ഫിലിം പ്രൊഡ്യൂസറായ കേശവിന്റെയും വ്ലോഗറായ അമൃതയുടേയും ജീവിതത്തെ ഒരു ദേശത്തിന്റെ സാമൂഹ്യസംഘർഷസ്ഥിതിയാണ് പ്രതിസന്ധിയിലാക്കുന്നത്. സാമ്പത്തിക തകർച്ചയാലും ആഭ്യന്തര സംഘർഷങ്ങളാലും തിളച്ചുമറിഞ്ഞ സമീപഭൂതകാലത്തെ ശ്രീലങ്കയിലെ സ്ഥിതി. അതോടെ ശ്രീലങ്കയിൽ വിവാഹവാർഷികം ആഘോഷിക്കാൻ പോയ യുവമിഥുനങ്ങളുടെ അടിത്തട്ടിലെ സ്വത്വം അനാവരണം ചെയ്യപ്പെടുന്നു. പ്രതിസന്ധികളുടെ മൂർത്തമായ സംഘർഷ ഭൂമികയിലാണ് മനുഷ്യരുടെ യഥാർത്ഥ സ്വഭാവം വെളിപ്പെട്ടുവരുന്നത്. അകത്തും പുറത്തുമുള്ള ഹിംസാത്മകതകൾ പ്രത്യക്ഷമാകുന്നത്.
പ്രശസ്ത സംവിധായകൻ പ്രസന്ന വിതനാഗെ ഒരുക്കിയ സിനിമ പാരഡൈസ് ഈ വാസ്തവത്തിന് അടിവരയിടുന്നു. മനുഷ്യസ്വഭാവത്തിന്റെ ഉള്ളടരുകളിൽ സ്ഥിതിചെയ്യുന്ന അപ്രതീക്ഷിത യാഥാർത്ഥ്യങ്ങളെ ഒരു വശത്തും ശ്രീലങ്കൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ സമകാലികത മറുവശത്തും ചേർത്തുപിടിക്കുന്ന ഉജ്വലമായ ചലച്ചിത്രാവിഷ്കാരമാണ് പാരഡൈസ്.

പുരാണങ്ങളിൽ രാവണൻ ഭരിച്ചിരുന്ന രാജ്യമാണ് ലങ്ക. ‘മര്യാദാപുരുഷോത്തമ’നായി ഇതിഹാസപ്പെട്ട രാമന്റെ സഹധർമ്മിണി സീതയെ രാവണൻ അപഹരിച്ച് കൊണ്ടുപോയി താമസിപ്പിച്ച സ്ഥലം. ഹനുമാൻ കടൽ ചാടിക്കടന്ന് പോയി സീതയെ കണ്ടെത്തിയത് അവിടെ നിന്നത്രെ. കേശവിന്റേയും അമൃതയുടേയും കഥയായിരിക്കുമ്പോൾ തന്നെ സിനിമയിലുടനീളം ഇതിഹാസകഥയുടെ റഫറൻസുകളുണ്ട്. സീതയേയും രാമനേയും രാവണനേയും പുതിയ രീതിയിൽ വായിക്കുന്നുണ്ട് അമൃത. അതത് സന്ദർഭത്തിനൊത്തവണ്ണം സ്വാഭാവികമായാണ് ആ പ്രതികരണങ്ങൾ. അവരുടെ ഡ്രൈവറും ഗൈഡുമായ ആൻഡ്രൂ പോലും അത് ചെയ്യുന്നുണ്ട്. സിനിമയുടെ പ്രമേയത്തിന് അധികമാനം നൽകുന്നവയാണ് ഗൈഡിന്റെ വിവരണത്തിനിടെ നടത്തുന്ന രാമായണത്തിലെ കഥാസന്ദർഭങ്ങളുടെ സമകാലികമായ വായനകൾ. രാമന്റേയും രാവണന്റേയും സീതയുടേയും ഹനുമാന്റേയും കഥകൾ ശ്രീലങ്കയിൽ ടൂറിനെത്തുന്ന യുവദമ്പതികളുടെ ജീവിതത്തിലെ മുഹൂർത്തങ്ങളെ ആലോചനാ നിർഭരമാക്കുന്നുണ്ട്. ഇതിഹാസത്തിലെ രാമന്റെ ചെയ്തികളെ സീതയുടെ കാഴ്ചപ്പാടിലൂടെന്നപോലെ അമൃത എന്ന ആധുനികയായ പെൺകുട്ടി നിരൂപണം ചെയ്തതെടുക്കുന്നുണ്ട്. ക്ഷേത്രങ്ങളുടേയും പുരാതനമായ ആരാധനാലയങ്ങളുടേയും പശ്ചാത്തലത്തിൽ ഗൈഡിന്റെ പതിവ് വിവരണ സന്ദർഭങ്ങളെ സിനിമ അതുവഴി അർത്ഥവത്താക്കി മാറ്റുന്നു.
