‘പത്താനി’ൽ അവസാനിക്കില്ല, കാവിപ്രേമികളുടെ സംസ്​കാര സംരക്ഷണ യജ്​ഞം

‘പത്താനി’ലെ പാട്ടുസീനിൽ മാറ്റം വരുത്തണമെന്ന്​ സാക്ഷാൽ സെൻസർ ബോർഡ്​ തന്നെ ഉത്തരവിട്ടിരിക്കുകയാണ്​. പാട്ടുസിനിലെ കാവിത്തുണി ഒഴിവാക്കിക്കൊണ്ടുള്ള ‘സംസ്​കാര സംരക്ഷണ’മാണ്​ സെൻസർ ബോർഡ്​ ലക്ഷ്യമാക്കുന്നത്​. ജനപക്ഷത്തുനിൽക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളുടെയും കലാ നിലപാടുകളുടെയും ക്രിയാത്മകമായ ഒരു മണ്ണിലാണ്​, വില കുറഞ്ഞ അരാഷ്​ട്രീയതകൾ അഴിഞ്ഞാടുന്നത്​. അവയ്​ക്ക്​, ഭരണകൂടങ്ങൾ അടക്കമുള്ള സംവിധാനങ്ങളുടെ പിന്തുണ നിർലോഭം ലഭിക്കുന്നു എന്നതാണ്​ ആശങ്കാജനകമായ യാഥാർഥ്യം.

ബി.ജെ.പിയുടെയും പോഷക പരിവാറുകാരുടെയും ‘കാവിപ്രേമം’ മൂർദ്ധന്യാവസ്ഥയിലെത്തിനിൽക്കുകയാണല്ലോ, ‘പത്താൻ’ എന്ന ഹിന്ദി സിനിമയിലെ ദീപിക പദുക്കോൺ- ഷാരൂഖ് ഖാൻ ജോഡികളുടെ ‘Besharam Rang' പാട്ട്​ കണ്ടിട്ട്​. ഇപ്പോഴിതാ, ഈ പാട്ടുസീനിൽ മാറ്റം വരുത്തണമെന്ന്​ സാക്ഷാൽ സെൻസർ ബോർഡ്​ തന്നെ ഉത്തരവിട്ടിരിക്കുകയാണ്​. ജനുവരി 25ന്​ റിലീസ്​ ചെയ്യണമെങ്കിൽ പുതിയ പതിപ്പ്​ സമർപ്പിക്കണം. രാജ്യത്തിന്റെ സംസ്​കാരവും വിശ്വാസവും മഹത്തരമാണെന്നും അത്​ സംരക്ഷിക്കണമെന്നും കൂടി സെൻസർ ബോർഡ്​ ചെയർപേഴ്​സൺ പ്രസൂൺ ജോഷിയുടെ ഉത്തരവിലുണ്ട്​. അതായത്​, പാട്ടുസിനിലെ കാവിത്തുണി ഒഴിവാക്കിക്കൊണ്ടുള്ള ‘സംസ്​കാര സംരക്ഷണ’മാണ്​ സെൻസർ ബോർഡ്​ ലക്ഷ്യമാക്കുന്നത്​ എന്നർഥം.

ദീപികയുടെ ബിക്കിനിക്കും
സണ്ണിയുടെ അണ്ടർവെയറിനും ഒരേ നിറം

‘പത്താൻ’ സിനിമയെ ആക്ഷേപിച്ച് ആദ്യമായി രംഗത്തുവന്ന പ്രഗ്യാ ഠാക്കൂർ എന്ന സന്യാസിനിയിട്ട വഴിമരുന്ന് മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയുടെ ചെറിയ ഭാഗങ്ങളിലും പടർന്നു കത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രഗ്യാ ഠാക്കൂർ തന്റെ ‘ഹിന്ദ്-24’ എന്ന യൂട്യൂബിലൂടെ പറയുന്നു: ‘‘കാവിവസ്ത്രമണിഞ്ഞ് ഒരു നടി (അവരുടെ പേര് ഇവിടെ അവർ തൽക്കാലം പറയുന്നില്ല) ‘ബേശരം രംഗ്’ എന്ന ഗാനത്തിൽ ഹിന്ദുത്വത്തെ ഒന്നടങ്കം അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അവർക്കുള്ള മറുപടി ‘മൂതോഡ് ജവാബ്'- മുഖമടച്ചുള്ള ഉത്തരം- നാം ഹിന്ദുക്കൾ നൽകേണ്ടതാണ്. ഈ സിനിമയുടെ പ്രദർശനം ഇവിടെ മാത്രമല്ല ഇന്ത്യ മുഴുവൻ തടയണം. നാം സനാതനധർമ്മ വിശ്വാസികളാണ്.’’

