ബാബു കാമ്പ്റത്തിൻറെ ബിഹൈൻഡ് ദി മിസ്റ്റിൽ നിന്ന്

കാഴ്ചക്കാർ പങ്കാളികളാണ്

സ്വതന്ത്ര സിനിമ രചയിതാക്കൾ ഏറെ പ്രയാസപ്പെട്ട്, സാമ്പത്തിക പരാധീനതകൾ സഹിച്ച്, ചിത്രം നിർമിച്ച് , സ്വയം താല്പര്യമെടുത്ത് മേളകളിൽ മത്സരിച്ച് പുരസ്‌കാരങ്ങൾ നേടിയാൽ പോലും അത്തരം ചിത്രങ്ങൾ ഐ എഫ് എഫ് കെ, ഐ ഡി എസ് എഫ് എഫ് കെ, സൈൻസ് തുടങ്ങിയ നമ്മുടെ മേളകളിൽ വിരളമായേ പ്രദർശിപ്പിക്കപ്പെടാറുള്ളൂ

കാലത്ത് പൊലിഞ്ഞുപോയ സി.ശരത്ചന്ദ്രൻ സിനിമ നിർമിക്കുക മാത്രമല്ല കേരളത്തിലുടനീളം ഓടിനടന്ന് അത് പ്രദർശിപ്പിക്കുകയും ചെയ്ത അസാമാന്യ ഊർജ്ജമുള്ള ആക്റ്റിവിസ്റ്റായിരുന്നു. കേരളത്തിൽ നടക്കുന്ന ഏത് സമരത്തിന്റെ രംഗത്തും ക്യാമറയുമായി ശരത്തുണ്ടായിരുന്നു. 1987 ൽ നടന്ന പശ്ചിമഘട്ട സംരക്ഷണ മാർച്ച്, പൂയംകുട്ടി സംരക്ഷണ യത്‌നങ്ങൾ, മുത്തങ്ങയിലെ ആദിവാസി ഭൂസമരം, ചെങ്ങറ സമരം ഇതെല്ലാം ശരത് ഒപ്പിയെടുത്തു.എല്ലാം അസ്തമിക്കും മുമ്പ്, കനവ്, യുവേഴ്‌സ് ട്രൂലി ജോൺ എന്നീ സിനിമകളും സംവിധാനം ചെയ്തു. പി.ബാബുരാജിനൊപ്പം സംവിധാനം ചെയ്തതാണ് ചാലിയാർ ദി ഫൈനൽ സ്ട്രഗിൾ, (1999), ഓൺലി ആൻ ആക്‌സ് എവെ, ദി ബിറ്റർ ഡ്രിങ്ക് (2003), 1000 ഡെയ്‌സ് ആൻഡ് എ ഡ്രീം (2006) തുടങ്ങിയ ചിത്രങ്ങൾ; ഇതിൽ അവസാനത്തേത് രണ്ടും പ്ലാച്ചിമട കൊക്കക്കോള സമരത്തെപ്പറ്റിയായിരുന്നു.

സി.ശരത്ചന്ദ്രൻ

സിനിമയുടെ സൗന്ദര്യശാസ്ത്രത്തിന് ഒട്ടും പരിക്കേല്പിക്കാതെ വസ്തുതകൾ ആഖ്യാനം ചെയ്യുന്ന ഡോക്യുമെന്ററികളാണ് കെ.ആർ. മനോജിന്റെത്. 2010 ൽ ദേശീയ അവാർഡു നേടിയ എ പെസ്റ്ററിങ്ങ് ജേണി നരഹത്യയുടെയും കീടഹത്യയുടെയും പിന്നിലെ ദുരന്തങ്ങളെ വിശകലനം ചെയ്യുന്നു. സ്വസ്ഥത തരുന്ന ഒട്ടേറെ വിരുദ്ധ ദ്വന്ദ്വങ്ങളെ- ജീവിതം/ മരണം ,പ്രകൃതി /സംസ്‌കൃതി ഇത്യാദി - അത് പ്രശ്‌നവത്കരിക്കുന്നു. 16 mm മെമ്മറീസ് മൂവ്‌മെൻറ്​ ആൻഡ് മെഷീൻ (2008), കേസരി (2013) വർക്ക് ഒഫ് ഫയർ (2012) എന്നിവയാണ് മനോജിന്റെ മറ്റു ഡോക്യുമെന്ററികൾ.

എഴുത്തുകാരനും അദ്ധ്യാപകനുമായ എം.എ. റഹ്മാൻ ആക്റ്റിവിസ്റ്റും സൂക്ഷ്മദൃക്കായ ഡോക്യുമെന്ററി ചലച്ചിത്രകാരനുമാണ്. അദ്ദേഹത്തിന്റെ അരജീവിതങ്ങൾക്ക് ഒരു സ്വർഗം (2004), കാസർഗോട്ടുള്ള എൻഡോസൾഫാൻ ഇരകൾക്കായി ശബ്ദമുയർത്തുന്ന സാമൂഹ്യ പ്രവർത്തകന്റെ ചലച്ചിത്രത്തിലൂടെയുള്ള ഒരു പ്രതികരണമാണ്. ബഷീർ ദി മാൻ (1987), കോവിലൻ എന്റെ അച്ചാച്ചൻ (2004) കുമരനെല്ലൂരിലെ കുളങ്ങൾ ( 2016) എന്നിവ യഥാക്രമം ബഷീർ, കോവിലൻ, എം. ടി എന്നീ എഴുത്തുകാരുടെ ഉള്ളിലേക്കുള്ള തീർത്ഥാടനമാണ് .

ദേശീയ അവാർഡു നേടിയ കെ.ആർ. മനോജിൻറെ 'എ പെസ്റ്ററിങ്ങ് ജേണി' യിൽ നിന്ന്

ആനകളെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന മിഥ്യകൾ പൊളിച്ചടുക്കിയ ഒരു ശ്രദ്ധേയ ചിത്രമായിരുന്നു പി. ബാലന്റെ 2003ലെ പതിനെട്ടാമത്തെ ആന. മനുഷ്യകേന്ദ്രീകൃതവും സാമ്പത്തികമാത്ര പ്രചോദിതവുമായ സമീപനങ്ങൾ എങ്ങനെ ആനകളെപ്പോലുള്ള വന്യജീവികൾക്ക് വിനയായിത്തീരുന്നു എന്ന് ആ ചിത്രം പരിശോധിക്കുന്നു.

പാരിസ്ഥിതികമായ പ്രമേയങ്ങളെടുത്ത് ഡോക്യുമെന്ററി നിർമിച്ച് ദേശീയ പുരസ്‌കാരങ്ങൾ നേടിയ സംവിധായകരിൽ ശ്രദ്ധേയനാണ് ബാബു കാമ്പ്റത്ത്. കാനം (2010), കൈപ്പാട് (2010), ബിഹൈൻഡ് ദി മിസ്റ്റ് (2012), മദർബേഡ് (2016) എന്നിവയാണ് മുഖ്യ ചിത്രങ്ങൾ. വ്യത്യസ്ത സ്ഥല/ജല ആവാസ വ്യവസ്ഥകളും ജൈവവൈവിധ്യവും തമ്മിലുള്ള പാരസ്പര്യവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവുമാണ് മുഖ്യപ്രമേയം. ബിഹൈൻഡ് ദി മിസ്റ്റ് മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ നൂറ്റാണ്ടുകളായി അടിമ ജീവിതം നയിക്കുന്ന തൊഴിലാളികളുടെ ദുരിതം വരച്ചുകാട്ടുന്നു.

ഡിജിറ്റൽ സാങ്കേതിക വിദ്യ വികസിക്കുകയും ഫോണുകളും ക്യാമറയായി ഉപയോഗിക്കാനുള്ള അവസരമുണ്ടാവുകയും ചെയ്ത ഈ കാലഘട്ടം ഡോക്യുമെന്ററി നിർമ്മിക്കാനുള്ള അനന്തമായ സാധ്യതകളുടെ അക്ഷയഖനിയാണ് തുറന്നിടുന്നത്.

രാംദാസ് കടവല്ലൂരിന്റെ മണ്ണ് എന്ന ചിത്രം മൂന്നാറുൾപ്പെടെയുള്ള മലയോര മേഖലയിൽ അടിസ്ഥാന വർഗം നേരിടുന്ന ഭൂപ്രശ്‌നവും അവർ നടത്തുന്ന പോരാട്ടങ്ങളും സമഗ്രമായി അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നു. കേരളീയ സമൂഹത്തിൽ ജാതി -ലിംഗ- വർഗ പദവികൾ സൃഷ്ടിക്കുന്ന കടുത്ത വെല്ലുവിളികൾ എന്ത് എന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരത്തിലൂടെ തുറന്നു കാട്ടാനുള്ള ശ്രമം ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കുന്നുണ്ട്.

വിധുവിൻസെന്റിന്റെ വൃത്തിയുടെ ജാതി (2014) ഓടകൾ വൃത്തിയാക്കുന്നവർക്കെതിരായ ജാതിവിവേചനത്തിന്റെ പ്രശ്‌നം ചിത്രീകരിക്കുന്നു.

ഇത്രയും യാതഭാഗം എന്ന പേരിൽ കവി.എ.അയ്യപ്പനെക്കുറിച്ചും വേട്ടയാടപ്പെട്ട മനസ്സ് എന്ന പേരിൽ വർഗീസിനെ വെടിവെച്ചുകൊന്ന പൊലീസുകാരൻ രാമചന്ദ്രൻ നായരെക്കുറിച്ചും ഒഡേസ സത്യൻ നിർമിച്ച രണ്ടു ഡോക്യുമെന്ററികൾ രണ്ട് വ്യക്തികളുടെയും സംഘർഷഭരിതമായ ജീവിതം അടുത്തറിയുന്ന ഒരാളുടെ രേഖപ്പെടുത്തലുകളാണ്. സത്യന്റെ മോർച്ചറി ഓഫ് ലവ്, അഗ്‌നിരേഖ എന്നീ ചിത്രങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്.

എടക്കൽ ശിലാലിഖിതങ്ങളെക്കുറിച്ച് എ. ടി. മോഹൻരാജ് രചിച്ച ഡോക്യുമെന്ററി ആ വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണമാണ്.

കൂടംകുളത്തുണ്ടായ ആണവ നിലയ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ചില ആണവ വിരുദ്ധ ഡോക്യുമെന്ററികളുണ്ടായി. അമുതന്റെ റേഡിയേഷൻ സ്റ്റോറീസ് III , സതീശിന്റെ ടൈംബോമ്പ് അറ്റ് ദി ഡോർ സ്റ്റെപ്പ്, മനില സി. മോഹന്റെ അണുഗുണ്ട് എന്നിവ ഇക്കൂട്ടത്തിൽ എടുത്തുപറയാവുന്നവയാണ്.

അകാലത്ത് അന്തരിച്ച പ്രശസ്ത ശില്പകലാകാരൻ അശോകൻ പൊതുവാളിന്ന് സ്മരണാഞ്ജലിയായി ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി 2006 ൽ നിർമ്മിച്ച ഇരുട്ടിലെന്ന പോലെ എന്ന ചിത്രം ആ പ്രശസ്ത കലാകാരന്റെ ജീവിതവും സൃഷ്ടികളും എളിയ മട്ടിൽ പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണ്. ജിനേഷ് കുമാർ എരമം ആണ് ചിത്രം സംവിധാനം ചെയ്തത്.

ഫോക്ക് ലോറിലും വിശേഷിച്ച് തെയ്യത്തിലും പഠനം നടത്തുന്ന വി.കെ. അനിൽകുമാർ ഈ പ്രതിനിധാനങ്ങളെ ചലച്ചിത്രത്തിൽ ആവിഷ്‌കരിക്കാൻ ഏറെ ത്യാഗം സഹിച്ച് ശ്രമിച്ചിട്ടുള്ള ഗവേഷക- കലാകാരനാണ് അദ്ദേഹത്തിന്റെ മേലേരി, ദൈവക്കരു, കനലാടി എന്നീ ചിത്രങ്ങൾ സമ്മാനിതമായ ഡോക്യുമെന്ററികളാണ്. തെയ്യം എന്ന അനുഷ്ഠാനകലയെക്കുറിച്ച് പഠിക്കുന്നവർ അവശ്യമായും കണ്ടിരിക്കേണ്ട ആധികാരിക രേഖകൾ കൂടിയാണ് അവ.

നമ്മുടെ കാലത്തെ, അതിന്റെ സ്പന്ദനങ്ങളെ, സൂക്ഷ്മമായി ഗ്രഹിക്കുവാൻ ഡോക്യുമെന്ററി പോലെ കാര്യക്ഷമമായ മറ്റൊരു സ്പർശിനി ഇല്ല എന്നതാണ് അതിന്റെ പ്രാധാന്യം ഇത്രയധികം വർധിപ്പിക്കുന്നത്.

മുറിവുണങ്ങാത്ത ബാല്യങ്ങൾ, നമുക്കും അവർക്കും ഇടയിൽ, അവൻ, മഴ, നിഴലുകൾ, ഭാഗ്യ സിംഗർ ഇൻ എ ഡെമോക്രസി എന്നീ ചിത്രങ്ങൾക്ക് യഥാക്രമം2001 മുതൽ 2006 വരെ ഉള്ള ഓരോ വർഷവും കേരള സംസ്ഥാന അവാർഡുകൾ ലഭിച്ച ഷൈനി ജേക്കബ് ബെഞ്ചമിൻ എന്ന ചലച്ചിത്രകാരി 2010 ൽ ദയാബായിയെ കുറിച്ച് നിർമിച്ച ഒറ്റയാൾ എന്ന ചിത്രത്തിന് ഒട്ടേറെ സംസ്ഥാന- ദേശീയ പുരസ്‌കാരങ്ങൾ ലഭിക്കുകയുണ്ടായി. 2014 ലെ ട്രാൻസ്ലേറ്റഡ് ലൈവ്‌സ് എ മൈഗ്രേഷൻ റീവിസിറ്റഡ് എന്ന ചിത്രത്തിന് കൽക്കത്തയിലെ അന്താരാഷ്ട്ര ലഘുചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. വേലുത്തമ്പി ദളവയുടെ ജീവിതകഥയെ ആസ്പദമാക്കി 2017ൽ രചിച്ച ദി സ്വോർഡ് ഓഫ് ലിബർട്ടി (സ്വാതന്ത്ര്യത്തിന്റെ ഖഡ്ഗം) നിരവധി ദേശീയ സംസ്ഥാന അവാർഡുകൾ നേടി..

പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിനെ ആസ്പദമാക്കി കഥാകൃത്ത് സക്കറിയ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ ദസ്തയേവ്‌സ്‌കിയും അന്നയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രചിച്ച ഡോക്യുഫിക്ഷൻ ചിത്രം ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് റഷ്യയിൽ സെൻ പീറ്റേഴ്‌സ് ബർഗിൽ വച്ച് തന്നെ ചിത്രീകരിച്ച ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്.

ഡോക്യുഫിക്ഷൻ ചിത്രമായ 'ഇൻ റിട്ടേൺ ജസ്റ്റ്' ൽ നിന്ന്

മലയാളത്തിലെ പ്രശസ്ത കഥാകാരൻ സുസ്‌മേഷ് ചന്ത്രോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത പത്മിനി (2018 ) എന്ന ചിത്രം കേരളത്തിൽ അർഹിക്കുന്ന ശ്രദ്ധ ലഭിക്കാതെപോയ ടി .കെ. പദ്മിനി എന്ന വലിയ ചിത്രകാരിയുടെ ജീവിതം പരിചയപ്പെടുത്തുന്ന നല്ല രചനയാണ്.

സി-ഡിറ്റ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയും ദൂരദർശനുവേണ്ടിയും ചരിത്രം, പരിസ്ഥിതി സംരക്ഷണം, കൃഷി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് 90 കളിൽ ധാരാളം ചിത്രങ്ങൾ രചിക്കപ്പെടുകയുണ്ടായി. സതീശൻ പൊതുവാൾ, ഇ. ഉണ്ണികൃഷ്ണൻ എന്നിവർ നിർമ്മിച്ച ഒട്ടേറെ സിനിമകൾ ഇത്തരത്തിൽ ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്നു.

കണ്ണൂർ കാസർകോട് ജില്ലകളിലെ പാറക്കുളങ്ങളുടെ ആവാസവ്യവസ്ഥയെ ചുറ്റിപ്പറ്റി ജീവിക്കുന്ന വൈവിധ്യമാർന്ന ജീവികളുടെ ഋതുഭേദങ്ങളിൽ മാറിവരുന്ന ചര്യകൾ ഒപ്പിയെടുത്ത ഒരു ലഘു ഡോക്യുമെന്ററിയാണ് ജയേഷ് പാടിച്ചാലിന്റെ പള്ളം ഒരു ജീവാഭയം (2021). ക്യാമറാമാൻ കൂടിയായ സംവിധായകന്റെ ക്ഷമയും സൂക്ഷ്മനിരീക്ഷണവും ചേർന്ന് ഈ ചിത്രത്തെ അന്യാദൃശ്യമായ ഒരു അനുഭവമാക്കി മാറ്റുന്നു. ഇതേസമയത്തുതന്നെ പുറത്തുവന്ന, വനംവകുപ്പ് നിർമ്മിച്ച് പരിസ്ഥിതി ഫോട്ടോഗ്രാഫറായ പ്രസൂൺ കിരൺ സംവിധാനം ചെയ്ത ഗാർഡ്‌സ് ഓഫ് ദി കോസ്റ്റ് ലൈൻ എന്ന ചിത്രം കണ്ടൽക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം എടുത്തു കാട്ടുന്ന ശ്രദ്ധേയമായ മറ്റൊരു രചനയാണ്.

കണ്ണൂർ കാസർകോട് ജില്ലകളിലെ പാറക്കുളങ്ങളുടെ ആവാസവ്യവസ്ഥയെ ചുറ്റിപ്പറ്റി ജീവിക്കുന്ന വൈവിധ്യമാർന്ന ജീവികളുടെ ഋതുഭേദങ്ങളിൽ മാറിവരുന്ന ചര്യകൾ ഒപ്പിയെടുത്ത ഒരു ലഘു ഡോക്യുമെന്ററിയാണ് ജയേഷ് പാടിച്ചാലിന്റെ പള്ളം ഒരു ജീവാഭയം

ഡിജിറ്റൽ സാങ്കേതിക വിദ്യ വികസിക്കുകയും ഫോണുകളും ക്യാമറയായി ഉപയോഗിക്കാനുള്ള അവസരമുണ്ടാവുകയും ചെയ്ത ഈ കാലഘട്ടം ഡോക്യുമെന്ററി നിർമ്മിക്കാനുള്ള അനന്തമായ സാധ്യതകളുടെ അക്ഷയഖനിയാണ് നമ്മുടെ മുന്നിൽ തുറന്നിടുന്നത്. ആ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള പ്രതിബദ്ധതയും പ്രതിഭയുമാണ്​ ആവശ്യമായിട്ടുള്ളത്. നിരവധി പരീക്ഷണാത്മകമായ രചനകൾ ഈയൊരു സാഹചര്യത്തിൽ ഉണ്ടാവുന്നുണ്ട്; അവ ലഘുചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുന്നുമുണ്ട്. ഇത് പറയുമ്പോഴും ഡോക്യുമെന്ററി കാണാനുള്ള സൗകര്യങ്ങളും അവസരങ്ങളും ഇപ്പോഴും നമുക്ക് പരിമിതമാണ് എന്നതാണ് ഖേദകരമായ വസ്തുത.

സ്വതന്ത്ര സിനിമ രചയിതാക്കൾ ഏറെ പ്രയാസപ്പെട്ട്, സാമ്പത്തിക പരാധീനതകൾ സഹിച്ച്, ചിത്രം നിർമിച്ച് , സ്വയം താല്പര്യമെടുത്ത് മേളകളിൽ മത്സരിച്ച് പുരസ്‌കാരങ്ങൾ നേടിയാൽ പോലും അത്തരം ചിത്രങ്ങൾ ഐ എഫ് എഫ് കെ, ഐ ഡി എസ് എഫ് എഫ് കെ, സൈൻസ് തുടങ്ങിയ നമ്മുടെ മേളകളിൽ വിരളമായേ പ്രദർശിപ്പിക്കപ്പെടാറുള്ളൂ. മേളകളിൽ ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കൂടുതൽ അവസരങ്ങളുണ്ടാക്കുവാൻ ചലച്ചിത്ര അക്കാദമിക്കും ഫെസ്റ്റിവൽ സംഘാടകർക്കും കഴിയേണ്ടതുണ്ട്. സ്വതന്ത്രമായി ഡോക്യുമെന്ററി എടുക്കുന്നവർക്ക് സർക്കാർ തലത്തിൽ സാമ്പത്തിക സഹായം നൽകാനും അവരുടെ രചനകൾ സർക്കാർ തിയേറ്ററുകളിൽ എങ്കിലും പതിവായി പ്രദർശിപ്പിക്കാനും സൗകര്യമുണ്ടാവണം. ഡോക്യുമെന്ററി ധാരാളമായി കാണാൻ താൽപര്യപ്പെടുന്ന പ്രേക്ഷകരുടെ സമ്മർദ്ദം ഉണ്ടെങ്കിൽ മാത്രമേ ഇത്തരം നടപടികൾ സർക്കാരിന്റെ പക്ഷത്തുനിന്ന് ഉണ്ടാവൂ.

സ്വതന്ത്ര സിനിമ രചയിതാക്കൾ ഏറെ പ്രയാസപ്പെട്ട് നിർമ്മിക്കുന്ന ചിത്രങ്ങൾ, സ്വയം താല്പര്യമെടുത്ത് മേളകളിൽ മത്സരിച്ച് പുരസ്‌കാരങ്ങൾ നേടിയാൽ പോലും അവ ഐ എഫ് എഫ് കെ, ഐ ഡി എസ് എഫ് എഫ് കെ, സൈൻസ് തുടങ്ങിയ നമ്മുടെ മേളകളിൽ വിരളമായേ പ്രദർശിപ്പിക്കപ്പെടാറുള്ളൂ.

ഡോക്യുമെന്ററി സിനിമകളെക്കുറിച്ചുള്ള ഈ ഉപന്യാസം സമഗ്രമോ സമ്പൂർണമോ അല്ല. അനുദിനമെന്നോണം നൂറുകണക്കിന് പുതിയ രചനകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ചിത്രങ്ങൾ മിക്കതും കാണാനോ അവയെക്കുറിച്ച് ധാരണകൾ സ്വരൂപിക്കാനോ എളുപ്പവുമല്ല. എങ്കിൽപോലും താല്പര്യമുള്ളവർക്ക് കൂടുതൽ അന്വേഷണത്തിനുള്ള ഒരു പ്രേരണയാവുക എന്നതാണ് ഈ ലേഖനത്തിന്റെ മുഖ്യലക്ഷ്യം. സാമാന്യമായി സ്വന്തം ഓർമ, വിഷയപരിചയം ഇവയെ ആസ്പദമാക്കിയാണ് മിക്ക ചിത്രങ്ങളും പരാമർശിക്കപ്പെട്ടിട്ടുള്ളത്. ചിലപ്പോൾ വസ്തുതകൾക്കായി മാധ്യമങ്ങളെയും ആശ്രയിച്ചിട്ടുണ്ട്. എന്നാലും ഒട്ടേറെ പ്രധാനപ്പെട്ട രചനകൾ പരാമർശിക്കാതെ വിട്ടുപോയിട്ടുണ്ടാകും എന്നുറപ്പാണ്. അവ വായനക്കാർ കൂട്ടിച്ചേർക്കുകയും മറ്റു വായനക്കാർക്ക് കൂടി പങ്കിടുകയും ചെയ്യുക. അങ്ങനെ, വായനക്കാർ ചിന്തകരാണ് എന്ന സൂക്തം അന്വർഥമാക്കുക. നമ്മുടെ കാലത്തെ, അതിന്റെ സ്പന്ദനങ്ങളെ, സൂക്ഷ്മമായി ഗ്രഹിക്കുവാൻ ഡോക്യുമെന്ററി പോലെ കാര്യക്ഷമമായ മറ്റൊരു സ്പർശിനി ഇല്ല എന്നതാണ് അതിന്റെ പ്രാധാന്യം ഇത്രയധികം വർധിപ്പിക്കുന്നത്. സത്യസന്ധമായി പഠിക്കാനും പഠിപ്പിക്കാനും ഉണർത്താനും ഊർജ്ജസ്വലരാക്കാനും ഇത്രയും പറ്റിയ മാധ്യമം മറ്റൊന്നില്ല. അതുകൊണ്ടുതന്നെ കേവലം കാണുക എന്നതിനപ്പുറത്ത്, ഈ സത്യാനന്തര കാലത്ത് അതിനെ ദുരുപയോഗപ്പെടുത്തുന്നത് തടയാനുള്ള ജാഗ്രതയും അവബോധവും പ്രേക്ഷകർ നേടിയെടുക്കുകകൂടി വേണം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments