വേലായുധ പണിക്കരെയും നങ്ങേലിയെയും വീണ്ടെടുക്കുന്ന മലയാള സിനിമ

മലയാളി ജനത മറന്നുപോയ ചരിത്ര സംഭവങ്ങളെ ഓർമിപ്പിക്കുന്ന സിനിമയാണ്​ പത്തൊമ്പതാം നൂറ്റാണ്ട്​. ജാതീയ അടിച്ചമർത്തലിലൂന്നിയ വ്യവസ്​ഥിതിയും അതിന്റെ നടത്തിപ്പുകാരും, അതിനെതിരെ സമൂഹത്തിൽ നിന്നുയർന്നുവന്ന എതിർപ്പുകളുമാണ്​ പ്രമേയം. പരിപൂർണമായും ചരിത്രകോണിൽ നിന്നുകൊണ്ടുള്ള സിനിമയാണോ അല്ലയോ എന്നതല്ല പ്രശ്​നം; മറിച്ച്​, ഇത്തരം സമീപനങ്ങൾ തുടർന്നും മലയാള സിനിമയിൽ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം ഈ സിനിമ എടുത്തുകാണിക്കുന്നു.

ത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ തുറന്നുകാട്ടാൻ ശ്രമിക്കുന്നത്​, ആ കാലഘട്ടത്തിൽ കേരളീയ സമൂഹത്തിൽ നിലനിന്നിരുന്ന ജാതീയ അടിച്ചമർത്തലിലൂന്നിയ വ്യവസ്​ഥിതിയെയും അതിന്റെ നടത്തിപ്പുകാരെയും, അതിനെതിരെ സമൂഹത്തിൽ നിന്നുയർന്നുവന്ന എതിർപ്പുകളെയുമാണ്. മിത്തുകളുണ്ടാക്കി അതിനെ ചരിത്രത്തിന്റെ ഭാഗമായി വ്യാഖാനിച്ച ചരിത്രകാരന്മാരിൽ പലരും കീഴാള സമൂഹങ്ങളെ അവലംബിച്ചിട്ടില്ല എന്നത് വസ്തുതയാണ്.

കീഴാളരില്ലാത്ത ചരിത്രം

കേരളസംസ്ഥാനം രൂപപ്പെട്ടശേഷമുണ്ടായ ചരിത്രനിർമിതികൾ ഏറെയും കീഴാള തലങ്ങളിൽനിന്നല്ല നോക്കി കണ്ടിട്ടുള്ളത്​. ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ ബോധവും, മുന്നോട്ടുപോകലും അവരുടെ സാമൂഹികമായ രൂപപ്പെടുത്തലിൽ നിന്നുണ്ടാകുന്ന ഒന്നാണ്. വൈജ്​ഞാനികമായ ലീഡർഷിപ്പിന്റെ വരവോടെയാണ്​ ഇത്​സംഭവിച്ചിട്ടുള്ളത്. നവോത്ഥാന നേതാക്കളെല്ലാം അത്തരത്തിൽ സാമൂഹിക പരിവർത്തനം കൊണ്ടുവന്നവരാണ്. സബാൾട്ടൻ പഠനങ്ങൾ അടക്കമുള്ള നവചരിത്രസമീപനങ്ങൾ ഇന്ന് കീഴാള ചരിത്രം രേഖപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തുന്നുണ്ട്. വിനിൽ പോളിന്റെ ‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം’ എന്ന പുസ്തകം, കേരളത്തിൽ നിലനിന്നിരുന്ന അടിമക്കച്ചവടത്തെയും അതിന്റെ സാമൂഹിക ചരിത്രത്തെയും കണ്ടെത്തുന്നതിന് കാരണമായി. അടിമക്കച്ചവടവുമായി ബന്ധപ്പെട്ട നിരവധി തിട്ടൂരങ്ങളും, എഴുത്തുകളും, മിഷനറി രേഖകളും ഈ പുസ്​തകം പുറത്തുകൊണ്ടുവന്നു.

കേരളം അവകാശപ്പെടുന്ന നവോത്ഥാന സംഘർഷ സമരങ്ങൾ തുടങ്ങുന്നത് മിഷനറിമാരുടെ വരവോടെയും, അവർ നടപ്പിലാക്കിയ സാമൂഹിക ഇടപെടലുകളിലൂടെയും ആണെന്ന് കണ്ടെത്താം. ഇത്തരം ഇടപെടലുകളുടെ ഭാഗമായി 19ാം നൂറ്റാണ്ടിൽ ദലിത്, കീഴാള വിഭാഗങ്ങളുടെ സാമൂഹിക കാഴ്ചപ്പാടുകളിൽ നവീനമായ മാറ്റം സാധ്യമായി. പുതിയ സാമൂഹിക കാഴ്ചപ്പാടും, ജീവിതവും നൽകുന്നതിൽ ഒരു ജനതയെ, പള്ളിയും പള്ളിക്കൂടവും സ്വാധീനിച്ചു. ഇവയുടെ ഭാഗമായി 19ാം നൂറ്റാണ്ടിൽ കീഴാള - മേലാള സ്വത്വവൽക്കരണങ്ങൾ നടന്നിട്ടുണ്ട്. അപ്പോകാലിപ്‌റ്റോ എന്ന ഹോളിവുഡ് ചലച്ചിത്രം സമാന ആശയം മുന്നോട്ടുവയ്ക്കുന്നുണ്ട്. തനത് സമൂഹങ്ങളിൽ നിലനിന്നിരുന്ന ഗോത്രവർഗാധിഷ്ഠിത ജീവിതങ്ങളും അവരുടെ ഭൂപ്രദേശ സംബന്ധമായ പരമ്പരാഗത ഉടമസ്ഥതതയും, സാമൂഹിക ജീവിതവും തുറന്നുകാണിക്കുന്ന സിനിമയാണിത്​.

വേലായുധ പണിക്കർ എന്ന സമ്പന്നൻ

ഒരു സമൂഹത്തിലേക്കുള്ള മിഷനറിമാരുടെ വരവ്​ ഗുണകരവും അല്ലാത്തതുമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്​. ഇതിൽ ദോഷകരം എന്നു പറയാവുന്ന മാറ്റങ്ങളെ സാംസ്‌കാരികം- സാമൂഹികം- സാമ്പത്തികം എന്നീ നിലകളിൽ നോക്കിക്കാണാം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള ആര്യന്മാരുടെ വരവും ഇത്തരത്തിലുള്ള ഒന്നാണ്. അവരുടെ സാംസ്‌കാരിക അധീശത്വങ്ങളാണ്​ ഇന്നും നമ്മൾ ഭാഗമായ സംസ്‌കാരം ഉൾക്കൊള്ളുന്നത്. തദ്ദേശീയ ജനതയെ, അവരെ ഭരിക്കുന്ന വിഭാഗങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള നിയമനിർമ്മാണത്തിലൂടെയും കൈയൂക്കും കൊണ്ട് അടിമത്തത്തിലേയ്ക്ക് കൊണ്ടുവരുന്നതാണ് യഥാർത്ഥ ചരിത്ര വിശകലനങ്ങൾ. അടിമത്തം എന്നത് ശാരീരികമായും, സാമ്പത്തികമായും സാമൂഹികമായും, സാംസ്‌കാരികമായും തദ്ദേശീയ ജനവിഭാഗങ്ങളെ അടിച്ചമർത്തുന്നതിനുള്ള നിരവധി ഉപാധികൾ ചേർന്നതാണ്. തദ്ദേശീയ സംസ്‌കാരങ്ങളെ മാറ്റിമറിക്കാൻ ഇത്തരം കടന്നുകയറ്റങ്ങൾക്ക് കഴിയാറുമുണ്ട്​. ഇത് ആര്യന്മാരുടെ വരവിലും, മിഷനറിമാരുടെ വരവിലും കേരള സമൂഹത്തിൽ സംഭവിച്ചിട്ടുള്ളതാണ്. 19ാം നൂറ്റാണ്ടിൽ കേരളത്തിൽ കീഴാള വിഭാഗങ്ങളിൽനിന്നുണ്ടായ സാമൂഹിക പരിവർത്തനങ്ങൾ മിഷനറിമാരുടെ ഇടപെടലിലൂടെ സംഭവിച്ചതാണ്​. മറ്റൊന്നിനെ താരതമ്യം ചെയ്യാനുണ്ടാകുമ്പോൾ മാത്രമാണ്​ നിലവിലുള്ള വ്യവസ്ഥിതിയിയെ ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ.

ആറാട്ടുപുഴ വേലായുധപണിക്കർ

കയർ- തുണി നെയ്​ത്തുശാലകളിൽ ഈഴവരുടെ പ്രാതിനിധ്യം 19ാം നൂറ്റാണ്ടിൽ പ്രബലമായിരുന്നു. ഇത് ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങൾക്കുമുൻപേ തുടങ്ങിയ കാര്യമാണ്​. ലോക വ്യാപാരത്തിന്റെയും ഗതാഗത സംവിധാനത്തിന്റെയും വളർച്ച, ഇവയിലൂന്നിയ വിഭവങ്ങളുടെ സമാഹരണത്തെയും കച്ചവടത്തെയും ഏറെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിച്ചു. കേരളത്തിലും ഇത് സാമൂഹിക മാറ്റങ്ങൾക്ക്​ ആക്കം കൂട്ടി. കച്ചവടം, അതിലേർപ്പെട്ട ചില വിഭാഗം ജനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാക്കി. കുഞ്ഞാലിമരയ്ക്കാരുടെ കുടുംബചിത്രം പരിശോധിക്കുകയാണെങ്കിൽ, അദ്ദേഹവും കച്ചവടവുമായി ബന്ധപ്പെട്ട്​ മുന്നോട്ടുപോയിരുന്നു എന്ന് അനുമാനിക്കാം. നിരവധി മുസ്​ലിം കച്ചവടക്കാർ അത്തരത്തിൽ സാമ്പത്തികമായി മുന്നേറിയിട്ടുണ്ട്. ഇത് അവരുടെ സാമൂഹിക മുന്നേറ്റങ്ങൾക്കും കാരണമായി.

വേലായുധ ചേകവർ എന്ന വേലായുധ പണിക്കർ ഇത്തരത്തിൽ കച്ചവടവുമായി ബന്ധപ്പെട്ട്​ ഭാരിച്ച സ്വത്ത്​ സമ്പാദിച്ച ഈഴവ കുടുംബാംഗമാണ്. സമ്പത്തുള്ളവർക്ക് വിഭവം കയ്യാളുന്നതിന്​ കേരളത്തിൽ നിലനിന്നിരുന്ന, അല്ലെങ്കിൽ മാറ്റത്തിന് വിധേയമായിക്കൊണ്ടിരുന്ന വ്യവസ്​ഥിതിയാൽ സാധ്യമായിട്ടുണ്ട്​. ഈ മാറ്റം കോളോണിയൽ ഭരണപരിഷ്‌കാരങ്ങളോടെയാണ് തുടങ്ങിയത്. രാജ്യം എന്ന സങ്കല്പം പോലും കൊളോണിയൽ ഭരണകർത്താക്കളുടെ സംഭാവനയാണ്. കേരളത്തിൽ അച്ചടിഭാഷ, എഴുത്ത് എന്നിവയ്ക്ക് സമഗ്ര സംഭാവന നൽകുവാൻ ഇവിടെയെത്തിയ മിഷനറിമാർക്ക് ആയിട്ടുണ്ട്. നെയ്ത്തുശാലകളും, ഓടു ഫാക്ടറികളും അവരുടെ സംഭാവനയാണ്. ഇത് തൊഴിൽപരമായ സാങ്കേതിക പരിവർത്തനത്തിനും സാമൂഹിക മാറ്റങ്ങൾക്കും ഇടയാക്കി. ‘ആരോണിന്റെ ജീവിത സമരം' എന്ന ഗ്രന്ഥം നെയ്ത്തുമായി ബന്ധപ്പെട്ട മാറ്റങ്ങൾ വിശദമാക്കുന്ന ഒന്നാണ്.

നവോത്ഥാന നായകർക്ക് നൽകപ്പെട്ട പട്ടങ്ങൾ

വ്യവസ്​ഥിതിക്ക്​ മാറാൻ കഴിയുന്നത് അതിലെ ജനങ്ങളുടെ പ്രവർത്തനങ്ങൾ കൊണ്ടാണ്. ഏജൻസി അഥവാ കർതൃത്വം ഉണ്ടാകുമ്പോഴാണ് ജനത്തിന് സ്വത്വവും ഉണ്ടാകുന്നത്. ജനങ്ങളുടെ പ്രവൃത്തി കർതൃത്വത്തോട്​ ചേരുമ്പോഴാണ്​ അവർക്ക് അന്തസ്​ ഉണ്ടാകുന്നത്​, സ്വാഭിമാനവും, അവകാശങ്ങളും നേടിയെടുക്കാനുള്ള ആർജവമുണ്ടാകുന്നത്​. വിദ്യാഭ്യാസം കൊണ്ടും വരുമാനം ലഭിക്കുന്ന തൊഴിൽകൊണ്ടും സാധിക്കുന്ന ഒന്നാണിത്​. പ്രതിഫലം ലഭിക്കാതെ മറ്റൊരാൾക്ക് വിധേയരായി ജോലിചെയ്യുന്നത് അടിമത്തമാണ്​. ഫ്യൂഡൽ വ്യവസ്​ഥിതിയിലെ അന്യവൽക്കരണവും, അടിമത്തവും തിരിച്ചറിയാൻ ഒരു ജനതക്കായത്, മിഷനറിമാരുടെ ഇടയിൽനിന്ന്​തിരുവിതാംകൂറിലും, കൊച്ചിയിലും മലബാറിലും നടന്ന, കർതൃത്വം നൽകുന്ന പ്രവർത്തനങ്ങൾ വഴിയാണ്​. ജനതയ്ക്ക് കർതൃത്വം ലഭിക്കുമ്പോൾ മാത്രമാണ്​ സാമൂഹിക വ്യവസ്ഥിതികളെ ചോദ്യം ചെയ്യാൻ ഒരു ജനത പ്രാപ്തരാകുന്നത്​. കീഴാളരുടെ മാത്രമല്ല, മേലാള സ്ത്രീകളുടെയും കൂടി സാമൂഹിക അവസ്ഥയിൽ നിന്ന് അതിനെ ചോദ്യം ചെയ്യാൻ, ഇത്തരം കർതൃത്വ രൂപീകരണങ്ങൾ സഹായിച്ചിട്ടുണ്ട്. വിവാഹസ​മ്പ്രദായങ്ങളും, ലൈംഗിക സ്വാതന്ത്ര്യവുമെല്ലാം കർതൃത്വത്തെ അടിസ്​ഥാനമാക്കിയുള്ളതാണ്​. മേലാള സ്ത്രീകൾക്ക് ഭർത്താവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലായ്​മ, ‘സംബന്ധം’ പോലുള്ള നായർ കുടുംബവ്യവസ്​ഥകൾ തുടങ്ങിയവ അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അതുപോലെ, സ്ത്രീകൾക്ക് ജാതിവ്യവസ്​ഥക്കനുസരിച്ച് തുണിയുടുക്കാനുള്ള വ്യവസ്​ഥകളും എഴുതപ്പെട്ടിരുന്നു. കീഴാളർക്ക് ശരീരം മറയ്ക്കാനുള്ള സാമ്പത്തിക ചുറ്റുപാട് രൂപപ്പെട്ടപ്പോൾ അവരുടെ ഭരണവ്യവസ്​ഥിതി കീഴാള സ്ത്രീകൾക്ക് മാറുമറയ്ക്കാൻ നികുതി ചുമത്തിയത് ചരിത്രത്തിൽ അവരുടെ കർതൃത്വവാദവുമായി ചേർത്ത്​ അധികം ചർച്ചചെയ്യപ്പെട്ടിട്ടില്ല എന്നത് വസ്തുതയാണ്. പകരം നവോത്ഥാന നായകർക്ക്​ അതിന്റെ പട്ടം നൽകി ചരിത്രം രചിക്കപ്പെട്ടിരിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിൽ നിന്ന്

കേരളത്തിൽ നവോത്ഥാന നായകന്മാർ രൂപപ്പെട്ടത് അവർ ജനിച്ചുവീണ കാലഘട്ടത്തിൽ തന്നെയാണ്​. അവരുടെ സാമൂഹ്യപുരോഗതി വരേണ്യ വർഗത്തിന്റെ സാംസ്‌കാരിക സമ്പത്തിനെ പിന്തുടർന്ന് വന്നിട്ടുള്ളതാണ്. അറിവ് എന്നത് സംസ്‌കൃത ഗ്രന്ഥങ്ങളിൽനിന്ന്​ ലഭിച്ചിരുന്നു, എന്നാൽ അവയെ എങ്ങനെ തങ്ങൾക്കുവേണ്ടി വ്യാഖാനിക്കാം എന്ന് കണ്ടെത്തുന്നതിനുള്ള കഴിവ് അവർക്കുണ്ടായിരുന്നു. ഈഴവരെ സാമൂഹിക പുരോഗതിയിലേക്ക് നയിക്കാൻ അന്ന് നിലനിന്നിരുന്ന മേലാള വ്യവസ്​ഥിതിയുടെ ഭാഗമായി നിന്ന്​ പരിശ്രമിച്ച ആളാണ്​ ശ്രീനാരായണഗുരു എന്ന്​ വ്യാഖ്യാനിക്കാം. സ്വാതികവാദിയായിരുന്ന അദ്ദേഹം, മാനുഷിക ദർശനങ്ങളിലൂടെയാണ് നവവാദങ്ങൾ മുന്നോട്ടുവച്ചത്. എന്നാൽ, മേലാള സാംസ്‌കാരികാധീശത്വങ്ങൾ റോൾ മോഡലാക്കി, അവയിലെ അംശമുൾക്കൊണ്ട്, അവർ പിന്തുടർന്ന മതപരവും, ആചാരപരവുമായ കാര്യങ്ങൾ നേടിയെടുക്കുന്നതിലൂടെ, അവരോടൊപ്പം എത്താനുള്ള ശ്രമമായിരുന്നു ഗുരുവിന്റേത്​ എന്നും വ്യാഖ്യാനിക്കാം. ആചാരങ്ങൾ എങ്ങനെ ശാസ്ത്രീയവും അശാസ്ത്രീയവും ആകുന്നു എന്നത് ഇത്തരം പരിപ്രേക്ഷ്യങ്ങളിൽ നിന്ന് നോക്കിക്കാണുമ്പോഴാണ്.

ഒരു ചെറിയ കാര്യം പറയാം. എന്റെ ഓർമയിൽ ചെറുപ്പത്തിൽ വീടിനടുത്തുള്ള ഈഴവ വിഭാഗത്തിൽ വരുന്ന ഊരി വല്യമ്മ മാറുമറച്ചിരുന്നില്ല. വേറെയും പ്രായമായ അമ്മുമ്മമാരെ അത്തരത്തിൽ കണ്ടിട്ടുണ്ട്.

കീഴാള ചരിത്രം, തനത്​ സ്വത്വങ്ങളിൽനിന്ന്​

മേലാള ചരിത്രരചനകളിലും സിനിമകളിലും കേരളത്തിൽ മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സ്വാതന്ത്ര്യസമരങ്ങൾ അത്ര എഴുതപ്പെട്ടിട്ടില്ല. അത്തരത്തിൽ ആദ്യ ചുവടുവെപ്പാണ്, വിനയൻ സംവിധാനം​ ചെയ്​ത​പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ. കീഴാളചരിത്രങ്ങൾ, നവോത്ഥാനവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നുണ്ട് എങ്കിലും കീഴാള ചരിത്രം അവരുടെ തനത് സ്വത്വങ്ങളിൽ നിന്നും കർതൃത്വങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ആ കാലഘട്ടത്തിലെ, എന്നാൽ അധികം ചർച്ചചെയ്യപ്പെടാത്ത ചില കഥാപാത്രങ്ങളെ ചേർത്തുവയ്ക്കുന്നുണ്ട്. ചരിത്രപശ്ചാത്തലത്തിൽ നിർമിച്ച മലയാള സിനിമകൾ പരിശോധിച്ചാൽ അവ രാജ്യം, രാജാവ്​, ഭരണകൂടം, ദേശീയത എന്നിവയെ അടിസ്ഥാനമാക്കിയാണ്​നിർമിക്കപ്പെട്ടിട്ടുള്ളത് എന്നുപറയാം. മീഡിയയ്ക്ക് ഒരു സമൂഹത്തിനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ പ്രധാന പങ്കുണ്ട്.

വിനയൻ

രാജ്യത്തെയും ദേശീയതയെയും മാത്രം മുന്നിൽ വച്ചാൽ വിവിധ തട്ടുകളിൽ നിൽക്കുന്ന ജനവിഭാഗങ്ങളെ ഒന്നിച്ചുനിർത്താൻ സ്റ്റേറ്റ് എന്ന ഭരണക്രമത്തിന്​ആകാറുണ്ട്. രാജ്യവും രാജാവും ഭരണകർത്താക്കളും എല്ലാം സാംസ്‌കാരിക അധീശത്വം അംഗീകരിക്കുന്നവരാണ്. പ്രജകൾ ഭൂരിഭാഗവും അവർക്കുവേണ്ടി പണിയെടുക്കുന്ന ഉറുമ്പുകളാണ്. ഭരണച്ചെലവ്​ നടത്താനുള്ള സമ്പാദ്യം കണ്ടെത്തുന്നത് ഇത്തരം ഉറുമ്പുകളായ പ്രജകളിൽ നിന്നാണ്. കേരളത്തിലെ സ്ഥിതി പരിശോധിക്കുകയാണെങ്കിൽ, ജാതിവ്യവസ്ഥിതിയിൽ അധിഷ്​ഠിതമായ തൊഴിൽവിഭജനം നടത്തി അവരിൽനിന്ന്​ അദ്ധ്വാനമിച്ചവും അദ്ധ്വാന അന്യവൽക്കരണവും നടത്തി ഖജനാവ് നിറച്ച്​ സുഖലോലുപരായി ജീവിച്ചിരുന്ന ഭരണകർത്താക്കൾ ജനാധിപത്യത്തിനുമുമ്പ്​അസാധാരണമായിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിലും ഇത് തുടർന്നു.

കേരളത്തിലെ വിമോചനസമരങ്ങൾ സാമൂഹിക അനീതികൾക്കെതിരെ ഉരുത്തിരിയാനും അത് കീഴാള വിഭാഗങ്ങളിൽ നിന്ന് ഉയർന്നുവരാനും സ്വത്വാവബോധം കൊണ്ട് സാധിച്ചു. സ്വാതന്ത്ര്യം എന്ന ആശയവും ഇത്തരത്തിലുണ്ടായ ഒന്നാണ്. എന്നാൽ കേരളത്തിലെ വിമോചനസമരങ്ങൾ ജാതീയമായി വിവിധ തട്ടുകളിലാണെന്ന്​ ചിലർ വ്യാഖ്യാനിക്കുന്നുണ്ട്. മേൽമുണ്ട്, അച്ചിപ്പുടവ, മൂക്കുത്തി എന്നിവ ധരിക്കാനുള്ള വസ്​ത്രസ്വാതന്ത്ര്യം എല്ലാ ജാതിവിഭാഗങ്ങളിലെയും സ്ത്രീകൾക്കും വേണം എന്ന ആശയം രൂപപ്പെട്ടത്​ സ്വാതന്ത്ര്യബോധത്തിൽനിന്നാണ്​. കേരള സമൂഹത്തിലെ മേലാള സ്ത്രീകൾ അനുഭവിച്ചിട്ടുള്ള അടിമത്തവും അധികം ചർച്ച ചെയ്യപ്പെടുന്നില്ല. അവർക്ക് വസ്ത്രവും ആഭരണങ്ങളും ധരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു എങ്കിലും വൈവാഹിക ജീവിതത്തിൽ അവർക്ക് കർതൃത്വം നൽകിയിരുന്നില്ല. ആൺമേൽക്കോയ്മയിലധിഷ്ഠിതമായ സംവിധാനത്തിൽ അവരെ ലൈംഗികാവശ്യത്തിനും, കുട്ടികളുണ്ടാക്കുന്നതിനുമുള്ള ഉപാധിയായി സാമൂഹിക ക്രമം കണ്ടു എന്നതും, ചരിത്രരചനകളിൽ അധികം രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

കേരള സമൂഹത്തിൽ മേലാള സംസ്‌കാര അധീശത്വങ്ങൾ ഇന്നും ജനതയുടെ മേൽ അദൃശ്യമായി അവരറിയാതെ അവരുടെ ഭാഗമായി നിൽക്കുന്നു. കേരളത്തിൽ ഇന്നും മേനോനും, തമ്പുരാനും, പിള്ളയും, പണിക്കരും, രാജാവും, രാജ്ഞിയും ഉണ്ട്. ഈ ജാതിപ്പേരുകൾ, സ്ഥാനപ്പേരുകൾ ആണ് എന്നത് പലരും തിരിച്ചറിയാറില്ല. ഉദാഹരണത്തിന്, പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിൽ വേലായുധ ചേകവൻ (ചോൻ എന്ന് ജാതിപ്പേരിലും പറയാം) എന്ന ഈഴവ യുവാവിന് പണിക്കർ എന്ന പദവി എങ്ങനെ രാജാവ് സമ്മാനമായി നൽകുന്നു എന്ന് പറയുന്നു. പണിക്കർ എന്നത് ഒരു പദവിയായിരുന്നോ എന്ന് നമ്മളിൽ പലരും ഒരുപക്ഷെ ആലോചിച്ചുകാണില്ല.

പള്ളിക്കൂടങ്ങളിൽ അക്ഷരം പഠിക്കാനുള്ള വിമോചന സമരങ്ങൾ തുടങ്ങുന്നതിന് വളരെ മുമ്പ്​ സാമൂഹിക ഉച്ചനീചത്വങ്ങൾക്കെതിരെ വിപ്ലവങ്ങൾ നടന്നിട്ടുണ്ട്. മനുസ്​മൃതി ഭരിച്ചിരുന്ന നാട്ടിൽനിന്ന്​ കൊളോണിയൽ നിയമങ്ങളിലേയ്ക്കും പിന്നീട് അതിന്റെ തുടർച്ചയായി ഭരണഘടനയിലേയ്ക്കും നമ്മൾ എത്തിനിൽക്കുന്ന ദൂരം ചെറുതല്ല.

നങ്ങേലി എന്ന കഥാപാത്രം, അവരുടെ രക്തസാക്ഷിത്വം

മിത്തുകളും, അമാനുഷികതയും, അവയിലൂന്നിയ ചരിത്രരചനകളും, സാഹിത്യവും, ചലച്ചിത്രങ്ങളിൽ കണ്ട് കോരിത്തരിക്കുന്ന ജനവിഭാഗങ്ങൾ അവരുടെ യഥാർത്ഥ ജീവിതങ്ങളെ അവയുമായി താരതമ്യപ്പെടുത്താറില്ല. കഥയും ജീവിതവും വേറെ വേറെ മാറി നിൽക്കുമ്പോഴും അത് കഥയല്ല ചരിത്രമായിരുന്നു എന്ന് വാദിക്കുന്ന ഒരു വിഭാഗമുണ്ട്. അധികാരം കയ്യാളുന്നവരുടെ സാംസ്‌കാരിക അധീശത്വങ്ങളുടെ പൊടിനാമ്പുകളാണ് താഴേയ്ക്ക് അരിച്ചിറങ്ങുന്നത്. തങ്ങൾക്കും അവകാശങ്ങളുണ്ടെന്ന തിരിച്ചറിവും സാമൂഹിക ഉച്ചനീചത്വങ്ങൾക്കും, അടിമത്വത്തിനുമെതിരെ ഉണർന്നുവരാനുള്ള കഴിവും ആർജവവും അടിച്ചമർത്തപ്പെടുന്നവർക്കുണ്ടാകുന്നത് അവരുടെ സ്വത്വബോധങ്ങളിൽനിന്നാണ്​. ചിന്തിക്കാനുള്ള കഴിവിൽനിന്നാണ് അത്​ രൂപപ്പെടുന്നത്​. ചിന്തയോടൊപ്പം പ്രവൃത്തിയും കർതൃത്വവും ചേർന്നുവരുമ്പോഴാണ്​ വ്യവസ്​ഥിതിക്ക്​ മാറ്റമുണ്ടാക്കാനാകുന്നത്. സാമൂഹിക പരിവർത്തനത്തിനായി മുന്നോട്ടുവന്ന ജനവിഭാഗങ്ങളെ മൊത്തമായി പ്രവർത്തകർ എന്നും അവർ ചെയ്യുന്ന പ്രവൃത്തിയെ പ്രവർത്തനം എന്നും അതിന് അവരെ രൂപപ്പെടുത്തുന്നതിനെ കർതൃത്വം എന്നും പറയാം. ഇത്തരം ഘടക വീക്ഷണകളിലൂടെ നമുക്ക് ചരിത്രപരമായ സാമൂഹിക പരിവർത്തനത്തെയോ മാറ്റങ്ങൾക്കായുള്ള സമരങ്ങളെയോ വ്യാഖാനിക്കാം.

സ്റ്റഡീസ് ഇൻ ദി സൈക്കോളജി ഓഫ് സെക്‌സിൽ (എല്ലിസ് ഹാവ്‌ലോക്ക്) ഇപ്രകാരം സൂചിപ്പിക്കുന്നുണ്ട്: ‘Modesty and clothing may evolved from the idea of nudity, and it is custom which evoked nudity a shame'. നഗ്‌നത എന്ന ആശയത്തിൽ നിന്നാണ് വസ്ത്രധാരണവും കുലീനത്വവും ഉരുത്തിരിയാനിടയായത് എന്നും മാമൂലുകളാണ് നഗ്‌നതയെ നാണക്കേടായി വിശേഷിപ്പിച്ചത്​ എന്നും ഈ പുസ്​തകം പറയുന്നു. ഇത് ആധുനികതയുമായി ബന്ധപ്പെട്ട ഒന്നാണ്. എന്നാൽ മാറു മറയ്​ക്കാനും, മുട്ടിനു താഴേയ്ക്ക് പുടവ ധരിക്കാനുമുള്ള കീഴാള സ്ത്രീകളുടെ ആഗ്രഹങ്ങളും ആധുനികതയിൽ നിന്നുണ്ടായതാണ്. അത് സാമൂഹിക അടിമത്വത്തിൽ നിന്ന്​ വിമോചനത്തിന് തുടക്കം കുറിച്ച മുന്നേറ്റമായിരുന്നു. കേരളീയ സമൂഹത്തിലെ കീഴാള സ്ത്രീകളുടെ വസ്ത്രം ധരിക്കാനുള്ള അവകാശമില്ലായ്മ ആണധികാര മേലാളകേന്ദ്രിതമായിരുന്ന, ജാതിസംവിധാനത്താൽ ഭരിക്കപ്പെട്ടിരുന്ന ഒരു വ്യവസ്​ഥിതിയുടെ ഭാഗമായിരുന്നു. ലൈംഗികവേഴ്ചയ്ക്കായി സംബന്ധത്തിൽ ഏർപ്പെട്ടിരുന്ന നമ്പൂതിരിയ്ക്ക് അക്കാര്യത്തിൽ അയിത്തമുണ്ടായിരുന്നില്ല. ഇതുതന്നെയായിരുന്നു കീഴാളരോട് നാട്ടുപ്രമാണിമാരും ചെയ്തുവന്നിരുന്നത്. അവിടെയും തീണ്ടൽ ഉണ്ടായിരുന്നില്ല. ഇത് പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിൽ നങ്ങേലിയെന്ന കഥാപാത്രത്തിന്റെ സംഭാഷങ്ങളിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിലെ ചില ചരിത്രസംഭവങ്ങളെ ചേർത്തുവയ്ക്കാൻ ശ്രമം നടത്തുന്നുണ്ട്​ ഈ സിനിമ. സിനിമ പ്രധാനമായും മുന്നോട്ടുപോകുന്നത് വേലായുധ ചേകവരെയും, ചാന്നാർ സമരത്തിൽ പ്രധാനിയായ നങ്ങേലി എന്ന സ്ത്രീകഥാപാത്രത്തെയും കൊണ്ടാണ്. വേലായുധ ചേകവർ എന്ന ഈഴവ പ്രമാണി താൻ ഉൾപ്പെടുന്നതുമുതലുള്ള കീഴാള വിഭാഗത്തിനായി വിപ്ലവങ്ങൾ നടത്തിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ കുടുംബചരിത്രത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. വേലായുധ പണിക്കരുടെ കുടുംബചിത്രത്തിൽനിന്നാണ്​തിരക്കഥ രചിച്ചിട്ടുള്ളത്. ഇതിൽ വേലായുധ ചേകവർ (കളരി അഭ്യസിച്ചിട്ടുള്ളവൻ) എങ്ങനെ വേലായുധ പണിക്കർ ആയി എന്നത് കഥയുടെ ഒരുഭാഗം അപഹരിക്കുന്നു.

തിരുവിതാംകൂറിലെ അടിമ വ്യവസ്​ഥിതിയെയും കച്ചവടത്തെയും തുറന്നുകാട്ടിക്കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. കോഴിപ്പോരിന് സമാനമായ രീതിയിൽ രണ്ട് അടിമകൾ മല്ലടിക്കുന്നു. അതിൽ ഒരാൾ ചാകുന്നതുവരെ തുടരണം എന്നാണ് കൽപ്പന. പുതുതായി വന്ന ബ്രിട്ടീഷ് ഭരണാധികാരിയ്ക്ക് വിനോദത്തിനുവേണ്ടിയാണ് അത് എന്നും പറയുന്നു. അതോടൊപ്പം കീഴാള അടിമപ്പെണ്ണിനെ അയാൾക്ക് കാഴ്ചവയ്ക്കുന്നുമുണ്ട്. ഇത് തിരുവിതാംകൂറിൽ നിലനിന്നിരുന്ന അടിമക്കച്ചവടത്തിന്റെ ചിത്രം നൽകുന്നു. 18ാം നൂറ്റാണ്ടിലെ അവസാന പകുതിയിൽ നടന്ന മാറുമറയ്​ക്കൽ സമരങ്ങൾ, കാൽമുട്ടിനുതാഴെ മുണ്ട് ധരിക്കാനുള്ള സമരങ്ങൾ, മൂക്കുത്തി സമരങ്ങൾ, ഹിന്ദു വിഗ്രഹ ആരാധനക്കും ക്ഷേത്രനിർമാണത്തിനുമുള്ള സമരങ്ങൾ, ക്ഷേത്രകലകൾ വരേണ്യവർഗത്തിനുമാത്രമല്ല എന്ന ചിന്തയും, പ്രവൃത്തിയും എല്ലാം പ്രമേയമായി വരുന്നു. ഇതിൽ വേലായുധ ചേകവർക്ക് എങ്ങനെ പണിക്കർ പദവി ലഭിക്കുന്നു എന്നും തുറന്നുകാട്ടുന്നു. അതിന് ചലച്ചിത്രകാരൻ തങ്ങളുടേതായ കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്. വേലായുധ പണിക്കരുടെ കുടുംബജീവിതം തുറന്നുകാട്ടുന്നതിനു പകരം മേൽസൂചിപ്പിച്ച പ്രക്ഷോഭങ്ങളിൽ അദ്ദേഹം ഒരു ചേകവർ എന്ന നിലയിൽ എങ്ങനെ വിപ്ലവകാരിയായി നിലകൊണ്ടു എന്ന് കാണിക്കുന്നു.

പ്രധാന കഥാപാത്രമായ നങ്ങേലിയുടെ ജീവിതം സിനിമയിൽ അധികം തുറന്നുകാണിക്കുന്നില്ല, പകരം അവരുടെ സ്വത്വങ്ങളായി ബന്ധപ്പെട്ട സാമൂഹിക ഇടപെടലുകൾ സംഭവങ്ങളുമായി കാണിക്കുകയാണ്​. കേരളചരിത്രത്തിലെ ആദ്യ ഫെമിനിസ്റ്റ് എന്ന് നങ്ങേലിയെക്കുറിച്ച് കൂട്ടി വായിക്കാം. നങ്ങേലിയുടെ രക്തസാക്ഷിത്വമാണ്​ മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യസമരമായി, അതിലൂടെ സാമൂഹിക പരിവർത്തനത്തിനായുള്ള തുടക്കമായി ചിത്രം പറഞ്ഞുവയ്ക്കുന്നത്.

ചേകോൻ പണിക്കർ ആയ കഥ

കളരിമുറ അഭ്യസിച്ചിരുന്ന, അതിൽ പ്രാവീണ്യം നേടിയിരുന്ന തിരുവിതാംകൂർ ദേശത്തെ സമ്പന്നനായ വേലായുധ ചേകവർ എങ്ങനെ വേലായുധപ്പണിക്കർ ആയി എന്ന് കഥയിൽ വിവരിക്കുന്നുണ്ട്. ഇത് കുടുംബചരിത്രത്തിൽ നിന്നും, കേട്ടുകേൾവികളിൽനിന്നും ഉണ്ടാക്കപ്പെട്ടിട്ടുള്ളതാകാം. വേലായുധ ചേകവർക്ക് വലിയ സമ്പത്തുണ്ടായിരുന്നു എന്ന് കുടുംബചരിത്രത്തിൽ പറയുന്നുണ്ട്. സ്വന്തമായി കച്ചവടം ചെയ്യാൻ പായ്കപ്പലുണ്ടായിരുന്നതായും അന്നത്തെ അതിസമ്പന്നർക്കുണ്ടായിരുന്ന എല്ലാ വസ്തുക്കളും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നതായും പറയുന്നു. പായ്​ക്കപ്പൽ, ബോട്ട്, ഓടിവള്ളം, ആറേഴു കുതിരകൾ, രണ്ട് ആന, പല്ലക്ക്, തണ്ട്​ എന്നിവയും മുന്നൂറു മുറി പുരയിടവും, പതിനാലായിരം ചുവട്​ തെങ്ങും, മൂവായിരത്തിലധികം നെൽപ്പാടങ്ങളും അടങ്ങുന്ന പാരമ്പര്യ സ്വത്തിന്റെ ഉടമസ്ഥനായിരുന്നു അദ്ദേഹം എന്ന്​ കുടുംബചരിത്രം വിവരിക്കുന്ന ലേഖനങ്ങളിൽ പറയുന്നു.

കച്ചവടത്തിൽ നിന്ന്​ ലഭിക്കുന്ന വരുമാനത്തിൽനിന്ന്​ ഒരു വലിയ തുക തീരുവിതാംകൂർ രാജാവിന്​ വേലായുധ ചേകവർ നികുതി നല്കിയിരുന്നതായി, സിനിമയിൽ സൂചിപ്പിക്കുന്നുണ്ട്. സാമ്പത്തിക കഴിവ് വേലായുധ ചേകവർക്ക്, വ്യവസ്​ഥിതിയിൽ നിന്നുകൊണ്ട്​ അതിനെ ചോദ്യംചെയ്യാൻ ശേഷി നൽകി എന്ന് ചിത്രത്തിൽ നിന്ന്​ വായിച്ചെടുക്കാം. മുലക്കരവും, മീശക്കാരവും മറ്റും രാജ്യത്തിന്റെ ഭാരിച്ച കടബാധ്യത പരിഹരിക്കാനുണ്ടാക്കപ്പെട്ടതാണ് എന്ന വാദവും തിരുവിതാംകൂർ രാജാവ് മുന്നോട്ടുവെക്കുന്നു. അത്തരം കാര്യങ്ങൾ ദേശത്തുനിന്ന്​ പിൻവലിച്ചെങ്കിലും അത് നടത്തിവരുന്നത് നാട്ടുപ്രമാണികളാണെന്ന് രാജാവ് പറഞ്ഞുവയ്ക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ അശക്തനായ ഭരണാധികാരിയെയാണ് ഇത്​ തുറന്നുകാട്ടുന്നത്.

വേലായുധ ചേകവൻ / ചേകോൻ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം വേലായുധപ്പണിക്കർ ആയതിനുപിന്നിൽ പലതരം കഥകളുണ്ട്​. കേരള കൗമുദിയിലെ ഒരു ലേഖനം ഇപ്രകാരം പറയുന്നു: ‘ഒരിക്കൽ തരനല്ലൂർ നമ്പൂതിരിപ്പാട് പദ്മനാഭസ്വാമിയുടെ തിരുവാഭരണവുമായി (സാളഗ്രാമം) കായംകുളം കായലിലൂടെ തിരുവനന്തപുരത്തേക്ക്​ പോകവേ, യാത്രാ മധ്യേ കായംകുളം കവലയിൽ വച്ച് കീരിക്കാട്ടുകാരായ ചില കൊള്ളക്കാർ സാളഗ്രാമം അപഹരിച്ചു, അത് കണ്ടെത്താൻ രാജാവ്​ വേലായുധ ചേകവരെ ഏൽപ്പിച്ചു'.

സാളഗ്രാമം കായംകുളം കൊച്ചുണ്ണിയിൽ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന്, കൊച്ചുണ്ണിയെ അന്വേഷിച്ച്​ വേലായുധ ചേകവർ പോകുകയും, പിന്നീട് കണ്ടെത്തുകയും ചെയ്യുന്നു. ഇതിനുശേഷമാണ്​ വേലായുധ ചേകവർക്ക് തിരുവിതാംകൂർ രാജാവ് പണിക്കർ എന്ന പദവി നൽകി ആദരിക്കുന്നത്. എന്നാൽ തിരുവാഭരണ മോഷണത്തിൽ കൊട്ടാരത്തിലുള്ളവരുടെ പങ്കുണ്ടെന്ന്​ കഥയിൽ സൂചന നൽകുന്നു. പൊലീസ്​ഉദ്യോഗസ്ഥൻ മുതൽ നാട്ടുപ്രമാണികൾ വരെയുള്ളവർക്ക്​ മോഷണത്തിൽ പങ്കുണ്ടെന്ന വസ്തുത രാജ്യസഭയിലെ വിചാരണയിൽ കണ്ടെത്തുന്നു.

വേലായുധ ചേകവർ 49ാം വയസ്സിൽ ബോട്ട് യാത്രയ്ക്കിടെ കത്തി കൊണ്ടുള്ള കുത്തേറ്റ്​ കൊല്ലപ്പെട്ടു എന്നാണ്​ കുടുംബചിത്രം പറയുന്നത്. സിനിമയിൽ ഇത് മറ്റൊരുവിധത്തിൽ വ്യാഖ്യാനിക്കുന്നു. ബോട്ട് യാത്രയ്ക്കിടെ കത്തികൊണ്ട് പുറകിൽനിന്ന് കുത്തേറ്റ് വേലായുധപ്പണിക്കർ കൊല്ലപ്പെടുന്നതായി ചിത്രത്തിൽ കാണിക്കുന്നുണ്ട്. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയെ മഹത്വ വൽക്കരിച്ചിട്ടില്ല, ദൈവത്തിന്റെ തിരുവാഭരണം മോഷ്ടിച്ചത് ഹീനപ്രവൃത്തിയായതിനാൽ കൊച്ചുണ്ണിയെ ഒരു കള്ളൻ ആയിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്.

രാജഭക്തിയും, ദൈവഭക്തിയും കീഴാളരിലുണ്ടാക്കിയെടുത്തിട്ടുള്ള വിധേയത്വം വേലായുധ പണിക്കരുടെ പ്രവൃത്തിയിലും കാണിക്കുന്നുണ്ട്. എന്നാൽ രാജാവിനുകീഴെയുള്ള നാട്ടുപ്രമാണിമാരെയും, മറ്റുള്ളവരെയും എതിർക്കാനുള്ള ആർജവവും കയ്യൂക്കും വേലായുധ പണിക്കരുടെ പ്രവൃത്തിയിലുണ്ട്. തിരുവിതാംകൂർ രാജ്യത്ത് ആദ്യ ശിവലിംഗപ്രതിഷ്ഠ നടത്തി ശിവക്ഷേത്രം നിർമിച്ചതും, അതുവരെ കീഴാളർക്ക് കാണാൻ അനുവാദമില്ലാതിരുന്ന കഥകളി പരിശീലിപ്പിച്ച് അരങ്ങേറ്റം നടത്തിയതും വേലായുധപണിക്കാരുടെ നേതൃത്വത്തിലാണ് എന്ന് സിനിമ പറയുന്നു, ഇത് കുടുംബചരിത്രത്തിലും പറയുന്നുണ്ട്.

സിനിമയിലെ സ്​ത്രീസ്വത്വ സമരങ്ങൾ

കേരളത്തിലെ നവോഥാന ചരിത്രത്തിലെ രക്തസാക്ഷി എന്ന് വേലായുധ പണിക്കരെ കുറിച്ച് പറയുന്നുണ്ട്. വേലായുധ പണിക്കർ കൊല്ലപ്പെട്ടശേഷം മൂക്കുത്തി സമരം, അച്ചിപ്പുടവ സമരം, മേത്താപ്പു സമരം / മേൽമുണ്ടു സമരം തുടങ്ങിയ പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ നാട്ടുപ്രമാണികൾ ശ്രമിക്കുന്നു, അതുവഴി നങ്ങേലി എന്ന കഥാപാത്രത്തിലേയ്ക്ക് കഥ തിരിയുന്നു. വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സംഭവങ്ങൾ സിനിമയിൽ കാണിക്കുന്നുണ്ട് . വേലായുധ പണിക്കരുടെ മരണത്തിനുശേഷവും കീഴാള സ്വത്വത്തിന്റെ സംഘാടനങ്ങൾ നങ്ങേലിയിലൂടെ കാണിക്കുന്നു. ക്ലൈമാക്‌സ് രംഗത്തേയ്ക്ക് ചുരുങ്ങിയ സമയത്തേക്ക് കടന്നുവരുന്ന ഇന്ദ്രൻസിന്റെ കഥാപാത്രം ക്ലൈമാക്‌സിന്റെ പ്രധാന ഭാഗമാകുന്നുണ്ട്.

നാട്ടുപ്രമാണിമാരുടെ മുൻപിൽ സ്വത്വം അടിയറവയ്ക്കാതെ, കീഴാള സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മാറിടം അരിവാൾകൊണ്ട് മുറിച്ച് മുലക്കരം ചോദിച്ചവർക്കുമുന്നിൽ എറിഞ്ഞിട്ടുകൊടുക്കുന്നതും, മരിക്കുന്നതും കൂടി ചേർത്തുവച്ച്​ ചിത്രം അവസാനിക്കുമ്പോൾ, അത് അവസാനമല്ല, മറ്റൊരു തുടക്കമാണെന്ന് പറഞ്ഞുവയ്ക്കുന്നുമുണ്ട്. ചരിത്രസംഭവങ്ങൾക്കും അവയുടെ വ്യാഖ്യാനങ്ങൾക്കും അവസാനമില്ല എന്നത് വസ്തുതയാണ്.

മലയാളത്തിൽ കീഴാള സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള സമരമായി ഈ സംഭവത്തെ പ്രാധാന്യത്തോടെ വിശകലനം ചെയ്യുന്ന ഒരു ചിത്രം മുമ്പുണ്ടായിട്ടില്ലെന്നുമാത്രമല്ല, മുമ്പുണ്ടായ ‘ചരിത്രസിനിമകൾ’ ചരിത്രത്തോട് അനീതിയും കാണിച്ചിരുന്നു. ആ നിലയ്​ക്ക്​, സ്ത്രീസ്വത്വ സമരങ്ങൾ അടിസ്​ഥാനമാക്കി മലയാള സിനിമയിലെ ആദ്യ ചുവടുവെപ്പാണ്​ ഈ സിനിമ എന്നു പറയാം. കഥാപാത്രങ്ങൾക്ക് അമാനുഷികത കൊടുത്തിട്ടില്ല എന്നത് പ്രത്യേകം​വായിച്ചെടുക്കാം.

മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കീഴാളരുടെ ചരിത്ര സംഘാടനത്തെയാണ്​ ചിത്രം ഫോക്കസ് ചെയ്തത്. വിവിധ എപ്പിസോഡുകൾ അവതരിപ്പിക്കുന്നതിലാണ് ഈ സിനിമ ശ്രദ്ധിച്ചിരിക്കുന്നത്​. വമ്പൻ ബജറ്റിൽ ഇറങ്ങിയ ചരിത്ര സിനിമകളേക്കാൾ, കഴിയുംവിധം ചരിത്ര പശ്ചാത്തലങ്ങൾ ഉൾക്കൊള്ളാനും അവയോട് മുന്നിൽ നില്ക്കാനും പത്തൊൻപതാം നൂറ്റാണ്ട്​ എന്ന സിനിമക്കായിട്ടുണ്ട്​ എന്ന് വ്യാഖ്യാനിക്കാം. മലയാള ജനത മറന്നുപോയ സംഭവങ്ങളാണ് മേത്താപ്പു സമരം/ മേൽമുണ്ട് സമരം, അച്ചിപ്പുടവ സമരം, മൂക്കുത്തിസമരം എന്നിവ. അതുകൊണ്ടുതന്നെ പത്തൊൻപതാം നൂറ്റാണ്ട്​ പരിപൂർണമായും ചരിത്രകോണിൽ നിന്നുകൊണ്ടുള്ള സിനിമയാണോ അല്ലയോ എന്നതല്ല പ്രശ്​നം. മറിച്ച്​, ഇത്തരം സമീപനങ്ങൾ തുടർന്നും മലയാള സിനിമയിൽ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം ഈ സിനിമ എടുത്തുകാണിക്കുന്നു.

Comments