ജീവനുള്ളതിനോട് പെണ്ണിന് തോന്നുന്ന അടിത്തട്ടിലുള്ള സ്നേഹം അമൃതയുടെ ചെയ്തികളിലൂടെ വെളിപ്പെടുന്നുണ്ട് സിനിമയിലുടനീളം. അപരജീവനിലേക്ക് ഒരു പൊക്കിൾക്കൊടി സ്ത്രീ എപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് തോന്നിപ്പിക്കും അമൃതയുടെ പുഞ്ചിരിയോടെയുള്ള ജീവികൾക്കുനേരെയുള്ള നോട്ടങ്ങൾ കണ്ടാൽ. മനുഷ്യരോട് മാത്രമല്ല, മരങ്ങളോടും മൃഗങ്ങളോടുമതുണ്ട്. ആണധികാരികൾക്ക് അതു മനസിലാവില്ല എന്നു ചിത്രം പറയുന്നുണ്ട്. അമൃതയുടെ പങ്കാളി കേശവും ആണധികാരനോട്ടത്തിന് അപവാദമല്ല എന്നു കൂടി ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട് എന്ന് തോന്നുന്നു. സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഏതെങ്കിലും തരത്തിൽ അധികാരം കൈയ്യാളുന്നവർക്കെല്ലാം ഏറിയും കുറഞ്ഞും ജീവനോടുള്ള ആദരമില്ലായ്മയും ക്രൂരതയും വിദ്വേഷവുമുണ്ട്.

സ്നേഹിതരും ജീവിതപങ്കാളികളുമായ കേശവും അമൃതയും ഏറ്റവും അടുത്ത ഹൃദയബന്ധം സൂക്ഷിക്കുന്നവരായിരിക്കുമ്പോൾ തന്നെ അവരുടെ ലോകത്തോടുള്ള കാഴ്ചപ്പാടിൽ സൂക്ഷ്മതലത്തിൽ വ്യത്യസ്തതകളുണ്ട്. ചലച്ചിത്രം അതു പറയുന്നുണ്ട്. അഥവാ അതാണ് സവിശഷമായി പറയുന്നത്. മാനിറച്ചിയ്ക്കുവേണ്ടിയുള്ള വേട്ടയ്ക്കിടയിലും അടുക്കളയിൽ നിന്ന് പാചകക്കാരന്റെ പാട്ട് കിടക്കറയിലേക്ക് ഒഴുകിയെത്തുമ്പോഴും ബംഗ്ലാവിലെ ജീവനക്കാരെ പോലീസ് ഓഫീസർ മോഷണത്തിൽ സംശയിക്കുമ്പോഴും അത് കൃത്യതയോടെ പ്രകടമാവുന്നുണ്ട്. അമൃതയിൽ സഹജമായി അഹിംസാ മനോഭാവവും ജീവസ്നേഹവും ആണുള്ളത്. അതുകൊണ്ടാവും അവൾക്ക് ഏറ്റവും അത്യാവശ്യമായ ഫോണും ലാപ്പും മോഷണം പോയപ്പോഴും കേശവിൽ നിന്ന് വ്യത്യസ്തമായി ആഹ്ളാദത്തിലായിരിക്കാൻ സാധിക്കുന്നത്. ഏതു വിഷമസ്ഥിതിയിലും കുഞ്ഞു ആഹ്ളാദങ്ങൾ ഉണ്ടാവാൻ സ്നേഹിക്കാൻ കഴിയുന്ന മനുഷ്യർക്ക് കൊച്ചു കൊച്ചു കാര്യങ്ങൾ മതി എന്നു ഇത് സൂചിപ്പിക്കുന്നുണ്ട്. ചുറ്റുമുള്ള പച്ചപ്പും അതിനപ്പുറം മലയടിവാരത്തിലുള്ള മാനുകളും സ്നേഹമുള്ള സാധാരണ മനുഷ്യരുടെ കൂട്ടും അവളെ സന്തോഷവതിയാക്കാൻ പര്യാപ്തമാണ്.
വിദ്വേഷവും വംശീയവെറിയും സംരക്ഷണത്തിന്റെ രൂപത്തിലും പ്രകടമാവും. ടൂറിസ്റ്റുകളായ കേശ വിന്റേയും അമൃതയുടേയും സംരക്ഷണം ഏറ്റെടുക്കുന്ന സർജന്റ് ബണ്ഡാരയിൽ അകമേ നിറഞ്ഞ വംശവെറി തികട്ടി വരുന്നത് സിനിമ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ മിനിമം റിസോഴ്സുകളുമായി പ്രവർത്തിക്കാൻ നിർബന്ധിതമാവുന്നതോടെ സിസ്റ്റത്തിൽ പൊലിസുകാരനായ അയാൾക്കുണ്ടാവുന്ന അവിശ്വാസം അതിന് ആക്കം കൂട്ടുന്നു. റിസോർട്ടു ജീവനക്കാരനായ ശ്രീ തമിഴനും അവിടത്തെ പാചകക്കാരൻ ഇക്ബാൽ മുസ്‍ലിമും ആണെന്നറിയുന്നതോടെ സർജന്റ് ബണ്ഡാരയുടെ മനസ്സിൽ സംശയത്തിന്റേയും അപര വിദ്വേഷത്തിന്റേയും ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നുണ്ട്. അതിനനുസരിച്ചാണ് അയാളുടെ തുടർന്നുള്ള പ്രവൃത്തികളൊക്കെയും. അത് കേശവിന്റെ ജീവിതത്തിനു തന്നെ വിരാമമിടുന്ന സംഭവവികാസങ്ങളിലേക്ക് നയിക്കപ്പെടുകയാണ്. മനുഷ്യരുടെ അബോധത്തിലടക്കം അവരുടെയും പൂർവികരുടേയും ചരിത്രജീവിതം ഉണ്ടാക്കി വെക്കുന്ന മുൻവിധികളുടെ പുറത്തുചാടൽ ഇവിടെ കാണാം. ബണ്ഡാരയെന്ന പോലീസ് ഓഫീസറുടെ ചെയ്തികൾക്കും അവരവിദ്വേഷാത്മകമായ മനോവ്യാപാരങ്ങൾക്കും സാർവലൗകികമായ മാനങ്ങളാണുള്ളത്. ദുർബലരുടേയും അടിത്തട്ടു മനുഷ്യരുടേയും നേർക്കുള്ള ഭരിക്കുന്നവരുടെ അധികാര മനോഭാവം എല്ലാഴ്പോഴും എവിടേയുമുണ്ടല്ലോ.

അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ ജീവിതത്തിന്റെ ദിശ തന്നെ മാറ്റിമറിക്കാറുണ്ട്. ഇവിടെ അത് കേശവിന്റേയും അമൃതയുടേയും കൂട്ടുജീവിതത്തിന്റെ പരീക്ഷണവേദിയായിപോലും തീരുന്നതായി നിരീക്ഷിക്കാം. സിനിമയിലെ അവസാനരംഗങ്ങൾ അത്തരമൊരു വാസ്തവത്തെ കൂടി തൊടുന്നുണ്ട്. മനുഷ്യർ അപ്പോൾ അബോധപൂർവ്വമായി പ്രവർത്തിച്ചെന്നുവരും. തങ്ങളുടെ അബോധത്തിൽ കാലങ്ങളായിക്കൂടി ഘനീഭവിച്ചു കിടക്കുന്ന വികാരവിചാരങ്ങൾക്കനുസരിച്ച് ഹിംസയിലേർപ്പെട്ടു എന്നും വരും. അവസാനഭാഗത്തെ വിചാരണാ സീനുകളിലൊന്നിൽ സംഭവദിവസം നടന്നത് തനിക്കൊന്നുമോർമയില്ലെന്ന് അമൃത പറയുന്നുണ്ട്. സാക്ഷികൾ വിചാരണ സമയത്ത് ഒരു പക്ഷേ അമൃതയുടെ അവസ്ഥ മനസിലാക്കിക്കൊണ്ടു തന്നെയാണ് മൊഴി കൊടുക്കുന്നുണ്ട്. അത് ബോധപൂർവ്വമോ അല്ലാതെയോ ആവാം. ആൻഡ്രൂവിനോട് അമൃത അതിനെക്കുറിച്ച് ചോദിക്കുന്നുണ്ടെങ്കിയും മൗനമായിരുന്നു മറുപടി.
ശ്രീലങ്കയിലെ സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും ഏറ്റവും സ്വാഭാവികമായി ചിത്രത്തിൽ പ്രത്യക്ഷമാവുന്നുണ്ട്. അത് അവിടുത്തെ മനുഷ്യരിലുണ്ടാക്കിയ നിസ്സഹായാവസ്ഥയും ദൈന്യതയും വെറുപ്പും എല്ലാം സൂക്ഷ്മതയോടെ ചിത്രം വരച്ചുകാട്ടുന്നുണ്ട്. ശ്രീലങ്കൻ സാമൂഹ്യവസ്ഥയിൽ അത് ആഴത്തിലുള്ള വിള്ളലുകളാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് സിനിമ അനുഭവപ്പെടുത്തുന്നുണ്ട്. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ അത് ആഴത്തിൽ ഉലച്ചുകളഞ്ഞിരിക്കുന്നു. കുത്തഴിഞ്ഞ ഈ സാമൂഹ്യാവസ്ഥ അടിത്തട്ടു മനുഷ്യരേയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. മനുഷ്യരെ മോഷണത്തിനും പിടിച്ചുപറിക്കും നിർബന്ധിതരാക്കുന്ന ദൈന്യാവസ്ഥയാണത്. മനസിലെ വെറുപ്പും അപരവിദ്വേഷവും ഉച്ചസ്ഥായിയിലെത്തുന്ന സന്ദർഭവും ഇതുതന്നെ. മോഷണം ആരോപിച്ച് കസ്റ്റഡിയിലെടുക്കുന്ന ആൾ പൊലിസ് മർദ്ദനത്താൽ ആശുപത്രിയിലാവുന്നതും അവിടെ വച്ച് മരണപ്പെടുന്നതും നാട്ടുകാരെ പ്രക്ഷോഭത്തിലേക്ക് നയിക്കുന്നു. സ്വാഭാവികമായി അത് അക്രമത്തിലേക്ക് വഴിമാറിയ സന്ദർഭത്തിലാണ് അവിചാരിതമായ ദുരന്തം ഉണ്ടാവുന്നത്.അത് പ്രേക്ഷകർക്ക് ആഘാതമായി ഭവിക്കുന്ന ഒരന്ത്യത്തിലേക്ക് പരിണമിച്ചെത്തുകയാണ് ചെയ്യുന്നത്.

ശ്രീലങ്കയുടെ പ്രകൃതിയെ ഒപ്പിയെടുത്ത ഛായാഗ്രഹണമാണ് എടുത്തു പറയേണ്ടുന്ന ഒരു കാര്യം. മലയടിവാരങ്ങളും കരിങ്കൽ പാറകളും ഗുഹകളും നിറഞ്ഞ സ്ഥലങ്ങളെ ക്യാമറ സർഗാത്മകമായി സന്ദർഭത്തിനും മൂഡിനും ഒത്ത വിധത്തിൽ പിന്തുടരുന്നുണ്ട്. ഒരു ടൂറിലെ കാഴ്ചകൾ എന്ന രീതിയിൽ മാത്രമല്ല ദൃശ്യങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്. പ്രമേയത്തിന്റെ മുന്നോട്ടു പോക്കിനനുസൃതമായി കൂടിയാണ്. മലയുടെ മടിത്തട്ടിലൂടെയുള്ള രാത്രിയാത്രയുടെ ദൃശ്യങ്ങൾ അതിമനോഹരം. റിസോർട്ടിനകത്തെ ഷോട്ടുകളാകട്ടെ പെയിന്റിംഗിനെ അനുസ്മരിപ്പിക്കത്തക്കവണ്ണം ചേതോഹരവും വികാരം മുറ്റിനിൽക്കുന്നവയുമാണ്. അവയിലെ വെളിച്ചത്തിന്റേയും ഇരുളിന്റേയും ഇഴചേർത്തുള്ള ക്രമീകരണം വശ്യമാണ്. പ്രശസ്ത സിനിമാട്ടോഗ്രാഫറായ രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്തത്. ഇന്ത്യൻ സിനിമാലോകത്തെ ഏറ്റവും പ്രശസ്ത എഡിറ്റർമാരിലൊരാളായ പരിചയസമ്പന്നനായ ശ്രീകർ പ്രസാദാണ് എഡിറ്റിംഗ്. രാജീവ് രവിയും ശ്രീകർ പ്രസാദും ഒരുമിച്ചൊരുക്കിയ സിനിമാറ്റിക് അനുഭവം വീണ്ടുമൊരിക്കൽ കൂടി സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന വിധമാണ് ഉള്ളത്.

കേശവ് ആയി റോഷൻ മാത്യുവും അമൃതയായി ദർശന രാജേന്ദ്രനും പ്രമേയത്തിനനുസൃതമായി വളരെ നല്ല ജോഡിയായി രസതന്ത്രപ്പെട്ടിട്ടുണ്ട്. ഇരുവരുടേയും ആംഗ്യങ്ങളിലൂടെയും മുഖഭാവമാറ്റങ്ങളിലൂടെയും അംഗചലനങ്ങളിലൂടെയും അവർക്കിടയിലെ പ്രണയവും യോജിപ്പും വിയോജിപ്പും പിണക്കവും ഭയവും സംശയും എല്ലാം സന്ദർഭാനുസരണം സംവേദനം ചെയ്യപ്പെടുന്നുണ്ട്. ദർശന രാജേന്ദ്രൻ അമൃതയെ ചിത്രത്തിലെ കോർ കഥാപാത്രമാക്കുന്നതിൽ നന്നായി വിജയിച്ചിട്ടുണ്ട്. സിനിമാലോകത്ത് കെ എന്ന പേരിൽ അറിയപ്പെടുന്ന കെ. കൃഷ്ണകുമാറാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ആൻഡ്രു ആയി ശ്യാം ഫെർണാണ്ടോയും ബണ്ഡാര ആയി മഹേന്ദ്ര പരേരയും വേഷമിട്ടു. ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചു. ബുസാൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുവലുകളിൽ സിനിമ സമ്മാനിതമായിട്ടുണ്ട്. സംവിധായകനായ പ്രസന്ന വിതനാഗെക്കും അഭിനാതാക്കളായ റോഷൻ മാത്യൂവിനും ദർശന രാജേന്ദ്രനും വിവിധ ഫെസ്റ്റിവലുകളിൽ പുരസ്കാരം ലഭിച്ചു. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ് അവതരിപ്പിക്കുന്ന പാരഡൈസ് നിർമിച്ചിരിക്കുന്നത് ന്യൂട്ടൺ സിനിമയാണ്. ഇപ്പോൾ തിയേറ്ററുകളിലുള്ള ചിത്രത്തിന്റെ കേരളത്തിലെ വിതരണം നടത്തുന്നത് സെഞ്ച്വറി ഫിലിംസാണ്.