പ്രഗ്യ സിങ് ഠാക്കൂർ
പ്രഗ്യ സിങ് ഠാക്കൂർ

നാം അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, ഇത്തരം സിനിമകൾ
‘ആപത്ജനക'മാണ്​ എന്നൊക്കെയുള്ള വെല്ലുവിളികളോടെയാണ്​ അഞ്ചുമിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുന്നത്​. തൊട്ടുപിന്നാലെ, ലോക്ഹിത്-24 എന്ന സാമൂഹ്യമാധ്യമചാനൽ ഈ കാമ്പയിൻ പൊളിക്കാൻ രംഗത്തുവന്നു. അത്​ ‘ഹിന്ദ്-24’നും ബി.ജെ.പി.ക്കും പത്താൻ ബോയ്‌ക്കോട്ട് ഗ്യാങ്ങിനും വലിയ തിരിച്ചടിയായി. മനോജ് തിവാരി അഭിനയിച്ച ജൽമണ്ഡി എന്ന സിനിമയിൽ, ഇപ്പോൾ അഴിഞ്ഞുവീഴും എന്ന നിലയിൽ കാവി നിറമുള്ള തുണിയുടുത്ത നായികയുടെയും മനോജ് തിവാരിയുടെയും ചൂടൻരംഗങ്ങളുടെ സ്റ്റിൽസ് ഈ ചാനൽ കാണിച്ചുതന്നു. മുന്തിയ ദേശഭക്തവേഷം സിനികളിൽ പതിവായി ഉപയോഗിക്കാറുള്ള നമ്പർവൺ ബി.ജെ.പി.ക്കാരൻ സണ്ണി ഡിയോളിന്റേതാണ്​ അടുത്ത ദൃശ്യം. അദ്ദേഹം ധരിച്ചിരിക്കുന്ന ഏക വസ്ത്ര (ബഡ്ഡി- ജട്ടി) ത്തിന്റെ നിറം കാവിയാണെന്നു മനസ്സിലാക്കാൻ ഭൂതക്കണ്ണാടി വേണ്ട. ദീപികയുടെ കാവി ബിക്കിനിയുടെയും സണ്ണിയുടെ അണ്ടർവെയറിന്റെയും നിറം ഒന്നുതന്നെയെന്ന് അവതാരകൻ അംബുജ്കുമാർ തെളിവുസഹിതം നമ്മെ ബോധ്യപ്പെടുത്തുന്നു. ‘രംഗ് തോ രംഗ് ഹേ, ലേക്കിൻ ജൻ കാ മൻ മേ ജംഗ് ഹേ'(വർണം വർണം മാത്രം, എന്നാൽ ജനങ്ങളുടെ തലച്ചോറിൽ അത് കച്ചറയായിരിക്കുന്നു) എന്ന അവതാരകന്റെ പ്രാസഭംഗിയൊപ്പിച്ച താരതമ്യപഠനം ഏറ്റവും അനുയോജ്യമെന്ന് പറയാതെ വയ്യ. മനോജ് തിവാരിക്കും സണ്ണി ഡിയോളിനും രവികിരണിനുമൊക്കെ, ഏതു നിറമുള്ള വസ്ത്രവും എവിടേയും ധരിക്കാം, ആടിപ്പാടാം, അശ്ലീലച്ചുവയുള്ള രംഗങ്ങളിൽ അഭിനയിക്കാം. അവിടെ കാവിയെന്നോ നീലയെന്നോ ചുവപ്പെന്നോ വേർതിരിവില്ല. ഇവരെല്ലാവരും ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ച് ജയിച്ചവരാണെന്നതിലുപരി മറ്റൊരു സർട്ടിഫിക്കറ്റും കൈവശം വെക്കേണ്ടതില്ലെന്ന്​ അംബുജ് കുമാർ തുറന്നടിക്കുന്നു. കൂടാതെ ഇക്കൂട്ടർ ‘കലാകാർ' എന്ന ലേബലും വാങ്ങിവെച്ചിട്ടുണ്ടല്ലോ. ‘അതുകൊണ്ട് ബി.ജെ.പിക്കാർക്ക് ഈ നടന്മാർക്കെതിരെ ഒരക്ഷരം ശബ്ദിക്കാനാകില്ല. ഇവരുടെ ബംഗ്ലാവുകൾ ബുൾഡോസറുകൾകൊണ്ട് നിലംപരിശാക്കാനും മുതിരില്ല’, അംബുജ്കുമാർ സത്യം വസ്തുനിഷ്ഠമായി വെളിപ്പെടുത്തുന്നു.

‘‘മധ്യപ്രദേശിലെ ഗ്രാമീണരിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇവർക്ക് കന്നുകാലികൾക്കുള്ള തീറ്റ വാങ്ങാൻ ക്യൂ നിൽക്കേണ്ടിവരുന്നു. ഒരാഴ്ചക്കുള്ള ആട്ട വാങ്ങാൻ റേഷൻകടയിലുള്ള ഗ്രാമീണരുടെ നീണ്ട വരി കണ്ടാൽ ആരും അമ്പരക്കും. യുവാക്കൾക്ക് ജോലി സ്വപ്നം മാത്രം. പ്രതിഷേധിക്കുന്നവർക്ക് പൊലീസിന്റെ ചുട്ട ലാത്തിയടി. ഇത്തരം അനേകം സമസ്യകൾ നടമാടുന്ന നമ്മുടെ നാട്ടിൽ കാവിവസ്ത്രമണിഞ്ഞെത്തുന്ന ദീപിക പദുക്കോണിനെതിരെയും മുസ്​ലിമായ ഷാരൂഖ് ഖാനെതിരെയും പ്രതികരിക്കാനും പോസ്റ്ററുകൾക്ക് തീയിടാനും മാത്രമേ പലർക്കും സമയമുള്ളൂ'' - ലക്ഷ്മൺ യാദവ് എന്ന യുവാവിന്റെ പ്രതികരണമാണിത്​. ഒരാൾ ഒരാഴ്ച ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറവും ആകൃതിയും വലുപ്പവും വരെ ഉൾപ്പെട്ട ലിസ്റ്റ് തന്നെ ഒരുവേള ഇവർ പുറത്തിറക്കാൻ സാധ്യതയുണ്ടെന്നും യാദവ് ആശങ്കപ്പെടുന്നു.

