ദൈവത്തിന്റെ അതേ കൈ,
​സിനിമയിലും

പൗലോ സോറന്റീനോയുടെ ദി ഹാൻഡ് ഓഫ് ഗോഡ് എന്ന സിനിമ തന്റെ ജന്മനാടായ നേപ്പിൾസിനെ ആഘോഷിക്കുന്ന അഗാധമായ ഒരു വ്യക്തിഗത സിനിമയാണ്. 1980കളിലെ കൗമാരപ്രായക്കാരുടെ മൂന്നു പ്രധാന ഭ്രമങ്ങൾ തന്നെയാണ് ഇതിലെ മുഖ്യ കഥാപാത്രമായ ഫാബിയെറ്റോ എന്ന ചെറുപ്പക്കാരന്റെയും ആവേശം: സിനിമ, സംഗീതം, ഫുട്‌ബോൾ.

പൗലോ സോറൻറിനോ രചനയും സംവിധാനവും നിർവഹിച്ച്​ 2021-ൽ പുറത്തിറക്കിയ ദി ഹാൻഡ് ഓഫ് ഗോഡ് എന്ന ഇറ്റാലിയൻ ചിത്രം ആരംഭിക്കുന്നത് ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരൻ ഡീഗോ മറഡോണയുടെ ഈ വാക്കുകൾ ഉദ്ധരിച്ചാണ്: ‘‘എനിക്കു കഴിയുന്നത് ഞാൻ ചെയ്തു; അത് മോശമായെന്നു ഞാൻ കരുതുന്നില്ല.'' ഇത് മറഡോണയെക്കുറിച്ചുമാത്രമുള്ള ഒരു പ്രസ്താവമായിരിക്കണമെന്നില്ല; ദി ഗ്രേറ്റ് ബ്യൂട്ടി (2011), യൂത്ത് (2015) തുടങ്ങിയ വിഖ്യാത ചിത്രങ്ങളുടെ സംവിധായകൻ തന്നെക്കുറിച്ചു തന്നെ നടത്തുന്ന ഒരു സ്വയം വിലയിരുത്തലും ആവാം. വെനീസിൽ ഗ്രാൻഡ് ജൂറി പ്രൈസും മികച്ച യുവ നടനുള്ള അവാർഡും നേടിയ ദ ഹാൻഡ് ഓഫ് ഗോഡ് സംവിധായകന്റെ ആത്മകഥാംശമുള്ള തിരിഞ്ഞുനോട്ടമാണ്; 1980- കളിലെ നേപ്പിൾസിലേക്കുള്ള ഒരു മടക്കയാത്രയാണ്. സോറന്റീനോ, തന്റെ ജന്മനാടായ നേപ്പിൾസിനെ ആഘോഷിക്കുന്ന അഗാധമായ ഒരു വ്യക്തിഗത സിനിമയാണ് അവതരിപ്പിക്കുന്നത്. സംവിധായകനെപ്പോലെ, 1980കളിലെ കൗമാരപ്രായക്കാരുടെ മൂന്നു പ്രധാന ഭ്രമങ്ങൾ തന്നെയാണ് ഇതിലെ മുഖ്യ കഥാപാത്രമായ ഫാബിയെറ്റോ എന്ന ചെറുപ്പക്കാരന്റെയും ആവേശം: സിനിമ, സംഗീതം, ഫുട്‌ബോൾ.

ഒരു കുടുംബത്തിൽ അനേകം അതുല്യരും സവിശേഷതയുള്ളവരുമായ ആളുകളെ ഉൾക്കൊള്ളാൻ കഴിയും എന്ന സത്യം ഫിക്ഷനേക്കാൾ അസാധാരണമാണ് എന്ന ഓർമപ്പെടുത്തലാണ്.

