‘വെൻ ഫാദർ വാസ്​ എവെ ഓൺ ബിസിനസ്​’ എന്ന സെർബിയൻ ചിത്രത്തിൽനിന്ന്​

ആവിഷ്​കാരങ്ങൾക്ക്​
​വിലങ്ങു വീഴുന്ന കാലത്ത്​
കാണേണ്ട ഒരു സിനിമ

സ്വേഛാധികാരം അടിച്ചേല്പിക്കുന്ന അപമാനവീകരണത്തെ ചെറുക്കാനുള്ള ആർജ്ജവുമുള്ള മനുഷ്യരാണ്​ എമിർ കൊസ്തൂറിക്കയുടെ വെൻ ഫാദർ വാസ്​ എവെ ഓൺ ബിസിനസ്സ് എന്ന സെർബിയൻ ചിത്രത്തിലുള്ളത്​.

1950- കളിലെ ചെക്കസ്ലോവാക്യയിൽ പുത്തൻ കമ്യൂണിസ്റ്റുഭരണത്തിൻ കീഴിൽ ലഡ്വിക്ക് ജാൻ എന്ന സരസനും ഊർജജസ്വലനും ബുദ്ധിമാനുമായ ഒരു വിദ്യാർത്ഥി തന്റെ കാമുകിയായ മാർക്കെറ്റാ എന്ന പെൺകുട്ടിയെ പ്രകോപിപ്പിക്കാൻ വേണ്ടി മാത്രം തമാശയ്ക്കെഴുതിയ ഒരു കത്ത് അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ച വലിയ ദുരന്തമായി മാറിയതിന്റെ കഥയാണ് മിലൻ കുന്ദേരയുടെ ദി ജോക്ക് എന്ന പ്രശസ്തമായ നോവലിലെ പ്രതിപാദ്യം.

അവധിക്കാലത്തെ യൂത്ത് ക്യാമ്പിൽ നിന്ന് പെൺകുട്ടി സഹപാഠിക്കെഴുതുന്ന കത്തിൽ "ശുഭപ്രതീക്ഷയുള്ള യുവാക്കൾ മാർക്സിസത്തിന്റെ ആരോഗ്യകരമായ ആവേശം ഉൾക്കൊള്ളുന്നുണ്ടെ’ന്നെഴുതുന്നു. അതിന്​ ലഡ് വിക്ക് പോസ്റ്റ് കാർഡിൽ നൽകുന്ന മറുപടി ഇങ്ങനെയാണ്: "ശുഭപ്രതീക്ഷ മനുഷ്യരെ മയക്കുന്ന കറുപ്പാണ്; ആരോഗ്യകരമായ ആവേശം വിഡ്ഢിത്തമാണ്. ട്രോട്സ്കി നീണാൾ വാഴട്ടെ.’
ഈ കത്ത് പാർട്ടി ഘടകം ചർച്ച ചെയ്ത് അയാളെ പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കുന്നു എന്നുമാത്രമല്ല, അങ്ങകലെ ഓസ്ട്രാവയിലെ പട്ടാളക്യാമ്പിൽ ഖനിയിൽ കഠിനജോലിക്ക് ദീർഘകാലത്തേക്ക് ശിക്ഷിക്കുകയും ചെയ്യുന്നു. ഒറ്റുകൊടുത്തത്, അഥവാ ക്രൂരമായ ഈ അച്ചടക്കനടപടിക്ക് കൂട്ടുനിന്നത്, സ്വന്തം കാമുകിയും സഹപാഠികളായ സുഹ്യത്തുക്കളും അദ്ധ്യാപകരുമൊക്കെയാണ്. തമാശക്കെഴുതിയ ഒരു സംഗതി കമ്യൂണിസ്റ്റ് അച്ചടക്കത്തിന്റെ പേരിൽ യാന്ത്രികമായി വ്യാഖ്യാനിച്ചതിന്റെ പരിണതഫലം, അത് നല്ലൊരു മനുഷ്യന്റെ ജീവിതം തകർത്തു തരിപ്പണമാക്കി എന്നതാണ്.