ശിക്ഷാകാലാവധി പൂർത്തിയാകും മുമ്പ് ഗുജറാത്ത്​ ഭരണകൂടം​ വിട്ടയച്ച ബിൽക്കിസ് ബാനു റേപ്പ്​ കേസ്​ പ്രതികൾക്ക് സ്വീകരണം നൽകുന്നു
ശിക്ഷാകാലാവധി പൂർത്തിയാകും മുമ്പ് ഗുജറാത്ത്​ ഭരണകൂടം​ വിട്ടയച്ച ബിൽക്കിസ് ബാനു റേപ്പ്​ കേസ്​ പ്രതികൾക്ക് സ്വീകരണം നൽകുന്നു

ബിൽക്കീസ് ബാനുവിനെ റേപ്പ്​ ചെയ്​ത കേസിൽ ശിക്ഷാകാലാവധി തീരുംമുമ്പ് ഗുജറാത്ത് ഭരണകൂടം വിട്ടയച്ച ഒമ്പത്​ കുറ്റവാളികളെ മാലയിട്ട് സ്വീകരിക്കുന്നതും മധുരപലഹാരം നല്കി ആദരിക്കുന്നതും പ്രാധാന്യത്തോടെ ചിത്രീകരിക്കുന്ന മാധ്യമപ്രവർത്തനത്തിന്റെ കാലം കൂടിയാണിത്​ എന്നോർക്കുക.

പ്രകാശ്​ രാജ്​ പറഞ്ഞത്​

പൗരത്വ ഭേദഗതി ബില്ലിനെതിരെയും ജാമിയാ മിലിയാ പ്രശ്‌നത്തിലും കർഷകസമരത്തിനും പിന്തുണ പ്രഖ്യാപിച്ചും നിലപാടെടുത്ത നടനും സോഷ്യൽ ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന്​ പത്താൻ വിഷയത്തിൽ വേറിട്ട സ്വരമുണ്ട്​: ‘‘കാവിവസ്ത്രധാരികൾക്ക് പെൺകുട്ടികളെ റേപ്പ്​ ചെയ്തു കൊല്ലാം. അവരിൽ ചിലരുടെ നാവ് മുറിച്ചെടുത്ത് ഊമകളാക്കാം. ഇരകളുടെ മൃതദേഹം ചുട്ടുചാമ്പലാക്കാം. ഹിന്ദുത്വത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാം. അതു പറഞ്ഞ് വോട്ട് നേടി അധികാരക്കസേരകളിലിരിക്കാം. ഇന്ത്യാരാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ എത്ര ശോചനീയം’’- പ്രകാശ് രാജിന്റെ ട്വീറ്റിന്​ ലക്ഷക്കണക്കിനാണ് ലൈക്കും അനുകൂല പ്രതികരണങ്ങളും ലഭിച്ചത്.

‘പത്താൻ' പ്രദർശിപ്പിക്കാൻ മധ്യപ്രദേശിൽ അനുമതി നല്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന ആഭ്യന്തരമന്ത്രിയ്ക്ക് ഒരു പത്തിരുപത്തഞ്ചു വർഷത്തെ ജോലിയ്ക്കുള്ള ‘വഹ' നിർദ്ദേശിച്ച് ട്വിറ്ററിൽ രവീഷ് കുമാർ കുറിച്ച വാക്കുകൾ ശ്രദ്ധിക്കുക: ‘‘പത്താൻ സിനിമയിലെ ദീപിക പദുക്കോണിന്റെ കാവിവസ്ത്രത്തെ ചൊല്ലി നരോത്തം മിശ്രാജി വലിയ സംഭ്രമത്തിലാണെന്ന് കേൾക്കുന്നു. ബോജ്പുരി സിനിമകളിലെ ഇത്തരം രംഗങ്ങൾ തെരഞ്ഞുപിടിക്കുന്നതിനുള്ള അവസരവും അവയിലെ കലാകാരികലാകാരന്മാർ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറം തരംതിരിക്കുന്ന ‘പാരലൽ സെൻസർബോർഡ്​’ ചെയർമാൻ പദവും മിശ്രാജിക്ക് നല്കുന്നത്​ അനുയോജ്യമായിരിക്കും. ചുരുങ്ങിയത് ഇരുപത്തഞ്ച് വർഷത്തേക്കുള്ള ജോലി അതോടെ നരോത്തം മിശ്രയ്ക്ക് സാധ്യമാകും.''

ടൈംസ് മെയിൽ ചാനൽ അവതാരക ഹർഷതാ മിശ്ര, സംഘ്​പരിവാർ സംഘടനകളുടെ അണികളിൽപ്പെട്ട നടന്മാരുടെ അശ്ലീലകരവും ആഭാസകരവുമായ സിനിമകളുടെ സ്റ്റിൽസ് ഉപയോഗിച്ചാണ്​, ‘പത്താനെ’തിരായ വിദ്വേഷ പ്രചാരണത്തെ നേരിടുന്നത്​. ഹേമമാലിനി, സ്മൃതി ഇറാനി എന്നിവർ സിനിമകളിൽ ധരിച്ചിരിക്കുന്ന കാവിവസ്ത്രം ഇക്കൂട്ടരെ എന്തുകൊണ്ട് വിറളിപിടിപ്പിക്കുന്നില്ല എന്നവർ തെളിവു സഹിതം ചോദിക്കുന്നു: ‘‘ഷാരൂഖ് ഒരു മുസ്​ലിം ആയതാണ് ഇവരുടെ പ്രശ്‌നമെന്ന് തോന്നുന്നു''വെന്ന് ഹർഷത ചോദിക്കുന്നു. പകരം അക്ഷയ്കുമാറോ സണ്ണി ഡിയോളോ ആണ്​ ഈ രംഗത്തുണ്ടായിരുന്നത്​ എങ്കിൽ ഇത്തരമൊരു ചൊറിയൻ പ്രതികരണമായിരിക്കുകയില്ല അവരിൽനിന്നുണ്ടാകുക എന്നും അവർ തുറന്നടിക്കുന്നു. അക്ഷയ്കുമാറും കത്രീന കൈഫും ചേർന്നുള്ള ‘ടിം ടിം ബർസാ പാനി’ (ഭൂൽ ഭുലയ്യ) എന്ന ഗാനരംഗവും ഹർഷതയുടെ പ്രസ്താവന ശരിവെക്കുന്നതായിക്കാണാം.

