ബിബ്ലിക്കൽ പശ്ചാത്തലത്തിലുള്ള കഥയെന്ന് പറഞ്ഞാൽ ഈ സിനിമയെക്കുറിച്ച് ഈ സിനിമയിലില്ലാത്തത്രയും നന്മ മനസിൽ വരുമെന്നത് കൊണ്ട് മാത്രം ഇതൊരു ഗ്യാങ്സ്റ്റർ കഥയാണെന്ന് പറയട്ടെ. വിനായകൻ ചെയ്ത കഥാപാത്രങ്ങളിലധികവും ഗ്യാംഗ്സ്റ്റർ തന്നെയാണ്. എന്നാൽ വിനായകന്റെ നായകനായി ഗ്യാങ്ങ്റ്റർ റോളിൽ വരുമ്പോഴുള്ള റേഞ്ച് വ്യത്യാസമാണ് ഈ ചിത്രത്തിന്റെ ആകർഷണങ്ങളിലൊന്ന്. ശരീരഭാഷയിലും സംഭാഷണത്തിലും വിനായകൻ അടിമുടി ഒരു ഗുണ്ടയായി നിറഞ്ഞാടുന്നത് മുൻപ് പല തവണ നമ്മൾ കണ്ടതാണെങ്കിലും പന്ത്രണ്ടിൽ അത് മറ്റൊരു എക്സ്പീരിയൻസ് തന്നെയായി നിൽകുന്നുണ്ട്.
എനർജിയിലും സ്‌ക്രീൻ പ്രസൻസിലും വിനായകനൊപ്പം നിൽക്കുന്ന പ്രകടനമാണ് ഷൈൻ ടോം ചാക്കോയും പുറത്തെടുത്തത്. ആദ്യ സീനുകളിൽ ഭീഷ്മപർവത്തിലെ പീറ്ററിനെ ഓർമിപ്പിക്കുമെങ്കിലും, അതിനെ കുടഞ്ഞെറിഞ്ഞുള്ള പ്രകടനമാണ് പിന്നീടങ്ങോട്ട്. വിനായകന്റെയും ഷൈനിന്റെയും എനർജിയും കെമിസ്ട്രിയുമാണ് ചിത്രത്തെ ആദ്യാവസാനം നയിക്കുന്നതെന്ന് പോലും പറയാം.
ആന്ത്രോയും (വിനായകൻ) പത്രോയും(ഷൈൻ ടോം ചാക്കോ) സഹോദരങ്ങളാണ്. കടലറിയുന്ന മീൻപിടുത്തക്കാരനായിരുന്നു ആന്ത്രോയെങ്കിലും ഇപ്പോൾ അയാൾ തന്റെ അനിയൻ ഉൾപ്പടെ 11 പേരടങ്ങുന്ന ഒരു ഗുണ്ടാ സംഘത്തിന്റെ നേതാവാണ്. സ്ഥലം ഒഴിപ്പിച്ചു കൊടുക്കൽ, വാടകക്കൊല, ക്വട്ടേഷൻ തല്ല് തുടങ്ങിയ എന്ത് ജോലിയും ചെയ്യും. പീലി എന്ന രാഷ്ട്രീയ നേതാവാണ് ഇവരുടെ പ്രധാന തൊഴിൽദാതാവ്. ഇവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു അപരിചിതൻ കടന്നുവരുന്നതും അതേ തുടർന്നുണ്ടാവുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ബേസിക് പ്ലോട്ട്.
വളരെ എൻഗേജിംഗ് ആയിട്ടാണ് സിനിമ ആരംഭിക്കുന്നതും മുന്നേറുന്നതും. വളരെ റിയലിസ്റ്റിക്കായി മുന്നോട്ട് പോവുന്ന ചിത്രത്തിൽ പക്ഷേ ചിത്രത്തിന്റെ മൊത്തം മൂഡിന് ചേരാത്ത തരത്തിൽ ചിലയിടത്ത് സീനുകൾ അവതരിപ്പിക്കപ്പെടുന്നുണ്ട്. വിജയകുമാറിന്റെ പൊലീസ് സീനുകളും പത്രോയ്ക്ക് ആദ്യമായി തല്ല് കൊള്ളുന്ന സീനുകളും അതിനുദാഹരണങ്ങളാണ്. എന്നാൽ ബാറിൽ വച്ചുള്ള ഫൈറ്റ്, ആന്ത്രോയും സംഘവും കടലിൽ മീൻ പിടിക്കാൻ പോവുന്നത്, കടപ്പുറത്ത് വച്ച് ആന്ത്രോയും ഇമ്മാനുവലും തമ്മിലുള്ള ഫൈറ്റ് തുടങ്ങിയ അതിഗംഭീരമായ ദൃശ്യങ്ങൾ മറ്റൊരു വശത്തുണ്ട്.
ആദ്യപകുതിക്ക് ശേഷം ചിത്രം പുതിയ സർപ്രൈസുകളോ ത്രില്ലിംഗ് നിമിഷങ്ങളോ മുന്നോട്ട് വെക്കുന്നില്ലെങ്കിലും അതുവരെ ബിൽഡ് അപ്പ് ചെയ്തെടുത്ത നിലയിൽ നിന്ന് താഴേക്ക് പോവാതെ പിടിച്ച് നിർത്തുന്നുണ്ട്. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ പ്രതീക്ഷിതമായി മാറുന്ന കഥാഗതി ക്ലൈമാക്സ് വരെ അതേ നില തുടരുന്നതും ക്ലൈമാക്സിൽ പോലും അതിൽ നിന്ന് സിനിമ ഉയരാത്തതും ചിത്രത്തിന് തിരിച്ചടിയാണ്.
ക്രിമിനാലിറ്റിയുള്ള രാഷ്ട്രീയക്കാരന്റെ കഥാപാത്രം സിനിമയിലുണ്ടെങ്കിൽ അത് കമ്മ്യൂണിസ്റ്റുകാരനാവുന്നതിൽ കുഴപ്പമൊന്നുമില്ലെങ്കിലും, ജനപ്രതിനിധിയുടെ രാഷ്ട്രീയം അപ്രധാനമായ സീനുകളിൽ പോലും; രാഷ്ട്രീയക്കാരൻ ഗൂഢോലോചന നടത്തുന്ന മുറിയുടെ ഭിത്തിയിൽ വളരെ വിസിബിളായി ചെഗുവേരയുടെ പടം വെക്കുക, കഥയുമായി ബന്ധമില്ലെങ്കിലും പാർട്ടി സെക്രട്ടറി എന്ന് തോന്നിക്കുന്ന കഥാപാത്രത്തെ ഗൂഢാലോചനയിൽ അവതരിപ്പിക്കുക തുടങ്ങിയ സൂചനകൾ നൽകുന്നത് അരോചകമാണ്. എന്നാൽ സിനിമയിൽ മറ്റൊരിടത്ത് പാട്ടും പ്രകൃതിസ്നേഹവുമായി നടക്കുന്നയാളെ കമ്മ്യൂണിസ്റ്റ് എന്ന് പൊലീസിനെക്കൊണ്ട് വിളിപ്പിക്കുന്നുമുണ്ട് സംവിധായകൻ. കക്ഷിരാഷ്ട്രീയം മോശമാണെന്നും യഥാർഥ കമ്മ്യൂണിസ്റ്റുകൾ അതിന് പുറത്താണെന്നുമുള്ള പൊതുബോധമാണ് സംവിധായകനും.
ചിത്രത്തിൽ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമായ ഇമ്മാനുവലിനെ അവതരിപ്പിച്ചിരിക്കുന്നത് ദേവ് മോഹൻ ആണ്. ഒരു മിസ്റ്റിക് കഥാപാത്രമായെത്തുന്ന ഇമ്മാനുവേൽ "സൂഫിയും സുജാതയും'ൽ ദേവ് മോഹൻ തന്നെ അവതരിപ്പിച്ച കഥാപാത്രത്തിന്റെ തനിപ്പകർപ്പാണെന്ന് ആരോപിച്ചാലും തെറ്റാവില്ല. എന്നാൽ കഥാപാത്രത്തിന്റെ രസം കൊണ്ട് ഈ ആവർത്തനം ഇത്തവണകൂടി പ്രേക്ഷകർ അനുവദിക്കുമെന്നാണ് കരുതുന്നത്. ഇമ്മാനുവലിന്റെ കഥാപാത്രത്തിന്റെ മിസ്റ്റിസിസവും മിറക്കിളും ആദ്യ രംഗങ്ങളിൽ ഒരു മാജിക്കൽ റിയലിസമായി കൺവിൻസ് ചെയ്തെങ്കിലും അതിന്റെ ആവർത്തനം രസംകൊല്ലിയായി.
ഊരാളി മാർട്ടിന്റെ കഥാപാത്രവും രസമുള്ളതായി. സൃന്ദയാണ് ശ്രദ്ധേയമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ലാലിന്റെ റോൾ ആവർത്തന സ്വഭാവമുള്ളതാണെങ്കിലും നന്നായി.
പച്ചമരത്തണലിൽ എന്ന ശ്രീനിവാസൻ ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ലിയോ തദേവൂസ്, പയ്യൻസ്, ഒരു സിനിമാക്കാരൻ, ലോനപ്പന്റെ മാമോദീസ എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തെങ്കിലും പ്രേക്ഷകർ കൈവിടുകയായിരുന്നു. എന്നാൽ പന്ത്രണ്ടിൽ സംവിധായകൻ എന്ന നിലയിൽ ഒരു മികച്ച മുന്നേറ്റം ലിയോ നടത്തിയിട്ടുണ്ട്. ലിയോ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.
സ്വരൂപ് ശോഭയുടെ സിനിമറ്റോഗ്രഫി സിനിമയുടെ നട്ടെല്ലാണ്. കടലിലും, തീരത്തുമായി നടക്കുന്ന കഥയെ അതിമനോഹരമായി സ്വരൂപ് പകർത്തിയിട്ടുണ്ട്. കടൽ രംഗങ്ങളിലെ വി.എഫ്.എക്സും നിലവാരം പുലർത്തി. സമാന രംഗങ്ങൾക്ക് അടുത്തിടെ ഇറങ്ങിയ മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ബിഗ്ബജറ്റ് ചിത്രത്തിലെ പരിതാപകരമായ രംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മാറ്റ് കൂടേണ്ടതാണ്.
അൽഫോൻസ് ജോസഫ് ആണ് സംഗീതം. ഷഹബാസ് അമേൻ പാടി "മെല്ലെ എൻ പ്രണയം' എന്ന പാട്ട് വീണ്ടും കേൾക്കാൻ തോന്നിക്കും വിധം മനോഹരമാണ്.