പൂർവ യൂറോപ്യൻ രാജ്യങ്ങളിലെല്ലാം നിലനിന്ന സോഷ്യലിസത്തെ കടപുഴക്കാൻ ഇടയാക്കിയ മുഖ്യകാരണം കമ്യൂണിസ്​റ്റ്​ പാർട്ടികളുടെ ജനാധിപത്യ വിരുദ്ധവും രഹസ്യാത്മകവുമായ പ്രവർത്തന ശൈലിയോടുള്ള ജനങ്ങളുടെ അമർഷമായിരുന്നു എന്നത് പിൽക്കാല ചരിത്രം സാക്ഷ്യപ്പെടുത്തി.

ഇതേപോലെ കമ്യൂണിസത്തെ യാന്ത്രികമായി വ്യാഖ്യാനിച്ച്, നിസ്സാരവും നിരുപദ്രവവുമായ ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരിൽ സ്വന്തം അളിയനെ ലേബർ ക്യാമ്പിലയച്ച് അയാളുടെയും കുടുംബത്തിന്റെയും ജീവിതം തകർക്കുന്നതാണ് എമിർ കൊസ്തൂറിക്കയുടെ വെൻ ഫാദർ വാസ്​ എവെ ഓൺ ബിസിനസ്സ് എന്ന സെർബിയൻ ചിത്രത്തിലെ പ്രമേയം. റഷ്യയുടെ ഭരണാധികാരി സ്റ്റാലിനെ യുഗോസ്ലാവിയാ വിരുദ്ധനായി ടിറ്റോ പ്രഖ്യാപിച്ചതിനെ തുടർന്നു കമ്യൂണിസ്റ്റുപാർട്ടി പ്രവർത്തകർ റഷ്യാനുകൂല അഭിപ്രായങ്ങളെ രാജ്യദ്രോഹമായാണ്‌ കണ്ടത്‌. റഷ്യാവിരുദ്ധ പ്രചരണങ്ങൾ കൊടുമ്പിരിക്കൊണ്ടു. പാർട്ടിപ്രവർത്തകർ തന്നെ ഫലത്തിൽ ഒറ്റുകാരും ചാരൻമാരുമായി മാറുകയായിരുന്നു. റഷ്യയുമായുള്ള ഫുട്‍ബോൾ മത്സരങ്ങൾക്ക് പോലും യുദ്ധത്തിന്റെ വീറും വാശിയും വന്നു.

സാമൂഹിക രാഷ്ട്രീയസംഘർഷാവസ്ഥകളും കമ്യൂണിസ്റ്റുകാർക്കിടയിൽത്തന്നെ പരസ്പരം കടുത്ത സംശയങ്ങളും നിലനില്ക്കുന്ന ഒരു കാലഘട്ടത്തിൽ, ചാരനായും ഒറ്റുകാരനായും ആരെയും ആരോപിക്കുവാൻ, കടുത്ത ശിക്ഷ നൽകുവാൻ, ഭരണകൂടം തയ്യാറാവുന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കുന്നു. ജനങ്ങളുടെ നിർദ്ദോഷമായ ആഘോഷങ്ങളും തമാശകളും പോലും രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിക്കപ്പെടാനിടയുണ്ടെന്നത് ജനങ്ങളിൽ ഭീതി നിറയ്ക്കുന്നു.

ശീതയുദ്ധകാലത്ത് അമേരിക്കയും റഷ്യയും തമ്മിൽ ശത്രുത നിലനില്ക്കുന്നതിനാൽ സുരക്ഷ കരുതിയാണ് താൻ മെക്സിക്കൻ ഗാനങ്ങൾ പാടുന്നത് എന്നയാൾ പറയുന്നുണ്ട്.

ഈ സിനിമയിലെ കഥ നടക്കുന്നത് യുഗോസ്ലാവ്യയിലെ സാരാജെവോവിലാണ്. 1950 കളിൽ സ്റ്റാലിന്റെ റഷ്യയുമായി ടിറ്റോയുടെ യുഗോസ്ലാവിയ ഇടഞ്ഞുനില്ക്കുന്ന സാമൂഹിക രാഷ്ടീയ സന്ദർഭമാണ് കഥയുടെ പശ്ചാത്തലം. സ്റ്റാലിനിസത്തെ അപലപിക്കുകയും അമിതമായി പാശ്ചാത്യവത്കരിക്കാത്ത ഒരു വികസനപാത യുഗോസ്ലാവ്യ സ്വീകരിക്കണമെന്ന് ടിറ്റോ വാദിക്കുകയും ചെയ്യുന്ന കാലം. ടിറ്റോയുടെ സ്വേച്​ഛാധിപത്യം റഷ്യക്കും സ്റ്റാലിനും അനുകൂലമെന്നു വ്യാഖ്യാനിക്കാവുന്ന സാമാന്യമായ പ്രസ്താവങ്ങളെപ്പോലും രാജ്യവിരുദ്ധമായി പരിഗണിക്കുകയാണ്. ചട്ടം ലംഘിക്കുന്നവരെ നിരീക്ഷിക്കാൻ പാർട്ടി സംവിധാനങ്ങളുണ്ട്. 1984 എന്ന നോവലിൽ ജോർജ് ഓർവൽ ആവിഷ്കരിച്ച സ്വതന്ത്ര ജീവിതത്തിനെതിരായ ("വല്യേട്ടൻ സദാ നിരീക്ഷിക്കുകയാണ്’ എന്ന വചനം ഓർക്കാം.) കർക്കശ നിരീക്ഷണം ഏകാധിപതികളുടെ ഭീതിയിൽനിന്ന് ഉടലെടുക്കുന്നതാണ്. യുഗോസ്ലാവിയയിൽ മാത്രമല്ല ഹങ്കറി, റുമാനിയ, ചെക്കസ്ലോവാക്കിയ തുടങ്ങിയ പൂർവ യൂറോപ്യൻ രാജ്യങ്ങളിലെല്ലാം നിലനിന്ന സോഷ്യലിസത്തെ കടപുഴക്കാൻ ഇടയാക്കിയ മുഖ്യകാരണം കമ്യൂണിസ്​റ്റ്​പാർട്ടികളുടെ ജനാധിപത്യ വിരുദ്ധവും രഹസ്യാത്മകവുമായ പ്രവർത്തന ശൈലിയോടുള്ള ജനങ്ങളുടെ അമർഷമായിരുന്നു എന്നത് പിൽക്കാല ചരിത്രം സാക്ഷ്യപ്പെടുത്തി.

മെഹ്​മദ്​ മെസ മാൽകോച്ച് എന്ന ‘പെൺകോന്ത’നായ കഥാനായകൻ തന്നെ സ്നേഹിക്കുന്നില്ലെന്നുപറഞ്ഞ് ട്രെയിനിൽ വച്ച് ബഹളം വെക്കുന്ന അങ്കിക എന്ന യുവതി, ഇപ്പോഴുള്ള ഭാര്യയിൽ നിന്ന് വിവാഹമോചനം നേടി തന്നെ കല്യാണം കഴിക്കാൻ അയാളോടാവശ്യപ്പെടുന്നുണ്ട്. പൊളിറ്റിക്ക എന്ന പത്രത്തിൽ സ്റ്റാലിൻ- ടിറ്റോ ശത്രുതയെക്കുറിച്ചു വന്ന ഒരു കാർട്ടൂൺ കണ്ട് അയാൾ ചിരിച്ചില്ല എന്നും ഈ നാട് ഒരു ഭ്രാന്താലയമാണ് എന്ന് അയാൾ പറഞ്ഞു എന്നും അവൾ അയാളുടെ അളിയനായ സിയോ എന്ന പാർട്ടി ഭാരവാഹിക്ക് റിപ്പോർട്ട് ചെയ്യുന്നു. തൊട്ടടുത്ത ദിവസം തന്നെ മെസ മെഹ്​മദിനെ ലേബർ ക്യാമ്പിലേക്കയക്കുകയാണ്.

ഗൗരവമുള്ള പ്രമേയമാണെങ്കിലും കുട്ടിയുടെ കണ്ണുകളിലൂടെ അവതരിപ്പിക്കപ്പെടുമ്പോൾ അതിന് അതിന്റെതായ ഒരുതരം ലാളിത്യവും നിഷ്കളങ്കതയും കൈവരുന്നുണ്ട്.

