Photo : Augmented Reality Cinema

സിനിമ വെറും യാഥാർഥ്യമല്ല,
ഭാവനയാണ്​

ഭാവനയിലൂടെ ആവിഷ്‌കരിക്കുന്ന യാഥാർത്ഥ്യമാണ് കലയിലെ സത്യം. ഈ സത്യം തന്നെയാണ് മികച്ച സിനിമകളെ ‘യഥാർത്ഥം' ആക്കുന്നത്.

പ്രശസ്ത ചലച്ചിത്രകാരനും കാർട്ടൂണിസ്റ്റും എഴുത്തുകാരനും പരിസ്ഥിതി ആക്ടിവിസ്റ്റുമായ സുഹൃത്ത് കെ. പി. ശശിയുടെ ‘നിയന്ത്രിക്കുന്ന ബിംബങ്ങൾ'
എന്ന കവിത (‘ഇമേജസ് ദാറ്റ് കൺട്രോൾ; കൗണ്ടർ കറൻറ്സ്​, 31 മെയ്, 2022) ഇങ്ങനെ ആരംഭിക്കുന്നു:‘സ്‌ക്രീനിൽ ഞാൻ കണ്ട ബിംബങ്ങൾക്ക് യഥാർത്ഥ ജീവിതത്തിലുള്ള ബിംബങ്ങളുമായി ഒരിക്കലും മത്സരിക്കാൻ കഴിയുമായിരുന്നില്ല. മാജിക് ലാന്റേണിന് ഒരിക്കലും യഥാർത്ഥ ജീവിതത്തിന്റെ ഇന്ദ്രജാലം ഉണ്ടായിരുന്നില്ല. അസ്വസ്ഥമായ ഏതു തലച്ചോറിനെയും തകർക്കുന്ന ധാരാളം കഥകൾ ഉണ്ടായിരുന്നു. അവയിൽ അനുഭവങ്ങളും ആശയങ്ങളും അളവറ്റ തോതിൽ കലർന്നിരുന്നു. ജീവിതത്തെ ഫ്രെയിമുകൾക്കുള്ളിൽ ഒതുക്കാനുള്ള ശ്രമത്തിൽ ബിംബങ്ങളുടെ സൃഷ്ടി ജീവിതത്തിന്റെ തന്നെ സൃഷ്ടിയെക്കാൾ മികവുറ്റതായി ... ഭൂതകാലത്തിന്റെ പൊട്ടിപ്പൊളിഞ്ഞ നിഴലുകൾക്കും ഭാവിയുടെ ഉടഞ്ഞ കണ്ണാടികൾക്കുമിടയിലൂടെ ഞാനിപ്പോഴും ഒരു അജ്ഞാത ജനാലക്കരികിലേക്ക് നടക്കുകയാണ്, നാട്ടുവെളിച്ചം തേടിക്കൊണ്ട് '

മിഥ്യയായ സിനിമ യാഥാർത്ഥ്യത്തിന്റെ ഒരു മിഥ്യാബോധം സൃഷ്ടിക്കുന്നുണ്ട്. ശീലം കൊണ്ട് നാം ഈ മിഥ്യയെ യാഥാർത്ഥ്യമായി അംഗീകരിക്കാൻ സന്നദ്ധരുമാണ്. / Photo : weheartit.com

​സിനിമയും യാഥാർഥ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആലോചനകളിൽ പ്രാഥമികമായി നാം തിരിച്ചറിയുന്ന ഒരു സത്യമാണ് ശശി ഈ കവിതയിലൂടെ വെളിപ്പെടുത്തുന്നത്. സിനിമയിൽ സംഭവിക്കുന്ന കാര്യങ്ങൾ പ്രേക്ഷകരെ വൈകാരികമായി ശരിക്കും ബാധിക്കുമെങ്കിലും അവയെ യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളായി അവർ കരുതുന്നില്ല.

കലയെ ജീവിതമായി നമ്മൾ തെറ്റിദ്ധരിക്കുന്നില്ല. ഇവിടെ, മനോഭാവത്തിലുള്ള വ്യത്യാസം പ്രധാനമാകുന്നു. നമ്മൾ തിയേറ്ററിൽ പോകുന്നത് സിനിമ കാണാനാണ് എന്നറിയുന്നതുകൊണ്ടുതന്നെ, അതിലുള്ള സംഭവങ്ങൾ എത്രമാത്രം നമ്മെ സ്പർശിക്കുന്നുണ്ടെങ്കിലും അത് സിനിമയായല്ലാതെ ജീവിതമായി നമ്മൾ കണക്കാക്കുന്നില്ല. അപ്പോഴും, മിഥ്യയായ സിനിമ യാഥാർത്ഥ്യത്തിന്റെ ഒരു മിഥ്യാബോധം സൃഷ്ടിക്കുന്നുണ്ട്. ശീലം കൊണ്ട് നാം ഈ മിഥ്യയെ യാഥാർത്ഥ്യമായി അംഗീകരിക്കാൻ സന്നദ്ധരുമാണ്.

പ്രേക്ഷകർക്ക് സിനിമ ‘വെറുതെ കണ്ടിരുന്നാൽ' മതി എന്നും കലാകാരർക്കാണ്​അതിൽ തികച്ചും സക്രിയ പങ്കാളിത്തം ഉള്ളത് എന്നും പറയാറുണ്ട്. എന്നാൽ ഇത് അത്ര ശരിയല്ല.

പ്രശസ്ത നിരൂപകനും കവിയുമായ കോൾറിഡ്ജ് ‘വില്ലിംഗ് സസ്‌പെൻഷൻ ഓഫ് ഡിസ്ബിലീഫ് ' എന്ന് വിശേഷിപ്പിച്ച, അവിശ്വാസത്തെ സ്വമേധയാ തൽക്കാലം ഒഴിവാക്കുന്ന മാനസികപ്രക്രിയയാണ് ഇതിൽ അന്തർഭവിച്ചിരിക്കുന്നത്. പ്രേക്ഷകർ എന്ന നിലയ്ക്ക് കളിയുടെ നിയമങ്ങൾ അംഗീകരിക്കുവാൻ നമ്മൾ മുൻകൂട്ടി തയ്യാറാണ്. അങ്ങനെ അംഗീകരിക്കുന്നിടത്ത് മാത്രമേ കലാകാരർക്ക് സൃഷ്ടി നടത്താൻ കഴിയൂ. മാനസികമായി മാത്രം നാം അംഗീകരിക്കുന്ന സത്യം, യാഥാർത്ഥ്യം, അഥവാ സാധുത, അപ്പോൾ യഥാർത്ഥത്തിൽ നിലവിലുള്ളതിന്റെ അത്രതന്നെ പ്രധാനമായിത്തീരുന്നുണ്ട്.

സാമുവൽ ടെയ്‌ലർ കോൾറിഡ്ജ്

സ്‌ക്രീനിൽ നടക്കുന്ന സംഭവങ്ങൾ ‘ഇവിടെ' ‘ഇപ്പോൾ' നടക്കുന്നതല്ല; എവിടെയോ എപ്പോഴോ നടക്കാവുന്നവ മാത്രമാണ്. സംഭവം നടക്കുമ്പോഴുള്ള നമ്മുടെ സാന്നിദ്ധ്യം യഥാർത്ഥമായി അനുഭവപ്പെടുമെങ്കിലും, ശക്തമായ വൈകാരിക പ്രതികരണങ്ങൾ അതുളവാക്കുമെങ്കിലും, അത് ‘യഥാർത്ഥ'മല്ല എന്ന ബോധം അപ്പോഴും അടിയിലുണ്ടായിരിക്കും. ഈ സംഭവങ്ങൾ ആവർത്തിക്കപ്പെടാം; അവ വീണ്ടും കാണാം. അത് കലയുടെ സവിശേഷതയാണ്.

‘മറ്റ് കലകളിൽ നിന്ന് വിഭിന്നമായി സിനിമ യാഥാർത്ഥ്യത്തിന്റെ വ്യക്തമായ പ്രതീതി പ്രേക്ഷകമനസ്സുകളിൽ സൃഷ്ടിക്കുന്നു. ഇതിന് അനേകം കാരണങ്ങളുണ്ട്. ഒന്നാമത്തേത് ചലനം പുനഃസൃഷ്ടിക്കാനുള്ള സിനിമയുടെ കഴിവാണ്. ചലിക്കുന്നതെന്തും മറ്റൊരു കാരണവുമില്ലാതെ തന്നെ നമ്മെ ആകർഷിക്കുന്നുണ്ട്- ഒഴുകുന്ന വെള്ളം, സഞ്ചരിക്കുന്ന മേഘം, നൃത്തംചെയ്യുന്ന തീജ്വാലകൾ, പറക്കുന്ന പക്ഷികൾ അങ്ങനെ അങ്ങനെ പലതും. ചലനത്തിന്റെ സാന്നിധ്യം സിനിമയിലെ ബിംബങ്ങളെ കൂടുതൽ യഥാർത്ഥമാക്കുന്നുണ്ട്. രണ്ടാമത്തെ സംഗതി, ഫോട്ടോഗ്രാഫിയിലൂടെ സൃഷ്ടിക്കപ്പെടുന്ന ബിംബങ്ങൾ കുറേക്കൂടി വിശ്വാസവും ആധികാരികവുമാണ്​ എന്ന തോന്നലാണ്. മൂന്നാമത്തേത്, സിനിമ നടക്കുന്നത് വർത്തമാനകാലത്ത്, നമ്മുടെ സാന്നിദ്ധ്യത്തിലാണ് എന്ന പ്രതീതിയാണ്. ഇവിടെ പ്രേക്ഷകരുടെ മനോഭാവവും ഇതിനനുകൂലമായ ഒരു ഘടകമാണ്. ഡോക്യുമെന്ററിയിൽ കാണുന്നതുപോലുള്ള യാഥാർത്ഥ്യം കഥാചിത്രത്തിലും ദർശിക്കാൻ ഫോട്ടോഗ്രാഫിയുടെ ശേഷി സഹായിക്കുന്നുണ്ട് '

ഒരു സിനിമ ‘നല്ലത് ' അഥവാ ‘ചീത്ത ' എന്നൊക്കെ വിലയിരുത്തണമെങ്കിൽ ആ സിനിമ നിർവഹിക്കുന്ന സാമൂഹികധർമങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഒരു ധാരണ വിമർശകർക്ക്​ ആവശ്യമാണ്.

മൂർത്തമായ ബിംബങ്ങളാണ് സിനിമയിലുള്ളത്. ഇത് അതിനെ നോവലിൽ നിന്നും നാടകത്തിൽ നിന്നും വിഭിന്നമാക്കുന്ന നാലാമത്തെ ഘടകമാണ്. എഴുതപ്പെട്ട അഥവാ ഉച്ചരിക്കപ്പെട്ട വാക്കുകളാണ് നോവലിലും നാടകത്തിലുമുള്ളത്. സിനിമയും ഒരുതരം ‘എഴുത്ത് ' തന്നെയെങ്കിലും അത് ചിത്രമെഴുത്താണ്. മൂർത്തവും ചിത്രത്തിന്റെ ദൃശ്യസ്വഭാവമുള്ളതുമായ മാധ്യമസ്വഭാവം നിലനിർത്തിക്കൊണ്ട് വേണമെങ്കിൽ സിനിമയിലും അമൂർത്തമായ ആശയങ്ങൾ ആവിഷ്‌കരിക്കാം. അതീതയാഥാർഥ്യവും പ്രതീകാത്മകതയും
എല്ലാം സിനിമയ്ക്കും വഴങ്ങും. ദൃശ്യബിംബങ്ങളുടെ സന്നിവേശം അതിന് അനുയോജ്യമായ രീതിയിലായിരിക്കണം എന്നുമാത്രം.
പ്രേക്ഷകർ ഇരുട്ടത്തിരുന്ന് വലിയൊരു സ്‌ക്രീനിൽ കാണുകയാണ് എന്നതും സിനിമയുടെ കാഴ്ചയെ സ്വാധീനിക്കുന്നുണ്ട്. നമ്മൾ ചിത്രം കാണുകയാണെന്ന പ്രതീതി അല്ല; ദൃശ്യബിംബങ്ങൾക്കിടയിൽ തന്നെയാണ് നമ്മൾ ഉള്ളത് എന്ന പ്രതീതിയാണ് സിനിമ മിക്കപ്പൊഴും സൃഷ്ടിക്കുന്നത്.

സിനിമയിലെ യാഥാർത്ഥ്യം രണ്ടു തലങ്ങളിൽ നിലനിൽക്കുന്നുണ്ട്. ‘ശാരീരികം', ‘മാനസികം' എന്നിങ്ങനെ ഇവയെ വേർതിരിക്കാം. വേഷവിധാനങ്ങൾ, പശ്ചാത്തലങ്ങൾ, പെരുമാറ്റരീതികൾ, സംഭാഷണം തുടങ്ങിയവയെ ശാരീരിക ത്തിൽ പെടുത്താം. ഇവയുടെ സ്വാഭാവികതയാണ് യഥാർത്ഥമെന്ന പ്രതീതി സൃഷ്ടിക്കുക. കാമറയും മൈക്രോഫോണും ഈ യാഥാർത്ഥ്യ പ്രതീതി ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നു. എങ്കിലും ഫ്രെയിമുകൾ, കാമറ ആംഗിളുകൾ, ദീപസംവിധാനം, എഡിറ്റിംഗ്, പശ്ചാത്തലസംഗീതത്തിന്റെ ഉപയോഗം ഇവയൊക്കെ യാഥാർത്ഥ്യം ആവിഷ്‌കരിക്കാൻ രചയിതാവ് പ്രയോജനപ്പെടുത്തുന്ന മാധ്യമ സവിശേഷതകളാണ്. അവ ആ അർത്ഥത്തിൽ ‘ശാരീരികം' ആണെന്ന് പറയാൻ കഴിയില്ല.

ടെറൻസ് മാലികിന്റെ 'ട്രീ ഓഫ് ലൈഫ്' എന്ന ചിത്രത്തിലെ രംഗങ്ങൾ. 'മൂർത്തവും ചിത്രത്തിന്റെ ദൃശ്യസ്വഭാവമുള്ളതുമായ മാധ്യമസ്വഭാവം നിലനിർത്തിക്കൊണ്ട് വേണമെങ്കിൽ സിനിമയിലും അമൂർത്തമായ ആശയങ്ങൾ ആവിഷ്‌കരിക്കാം.'

ഇവയിലൂടെ ക്രമീകരണങ്ങൾ മാറ്റാം; വസ്തുതകളെ വളച്ചൊടിക്കാം; കാഴ്ചകളെ വക്രീകരിക്കാം. എങ്കിലും, ഒരു നിശ്ചിത സമൂഹം സ്വീകാര്യമായി കരുതുന്ന രീതിയിലായിരിക്കും ഇവയിലൂടെ യാഥാർത്ഥ്യം ആവിഷ്‌കരിക്കപ്പെടുക. അമൂർത്തവത്കരണത്തിലൂടെ രൂപപരമായി റിയലിസത്തിന്റെ പരിമിതികളെ മറികടക്കാൻ ഈ തന്ത്രങ്ങൾ സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന്, ജർമൻ എസ്​സ്​പ്രഷനിസ്റ്റ് സിനിമയായ ‘കാബിനറ്റ് ഓഫ് ഡോക്ടർ കാലിഗരി' പോലുള്ള സിനിമകൾ യാഥാർഥ്യത്തെ അതേപടി ചിത്രീകരിച്ച് വ്യക്തമാക്കുകയല്ല; അമൂർത്തമായി സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാ കലകളിലും പ്രേക്ഷകർ മുൻകൂട്ടി അംഗീകരിക്കുന്ന ചില പരമ്പരാഗത മുൻധാരണകളും നാട്ടുനടപ്പുകളും ഉണ്ട്. അവ കടന്നുവരുമ്പോൾ അക്കാരണം കൊണ്ട് അവർ അവയുടെ യാഥാർത്ഥ്യത്തെ അവിശ്വസിക്കുന്നില്ല.

ഒരു കലാസൃഷ്ടി വിലയിരുത്തപ്പെടുന്നത് മിക്കപ്പോഴും വ്യക്തിനിഷ്ഠമായി മാത്രമായിരിക്കും. കാരണം, ശാസ്ത്രീയമായ വസ്തുനിഷ്ഠതയും ഭൗതികമായ യുക്തിയും വെച്ചുകൊണ്ട് ഇത്തരമൊരു വിലയിരുത്തൽ ഏതാണ്ട് അസാധ്യമാണ്

മാനസികതലത്തിൽ യാഥാർത്ഥ്യം എന്നത് ആശയങ്ങളുടെ, വികാരങ്ങളുടെ പെരുമാറ്റങ്ങളുടെ മനുഷ്യസ്വഭാവത്തിന്റെ, സാർവത്രികതയുടെ ഒക്കെ സ്വാഭാവികതയാണ്. കലാകാരന്റെ അനുഭവതീവ്രതയും ആവിഷ്‌കാരത്തിലുള്ള ആത്മാർഥതയുമാണ് ഇതിന്റെ സാക്ഷാത്കാരത്തിൽ നിർണായകമാകുന്നത്. ബുദ്ധിപരതയും നിർമാണകൗശലവും അല്ല, പ്രേക്ഷകനിലേക്ക് സംക്രമിപ്പിക്കാൻ കഴിയുന്ന അനുഭവതീവ്രതയാണ് പ്രധാനം.

ഈ തീവ്രതയാണ്, സാങ്കേതികമായ എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ പോലും, സത്യസന്ധതയും ആത്മാർത്ഥതയുമുള്ള അവതരണമായി ഒരു കലാസൃഷ്ടിയെ ആസ്വദിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. ഭാവനയുടെ അടിസ്ഥാനത്തിലുള്ള ആവിഷ്‌കാരമാണ് മാനസികതലത്തിലുള്ളത്. ആശയങ്ങളാണ് അവിടെ പ്രധാനം. കലാകാരർ എന്തിനെയാണ് ചിത്രീകരിക്കുന്നത് എന്നതല്ല, ചിത്രീകരിക്കപ്പെടുന്നതിനോടുള്ള മനോഭാവം അഥവാ സമീപനം എന്ത് എന്നതാണ് പ്രേക്ഷകരെ മാനസികമായി സ്വാധീനിക്കുന്നത്. സാധാരണഗതിയിൽ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ സജീവമായിരിക്കുമ്പോഴും ഭാവന അത്ര ഊർജിതമായി പ്രവർത്തിക്കണം എന്നില്ല.

'കാബിനറ്റ് ഓഫ് ഡോക്ടർ കാലിഗരി'യിൽ നിന്നുള്ള രംഗം

സിനിമ കാണുമ്പോഴാകകട്ടെ, ശാരീരിക പ്രവർത്തനങ്ങൾ കാഴ്ചയും കേൾവിയും ഒഴിച്ച്​ ഏതാണ്ട് നിഷ്‌ക്രിയമാണെന്നു പറയാം. എന്നാൽ ഭാവന അപ്പോൾ ചലച്ചിത്ര രചയിതാവിന്റെ സഹായത്തോടെ നമ്മുടെ മനസ്സിൽ ചിറകുവിരിക്കുകയാണ്. സിനിമാനുഭവം കൂടുതൽ ശക്തവും ആഴത്തിലുള്ളതും യാഥാർത്ഥ്യത്തിൽ എന്നതിനേക്കാൾ നീണ്ടുനിൽക്കുന്നതും ആവുന്നത്
അതുകൊണ്ടാണ്. രൂപവും ഉള്ളടക്കവും പരസ്പരം പിന്തുണയ്ക്കുന്ന രീതിയിലുള്ള പരിചരണത്തിലൂടെ മാത്രമേ സിനിമയിലെ യാഥാർത്ഥ്യപ്രതീതി ഏറെ നേരം നിലനിർത്താൻ കഴിയൂ.

സെല്ലുലോയ്ഡ് ലോകത്തിന്റെ മാസ്മരസ്വാധീനം ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും നീതിരഹിതവുമായ നിലപാടുകളിൽ ചെറുപ്പക്കാരെ എത്തിക്കുന്നതിന്റെകൂടി ഒരു ദൃഷ്ടാന്തമാണ് കേരളത്തിലെ വലിയൊരു വിഭാഗം ‘അതിജീവിത’ക്കെതിരെ മുൻവിധിയോടെ താരപക്ഷത്ത് നിലയുറപ്പിച്ച വിചിത്ര പ്രതിഭാസം.

പ്രേക്ഷകർക്ക് സിനിമ ‘വെറുതെ കണ്ടിരുന്നാൽ' മതി എന്നും
കലാകാരർക്കാണ്​ അതിൽ തികച്ചും സക്രിയ പങ്കാളിത്തം ഉള്ളത് എന്നും പറയാറുണ്ട്. എന്നാൽ ഇത് അത്ര ശരിയല്ല. പ്രേക്ഷകർ നിഷ്‌ക്രിയരായ സ്വീകർത്താക്കൾ മാത്രമല്ല. ഇന്ദ്രിയപരവും ധൈഷണികവുമായ പങ്കാളിത്തം ആസ്വാദന പ്രക്രിയയിൽ അന്തർഭവിച്ചിട്ടുണ്ട്. കലാകാരരുടെ അനുഭവത്തിന്റെ വിനിമയം പൂർണമാകണമെങ്കിൽ പ്രേക്ഷകരുടെ പക്ഷത്തുനിന്നും അനുയോജ്യമായ പ്രതികരണം ഉണ്ടാവണം. കാഴ്ചയും കേൾവിയും ശ്രദ്ധയും കേന്ദ്രീകരിച്ച്​ പ്രേക്ഷകർ സിനിമ ശാരീരികമായും മാനസികമായും ഉൾക്കൊള്ളുകയാണ്. ഒരു സിനിമ കാണുമ്പോൾ, ഒരായുഷ്‌ക്കാലത്തെ ദൃശ്യാനുശീലനവും സിനിമ കണ്ട മുൻപരിചയവും ഒക്കെ പ്രേക്ഷകർക്ക് പിൻബലമായുണ്ട്. സിനിമയിൽ ഏതെങ്കിലും ശബ്ദം, ബിംബം വിട്ടുപോയിട്ടുണ്ടെങ്കിൽ, അഥവാ അതിന് എന്തെങ്കിലും അവ്യക്തതയോ ന്യൂനതയോ ഉണ്ടെങ്കിൽ, പ്രേക്ഷകരായുള്ള ശീലം കൊണ്ട് നമ്മൾ അത് സ്വാഭാവികമായും തിരുത്തുകയോ നികത്തുകയോ ചെയ്​തുകൊള്ളും. പ്രിൻറ്​ മോശമാണെങ്കിലോ ശബ്ദത്തിന്റെ ട്രാക്ക് മോശമാണെങ്കിലോ ഒന്നും നമ്മൾ ലയിച്ചിരിക്കുന്ന ഒരു സിനിമയിൽനിന്ന് നമ്മുടെ ഏകാഗ്രത വിട്ടുപോവില്ല. കുറവുകൾ നമ്മുടെ മനസ്സ് താനേ പരിഹരിച്ചുകൊള്ളും.

സിനിമയിലെ ബിംബങ്ങളോട് പ്രേക്ഷകർ പ്രതികരിക്കുന്നത് കേവലം ഭൗതിക ചോദനകളോടെന്നപോലെ അല്ല; മറിച്ച് ‘കണ്ടീഷൻഡ്‌ റിഫ്‌ളക്‌സു'കളോടെന്ന പോലെയാണ്. വിശദാംശങ്ങളിൽ പ്രതിച്ഛായകൾ യഥാർത്ഥ വസ്തുവിനോട് എത്രമാത്രം വിശ്വസ്തത പുലർത്തുന്നു എന്നതല്ല സിനിമയിലെ യാഥാർത്ഥ്യത്തിന്റെ ശക്തി നിർണയിക്കുന്നത്, മറിച്ച് ആ ദൃശ്യാഖ്യാനം എത്രമാത്രം ജൈവപ്രതികരണങ്ങൾ പ്രേക്ഷകരിൽ സൃഷ്ടിക്കുന്നു എന്നതാണ്.
പ്രേക്ഷകരുടെ സമഗ്രപ്രതികരണത്തെ ‘ഓർഗാനിക് റസ്‌പോൺസ്' എന്നാണ് ഡോക്ടർ ഓൾഡ് ഫീൽഡ് വിളിച്ചത്.

Photo : wearemoviegeeks.com

സിനിമ കാണുമ്പോൾ ശക്തമായ വൈകാരിക പ്രതികരണങ്ങൾ പ്രേക്ഷകരിൽ ഉണ്ടാവുന്നു. വൈകാരികമായ ഈ പങ്കാളിത്തം മിക്കപ്പോഴും അതിലെ ഒരു കഥാപാത്രത്തോടുള്ള താദാത്മ്യം പ്രാപിക്കലിൽ ചെന്നെത്തുന്നു. ആ കഥാപാത്രം അകപ്പെട്ട സന്ദർഭങ്ങൾക്കനുയോജ്യമായി അത് രൂപപ്പെടുകയാണ്. സിനിമയുടെ സ്വാധീനം ഏറ്റവും ശക്തമാവുമ്പോൾ ചില പ്രേക്ഷകർ ഏതാണ്ട് ദിവാസ്വപ്നത്തിന്റെയോ ഹിപ്‌നോട്ടിക് നിദ്രയുടെയോ അവസ്ഥയിൽ എത്തിച്ചേരാറുണ്ട്. അവരുടെ താദാത്മ്യം അപ്പോൾ പൂർണമായിരിക്കും.

ഇത്തരം തീവ്രമായ വൈകാരിക പ്രതികരണമാണ് പലപ്പോഴും താരാരാധനയിലേക്കും സിനിമാതാരങ്ങളുടെ കട്ടൗട്ടുകൾ ഉണ്ടാക്കി പാലഭിഷേകം നടത്തുന്ന അസംബന്ധങ്ങളിലേക്കും നയിക്കുന്നത്.
സിനിമയിൽ അഭിലാഷ സഫലീകരണത്തിന്റെ ഒരംശമുണ്ടല്ലോ. ദൈനംദിന ജീവിതത്തിന്റെ നൈരാശ്യങ്ങളിൽ നിന്നും വിരസതയിൽ നിന്നും രക്ഷപ്പെട്ട്​സ്വപ്നസദൃശമായ ഒരു അവസ്ഥയിലെത്തിച്ചേരാൻ സിനിമ ആളുകളെ സഹായിക്കുന്നു. ‘ബഹുജനങ്ങളെ മയക്കുന്ന കറുപ്പ് ഇന്ന് മതമല്ല; മറിച്ച് സിനിമയും ടി.വി യും ആണ് ' എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

സിനിമകൾ പകർന്നുകൊടുക്കുന്ന അതിമാനുഷ / ദൈവിക നായകസങ്കല്പങ്ങൾ സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കെല്പുള്ള, അപ്രമാദിത്വമുള്ള ആദർശബിംബങ്ങളായി താരങ്ങളെ കാണുന്ന മനോവിഭ്രാന്തിയിലേക്ക് ആരാധകരെ തള്ളിയിടുന്നു എന്നത് വലിയ ഒരു സാമൂഹിക ദുരന്തമാണ്.

പലായനവിനോദം എന്ന രീതിയിൽ നേരംകൊല്ലി സിനിമകളെ ആശ്രയിക്കുന്നത് മിക്കപ്പോഴും ജീവിതനിലവാരം കുറഞ്ഞ, ദരിദ്രസാഹചര്യങ്ങളിലുള്ള, പ്രേക്ഷകരാണ് എന്നത് യാദൃച്​ഛികമല്ല; ദുരിതമയമായ ജീവിതസാഹചര്യങ്ങളെ തൽക്കാലം മറന്ന് ആത്മവിസ്മൃതിയിലാണ്ടുകിടക്കാൻ ജനപ്രിയസിനിമകൾ അവരെ സഹായിക്കുന്നു. മതത്തിന്റെയും മന്ത്രവാദത്തിന്റെയും മറ്റും ധർമ്മങ്ങളിലൊന്നായി പൊതുസമൂഹം അംഗീകരിച്ചിട്ടുള്ളത് പിശാചുക്കളെ ആട്ടിയോടിക്കലാണ്. തങ്ങളുടെ ജീവിതദുരിതങ്ങളെ ഉച്ചാടനം ചെയ്യാനുള്ള അനുഷ്ഠാനങ്ങൾ പ്രാകൃത സമൂഹങ്ങൾ ആവിഷ്‌കരിച്ചത് ദൈവങ്ങളെയും പുണ്യവാളന്മാരെയും ദിവ്യ അവതാരങ്ങളെയും പ്രയോജനപ്പെടുത്തിയായിരുന്നു. ഇന്ന് മതപരമായ ഐതിഹ്യങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സ്ഥാനം ജനപ്രിയ കലകൾ, പ്രത്യേകിച്ച് സിനിമ ഏറ്റെടുത്തിരിക്കുന്നു.

സിനിമാതാരങ്ങൾ ഇന്ന് ദൈവങ്ങളാണ്; ഫാനുകൾ അവരുടെ ഭക്തരും. ‘താരങ്ങൾ' എന്ന പ്രബന്ധത്തിൽ എഡ്ഗാർ മോറിൻ പറയുന്നു; ‘താരം ആദർശാത്മക സൗന്ദര്യമുള്ള ആളാണ്; പരിശുദ്ധിയുടെയും നന്മയുടെയും മൂർത്തീഭാവമാണ്. സൗന്ദര്യവും ആത്മീയതയും ചേർന്ന് ഒരു അതീത വ്യക്തിത്വം ഉടലെടുക്കുന്നു. അത് ദൈവവത്കരിക്കപ്പെടുന്നു, ആരാധിക്കപ്പെടുന്നു. അതിനുചുറ്റും ഒരു മതം ഭ്രൂണാവസ്ഥയിൽ രൂപംകൊള്ളുന്നു. താരവ്യവസ്ഥക്കു പിന്നിലുള്ളത് സിനിമാഭ്രാന്തന്മാരുടെ വിഡ്ഢിത്തമോ സിനിമാ നിർമാതാക്കളുടെ വ്യാപാരതാല്പര്യമോ മാത്രമല്ല, പലരുടെയും ഹൃദയവും പ്രണയവും കൂടിയാണ് '

സിനിമാതാരങ്ങൾ ഇന്ന് ദൈവങ്ങളാണ്; ഫാനുകൾ അവരുടെ ഭക്തരും. / Photo : Mohanlal Fans Perumbavoor

​പക്വതയില്ലാത്തതും വിഡ്ഢിത്തം നിറഞ്ഞതുമായ ഒരു പ്രേക്ഷകവൃന്ദത്തിന്റെ പ്രതികരണങ്ങളെയും താരവ്യവസ്ഥയെയും പുച്ഛിച്ചുതള്ളാൻ എളുപ്പമാണ്. എന്നാൽ ഈ സിനിമാപ്രേക്ഷകർ ഭൂരിഭാഗവും കൗമാര പ്രായത്തിലുള്ളവരായതു കൊണ്ടുതന്നെ പക്വതയില്ലാത്തവരും അശിക്ഷിതരുമാണ് എന്ന് മറക്കരുത്. കേവലം ഒരു വിനോദമായാണ് അവർ ചീത്ത സിനിമകൾ കണ്ടുകൊണ്ടിരിക്കുന്നത്; കൂടുതൽ മെച്ചപ്പെട്ട മറ്റൊന്നും അവർക്ക് ചെയ്യാനില്ലാത്തതുകൊണ്ടും. പക്ഷെ സിനിമകൾ പകർന്നുകൊടുക്കുന്ന അതിമാനുഷ / ദൈവിക നായകസങ്കല്പങ്ങൾ സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കെല്പുള്ള, അപ്രമാദിത്വമുള്ള ആദർശബിംബങ്ങളായി താരങ്ങളെ കാണുന്ന മനോവിഭ്രാന്തിയിലേക്ക് അവരെ തള്ളിയിടുന്നു എന്നത് വലിയ ഒരു സാമൂഹിക ദുരന്തമാണ്. സെല്ലുലോയ്ഡ് ലോകത്തിന്റെ മാസ്മരസ്വാധീനം ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും നീതിരഹിതവുമായ നിലപാടുകളിൽ ചെറുപ്പക്കാരെ എത്തിക്കുന്നതിന്റെകൂടി ഒരു ദൃഷ്ടാന്തമാണ് കേരളത്തിലെ വലിയൊരു വിഭാഗം ‘അതിജീവിത’ക്കെതിരെ മുൻവിധിയോടെ താരപക്ഷത്ത് നിലയുറപ്പിച്ച വിചിത്ര പ്രതിഭാസം.

കൂടുതൽ ആഴത്തിലും കൂടുതൽ വ്യക്തതയോടെയും
കണ്ടു പരിശീലനം നേടിയ പ്രേക്ഷകരാണ് നിരൂപകർ എന്നുപറയാം. അതത് സമൂഹത്തിൽ അതത് കാലത്ത് സ്വീകാര്യമായ കലാസിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ അവർ ഓരോ കൃതിയേയും വിശകലനം ചെയ്ത് അതിന്റെ പ്രസക്തി കണ്ടെത്തുകയാണ്.

ഒരു കലാസൃഷ്ടി വിലയിരുത്തപ്പെടുന്നത് മിക്കപ്പോഴും വ്യക്തിനിഷ്ഠമായി മാത്രമായിരിക്കും. കാരണം, ശാസ്ത്രീയമായ വസ്തുനിഷ്ഠതയും ഭൗതികമായ യുക്തിയും വെച്ചുകൊണ്ട് ഇത്തരമൊരു വിലയിരുത്തൽ ഏതാണ്ട് അസാധ്യമാണ് എന്നതുതന്നെ. വൈയക്തികമായതുകൊണ്ടുതന്നെ വിവിധ പ്രേക്ഷകർക്ക് വിവിധ രീതികളിലാണ് ഒരു കൃതി അനുഭവപ്പെടുക. സാർവ്വത്രികമായി സ്വീകാര്യമായ ഒരു വ്യാഖ്യാനം അതിനു നൽകാൻ സാധ്യമല്ല. സിനിമാ രചയിതാവ് തന്റെ ഒരു അനുഭവം തനിക്ക് ഏറ്റവും മികച്ചതെന്ന് തോന്നുന്ന ശൈലിയിൽ പ്രേക്ഷകരുമായി പങ്കിടാൻ ശ്രമിക്കുന്നു. പ്രേക്ഷകർ അവരുടേതായ നിലപാടുകളും അനുഭവങ്ങളുമായി തട്ടിച്ചുനോക്കി ആ അനുഭവത്തെ വൈയക്തികമായി വിലയിരുത്തുന്നു. അതുകൊണ്ടാണ് ഒരു സിനിമ എല്ലാവർക്കും ഒരേപോലെ സ്വീകാര്യമായിത്തോന്നാത്തത്. വ്യത്യസ്ത നിരൂപകർ വ്യത്യസ്തമായി അതിനെ വിലയിരുത്തുന്നു. കൂടുതൽ ആഴത്തിലും കൂടുതൽ വ്യക്തതയോടെയും
കണ്ടു പരിശീലനം നേടിയ പ്രേക്ഷകരാണ് നിരൂപകർ എന്നുപറയാം. അതത് സമൂഹത്തിൽ അതത് കാലത്ത് സ്വീകാര്യമായ കലാസിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ അവർ ഓരോ കൃതിയേയും വിശകലനം ചെയ്ത് അതിന്റെ പ്രസക്തി കണ്ടെത്തുകയാണ്. വിവിധ വിശകലന പദ്ധതികളുടെ സമ്പ്രദായങ്ങൾ ഇതിൽ അവരെ തുണയ്ക്കുന്നുണ്ട്.

സെല്ലുലോയ്ഡ് ലോകത്തിന്റെ മാസ്മരസ്വാധീനം ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും നീതിരഹിതവുമായ നിലപാടുകളിൽ ചെറുപ്പക്കാരെ എത്തിക്കുന്നതായി കാണാം

എന്നാൽ പോലും, ഒരു സിനിമ ‘നല്ലത് ' അഥവാ ‘ചീത്ത ' എന്നൊക്കെ വിലയിരുത്തണമെങ്കിൽ ആ സിനിമ നിർവഹിക്കുന്ന സാമൂഹികധർമങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഒരു ധാരണ വിമർശകർക്ക്​ ആവശ്യമാണ്. ധാരാളം വ്യക്തിപരമായ തീർപ്പുകളിലൂടെ നല്ലതാണെന്ന് കരുതപ്പെടുകയും കാലക്രമത്തിൽ മികവ് പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സൃഷ്ടികളാണ് ക്ലാസിക്കുകളായി മാറുന്നത്. എത്രയോ കാലം ഏതൊക്കെയോ വ്യത്യസ്ത കാലഘട്ടങ്ങളുടെ അഭിരുചികളെ അതിജീവിച്ച് ഒരു രചനയ്ക്ക് നിലനിൽക്കാനും വ്യത്യസ്ത പ്രേക്ഷക സമൂഹങ്ങളെ പ്രചോദിപ്പിക്കാനും കഴിയുന്നുണ്ടെങ്കിൽ, ആ രചനയുടെ ഗുണനിലവാരമാണ് അത് വിളിച്ചോതുന്നത്. കൃതികൾ ക്ലാസിക്കുകളാവുന്നത് ഇങ്ങനെയാണ്. സാർവ്വകാലികവും സാർവലൗകികവുമായ മാനങ്ങൾ കൈവരിച്ച്​മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന അവ എക്കാലവും മനുഷ്യരെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു.

ഭാവനയുടെ ലോകത്തിന് അതിന്റേതായ സങ്കൽപ്പനങ്ങളും നിയമങ്ങളും രീതികളുമുണ്ട്. കല കൈകാര്യം ചെയ്യുന്നവർക്ക് അതറിയാം. യഥാർത്ഥ ലോകത്തിലെ അതേ നിയമങ്ങളല്ല അവ. ചിന്തകരും ദാർശനികരും കലാകാരരും സർഗ്ഗാത്മകമായി ഇടപെടുമ്പോൾ ഭാവനയുടെ ലോകം യഥാർത്ഥമായി അനുഭവപ്പെടുകയാണ്. അതേപടി ആവിഷ്‌കരിച്ച ഭൗതിക യാഥാർഥ്യമല്ല;
ഭാവനയിലൂടെ ആവിഷ്‌കരിക്കുന്ന യാഥാർത്ഥ്യമാണ് കലയിലെ സത്യം. ഈ സത്യം തന്നെയാണ് മികച്ച സിനിമകളെ ‘യഥാർത്ഥം' ആക്കുന്നത്. കവി കീറ്റ്‌സ് ‘രാപ്പാടിയോട്' എന്ന കവിതയുടെ അവസാനഭാഗത്ത് പറഞ്ഞതുപോലെ, സത്യമാണ് സൗന്ദര്യം; സൗന്ദര്യം സത്യവും ഇത്രയുമാണ് ഭൂമിയിൽ നിങ്ങൾ അറിയേണ്ടത്; ഇത്രയുമേ അറിയേണ്ട ആവശ്യവുമുള്ളൂ.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments