യാഷ് രാജ് ഫിലിംസിന്റെ (YRF) ‘സ്‌പൈ യൂണിവേഴ്സി’ലെ നാലാമത്തെ ചിത്രമാണ് സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത്, ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്ന പഠാൻ. സ്‌പൈ യൂണിവേഴ്സിലെ കഥ എന്ന് പറയുമ്പോൾ തന്നെ ഇതിനു മുന്നേ ഇറങ്ങിയ മറ്റു മൂന്നു ചിത്രങ്ങളുടെ (ഏക് ഥാ ടൈഗർ, ടൈഗർ സിന്ദാ ഹെ, വാർ ) അതേ രൂപകല്പന തന്നെയാണ് പഠാനും. അതിലുമുപരി ഷാരൂഖ് ഖാനെ സ്നേഹിക്കുന്നവർക്ക് സിനിമയുടെ ഭാഷയിലുള്ള പാരിതോഷികമാണ് പഠാൻ എന്ന് പറഞ്ഞാലും ഒട്ടും അധികമാവില്ല.
ഷാരൂഖ് ഖാൻ നാളിതുവരെ ചെയ്തുവന്നിട്ടുള്ള ആക്ഷൻ രംഗങ്ങളുടെ തുടർച്ച തന്നെയാണ് പഠാനിലും. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെപോലൊരു റൊമാന്റിക് പടമായാലും ചെന്നൈ എക്സ്പ്രസ് പോലുള്ള കോമഡി ആയാലും ഇങ്ങോട്ടുകിട്ടുന്ന അടി ആവോളം വാരിക്കൂട്ടിയിട്ടേയുള്ളൂ ഖാൻ കഥാപാത്രങ്ങൾ. മറ്റ് താരങ്ങളെ പോലെ വില്ലൻമാരെ അങ്ങോട്ട് തല്ലിത്തകർക്കാൻ നിൽക്കാതെ ബുദ്ധിയിലൂടെയും സ്വതസിദ്ധമായ ‘SRK charm' ലൂടെയും എല്ലാം കരസ്ഥമാക്കുന്ന ഷാരുഖ് ഖാൻ നായകനിലാണ്, എണ്ണമറ്റ ആരാധകർ അവരിലൊരാളായി എന്നും ഐഡൻറിഫൈ ചെയ്ത് വന്നിട്ടുള്ളത്. ഖാൻ 8 പാക്കിലാണ് വരുന്നതെങ്കിലും ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ജോൺ അബ്രഹാമിന്റെ ധൂമിലെ കഥാപാത്രത്തെ ഓർമിപ്പിക്കുന്ന വില്ലൻ എല്ലാ രീതിയിലും പഠാനെക്കാൾ മുന്നിലാണ്. പഠാന് ആകെ കൈയിലുള്ളതുതന്നെ പോലെ തന്നെ പല ശാരീരിക വൈകല്യങ്ങൾ കൊണ്ട് യുദ്ധമുഖത്തിറങ്ങാൻ പറ്റാത്ത ഒരു കൂട്ടം വിമുക്ത ഭടന്മാരുടെ ടീം ആയ JOCR ആണ്.
പഠാന്റെ കഥഗതിയും ഷാരൂഖ് ഖാന്റെ കരിയറായി നല്ലവണ്ണം ഓവർ ലാപ്പ് ചെയ്യുന്നുണ്ട്. 2015ൽ, രാജ്യത്ത് അസഹിഷ്ണുത വർദ്ധിക്കുന്നു എന്ന രീതിയിൽ ഷാരൂഖ് ഖാൻ പറഞ്ഞ കമൻറ് സംഘപരിവാർ അനുകൂലികളെ പ്രകോപിപ്പിച്ചിരുന്നു. ചെന്നൈ എക്സ്പ്രസിനുശേഷം ഇറങ്ങിയ രോഹിത് ഷെട്ടിയുടെ ബിഗ് ബജറ്റ് സിനിമ ദിൽവാലെ ബഹിഷ്കരിക്കാൻ ആഹ്വാനവുമുണ്ടായി. ദിൽവാലെ ഇന്ത്യക്കുപുറത്ത് വിജയമായിരുന്നെങ്കിലും ഇന്ത്യയിൽ കാര്യമായി കളക്ഷനുണ്ടായില്ല. ഏറ്റവും അവസാനമായി, ‘അഭിലാഷ പദ്ധതി’ എന്ന് അടിവരയിട്ട് വന്ന ‘സീറോ' ബോക്സ് ഓഫീസിൽ തകർന്നടിയുകയായിരുന്നു. അതിനുശേഷം തന്റെ കരിയറിൽ നിന്ന് വലിയ ബ്രേക്ക് എടുക്കുകയായിരുന്നു ഖാൻ. സുശാന്ത് സിംഗ് രാജപ്പുട്ടിന്റെ മരണത്തോടനുബന്ധിച്ചുവന്ന ‘ബോയ്ക്കോട്ട് ബോളിവുഡ്’ ട്രെൻഡിനും ഖാൻ നേരിട്ട വ്യക്തിപരമായ ആക്രമണത്തിനും ശേഷം, നാലുവർഷത്തെ ഇടവേളക്ക് ശേഷമാണ് പഠാൻ ഇറങ്ങുന്നത്.
പഠാനിലെ JOCR റഫറൻസ് പലതും ഇന്നത്തെ ബോളിവുഡിനെ ഉദ്ദേശിച്ചാണ്. ജോലിക്കിടയിലെ വലിയ തകർച്ചക്കുശേഷം വനവാസത്തിലേക്ക് പോവുകയും വനവാസം അവസാനിപ്പിക്കാൻ സമയമായി എന്ന് പറഞ്ഞ് തിരിച്ചു വരുകയും ചെയ്യുന്ന JOCR ന്റെ മുതിർന്ന മെമ്പറാണ് പഠാൻ. എല്ലാവരും കരുതി, പഠാന്റെ അധ്യായം അവസാനിച്ചു എന്ന്, പക്ഷെ പഠാൻ ഒരു പുസ്തകം തന്നെ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് പഠാന്റെ ബോസ് ആയി വരുന്ന ഡിംപിൾ കപാഡിയയുടെ നന്ദിനി മാം.
നിറഞ്ഞ കരഘോഷത്തോടെ തിയേറ്ററിൽ സ്വീകരിക്കപ്പെടുന്ന സൽമാൻഖാന്റെ ടൈഗറുമായുള്ള സംഭാഷണങ്ങൾ, ഷാരൂഖിന്റെ കരിയറുമായി ബന്ധപ്പെട്ടതാണ്. ‘മതി വിശ്രമിച്ചത്, ഇനിയും പലതും ചെയ്യാനുണ്ട് വാ’ എന്നു പറഞ്ഞാണ് ടൈഗർ പഠാനെ എഴുന്നേൽപ്പിക്കുന്നത്. തിരിച്ച് ‘തു ഡർ ഗയാ നാ?'എന്ന ചോദ്യത്തിന് ടൈഗർ മറുപടി പറയുന്നു, നിന്നെയോർത്ത്. ക്ലൈമാക്സിലെ പോസ്റ്റ് ക്രെഡിറ്റ് സംഭാഷണം ബോളിവുഡിലെ ഖാൻമാരുടെ സ്ഥാനം അടിവരയിട്ട് ഉറപ്പിക്കുന്നു.
പഠാനിലെ ‘ബേശരം രംഗ്’ വിവാദത്തിനുശേഷം ദീപികയുടെ കാവി ബിക്കിനിയും നിറകയ്യടികളോടെയാണ് സ്വീകരിക്കപ്പെടുന്നത്. ദീപികയുടെ ആക്ഷൻ രംഗങ്ങളെപ്പറ്റി എടുത്തുപറയുക തന്നെ വേണം. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനുശേഷം പാക്കിസ്ഥാനിലെ ഭീകരവാദികൾ, ഒരു തീവ്രവാദ സംഘടനയുമായി ചേർന്ന് ഇന്ത്യക്കുനേരെ തൊടുത്തു വിടുന്ന ബയോളജിക്കൽ വെപ്പൺ ഇല്ലാതാക്കുക എന്നതാണ് പഠാന്റെ മിഷൻ. ജോൺ എബ്രഹാമിന്റെ വില്ലൻ ഒരു ‘മുൻ റോ’ ഏജൻറാണ്, പാകിസ്താനി അല്ല എന്നത് സംഘ് അനുകൂലികളെ വീണ്ടും ചൊടിപ്പിക്കുന്നുണ്ടെങ്കിലും പഠാന്റെ ബോക്സ്‌ഓഫീസ് വിജയം അതൊക്കെ നിഷ്പ്രഭമാക്കുന്നു.
രണ്ടാം പകുതിയിൽ ചെറിയ ഗ്രിപ്പ് നഷ്ടപ്പെടുന്നതും, vfx ൽ വന്ന പ്രശ്നങ്ങളും ഒന്നും കണ്ടുകൊണ്ടിരിക്കുമ്പോൾ ബാധിക്കാത്ത വിധം ചടുലമായ ആക്ഷൻ രംഗങ്ങളാൽ സമ്പുഷ്ടമാണ് പഠാൻ. സകല ബോക്സ് ഓഫീസ് റെക്കോർഡും തിരുത്തപ്പെടുമ്പോൾ, സംഘപരിവാർ സൃഷ്ടിച്ച വെറുപ്പിന്റെ അന്തരീക്ഷത്തെയും ബഹിഷ്കരണാഹ്വാനത്തെയും കാറ്റിൽ പറത്തി പഠാനിലൂടെ ഷാരുഖ് ഖാൻ മാത്രമല്ല ബോളിവുഡ് മുഴുവനും തിരിച്ചുവരവിന്റെ ആഘോഷത്തിലാണ്.