പക്ഷേ, ഒരു സ്വവർഗപ്രണയി തന്നെത്തന്നെ 'കാതലി'ലെ നായകനിൽ കണ്ടോ ?

'കാതൽ' നമ്മളെ വേദനിപ്പിക്കുന്നുണ്ട്. നിയമവും കുടുംബവും രാഷ്ട്രീയ പൊതുമണ്ഡലവും ക്വീയർ വ്യക്തിയെ ചേർത്തുനിർത്തേണ്ടതിന്റെ പോസിറ്റിവ് വൈബ് സിനിമ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ ഒരു സ്വവർഗപ്രണയി തന്നെത്തന്നെ 'കാതലി'ലെ നായകനിൽ കണ്ടോ? എനിക്ക് സംശയമുണ്ട്.

ഞാൻ 2009-ലാണ് കഥ എഴുതിത്തുടങ്ങിയത്. സപുംസകരുടെ പത്ത് പടവുകൾ, രതിമാതാവിന്റെ പുത്രൻ തുടങ്ങിയ കഥകളാണ് ആദ്യമെഴുതിയവ. സ്വവർഗലൈംഗികതയുടെ ഭിന്നനിറങ്ങളും കുടുംബം ഉൾപ്പെടെ വിവിധ സാമൂഹിക പ്രതലങ്ങളിൽ അതിന്റെ ആവിഷ്കാരപ്പകപ്പുകളും ആ കഥകളിൽ ഉണ്ടായിരുന്നു. തീവ്രമായ വേദന അനുഭവിച്ചുകൊണ്ടുള്ള എഴുത്തായിരുന്നു. 14 വർഷം മുമ്പത്തെ സാഹചര്യങ്ങളിൽ ഞാൻ പേര് സ്വൽപം മാറ്റിക്കൊണ്ടാണ് അവ പ്രസിദ്ധീകരിക്കുക പോലും ചെയ്തത്.

പ്രമോദ് രാമൻ എഴുതിയ രതിമാതാവിന്റെ പുത്രൻ  എന്ന പുസ്തകത്തിന്റ കവർ
പ്രമോദ് രാമൻ എഴുതിയ രതിമാതാവിന്റെ പുത്രൻ  എന്ന പുസ്തകത്തിന്റ കവർ

കഥകൾക്ക് പതിയെ കിട്ടിയ സ്വീകാര്യതയാണ് പിന്നീട് മുഴുവൻ പേരും ഉപയോഗിക്കാൻ ധൈര്യം തന്നത്. പക്ഷേ, അന്നുമുതലേ എന്റെ മനസിൽ തോന്നിയ ഒരാശയം കേരളത്തിൽ സ്വവർഗലൈംഗികതയോട് ബന്ധപ്പെട്ട വിഷയങ്ങളിൽ സർഗാത്മകരംഗത്തുള്ള വിപ്രതിപത്തിയും ടാബുവും തകർക്കാൻ ഏറ്റവും നല്ലത് നമ്മുടെ നായക നടന്മാരിൽ ആരെങ്കിലും ഒരാൾ ഒരു ക്വീയർ വ്യക്തിയെ സിനിമയിൽ അവതരിപ്പിക്കുന്നതാണ് എന്നതായിരുന്നു.

പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച'മുംബൈ പോലീസ്‌' സ്വവർഗലൈംഗികതയെ സ്പർശിക്കുന്ന സിനിമയാണ്. പക്ഷെ സിനിമയുടെ കേന്ദ്രപ്രമേയം അതുമായി ബന്ധപ്പെട്ടതല്ലായിരുന്നു. പൂർണമായും ക്വീയർ ഐഡൻറിറ്റിയെ അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമകളിൽ മുഖ്യധാരാ പ്രേക്ഷകർക്കുമേലോ സിനിമയുടെ കച്ചവട സാധ്യതകളിലോ സ്വാധീനം ചെലുത്താൻ കഴിയുന്നവരല്ല അഭിനയിച്ചത്. അതിനാൽ അവയെല്ലാം അക്കാദമിക് സ്വഭാവത്തിന് മുകളിലേക്ക് ഉയർന്നില്ല. എന്നാൽ

ഇത്രയും വർഷങ്ങൾക്ക് ശേഷം അത് സംഭവിച്ചിരിക്കുന്നു. അതും ഏറ്റവും വലിയ ആൾ തന്നെ, മമ്മൂട്ടി, അങ്ങനെയൊരു റോൾ ചെയ്തിരിക്കുന്നു. ഫിലിം ഇൻഡസ്ട്രി/ഹെറ്ററോനോർമാറ്റിക് പൊതുസമൂഹം സമാന്തര ഓരങ്ങളിലേക്ക് അകറ്റിനിർത്തിയ പ്രമേയം മുഖ്യധാരയിൽ എത്തിയിരിക്കുന്നു. അതും നിറഞ്ഞ പ്രേക്ഷകസാന്നിധ്യത്തിൽ. മമ്മൂക്കയും ജിയോ ബേബിയും 'കാതലി'ന്റെ മറ്റ്‌ അണിയറ പ്രവർത്തകരും കേരളീയ സമൂഹത്തിൽ ഒരു path breaking attempt ന്റെ ഭാഗമായി എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഫിലിം ഇൻഡസ്ട്രി/ഹെറ്ററോനോർമാറ്റിക് പൊതുസമൂഹം സമാന്തര ഓരങ്ങളിലേക്ക് അകറ്റിനിർത്തിയ പ്രമേയം മമ്മൂട്ടിയിലൂടെ മുഖ്യധാരയിൽ എത്തിയിരിക്കുന്നു.
ഫിലിം ഇൻഡസ്ട്രി/ഹെറ്ററോനോർമാറ്റിക് പൊതുസമൂഹം സമാന്തര ഓരങ്ങളിലേക്ക് അകറ്റിനിർത്തിയ പ്രമേയം മമ്മൂട്ടിയിലൂടെ മുഖ്യധാരയിൽ എത്തിയിരിക്കുന്നു.

മമ്മൂക്ക ആ റോൾ അവിസ്മരണീയമായ അഭിനയ മികവ് കൊണ്ട് ചരിത്രപരമായി അടയാളപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഓമനയുടെ ഹാൻഡ് ബാഗ് കയ്യിൽ പിടിച്ച് വിസ്താരം കേട്ടുനിൽക്കുന്ന മാത്യു അടുത്തകാലത്തൊന്നും ഉള്ളിൽ നിന്ന് പോകില്ല.

അതേസമയം, 'കാതൽ' എന്ന സിനിമയുടെ രാഷ്ട്രീയ വായന എന്നെപ്പോലൊരാളിൽ കുറച്ച് അരക്ഷിതാവസ്ഥയ്ക്ക് കാരണമാവുകയാണ് ചെയ്യുന്നത്. വളരെ apologetic ആയ മാത്യു എന്റെ മനസിന് ഏൽപിച്ച ആഘാതം ചെറുതല്ല. സിനിമയിൽ ഏതാണ്ട് മുഴുവനായും ആ നിൽപിൽ ആയതിനാൽ ഒരു സ്വവർഗാനുരാഗ ബന്ധത്തിൽ പങ്കാളിയായ മാത്യുവിനെ സിനിമയിൽ കാണാനില്ല. മറുഭാഗത്തെ പങ്കാളിയെക്കൊണ്ട് അത് ധ്വനിപ്പിക്കാനാണ് സംവിധായകൻ/തിരക്കഥാകൃത്തുക്കൾ ശ്രമിച്ചത്. തിരഞ്ഞെടുപ്പ് ക്യാംപെയ്ന് ഇടയിൽ പെയ്യുന്ന മഴയിൽ മാത്യുവിൽ നിന്ന് സ്ലിപ് വാങ്ങി കാറിൽ കയറിപ്പോകുന്ന തങ്കന്റെ ദൃശ്യങ്ങൾ വഴി അത് മനോഹരമായി വരികയും ചെയ്തു. (ഞാൻ ഏറ്റവും ആസ്വദിച്ച രംഗം). മാത്യുവിന് സിനിമയിൽ അങ്ങനെയൊരു നിമിഷമില്ല. ഹെറ്ററോനോർമാറ്റിക് സമൂഹത്തിന്റെ നൂറായിരം കാഴ്ചകളിൽ നിന്ന് മാത്യു അത് മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതുകൊണ്ടാണോ അതോ നായക പരിവേഷം മൂലമുള്ള പ്രതിബന്ധം കൊണ്ടാണോ എന്നത് ചർച്ച ചെയ്യപ്പെടട്ടെ. പക്ഷേ, ഏത് അനുഭവത്തെയാണോ മാത്യു നിർബന്ധിതമായി മറച്ചുവയ്ക്കേണ്ടി വരുന്നത്, അതെന്താണെന്ന് ഭൂരിപക്ഷ പ്രേക്ഷകസമൂഹം ഉള്ളിൽ അറിയുന്നില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ മാത്യു ഉള്ളിൽ വഹിക്കുന്ന ഉഭയവ്യക്തിത്വത്തിലെ നടുപ്പിളർപ്പ് സിനിമയിലല്ല. ആ രക്തമൊലിപ്പ് നമ്മൾ കാണുന്നില്ല.

കാതൽ സിനിമയിലെ മമൂട്ടിയുടെ ഗേ പാർട്ട്ണർ തങ്കനായി റോൾ ചെയ്ത സുധി കോഴിക്കോട്
കാതൽ സിനിമയിലെ മമൂട്ടിയുടെ ഗേ പാർട്ട്ണർ തങ്കനായി റോൾ ചെയ്ത സുധി കോഴിക്കോട്

ഗേ ആയ ഒരാളെ അടയാളപ്പെടുത്താൻ മുഖ്യധാരാ കച്ചവടസിനിമ ഉപയോഗിക്കാറുള്ള രൂപ, വേഷ, ഭാവാദികൾ ഒന്നുംതന്നെ പരിസരത്തേ അടുപ്പിച്ചില്ല എന്നതിൽ സിനിമ സത്യസന്ധത പുലർത്തുന്നു. LGBTQ+ ൽ ഗേ വിഭാഗത്തിൽ പെട്ടവരിൽ വലിയൊരു വിഭാഗം ഹെറ്ററോ വിഭാഗത്തിൽ പെട്ടവരിൽ നിന്ന് സാധാരണഗതിയിൽ വേറിട്ടുനിൽക്കുന്നവരല്ല. അവർ കുടുംബങ്ങളിലും ഓഫീസുകളിലും എല്ലാ പൊതുപരിസരങ്ങളിലും അലിഞ്ഞുചേർന്നു കിടക്കുന്നുണ്ട്. സിനിമ ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള സമീപനം ശരിയാണ്. എന്നാലോ, മാത്യുവിന്റെ പിൻവലിയലുകളെ മാത്രം പിന്തുടരുകയും അയാൾ അനുഭവിക്കുന്ന/അനുഭവിക്കേണ്ട പ്രണയത്തിന്റെ വൈകാരിക ആഴത്തെ പ്രശ്നവത്കരിക്കാതെ പോവുകയും ചെയ്യുമ്പോൾ ആണ് സിനിമ അപൂർണമാകുന്നത്. സ്വവർഗാനുരാഗി ഒറ്റയാൾ ബന്ധത്തിൽ (monogamous) മാത്രം നിലകൊള്ളുന്നത് അസാധാരണമാണ്. ശാരീരിക പ്രചോദനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരു പ്ളേറ്റോണിക് പ്രണയത്തിൽ മാത്യു കുടുങ്ങി നിൽക്കുന്നുണ്ടെങ്കിൽ അതയാളെ അടപടലം ചൂഴ്ന്നുനിൽക്കും. തങ്കന് പൊതുമധ്യത്തിൽ നിന്നുകൊണ്ട് സ്ലിപ് കൈമാറുമ്പോൾ അയാൾ വിറച്ചുവീഴും. എന്റെ തോന്നൽ അങ്ങനെയാണ്. അതിസൂക്ഷ്മമായ നോട്ടവ്യതിയാനം കൊണ്ട് മാത്യു അതിനെ മറികടക്കുന്നതായാണ് സിനിമ കാണിച്ചുതരുന്നത്. (മമ്മൂട്ടിയെന്ന ലോകനടന്റെ നിമിഷമായി അത് മാറുകയും ചെയ്തു.) പൊതുസമൂഹത്തിന്റെ പ്രതികരണങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുള്ള ക്യാമറ മാത്യുവിന്റെ അന്തസ്സംഘർഷത്തിലേക്ക് കയറുന്നില്ല. അയാൾ വേദനിക്കുന്നതു മുഴുവൻ സാമൂഹത്തിലും കുടുംബത്തിലും apologetic ആകേണ്ടി വരുന്നതിലാണ്.

 മാത്യുവിന്റെ പിൻവലിയലുകളെ മാത്രം പിന്തുടരുകയും അയാൾ അനുഭവിക്കുന്ന/അനുഭവിക്കേണ്ട പ്രണയത്തിന്റെ വൈകാരിക ആഴത്തെ പ്രശ്നവത്കരിക്കാതെ പോവുകയും ചെയ്യുമ്പോൾ ആണ് സിനിമ അപൂർണമാകുന്നത്
മാത്യുവിന്റെ പിൻവലിയലുകളെ മാത്രം പിന്തുടരുകയും അയാൾ അനുഭവിക്കുന്ന/അനുഭവിക്കേണ്ട പ്രണയത്തിന്റെ വൈകാരിക ആഴത്തെ പ്രശ്നവത്കരിക്കാതെ പോവുകയും ചെയ്യുമ്പോൾ ആണ് സിനിമ അപൂർണമാകുന്നത്

'കാതൽ' നമ്മളെ വേദനിപ്പിക്കുന്നുണ്ട്. നിയമവും കുടുംബവും രാഷ്ട്രീയ പൊതുമണ്ഡലവും ക്വീയർ വ്യക്തിയെ ചേർത്തുനിർത്തേണ്ടതിന്റെ പോസിറ്റിവ് വൈബ്‌ സിനിമ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ ഒരു സ്വവർഗപ്രണയി തന്നെത്തന്നെ 'കാതലി'ലെ നായകനിൽ കണ്ടോ? എനിക്ക് സംശയമുണ്ട്.

Comments