ഒരു ബോസ്നിയൻ മുസ്​ലിം കുടുംബത്തിലെ അംഗമായ മെസയുടെ മകൻ മാലിക് എന്ന ആറു വയസ്സായ പയ്യന്റെ കണ്ണിലൂടെയാണ് സംഭവങ്ങളെല്ലാം ചിത്രീകരിക്കുന്നത്. അച്ഛൻ ബിസിനസ്​ ആവശ്യാർത്ഥം അകലേക്ക് പോയതാണെന്ന് അമ്മ സേനാ അവനെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണ്. അച്ഛൻ പോയശേഷം വീട്ടിൽ അമ്മ സദാസമയവും തയ്യൽ ജോലിയും കരച്ചിലും പിഴിച്ചിലുമായി ഏറെ പ്രയാസപ്പെട്ടാണ് ജീവിതം തള്ളിനീക്കുന്നത്. സ്വന്തം സഹോദരനായ സിയോ ആണ് തന്റെ ഭർത്താവിന്ന് ലഭിച്ച ശിക്ഷയ്ക്ക് ഉത്തരവാദി എന്നവൾക്കറിയാം. മെസ എവിടെയുണ്ടെന്നോ എന്താണ് ചെയ്യുന്നതെന്നോ അയാൾക്ക് ഇനി എപ്പോൾ തിരിച്ചു വരാൻ കഴിയുമെന്നോ ഒന്നും അയാൾ പെങ്ങൾ ചോദിച്ചിട്ടും വെളിപ്പെടുത്തുന്നില്ല. "നീ നിന്റെയും കുട്ടികളുടെയും കാര്യം നോക്കിയാൽ മതി. മറ്റൊന്നും അറിയണ്ട. ബാക്കിയെല്ലാം മറന്നേക്കൂ’ എന്നാണയാൾ പറയുന്നത്. അയാൾക്ക്‌ കുടുംബത്തോടും കുട്ടികളോടുമൊക്കെ അല്പം പരിഗണനയൊക്കെയുണ്ടെങ്കിൽപ്പോലും പാർട്ടിക്കൂറ് അത്രയധികം അയാളെ അന്ധനാക്കിയിരുന്നു. അതുകൊണ്ടാണ് അളിയനെ അയാൾ അറസ്റ്റു ചെയ്യിച്ചത്.

മിർസാ, മാലിക്ക് എന്നീ രണ്ടു കുട്ടികളും ഫുട്ബോളിൽ അതീവ താല്പര്യമുള്ളവരാണ്. സ്വന്തമായി ഒരു ഫുട്ബോൾ വാങ്ങുക എന്നത് അവരുടെ സ്വപ്നമാണ്. മൂത്തവനായ മിർസ സിനിമകാണുന്നതിൽ മാത്രമല്ല തനിക്ക് സാധിക്കുന്ന രീതിയിൽ രചിക്കുന്നതിലും കൗതുകമുള്ളവനാണ്. തൊട്ടടുത്ത് താമസിക്കുന്ന ഫ്രാൻജോ പച്ചമരുന്നുകൾ ശേഖരിച്ച് വില്ക്കുകയും മെക്സിക്കൻ പാട്ടുകൾ പാടുകയും ചെയ്യുന്ന മനുഷ്യനാണ്. കുട്ടികൾ മരത്തിൽ കയറി അയാൾക്ക് ഇലകൾ പറിച്ചു കൊടുത്തുണ്ടാക്കുന്ന കാശ്, ബോൾ വാങ്ങാൻ കരുതി വെക്കുകയാണ്. ക്രൊയേഷ്യക്കാരനായ ഫ്രാൻജോ കിട്ടുന്ന കാശു മുഴുവൻ മദ്യപിച്ച് തീർക്കും. ശീതയുദ്ധകാലത്ത് അമേരിക്കയും റഷ്യയും തമ്മിൽ ശത്രുത നിലനില്ക്കുന്നതിനാൽ സുരക്ഷ കരുതിയാണ് താൻ മെക്സിക്കൻ ഗാനങ്ങൾ പാടുന്നത് എന്നയാൾ പറയുന്നുണ്ട്. അയൽവക്കത്തെ മറ്റ് താമസക്കാരായ ലോങ്കാ പെട്രോവിച്ച്, നടാഷ എന്നിവർ സെർബിയക്കാരാണ്. ലോങ്കയെ ഒരു ഘട്ടത്തിൽ പിടിച്ചുകൊണ്ടുപോയി. പിന്നീട് ഒരു വിവരവുമില്ല. അയാൾ മരിച്ചു എന്നാണ് കരുതപ്പെടുന്നത്. ശവമൊന്നുമില്ലെങ്കിലും പിന്നീട് പെട്രോവിച്ച് കുടുംബം ഒഴിഞ്ഞ ശവപ്പെട്ടി കുഴിച്ച് മൂടി അയാളുടെ ശവസംസ്കാരം നടത്തുന്നുണ്ട്. എല്ലാം രഹസ്യമാക്കിവെക്കുന്ന അധികാരികളോടുള്ള പ്രതിഷേധത്തിന്റെ പ്രകടനം കൂടിയാണ് ഇത്.

ഭയത്തിന്റെ അന്തരീക്ഷം ജനങ്ങളുടെ മനസ്സിലുണ്ടെങ്കിലും അവർ നർമ്മബോധവും ശുഭപ്രതീക്ഷയും കൈവിടുന്നില്ല. രാഷ്ട്രീയ പരിവർത്തനത്തിന്റെതായ ഒരന്തരാള ഘട്ടത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും സ്വാതന്ത്ര്യമെന്ന മൂല്യം ഉയർത്തിപ്പിടിക്കുന്നവരെയാണ് ചിത്രം കാണിച്ചുതരുന്നത്.

മെസായുടെ അഭാവത്തിൽ കുടുംബം ഏറെ പ്രയാസപ്പെട്ടു ജീവിതം തള്ളിനീക്കി വർഷങ്ങൾ കടന്നുപോവുന്നു. തയ്യൽ നടത്തിയും മറ്റും ഉപജീവനത്തിന് ഏറെ ഞെരുങ്ങുന്ന സേനായ്‌ക്ക്​ ഫുടബോളിനുവേണ്ടി ശേഖരിച്ച പണം പോലും കുട്ടികൾ കൊടുക്കുന്നുണ്ട്. അങ്ങനെയിരിക്കെ മേസയുടെ കത്തു വരുന്നു, ഭാഗ്യം അയാൾ കൊല്ലപ്പെട്ടിട്ടില്ല. അച്ഛന്റെ കത്തു കിട്ടിയ ആഹ്ലാദത്തിലാണ് മാലിക്. ഇതിനിടയിൽ ശിക്ഷ കഴിഞ്ഞ് "പുനർവിദ്യാഭ്യാസ’ത്തിനും വീണ്ടും സമൂഹവുമായി ബന്ധം സ്ഥാപിക്കാനും സ്വോർനിക്ക് എന്ന പുതിയ സ്ഥലത്തേക്ക് മേസയെ മാറ്റിയിരുന്നു. അമ്മയോടൊപ്പം അവൻ അച്ഛനെ കാണാൻ ക്യാമ്പിലെത്തുന്നു. ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന അവന്റെ സ്വഭാവം ഇടയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവിടെയുള്ള അച്ഛന്റെ സുഹൃത്തായ റഷ്യൻ ഡോക്ടറുടെ മകൾ മാസയുമായി മാലിക് ഊഷ്മളമായ പ്രണയബന്ധം സ്ഥാപിക്കുന്നുണ്ട്. ഉറക്കനടത്തത്തിനിടെ അവൻ ഇടക്കിടെ അവളുടെ വീട്ടിലെത്തും. പക്ഷെ ഒരു ദിവസം ഇങ്ങനെ അവൻ എത്തുമ്പോൾ ഗുരുതരമായ രോഗമായതിനാൽ അവൾ അന്ത്യയാത്ര പറഞ്ഞ് ആംബുലൻസിൽ പോവുകയാണ്.

ഒടുവിൽ ശിക്ഷാകാലാവധി കഴിഞ്ഞ്​ മെസയും കുടുംബവും സാരാജെവോയിൽ തിരിച്ചെത്തുന്നു. ഇതിനിടയ്ക്ക് സിയോ എന്ന അമ്മാവൻ അങ്കികയെ കല്യാണം കഴിച്ചിരുന്നു. വ്യായാമ പരിശീലകയായും മറ്റും അവർ ജോലി ചെയ്യുന്നുണ്ട്. ഫഹ്‌റോ എന്ന അമ്മാവന്റെ കല്യാണദിവസം, വിവാഹസൽക്കാരത്തിനിടയിൽ, തനിക്ക് മാപ്പ് നൽകിയോ എന്നന്വേഷിച്ച സിയോ എന്ന അളിയനോട്, താൻ തെറ്റ് ചെയ്തെന്നു ഇപ്പോഴും കരുതുന്നുണ്ടോ എന്ന് മേസ തിരിച്ചുചോദിക്കുന്നുണ്ട്; സേനയോട് ആങ്ങളയെ കണ്ട്​ രമ്യതയിലെത്താൻ നിർബന്ധിക്കുന്നുമുണ്ട്.

‘‘രാജ്യം, ദേശീയത, ഭാഷ, രാഷ്ട്രീയം, മതം തുടങ്ങിയവ തീർക്കുന്ന അതിരുകളിലെ മുള്ളുകൾ അടർത്തിമാറ്റേണ്ടവയാണെന്ന് സിനിമ ഓരോ സന്ദർഭത്തിലും നമ്മെ ഓർമിപ്പിക്കും’’

കുറ്റബോധവും ഉറക്കമില്ലായ്മയും സിയോയെ ആകെ തളർത്തിയിട്ടുണ്ട്. ബ്രാണ്ടികുടിച്ചു ലക്ക് കെട്ട അവസ്ഥയിൽ അയാൾ സ്വയം പരിക്കേൽപ്പിക്കുന്നു. വ്യക്തിയുടെ ക്രൂരത എന്നതിനപ്പുറം വ്യവസ്ഥയുടെ നിഷ്​ഠൂരതയും നിർവ്യക്തികതയുമാണ് ആളുകളിലെ ഒറ്റുകാരാക്കുന്നതെന്ന തിരിച്ചറിവാണ് മാപ്പർഹിക്കാത്ത കുറ്റം പൊറുക്കാൻ ഒരുപക്ഷെ അയാൾക്ക് പ്രേരകമായിരിക്കുക. ആകസ്മികമായി വിവാഹപാർട്ടിക്കിടയിൽനിന്ന്​ ഏകാന്തമായ ഒരിടത്ത് എത്തിപ്പെടുന്ന അങ്കികയോട് തന്നെ ഒറ്റുകൊടുത്തു തുലച്ചതിനെതിരെയുള്ള നീറുന്ന പകയും പ്രതികാരവും കാമവും എല്ലാം റേപ്പിലൂടെ അച്ഛൻ പ്രകടിപ്പിക്കുന്നത് മാലിക് കാണാനിടയാവുന്നുണ്ട്. ആ സ്ത്രീയുടെ ആത്മഹത്യാശ്രമവും അവൻ കാണുന്നുണ്ട്. സ്ത്രീലമ്പടനായ അച്ഛനും അമ്മയും തമ്മിൽ നടന്ന വഴക്കുകൾക്കും അവൻ നേരത്തെ സാക്ഷിയാണ്. അപ്പോഴും ആറുവയസ്സുകാരൻ കുട്ടിയുടെ പരിപ്രേക്ഷ്യമാണ് അതിലുള്ളത്. മാലിക്കിന്റെ കാഴ്ചകളും ഓർമകളും ആഖ്യാനവുമാണ് ചിത്രത്തിലുടനീളം ഉള്ളത്

ഗൗരവമുള്ള പ്രമേയമാണെങ്കിലും കുട്ടിയുടെ കണ്ണുകളിലൂടെ അവതരിപ്പിക്കപ്പെടുമ്പോൾ അതിന് അതിന്റെതായ ഒരുതരം ലാളിത്യവും നിഷ്കളങ്കതയും കൈവരുന്നുണ്ട്. ആക്ഷേപഹാസ്യവും നർമ്മവും ആത്യന്തികമായി മനുഷ്യത്വവും സഹാനുഭൂതിയും എല്ലാം ഇടകലരുന്ന ഒരവതരണ ശൈലിയാണ് ചിത്രത്തിലുടനീളം അവലംബിച്ചിട്ടുള്ളത്. വിവിധ സാംസ്കാരിക സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന, വൈവിദ്ധ്യമാർന്ന ജീവിത ശൈലികളുള്ള ജനങ്ങൾ നിവസിക്കുന്ന സാരാജെവോയുടെ സവിശേഷതകളും ഒപ്പം അതിന്റെ നൈസർഗ്ഗിക ചുറ്റുപാടുകളും എല്ലാം ചിത്രം യഥാതഥമായ രീതിയിൽ ആവിഷ്കരിക്കുന്നുണ്ട്. ഭയത്തിന്റെ അന്തരീക്ഷം ജനങ്ങളുടെ മനസ്സിലുണ്ടെങ്കിലും അവർ നർമ്മബോധവും ശുഭപ്രതീക്ഷയും കൈവിടുന്നില്ല. രാഷ്ട്രീയ പരിവർത്തനത്തിന്റെതായ ഒരന്തരാള ഘട്ടത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും സ്വാതന്ത്ര്യമെന്ന മൂല്യം ഉയർത്തിപ്പിടിക്കുന്നവരെയാണ് ചിത്രം കാണിച്ചുതരുന്നത്. സ്വേഛാധികാരം അടിച്ചേല്പിക്കുന്ന അപമാനവീകരണത്തെ ചെറുക്കാനുള്ള ആർജ്ജവം ഇതിലെ മനുഷ്യർക്കുണ്ട്.

1985 ൽ കാൻ ഫെസ്റ്റിവലിൽ പാംദോറും ആ വർഷം തന്നെ ഫിപ്രിസി അവാർഡും ഓസ്കാർ നാമനിർദ്ദേശവും ചിത്രത്തിന് ലഭിച്ചു. 2022 ഡിസംബറിൽ എമീർ കുസ്തൂറിക്കയുടെ ചലച്ചിത്ര ജീവിതത്തെക്കുറിച്ച് കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ആകാശത്തേക്കുള്ള വാതിലുകൾ എന്ന പുസ്തകത്തിൽ പി. പ്രേമചന്ദ്രൻ നടത്തുന്ന നിരീക്ഷണം ഉദ്ധരിക്കുന്നത് ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു: ‘‘മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള വിചാരങ്ങളാണ് ‘വെൻ ഫാദർ വാസ് എവെ ഓൺ ബിസിനസ്സി’ൽ എമീർ കുസ്തൂറിക്ക പ്രമേയമാക്കുന്നത് രാജ്യം, ദേശീയത, ഭാഷ, രാഷ്ട്രീയം, മതം തുടങ്ങിയവ തീർക്കുന്ന അതിരുകളിലെ മുള്ളുകൾ അടർത്തിമാറ്റേണ്ടവയാണെന്ന് സിനിമ ഓരോ സന്ദർഭത്തിലും നമ്മെ ഓർമിപ്പിക്കും. ഏതെങ്കിലും ഒരു ദേശത്തിന്റെയോ ഭരണാധികാരിയുടെയോ പരിമിതവൃത്തത്തിൽ മാത്രമല്ല ഈ സിനിമ പ്രസക്തമായിത്തീരുന്നത്. മനുഷ്യരുടെ വാക്കുകൾക്ക്, ചിന്തകൾക്ക്, വൈകാരിക പ്രകടനങ്ങൾക്ക്, ആവിഷ്കാരങ്ങൾക്ക് വിലക്ക് വീഴുന്ന എല്ലാ ദേശങ്ങൾക്കും എല്ലാ കാലത്തും സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് ഒഴുകി നീങ്ങുന്ന മാലിക്കിന്റെ നിറഞ്ഞ ചിരിയിൽ അവസാനിക്കുന്ന ഈ ചിത്രം വിമോചനത്തിന്റെ പ്രതീക്ഷ നൽകും.’’ ​▮


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments