'Palestine 36' എന്ന സിനിമയിൽനിന്ന്

Palestine 36;
ബഹിഷ്കൃതരുടെ
നിലവിളികൾ

IFFK-യിൽ കേന്ദ്ര ഗവൺമെന്റ് പ്രദർശനാനുമതി നിഷേധിച്ച സിനിമകളിൽ ഒന്നായ, മേളയുടെ ഉദ്ഘാടനചിത്രമായ Palestine 36, സയണിസത്തിന്റെ വംശീയാധിപത്യത്തിന് എങ്ങനെയാണ് സാമ്രാജ്യത്വം വഴിമരുന്നിട്ടതെന്ന് കാണിച്ചുതരുന്നു- രാജേഷ് ചിറപ്പാട് എഴുതുന്നു.

30-ാമത് IFFK-യുടെ ഉദ്ഘാടന ചിത്രമായ പലസ്തീൻ 36, പലസ്തീൻ ജനതയ്ക്കുമേലുള്ള ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും സയണിസ്റ്റ് അധിനിവേശത്തിന്റെയും ചരിത്രം ആവിഷ്കരിക്കുകയാണ്. പലസ്തീനു നേർക്കുള്ള ഇസ്രായേൽ സൈനിക ഇടപെടലിന്റെ സമകാലിക സാഹചര്യത്തിലേക്ക് ചരിത്രത്തിൽ നിന്നുള്ള പ്രതിഷ്ഠാപനമാണ് 2025- ൽ പുറത്തിറങ്ങിയ ഈ ചിത്രം. പലസ്തീൻ വിഷയം ചർച്ച ചെയ്യുന്ന ഈ ചിത്രമുൾപ്പെടെ 19 ചിത്രങ്ങൾക്ക് IFFK-യിൽ കേന്ദ്ര ഗവൺമെന്റ് പ്രദർശനാനുമതി നിഷേധിച്ചിരുന്നു.

പലസ്തീനിയൻ സംവിധായകയായ ആനി മേരി ജാസിറിന്റെ (Annemerie Jacir) പലസ്തീൻ 36, പലസ്തീനിലെ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായി 1936 മുതൽ 1939 വരെ നീണ്ടുനിന്ന തദ്ദേശീയ ജനതയുടെ ചെറുത്തുനിൽപ്പിന്റെ ചരിത്രസന്ദർഭങ്ങളെ ആവിഷ്‌കരിക്കുകയാണ്. പലസ്തീൻ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു ഇത്. സയണിസത്തിന്റെ വംശീയാധിപത്യത്തിന് എങ്ങനെയാണ് സാമ്രാജ്യത്വം വഴിമരുന്നിട്ടതെന്ന് ഈ ചിത്രം നമ്മോട് പറയുന്നു. യു.എൻ മനുഷ്യാവകാശ കമ്മീഷൻ ഗാസയിലെ ഇസ്രായേൽ അധിനിവേശത്തെ വംശഹത്യയായാണ് വിശേഷിപ്പിച്ചത്.

1917- ൽ പലസ്തീനിൽ ആധിപത്യമുറപ്പിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വം ജൂതരാഷ്ട്രത്തിനായുള്ള സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരിശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകി. പലസ്തീനിലെ കൊളോണിയൽ ഭരണകൂടം തദ്ദേശീയ മനുഷ്യർക്കെതിരെ നടത്തിയ ക്രൂരതകളെ ഈ ചിത്രം കാണിച്ചുതരുന്നു. സ്വന്തം ഭൂമിയിൽനിന്നും ദേശത്തുനിന്നും ബഹിഷ്‌കൃതരാക്കപ്പെടുന്ന ഒരു ജനതയുടെ നിലവിളികൾ ഇവിടെ ഉയർന്നു കേൾക്കാം.

പലസ്തീനിലെ കൊളോണിയൽ ഭരണകൂടം തദ്ദേശീയ മനുഷ്യർക്കെതിരെ നടത്തിയ ക്രൂരതകളെ ഈ ചിത്രം കാണിച്ചുതരുന്നു. സ്വന്തം ഭൂമിയിൽനിന്നും ദേശത്തുനിന്നും ബഹിഷ്‌കൃതരാക്കപ്പെടുന്ന ഒരു ജനതയുടെ നിലവിളികൾ ഇവിടെ ഉയർന്നു കേൾക്കാം.
പലസ്തീനിലെ കൊളോണിയൽ ഭരണകൂടം തദ്ദേശീയ മനുഷ്യർക്കെതിരെ നടത്തിയ ക്രൂരതകളെ ഈ ചിത്രം കാണിച്ചുതരുന്നു. സ്വന്തം ഭൂമിയിൽനിന്നും ദേശത്തുനിന്നും ബഹിഷ്‌കൃതരാക്കപ്പെടുന്ന ഒരു ജനതയുടെ നിലവിളികൾ ഇവിടെ ഉയർന്നു കേൾക്കാം.

1936- ലെ പലസ്തീൻ വിമോചന പ്രക്ഷോഭങ്ങളിൽ ഉയർന്ന പ്രധാനപ്പെട്ട ഒരു മുദ്രാവാക്യമായിരുന്നു ‘പലസ്തീൻ വിൽപ്പനക്കുള്ളതല്ല’ (palestine note for sale). പലസ്തീനെ സംബന്ധിച്ച് ആ മുദ്രാവാക്യങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്. പലസ്തീനികളെ മുള്ളുവേലിക്കുള്ളിൽ തടവിലാക്കുകയും ദാഹജലം നിഷേധിക്കുകയും ചെയ്യുന്ന രംഗങ്ങൾ ഈ സിനിമയിലുണ്ട്. ഗാസയിലെ തടങ്കൽപ്പാളയത്തിൽനിന്നുള്ള സമകാലിക സംഭവങ്ങളെ ഈ രംഗം ഓർമ്മിപ്പിക്കുന്നു.

കൊളോണിയലിസവും സയണിസവും അധിനിവേശത്തിലൂടെ താറുമാറാക്കിയ ഒരു ജനതയുടേയും ദേശത്തിന്റെയും ശരിയായ ചരിത്രമാണ് പലസ്തീൻ 36 എന്ന ചിത്രം ദൃശ്യപ്പെടുത്തുന്നത്.

അഭയാർത്ഥിക്യാമ്പുകളുടേയും അധിനിവേശത്തിന്റെ ഇരകളായി അഭയാർത്ഥിക്യാമ്പുകളിലേക്ക് നയിക്കപ്പെടുന്നതിനുമുമ്പുള്ള പലസ്തീൻ ജനതയുടെ ഭൂതകാലം ഈ സിനിമയിലുണ്ട്. കാർഷിക ജീവിതത്തിന്റെ സമാധാനം നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിച്ചിരുന്ന ഒരു ജനതയെയാണ് നാമിവിടെ കാണുന്നത്. കൊളോണിയലിസവും സയണിസവും അധിനിവേശത്തിലൂടെ താറുമാറാക്കിയ ഒരു ജനതയുടേയും ദേശത്തിന്റെയും ശരിയായ ചരിത്രമാണ് പലസ്തീൻ 36 എന്ന ചിത്രം ദൃശ്യപ്പെടുത്തുന്നത്.

1997- ൽ രൂപീകരിച്ച പലസ്തീൻ ഫിലിം എന്ന സ്വതന്ത്ര പ്രൊഡക്ഷൻ കമ്പനിയിലെ ടീം അംഗമാണ് ചിത്രത്തിന്റെ സംവിധായകയായ ആനി മേരി ജാസിർ. ഈ വർഷത്തെ ടോക്കിയോ രാജ്യാന്തര ചലച്ചിത്രമേളയിൽ പലസ്തീൻ 36 മികച്ച ചിത്രത്തിനുള്ള ഗ്രാന്റ് പ്രീ പുരസ്‌കാരം നേടി.


Summary: How imperialism paved the way for Zionist racial domination, Palestine 36 screened in IFFK 2025. Rajes h Chirappadwrites.


രാജേഷ് ചിറപ്പാട്

ചിത്രകാരനും എഴുത്തുകാരനും. ഇരുപതിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലു വർഷമായി IFFK ഒഫീഷ്യൽ ഡെയ്​ലി ബുള്ളറ്റിന്റെയും ഫെസ്റ്റിവൽ ഹാൻറ്ബുക്കിന്റെയും എക്സിക്യൂട്ടീവ്​ എഡിറ്ററാണ്.

Comments