പ്രകാശ്​ രാജ്​
പ്രകാശ്​ രാജ്​

‘പത്താൻ’ വിഷയം ആളിക്കത്തിക്കുന്നതിൽ മീഡിയ കാമ്പയിൻ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്​. മുകേഷ് അംബാനിയുടെ ന്യൂസ് 18 മുതൽ അർണാബ് ഗോസാമി നയിക്കുന്ന ‘ഗോദി മീഡിയ’ സംഘങ്ങൾ വരെയുള്ളവരുടെ കാമ്പയിനുകൾക്കെതിരായ പ്രതിരോധങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്​.

താക്കറേ സാഹേബുമാരുടെ മുംബൈ

ബോളിവുഡിലെ വിദ്വേഷ പ്രചാരണത്തിന്​ വർഷങ്ങളുടെ പാരമ്പര്യമുണ്ട്​. വർഷങ്ങൾക്കുമുമ്പ് ദീപ മേത്ത സംവിധാനം ചെയ്​ത, സ്വവർഗാനുരാഗികളായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ‘ഫയർ' എന്ന ചലച്ചിത്രത്തിൽ രണ്ട് ഹിന്ദു ദേവിമാരുടെ പേരുകൾ ഉപയോഗിച്ചത് ബോംബെയിൽ വലിയ കോലാഹലമുണ്ടാക്കിയിരുന്നു. ശിവസൈനികർ ഈ സിനിമ പ്രദർശിപ്പിച്ചിരുന്ന തിയേറ്ററുകൾ പലതും അടിച്ചുതകർത്തു. പോസ്റ്ററുകൾക്ക് തീയിടുക, നടികളുടെ കോലം കത്തിക്കുക തുടങ്ങിയ പതിവുപരിപാടികൾ മുറപോലെയുണ്ടായി. സിനിമയിലെ നായിക ശബാന ആസ്മിയായിന്നെന്ന് ഓർക്കുക. ഏതാണ്ട് ഇതേ കാലത്തുതന്നെയാണ്​‘ദേശ്' എന്ന ബംഗാളി വാരികക്ക്​ വിശ്രുത ചിത്രകാരൻ എം.എഫ്. ഹുസൈൻ വരച്ച മുഖചിത്രം ഹിന്ദുദേവതയെ അപമാനിക്കുന്നതായി ആരോപിച്ച് ഫ്‌ളോറ ഫൗണ്ടൻ ഭാഗത്ത് ശിവസേനക്കാർ വാരിക കൂട്ടിയിട്ട്​ കത്തിച്ചതും. കഫേപരേഡിലുള്ള ‘ദേശ്​’ (ആനന്ദ് ബസാർ പത്രിക പ്രസിദ്ധീകരണം) ഓഫീസിനു മുമ്പിൽ പ്രതിഷേധ പ്രകടനങ്ങളും ഹുസൈന്റെ കോലം കത്തിക്കലും അരങ്ങേറി.

‘ഫയർ'  സിനിമയിൽ നിന്ന്
‘ഫയർ' സിനിമയിൽ നിന്ന്

ശിവസേന മുഖപത്രമായ ‘സാമ്‌ന'യിൽ എക്‌സിക്യൂട്ടീവ് എഡിറ്റർ സഞ്ചയ് നിരുപം അനുദിനം എഴുതിക്കൊണ്ടിരുന്ന ലേഖനങ്ങളിൽ ഒന്ന് ഇങ്ങനെയാണ്: ‘ഒരു മുസ്​ലിം പമ്പരവിഡ്ഢി, ഹുസൈൻ, അയാളുടെ മോഡേൺ ആർട്ടിൽ വരച്ച ചിത്രം ഞങ്ങളുടെ ദേവതയെ ക്രൂരമായി അപമാനിച്ചു. അതിന് ഞങ്ങൾ ഹിന്ദുക്കൾ പ്രതികാരം ചെയ്യുന്നത് ആ ആർട്ടിസ്റ്റിനെ(?) ഹോക്കിസ്റ്റിക്കുകൊണ്ടടിച്ച് അയാളുടെ ശരീരം മോഡേൺ ആർട്ട് പോലെത്തന്നെ പരുവമാക്കുന്ന രീതിയിലായിരിക്കുമെന്ന് ഓർക്കുന്നത് നന്ന്.' (‘ടുക്ഡാ, ടുക്ഡാ കരേഗാ' പ്രയോഗം അന്ന് നിലവിൽ വന്നിട്ടില്ല.)

വർഷങ്ങൾക്കുമുമ്പ് ചിത്രകല നെഞ്ചിലേറ്റിയ ഹുസൈൻ എന്ന യുവാവ് ഭാഗ്യം പരീക്ഷിക്കാൻ ലക്‌നൗവിൽനിന്ന് ബോംബെയിലെത്തുന്നു. അയാളുടെ കയ്യിൽ കാലണയില്ല, സമ്പാദ്യമായി കുറെ ബ്രഷുകൾ മാത്രം. അന്തിയുറങ്ങാൻ, ഭാഗ്യവശാൽ ബോംബെ സെൻട്രൽ എസ്.ടി. ബസ്​ സ്​റ്റാൻറിനെതിർവശമുള്ള കടത്തിണ്ണ അയാൾ കണ്ടെത്തി. വടാപാവും കട്ടിങ്ങ് ചായയുമായി ഹുസൈൻ ജീവിതം മുന്നോട്ടു കൊണ്ടുപോയി. എന്നാൽ ബസ്​ യാത്രക്കാർ ഡെപ്പോവിന്റെ പുറംമതിലിൽ ഉന്നംവെച്ച് മൂത്രമൊഴിച്ച് ഹുസെെന്റ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു. രൂക്ഷഗന്ധവും കൊതുകുകളുടെ സംഹാരതാണ്ഡവവും നിമിത്തം ഹുസൈന് ബീഡി വലിച്ച് നേരംവെളുപ്പിക്കേണ്ടിവന്നു. എങ്ങുനിന്നോ മിന്നിവന്ന ആശയം അദ്ദേഹം പ്രാവർത്തികമാക്കി. മഹാനഗരം ഉറക്കത്തിലാണ്ടപ്പോൾ ഹുസൈൻ സംഘടിപ്പിച്ച വിവിധ നിറത്തിലുള്ള ഇനാമൽ പെയിന്റുകൾ ഉപയോഗിച്ച് ഹിന്ദു ദേവീദേവന്മാരുടെയും ക്രിസ്തുവിന്റെയും മഹാവീറിന്റെയും സൗരാഷ്ട്രരുടെയും ചിത്രങ്ങൾ ചുമരിൽ വരച്ചുതീർത്തു. പിറ്റേന്നു മുതൽ ഒരൊറ്റ കുഞ്ഞും മതിലിനെ ഉന്നംവെച്ചുള്ള മൂത്രിക്കൽ പരിപാടി നടത്താൻ ധൈര്യപ്പെട്ടിട്ടില്ലെന്ന്​ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്​. വൈകാതെ ബോംബെ മഹാനഗർപാലിക മേൽപറഞ്ഞ ദേവീദേവന്മാരുടെ ഛായാചിത്രങ്ങൾ വിർടിഫൈഡ് ടൈലിൽ പകർത്തി അവ പബ്ലിക് ടോയ്​ലറ്റുകളുടെ പുറംഭിത്തികളിലും വഴിപോക്കർ ‘നിന്നു മുള്ളാൻ' സാധ്യതയുള്ള സ്ഥലങ്ങളിലും പതിച്ചു. ഇത്തരം ശൗചാലയങ്ങൾ ‘സുലഭ് സണ്ടാസ്' എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുക. അവിടെ പണം നല്കി ഒന്നിനു പോകാം. ആവശ്യമെങ്കിൽ രണ്ടും നടത്തി തിരികെ വരാം.

ഫ്രീ പ്രസ് ജേണലിനുവേണ്ടി കാർട്ടൂൺ വരയ്ക്കുന്ന ബാൽ താക്കറെ. ബാൽതാക്കറെയെക്കുറിച്ചുള്ള രാജ് താക്കറെയുടെ പുസ്തകത്തിൽ നിന്നുള്ള ഫോട്ടോ
ഫ്രീ പ്രസ് ജേണലിനുവേണ്ടി കാർട്ടൂൺ വരയ്ക്കുന്ന ബാൽ താക്കറെ. ബാൽതാക്കറെയെക്കുറിച്ചുള്ള രാജ് താക്കറെയുടെ പുസ്തകത്തിൽ നിന്നുള്ള ഫോട്ടോ

സാമ്‌നയിൽ സ്ഫോടനാത്മകമായ ഭാഷയിൽ ‘ഹിന്ദു സാമ്രാട്ട്’ ബാൽ താക്കറേ എഴുതിയ മുഖപ്രസംഗങ്ങൾ ഹിന്ദുക്കൾക്കിടയിൽ മുസ്​ലിം വിരുദ്ധത പടർത്താൻ സഹായിച്ചു. തന്റെ മറാഠി ഭാഷാ പരിജ്​ഞാനം താക്കറേ സാഹേബ് ഉദ്ദേശ്യശുദ്ധിയില്ലാതാക്കി എന്നു ചുരുക്കിപ്പറയട്ടെ. ഒരു ആഴ്ചപ്പതിപ്പിനുവേണ്ടി വരച്ച മുഖചിത്രം ആ കലാകാരന്റെ സ്വൈര്യജീവിതം തകർത്തു. ബോംബെ ജീവിതാന്തരീക്ഷം അദ്ദേഹത്തിന്റെ ജീവന് ഹാനികരമായിത്തുടങ്ങിയതോടെ എം.എഫ്. ഹുസൈന്​ ഖത്തറിൽ അഭയം തേടേണ്ടിവന്നു. അവിടെവെച്ച് അദ്ദേഹം മരിക്കുകയും ചെയ്തു.

തൊണ്ണൂറുകളുടെ അവസാനം ഷാരൂഖ്ഖാെന്റ ‘മൈ നെയിം ഈസ് ഖാൻ' പ്രദർശനത്തിനെത്തി. കാവിപ്പട പ്രദർശനം തടയാൻ ശ്രമിച്ചെങ്കിലും ഭാഗ്യവശാൽ അത്​ ഫലിച്ചില്ല. കാർഗിൽ യുദ്ധശേഷം ഇന്ത്യയുടെ മഹാനടൻ ദിലീപ് കുമാറിന് (യഥാർത്ഥ പേര് യൂസഫ് ഖാൻ) പാക്കിസ്ഥാൻ ജനത അവരുടെ ബഹുമാനസൂചകമായി നിഷാൻ- ഇ- ഇംതിയാസ് അവാർഡ് നല്കി ആദരിച്ചു. എന്നാൽ, ബഹുമതി തിരിച്ചേൽപ്പിക്കാൻ ദിലീപ് കുമാറിനോട് ബാൽ താക്കറേ ആജ്​ഞാപിക്കുകയാണുണ്ടായത്​. ദിലീപ് ആ ആവശ്യം നിഷേധിച്ചുവെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും പിന്നീടുണ്ടായില്ല. ശിവസേനയുടെ വലംകൈയായിരുന്ന ബഗൻ ബുജ്ബുലും, നാരായൺ റാണെയും ബാലാ സാഹേബിന്റെ ‘ബ്രാഹ്​മണ്യ മുഷ്‌ക്' അനുദിനം വർദ്ധിച്ചതോടെ ഇരിക്കപ്പൊറുതിയില്ലാതെ ശിവസേന വിട്ട് ശരദ്പവാറിന്റെ എൻ.സി.പി.യിൽ ചേർന്ന്​ വഴിയെ മന്ത്രിമാരുമായി.

‘മൈ നെയിം ഈസ് ഖാൻ'  സിനിമയിൽ നിന്ന്
‘മൈ നെയിം ഈസ് ഖാൻ' സിനിമയിൽ നിന്ന്

അനീതിയെ നിരന്തരം എതിർത്തുകൊണ്ടിരുന്ന പത്രപ്രവർത്തകൻ നിഖിൽ വാഗ്‌ളേ പ്രസിദ്ധീകരിച്ചിരുന്ന ‘മഹാനഗർ' മറാഠി ടാബ്ലോയ്ഡ് സാമ്‌നയ്ക്ക് വെല്ലുവിളിയായിത്തുടങ്ങി. അവരുടെ മാട്ടുംഗ ഓഫീസും കമ്പ്യൂട്ടറും മറ്റുപകരണങ്ങളും ശിവസൈനികർ തല്ലിത്തകർത്താണ്​ ക്രോധം തീർത്തത്​. വാഗ്‌ളേ വഴിയെ ‘ലോക്മത്' പത്രങ്ങളുടെ ഗ്രൂപ്പിൽ ചേർന്നതായി കേട്ടു.

ബോളിവുഡിന്റെ കാവിഭ്രമം

ആദ്യകാലത്ത്​ ബോളിവുഡിന് അത്രയൊന്നും കാവിഭ്രമമുണ്ടായിരുന്നില്ല എന്ന് തോന്നുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെയാണ്​ അദ്ദേഹത്തിന്റെ ഇഷ്ടതോഴൻ അക്ഷയ്കുമാർ തന്റെ സിനിമകളിലൂടെ കാവിമാഹാത്മ്യവുമായി ഭരണകൂടത്തിനൊപ്പം തോളോടു തോൾ ചേർന്ന് രംഗത്തെത്തിയത്. പ്രധാനമന്ത്രിയുമൊത്ത് അക്ഷയ്കുമാർ ചായ കുടിക്കുന്നതും സൊറ പറയുന്നതുമായ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിറഞ്ഞുകവിഞ്ഞു. കനേഡിയൻ പൗരത്വം സ്വീകരിച്ച ഈ നടൻ പറഞ്ഞ കാശ് (അതും നാലും അഞ്ചും കോടി രൂപ പെർ സിനിമയ്ക്ക്) വാങ്ങി കനേഡിയൻ ബാങ്കുകളിൽ നിക്ഷേപിച്ച ശേഷമേ തന്റെ സിനിമ ചെയ്യാറുള്ളൂ എന്ന് മീഡിയ പാപ്പരാസികൾ പറയുന്നുണ്ട്. മാർഷൽ ആർട്ടിൽ ബ്ലാക്ക് ബെൽറ്റ് നേടിയ അക്ഷയ്കുമാർ അസ്സൽ ഇടികളിലൂടെയും എണ്ണം പറഞ്ഞ തമാശ് ഡയലോഗുകളിലൂടെയുമാണ്​സിനിമാേപ്രമികളുടെ ‘കണ്ണിലുണ്ണി’യായത്​. കാശ് സമ്പാദിക്കാൻ മാത്രമാണ് കാനഡയിൽനിന്ന് ഇന്ത്യയിൽ പറന്നെത്തി അക്ഷയ് സിനിമ അഭിനയിക്കുക. തുടക്കത്തിൽ അദ്ദേഹത്തിൽ കാവിഭക്തി അത്ര പ്രകടമായിരുന്നില്ലെങ്കിലും മോദി ഭരണകൂടപ്രീണനാർഥം അദ്ദേഹം അഭിനയിച്ച ‘ടോയ്​ലറ്റ്​', ‘പാഡ്മാൻ' എന്നീ സിനിമകൾ സാമൂഹ്യപ്രതിബദ്ധതയുള്ളവയാണെന്ന്​ നിരൂപകമതമുണ്ട്. എന്നാൽ അക്ഷയ് ‘ഭക്തി ബിസിനസ്​' ചെയ്യുന്ന സിനിമാക്കാരനാണെന്നും സാമൂഹ്യമാധ്യമങ്ങൾ വിമർശിക്കുന്നു.

അക്ഷയ കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം
അക്ഷയ കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം

കശ്മീർ വിഷയമായി ബന്ധപ്പെട്ട അക്ഷയ്കുമാറിന്റെ ജോളി എൽ.എൽ.ബി V/S സ്റ്റേറ്റ് എന്ന സിനിമ അവതരണഭംഗി കലർന്ന് വിലസുന്നുണ്ട്. ജോളി എന്ന കേസില്ലാവക്കീലിന് ലോട്ടറിയടിച്ചപോലെ വന്നുവീണ ഒരു ക്രിമിനൽ കേസിന്റെ ചുരുളഴിയുമ്പോൾ പൊലീസ് സർക്കിൾ ഇൻസ്പെക്റ്റർ സോനവാനെയും കൂട്ടാളികളും കരുതിക്കൂട്ടി ചുട്ടെരിക്കുന്ന വേറൊരു പൊലീസുകാരെന്റ കഥയാണ് പറയുന്നത്. ഇത് അന്വേഷിക്കുന്ന നമ്മുടെ വക്കീൽ ജോളി പിന്നീട് ഒരു ഡിറ്റക്ടീവിനെപ്പോലെ കേസിന്റെ നാൾവഴികളിലൂടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുന്നത് ഒരു കശ്മീർ ഭീകരനെയാണ്. ഈ കക്ഷിയെ രക്ഷിക്കാൻ സർക്കിൾ ഇൻസ്പെക്ടർ നടത്തുന്ന കൃത്യമായ തിരക്കഥയുള്ള ആ നാടകം ജോളി എൽ.എൽ.ബി. പൊളിച്ച് അയാളുടെ കൈയ്യിൽത്തന്നെ കൊടുക്കുന്നുണ്ട്. ക്ലൈമാക്‌സിൽ കശ്മീർ ഭീകരനെ പൊലീസ് പിടികൂടി കോടതിയിലെത്തിക്കുന്നതോടെ സിനിമയുടെ ഗതി മാറിമറിയുന്നു. ജോളിയുടെ ചോദ്യശരങ്ങൾക്കുമുമ്പിൽ വിളറിപ്പോയ ആ ഭീകരൻ കപടസന്യാസിയുടെ കൃത്രിമതാടിയും മുടിയും വലിച്ചെറിഞ്ഞ് അലറിവിളിച്ച് താൻ അസ്സലൊരു കലാപകാരി തന്നെയാണെന്നും കശ്മീരിൽ ആഭ്യന്തരകലഹമുണ്ടാക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും വീറോടെ പറയുമ്പോൾ നമ്മുടെ കണ്ണ് തള്ളിപ്പോയേക്കാം. ഇയാളെ രക്ഷിക്കാനായാണ് ആ സർക്കിൾ ഇൻസ്പെക്ടർ കോടികൾ വാങ്ങി പാവം പൊലീസുകാരനെ വെടിവെച്ചു കൊല്ലുന്നതെന്നും അതോടെ വ്യക്തമാകുന്നു. ഇവിടെ കോടതിയോട് ജോളി വക്കീൽ ഈ കേസിന്റെ അവസാനമെന്നോണം പറയുന്ന വാചകങ്ങൾ രാജ്യത്തോട് കൂറുള്ള ഒരഭിഭാഷകെന്റ തുറന്ന അഭിപ്രായമാണ്: ‘‘ഇത്തരം ഭീകരരെ നമുക്കാവശ്യമില്ല. സോനവാനയെപ്പോലെ അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥരെയും വേണ്ട. നമുക്ക് വേണ്ടത് സത്യസന്ധമായ കോടതിയും പോലീസുമാണ്.''

 ജോളി എൽ.എൽ.ബി V/S സ്റ്റേറ്റ്  എന്ന സിനിമയിൽ നിന്ന്
ജോളി എൽ.എൽ.ബി V/S സ്റ്റേറ്റ് എന്ന സിനിമയിൽ നിന്ന്

സമൂഹത്തിൽ സൈഡ് ലൈൻ ചെയ്യപ്പെട്ട ഒരു ജനതയെ കരിവാരിത്തേക്കുക എന്ന ഉദ്ദേശ്യത്തോടെ സിനിമകൾ നിർമ്മിക്കപ്പെടുമ്പോൾ അവ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുന്നുണ്ട് എന്നത്​ യാഥാർഥ്യമാണ്​. കാവിവല്ക്കരിക്കപ്പെട്ട ബോളിവുഡ് സിനിമകളുടെ പ്രയോക്താക്കളായി അക്ഷയ്കുമാർ മാത്രമല്ല, അജയ് ദേവ്ഗൺ, സണ്ണി ഡിയോൾ തുടങ്ങിയവരും മൈതാനത്തിലുണ്ട്. തന്റെ അഭിനയ ചാതുരി നന്നായി പ്രകടിപ്പിക്കാറുള്ള കങ്കണാ റണാവ്ത്ത് പ്രസ്​മീറ്റുകളിൽ, ‘ഇന്ത്യ സ്വാതന്ത്ര്യം നേടിയത് 1947-ൽ അല്ല, അത് ഝാൻസി റാണിയും കൂട്ടരും പൊരുതിനേടിയതാണ്​’ എന്നൊക്കെ തള്ളിവിടാറുണ്ട്. ദേശസ്​നേഹവും തീവ്രദേശീയതയുമെല്ലാം ബോളിവുഡിന്റെ പുതിയ പ്രമേയങ്ങളായപ്പോൾ താരങ്ങൾക്കുകൂടി സംഭവിച്ച ‘രാഷ്​ട്രീയ’ പരിണാമങ്ങളാണിത്​. ഈയിനത്തിൽ ബോർഡർ (സണ്ണി ഡിയോൾ), കമാൻഡോ 1, 2, 3 സീരിസ്​, മനോജ് വാജ്‌പേയുടെ ‘ആയാരേ' തുടങ്ങി നിരവധി സിനിമകളിറങ്ങിയിട്ടുണ്ട്​. ‘ആയാരേ' ഭരണകൂടത്തിലെ ചില വികൃതികൾ പറയുന്നുണ്ടെന്ന് സമാധാനിക്കാം.

സാമൂഹിക പ്രശ്​നങ്ങൾ കലാപരമായ സത്യസന്ധതയോടെ ആവിഷ്​കരിക്കുന്ന സിനിമകളിറങ്ങിയിരുന്ന ഒരിടത്തുനിന്നാണ്​ പുത്തൻ പ്രമേയങ്ങളുടെ അക്രമാവിഷ്​കാരങ്ങൾ അരങ്ങേറുന്നത്​.

‘ഗരം ഹവാ' എന്ന സിനിമയിൽ നിന്ന്
‘ഗരം ഹവാ' എന്ന സിനിമയിൽ നിന്ന്

എം.എസ്​. സത്യുവിന്റെ‘ഗരം ഹവാ' ഇന്ത്യാ- പാക്കിസ്ഥാൻ വിഭജനത്തെ ആധാരമാക്കിയുള്ള അസ്സൽ കലാസൃഷ്ടിയാണ്. തുകൽ വ്യാപാരിയായ മിർസാ കുടുംബത്തിന് ജന്മനാടിനോടുള്ള കവിഞ്ഞൊഴുകുന്ന സ്നേഹവും ആദരവും ഹൃദയസ്പർശിയായാണ് സത്യു ചിത്രീകരിച്ചിട്ടുള്ളത്. ഈ ചലച്ചിത്രം കളക്ഷൻ റെക്കോർഡ് ഭേദിക്കുകയുണ്ടായി എന്നതും ഇവിടെ എടുത്തുപറയുന്നു. ശ്യാം ബെനഗൽ, ഗോവിന്ദ് നിഹലാനി എന്നിവരുടെ കലാസൃഷ്ടികളായ ആക്രോശ്​, അർദ്ധസത്യ, ആങ്കുർ എന്നിവ ഓർക്കുക. ഈയിടെ തിയേറ്ററുകളിൽ നിറഞ്ഞോടിയ തമിഴ് സിനിമ ജയ് ഭീം, മറാഠി സിനിമ കോർട്ട് എന്നിവയും ഓർക്കുക. അനീതിയെയും വിവേചനങ്ങളെയും വിട്ടുവീഴ്​ചയില്ലാതെ എതിർക്കുന്ന ആവിഷ്​കാരങ്ങളാണവ. വിജയ് ടെന്റുൽക്കർ ശാന്തത, കോർട്ട് ചാലൂ ആഹേ, കാശി റാം കൊഠ്വാൾ എന്നീ നാടകങ്ങളിലൂടെയും ‘രാം നാം' എന്ന ഹ്രസ്വചിത്രത്തിലൂടെയും നമ്മളോട് സംവദിക്കുന്നത് സമൂഹത്തിലെ ഉച്ചനീചത്വങ്ങളെക്കുറിച്ചാണ്.

ഇത്തരം സിനിമകളുടെയും കലാ നിലപാടുകളുടെയും ക്രിയാത്മകമായ ഒരു മണ്ണിലാണ്​, വില കുറഞ്ഞ അരാഷ്​ട്രീയതകൾ അഴിഞ്ഞാടുന്നത്​. അവയ്​ക്ക്​, ഭരണകൂടങ്ങൾ അടക്കമുള്ള സംവിധാനങ്ങളുടെ പിന്തുണ നിർലോഭം ലഭിക്കുന്നു എന്നതാണ്​ ആശങ്കാജനകമായ യാഥാർഥ്യം.


Summary: ‘പത്താനി’ലെ പാട്ടുസീനിൽ മാറ്റം വരുത്തണമെന്ന്​ സാക്ഷാൽ സെൻസർ ബോർഡ്​ തന്നെ ഉത്തരവിട്ടിരിക്കുകയാണ്​. പാട്ടുസിനിലെ കാവിത്തുണി ഒഴിവാക്കിക്കൊണ്ടുള്ള ‘സംസ്​കാര സംരക്ഷണ’മാണ്​ സെൻസർ ബോർഡ്​ ലക്ഷ്യമാക്കുന്നത്​. ജനപക്ഷത്തുനിൽക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളുടെയും കലാ നിലപാടുകളുടെയും ക്രിയാത്മകമായ ഒരു മണ്ണിലാണ്​, വില കുറഞ്ഞ അരാഷ്​ട്രീയതകൾ അഴിഞ്ഞാടുന്നത്​. അവയ്​ക്ക്​, ഭരണകൂടങ്ങൾ അടക്കമുള്ള സംവിധാനങ്ങളുടെ പിന്തുണ നിർലോഭം ലഭിക്കുന്നു എന്നതാണ്​ ആശങ്കാജനകമായ യാഥാർഥ്യം.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments