'ഡിയർ കോമ്രേഡ്‌സി'ൽ നിന്ന്

ഡിയർ കോമ്രേഡ്‌സ് :​പാർട്ടിയും ഭരണകൂടവും നടത്തിയ
ഒരു കൂട്ടക്കൊലയുടെ ഓർമച്ചിത്രം

ക്രൂരവും സ്വേഛാധിപത്യപരവുമായ ഒരു വ്യവസ്ഥയോടുള്ള കടുത്ത വിമർശനം ഉൾക്കൊള്ളുന്ന റഷ്യൻ സിനിമയാണ്​ ഡിയർ കോമ്രേഡ്‌സ്.

നികിതാ ക്രൂഷ്‌ചേവിന്റെ ഭരണകാലത്ത് പാർട്ടിയിലെ ഉന്നതരുടെ ഒത്താശയോടെ സോവിയറ്റ് യൂനിയനിൽ 1962 ജൂണിൽ നടന്ന നോവോചെർകാസ്‌ക് കൂട്ടക്കൊല പശ്ചാത്തലമാക്കി ആന്ദ്രേ കൊഞ്ചലോവ്‌സ്‌കി 2020-ൽ രചിച്ച ചലച്ചിത്രമാണ് വെനീസിലെ മേളയിൽ സ്‌പെഷൽ ജൂറി പ്രൈസ് ലഭിച്ച ഡിയർ കോമ്രേഡ്‌സ് എന്ന റഷ്യൻ ചിത്രം.

നികിതാ ക്രൂഷ്‌ചേവ്

നോവോചെർകാസ്‌കിലെ ഇലക്​ട്രോ ലോക്കോമോട്ടീവ് ഫാക്ടറിയിൽ നടന്ന സമാധാനപരമായ തൊഴിലാളി സമരമാണ് പിന്നീട് വെടിവെപ്പിലും കൂട്ടക്കൊലയിലും കലാശിച്ചത്. ഫാക്ടറി തൊഴിലാളികളുടെ ശമ്പളം 30-35 % കുറവ് വരുത്താനും അതേസമയം ആസൂത്രിത സമ്പദ്​വ്യവസ്ഥയുടെ ഭാഗമായി ഉല്പാദനം വർദ്ധിപ്പിക്കാൻ തൊഴിലാളികളുടെ ജോലിഭാരം കൂട്ടാനുമുള്ള ഉത്തരവിറങ്ങിയതായിരുന്നു സമരം ക്ഷണിച്ചുവരുത്തിയത്. തന്നെയുമല്ല, പാലുല്പന്നങ്ങൾ, മാംസം എന്നിവയ്ക്ക് രാജ്യമെമ്പാടും 35% വില വർദ്ധിപ്പിച്ചു കൊണ്ടുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരുന്ന ഘട്ടവുമായിരുന്നു അത്. ഒരു വശത്ത് കടുത്ത വിലക്കയറ്റം; മറുവശത്ത് ശമ്പളം കുറക്കൽ. തൊഴിലാളികൾക്ക് ഇത് ഇരട്ടപ്രഹരമായി. അതുകൊണ്ടാണ് അവർ പെട്ടെന്ന് സമരത്തിനിറങ്ങിയത്. ലെനിന്റെ ചിത്രങ്ങളും ചെങ്കൊടിയുമുയർത്തിപ്പിടിച്ച് നഗരത്തിന്റെ ഭരണ കേന്ദ്രത്തിലേക്ക് അവർ വമ്പൻ പ്രകടനമായി മാർച്ചുചെയ്തു. പിരിഞ്ഞുപോകാനാവശ്യപ്പെട്ടപ്പോൾ ജനം അനുസരിച്ചില്ല. സോവിയറ്റു ഭടന്മാർ അവരെ വെടിവെച്ചു. 26 പേർ അപ്പോൾത്തന്നെ മരിച്ചു. കുട്ടികളുൾപ്പെടെ 85 പേർക്ക് മരണകാരണമാകാവുന്നതുൾപ്പെടെയുള്ള പരിക്കേറ്റു. സ്വന്തം ജനങ്ങൾക്കുനേരെ അനാവശ്യമായി വെടിവെക്കാൻ വിസമ്മതിച്ച പട്ടാള ഉദ്യോഗസ്ഥരെ രഹസ്യപ്പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കി പീഡിപ്പിച്ചു.

നോവോചെർകാസ്‌കിലെ ഇലക്​ട്രോ ലോക്കോമോട്ടീവ് ഫാക്ടറിയിൽ നടന്ന തൊഴിലാളി സമരത്തിന്റെ അപൂർവ്വ ചിത്രം

കലാപാഹ്വാനം നൽകിയതിന്റെയും സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയതിന്റെയുമൊക്കെ പേരിൽ നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു. പലരെയും വിചാരണാ പ്രഹസനം നടത്തി 15 വർഷം വരെ തടവിലാക്കി; ഏഴു പേർക്ക് വധശിക്ഷ വിധിച്ചു. കലാപം (അതായത്, നിരായുധരായ ജനം സമാധാനപരമായി നടത്തിയ പ്രതിഷേധത്തെ പാർട്ടി ഭാരവാഹികൾ വിളിക്കുന്ന പേരാണത്) നടന്നത് വേറെ എവിടെയും അറിയാതിരിക്കാൻ കർശന നടപടികൾ ഭരണകൂടം സ്വീകരിച്ചു. നഗരത്തിൽ രാത്രി 9 മുതൽ രാവിലെ 6 വരെ കർഫ്യൂ ഏർപ്പെടുത്തി. മൃതദേഹങ്ങളെല്ലാം ട്രക്കിൽ പെറുക്കിയിട്ട് രഹസ്യമായി എവിടെയോ കൊണ്ടുപോയി കുഴിച്ചുമൂടി. പരിക്കേറ്റവർ മിക്കവരും അറസ്റ്റ് ഭയന്ന് ആശുപത്രിയിൽപ്പോലും പോയില്ല. സ്വന്തം ബന്ധുക്കളുടെ മൃതദേഹം കാണാൻ മോർച്ചറിയിലെത്തിയവരെ ഭടന്മാർ വിരട്ടിയോടിച്ചു. നടന്നതൊന്നും ആരോടും പറയില്ലെന്നും ‘ഞാനൊന്നുമറിഞ്ഞില്ല' എന്നു മാത്രമേ പറയൂ എന്നും ഇത് ലംഘിച്ചാൽ വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണെന്ന് തങ്ങൾക്കറിയാമെന്നുമുളള പ്രതിജ്ഞാപത്രത്തിൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെയും സ്റ്റാഫിന്റെയും പേരെഴുതി ഒപ്പിട്ടുവാങ്ങി. നടന്നതു മുഴുവൻ ഔദ്യോഗിക രഹസ്യമായി സൂക്ഷിക്കാനാണ് ഉത്തരവ്. ഇതറിയിച്ച് ജനങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി രഹസ്യം ചോരാതെ സൂക്ഷിച്ചു. റോഡിലെ ചോരപ്പുഴകൾ കഴുകിയാൽ വൃത്തിയാവാത്തതിനാൽ വീണ്ടും താറുരുക്കിയൊഴിച്ച്, അസാധാരണമായോ അസ്വാഭാവികമായോ ഒന്നും നടന്നില്ലെന്ന പ്രതീതി സൃഷ്ടിച്ചത് വളരെ പെട്ടെന്നായിരുന്നു. ഔദ്യോഗിക മാദ്ധ്യമങ്ങൾ സംഭവങ്ങളെക്കുറിച്ച് സമ്പൂർണ നിശ്ശബ്ദത പാലിച്ചു. സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടശേഷം, 1992 ൽ മാത്രമാണ് അതുവരെ രഹസ്യമാക്കി വച്ചിരുന്ന ഈ വിവരങ്ങളെല്ലാം പുറത്തുവന്നത്. കെ​.ജി.ബി രഹസ്യമായി മറവുചെയ്ത മൃതദേഹങ്ങൾ പുറത്തെടുത്ത് ഔദ്യോഗികമായി സംസ്‌കരിച്ചത് 1994- ലാണ്.

'ഡിയർ കോമ്രേഡ്‌സി'ൽ നിന്ന്

പിന്നീട് കൂട്ടക്കൊലയെക്കുറിച്ച്​ അന്വേഷണവും വിചാരണയും നടത്തി ഇരകൾക്ക് നഷ്ടപരിഹാരം നൽകുകയും മരിച്ചവർക്ക് സ്മാരകമായി മ്യൂസിയം ഉണ്ടാക്കുകയും ചെയ്​തു. എങ്കിലും, ഉയർന്ന തലത്തിലുള്ള, ക്രൂഷ്‌ചേവുൾപ്പെടെയുള്ള, കൂട്ടക്കൊലയ്ക്കുത്തരവാദികളായ, പാർട്ടി ഭാരവാഹികൾ മരിച്ച് മണ്ണടിഞ്ഞിരുന്നതിനാൽ അവർ ശിക്ഷയിൽനിന്ന് രക്ഷപ്പെട്ടു. സോഷ്യലിസത്തിനുവേണ്ടി എന്നവകാശപ്പെട്ട്​ നിലനിന്ന ഒരു പാർട്ടിയും അതിന്റെ ഭരണകൂടവും അതിനെ പിന്തുണയ്ക്കുന്ന നിഷ്‌കളങ്കരായ ജനതയോട് കാണിച്ച കൃതഘ്‌നതയും ക്രൂരതയും എത്ര ഭീകരമായിരുന്നു എന്ന് കാട്ടിത്തരുന്ന ഈ ചരിത്ര സംഭവം ഡിയർ കോമ്രേഡ് എന്ന ചിത്രത്തിന്റെ ഇതിവൃത്തത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായത് കൊണ്ടാണ് അത് ഇത്ര വിശദമായി വിവരിക്കേണ്ടിവന്നത്.

ഹതാശയായി തന്റെ മകളെത്തിരയുന്ന അമ്മയുടെയും പ്രാദേശികതലത്തിൽ അധികാരത്തിന്റെ ആനുകൂല്യങ്ങൾ പങ്കിട്ട് മനുഷ്യാവകാശ ധ്വംസനത്തിൽ പരോക്ഷമായി പങ്കാളിയാവുന്ന സഖാവിന്റെയും വികാരങ്ങൾ ഒരുമിച്ച് ഉള്ളിൽ തിളച്ചുമറിയുന്ന കഥാപാത്രമായ ല്യൂഡയാണ് ചിത്രത്തിന്റെ വൈകാരികമായ കേന്ദ്രബിന്ദു.

ല്യൂഡ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ല്യുഡ്മിലാ സ്യോമിനയാണ് മുഖ്യ കഥാപാത്രം. അവൾ മകൾ സ്വെറ്റ്ക, പ്രായമായ അച്ഛൻ, എന്നിവരോടൊത്ത് താമസിക്കുന്നു. നഗരത്തിലെ പാർട്ടി ലോക്കൽ കമ്മിറ്റിയിലൊരു പ്രവർത്തകയാണ് ല്യൂഡ. 18 വയസ്സായ മകൾ സ്വെറ്റ്ക ഇലക്​ട്രിക്​ ലോക്കോ മോട്ടിവ് കമ്പനിയിൽ ജോലിക്കാരിയാണ്. അമ്മ ഉറച്ച കമ്യൂണിസ്റ്റുകാരിയാണ്; മകൾ ജനാധിപത്യത്തിനും ഭരണഘടനാപരമായ പൗരാവകാശങ്ങൾക്കും സംഘടനാ സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്നവളാണ്. ഇത് അവർ തമ്മിൽ സംഘർഷങ്ങളുണ്ടാക്കാറുണ്ട്. പഴയ പട്ടാളക്കാരനായ അച്ഛനും നിലവിലുള്ള സ്ഥിതിഗതികളിൽ അസ്വസ്ഥനാണ്. എന്നാൽ ല്യൂഡ തന്റെ അചഞ്ചലമായ പാർട്ടിക്കൂറും ഭരണകൂടം ജനതയുടെ നന്മക്കുവേണ്ടി മാത്രമേ എന്തും ചെയ്യൂ എന്ന ഉറച്ച വിശ്വാസവും നിലനിർത്തുന്നു. വിലക്കയറ്റത്തെക്കുറിച്ചും നിത്യോപയോഗ സാധന ദൗർലഭ്യത്തെക്കുറിച്ചും മറ്റു സഖാക്കൾ മുറുമുറുക്കുന്നത് കേൾക്കുമ്പോൾ അവർക്ക് കലിയിളകും. എങ്കിലും ഇപ്പോൾ ഭരണത്തിൽ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്നും സ്റ്റാലിനായിരുന്നെങ്കിൽ ഇവ ഉണ്ടാകുമായിരുന്നില്ലെന്നും അവർക്ക് അവ്യക്തമായ തോന്നലുമുണ്ട്. ഇപ്പോൾ എല്ലാറ്റിനും വില കൂടിക്കൊണ്ടിരിക്കുന്നു. സ്റ്റാലിന്റെ കാലത്ത് വില കുറയുകയായിരുന്നു പതിവ്. അതിരാവിലെ എഴുന്നേറ്റ് റേഷൻ കടയിൽച്ചെന്ന് അവശ്യവസ്തുക്കൾ വാങ്ങുന്ന ല്യൂഡയോട് അവിടെയുള്ള ഒരു സുഹൃത്ത് സോവിയറ്റ് യൂനിയനിൽ പട്ടിണി വരികയാണോ എന്ന ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അച്ഛനും ഇതേ ആശങ്ക പങ്കിടുന്നുണ്ട്. ഇതെല്ലാം വെറും താത്കാലിക പ്രതിഭാസമാണെന്ന് ല്യൂഡ വിശ്വസിക്കുന്നു. പാർട്ടി പറയുന്നതാണ് നിയമം. അത് ചോദ്യം ചെയ്യാൻ പാടില്ല.

'ഡിയർ കോമ്രേഡ്‌സി'ൽ നിന്ന്

ലോക്കോമോട്ടിവ് ഫാക്ടറിയിൽ പണിമുടക്ക്, ട്രെയ്ൻ തടയൽ, വിലക്കയറ്റത്തിനെതിരെ പ്രതിഷേധം ഇതൊക്കെ നടക്കുമ്പോൾ പാർട്ടി അടിയന്തിര യോഗം ചേരുന്നുണ്ട്. ഇവിടെ പണിമുടക്കുണ്ടായതിന് ലോക്കൽ കമ്മിറ്റിയെ മേൽക്കമ്മിറ്റിയിൽ നിന്ന് വന്ന നേതാവ് കുറ്റപ്പെടുത്തുന്നുണ്ട്. ‘നിങ്ങളിത് തടയണമായിരുന്നു' എന്നാണ് ബാസോവ് എന്ന നേതാവ് പറഞ്ഞത്. ഫാക്ടറിയിൽ ഇപ്പോൾ നടക്കുന്നത് തെമ്മാടിത്തമാണ്. ഒടുവിൽ ഫാക്ടറിയിലേക്ക് ജനം ഇരച്ചു കയറിയതിനാൽ പാർട്ടി ഭാരവാഹികൾ പുറത്ത് കടക്കാനാവാതെ വിഷമിക്കുന്നുണ്ട്. സൈന്യത്തെ കൊണ്ടുവരണം, ആയുധങ്ങൾ വേണം എന്നൊക്കെ അവർക്ക് തോന്നാൻ ഇത് കാരണമാവുന്നുണ്ട്. അങ്ങനെ പട്ടാളവും കെ.ജി.ബി യുമെല്ലാം സന്നാഹങ്ങളോടെ നോവോ ചെർകാസ്‌ക്കിലേക്ക്​നീങ്ങുകയാണ്. പ്രതിവിപ്ലവകാരികളും തെമ്മാടികളും സി.ഐ.എ ചാരന്മാരും ആണ് അവിടെയുള്ളവർ എന്ന് വലിയ നേതാവ് ആരോപിക്കുന്നുണ്ട്. അത് ല്യൂഡ ശരിവയ്ക്കുന്നു; വേണ്ടിവന്നാൽ അവരെ അറസ്റ്റ് ചെയ്യണമെന്നും അവൾക്കഭിപ്രായമുണ്ട്. എന്നാൽ അവരെ വെടിവെക്കണമെന്നാണ് നേതാവ് പറയുന്നത്. വെടിവെപ്പ് നടന്ന് ശവങ്ങൾ നീക്കം ചെയ്തശേഷം കർഫ്യൂ പ്രഖ്യാപിക്കുന്നു. നഗരത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചിടുന്നു. നടന്നതൊന്നും മറ്റെവിടെയും അറിയരുത്. കർശനമായി ഔദ്യോഗിക രഹസ്യ നിയമം നടപ്പിലാക്കുകയാണ്.

'ഡിയർ കോമ്രേഡ്‌സി'ൽ നിന്ന്

പ്രതിഷേധക്കാരുടെ കൂടെയുണ്ടായിരുന്ന മകൾ സ്വെറ്റ്കയെ തിരഞ്ഞുപിടിക്കാനുള്ള പരിഭ്രാന്തിയിലാണ് ല്യൂഡ. അവളെ ആശുപത്രിയിലോ പരിക്ക് പറ്റിയവരുടെ കൂട്ടത്തിലോ കാണാനില്ല. കൊല്ലപ്പെട്ടെങ്കിൽ അവളുടെ മൃതദേഹമെങ്കിലും കാണണം എന്നാണ്​ അവൾ ആഗ്രഹിക്കുന്നത്. ഒടുവിൽ സ്വെറ്റ്കയെ അന്വേഷിച്ച് വീട്ടിലെത്തിയ കെ.ജി.ബി ഉദ്യോഗസ്ഥൻ വിക്റ്റർ മകളെ നഷ്ടപ്പെട്ട അമ്മയോടുള്ള അലിവ് തോന്നിയോ എന്തോ അവളെ തിരയാൻ ല്യൂഡയെ സഹായിക്കാൻ തയ്യാറാവുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും സ്വന്തം ജനതയെ അനാവശ്യമായി വെടിവെച്ചുകൊല്ലാനും അതിനുശേഷം ഇത് തികച്ചും രഹസ്യമാക്കി മൂടിവെക്കാനും അധികൃതർ നടത്തുന്ന ശ്രമങ്ങൾ ല്യൂഡയ്ക്ക് വിശ്വസിക്കാനോ മനസ്സിലാക്കാനോ കഴിയുന്നതിലപ്പുറമായിരുന്നു. മകൾ കലാപകാരിയാണെങ്കിൽ അവൾ മടങ്ങി വന്നാലുടൻ താൻ തന്നെ അധികൃതരെ ഏല്പിക്കാമെന്ന് അവർ വിക്റ്ററിനോട് പറയുന്നുണ്ട്. അന്തിമമായി കമ്യൂണിസം വിജയിക്കുമെന്നാണ് അവളുടെ ശുഭപ്രതീക്ഷ. എന്നാൽ മകൾ എവിടെയെങ്കിലും ജീവനോടെ ഉണ്ടാവണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതും കാണാം.

ആളുകൾ തുരുതുരെ വെടികൊണ്ട് വീഴുമ്പോഴാണ് സംഭവങ്ങൾ എവിടെയെത്തി നില്ക്കുന്നു എന്നവൾക്ക് ബോദ്ധ്യപ്പെടുന്നത്. എന്നിട്ടും, സ്റ്റാലിൻ തിരിച്ചുവന്നിരുന്നെങ്കിൽ എല്ലാം മെച്ചപ്പെട്ടേനെ എന്നാണ് പിന്നെയും അവൾ പ്രതീക്ഷിക്കുന്നത്.

പുരുഷന്മാരായ നേതാക്കൾ നിറഞ്ഞ യോഗത്തിൽ പ്രതിഷേധക്കാർക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ നൽകണമെന്ന് ഉത്സാഹത്തോടെ വാദിക്കുമ്പോൾ അതിന്റെ ഗൗരവം ല്യൂഡയ്ക്ക് അറിയുമായിരുന്നില്ല. ഈ നേതാക്കൾക്ക് സമൂഹത്തെ ദ്രോഹിക്കാനുള്ള ശേഷി എത്ര വലുതാണെന്ന തിരിച്ചറിവ് ഒരിക്കലും അവൾക്കുണ്ടായിരുന്നില്ല. ഒടുവിൽ ഭീകരമായ സ്വേഛാധികാരമാണ് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടത്. ആളുകൾ തുരുതുരെ വെടികൊണ്ട് വീഴുമ്പോഴാണ് സംഭവങ്ങൾ എവിടെയെത്തി നില്ക്കുന്നു എന്നവൾക്ക് ബോദ്ധ്യപ്പെടുന്നത്. എന്നിട്ടും, സ്റ്റാലിൻ തിരിച്ചുവന്നിരുന്നെങ്കിൽ എല്ലാം മെച്ചപ്പെട്ടേനെ എന്നാണ് പിന്നെയും അവൾ പ്രതീക്ഷിക്കുന്നത്.

'ഡിയർ കോമ്രേഡ്‌സി'ൽ നിന്ന്

ബ്ലാക്ക് & വൈറ്റിൽ ഏതാണ്ട് സമചതുരമായ സ്‌ക്രീനിൽ ഡീപ്പ് ഫോക്കസിൽ ചിത്രീകരിക്കപ്പെട്ട ഈ സിനിമ കടുത്ത നിയന്ത്രണത്തിന്റെ വിമ്മിഷ്ടം അതിന്റെ ശൈലിയിലൂടെ തന്നെ അനുഭവപ്പെടുത്തുന്നു. ചലനം പരിമിതപ്പെടുത്തിയതായോ ഒരു കെണിയിലകപ്പെടുത്തിയതായോ ഉള്ള തോന്നലുളവാക്കിക്കൊണ്ടാണ് ക്യാമറ പെരുമാറുന്നത്. 1960- കളിലെ സിനിമയിലെ ഒരു ഫീൽ പുനരാനയിക്കാൻ താൻ ഉദ്ദേശിച്ചിരുന്നതായി സംവിധായകൻ പറഞ്ഞിട്ടുണ്ട്. അധികാരമുള്ളവർ അതേ അധികാരത്തോട് ഐക്യദാർഢ്യം പുലർത്തുന്ന തൊഴിലാളികളായ സാധാരണക്കാരെ തുടരെത്തുടരെ വഞ്ചിക്കുന്ന വ്യവസ്ഥിതിയുടെ ഒരു രൂപകമായി ഈ സിനിമ ഉദാഹരിക്കപ്പെടുന്നുണ്ട്.

വംശഹത്യയ്‌ക്കെതിരെ കൊഞ്ചലോവ്‌സ്‌കി രചിച്ച പാരഡൈസ് (2016) എന്ന സിനിമയിൽ നേരത്തെ മികച്ച അഭിനയം കാഴ്ചവച്ച അഭിനേതാവും അദ്ദേഹത്തിന്റെ ഭാര്യയുമായ ജൂലിയ വൈസോത്സ്‌കായയാണ് ഈ ചിത്രത്തിൽ ല്യൂഡയായി അഭിനയിക്കുന്നത്. മികച്ച അഭിനയം കൊണ്ട് ചിത്രത്തിലെ മറ്റെല്ലാവരെയും ഈ നടി പിന്നിലാക്കിയിരിക്കുന്നു.

ചിത്രത്തിൽ ല്യൂഡയായി അഭിനയിച്ച ജൂലിയ വൈസോത്സ്‌കായ / Photo: Julia Vysotskaya Instagram

‘ല്യൂഡ എന്ന കഥാപാത്രത്തിന് വീരനായികയുടെ സ്വഭാവമൊന്നുമില്ല. ചീഞ്ഞുനാറിയ ഒരു വ്യവസ്ഥയെ ദീർഘകാലം താങ്ങി നിർത്തിയ ഒരു തൂണായി മറ്റുള്ളവരെക്കാൾ സമർത്ഥമായി പിടിച്ചുനില്ക്കാൻ അവൾക്ക് കഴിയുന്നു. രാഷ്ട്രീയമായും തലമുറകൾ തമ്മിലുള്ള വിടവിന്റെ അടിസ്ഥാനത്തിലും വീട്ടിൽ വച്ച് ല്യൂഡയും സ്വെറ്റ്കയും തമ്മിലുള്ള സംഘർഷത്തിന്​ ശക്തമായ വികാരതീവ്രതയുണ്ട്. തന്റെ പഴയ യൂണിഫോം അണിഞ്ഞ് മരണത്തെ കാത്തിരിക്കുന്ന ല്യൂഡയുടെ വൃദ്ധപിതാവും വീട്ടിനകത്തെ ശാന്തത തകർക്കുന്നു. ഭൂതകാലത്തിന്റെ സ്വപ്നങ്ങളും മിഥ്യാഭ്രമങ്ങളും ഭാവിയുടെ ലംഘിക്കപ്പെടാനിരിക്കുന്ന വാഗ്ദാനങ്ങളും വീട്ടിനകത്തെ ഇടുങ്ങിയ ഇടത്തിൽ പരസ്പരം മത്സരിക്കുന്നു’- ജസ്റ്റിൻ ചാങ്ങ് ചൂണ്ടിക്കാട്ടുന്നു.

ഔദ്യോഗിക രഹസ്യമാക്കി എത്രയോ മനുഷ്യരുടെ ജീവിതം കശക്കിയെറിഞ്ഞ പാരമ്പര്യം എല്ലാ ഏകാധിപത്യ ഭരണകൂടങ്ങൾക്കുമുണ്ട്. വെടിവെച്ചു കൊന്നവരുടെ ശവം പോലും വിട്ടു കൊടുക്കാതെ, അവരുടെ സംസ്‌കാരത്തിന് ബന്ധുക്കൾക്ക് അവസരം നൽകാതെ എവിടെയൊക്കെയോ കുഴിച്ചുമൂടുകയാണ് പതിവ്.

ജനങ്ങളുടെ മേൽ സർക്കാർ നടത്തിയ കടുത്ത ഒരതിക്രമം മൂടിവെക്കാൻ പിന്നീട് അത് പാടുപെടുന്നത് പലയിടത്തും നമ്മൾ കണ്ടിട്ടുള്ളതാണ്. ഡിയർ കോമ്രേഡ് കലാപരമായ മികവോടെ ഇതിനെ വിശകലനം ചെയ്യുവാൻ ശ്രമിച്ച് വിജയിച്ച ചിത്രമാണ്. എത്ര സമഗ്രവും ചടുലവുമായാണ് സർക്കാരിന്റെ ‘ജനങ്ങളിൽനിന്ന് മൂടിവെക്കൽ' പരിപാടികൾ നടപ്പിലാക്കപ്പെടുന്നതെന്ന്​ കൊഞ്ചലോവ്‌സ്‌കി സൂക്ഷ്മതയോടെ ചിത്രീകരിക്കുന്നു. ഔദ്യോഗിക രഹസ്യമാക്കി എത്രയോ മനുഷ്യരുടെ ജീവിതം കശക്കിയെറിഞ്ഞ പാരമ്പര്യം എല്ലാ ഏകാധിപത്യ ഭരണകൂടങ്ങൾക്കുമുണ്ട്. വെടിവെച്ചു കൊന്നവരുടെ ശവം പോലും വിട്ടു കൊടുക്കാതെ, അവരുടെ സംസ്‌കാരത്തിന് ബന്ധുക്കൾക്ക് അവസരം നൽകാതെ എവിടെയൊക്കെയോ കുഴിച്ചുമൂടുകയാണ് പതിവ്. സോവിയറ്റു യൂണിയനിൽ രാഷ്ട്രീയ സ്ഥിതി മാറിമറിഞ്ഞിരുന്നില്ലെങ്കിൽ ഒരുപക്ഷെ ചരിത്രത്തിൽ ഈ കൂട്ടക്കൊലയും അജ്ഞാതമായി തുടർന്നേനെ.

'ഡിയർ കോമ്രേഡ്‌സി'ൽ ല്യൂഡയായി ജൂലിയ വൈസോത്സ്‌കായ

അതിശയോക്തിയോ അതിവാചാലതയോ ഇല്ലാതെ വികാരതീവ്രവും ഉദ്വേഗജനകവും ആശങ്കാകുലവുമായ മുഹൂർത്തങ്ങളെ കഥാപാത്രങ്ങളുടെ പതിഞ്ഞ പ്രതികരണങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന ഒരു രീതിയാണ് സാമാന്യമായി ഇതിൽ അവലംബിച്ചിട്ടുള്ളത്. ജനങ്ങളുടെ രോഷവും കൂട്ടക്കൊലയുടെ ഭീകരതയും മൊത്തത്തിലുള്ള ദുരന്തവുമെല്ലാം അതിതീവ്രമായി നേരിട്ടനുഭവിപ്പിക്കുന്ന ദൃശ്യങ്ങൾ നമ്മുടെ മുന്നിൽ കടന്നുപോവുന്നു.

ജനങ്ങളെ നിയന്ത്രിക്കാൻ നിശ്ചയിച്ച സർക്കാരുകൾ എത്ര കടുത്ത നടപടികളും കൈക്കൊള്ളുമെന്നും എന്നിട്ട് അവ മറച്ചുവെക്കാൻ അതിസമർത്ഥമായ മാർഗ്ഗങ്ങൾ അവലംബിക്കുമെന്നും ചിത്രം തുറന്നുകാട്ടുന്നു. സംഘങ്ങൾ നടത്തുന്ന നഗ്‌നമായ അധികാര ദുർവിനിയോഗം എങ്ങനെ ജനതയുടെ ജീവിതം ദുരിതമായമാക്കുന്നു എന്ന് അത് കാട്ടിത്തരുന്നു. ഹതാശയായി തന്റെ മകളെത്തിരയുന്ന അമ്മയുടെയും പ്രാദേശികതലത്തിൽ അധികാരത്തിന്റെ ആനുകൂല്യങ്ങൾ പങ്കിട്ട് മനുഷ്യാവകാശ ധ്വംസനത്തിൽ പരോക്ഷമായി പങ്കാളിയാവുന്ന സഖാവിന്റെയും വികാരങ്ങൾ ഒരുമിച്ച് ഉള്ളിൽ തിളച്ചുമറിയുന്ന കഥാപാത്രമായ ല്യൂഡയാണ് ചിത്രത്തിന്റെ വൈകാരികമായ കേന്ദ്രബിന്ദു. ഉറച്ച പാർട്ടിക്കാരിയിൽ നിന്ന് നൈരാശ്യം ബാധിച്ച ഒരമ്മയായുള്ള അവരുടെ പരിവർത്തനത്തിന്റെ അടിസ്ഥാനം ദുഷിച്ച ഒരധികാരഘടനയാണ്. സങ്കീർണമായ മാർഗ്ഗങ്ങളിലൂടെയാണ് അവർ കടന്നു പോവുന്നത്.

ചരിത്രത്തിലെ ഒരിരുണ്ട മുഹൂർത്തമാണത് ചിത്രീകരിച്ചിട്ടുള്ളത്. ക്രൂരവും സ്വേഛാധിപത്യപരവുമായ ഒരു വ്യവസ്ഥയോടുള്ള കടുത്ത വിമർശനം അതുൾക്കൊള്ളുന്നു. നല്ല ഒരു കഥയും മികച്ച സിനിമാറ്റോഗ്രഫിയും മുഖ്യ കഥാപാത്രത്തിന്റെ അഭിനയവും ഭാവസാന്ദ്രമായി ഈ പ്രമേയത്തെ പ്രേക്ഷകമനസ്സുകളിൽ മങ്ങാതെ അവശേഷിപ്പിക്കുന്നു.

ആന്ദ്രേ കൊഞ്ചലോവ്‌സ്‌കി

അറുപതു വർഷം പിന്നിട്ട നീണ്ട ചലച്ചിത്ര സപര്യയിൽ അങ്കിൾ വാന്യ, സൈബീരിയാഡ്, പാരഡൈസ് എന്നിങ്ങനെ അമ്പതോളം ചിത്രങ്ങൾ കൊഞ്ചലോവ്‌സ്‌കിയുടേതായി ഉണ്ട്. റഷ്യയിലും പിന്നെ കുറേക്കാലം ഹോളിവുഡിലും തിരിച്ച്​ വീണ്ടും റഷ്യയിലും അദ്ദേഹം ചിത്രങ്ങളെടുത്തു. കാനിലുൾപ്പെടെ നിരവധി അന്തർദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്. തുർജനെവിന്റെയും ചെഖോവിന്റെയും കൃതികൾ സിനിമയാക്കിയിട്ടുണ്ട്; കുറൊസാവയുടെ തിരക്കഥ സിനിമയാക്കിയിട്ടുണ്ട്. ആദ്യകാലത്ത്​താർക്കോവ്‌സ്‌കിയുമായി സഹകരിച്ചിരുന്നു. 2014ലും 2016ലും എടുത്ത ചിത്രങ്ങൾക്കും 2020- ൽ എടുത്ത ഈചിത്രത്തിനും ധാരാളം അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ചു എന്നത് 85 വയസ്സ് പിന്നിട്ട ഈ ചലച്ചിത്രകാരന്റെ പ്രതിഭയുടെ സാക്ഷ്യപത്രങ്ങളാണ്. ▮


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments