോദോപാധി എന്ന മട്ടിലാണ് മാധ്യമങ്ങൾ ഇക്കാലത്ത് കൈകാര്യം ചെയ്തത്. ലുലയെ ചോദ്യം ചെയ്ത ജഡ്ജ് സെർജിയോ മോറോയുടെ ഉളുപ്പില്ലാത്ത വിചാരണാ പ്രഹസനം എല്ലാവരും ആസ്വദിക്കേണ്ട ഒരു ഗുസ്തി മത്സരം എന്ന മട്ടിലാണ് പത്രങ്ങൾ കൈകാര്യം ചെയ്തത്’’, മാധ്യമങ്ങൾ തീർത്തും നിരുത്തരവാദപരമായി നൽകുന്ന തലക്കെട്ടുകൾ നമ്മുടെ കാലഘട്ടത്തിന്റെ ഒരു സവിശേഷതയാണ്. ലുലയ്‌ക്കെതിരെ വിശ്വസനീയമായ ഒറ്റ തെളിവ് പോലുമില്ലാതിരുന്നിട്ടും വിചാരണ എന്ന ഒരു നാടകം നടത്തി അദ്ദേഹത്തെ ജയിലിലടയ്ക്കാനുള്ള ശ്രമത്തെ ‘അനിവാര്യം' എന്നാണിവ വിശേഷിപ്പിച്ചത്!

മോറോയുടെ വിചാരണ സമയത്ത് ലുല പറയുന്നുണ്ട്: ‘ഞാൻ ചെയ്ത കുറ്റം എന്താണെന്ന് പറയൂ.' ഇതിന് ഉത്തരമില്ല! കാഫ്കയുടെ ട്രയലിലെ ജോസഫ്. കെ യെപ്പോലെ, ചെയ്ത കുറ്റമെന്തെന്നറിയാതെ ജയിലിൽ പോകേണ്ടിവന്ന അസംബന്ധമാണ് ലുലയുടെ കാര്യത്തിലുണ്ടായത്. ‘താൻ ഭയപ്പെടുന്നത് ജനാധിപത്യത്തിന്റെ മരണം മാത്രമാണെ'ന്ന് ഡിൽമ പറയുന്നുണ്ട്. ‘എന്നെ കൊന്നാലും ശിക്ഷിച്ചാലും ഒന്നും എന്നെ അവസാനിപ്പിക്കാൻ കഴിയില്ല. എന്റെ ആശയങ്ങൾ ഇവിടെക്കൂടിയ പതിനായിരക്കണക്കിന് ആളുകളിലൂടെ പ്രകാശിപ്പിക്കപ്പെടുക തന്നെ ചെയ്യും. ആളുകളെ മാത്രമേ തടവിലിടാൻ കഴിയൂ; ആശയങ്ങളെ തടവിലിടാൻ കഴിയില്ല', ആവേശഭരിതനായി ലുല പ്രഖ്യാപിക്കുന്നുണ്ട്.

താൻ പരുക്കനും ഫാഷിസ്റ്റുമൊക്കെയാണെന്ന് പലരും പറയുമെങ്കിലും യഥാർത്ഥത്തിൽ താനൊരു ഹീറോ ആണെന്ന് ബോൾസൊനാരോ കോസ്റ്റയോട് പറയുന്നുണ്ട്
താൻ പരുക്കനും ഫാഷിസ്റ്റുമൊക്കെയാണെന്ന് പലരും പറയുമെങ്കിലും യഥാർത്ഥത്തിൽ താനൊരു ഹീറോ ആണെന്ന് ബോൾസൊനാരോ കോസ്റ്റയോട് പറയുന്നുണ്ട്

ഒടുവിൽ ബൊൾസൊനാരോ അനുയായികൾ ട്രംപിന്റെ മുഖംമൂടികളണിഞ്ഞ് അയാളുടെ വിജയം ആഘോഷിക്കുന്നു. ലുലയുടെ ചിത്രമുള്ള ചുവന്ന ബലൂണുകൾ പൊട്ടിച്ചെറിയുന്ന നേരത്തെയുള്ള ദൃശ്യങ്ങളുമായി ഇവ ഇടയുന്നു. ഡിൽനയുടെ ഇംപീച്ചുമെന്റിന്​ മുറവിളി കൂട്ടുന്നവരെയും അതിനെതിരെ പ്രതിഷേധിക്കുന്നവരെയും വേർതിരിക്കാൻ ഒരു വലിയ മതിൽ മൈതാനത്ത് നേരത്തേ ഉയർത്തിയിരുന്നു. ഇപ്പോൾ കോസ്റ്റയുടെ കുടുംബക്കാർ അതിൽ ഇരുവശത്തുമുണ്ട്. അച്ഛനമ്മമാർ ഒരു വശത്ത്; കോസ്റ്റയുടെ മാതാപിതാക്കളെ വധിക്കുമായിരുന്ന ബോൾസൊനാരോ എന്ന സ്വേച്ഛാ​ധിപതിയെ പിന്തുണയ്ക്കുന്ന ബന്ധുക്കൾ മറുവശത്ത്.

നൈരാശ്യം ബാധിക്കുമ്പോൾ മനുഷ്യർ മതത്തിൽ അഭയം പ്രാപിക്കും. അധികാരത്തിലുളളർ എന്നും അതിനെ ചൂഷണം ചെയ്യും. ഇന്ന് ജനാധിപത്യം നിലനില്ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സമ്പന്ന വിഭാഗമാണ്.

നൈരാശ്യം ബാധിക്കുമ്പോൾ മനുഷ്യർ മതത്തിൽ അഭയം പ്രാപിക്കും. അധികാരത്തിലുളളർ എന്നും അതിനെ ചൂഷണം ചെയ്യും. ഇന്ന് ജനാധിപത്യം നിലനില്ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സമ്പന്ന വിഭാഗമാണ്. നേട്ടങ്ങൾ മുഴുവൻ അവർക്കാണ്. അവർക്ക് ഭീഷണിയൊന്നുമില്ലെങ്കിൽ ഒളി ഗാർക്കിയായിരിക്കും പ്രാബല്യത്തിൽ. കോർപ്പറേഷനുകളുടെ ആധിപത്യമാണ് ജനാധിപത്യത്തിന്റെ പേരിൽ നടക്കുന്നത്.

‘ജനാധിപത്യത്തെ രക്ഷിക്കാൻ ഭരണഘടന പോരാ; പരസ്പരവിശ്വാസവും ആത്മനിയന്ത്രണവും വേണം. രാഷ്ട്രീയ എതിരാളികളെ ഭരണഘടനയുടെ തന്നെ പല വിധത്തിലും നശിപ്പിക്കാൻ കഴിയും' എന്ന് കോസ്റ്റ ചൂണ്ടിക്കാട്ടുന്നുണ്ട് ‘ജനങ്ങൾ വിശ്വസിക്കുന്നിടത്തോളം മാത്രമേ ജനാധിപത്യത്തിന് നിലനില്പുള്ളൂ. രാഷ്ട്രീയ നേതാക്കൾ അതിന് വഴങ്ങുന്നില്ലെങ്കിൽ ജനങ്ങളും അതിൽ വിശ്വസിക്കില്ല. അങ്ങിനെ ആ ആശയം തന്നെ ഇല്ലാതാവും.’

ബ്രസീലിൽ ജനാധിപത്യത്തിനേറ്റ ഗുരുതരമായ ആഘാതം ധാരാളം ആളുകളെ സങ്കടത്തിലാഴ്ത്തുമ്പോൾ  പാതകൾ പലവഴി പിരിഞ്ഞു പോകുന്ന ഒരു വലിയ മൈതാനത്തിന്റെ ആകാശത്തുനിന്നുള്ള ദൃശ്യം ട്രാക്ക് ചെയ്തുകൊണ്ട് ചിത്രം അവസാനിക്കുന്നു
ബ്രസീലിൽ ജനാധിപത്യത്തിനേറ്റ ഗുരുതരമായ ആഘാതം ധാരാളം ആളുകളെ സങ്കടത്തിലാഴ്ത്തുമ്പോൾ പാതകൾ പലവഴി പിരിഞ്ഞു പോകുന്ന ഒരു വലിയ മൈതാനത്തിന്റെ ആകാശത്തുനിന്നുള്ള ദൃശ്യം ട്രാക്ക് ചെയ്തുകൊണ്ട് ചിത്രം അവസാനിക്കുന്നു

വിചാരണ എന്ന പ്രഹസനം നടത്തി ലുല എന്ന ജനകീയനായ നേതാവിനെ അനാവശ്യമായി ജയിലിലേക്കയക്കുകയും ബോൾസൊനാരോ എന്ന സ്വേച്ഛാധിപതിയെ ഭരണത്തിലേറ്റുകയും ചെയ്തതുകൊണ്ട് ബ്രസീലിൽ ജനാധിപത്യത്തിനേറ്റ ഗുരുതരമായ ആഘാതം ധാരാളം ആളുകളെ സങ്കടത്തിലാഴ്ത്തുമ്പോൾ പാതകൾ പലവഴി പിരിഞ്ഞു പോകുന്ന ഒരു വലിയ മൈതാനത്തിന്റെ ആകാശത്തുനിന്നുള്ള ദൃശ്യം ട്രാക്ക് ചെയ്തുകൊണ്ട് ചിത്രം അവസാനിക്കുന്നു.

വാൽക്കഷണം: ജനപ്രിയതാവാദം, നവദേശീയവാദം സാമൂഹിക യാഥാസ്ഥിതികത, പരിസ്ഥിതി വിരുദ്ധത ഇതെല്ലാം ആളിക്കത്തിച്ചാണ് 2022 അവസാനിക്കുന്നതുവരെ ബോൾസൊനാരോ ബ്രസീലിനെ ജനാധിപത്യത്തിന്റെ ശവപ്പറമ്പാക്കിയത്. പെട്രോ ബ്രാസ് വിചാരണ ജുഡീഷ്യറിയുടെ സ്വതന്ത്ര ഇടപെടലായാണ് വാഴ്ത്തപ്പെട്ടിരുന്നതെങ്കിലും ജഡ്ജി മോറോവിന്റെ പക്ഷപാതം അതിൽ പ്രകടമായിരുന്നു. ഇയാൾക്ക് പിന്നീട് ബോൾസൊനാരോവിന്റെ മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചു. 2022 ഒടുവിൽ തിരഞ്ഞെടുപ്പിൽ PT എന്ന വർക്കേഴ്‌സ് പാർട്ടി വിജയിച്ചു; 2023 ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാൽ PLഎന്ന പാർട്ടിയും ബൊൾസൊനാരോയും ജനവിധി അംഗീകരിക്കാൻ തയ്യാറാവാതെ കുഴപ്പങ്ങൾക്ക് ശ്രമിച്ചു കൊണ്ടിരുന്നു. ‘ശാസ്ത്രത്തിനും ജനാധിപത്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാവും ബൊൾസൊനാരോ' എന്ന് നേച്ചർ മാസിക 2022 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ താക്കീത് നൽകിയിരുന്നു. ഏതായാലും തല്കാലം ജനാധിപത്യവാദികൾക്ക് അയാളുടെ പരാജയത്തിൽ ആശ്വസിക്കാം. ജനാധിപത്യത്തെ പിന്തുണച്ചതിനു ബ്രസീലിലെ ജനങ്ങൾക്ക് അഭിവാദ്യമർപ്പിക്കാം.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments