ബേസിൽ പ്രകടനത്തിൽ രക്ഷപ്പെട്ട പാൽതു ജാൻവർ

ട്ടും അപരിചിതത്വം തോന്നാത്ത, എന്നാൽ വളരെ ഫ്രഷ് ആയി അനുഭവപ്പെടുന്ന ഒരു കുടിയേറ്റ ഗ്രാമത്തിൽ നടക്കുന്ന കഥയാണ് പാൽതു ജാൻവർ. വളർത്തുമൃഗം എന്നാണ് പാൽതു ജാൻവർ എന്ന വാക്കിനർഥം. പേര് പോലെ തന്നെ വളർത്തുമൃഗങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് സിനിമ.

അച്ഛൻ മരണപ്പെട്ടതോടെ ആശ്രിത നിയമനത്തിലൂടെ ഒരു ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടറായി ജോലി കിട്ടുന്ന പ്രസൂണിന്(ബേസിൽ ജോസഫ്) ഇരിട്ടിയിലെ ഒരു മലയോര ഗ്രാമത്തിലെ മൃഗാശുപത്രിയിൽ പോസ്റ്റിംഗ് കിട്ടുന്നു. കംപ്യൂട്ടർ അനിമേഷൻ രംഗത്താണ് താൽപര്യമെങ്കിലും കുടുംബത്തിലെ കടം കാരണം മനസില്ലാ മനസോടെ പ്രസൂൺ ജോലിക്ക് കയറുന്നു. ഭൂരിഭാഗം ജനങ്ങളും കർഷകരായ ആ ഗ്രാമത്തിലെത്തുന്ന പ്രസൂണിന്റെ ഇടപെടലുകളും പ്രതിസന്ധികളും രസകരമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് പാൽതു ജാൻവർ.

ആട് ഒരു ഭീകരജീവിയാണ് 2, സി.ഐ.എ, ഇയ്യോബിന്റെ പുസ്തകം, ജൂൺ തുടങ്ങിയ ചിത്രങ്ങളിൽ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ച സംഗീത് പി. രാജന്റെ ആദ്യ സംവിധാന സംരംഭമാണ് പാൽതു ജാൻവർ. പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിൽ ഒരു കഥാന്തരീക്ഷം സൃഷ്ടിച്ചെടുത്ത സംവിധായകൻ പക്ഷേ പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്ന രീതിയിൽ കഥ പറയുന്നതിൽ അത്ര മികവ് കാണിച്ചില്ല. ഇതേ കഥ കുറച്ചുകൂടി ഡ്രാമയോ, താൽപര്യമുണ്ടാക്കുന്ന സന്ദർഭങ്ങളോ ഉൾപ്പെടുത്തി കുറേക്കൂടി രസിപ്പിക്കുന്ന തരത്തിൽ അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നുന്നു. ഒന്നും സംഭവിക്കാതെ തന്നെ ഒരുപാട്‌നേരം മുന്നോട്ട് പോവുന്ന കഥ പക്ഷേ, പ്രേക്ഷകരെ മുഷിപ്പിക്കുന്നില്ല എന്നത് ആശ്വാസമാണ്. അതിൽ അഭിനേതാക്കളുടെ പങ്കും വളരെ വലുതാണ്.

ആദ്യം പറഞ്ഞത് പോലെ ഫ്രഷ് ആയ ഒരു റിയലിസ്റ്റിക് ഗ്രാമാന്തരീക്ഷവും ബേസിൽ ജോസഫ് ഉൾപ്പടെയുള്ള അഭിനേതാക്കളുടെ പ്രകടനവുമാണ് പാൽതു ജാൻവറിൽ എടുക്കാനുള്ള രണ്ട് കാര്യങ്ങൾ. പലപ്പോഴും സിനിമയെ മുന്നോട്ട് കൊണ്ടു പോവുന്ന ഏക ഘടകം ബേസിൽ ജോസഫ് ആണ്. ചിലപ്പോഴൊക്കെ Awkward ആയിപ്പോയേക്കാവുന്ന പല സന്ദർഭങ്ങളിലും ബേസിലിന്റെ പ്രകടനം കൊണ്ട് മാത്രം ചിത്രം പിടിച്ചു നിന്നിട്ടുണ്ട്. കോമഡികളും രസമായി തന്നെ പുൾ ഔട്ട് ചെയ്യാനായി.

ഓർമക്കുറവുള്ള, വാർഡ് മെമ്പറായ ഇന്ദ്രൻസിന്റെ കഥാപാത്രത്തിന്റെ കോമിക് അവതരണവും മികവുള്ളതായി. ഷമ്മി തിലകൻ, സിബി തോമൻ എന്നിവർ അൽപ സമയത്തെ സ്‌ക്രീൻ പ്രസൻസ് കൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുത്തു. ജോണി ആന്റണി, ദിലീഷ് പോത്തൻ, ഉണ്ണിമായ, ശ്രുതി എന്നിവരുടെ പ്രകടനവും നന്നായി.

നന്മ നിറഞ്ഞ ഒരു ഗ്രാമീണ കഥ പറയാനാണ് ചിത്രം ശ്രമിക്കുന്നത്. മനുഷ്യരും മൃഗങ്ങളും പ്രകൃതിയുമായുള്ള ബന്ധവും മനുഷ്യജീവൻ പോലെ തന്നെ പവിത്രവും വിലപ്പെട്ടതുമാണ് മറ്റു ജീവനുകളുമെന്നുമാണ് ചിത്രം മുന്നോട്ട് വെക്കുന്ന ആശയം. എന്നാൽ ആ വൈകാരികത പ്രേക്ഷകരിലെത്തിക്കാനായില്ല എന്നതാണ് ചിത്രത്തിന്റെ പരാജയം. പ്രസൂണിന്റെ പ്രതിസന്ധികളും പ്രേക്ഷകന് അനുഭവിക്കാനാവുന്നില്ല എന്നതും ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നു. വൈകാരികമായി പിന്നോട്ട് പോയ ചിത്രത്തെ കോമഡിയാണ് പിടിച്ച് നിർത്തുന്നത്.

സാങ്കേതികമായി സിനിമ മികച്ച് നിൽക്കാനുള്ള പ്രധാനകാരണം ഛായാഗ്രാഹണമാണ്. ഒരു ഇരിട്ടി ഗ്രാമത്തിന്റെ മുഴുവൻ സൗന്ദര്യവും പകർത്തുന്നതായിരുന്നു രണദിവെയുടെ ഛായാഗ്രഹണം. കുടിയാമല ഗ്രാമത്തിന്റെ പ്രകൃതിയെയും തണുപ്പിനെയും വരെ അനുഭവഭേദ്യമാക്കിയ ദൃശ്യങ്ങൾ പാൽതു ജാൻവറിന് മുതൽക്കൂട്ടാണ്.

Comments