'പോർട്രെയ്റ്റ് ഓഫ് എ യങ്ങ് ലേഡി ഓൺ ഫയർ' എന്ന സിനിമയിൽ നിന്ന്

പെൺനോട്ടത്തെക്കുറിച്ചൊരു
പ്രകടന പത്രിക

ആൺനോട്ടത്തെ അട്ടിമറിച്ച്​ നോട്ടത്തിന്റെ സ്‌ത്രൈണമാർഗങ്ങളെ അവലംബിക്കുന്ന സിനിമയാണ് സെലിൻ സിയാമ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം- പോർട്രെയ്റ്റ് ഓഫ് എ യങ്ങ് ലേഡി ഓൺ ഫയർ​. പുരുഷൻമാർ ചിത്രത്തിൽ വല്ലപ്പോഴും മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. അതുപോലും ഒട്ടും പ്രാധാന്യമില്ലാത്ത വിധത്തിൽ മാത്രമാണ്.

2019 ൽ സെലിൻ സിയാമ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം- പോർട്രെയ്റ്റ് ഓഫ് എ യങ്ങ് ലേഡി ഓൺ ഫയർ- എന്ന ലോകത്തെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ മുപ്പതാമത്തേതായി ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിഖ്യാത ജേണൽ സൈറ്റ് & സൗണ്ട് 2022 ൽ തെരഞ്ഞെടുത്തിരുന്നു. ഒരു സ്ത്രീ സംവിധാനം ചെയ്ത് ആദ്യമായി കാൻ മേളയിൽ മികച്ച തിരക്കഥയ്ക്കുള്ള ക്വിയർ പാം അവാർഡ്, നിരവധി മേളകളിൽ ക്രിട്ടിക്ക്‌സ്‌ ചോയ്‌സ് അവാർഡുകൾ, ഗോൾഡൻ ഗ്ലോബ് അവാർഡ് എന്നിങ്ങനെ രാജ്യാന്തര പുരസ്‌കാരങ്ങളും നാമനിർദ്ദേശങ്ങളും ലഭിച്ച മികച്ച ഒരു ചിത്രമാണിത്.

വേഷവിധാനവും ചമയവും ഈ സിനിമയിൽ പ്രയോജനപ്പെടുത്തുന്നത് താരങ്ങളുടെ ഗ്ലാമർ കൂട്ടാനല്ല; ആൺനോട്ടത്തെ ആകർഷിക്കാനുമല്ല.

18-ാം ശതകത്തിനൊടുവിൽ ഫ്രാൻസിലെ ഒരു പ്രഭുകുടുംബത്തിലെ ഹെലോയ്‌സ് എന്ന യുവതിയും മരിയാൻ എന്ന ചെറുപ്പക്കാരിയായ ചിത്രകാരിയും തമ്മിലുള്ള വശ്യമായ പ്രണയബന്ധത്തിന്റെ വികാസമാണ് ചിത്രത്തിലെ ഇതിവൃത്തം. മരിയാൻ വരച്ച ‘ഒരു യുവതിയുടെ എരിയുന്ന ചിത്ര'ത്തെക്കുറിച്ച് അവരുടെ ആർട്ട് ക്ലാസിൽ ഒരു വിദ്യാർത്ഥി ചോദ്യം ചോദിച്ചതിനെത്തുടർന്നുള്ള ഫ്ലാഷ് ബാക്കിലൂടെയാണ് സിനിമയുടെ ആഖ്യാനം നിർവഹിച്ചിട്ടുള്ളത്. മിലാനിലെ ഒരു പ്രഭുവിന് വിവാഹം ചെയ്ത് കൊടുക്കാൻ നിശ്ചയിച്ചിട്ടുള്ള ഹെലോയ്‌സ് എന്ന ചെറുപ്പക്കാരിയുടെ ചിത്രം വരച്ചു കൊടുക്കാൻ അവളുടെ അമ്മയായ പ്രഭ്വി ആവശ്യപ്പെട്ടതിനെത്തുടർന്ന് ബ്രിട്ടണി എന്ന ഫ്രഞ്ചു ദ്വീപിലേക്ക് മരിയാൻ എത്തിച്ചേരുകയാണ്. പ്രതിശ്രുത വരന് നൽകാനാണ് ചിത്രം.

'പോർട്രെയ്റ്റ് ഓഫ് എ യങ്ങ് ലേഡി ഓൺ ഫയർ' എന്ന സിനിമയിൽ നിന്ന്

എന്നാൽ നിശ്ചയിച്ച വിവാഹം ഇഷ്ടമില്ലാത്ത ഹെലോയ്‌സ് ചിത്രം വരയ്ക്കാൻ ഇരുന്നുകൊടുക്കാൻ വിസമ്മതിക്കുന്നു. ചേച്ചി ആത്മഹത്യ ചെയ്തതിലുള്ള ദുഃഖത്തോടെ, കോൺവെന്റിൽ നിന്ന്​ മടങ്ങിവന്ന ഹെലോയ്‌സിനെ പുറത്തെങ്ങും പോകാനനുവദിക്കാതെ അമ്മ ഏതാണ്ട് ഒരു വീട്ടുതടങ്കലിൽ അകപ്പെടുത്തിയതുപോലെയാണുള്ളത്. അവളെ ഒരു തോഴിയായി അനുഗമിച്ച്, അവളോടൊപ്പം പകൽ മുഴുവൻ ചെലവഴിച്ച്, അവളുടെ രൂപവും സവിശേഷതകളുമെല്ലാം ശ്രദ്ധിച്ച്, സൂത്രത്തിൽ രാത്രിയോ മറ്റോ അവളറിയാതെ രഹസ്യമായി അവളുടെ ചിത്രം പൂർത്തിയാക്കിക്കൊടുക്കാനാണ് മരിയാനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പഴയ ഒരു ചിത്രകാരൻ അവളെ വരക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് പിൻമാറിയിരുന്നു. അയാൾ അപൂർണമാക്കി നിർത്തിയ ചിത്രം മരിയാൻ കത്തിച്ചുകളയുന്നുണ്ട്. അവളുടെ വികാരങ്ങളോട് നീതി പുലർത്താത്തത് കാരണമാണ് അവൾ ആ ചിത്രം തിരസ്‌കരിക്കുന്നത്. എങ്കിലും, നിശ്ചിതസമയത്ത് തന്നെ താൻ വരക്കാമെന്നേറ്റ ചിത്രം മരിയാൻ മുഴുമിപ്പിക്കുന്നുണ്ട്.

എന്നാൽ ഇതിനകം തന്റെ സുഹൃത്തായിക്കഴിഞ്ഞ ഹെലോയ്സിനോട് ഇക്കാര്യം മറച്ചുവെക്കാൻ മനസ്സനുവദിക്കാത്തതിനാൽ മരിയാൻ അവളെ ചിത്രം കാണിച്ചു കൊടുക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം ഇതിനകം ശക്തിപ്പെട്ടതിനാൽ ചിത്രകാരിയുടെ അവിടത്തെ വാസം നീട്ടിക്കൊണ്ടുപോവാൻ മാർഗം കണ്ടെത്തുന്നുമുണ്ട്. ഹെലോയ്‌സ് ചിത്രത്തെ വിമർശിക്കുന്നു. ‘നീയൊരു കലാവിമർശകയാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല' എന്ന് മരിയാൻ പ്രതികരിച്ചപ്പോൾ ‘നീയൊരു ചിത്രകാരിയാണെന്ന് ഞാനും അറിഞ്ഞില്ല ' എന്നവൾ മറുപടി പറയുന്നുണ്ട്. പൂർത്തിയാവാത്ത ആ ചിത്രം മരിയാൻ നശിപ്പിച്ചുകളയുന്നു. പുതിയതൊന്ന് വരക്കുന്നു. ഹെലോയ്‌സിന് അതിഷ്ടമാവുന്നു. താൻ പെയ്ന്റിങ് നശിപ്പിച്ചുകളഞ്ഞ കാര്യം മരിയാൻ പ്രഭ്വിയോട് പറയുന്നുണ്ട്. അതിലും മെച്ചപ്പെട്ട മറ്റൊന്ന് വരച്ചുതരാം എന്നും അവൾ പറയുന്നു. മരിയാനെ അവിടെ നിന്ന് പറഞ്ഞു വിടാൻ അവർ തീരുമാനിക്കുന്നു. ‘അതുവേണ്ട; താൻ അവൾക്കുവേണ്ടി ചിത്രത്തിന് പോസു ചെയ്യാം’ എന്ന് ഹെലോയ്‌സ് അപ്പോൾ സമ്മതിച്ചതുകേട്ട് അമ്മ അമ്പരന്നുപോകുന്നു. ‘ആട്ടെ, അങ്ങനെയെങ്കിൽ അഞ്ചു ദിവസം കഴിഞ്ഞ് താൻ വരുമ്പോഴേക്കും അത് പൂർത്തിയാക്കിക്കിട്ടണം' എന്ന് അവർ ആവശ്യപ്പെടുന്നു. അമ്മയുടെ നിർബന്ധപ്രകാരമുള്ള വിവാഹത്തിന് ഒട്ടും ഇഷ്ടമില്ലാത്ത ഹെലോയ്‌സിനെ വിവാഹവേഷത്തിൽ സങ്കല്പിക്കുന്നത് പോലും മരിയാന്ന് അസഹ്യമായിത്തോന്നുന്നു. ഒരു സായാഹ്നത്തിൽ അവർ ഒന്നിച്ചിരുന്ന് ഓർഫിയൂസിന്റെയും യൂറിഡീസിയുടെയും കഥ വായിക്കുന്നുണ്ട്. എന്തിനാണ് ഓർഫിയൂസ് തിരിഞ്ഞുനോക്കി യൂറിഡീസിയെ പാതാളത്തിലേക്കുതന്നെ കൊണ്ടു പോകാനിടവരുത്തിയത് എന്നതിനെക്കുറിച്ച് അവർ തർക്കിക്കുന്നുണ്ട്. പിന്നെ രണ്ട് പേരും ചേർന്ന്, വിരുന്നിൽ തീയിനുചുറ്റും ഒത്തുചേർന്ന് സ്ത്രീകൾ പാട്ടുപാടുന്നിടത്ത് ചെല്ലുമ്പോൾ ഹെലോയ്‌സിന്റെ വസ്ത്രത്തിന് തീപിടിക്കുന്നു.

രാത്രി രണ്ടു യുവതികളും ചുംബിക്കുകയും ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു. അവർ തമ്മിലുള്ള പ്രണയം കൂടുതൽ ഗാഢമായിത്തീരുന്നു. അബദ്ധത്തിൽ ഗർഭം ധരിച്ച വീട്ടുജോലിക്കാരിയായ സോഫിക്ക് ഗർഭഛിദ്രം നടത്താനാവശ്യമായ ഒത്താശകൾ ഇരുവരും ഒന്നിച്ചുചേർന്നാണ് ചെയ്തുകൊടുക്കുന്നത്. ഹെലോയ്‌സിന്റെ ഓർമക്കായി മരിയാൻ അവളുടെ ഒരു സ്‌കെച്ച് വരച്ചെടുക്കുന്നുണ്ട്. അപ്പോൾ മരിയാന്റെ തന്നെ നഗ്‌നമായ ഒരു സ്‌കെച്ച് തന്റെ പുസ്തകത്തിലെ ഇരുപത്തെട്ടാം പേജിൽ വരച്ചുകൊടുക്കാൻ ഹെലോയ്‌സ് ആവശ്യപ്പെടുകയും അവളത് നിറവേറ്റുകയും ചെയ്യുന്നു.

പുരുഷന്മാരുടെ നോട്ടമാണ് ഏകപക്ഷീയമായ രീതിയിൽ സിനിമകളിൽ സ്ഥിരമായി ചിത്രീകരിക്കപ്പടാറുള്ളതെന്ന് ലോറാ മൾവിയും മറ്റും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിൽ രണ്ടു സ്ത്രീകളുടെ വീക്ഷണകോണിലൂടെയാണ് പ്രമേയം ആവിഷ്‌ക്കരിക്കപ്പെടുന്നത്.

വരുമെന്നുപറഞ്ഞ ദിവസം തന്നെ പ്രഭ്വി മടങ്ങിയെത്തുന്നു. പുതുതായി പെയിൻറ് ചെയ്തു പൂർത്തിയാക്കിയ ചിത്രം അവർക്ക് ഇഷ്ടപ്പെടുന്നു. ചിത്രം വരയ്ക്കുന്ന ദൗത്യം തീർന്നാൽ പിന്നെ മരിയാന്ന്​ പോകേണ്ടിവരുമെന്നറിയുന്ന ഹെലോയിസ് വളരെ സങ്കടത്തിലാണ്. കാരണം, ഈ വേർപാട് അവൾക്ക്​ അസഹ്യമായി തോന്നുന്നു. പിറ്റേന്നു രാവിലെ മരിയാൻ വിടപറയുകയാണ്. ഒടുവിൽ അവൾ വീട് വിട്ടിറങ്ങുമ്പോൾ ഹെലോയ്‌സ് തിരിഞ്ഞുനോക്കാനാവശ്യപ്പെടുന്നു. തിരിഞ്ഞു നോക്കുന്ന മരിയാൻ കാണുന്നത് വെള്ള നിറമുള്ള വിവാഹ വേഷമണിഞ്ഞ ഹെലോയ്‌സിനെയാണ്.

മടങ്ങിയതിനുശേഷം മരിയാൻ ഹെലോയ്‌സിനെ കാണുന്നത് ഒരു ചിത്രകലാപ്രദർശനത്തിലെ പെയ്ന്റിങ്ങിൽ കുട്ടിയോടൊപ്പം ചിത്രീകരിക്കപ്പെട്ട നിലയിലാണ്. അതിൽ മരിയാൻ പണ്ട് സ്വന്തം ചിത്രം വരച്ചുകൊടുത്ത പുസ്തകത്തിലെ ഇരുപത്തെട്ടാം പേജ് കൂടി സൂത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പിന്നെ ഒരു സംഗീത പരിപാടിയിൽ തനിച്ച് ഓർക്കസ്ട്രയിൽ ശ്രദ്ധിച്ചിരിക്കുന്ന ഹെലോയ്‌സിനെ മരിയാൻ കാണുന്നുണ്ടെങ്കിലും അവൾ മരിയാനെ കാണുന്നില്ല. മരിയാൻ പണ്ട് വായിച്ചു കൊടുത്ത സ്വരവിന്യാസമുൾക്കൊള്ളുന്ന ഗീതം തന്നെ ഓർക്കസ്ട്രാ വായിക്കുമ്പോൾ അതോർത്ത് ഹെലോയ്‌സ് കണ്ണീർ വാർക്കുന്നത് അവൾ നിരീക്ഷിക്കുന്നുണ്ട്. നഷ്ടമായ സ്‌നേഹത്തിന്റെ ഓർമ പച്ചയായി ഹെലോയിസിന്റെ മനസ്സിലവശേഷിക്കുന്നുണ്ടെന്ന് അവളുടെ മുഖത്ത് ഓരോ നിമിഷവും മിന്നി മറയുന്ന ഭാവഭേദങ്ങൾ വികാര തീവ്രതയോടെ വെളിപ്പെടുത്തുമ്പോൾ സിനിമ അവസാനിക്കുന്നു.

മനുഷ്യരിൽ സമൂല പരിവർത്തനം വരുത്തുന്ന പ്രണയത്തിന്റെ രസതന്ത്രത്തെക്കുറിച്ചാണ് ഈ ചിത്രം മുഖ്യമായും പ്രതിപാദിക്കുന്നത്. ഹ്രസ്വകാലത്തേക്ക് മാത്രം ഉണ്ടായിരുന്നതായാൽപ്പോലും, വേറൊരാൾ തന്നോട് കാണിച്ച പ്രണയത്തിന്റെ ജ്വാല ഒരിക്കലും മങ്ങാത്ത മുദ്രകൾ മനസ്സിൽ അവശേഷിപ്പിക്കും. വീണ്ടും വീണ്ടും ആ സ്മരണകളിലേക്ക് മനുഷ്യർ തിരിച്ചു പോവും. സിയാമ എന്ന സംവിധായിക കയ്പും മധുരവുമൂറുന്ന എക്കാലത്തെയും മികച്ച പ്രണയകഥകളിലൊന്നാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചതെന്ന് എസ്തർ സക്കർമാൻ ചൂണ്ടിക്കാട്ടുന്നു. ഹെലോയ്‌സുമായുള്ള ബന്ധം മെല്ലെ മെല്ലെ സൗഹൃദമായും പ്രണയമായും വളരുന്നത് സിനിമ പ്രേക്ഷകരെ അനുഭവിപ്പിക്കുന്നത് മരിയാന്റെ കാഴ്ചയിലൂടെയാണ്. സിനിമയുടെ അവസാന ഭാഗത്ത്, മറിയാന്റെ സാന്നിദ്ധ്യം അറിയാതെ സംഗീതം കേട്ടുകൊണ്ടിരിക്കുന്ന ഹെലോയ്‌സിന്റെ മുഖത്ത് ദീർഘനേരം തങ്ങിനിൽക്കുന്ന ക്യാമറ മരിയാന്റെ നോട്ടത്തിലൂടെ അവളുടെ മുഖത്തു പ്രകടമാവുന്ന, പഴയ നഷ്ടപ്രണയമുണർത്തിയ സന്തോഷവും സന്താപവുമെല്ലാം നമുക്ക് കാട്ടിത്തരുന്നു. ‘വിശദാംശങ്ങളിൽ അതീവശ്രദ്ധ പതിപ്പിക്കുന്ന സിയാമയുടെ കണ്ണുകൾ ഓരോ പ്രതീകത്തിന്നും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ മഹത്തായ കലാസൃഷ്ടിയെ അവിസ്മരണീയവും സുന്ദരവുമായ ഒരു പരിസമാപ്തിയിലെത്തിക്കുന്നു. ‘വിവാൾഡിയുടെ 'നാല് ഋതുക്കൾ' എന്ന സംഗീതകൃതിയിലെ ‘വേനൽ' എന്ന ഖണ്ഡത്തിലെ ‘പ്രെസ്റ്റോ' എന്ന ആരോഹണമാണ് ചിത്രാന്ത്യത്തിൽ ഓർക്കസ്ട്ര ആലപിച്ചതെന്ന് പാശ്ചാത്യ നിരൂപകർ ചൂണ്ടിക്കാട്ടുന്നു. ഈ സംഗീതം ഹെലോയ്‌സിനെ വികാരത്തിന്റെ പരകോടിയിലേക്കാനയിക്കുന്നുണ്ട്. ഇതിലെ ഏതാനും സ്വരങ്ങൾ അതുവരെ ഒരിക്കലും കച്ചേരി കേൾക്കാത്ത അവളെ മരിയാൻ നേരത്തേ കേൾപ്പിച്ചിരുന്നത് ഓർക്കാം.

സിനിമയുടെ അവസാന ഭാഗത്ത്, മറിയാന്റെ സാന്നിദ്ധ്യം അറിയാതെ സംഗീതം കേട്ടുകൊണ്ടിരിക്കുന്ന ഹെലോയ്‌സിന്റെ മുഖത്ത് ദീർഘനേരം തങ്ങിനിൽക്കുന്ന ക്യാമറ മരിയാന്റെ നോട്ടത്തിലൂടെ അവളുടെ മുഖത്തു പ്രകടമാവുന്ന, പഴയ നഷ്ടപ്രണയമുണർത്തിയ സന്തോഷവും സന്താപവുമെല്ലാം നമുക്ക് കാട്ടിത്തരുന്നു.

പുരുഷന്മാരുടെ നോട്ടമാണ് ഏകപക്ഷീയമായ രീതിയിൽ സിനിമകളിൽ സ്ഥിരമായി ചിത്രീകരിക്കപ്പടാറുള്ളതെന്ന് ലോറാ മൾവിയും മറ്റും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിൽ രണ്ടു സ്ത്രീകളുടെ വീക്ഷണകോണിലൂടെയാണ് പ്രമേയം ആവിഷ്‌ക്കരിക്കപ്പെടുന്നത്. ഇരുവർക്കും സ്വന്തം ഭാഗധേയങ്ങൾ നിർണയിക്കാനുള്ള ശേഷിയുണ്ട്. ഹെലോയിസ് ഇപ്പോൾ വിവാഹിതയാണ്; സന്തോഷവതിയാണ്. അപ്പോഴും അവൾക്കും മരിയാന്നും അവരുടെ പ്രണയത്തെ കുറ്റബോധമോ പശ്ചാത്താപമോ കൂടാതെ ഓർക്കാം. ഓർമ്മ ഒരിക്കലും യഥാർത്ഥ അനുഭവത്തിന് പകരമാവില്ല; എങ്കിൽപ്പോലും മറ്റ് മാർഗമില്ലാത്തപ്പോൾ, അതിന് ശക്തിയുണ്ട്.

‘പെൺനോട്ടത്തെക്കുറിച്ചുള്ള പ്രകടനപത്രികയാണ്' ഈ ചിത്രമെന്ന് സംവിധായിക പ്രസ്താവിച്ചിട്ടുണ്ട്. ആൺനോട്ടത്തെ അട്ടിമറിച്ച്​ നോട്ടത്തിന്റെ സ്‌ത്രൈണമാർഗങ്ങളെ ചിത്രത്തിലുടനീളം അവലംബിക്കുന്നു. പുരുഷൻമാർ ചിത്രത്തിൽ വല്ലപ്പോഴും മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. അതുപോലും ഒട്ടും പ്രാധാന്യമില്ലാത്ത വിധത്തിൽ മാത്രമാണ്.

വേഷവിധാനവും ചമയവും ഈ സിനിമയിൽ പ്രയോജനപ്പെടുത്തുന്നത് താരങ്ങളുടെ ഗ്ലാമർ കൂട്ടാനല്ല; ആൺനോട്ടത്തെ ആകർഷിക്കാനുമല്ല. ലളിതമായ ഒറ്റ വേഷത്തിലാണ് മിക്ക പ്രധാന കഥാപാത്രങ്ങളും ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത്. കഥാപാത്രങ്ങളുടെ മാനസിക ഭാവങ്ങളും വ്യക്തിത്വവും അവർ അകപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളും വെളിപ്പെടുത്തുന്ന വിധത്തിലാണ് നീല, പച്ച, ചുവപ്പ്, വെള്ള എന്നിങ്ങനെയുള്ള വ്യത്യസ്ത നിറങ്ങളുള്ള വസ്ത്രങ്ങളുടെ പോലും വിന്യാസം. ഒരു ചിത്രകാരി മുഖ്യ കഥാപാത്രമായ സിനിമയിൽ വിവിധ വർണങ്ങളുടെ ഔചിത്യപൂർവ്വമായ ഇത്തരം പ്രയോഗം സംവിധായികയുടെ പ്രതിഭയ്ക്ക് മറ്റൊരു ദൃഷ്ടാന്തമാണ്.

സെലിൻ സിയാമ / Photo: IMDB

‘കലാരചനയും പ്രണയവും തമ്മിൽ, ഓർമയും ഉൽക്കർഷേച്ഛയും സ്വാതന്ത്യവും തമ്മിൽ, കൂടിക്കുഴഞ്ഞു പിണഞ്ഞു കിടക്കുന്ന നൂലാമാലകളെ സൂക്ഷ്മമായി ഈ ചിത്രം പര്യവേക്ഷണം ചെയ്യുന്നു. സർഗ്ഗാനുഭവത്തിനുള്ള അഭിലാഷം പരസ്പരം പൂർത്തീകരിക്കുമ്പോൾ സ്ത്രീകൾക്ക് തമ്മിൽ സാധ്യമാവുന്ന ലൈംഗികമായ, ആലക്തികമായ ബന്ധത്തെക്കുറിച്ചാണ് സിനിമ. അതേസമയം, ഒരു പ്രണയം അവസാനിച്ചാൽപ്പോലും അതിനെ മൂല്യവത്താക്കാനും പരിരക്ഷിക്കുവാനും ആശ്വാസദായകമാക്കുവാനുമുള്ള കലയുടെ ശേഷിയെക്കുറിച്ചു കൂടിയാണത്.' -ന്യൂയോർക്കർ മാസികയിലെ സിനിമാ നിരൂപക റാച്ചൽ സൈമി ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളുടേതായ വീക്ഷണകോണിലൂടെ നമ്മുടെ ഭാവുകത്വത്തെ സമ്പുഷ്ടമാക്കുകയും മികച്ച ഒരു ദൃശ്യാനുഭവം ദീർഘകാലത്തേക്ക് നമ്മുടെ മനസ്സിൽ അവശേഷിപ്പിക്കുകയും ചെയ്യുന്ന ചലച്ചിത്ര സൃഷ്ടിയാണ് പോർട്രെയ്റ്റ് ഓഫ് എ യങ്ങ് ലേഡി ഓൺ ഫയർ.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments