വീണ്ടും കുരിശിലേക്കോ?
സമാനതകളില്ലാത്ത ഭീകരാനുഭവങ്ങൾക്ക് മനുഷ്യരെ വിധേയരാക്കുന്ന യുദ്ധം, എന്തു വില കൊടുത്തും ഒഴിവാക്കേണ്ട ഒരു തിന്മയാണെന്ന ബോധം ശക്തമായി മനസ്സിൽ അവശേഷിപ്പിക്കുന്ന മികച്ച യുദ്ധവിരുദ്ധ ചിത്രങ്ങളിലൊന്നായി ഈ ചിത്രത്തെ പരിഗണിക്കാം.
യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്ന ബോസ്‌നിയയിൽ, ബോസ്‌നിയാക്കുകളും സെർബുകളും തമ്മിൽ നടന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, 1995 ൽ സ്‌റെബ്രനിക്കയിലെ പുരുഷന്മാർ മുഴുവൻ കൂട്ടക്കൊലയിലേക്ക് ആനയിക്കപ്പെടുന്ന സന്ദർഭത്തിൽ, തന്റെ ഭർത്താവിനെയും രണ്ടു മക്കളെയും ഈ ദുർവിധിയിൽ നിന്ന് രക്ഷപ്പെടുത്താൻ പാടുപെടുന്ന ഐദ എന്ന സ്ത്രീയുടെ തിക്തമായ അനുഭവങ്ങളാണ് കോ വാദിസ് ഐദ? എന്ന ചിത്രത്തിന്റെ ഉള്ളടക്കം.
1995ലെ യുദ്ധത്തിന്റെ, സ്‌റെബ്രനിക്കയിലെ കൂട്ടക്കൊലയുടെ, ഭീകരതയും ക്രൂരതയും തുറന്നു കാട്ടുന്ന, ജാസ്മിലാ സെബാനിക്ക് എഴുതി സംവിധാനം ചെയ്ത, ഈ ചിത്രത്തിന് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ഓസ്‌കാർ നാമനിർദ്ദേശവും ലഭിച്ചിട്ടുണ്ട്. യുദ്ധം പശ്ചാത്തലമായുണ്ടെങ്കിലും ഐദക്കും കുടുംബത്തിനും അതെങ്ങനെ ബാധിക്കുന്നു എന്നത് ഐദയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ ചെയ്യുന്നത്. ഏറ്റവും നല്ല ചിത്രത്തിനും തിരക്കഥയ്ക്കും സംവിധാനത്തിനും എഡിറ്റിങ്ങിനുമുള്ള പോളിഷ് അക്കാദമി അവാർഡുകൾ ഈ ചിത്രത്തിന് 2022ൽ ലഭിച്ചു. ഐദയായി അഭിനയിച്ച ജസ്‌ന ദൂറിച്ചിക്കിന് ഏറ്റവും മികച്ച നടിക്കുള്ള യൂറോപ്യൻ ഫിലിം അവാർഡും ലഭിച്ചു.
യുദ്ധത്തെക്കുറിച്ചും വംശഹത്യയെക്കുറിച്ചുമുള്ള ചിത്രങ്ങളുടെ വലിയ പരമ്പര തന്നെ രണ്ടാം ലോകയുദ്ധത്തിനുശേഷം നമുക്ക് ലഭിക്കുകയുണ്ടായി. ഇരകളുടെ നേരിട്ടുള്ള വ്യക്തിപരമായ അനുഭവങ്ങളുടെ തീവ്രത ആവിഷ്‌കരിക്കുന്ന ശ്രദ്ധേയമായ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ആവിഷ്‌കരിക്കപ്പെടുന്ന അതിഭീകരമായ ചരിത്ര സംഭവങ്ങളുടെ വൈപുല്യത്തിനിടയിലും വ്യക്തികളുടെ അനുഭവത്തിലെ വൈകാരികാംശത്തെ നിലനിർത്തിക്കൊണ്ട്, അതുമായി സന്തുലനം പാലിച്ച്, പ്രേക്ഷക ശ്രദ്ധയെ മുൾമുനയിൽ നിർത്തുന്ന രചനാകൗശലം ഇവയിൽ അന്തർഭവിച്ചിരിക്കും. ടെറി ജോർജിന്റെ ഹോട്ടൽ റുവാണ്ട എന്ന ചിത്രവും സെബാനിക്കിന്റെ കോ വാദിസ് ഐദ? എന്ന ചിത്രവും ഇക്കൂട്ടത്തിൽപെടും.
‘യുദ്ധമെന്ന പുരുഷലീലയിലകപ്പെട്ട ഒരു സ്ത്രീയുടെ ധീരതയും സ്‌നേഹവും അതിജീവനശേഷിയുമാണ് ഈ ചിത്രം ആവിഷ്‌കരിക്കുന്ന'തെന്നും ‘സ്രെബ്രനിക്കയിലെ സ്ത്രീകൾക്കും അവരുടെ വധിക്കപ്പെട്ട മക്കൾക്കും അച്ഛന്മാർക്കും ഭർത്താക്കൻമാർക്കും സഹോദരന്മാർക്കും ബന്ധുക്കൾക്കും അയൽക്കാർക്കുമാണ് ഇത് സമർപ്പിക്കുന്നത് ' എന്നും സംവിധായിക പ്രസ്താവിച്ചിട്ടുണ്ട്.
ഒരു യുദ്ധപശ്ചാത്തലത്തിൽ അകപ്പെടുന്ന എല്ലാ മനുഷ്യരും നേരിടേണ്ടി വരുന്ന ഈ ദുരന്തം ഒരു വ്യക്തിയെ സൂക്ഷ്മതലത്തിൽ എങ്ങിനെ ബാധിക്കുന്നു എന്നതിന്റെ ഹൃദയസ്പർശിയായ ആവിഷ്‌കരണമാണ് കോ വാദിസ് ഐദ? എന്ന ചിത്രം
ബോസ്‌നിയയിലെ സ്‌റെബ്രനിക്കക്ക് സമീപമുള്ള യു.എൻ രക്ഷാസേനയുടെ ആസ്ഥാനം കഴിഞ്ഞ രണ്ട് വർഷമായി സുരക്ഷാ മേഖലയായി പ്രഖ്യാപിക്കപ്പെട്ട ഇടമാണ്. അത് ഡച്ച് ബറ്റാലിയന്റെ മേൽനോട്ടത്തിലാണ്. യു.എന്നിനുവേണ്ടി ദ്വിഭാഷിയായി ജോലി ചെയ്യുന്ന അദ്ധ്യാപിക ഐദ അവിടെ ആത്മാർത്ഥമായി സേവനമനുഷ്ഠിക്കുന്ന സ്ത്രീയാണ്. ബോസ്‌നിയാക്കുകളും സെർബുകളും തമ്മിലുള്ള യുദ്ധം കടുത്ത രക്തച്ചൊരിച്ചിലും നാശനഷ്ടങ്ങളും വരുത്തിക്കൊണ്ടിരിക്കുന്ന ഒരു സന്ദർഭമാണ്. സെർബുകൾ സ്‌റെബ്രനിക്ക കീഴടക്കുന്ന ഘട്ടം. പതിനായിരത്തോളം ആളുകൾ സുരക്ഷതേടി അയൽനാട്ടിലേക്ക് കാട്ടിലൂടെ പലായനം ചെയ്തു. പ്രദേശത്ത് ബാക്കിയുള്ള ആയിരക്കണക്കിന് ബോസ്‌നിയക്കാർ സുരക്ഷതേടി യു.എൻ സമാധാനപാലനക്യാമ്പിനെ സമീപിക്കുന്നു. എന്നാൽ പത്തഞ്ഞൂറ് പേരെ മാത്രം അകത്തുകയറ്റി യു.എൻ സുരക്ഷാസൈന്യം ഗേറ്റടക്കുകയാണ്. അസംഖ്യം സ്ത്രീകളും പുരുഷന്മാരും കുട്ടികളും പുറത്താണ്. ഇനിയെന്തുചെയ്യണമെന്ന് അവർക്കറിയില്ല. സുരക്ഷിതമെന്ന് അവരോടുപറഞ്ഞ ഒരേയൊരു സ്ഥലം അവരുടെ മുന്നിൽ കൊട്ടിയടക്കപ്പെട്ടു കഴിഞ്ഞതിന്റെ സങ്കടവും രോഷവും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും എല്ലാം ചേർന്ന് ഈ മനുഷ്യരെ വിവശരാക്കുന്നു.
പ്രശ്‌നം ഗുരുതരമാണ്. എല്ലാവരെയും ഉൾക്കൊള്ളാൻ സ്ഥലമോ അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമോ ഇല്ല. സുരക്ഷ തേടി വന്നവർക്ക് കൊടുക്കാൻ ഭക്ഷണം പോലും ഇല്ല. അടിയന്തിരമായി എന്ത് നടപടി സ്വീകരിക്കണമെന്നതിനെപ്പറ്റി യു .എൻ നേതാക്കളോട് സെർബിയൻ സൈന്യം ഉപദേശം തേടുന്നുണ്ട്. എന്നാൽ ക്യാമ്പിൽ നടക്കുന്ന ആസൂത്രണങ്ങളും യു.എൻ പ്രതികരണങ്ങളുമൊന്നും വേണ്ടത്ര ഫലപ്രദമല്ലെന്ന് നിർണായക തീരുമാനങ്ങളെല്ലാം ദ്വിഭാഷി എന്ന നിലയിൽ മനസ്സിലാക്കിയിട്ടുള്ള ഐദ തിരിച്ചറിയുന്നുണ്ട്. സ്ഥിതിഗതികൾ കൂടുതൽ മോശമാവുകയേ ഉള്ളൂ എന്നവർ മനസ്സിലാക്കുന്നു. എങ്കിലും അകത്തുകയറാൻ പറ്റാതെ ഗേറ്റിനുപുറത്തെ ആൾക്കൂട്ടത്തിൽപ്പെട്ടുപോയ ഭർത്താവിനെയും മകനെയും സ്വാധീനമുപയോഗിച്ച് അകത്തേക്ക് കൊണ്ടുവരാൻ അവർ ശ്രമിക്കുന്നുണ്ട്. യു.എൻ സുരക്ഷാ മേഖലയാണെന്ന കാര്യം ഗൗനിക്കാതെ സെർബ് സൈന്യം സുരക്ഷാ ക്യാമ്പിനകത്ത് കടന്നുകയറുന്നു. ഡച്ച് ബറ്റാലിയന്ന് അവരെ നേരിടാൻ കഴിയുന്നില്ല. ദുരന്തങ്ങൾ ഒഴിവാക്കാനുള്ള യാതൊരു ശ്രമവും നടക്കുന്നില്ല. എല്ലാറ്റിനും ഔദ്യോഗിക കാലതാമസവും മന്ദഗതിയുമാണ്.
സെർബിയൻ സൈന്യം 8000 ത്തോളം ബോസ്‌നിയൻ മുസ്ലിംകളെ വംശഹത്യ നടത്തി കൂട്ടത്തോടെ മറവുചെയ്ത മണ്ണിൽ നിന്ന് വീണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഡി.എൻ.എ ടെസ്റ്റ് നടത്തി തിരിച്ചറിയപ്പെട്ടവരുടെ കൂട്ടത്തിൽ തന്റെ പ്രിയപ്പെട്ടവരും ഉണ്ടെന്ന് ഒടുവിൽ അവർ കണ്ടെത്തുകയാണ്.
യു.എൻ ക്യാമ്പിനകത്തും ആശങ്ക പടരുകയാണ്. പ്രദേശം കീഴടക്കിയ സെർബ് സൈന്യത്തിന്റെ അധിപനായ ജനറൽ റാറ്റ്‌കോ മ്ലാദിക്ക് പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ എന്ന മട്ടിൽ മേശക്ക് ചുറ്റുമിരുന്നുള്ള കൂടിയാലോചന എന്ന പ്രഹസനം നടത്തുമ്പോൾ തന്റെ ഭർത്താവിനെ അതിൽ പ്രതിനിധിയാക്കിയിരുത്തിയ ഐദ സമചിത്തത പാലിക്കുന്നതായി ഭാവിക്കാൻ ഏറെ പാടുപെടുന്നുണ്ട്. ‘നിരപരാധികളായ എല്ലാവരെയും ഞങ്ങൾ രക്ഷപ്പെടുത്തും' എന്ന് മ്ലാദിക്ക് വാഗ്ദാനം നൽകുന്നുണ്ട്. തന്റെ പ്രവർത്തികൾ മുഴുവൻ രേഖപ്പെടുത്താൻ ആജ്ഞാപിച്ച് അതനുസരിക്കുന്ന വാർത്താലേഖകരുടെ ക്യാമറയ്ക്ക് മുന്നിലാണ് ജനറലിന്റെ ഈ നാടകം. ക്യാമ്പിനകത്ത് അഭയാർത്ഥികളായെത്തിയ ബോസ്‌നിയക്കാർക്ക് സെർബിയൻ സൈനികർ ഉദാരതയുടെ നാട്യത്തോടെ റൊട്ടിയും ചോക്കലേറ്റും വിതരണം ചെയ്യുന്ന രംഗം വല്ലാതെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒന്നാണ്. കൊല്ലാൻ കൊണ്ടുപോകുന്നവർക്ക് അവസാനത്തെ അത്താഴം നൽകുന്നതിനെ അത് ഓർമയിൽ കൊണ്ടുവരുന്നുണ്ട്. വരാൻ പോവുന്ന മഹാദുരന്തം തടയാൻ താൻ അശക്തയാണ്. തന്റെ കുടുംബത്തെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാനുള്ള പരക്കംപാച്ചിലിലാണ് ഐദ. പരിചയവും അടുപ്പവുമുള്ള ക്യാമ്പിലെ മേധാവികളെയെല്ലാം അവർ സമീപിക്കുന്നുണ്ട്. തന്നെ അറിയാവുന്ന അക്കൂട്ടർ തന്റെ കുടുംബത്തെയെങ്കിലും രക്ഷിക്കാൻ ഈ അവസാന നിമിഷത്തിൽ എന്തെങ്കിലും ചെയ്യാതിരിക്കില്ല എന്നവർ പ്രതീക്ഷിക്കുന്നു. ക്യാമ്പിന്റെ ഇടനാഴികളിലൂടെയുള്ള അവരുടെ ഓട്ടവും ചാട്ടവും ഉഴറി നടപ്പും നമ്മെ ഉദ്വേഗത്തിന്റെ മുൾമുനയിലാക്കുന്നു. എങ്കിലും അവരുടെ ശ്രമങ്ങൾ വിഫലമാവുകയാണ്. അഭയം തേടിയവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിലും സെർബിയൻ സൈന്യത്തിന്റെ കടന്നുകയറ്റം തടയുന്നതിലും പരാജയമടഞ്ഞ യു.എൻ സേന, മ്ലാദിക്കിന്റെ നിർദ്ദേശപ്രകാരം അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും മുഴുവൻ ബസിൽ കുത്തിനിറച്ച് ‘സുരക്ഷിത ' സ്ഥാനത്തേക്ക് മാറ്റുന്നതിനും പുരുഷന്മാരെ മുഴുവൻ മർദ്ദിച്ചും പീഡിപ്പിച്ചും വ്യത്യസ്ത ക്യാമ്പുകളിലേക്ക് കൊല്ലാൻ കൊണ്ടു പോവുന്നതിനും മൂകസാക്ഷിയാണ്. ഒടുവിൽ നിസ്സഹായതയുടെ പാരമ്യത്തിൽ ഐദക്ക് സ്വയം രക്ഷപ്പെടാൻ മാത്രമേ കഴിയുന്നുള്ളൂ. സെർബിയൻ സൈന്യം 8000 ത്തോളം ബോസ്‌നിയൻ മുസ്ലിംകളെ വംശഹത്യ നടത്തി കൂട്ടത്തോടെ മറവുചെയ്ത മണ്ണിൽ നിന്ന് വീണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഡി.എൻ.എ ടെസ്റ്റ് നടത്തി തിരിച്ചറിയപ്പെട്ടവരുടെ കൂട്ടത്തിൽ തന്റെ പ്രിയപ്പെട്ടവരും ഉണ്ടെന്ന് ഒടുവിൽ അവർ കണ്ടെത്തുകയാണ്.
യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളാണ് ഈ സിനിക്കാധാരം. വസ്തുതകൾ ഭാവനാസൃഷ്ടികളെക്കാൾ വിചിത്രമാണെന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന സിനിമയാണത്. 1995 ജൂലൈ 6 നാണ് ബോസ്‌നിയയിലെ സെർബിയൻ സേന തെക്കുഭാഗത്തുനിന്ന് മുന്നേറി സ്‌റെബ്രനിക്കയിലേക്ക് നീങ്ങിയത്. വഴിയിലുള്ള ബോസ്‌നിയൻ വീടുകൾ അവർ തീവെച്ചു നശിപ്പിച്ചു. ഭീകരത താണ്ഡവമാടിയപ്പോൾ കടുത്ത ആശങ്കയിലായ ആയിരക്കണക്കിന് സാധാരണക്കാർ തൊട്ടടുത്ത പോട്ടോക്കാരി എന്ന ഗ്രാമത്തിലേക്ക് നീങ്ങി. അവിടെയുള്ള ഇരുന്നൂറോളം ഡച്ച് സൈനികർ കാവലുളള യു.എൻ.സമാധാനസംരക്ഷണ ആസ്ഥാനം തങ്ങൾക്കഭയം നൽകും എന്നായിരുന്നു അവരുടെ പ്രതീക്ഷ. മുന്നേറിയ സെർബുകളെ ആരും എതിർത്തില്ല. ജൂലൈ 11 ന് സെർബിയൻ പട്ടാള മേധാവി റാറ്റ്‌കോ മ്ലാദിക്ക് പ്രസ്താവിച്ചു: ‘ഈ നഗരം ഞങ്ങൾ സെർബ് രാഷ്ട്രത്തിന് നൽകുന്നു. മുസ്ലിംകൾക്കെതിരെ പ്രതികാരം ചെയ്യാൻ സമയമായിട്ടുണ്ട്.'
നീറോ ചക്രവർത്തിയുടെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ റോമാനഗരം വിട്ടു പോവുന്ന പത്രോസ് പുണ്യവാളൻ വഴിയിൽ കണ്ടുമുട്ടുന്ന യേശുവിനോട് ചോദിക്കുന്ന ചോദ്യമാണ് ‘താങ്കളെങ്ങോട്ടാണ് പോവുന്നത്?' എന്ന്. ‘ഞാൻ വീണ്ടും കുരിശിലേറ്റപ്പെടാൻ റോമിലേക്ക് പോവുകയാണ്' എന്ന് യേശു മറുപടി പറയുന്നു.
ജൂലൈ 11ന് രാത്രി സ്‌റെബ്രനിക്കയിൽ നിന്ന് പതിനായിരത്തിലധികം ബോസ്‌നിയക്കാരായ പുരുഷൻമാർ കൊടുങ്കാട്ടിലൂടെ സുരക്ഷ തേടി എങ്ങോട്ടോ പോയി. അടുത്ത ദിവസം യു.എൻ സംവിധാനങ്ങളുപയോഗിച്ച് സെർബ് ഓഫീസർമാർ കപടവാഗ്ദാനങ്ങൾ നല്കി ആളുകളെ കീഴടങ്ങാൻ പ്രോത്സാഹിപ്പിച്ചു. ആയിരക്കണക്കിനാളുകൾ വഴങ്ങുകയോ പിടിക്കപ്പെടുകയോ ചെയ്തു. പലരും കൊല്ലപ്പെട്ടു. മറ്റുള്ളവരെ അവർ ഭീഷണിപ്പെടുത്തി പോട്ടോക്കാരിയിൽ നിന്ന് സ്ഥലം വിടാൻ നിർബന്ധിച്ചു. ബോസ്‌നിയൻ സേന കൊലയും റേപ്പും ആഘോഷിച്ചു. സ്ത്രീകളെ ബസിൽ കയറ്റി ബോസ്‌നിയയിലെ മറ്റൊരിടത്തേക്ക് മാറ്റി. പുരുഷന്മാരേയും ആൺകുട്ടികളേയും ജൂലൈ 12നും 13 നും ബ്രാട്ടുനാക്കിലും വ്‌ലാസെനിക്കയിലും നോവാ കസ്ബയിലും മറ്റുമുള്ള മൈതാനങ്ങളിലേക്കും ഫുട്‌ബോൾ ഗ്രൗണ്ടിലേക്കും, സ്‌കൂളിലേക്കും ഫാമിലേക്കും കണ്ണുകെട്ടി തടവുകാരാക്കി കൊണ്ടുപോയി. സ്‌റെബ്രനിക്കയുടെ വടക്കുഭാഗത്ത് ഡ്രീനാനദിയുടെ കരയിലുള്ള, സെർബിയയുടെ അതിർത്തി പ്രദേശങ്ങളിലേക്കാണ് അവരെ കൊണ്ടുപോയത്. കൂട്ടക്കൊല ജൂലൈ 16 വരെ തുടർന്നു. ബ്രാഞ്ചവോവിലെ ഒരു ഫാമിൽ വച്ച് നൂറുകണക്കിനാളുകളെ വധിച്ചത് മുഖ്യമായും സെർബുകളായിരുന്നെങ്കിലും സെർബിയയിലെ പൊലീസിന്റെ ഒരു യൂനിറ്റും ആറുപേരെ വധിക്കുന്നതായി വീഡിയോ രേഖയുണ്ട്. മിക്ക മൃതദേഹങളും കയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു.
കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത 8300 ലധികം ആളുകളുടെ പട്ടികയുണ്ട്. കൂട്ടത്തോടെ കുഴിച്ചിട്ട ഇടങ്ങളിൽ നിന്ന് കിളച്ചെടുത്ത് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കി തിരിച്ചറിഞ്ഞ 7000 ഓളം മൃതദേഹങ്ങൾ 2002 ജൂലൈയിൽ സംസ്‌കരിച്ചു. സ്‌റെബ്രനിക്കാ കൂട്ടക്കൊല അഥവാ സെർബിയൻവംശഹത്യ എന്നറിയപ്പെടുന്ന ഈ കൊടുംക്രൂരതയ്ക്ക് ഉത്തരവാദികളായവരെ പിന്നീട് യുദ്ധക്കുറ്റവാളികളായി അന്താരാഷ്ട്ര കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷിച്ചിട്ടുണ്ട്. ഒളിവിൽ പോയ റാറ്റ്‌കോ മ്ലാദിക്കിനെ 2011ൽ സെർബിയൻ അധികൃതർ പിടികൂടി. യുദ്ധക്കുറ്റങ്ങളും വംശഹത്യയും നടത്തിയെന്ന് കോടതിയിൽ തെളിഞ്ഞു. ആജീവനാന്തം തടവുശിക്ഷക്ക് വിധിക്കപ്പെട്ട അയാൾ ഇപ്പോഴും തടവിലാണ്.
‘‘എങ്ങോട്ടാണ് പോവുന്നത്?'' എന്നർത്ഥമുള്ള ‘കോ വാദിസ്?'എന്ന ശീർഷകം ബൈബിൾ സ്മരണകളുണർത്തുന്നു. നീറോ ചക്രവർത്തിയുടെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ റോമാനഗരം വിട്ടു പോവുന്ന പത്രോസ് പുണ്യവാളൻ വഴിയിൽ കണ്ടുമുട്ടുന്ന യേശുവിനോട് ചോദിക്കുന്ന ചോദ്യമാണ് ‘താങ്കളെങ്ങോട്ടാണ് പോവുന്നത്?' എന്ന്. ‘ഞാൻ വീണ്ടും കുരിശിലേറ്റപ്പെടാൻ റോമിലേക്ക് പോവുകയാണ്' എന്ന് യേശു മറുപടി പറയുന്നു. ഇതേ ചോദ്യവും മറുപടിയും സമാന സാഹചര്യങ്ങളും ഐദയുടെ ജീവിതത്തിൽ എങ്ങിനെ പ്രസക്തമാവുന്നു എന്നത് തന്നെയാണ്ചിത്രത്തിന്റെ പ്രമേയം.
ഒരർത്ഥത്തിൽ നമ്മളെല്ലാം ഐദമാരാണ്. ഭരണാധികാരികൾ അടിച്ചേല്പിക്കുന്ന യുദ്ധവും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കാൻ നമ്മൾ, സാധാരണക്കാർ അശക്തരാണ്. ലോകത്ത് സമാധാനം സ്ഥാപിക്കാൻ ചുമതലയുള്ള യു.എൻ പോലുള്ള ആഗോളസ്ഥാപനങ്ങളും മിക്കപ്പോഴും നിസ്സഹായരായ നോക്കുകുത്തികളാവുന്നത് ബോസ്‌നിയ - ഹെർസഗോവിന സംഘർഷത്തിൽ മാത്രമല്ല നാം കണ്ടത്. റഷ്യ - യുക്രെയ്ൻ യുദ്ധത്തിലും നാം അതുതന്നെ കണ്ടുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര സമൂഹം കുറ്റകരമായ അലംഭാവം കാട്ടുന്നു. മനുഷ്യരുടെ മനസ്സുകൾ എത്രയധികം മരവിച്ചുപോയി എന്നാണു ഇത് സൂചിപ്പിക്കുന്നത്. ഈ പ്രശ്‌നമാണ് ചിത്രത്തിൽ മൂർത്തമായി കൈകാര്യം ചെയ്യുന്നത്. വെറൈറ്റി മാസികയിൽ ജെസീക്ക കിയാങ് ചൂണ്ടിക്കാട്ടിയതുപോലെ, ഈ ചിത്രത്തിലുള്ളത്, ‘‘ചരിത്രപരമായ തിരുത്തൽവാദമല്ല. കോവാദിസ് ഐദ ചരിത്രത്തെ തിരുത്താതിരിക്കാനുള്ള ശ്രമമാണ്. ഇരകളുടെ വിധിയെ അത് വീണ്ടും തിന്മകളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് - കൂട്ടക്കൊല എന്ന തിന്മയുടെ മാത്രമല്ല, സ്ഥാപനപരമായ പരാജയം, അന്താരാഷ്ട്ര തലത്തിലുള്ള നിസ്സംഗത എന്നീ തിന്മകളുടെയും കേന്ദ്രസ്ഥാനത്ത്.’’
ബോസ്‌നിയൻ യുദ്ധം അവസാനിച്ചു. കാര്യങ്ങൾ ഏതാണ്ട് പഴയ മട്ടിലായി. ‘എന്നാൽ, ജീവിതം അതേപടി തുടരുന്നുണ്ട് എന്ന ചെടിപ്പിക്കുന്ന ചിന്തയിൽ സെബാനിക്ക് ആശ്വസിക്കുന്നില്ല. ശരിയാണ്; കാലം കടന്നുപോവുന്നു; ഓർമകൾ മങ്ങുന്നു; ചരിത്രമെന്നത് ക്രൂരതയുടെയെന്ന പോലെ കാരുണ്യത്തിന്റെയും നാൾവഴികളാണ്. പക്ഷെ മറക്കാൻ പറ്റാത്ത വിധത്തിൽ ഈ ചിത്രം സമർത്ഥിക്കുന്നത് നഷ്ടം സ്ഥിരമാണെന്നും അതിന് പരിഹാരം അസാദ്ധ്യമാണെന്നും ആകുന്നു’- എ.ഒ. സ്‌കോട്ട് എന്ന ചലച്ചിത്ര നിരൂപകൻ ന്യൂയോർക്ക് ടൈംസിൽ നിരീക്ഷിച്ചു.
ആറ്റക്കാമ മരുഭൂമിയിൽ പിനോഷെ എന്ന ഏകാധിപതിയാൽ കൂട്ടക്കൊല ചെയ്യപ്പെട്ട തങ്ങളുടെ ഉറ്റവരുടെ അസ്ഥിക്കഷണങ്ങൾ പെറുക്കുന്ന ചിലിയൻ സ്ത്രീകളുടെ തീവ്രവേദന കലർന്ന അനുഭവം നൊസ്റ്റാൾജിയ ഫോർ ലൈറ്റ് എന്ന ചിത്രം അവതരിപ്പിക്കുന്നുണ്ട്.
സ്വന്തം വീടും നാടും ഉറ്റവരും ഉടയവരും പ്രിയപ്പെട്ട സർവ്വതും നഷ്ടപ്പെട്ട് അഭയാർത്ഥികളായി ജീവിതത്തിൽ നരകിക്കേണ്ടിവരുന്ന മനുഷ്യരെയാണ് ഓരോ യുദ്ധവും സൃഷ്ടിക്കുന്നത്. സ്ഥൂലമായ തലത്തിൽ ഒരു യുദ്ധപശ്ചാത്തലത്തിൽ അകപ്പെടുന്ന എല്ലാ മനുഷ്യരും നേരിടേണ്ടി വരുന്ന ഈ ദുരന്തം ഒരു വ്യക്തിയെ സൂക്ഷ്മതലത്തിൽ എങ്ങിനെ ബാധിക്കുന്നു എന്നതിന്റെ ഹൃദയസ്പർശിയായ ആവിഷ്‌കരണമാണ് കോ വാദിസ് ഐദ? എന്ന ചിത്രം. വ്യക്തിതലത്തിൽ ഐദ നേരിടുന്ന ആശങ്കകളും ഭീതികളും ധർമസങ്കടങ്ങളും നൈരാശ്യവും ദുഃഖവും എല്ലാം ചടുലമായ സിനിമാറ്റോഗ്രഫി, എഡിറ്റിങ്ങ്, മികച്ച അഭിനയം എന്നിങ്ങനെയുള്ള സങ്കേതങ്ങളിലൂടെ ചിത്രത്തിൽ നിർദ്ധാരണം ചെയ്യപ്പെടുന്നു. യുദ്ധത്തിനുമുമ്പുണ്ടായിരുന്ന സന്തോഷകരമായ ഒരു കാലത്തേക്ക് ഫ്ലാഷ് ബാക്കിലൂടെ ക്യാമറ നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത് നിലവിലുള്ള ദുഃഖാനുഭവങ്ങളെ താരതമ്യത്തിലൂടെ തീവ്രതരമാക്കുന്നു.
സമാനതകളില്ലാത്ത ഭീകരാനുഭവങ്ങൾക്ക് മനുഷ്യരെ വിധേയരാക്കുന്ന യുദ്ധം, എന്തു വില കൊടുത്തും ഒഴിവാക്കേണ്ട ഒരു തിന്മയാണെന്ന ബോധം ശക്തമായി മനസ്സിൽ അവശേഷിപ്പിക്കുന്ന മികച്ച യുദ്ധവിരുദ്ധ ചിത്രങ്ങളിലൊന്നായി ഈ ചിത്രത്തെ പരിഗണിക്കാം. മനുഷ്യന്റെ ക്രൂരതകൾക്ക് പരിധിയില്ലാത്ത, ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളായി യുദ്ധങ്ങളെയും കൂട്ടക്കൊലകളെയും നമ്മൾ വായിച്ചെടുക്കുന്നു. യുദ്ധം ചെയ്യാൻ മനുഷ്യർക്ക് എങ്ങനെ സാധിക്കുന്നു എന്നമ്പരന്ന് നില്ക്കുന്നതോടൊപ്പം, ക്രൂരതകളിലൂടെ അനേകം പേരുടെ അന്ത്യം കുറിച്ച അതേ ഇടങ്ങളിൽ ഒന്നും സംഭവിക്കാത്തതുപോലെ ആളുകൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്നുണ്ട്. നമ്മൾ അലംഭാവത്തോടെ ഇരിക്കുമ്പോഴും കോൺസെൻട്രേഷൻ ക്യാമ്പുകൾ ചരിത്രത്തിലെ അടഞ്ഞ അദ്ധ്യായമല്ലെന്നും സ്വേഛാധിപതികൾ ഇനിയും അത്തരം ക്രൂരതകൾ ആവർത്തിച്ചേക്കുമെന്നും നൈറ്റ് & ഫോഗ് എന്ന ചിത്രത്തിന്റെ അന്ത്യത്തിൽ അലൻ റെനെ താക്കീത് നൽകുന്നുണ്ട്.
ആറ്റക്കാമ മരുഭൂമിയിൽ പിനോഷെ എന്ന ഏകാധിപതിയാൽ കൂട്ടക്കൊല ചെയ്യപ്പെട്ട തങ്ങളുടെ ഉറ്റവരുടെ അസ്ഥിക്കഷണങ്ങൾ പെറുക്കുന്ന ചിലിയൻ സ്ത്രീകളുടെ തീവ്രവേദന കലർന്ന അനുഭവം നൊസ്റ്റാൾജിയ ഫോർ ലൈറ്റ് എന്ന ചിത്രത്തിൽ പട്രീഷ്യോ ഗുസ്മൻ അവതരിപ്പിക്കുന്നുണ്ട്. മറവിക്കെതിരെ ഓർമയെ പ്രബലപ്പെടുത്താനുള്ള ശ്രമമാണത്. സഹൃദയരായ ചലച്ചിത്രാസ്വാദകരെ ഇതെല്ലാം ഓർമ്മിപ്പിക്കാൻ കൂടി കോ വാദിസ് ഐദക്ക് കഴിയുന്നുണ്ട് എന്നതാണ് അതിനെ അവിസ്മരണീയമാക്കുന്നത്. ▮