തുടക്കത്തിൽത്തന്നെ സിനിമ ഷിസ കുടുംബത്തെ പരിചയപ്പെടുത്തുന്നുണ്ട്. അമ്മായിമാർ, അമ്മാവന്മാർ, അവരുടെ മക്കൾ, അടുത്ത ബന്ധുക്കൾ, വളരെ അടുത്ത സുഹൃത്തുക്കൾ എന്നിങ്ങനെ അനേകം പേർ. അവർ സ്‌നേഹമുള്ളവരും എന്നാൽ ചിലപ്പോൾ അമ്പരപ്പിക്കുന്ന വിചിത്രസ്വഭാവവിശേഷങ്ങളുള്ളവരും ആണ്. നിരീക്ഷണത്തിൽ നിന്നും ഓർമയിൽ നിന്നും മാത്രം ലഭിക്കാവുന്ന തരത്തിലുള്ള വിശദാംശങ്ങളാൽ സിനിമ നിറഞ്ഞിരിക്കുന്നു. ഒരു കുടുംബത്തിൽ അനേകം അതുല്യരും സവിശേഷതയുള്ളവരുമായ ആളുകളെ ഉൾക്കൊള്ളാൻ കഴിയും എന്ന സത്യം ഫിക്ഷനേക്കാൾ അസാധാരണമാണ് എന്ന ഓർമപ്പെടുത്തലാണ്. ആളുകൾക്ക് പ്രദർശിപ്പിക്കാൻ വേണ്ടി മാത്രം രോമക്കുപ്പായം ധരിക്കാൻ നിർബന്ധിക്കുകയും എല്ലാവരേയും ശകാരിക്കുകയും ചെയ്യുന്ന തടിച്ച അമ്മായിയെ മറക്കാൻ കഴിയില്ല. ബാലിശമായ തമാശകൾ കളിക്കാൻ നിർബന്ധിക്കുന്ന സ്‌നേഹനിധിയായ അമ്മയെയും.

തുടക്കത്തിൽത്തന്നെ സിനിമ ഷിസ കുടുംബത്തെ പരിചയപ്പെടുത്തുന്നുണ്ട്. അമ്മായിമാർ, അമ്മാവന്മാർ, അവരുടെ മക്കൾ, അടുത്ത ബന്ധുക്കൾ, വളരെ അടുത്ത സുഹൃത്തുക്കൾ എന്നിങ്ങനെ അനേകം പേർ

തനിക്കു കുട്ടിയില്ലാത്തതിൽ വൈകാരികമായി അസ്വസ്ഥയായ പട്രീഷ്യ ഇളയമ്മ നഗ്‌നത പ്രദർശിപ്പിക്കുന്നതിൽ രസം കണ്ടെത്തുന്നുണ്ട്. ഫാബിയെറ്റോ അവരോടു അനുഭാവപൂർവമാണ് പെരുമാറുന്നത്. ഭർത്താവ് ഫ്രാങ്കോ അവരെ വേശ്യയെന്നു അധിക്ഷേപിക്കുകയും അവരുമായി വഴക്കുണ്ടാക്കുകയും അവരെ മർദിക്കുകയും പതിവാണ്. ഒരു ദിവസം അയാളുടെ പീഡനം സഹിക്കാതെ സഹോദരിയെ ഫോൺ ചെയ്തു വരുത്തിയപ്പോൾ മറിയയുടെ ഒപ്പം സവെരിയോയും മകൻ ഫാബിയെറ്റോയും അവിടെ വരുന്നുണ്ട്. അത് ഫാബിയെറ്റോ പിന്നീടും ഓർക്കുന്നുണ്ട്.

സിനിമ യാഥാർഥ്യത്തിൽനിന്നുള്ള ശ്രദ്ധതിരിക്കൽ ആണെന്നും യാഥാർത്ഥ്യം മലിനമാണെന്നും ഫെല്ലിനി പറഞ്ഞതായി അഭിനയിക്കാൻ ഓഡിഷൻ ടെസ്റ്റുകൾക്ക് പോകാറുള്ള സഹോദരൻ ഫാബിയെറ്റോവിനോട് പറയുന്നുണ്ട്.

അച്ഛൻ സവേരിയോ ഷിസയ്ക്കും അമ്മ മരിയ ഷിസയ്ക്കുമൊപ്പം നേപ്പിൾസിലെ വീട്ടിൽ താമസിക്കുന്ന യുവാവായ ഫാബിയെറ്റോവിന് അധികം സുഹൃത്തുക്കളോ കാമുകിയോ ഇല്ല; ഏതാണ്ടെല്ലായ്‌പ്പോഴും അവൻ തനിച്ചാണ്. സ്‌കൂൾ കഴിഞ്ഞ് ഫിലോസഫി പഠിക്കുമെന്ന് അമ്മയോട് പറയുന്നുണ്ടെങ്കിലും അത് എന്താണെന്ന് കൃത്യമായ ധാരണ അവനില്ല. പാട്ട് കേട്ടും, നാട്ടിലെ ഫുട്ബോൾ ടീമായ നപ്പോളിക്കായി മറഡോണ കളിക്കുന്നതിൽ ആവേശം പൂണ്ടും അവൻ സമയം ചെലവഴിക്കുന്നു. സിനിമാ അഭിനയത്തിൽ താത്പര്യമുള്ള ചേട്ടൻ മാർച്ചിനോ അവനെ ഓഡിഷന്ന്‌ കൊണ്ടുപോകുന്നുണ്ട്. ചലച്ചിത്ര നിർമാതാവ് ഫെഡറിക്കോ ഫെല്ലിനി നേപ്പിൾസിൽ ഒരു പുതിയ സിനിമ കാസ്റ്റ് ചെയ്യുന്നു എന്നതിൽ ഫാബിറ്റോ ആവേശഭരിതനാവുന്നുണ്ട്.

അച്ഛൻ സവേരിയോ ഷിസയ്ക്കും അമ്മ മരിയ ഷിസയ്ക്കുമൊപ്പം നേപ്പിൾസിലെ വീട്ടിൽ താമസിക്കുന്ന യുവാവായ ഫാബിയെറ്റോവിന് അധികം സുഹൃത്തുക്കളോ കാമുകിയോ ഇല്ല; ഏതാണ്ടെല്ലായ്‌പ്പോഴും അവൻ തനിച്ചാണ്.

ഫാബിയെറ്റോയുടെ മാതാപിതാക്കൾ റൊക്കറാസോയിൽ ഒരു പുതിയ വീട് പണിയുന്നുണ്ട്. മറഡോണയുടെ കളിയുള്ളതുകൊണ്ടുമാത്രം നേപ്പിൾസിൽ തങ്ങാൻ തീരുമാനിക്കുന്ന ഫാബിയെറ്റോ വീട് സന്ദർശിക്കാൻ അവരോടൊപ്പം പോകുന്നില്ല. പുതിയ വീട്ടിലെ അടുപ്പിൽനിന്ന് കാർബൺ മോണോക്‌സൈഡ് ചോർന്ന് അവന്റെ മാതാപിതാക്കൾ ദാരുണമായി മരിച്ചതായാണ് ആശുപത്രിയിൽനിന്ന്​ പിന്നീട് അറിയുന്നത്. ഫാബിയെറ്റോ ബഹളമുണ്ടാക്കിയിട്ടും മൃതദേഹങ്ങൾ ആശുപത്രിക്കാർ മക്കളെ കാണിക്കുന്നില്ല. കണ്ടാൽ തിരിച്ചറിയാത്തവിധമാണ് അതുള്ളത് എന്ന് ഡോക്ടർ പറയുന്നു. സ്‌നേഹനിധികളായ അച്ഛനമ്മനാരുടെ മരണം ഫാബിയെറ്റോയെ തകർത്തുകളയുന്നു. ആ മരണവുമായി പൊരുത്തപ്പെടാനോ അത് മറക്കാനോ അവനു കഴിയുന്നില്ല. പ്രായപൂർത്തിയായിക്കൊണ്ടിരിക്കുന്ന ഒരു കൗമാരക്കാരന്റെ വളർച്ച ഇതിവൃത്തമായ ഈ ചിത്രത്തിൽ, ഈ ഘട്ടത്തിൽ ഫാബിയെറ്റോ നേരിടേണ്ടിവരുന്ന കടുത്ത ഒറ്റപ്പെടലും സങ്കടവും അവന്റെ ഭാവി അനാഥവും അനിശ്ചിതവുമാക്കുന്നു.

പ്രാദേശിക ഫുട്‌ബോൾ ടീമിലേക്കുള്ള ഡീഗോ അർമാൻഡോ മറഡോണയുടെ വരവിൽ ആവേശഭരിതനായ, നഗരത്തിലെ ഹൈസ്‌കൂളിൽ പഠിക്കുന്ന ഫാബിയെറ്റോ ഷിസ എന്ന യുവാവിന്റെ ചലനങ്ങളെയാണ് സിനിമ പിന്തുടരുന്നത്.

ആത്മകഥാപരമായ ആഗ്രഹങ്ങളോടെ, തിരക്കഥയുടെ രചയിതാവ് കൂടിയായ സോറൻറിനോ, എൺപതുകളുടെ മധ്യത്തിൽ തന്റെ പ്രിയപ്പെട്ട നേപ്പിൾസിലേക്ക് മടങ്ങുന്നു. പ്രാദേശിക ഫുട്‌ബോൾ ടീമിലേക്കുള്ള ഡീഗോ അർമാൻഡോ മറഡോണയുടെ വരവിൽ ആവേശഭരിതനായ, നഗരത്തിലെ ഹൈസ്‌കൂളിൽ പഠിക്കുന്ന ഫാബിയെറ്റോ ഷിസ (ഫിലിപ്പോ സ്‌കോട്ടി) എന്ന യുവാവിന്റെ ചലനങ്ങളെയാണ് പിന്നെ സിനിമ പിന്തുടരുന്നത്. ഫാബിയെറ്റോയ്ക്കൊപ്പം നമ്മൾ കുടുംബവിനോദങ്ങളിലും അവന്റെ മാതാപിതാക്കളുടെ പ്രണയബന്ധങ്ങളിലും, വാക്കേറ്റങ്ങളിലും വഴക്കുകളിലും കിറുക്കുകളിലും എല്ലാം പങ്കെടുക്കുന്നു. വിഷാദാവസ്ഥയിൽ കഴിയുകയും കുടുംബത്തിലെ പുരുഷഅംഗങ്ങളെ അവളുടെ നഗ്‌നതയാൽ അലോസരപ്പെടുത്തുകയും ചെയ്യുന്ന പട്രീഷ്യ ഇളയമ്മ (ലൂയിസ റാനിയേരി) യുവാവിലുണ്ടാക്കുന്ന ആകർഷണം വിശദമാക്കപ്പെടുന്നുണ്ട്.

സോറൻറിനോ നിരവധി എപ്പിസോഡുകൾ അവതരിപ്പിക്കുന്നുണ്ട്. അവയിൽ, വിശ്രമവേളയിൽ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളെ നാം കാണുന്നു; കാണൽ അഥവാ നിരീക്ഷണം എന്ന പ്രവൃത്തിയെ തന്നെ ഒരു സജീവ കർമമാക്കി സംവിധായകൻ മാറ്റുന്നു. ശ്രദ്ധിക്കുവാൻ, ചിന്തിക്കുവാൻ, പങ്കിടുവാൻ, നിരീക്ഷകരായി ചേരാൻ കാഴ്ചക്കാരെ അദ്ദേഹം ക്ഷണിക്കുന്നു. തുടക്കം സ്ലോ ക്യാമറ ചലനങ്ങളോടെ, വിവരണാത്മകമായ, നേപ്പിൾസ് അഴിമുഖത്തിലൂടെയുള്ള ദീർഘമായ ട്രാക്കിംഗ് ഷോട്ടിനുശേഷം നീണ്ട ഒരു ക്യൂവിൽ ബസ്​ കാത്തുനിൽക്കുന്ന പട്രീഷ്യയിലേക്ക് നമ്മളെ നയിക്കുന്നു. തുടർന്ന്​ ദിവ്യാത്ഭുതത്താൽ കുഞ്ഞുണ്ടാവാനായി കൊച്ചുസന്യാസിയെ കാണാൻ പള്ളിയിലേക്ക് അവൾ നയിക്കപ്പെടുന്നു. വീട്ടിലെത്തിയ ഉടൻ താമസിച്ചെത്തിയതിന്​ ഭർത്താവു ഫ്രാങ്കോയുടെ ‘വേശ്യ'യെന്ന ചീത്തവിളിയും ദേഹോപദ്രവവും, കൊച്ചുസന്യാസിയെ കണ്ട കഥ വീട്ടുകാരിലുണർത്തിയ പരിഹാസച്ചിരികളും എല്ലാം നമ്മൾ കാണുന്നു.

മറഡോണയെ റോഡിൽ ഒരു കാറിലിരിക്കുന്നത് കാണും വരെയും തികച്ചും അവിശ്വസനീയമായി തോന്നിയിരുന്നതാണ് ഈ നാടൻ ക്ലബ്ബിലേക്കുള്ള ഫുട്‌ബോൾ മാന്ത്രികന്റെ വരവ്.

വോയ്‌സ് ഗാഡ്‌ഗെറ്റ് ഉപയോഗിച്ച് സംസാരിക്കുന്ന വൃദ്ധൻ, വെള്ളത്തിലേക്ക് ചാടി ആഹ്ലാദിക്കുന്ന പൊണ്ണത്തടിച്ചിയായ ഗേൾ ഫ്രണ്ട്, തോണിയിൽ നഗ്‌നയായിക്കിടക്കുന്ന പട്രീഷ്യ, കരടിയായി വേഷമിട്ട ആളെക്കണ്ട് ഭയന്ന് വീഴുന്ന അച്ഛൻ, സിനിമയിലഭിനയിക്കാൻ എടുത്തിട്ടുണ്ടെന്ന് വിശ്വസിപ്പിക്കപ്പെട്ട്​ വിഡ്ഢിയായ സ്ത്രീ എന്നിങ്ങനെ നർമം കലർന്ന ഒട്ടേറെ കാഴ്ചകൾ വിവിധ എപ്പിസോഡുകളിൽ കാണാം. ഒപ്പം, അച്ഛനോട് പിണങ്ങി കരയുമ്പോഴും പന്തടക്കം പ്രാക്ടീസ് ചെയ്യുന്ന അമ്മ, അപസ്മാരം ബാധിച്ചപോലെ വിറയ്ക്കുന്ന ഫാബിയെറ്റൊവിനെ ആശ്വസിപ്പിക്കാൻ പാടുപെടുന്ന മാർചിനോ, ആശുപത്രിയിൽ മൃതദേഹം കാണാൻ ബഹളം വെക്കുന്ന ഫാബിയെറ്റൊ, സ്വന്തം അനാഥത്വത്തിൽ പരിതപിക്കുന്ന ഫാബിയെറ്റൊ, റോമിലേക്ക് പോകുന്നതിനു മുമ്പ് സഹോദരനുമായുള്ള അവന്റെ കൂടിക്കാഴ്ച ഇതൊക്കെ അത്യധികം വികാര വിക്ഷോഭമുണ്ടാക്കുന്ന ദൃശ്യങ്ങളാണ്.

അർജന്റീനിയൻ ഫുട്‌ബോൾ കളിക്കാരൻ ഡീഗോ മറഡോണ 1986 ഫിഫ ലോകകപ്പിൽ കൈയോ തലയോ ഉപയോഗിച്ച്‌ നേടിയ ഒരു ഗോൾ ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ അർജന്റീനയെ സഹായിച്ചു. ഇത് ‘ദൈവത്തിന്റെ കൈ' എന്നറിയപ്പെട്ടു. നേപ്പിൾസിലെ മുഴുവൻ ആളുകളും, പ്രത്യേകിച്ച് ഫാബിയെറ്റോ ഷിസ എന്ന കൗമാരക്കാരൻ, ആ നഗരത്തിലെ പ്രധാന ടീമുമായി മാറഡോണ ഒപ്പുവെച്ചതിൽ ആവേശഭരിതരാണ്. മറഡോണയെ റോഡിൽ ഒരു കാറിലിരിക്കുന്നത് കാണും വരെയും തികച്ചും അവിശ്വസനീയമായി തോന്നിയിരുന്നതാണ് ഈ നാടൻ ക്ലബ്ബിലേക്കുള്ള ഫുട്‌ബോൾ മാന്ത്രികന്റെ വരവ്.

ഡീയാഗോ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ഗോൾ

ഡീഗോയുടെ വരവാണ് ഫാബിയെറ്റോയുടെ വികാരങ്ങളെ ഭരിക്കുന്നത്. ദുരന്തം അവന്റെ ജീവിതത്തിലേക്ക് പെട്ടെന്ന് കടന്നുകയറുകയും അവന്റെ കാഴ്ചപ്പാട് മാറ്റുകയും ചെയ്യുന്നതുവരെ അവൻ ചിന്തിക്കുന്നത് സിനിമ, സംഗീതം, ഫുട്‌ബോൾ എന്നിങ്ങനെ മൂന്ന് അഭിനിവേശങ്ങളെപ്പറ്റി മാത്രമാണ്.

ദി ഗ്രേറ്റ് ബ്യൂട്ടി എന്ന ചിത്രത്തിന് ഓസ്‌കാർ നേടിയ സോറന്റീനോ, തന്റെ ജന്മനാടായ നേപ്പിൾസിനെ ആഘോഷിക്കുന്ന അഗാധമായ ഒരു വ്യക്തിഗത സിനിമയാണ് അവതരിപ്പിക്കുന്നത്. ബ്രനാഗിന്റെ ബെൽഫാസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫുട്‌ബോൾ താരം ഡീഗോ മറഡോണയോടും ചലച്ചിത്ര നിർമാതാവ് ഫെഡറിക്കോ ഫെല്ലിനിയോടും അഭിനിവേശമുള്ള ഫാബിയെറ്റോ എന്ന ചെറുപ്പക്കാരന്റെ പ്രായപൂർത്തിയാവലിന്റെ കഥയിലൂടെ സോറന്റിനോ ഹാസ്യത്തെ ദുരന്തവുമായി സമന്വയിപ്പിക്കുന്നു. രാഷ്ട്രീയവും സാംസ്‌കാരികവുമായ ഐക്കണുകളെ കേന്ദ്രീകരിച്ചുള്ള സോറന്റിനോയുടെ മുൻ കൃതികളിൽ നിന്ന് വ്യത്യസ്തമായി, ദ ഹാൻഡ് ഓഫ് ഗോഡ് കൂടുതൽ സൂക്ഷ്മമായ, ഗംഭീരമായി ചിത്രീകരിക്കപ്പെട്ട ഒരു കഥയാണ്; സമർത്ഥമായി ആഖ്യാനം ചെയ്ത ഒന്ന് - നിരൂപകൻ മാർക്ക് ജോൺസൺ ചൂണ്ടിക്കാട്ടുന്നു.

ഓസ്‌കാർ നേടിയ ദി ഗ്രേറ്റ് ബ്യൂട്ടി ഫെല്ലിനിയുടെ ലാ ഡോൾസ് വിറ്റ എന്ന ചിത്രത്തെ മാതൃകയാക്കിയിരുന്നു. ദ ഹാൻഡ് ഓഫ് ഗോഡ്, ഫെല്ലിനിയുടെ തന്നെ മാസ്റ്റർപീസായ അമർകോർഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു: പ്രായപൂർത്തിയാവലിനെ പ്രമേയമാക്കുന്ന ഈ ചിത്രം വരാനിരിക്കുന്ന ദുരന്തത്തിന്റെയും ലൈംഗികതൃഷ്ണയുടെയും കഥ പറയുന്നു. സിനിമയുടെ പ്രാരംഭ സീക്വൻസുകൾ അമർകോർഡിനെ അനുസ്മരിപ്പിക്കുന്നതാണ്. കൗമാരക്കാരനായ നായകന്റെ കുടുംബത്തെക്കുറിച്ചുള്ള മനസ്സിലെ പ്രതിച്ഛായകൾ വിചിത്രവും, അശ്ലീലവും, തീവ്രവുമൊക്കെയായ മനുഷ്യത്വത്തിന്റെ സമ്പന്നമായ ശേഖരമാണ് വെളിപ്പെടുത്തുന്നത്. അവൻ അതിലെ അംഗങ്ങളെ സ്നേഹത്തോടെ, ചില സന്ദർഭങ്ങളിൽ കാമത്തോടെ ഓർക്കുന്നു.

ഒരു ഡസൻ ഫീച്ചർ ഫിലിമുകൾ ചിത്രീകരിക്കുകയും വെനീസ് ഫെസ്റ്റിവലിൽ നാല് തവണ മത്സരിക്കുകയും ചെയ്ത നിയോപൊളിറ്റൻ ചലച്ചിത്ര നിർമാതാവ് അന്റോണിയോ കപുവാനോ എന്ന ചലച്ചിത്രകാരനേയും അയാളുടെ സിനിമാചിത്രീകരണത്തെയും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

‘ലക്ഷ്യമില്ലായ്മ, വിരസത, താരാരാധന, ദുഃഖം: ഈ വികാരങ്ങളൊക്കെ സ്വഭാവരൂപീകരണത്തിന് സഹായിച്ചേക്കാമെന്നു മുതിർന്നവർ വിലയിരുത്താം, എന്നാൽ അവ ഉണ്ടാക്കുന്ന ഹൃദയവേദന മാത്രമേ ഒരു യുവാവിനു അറിയൂ. ഈ എപ്പിസോഡുകൾ വളരെ തുറന്ന മനസ്സോടെ ജീവസുറ്റതാക്കാൻ സോറന്റിനോ തന്റെ ഓർമ്മകൾ ചികഞ്ഞതിൽ എനിക്ക് നന്ദിയുണ്ട്. ദൈവത്തിന്റെ കൈ ഒരിക്കലും കപടമായ ഒരു സ്വരം ആലപിക്കുന്നില്ല’- ലിയോനാർഡ് മാൽട്ടിൻ പറയുന്നു

സിനിമയെക്കുറിച്ചുള്ള പരാമർശങ്ങളാലും ചിത്രം സമ്പന്നമാണ്. സിനിമ യാഥാർഥ്യത്തിൽനിന്നുള്ള ശ്രദ്ധതിരിക്കൽ ആണെന്നും യാഥാർത്ഥ്യം മലിനമാണെന്നും ഫെല്ലിനി പറഞ്ഞതായി അഭിനയിക്കാൻ ഓഡിഷൻ ടെസ്റ്റുകൾക്ക് പോകാറുള്ള സഹോദരൻ ഫാബിയെറ്റോവിനോട് പറയുന്നുണ്ട്. ഫെല്ലിനിയുടെ സഹായി ഓഡിഷൻ നടത്താൻ വന്നതും സൂചിപ്പിക്കുന്നുണ്ട്. ഒരു ഡസൻ ഫീച്ചർ ഫിലിമുകൾ ചിത്രീകരിക്കുകയും വെനീസ് ഫെസ്റ്റിവലിൽ നാല് തവണ മത്സരിക്കുകയും ചെയ്ത നിയോപൊളിറ്റൻ ചലച്ചിത്ര നിർമാതാവ് അന്റോണിയോ കപുവാനോ (സിറോ കപാനോ) എന്ന ചലച്ചിത്രകാരനേയും അയാളുടെ സിനിമാചിത്രീകരണത്തെയും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. വിലപ്പെട്ട വിമർശനാത്മകസമീപനത്തിന്റെ പ്രാധാന്യം കപുവാനോ ഊന്നുന്നു. രൂപത്തിലും പശ്ചാത്തലത്തിലും ഇത് ഫാബിയെറ്റോയ്ക്ക് മികച്ച പാഠം നൽകുന്നു.

ദുഃഖവും നൈരാശ്യവും ബാധിച്ച ഫാബിയെറ്റോ, താൻ സിനിമാ സംവിധായകനാവാൻ ആഗ്രഹിക്കുന്നതായി അയാളോട് പറയുന്നുണ്ട്. ഇതിന്​ അയാളുടെ മറുപടി, ‘എല്ലാവർക്കും സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്, അവർക്ക് ഒന്നും പറയാനില്ലെങ്കിലും. നിനക്ക് ഒരു കഥ പറയാനുണ്ടോ? ഉണ്ടെങ്കിൽ അത് പറയുന്നതിന് വില കൊടുക്കുക.’
അദ്ദേഹത്തിന്റെ പ്രസംഗം ഗംഭീരമാണ്, എന്നിരുന്നാലും, ആധികാരികതയുടെ സ്വരമാണ് അയാൾക്കുള്ളത്. ‘നീ റോമിൽ പോയിട്ട് പ്രയോജനമില്ല. വിഡ്ഢികളാണ് അവിടെ പോകുക' എന്ന് അയാൾ ഫാബിയെറ്റോവിനോട് പറയുന്നുണ്ട്. അവൻ ഒടുവിൽ അത് ഗൗനിക്കുന്നില്ല എന്നു മാത്രം. സിനിമയെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകൾ കഥയുടെ സന്ദർഭത്തിൽ അല്ലാതെയും പ്രസക്തമാണ്.

വെനീസിൽ ഗ്രാൻഡ് ജൂറി പ്രൈസും മികച്ച യുവനടനുള്ള അവാർഡും നേടിയതിനും മികച്ച അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയിൽ ഓസ്‌കാർ നിർദേശിക്കപ്പെട്ടതിനും പുറമേ, മികച്ച ചിത്രം, മികച്ച ഡയറക്ടർ, മികച്ച സഹനടി, മികച്ച സിനിമാറ്റോഗ്രഫി എന്നിവയ്ക്ക് ദേശീയ- അന്തർദേശീയ പുരസ്‌കാരങ്ങൾ ദ ഹാൻഡ് ഓഫ് ഗോഡ് ​​​​​​​നേടിയിട്ടുണ്ട്. ▮


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments